Posted on

പരിഷ്കാരം ഉടുപ്പഴിക്കുന്നു

മനുഷ്യന്‍റെ വസ്ത്രവിധാനത്തിന്‍റെ ചരിത്രം വിസ്മയകരമാണ്. പരിണാമസിദ്ധാന്തം പറയുന്നത് അതൊരു ജീവല്‍ പ്രശ്നം കൂടിയായിരുന്നുവെന്നാണ്. രോമവും കട്ടികൂടിയ തൊലിയുമില്ലാത്ത പുരാതന മനുഷ്യര്‍ കാലാവസ്ഥയില്‍ നിന്ന് രക്ഷ നേടാന്‍ വസ്ത്രത്തെ ശരണം പ്രാപിച്ചു. എന്നാല്‍ ഖുര്‍ആന്‍ പറയുന്നു. വിലക്കപ്പെട്ട കനി ഭുജിച്ച സമയം ആദ്യപിതാവും മാതാവും നഗ്നരായി അല്ലാഹു അവരെ ധരിപ്പിച്ച പ്രകാശ വസ്ത്രം ഉരിഞ്ഞു പോയി. പിന്നീട് നാണം മറക്കാന്‍ സ്വര്‍ഗ്ഗീയ ദളങ്ങള്‍ അവര്‍ വസ്ത്രമായി ഉപയോഗിച്ചു. ഇവിടെ നിന്നാണ് വസ്ത്രത്തിന്‍റെ ഉത്ഭവം. വസ്ത്രം ഒരു കവചമാണ്. തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും ശത്രുക്കളില്‍ നിന്നും രക്ഷയായി നാം ഉപയോഗിക്കുന്ന കവചം. സദാചാരത്തിന്‍റെ മറ്റൊരു മുഖവും വസ്ത്രധാരണയില്‍ ദര്‍ശിക്കാം. അതിലുമുപരി ഒരു സാംസ്കാരിക ചിഹ്നം കൂടിയാണത്. ഉടയാട ഒരു സാംസ്കാരിക കാവലാള്‍ കൂടിയാണ്. ഒരു സംസ്കാരം തകര്‍ത്തെറിയാന്‍ ഈ വസ്ത്രധാരണത്തിന് കഴിവുണ്ട്. ഇസ്ലാമിക സംസ്കാരത്തെ പിഴുതെറിയാന്‍ വേണ്ടി തുര്‍ക്കി ദേശീയവാദിയായ കമാല്‍ പാഷ ചെയ്തത് തുര്‍ക്കി തൊപ്പി വലിച്ചെറിഞ്ഞ് പുതിയൊരു പരിവര്‍ത്തനം സൃഷ്ടിക്കുകയായിരുന്നു. പഴമയിലേക്ക് അമേരിക്കന്‍ സ്ത്രീകള്‍ വിമോചന സമരത്തിനിറങ്ങിയത് അടി വസ്ത്രങ്ങള്‍ക്ക് തീ കൊളുത്തിയായിരുന്നു.
പരിഷ്കാരത്തിന്‍റെ മായാവലയിലകപ്പെട്ട നവലോകര്‍ക്ക് സ്വത്വം നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമാണ് നമുക്ക് ചുറ്റുമുള്ളത്. സംസ്കാരത്തിന്‍റെ ഭാഗമായ വസ്ത്രം പോലും സംസ്കാര ശൂന്യതയുടെ പ്രതിഫലനമായി ഇന്ന് മാറിയിട്ടുണ്ട്. നാണം മറക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്യപ്പെട്ട വസ്ത്രങ്ങള്‍ ഇന്ന് മറ്റുള്ളവരെ നാണിപ്പിക്കുന്ന സങ്കല്‍പ്പങ്ങളായി പരിണമിച്ചിരിക്കുന്നു. തിരുവിതാംകൂറില്‍ 1822 ല്‍ തുടക്കം കുറിച്ച് മൂന്ന് പതിറ്റാണ്ടോളം നീണ്ടു നിന്ന ചാന്നാര്‍ ലഹള, ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറുമറക്കാനുള്ള അവകാശത്തിനും ഉയര്‍ന്ന ജാതിക്കാര്‍ക്ക് മുമ്പില്‍ മാറത്ത് നിന്ന് വസ്ത്രം നീക്കണമെന്ന ദുരാചാരം നിര്‍ത്തലാക്കാന്‍ വേണ്ടിയായിരുന്നുവെങ്കില്‍ മാറ് പ്രദര്‍ശിപ്പിക്കാനുള്ള അനുമതിക്കു വേണ്ടി ന്യൂയോര്‍ക്കില്‍ ഈയിടെ സംഭവം നടന്നു. 