Posted on

പഠനകാലത്തെ വീണ്ടു വിചാരങ്ങള്‍

പരീക്ഷാകാലം വിദ്യാര്‍ത്ഥികള്‍ക്ക് ഭീതിയുടേതാണ്. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ സ്കൂളുകളില്‍ എക്സാം ഭീതിയില്‍ നിന്ന് മുക്തി നേടാനുള്ള മനശുദ്ധീകരണ ക്ലാസുകള്‍ ആരംഭിക്കും. എങ്കിലും വിദ്യാര്‍ത്ഥികളിലേക്ക് ചേര്‍ത്തിവായിക്കുമ്പോള്‍ മാനസികസമ്മര്‍ദ്ദത്തിന്‍റെയും പരീക്ഷണങ്ങളുടെയും ഭീകരകാലമാണ് പരീക്ഷാകാലം. പരീക്ഷ തുടങ്ങും മുമ്പ് ആരംഭിക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ പരമ്പര പരീക്ഷാ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാലും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പരീക്ഷകളെ ഇത്രയേറെ വിദ്യാര്‍ത്ഥികള്‍ ഭയക്കാന്‍ പരീക്ഷ ഒരു ഭീകരജീവിയാണോ? എന്ന് ചോദിച്ചാല്‍ ‘അല്ല’ എന്ന് മറുപടി പറയാം. ഇത്തരം ഭീകരാവസ്ഥ സൃഷ്ടിക്കുന്നത് പഠിതാവിന്‍റെ സാഹചര്യങ്ങളാണ്.
കഴിഞ്ഞ വര്‍ഷം പരീക്ഷാകാലം കഴിഞ്ഞയുടനെ ഒരു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ഇങ്ങനെ; പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ ഭയന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. റിസള്‍ട്ട് പ്രസിദ്ധീകരിക്കും മുമ്പ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവത്രെ..! തിരിച്ചറിവിന്‍റെയും സാക്ഷരതയുടെയും വളര്‍ച്ച് വര്‍ദ്ധിച്ചു വന്നപ്പോള്‍ വര്‍ത്തമാനകാലം ഏത് രീതിയിലാണ് തരണം ചെയ്യേണ്ടത് എന്ന കാര്യം വ്യക്തമാണ്. ഇതിന്‍റെ പ്രതിവിധി മനുഷ്യന്‍(വിദ്യാര്‍ത്ഥി) സമ്മര്‍ദ്ദങ്ങളെ തരണം ചെയ്യാന്‍ പഠിക്കണമെന്നതാണ്. മാതാവും പിതാവും പരീക്ഷാര്‍ത്ഥിയുടെ കൂട്ടുകാരാവണമിവിടെ.
‘വിദ്യാര്‍ത്ഥിയില്‍ മനുഷ്യത്വം വളര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു. അന്ന് അവന് മുത്തശ്ശിക്കഥകളും പ്രകൃതിയും സുഹൃത്തുക്കളായി. അതിനാല്‍ വിദ്യാര്‍ത്ഥി സമാധാനത്തോടെ പഠിച്ചുവളര്‍ന്നു. എങ്കിലിന്ന് സോഷ്യല്‍ മീഡിയയില്‍ ലയിച്ച വിദ്യാര്‍ത്ഥിയുടെ മുത്തശ്ശിക്കഥകള്‍ വൃദ്ധസദനത്തില്‍ അഭയം തേടിയപ്പോള്‍ വിദ്യാര്‍ത്ഥിയുടെ വളര്‍ച്ചയെ അത് പ്രതികൂലമായി ബാധിച്ചു. ഇനി ഇതിന്‍റെ പരിഹാരം കണ്ടെത്തിയെങ്കില്‍ മാത്രമേ വളര്‍ന്ന് വരുന്ന ലോകത്തിന് യഥാര്‍ത്ഥ മനുഷ്യനെ സമ്പാദിക്കാന്‍ സാധിക്കുകയുള്ളൂ. ഉത്തരപ്പേപ്പറിന്‍റെ മൂലയില്‍ തുന്നിച്ചേര്‍ക്കാന്‍ മാത്രമുള്ളതായി വിദ്യാഭ്യാസകാലത്തെ കണക്കാക്കരുത്.
