Posted on

ബലിദാനത്തിന്‍റെ പ്രാമാണികത

വലിയ പെരുന്നാളിനോടനുബന്ധിച്ച് സുന്നത്താക്കപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയത്ത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു “നിങ്ങള്‍ പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുകയും ബലികര്‍മ്മം നടത്തുകയും ചെയ്യുക”.(സൂറത്തുല്‍ കൗസര്‍2) നബി(സ) പറയുന്നു ‘വലിയ പെരുന്നാള്‍ ദിവസത്തില്‍ മനുഷ്യന്‍ നിര്‍വഹിക്കുന്ന ആരാധനകളില്‍ ഉള്ഹിയത്തിനേക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെട്ട മറ്റൊരു കര്‍മ്മവും ഇല്ല. ബലിയറുക്കപ്പെട്ട മൃഗം അതിന്‍റെ കൊമ്പുകളോടെയും കുളമ്പുകളോടെയും കൂടി അന്ത്യനാളില്‍ വരുന്നതാണ്. പ്രസ്തുത മൃഗത്തിന്‍റെ രക്തം ഭൂമിയില്‍ പതിക്കും മുമ്പേ അല്ലാഹുവിങ്കല്‍ സ്വീകാര്യത രേഖപ്പെടുന്നതാണ്. അതിനാല്‍ നിങ്ങള്‍ ഉള്ഹിയത്ത് കര്‍മ്മത്തില്‍ താല്‍പര്യമുള്ളവരാവുക(തുര്‍മുദി). ഉള്ഹിയ്യത്തിന്‍റെ പ്രാധാന്യവും മഹത്ത്വവും വിളിച്ചോതുന്ന ധാരാളം തിരുമൊഴികള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ഒരു ഹദീസ് നോക്കുക. സ്വഹാബാക്കള്‍ നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ ഉള്ഹിയത്ത് കര്‍മ്മം എന്താണ്? നബി(സ) പ്രത്യുത്തരം നല്‍കി. ‘ നിങ്ങളുടെ പിതാവായ ഇബ്റാഹീം നബി(അ) ന്‍റെ ചര്യയാണ്’. ‘ഞങ്ങള്‍ക്ക് അതില്‍ ലഭിക്കുന്ന പ്രതിഫലം എന്താണ്? റസൂലുല്ലാഹി(സ) പറഞ്ഞു; അറുക്കപ്പെടുന്ന മൃഗത്തിന്‍റെ ഓരോ രോമത്തിനും പകരം നിങ്ങള്‍ക്ക് നന്മകള്‍ എഴുതപ്പെടുന്നതാണ്. ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം: നബി(സ) കറുപ്പും വെളുപ്പും കലര്‍ന്ന കൊമ്പുള്ള രണ്ട് ആടുകളെ ഉള്ഹിയത്ത് അറുത്തു. ബിസ്മിയും തക്ബീറും ചൊല്ലി നബി(സ) സ്വയം അറുക്കുകയാണ് ചെയ്തത്. ബലികര്‍മ്മ സമയത്ത് കാല്‍ ആടിന്‍റെ പിരടിയില്‍ വെക്കുകയും ചെയ്തു.
ഉള്ഹിയത്ത് ആര്‍ക്ക്?
പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള സ്വതന്ത്ര്യരും കഴിവുള്ളവരുമായ എല്ലാ മുസ്ലിമിനും ഉള്ഹിയത്ത് കര്‍മ്മം ശക്തമായ സുന്നത്താണ്. വലിയ പെരുന്നാളിന്‍റെ രാപകലിലും അയ്യാമുത്തശ്രീഖിന്‍റെ ദിവസങ്ങളിലും(ദുല്‍ഹജ്ജ്11,12,13) തനിക്കും തന്‍റെ ആശ്രിതര്‍ക്കും ആവശ്യമായ ചിലവുകള്‍ കഴിഞ്ഞ് മിച്ചമുള്ളവരെ ഉള്ഹിയത്തിന് കഴിവുള്ളവരായി ഗണിക്കപ്പെടുന്നതാണ്. കുട്ടികള്‍, ഭ്രാന്തന്മാര്‍ തുടങ്ങിയവര്‍ക്ക് ഉള്ഹിയത്ത് സുന്നത്തില്ലെങ്കിലും അവര്‍ക്കായ് പിതാവിനോ അല്ലെങ്കില്‍ പിതാമഹനോ തങ്ങളുടെ സ്വത്തില്‍ നിന്ന് ഉള്ഹിയത്ത് അറുക്കാവുന്നതാണ്.