200 ഓളം സ്ത്രീ പുരുഷന്മാര്‍ മാറ് മറക്കാതെ അവിടുത്തെ തെരുവുകളിലൂടെ പ്രകടനം നടത്തിയത്രെ. സ്ത്രീകള്‍ എങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നാണ് അവരുടെ വാദം. കുറച്ച് മുമ്പ് മനോരമ ദിനപത്രം ഫ്രണ്ട് പേജില്‍ ഒരു കളര്‍ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയാണ് സംഭവപശ്ചാത്തലം. വിളക്കുകാല് പിടിച്ചു നില്‍ക്കുന്ന പൂര്‍ണ്ണ നഗ്നമായൊരു മനുഷ്യകോലം. ശേഷം അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരം. നഗ്നത പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടിയുള്ള സമരം. മനുഷ്യന്‍റെ മറ്റെല്ലാ കാര്യങ്ങളെയും പോലെ വസ്ത്രധാരണ രീതിയും സംസ്കാരലത്തിന്‍റെയും പൈതൃകമൂല്യങ്ങളുടെയും ഭാഗമാണ്. ഒരാളുടെ മാന്യമായ വ്യക്തിത്വത്തെ വരച്ചുകാണിക്കുന്നതില്‍ വസ്ത്രത്തിന് പ്രധാന പങ്കുണ്ട്. എന്നാല്‍ വിവേകങ്ങള്‍ക്കപ്പുറം വികാരങ്ങള്‍ മനുഷ്യനെ നിയന്ത്രിക്കുന്ന പുതിയ ചുറ്റുപാടില്‍ സംസ്കാരത്തിന്‍റെ എല്ലാ അതിരുകളും ലംഘിക്കുന്ന മോശം രീതിയാണ് ഇന്ന് കണ്ട്കൊണ്ടിരിക്കുന്നത്. വസ്ത്രധാരണം വെറും വേഷം കെട്ടലായി മാറിയോ എന്ന് സംശയിക്കേണ്ട രീതിയിലാണ് ഇന്നത്തെ ന്യൂ ജെന്‍ വസ്ത്രധാരണ. സോഷ്യല്‍ മീഡിയയിലൂടെയും ആഗോളവത്കരണത്തിന്‍റെയും ഫലമായി മാറി മാറി വരുന്ന കാഴ്ചപ്പാടുകള്‍ക്കനുസരിച്ചുള്ള വസ്ത്രധാരണകളിലും കാതലായ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുകയാണ്. വരേണ്യവര്‍ഗം പോലും വങ്കത്തത്തില്‍ അകപ്പെടുന്ന കാഴ്ച വളരെ ദയനീയം തന്നെയാണ്. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് ശരീരത്തിന്‍റെ ഭാഗങ്ങള്‍ അന്യര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ഫാഷന്‍ എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയുട്ടുണ്ട്. ജീന്‍സ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് ഉദര സംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ടൈറ്റ് പാന്‍റ് സിന്‍ഡ്രം എന്നാണ് ഇത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പറയപ്പെടുന്നത്. മാത്രമല്ല രക്തയോട്ടം കുറയുകയും അടിവയറ്റിലെ സമ്മര്‍ദ്ദം മൂലം ഭക്ഷണം ദഹിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. നെഞ്ചെരിച്ചിലും വന്ധ്യതക്കും കാരണമാവുമെന്നും പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇസ്ലാമിക വസ്ത്രധാരണ
ജീവിതത്തിന്‍റെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്ന ഇസ്ലാമിന് വസ്ത്രധാരണയിലും വ്യക്തമായൊരു കാഴ്ചപ്പാടുണ്ട്. ഇതര മത ദര്‍ശനങ്ങളില്‍ നിന്ന് ഭിന്നമായി ഒരു സമഗ്ര വീക്ഷണം തന്നെ ഇസ്ലാം നടത്തിയിട്ടുണ്ട്. മൃഗങ്ങളുടെയും മനുഷ്യരുടെയും മറ്റു ജീവികളുടെയും ചിത്രങ്ങള്‍ ഉള്ള വസ്ത്ര ധാരണ ഇസ്ലാമിനന്യമാണ്. ആഇശാ(റ) യുടെ വീടിനു മുന്നില്‍ തൂക്കിയ വസ്ത്രത്തിലെ ജീവനുള്ള വസ്തുക്കളുടെ ചിത്രങ്ങള്‍ കണ്ട് റസൂല്‍ (സ്വ) വീട്ടില്‍ കയറാന്‍ വിസമ്മതിച്ചു. റസൂലിന്‍റെ മുഖത്ത ഭാവം കണ്ട് ആഇശാ(റ) കാരണം തിരക്കി. എവിടുന്നാണ് ഈ തുണി വാങ്ങിയത്? എന്ന് അവിടുന്ന് ചോദിച്ചു. ആഇശാ(റ) പറഞ്ഞു: തങ്ങള്‍ക്ക് വേണ്ടി ഞാന്‍ വാങ്ങിയതാണ്. അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അന്ത്യനാളില്‍ കഠിനശിക്ഷയ്ക്ക് വിധേയമാകും. നിങ്ങള്‍ സൃഷ്ടിച്ചതിന് നിങ്ങള്‍ തന്നെ ജീവന്‍ നല്‍കുക എന്നവരോട് പറയപ്പെടും. നിശ്ചയം ജീവികളുടെ ചിത്രങ്ങളുള്ള വീട്ടില്‍ അല്ലാഹുവിന്‍റെ മലക്കുകള്‍ പ്രവേശിക്കുകയില്ല.(സ്വഹീഹുല്‍ ബുഖാരി)
ഫാഷന്‍റെ പേരില്‍ സ്ത്രീകള്‍ പുരുഷവേഷം ധരിക്കുന്നതും പുരുഷന്‍ സ്ത്രീവേഷം ധരിക്കുന്നതും ഇസ്ലാമിക ദൃഷ്ട്യാ നിഷിദ്ധമാണ്. അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം. സ്ത്രീവേഷം ധരിക്കുന്ന പുരുഷനേയും പുരുഷവേഷം ധരിക്കുന്ന സ്ത്രീയെയും നബി(സ്വ) ശപിച്ചിരിക്കുന്നു.(അബൂദാവൂദ്)
പര്‍ദ്ദ മതപരമായ ആദര്‍ശബോധവും അച്ചടക്കവും പ്രതിഫലിപ്പിക്കുന്ന വസ്ത്രമാണ്. എന്നാല്‍ പുതിയ രീതിയില്‍ ഇന്ന് ലഭ്യമായി കൊണ്ടിരിക്കുന്ന ഇടുങ്ങിയതും ശരീരഭാഗങ്ങള്‍ വെളിവാകുന്നതുമായ പര്‍ദ്ദ അനിസ്ലാമികമാണ്. സ്ത്രീകള്‍ തല മറക്കേണ്ടതിന്‍റെ അനിവാര്യത അടിവരയിട്ടു പഠിപ്പിച്ച ദര്‍ശനമാണിസ്ലാം. ഖേദകരമെന്ന് പറയട്ടെ, ധാര്‍മ്മിക മൂല്യവും അച്ചടക്കവും ഉള്ള കുടുംബത്തിലെ സ്ത്രീകള്‍ വരെ ഇന്ന് അങ്ങാടികളില്‍ തല മറക്കാതെ അഴിഞ്ഞാടികൊണ്ടിരിക്കുന്നു. എല്ലാം ഒരു ഫാഷനായിമാറുമ്പോള്‍ ഇസ്ലാമിക മൂല്യങ്ങള്‍ തച്ചുടക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
മാന്യമായി വസ്ത്രം ധരിക്കുന്നതിനെ കൂടുതലായി പ്രോത്സാഹിപ്പിച്ച ഇസ്ലാം വസ്ത്രധാരണയിലുള്ള അഹങ്കാര സ്വഭാവത്തെ വ്യക്തമായി വിമര്‍ശിച്ചിട്ടുണ്ട്. അബൂ ഹുറൈറ(റ)വിനെ തൊട്ട് റിപ്പോര്‍ട്ട്. നബി(സ്വ)പറയുന്നു. ഞെരിയാണിക്ക് താഴെയുള്ള വസ്ത്രം നരകത്തിലാണ്(സ്വഹീഹുല്‍ ബുഖാരി). സ്വന്തം പൈതൃകത്തെ പുറം കാല് കൊണ്ട് തട്ടി മാറ്റി മറുനാടന്‍ സംസ്കാരത്തെ വാരിപ്പുണരാനുള്ള ആവേശം ഒരു സത്യവിശ്വാസിക്ക് യോജിച്ചതല്ല. ആഭാസകരമായ രീതിയില്‍ കോലം കെട്ടി ശരീരം വില്‍പ്പനച്ചരക്കാക്കി മാറ്റി ഇസ്ലാമിനെ അന്യവത്കരിക്കുന്ന സമൂഹത്തെ നമ്മള്‍ അന്യരായി കാണണം. ആഢംബരമായ ജീവിതം നശ്വരമാണെന്നും ജീവിതം അര്‍ത്ഥവത്തും ശോഭയുള്ളതുമാവണമെങ്കില്‍ ജീവിതലാളിത്യവും ഉയര്‍ന്ന ചിന്തയും കര്‍മ്മകുശലതയുമാണ് ആവശ്യം. ഐഹിക ജീവിതം നശ്വരമാണെന്നും അനശ്വരമായ ജീവിതം പാരത്രിക ജീവിതവുമാണ്. അവിടേക്കുള്ള വസ്ത്രങ്ങള്‍ നാം ഇവിടെ നിന്ന് നെയ്തെടുത്ത് ജീവിതം ശോഭനമാക്കാന്‍ ശ്രമിക്കണം.
ഉനൈസ് കിടങ്ങഴി

Write a comment