മുകളില്‍ പറഞ്ഞതിത്രയും എസ് എസ് എല്‍ സിക്ക് മനശുദ്ധീകരണം നടത്താന്‍ വന്ന മാഷിന്‍റെ ഗഹനമായ പ്രസംഗമാണ്. ഒന്നു പറയട്ടെ. ഇയാളുടെ മക്കളുടെ അവസ്ഥ രാവിലെ നാലുമണിക്ക് ഉറക്കച്ചവര്‍പ്പോടെ എണീറ്റ് ടെസ്റ്റ് ബുക്കിനു മുമ്പില്‍ കുത്തിയിരിക്കലാണ്. പിന്നെ ആറുമണിക്കുതുടങ്ങുന്ന ട്യൂഷന്‍ അര്‍ദ്ധരാത്രിവരെ. അവസാനം പരീക്ഷാക്കാലത്ത് അടച്ചിട്ട മുറിയില്‍ പുസ്തകപുഴുവായി കഴിയണം. പരീക്ഷ കഴിഞ്ഞാല്‍ തുടങ്ങുന്നത് സമാധാനവാക്കുകള്‍ അല്ല. ഉത്തരം തെറ്റിയാലോ?. ഇനി ഉത്തരത്തിന്‍റെ നമ്പര്‍ മാറിപ്പോയിരിക്കുമോ? അങ്ങനെ തോറ്റുപോയാല്‍….., ഇത്രയും കേള്‍ക്കേണ്ട താമസം ഒരിളം മനസ്സുള്ള വിദ്യാര്‍ത്ഥിക്ക് ജീവിതം മടുക്കുമെന്നതില്‍ സന്ദേഹമില്ല. അവന്‍ മരിക്കും മുമ്പേ മരണം ഏറ്റുവാങ്ങും. ഇവിടെ, പരീക്ഷയോ വിദ്യാലയങ്ങളോ അല്ല തെറ്റുകാര്‍. മറിച്ച് ആത്മവിശ്വാസം തകര്‍ക്കുന്ന അമിത ചിന്താഗതിക്കാരാണ്.
ഒരു കലാലയം തുറക്കുമ്പോള്‍ ആയിരം കാരാഗൃഹങ്ങള്‍ അടക്കപ്പെടുമെന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഇന്ന് മാറ്റിത്തിരുത്തേണ്ടിയിരിക്കുന്നു. കാരണമിവിടെ മൂല്യവിദ്യാഭ്യാസത്തിന് ശോഷണം സംഭവിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ പുസ്തക പുഴുക്കളായി പരീക്ഷക്ക് വേണ്ടി വിദ്യ അഭ്യസിക്കുന്നവരാവുക എന്നതാണ് ആധുനിക കാലത്തെ വിദ്യാഭ്യാസനയം. വിദ്യ വിലകൊടുത്തുവാങ്ങാനുള്ള കമ്പോളച്ചരക്കല്ല. മറിച്ച് കഠിനാധ്വാനം ചെയ്ത് ആര്‍ജ്ജിച്ചെടുക്കേണ്ട അമൂല്യമായ ഒന്നാണ്. അതിന്‍റെ മൂല്യം നിര്‍ണ്ണയിക്കാനുള്ള പരീക്ഷകളും അപ്രകാരം തന്നെയാണ്. ഇന്നത്തെ വിദ്യാഭ്യാസ കമ്പോള സാധ്യതകള്‍ മുതലെടുത്ത്, പരീക്ഷകളില്‍ കൃത്രിമം കാണിച്ച് സമ്പാദിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റഴിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇത് ഒരു വന്‍ വിപത്തിലേക്കാണ് വഴിനടത്തുന്നത്. ഇത്തരം ചെയ്തികളിലൂടെ വിദ്യാഭ്യാസത്തിന്‍റെ മൂല്യത്തിന് കളങ്കം വരികയും കാരാഗ്രഹങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നു.