ബലിമൃഗത്തിന്‍റെ നിബന്ധനകള്‍
ബലിമൃഗം ആട്, മാട്, ഒട്ടകം തുടങ്ങിയ ഏതെങ്കിലും ഒരിനത്തില്‍ പെട്ടതാവല്‍ നിര്‍ബന്ധമാണ്. ഒട്ടകത്തിന് അഞ്ച് വയസ്സും മാടിനും കോലാടിനും രണ്ട് വയസ്സും നെയ്യാടിന് ഒരു വയസ്സും പൂര്‍ത്തിയായിരിക്കണം.അറുക്കപ്പെടുന്ന മൃഗത്തിന് ന്യൂനതകളൊന്നും പാടില്ല. മെലിഞ്ഞത്, മുടന്തുള്ളത്, കോങ്കണ്ണ് ബാധിച്ചത്, അന്ധനായത് ചൊറിയോ മറ്റു രോഗങ്ങളോ ബാധിച്ചത് തുടങ്ങിയവയെ ഉള്ഹിയത്ത് അറുക്കാവുന്നതല്ല. ഇപ്രകാരം തന്നെ ചെവി, വാല്‍, കുറക് തുടങ്ങിയ ശരീരത്തിന്‍റെ ഭാഗങ്ങള്‍ മുറിക്കപ്പെട്ടതിനേയും ഉള്ഹിത്ത് അറുത്താല്‍ സ്വഹീഹാവുന്നതല്ല.
ഒട്ടകത്തെ അറുക്കലാണ് ഏറ്റവും ശ്രേഷ്ടം. ശേഷം മാട്, നെയ്യാട്, കോലാട് എന്നിങ്ങനെയാണ് ശ്രേഷ്ടതയുടെ ക്രമം. എന്നാല്‍ ഏഴ് ആടിനെ അറുക്കല്‍ ഒരു ഒട്ട്കത്തിനെയോ മാടിനെയോ അറുക്കലിനേക്കാള്‍ ശ്രേഷ്ടമാണ്. ഒട്ടകമോ മാടോ ആണെങ്കില്‍ ഏഴാള്‍ക്ക് വരെ ഒന്നില്‍ പങ്ക്ചേരാവുന്നതാണ്. ഒരു ആടില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുകാരാവാന്‍ പാടുള്ളതല്ല. ഒട്ടകത്തിലോ മാടിലോ പങ്ക്ചേരനലിനേക്കാള്‍ ശ്രേഷ്ടം ഒരു ആടിനെ ഒറ്റക്ക് അറുക്കലാണ്. കൊമ്പില്ലാത്തതിനെ അറുക്കല്‍ സ്വഹീഹാകുമെങ്കിലും കൊമ്പുള്ള മൃഗത്തെ അറുക്കലാണ് ശ്രേഷ്ടം.
അറുക്കേണ്ടതെപ്പോള്‍?
പെരുന്നാള്‍ ദിവസം സൂര്യോദയത്തന് ശേഷം രണ്ട് ഖുതുബക്കും രണ്ട് റക്അത്ത് നിസ്കാരത്തിനുമുള്ള സമയം കഴിഞ്ഞതു മുതല്‍ അയ്യാമുത്തശ്രീഖിന്‍റെ അവസാനം വരെയാണ് ഉള്ഹിയത്തിന്‍റെ സമയം. എങ്കിലും പെരുന്നാള്‍ ദിവസം സൂര്യന്‍ ഒരു കുന്തത്തിന്‍റെയത്ര (ഏകദേശം 20 മുനുട്ട്) ഉയര്‍ന്നതിനു ശേഷം അറുക്കലാണ് ശ്രേഷ്ടം. ദുല്‍ഹജ്ജ് 11, 12, 13 എന്നീ ദിവസങ്ങളില്‍ അറവ് നടത്താമെങ്കിലും പെരുന്നാള്‍ ദിവസം തന്നെ അറുക്കലാണ് ഉത്തമം. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ രാത്രി സമയത്ത് അറുക്കല്‍ കറാഹത്താണ്. അയ്യാമുത്തശ്രീഖിന്‍റെ ശേഷം അറുത്താല്‍ ഉളുഹിയത്താവുന്നതല്ല. എന്നാല്‍ നേര്‍ച്ച കൊണ്ടോ മറ്റോ നിര്‍ബന്ധമായ ഉള്ഹിയത്ത് അയ്യാമുത്തശ്രീഖിനേക്കാള്‍് പിന്തിച്ചാലും ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.