ഒരു മെഡിസിന് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ കമ്പോളത്തിലെ പ്രൊഫസര്‍ വിജയവഴികള്‍ തുറന്നുകൊടുക്കുമ്പോള്‍ നാളെ തനിക്കും ശാസ്ത്രക്രിയ നടത്തപ്പെടേണ്ടി വന്നേക്കുമോ എന്ന ഭയത്തോടെ വേണം രക്ഷിതാക്കള്‍ നോക്കിക്കാണാന്‍. എന്‍ജിനീയറിങ്ങിലാണെങ്കില്‍ താനും അവന്‍റെ കണ്ടുപിടുത്തങ്ങള്‍ക്ക് ഭാഗവാക്കാവേണ്ടി വരുമെന്ന വിചാരം ഉണ്ടാവണം. ടീച്ചിംഗ് മേഖലയിലാണെങ്കില്‍ തന്‍റെ മക്കള്‍ നാളെ പഠിച്ചുവളരേണ്ടത് കമ്പോള വിദ്യാഭ്യാസക്കാരില്‍ നിന്നാണെന്ന തിരിച്ചറിവ് കൈകൊള്ളേണ്ടിയിരിക്കുന്നു. ലോകം വിദ്യാഭ്യാസമേഖലയില്‍ വളര്‍ന്നു പന്തലിച്ചപ്പോള്‍ സമൂഹത്തിന് നഷ്ടപ്പെട്ടത് മനഃസമാധാനമാണ്. ഇവിടെ വിദ്യാഭ്യാസം വ്യക്തിത്വത്തെ നശിപ്പിച്ച് വെറും പരീക്ഷകള്‍ക്ക് വേണ്ടിയുള്ളതായി മാറി. യഥാര്‍ത്ഥ വിദ്യാഭ്യാസം സംസ്കരിക്കേണ്ടത് മനുഷ്യന്‍റെ വ്യക്തിത്വത്തെയാണ് പുതിയ വിദ്യാഭ്യാസ സംഹിതകള്‍ വധിക്കുകയാണ് ചെയ്യുന്നത്.
കലാലയങ്ങളില്‍ സമൂഹത്തിലെ മ്ലേച്ഛമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്. സ്ത്രീ പുരുഷ ലൈംഗിക ബന്ധങ്ങള്‍ക്കുള്ള ഗേഹം.., ഇതില്‍ അധ്യാപനെന്നോ വിദ്യാര്‍ത്ഥിയെന്നോ വ്യത്യാസമുണ്ടാവില്ല. പുറമെ ലഹരി മരുന്നുകളുടെ വിറ്റഴിക്കല്‍ കേന്ദ്രം എന്നു തുടങ്ങി ആഭാസങ്ങളുടെ ഉറവിടമായി മാറിയിരിക്കുകയാണ് ഇന്നത്തെ കലാലയങ്ങള്‍. വിദ്യ അര്‍ത്ഥനത്തിന്‍റെ ചിന്തകള്‍ക്ക് ഇവിടെ മൂല്യമില്ല. മറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ കൃഷിയിടവും രക്തസാക്ഷികളെ വാര്‍ത്തെടുക്കാനുള്ള നിലവും കൂടിയാണിന്നത്തെ കാമ്പസുകള്‍. ഇവിടെ വിദ്യാര്‍ത്ഥി രക്ഷിതാവില്‍ നിന്നും അകന്ന് പോകുകയും ശിക്ഷണങ്ങളെ കരയുദ്ധവും സമരമുറകളും കൊണ്ട് എതിര്‍ക്കാനും പ്രാപ്തി കരസ്ഥമാക്കിയിട്ടുണ്ടാകും. ഗുണ്ടായിസവും, റാഗിങ്ങുകളും കലാലയത്തിന്‍റെ തനിമ നശിപ്പിക്കുന്നതിലിന്ന് വളരെയധികം പങ്ക് വഹിക്കുന്നുണ്ട്. അങ്ങനെ വിദ്യാഭ്യാസത്തിന്ന് മൂല്യം നഷ്ടപ്പെട്ടപ്പോള്‍ കലാലയങ്ങള്‍ അവക്ക് തത്തുല്യമായ മാറ്റം പ്രാപിക്കുകയും ചെയ്തിരിക്കുന്നു. ഇതിന് പഴമയിലേക്ക് മടങ്ങുക മാത്രമാണ് പ്രതിവിധി.
ഇസ്ലാമിലെ പരീക്ഷകള്‍
അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നത് പല തരത്തിലാണ്. സമ്പത്ത് നല്‍കിയും നല്‍കാതെയും പരീക്ഷിക്കലുണ്ട്. ആരോഗ്യവും ഇപ്രകാരം തന്നെ ഒരു പരീക്ഷണമാണ്. എന്നാല്‍ ഇസ്ലാമില്‍ പരീക്ഷയുണ്ടായിട്ടുണ്ട്. അത് തൂലികയിലെ എഴുത്ത് പരീക്ഷയല്ല. മറിച്ച് വൈവെ സമ്പ്രദായമാണ്. ആദിമ മനുഷ്യന്‍ ആദം നബി(അ)മിനെ സൃഷ്ടിച്ച അവസരത്തില്‍ അല്ലാഹു മാലാഖമാരെ വൈവെ പരീക്ഷ നടത്തിയിരുന്നു. സര്‍വ്വ നാമങ്ങളും ഹൃദ്യസ്ഥമാക്കിയ ആദം നബി(അ)മിന്‍റെ ബുദ്ധി കൂര്‍മ്മത മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയായിരുന്നു ഈ പരീക്ഷ. ഇസ്ലാമിക പണ്ഡിതന്മാര്‍ ഇന്നും തുടര്‍ന്ന് വരുന്ന പരീക്ഷകള്‍ പ്രവാചകര്‍(സ്വ)യിലേക്ക് ചേര്‍ത്തുവായിക്കാന്‍ സാധിക്കും. തിരുനബി(സ്വ)യുടെ വിജ്ഞാന സദസ്സുകളില്‍ പരീക്ഷാടിസ്ഥാനത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ടായിരുന്നു. ഒരിക്കല്‍ പ്രവാചകര്‍(സ്വ) പ്രകൃതിയിലെ ഏറ്റവും ഉപകാരമുള്ള വൃക്ഷത്തെ കുറിച്ച് ചോദിച്ചതായി ഹദീസുകളില്‍ കാണാം. എന്നാല്‍ വിനയത്തിന്‍റെ ആള്‍രൂപങ്ങളായ സ്വഹാബത്ത് തിരുനബി(സ്വ)യില്‍ നിന്ന് കൂടുതല്‍ വിജ്ഞാനം കരസ്ഥമാകുമെന്ന് കരുതി മൗനം ദീക്ഷിക്കലാണ് പതിവ്.
മഹത്തുക്കളായ ഇമാമുകളുടെ അറിവിന്‍റെ സന്നിധികളിലും ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. വിജ്ഞാനം കരസ്ഥമാക്കാന്‍ അനസുബ്നു മാലിക്(റ) വിന്‍റെ സദസ്സിലെത്തിയ ഇമാം ശാഫിഈ (റ) വിനെ മുവത്വയിലെ ഹദീസുകളില്‍ നിന്ന് ചോദ്യം ചോദിച്ച് പ്രവേശന പരീക്ഷ നടത്തിയതായി ചരിത്രങ്ങളില്‍ കാണാം. ഇതിന്‍റെ പരിഷ്കരിച്ച രൂപമാണ് ഇന്നത്തെ ഇസ്ലാമിക യൂണിവേഴ്സിറ്റികളായ അല്‍ അസ്ഹറില്‍ അടക്കമുള്ള യൂണിവേഴ്സിറ്റികളിലെ പരീക്ഷകള്‍. ഇന്ന് കേരളത്തിലെ ഇസ്ലാമിക വിജ്ഞാനികളെ അംഗീകരിക്കപ്പടുന്നതും ഇത്തരം പരീക്ഷകള്‍ നടത്തി മൂല്യം തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക ദര്‍സുകളിലേക്ക് അനുമതി ലഭിക്കുന്നത്.
ചുരുക്കത്തില്‍ പരീക്ഷകള്‍ക്ക് മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്. അത് ഭീതിയോടെ നോക്കിക്കാണേണ്ട ഒന്നല്ല. കാര്യങ്ങളെ ക്രിയാത്മകമായി സമീപിക്കുന്ന വിദ്യാര്‍ത്ഥിക്ക് പരീക്ഷപ്പേടിയുടെ പ്രശ്നമേയില്ല.
സാലിം നൈന മണ്ണഞ്ചേരി

Write a comment