പുരുഷന് സ്വയം അറുക്കലും സ്ത്രീക്ക് മറ്റുള്ളവരെ ഏല്‍പിക്കലുമാണ് ഉത്തമം. മുസ്ലിമീങ്ങളുടെ പൊതു ഇമാമല്ലാത്തവര്‍ക്ക് സ്വന്തം വീട്ടുകാരുടെ സാന്നിധ്യത്തില്‍ വെച്ച് തന്നെ അറുക്കല്‍ സുന്നത്താണ്. ഉള്ഹിയത്ത് നടത്തുന്നവര്‍ അറവിന് ഹാജറാവലും പ്രത്യേകം പുണ്യകരമാണ്. അറുക്കപ്പെടുന്ന മൃഗത്തിന് മുന്നില്‍ കത്തി മൂര്‍ച്ച കൂട്ടുകയോ അറവ് മറ്റു മൃഗങ്ങളെ കാണിക്കുകയോ ചെയ്യാന്‍ പാടില്ല. മൂര്‍ച്ചയേറിയ കത്തി കൊണ്ട് പെട്ടെന്ന് അറുക്കണം. മൃഗത്തിന് വെള്ളം കൊടുക്കലും ഇടതുഭാഗം ഖിബ്ലയിലേക്ക് തിരിച്ച് കിടത്തലും മൂന്ന് തക്ബീര്‍ ചൊല്ലിയ ശേഷം ബിസ്മി, നബി(സ)യുടെ മേല്‍ സ്വലാത്ത്, സലാം എന്നിവ ചൊല്ലി അറുക്കലും സുന്നത്താണ്. സുരക്ഷക്കായി മൃഗത്തിന്‍റെ വലതു കാല്‍ അല്ലാത്തവ കെട്ടി ബന്ധിക്കാവുന്നതാണ്.

അറവുദ്ദേശിച്ചാല്‍
ഉള്ഹിയത്ത് സ്വീകാര്യമാകണമെങ്കില്‍ നിയ്യത്ത് അനിവാര്യമാണ്. അറുക്കുന്ന സമയത്തോ അതിനു മുമ്പോ നിയ്യത്ത് ചെയ്യാവുന്നതാണ്. ഇതെന്‍റെ സുന്നത്തായ ഉള്ഹിയത്താണ് എന്ന് നിയ്യത്ത് ചെയ്താല്‍ മതിയാകും. അതേ സമയം ഉള്ഹിയത്തിനായി വാങ്ങിയ മൃഗത്തെ സംബന്ധിച്ച് ഇതെന്‍റെ ഉള്ഹിയത്താണ്, ഇത് ഞാന്‍ ഉള്ഹിയത്താക്കി എന്നൊരാള്‍ നിയ്യത്ത് ചെയ്താല്‍ അത് നിര്‍ബന്ധമായിത്തീരുന്നതാണ്.
ഉള്ഹിയത്ത് ഉദ്ദേശിച്ച വ്യക്തി ദുല്‍ഹിജ്ജ ഒന്നു മുതല്‍ അറവു നടത്തുന്നതു വരെ ശരീരത്തിലെ മുടി, നഖം പോലോത്തവ നീക്കം ചെയ്യല്‍ കറാഹത്താണ്. ഉള്ഹിയത്ത് അറുക്കുന്നവന് ലഭ്യമാവുന്ന നരകമോചനത്തിലും മഗ്ഫിറത്തിലും അവന്‍റെ ശരീരത്തിനെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടാന്‍ വേണ്ടിയാണിത്.
മാംസ വിതരണം
നിര്‍ബന്ധമായ ഉള്ഹിയത്താണെങ്കില്‍ പൂര്‍ണമായും മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്. സുന്നത്തായ ഉള്ഹിയത്തില്‍ നിന്ന് അല്‍പം ബറകത്തിന് വേണ്ടി ഉപയോഗിക്കുകയും ബാക്കി മുഴുവനും ദാനം ചെയ്യുകയുമാണ് പുണ്യകരം. ബറകത്തിനായി എടുക്കുന്നത് മൃഗത്തിന്‍റെ കരള്‍ തന്നെയാവല്‍ നല്ലതാണ്. എല്ലും തോലുമൊന്നും സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാവുന്നതല്ല. ഉള്ഹിയത്ത് അറുക്കപ്പെട്ട മൃഗത്തിന്‍റെ യാതൊരു ഭാഗവും വില്‍പന നടത്താന്‍ പാടില്ല. ധനികര്‍ക്കും ദരിദ്രര്‍ക്കുമെല്ലാം ഉള്ഹിയത്തിന്‍റെ മാംസം നല്‍കാമെങ്കിലും ധനികര്‍ക്ക് കിട്ടിയ മാംസം മറ്റുള്ളവര്‍ക്ക് വില്‍ക്കല്‍ അനുവദനീയമല്ല. സ്വയം ഭക്ഷിക്കുകയോ മറ്റുള്ളവര്‍ക്ക് ഭക്ഷിപ്പിക്കുകയോ ആവാം. പാവപ്പെട്ടവര്‍ക്ക് വില്‍ക്കുന്നതിന് വിരോധമില്ല. അന്യമതസ്ഥര്‍ക്ക് ഉള്ഹിയത്തിന്‍റെ മാംസം നല്‍കാവുന്നതല്ല.
സഹല്‍ ആലപ്പുഴ

Write a comment