Posted on

റമളാന്‍ ഖുർആനിന്‍റെ മാസമാണ്

കാലാതീതനായ അല്ലാഹുവിന്‍റെ വചനമാണ് ഖുര്‍ആ്ന്‍ അതില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവുമുണ്ട്. ഖുര്‍ആന്‍റെ സ്രോതസ്സ് ദൈവികമാണെന്നതിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നത്രെ അത്. വര്‍ത്തമാനത്തില്‍ ജീവിക്കുന്ന മനുഷ്യന് ഭാവിയെക്കുറിച്ച് കൃത്യമായി പ്രവചിക്കുക സാധ്യമല്ല. പക്ഷെ, ഖുര്‍ആനില്‍ ഭാവിയും ഭൂതവും വര്‍ത്തമാനവും ഒരുപോലെ വന്നുനില്‍ക്കുന്നു. ‘റോം’ വിജയം പ്രസിദ്ധമാണ്. ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാധിക്കാത്തവിധം പേര്‍ഷ്യക്കാര്‍ റോമക്കാരെ പരാജയപ്പെടുത്തിയ സന്ദര്‍ഭത്തിലാണ് റോമക്കാര്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കകം തിരിച്ചു വരുമെന്ന ഖുര്‍ആനിക പ്രവചനമുണ്ടാവുന്നത്. “റോമക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു; ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശത്തുവെച്ച്, എന്നാല്‍ പരാജയത്തിനു ശേഷം അവര്‍ക്കൊരു തിരിച്ചുവരവുണ്ട്; ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍” (റൂം 2-6) അത് അങ്ങിനെത്തന്നെ പുലരുകയും ചെയ്തു. ഖുര്‍ആന്‍ ദൈവികമാണെന്നതിന്‍റെ മറ്റൊരു തെളിവ്!
ഭാവിയെക്കുറിച്ച് മാത്രമല്ല, ചരിത്രത്തെക്കുറിച്ചും ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രാചീന യുഗത്തിന്‍റെ നാള്‍വഴിയിലേക്ക് ഇറങ്ങിച്ചെന്ന് ആദ്-സമൂദ്കളുടെ സംസ്കൃതിയുടെയും ഭവനനിര്‍മാണ രീതികളും ഫറോവയുടെ അഹങ്കാരവും സുലൈമാന്‍ നബിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടങ്ങി ആദിമ മനുഷ്യന്‍ വരെയും അതിനപ്പുറത്തേക്കും കടന്നു ചെല്ലുമ്പോള്‍ ആര്‍ക്കാണ് ഖുര്‍ആനിന്‍റെ ദൈവിക സ്രോതസ്സിനെക്കുറിച്ച് ബോധ്യപ്പെടാതിരിക്കുക! ഇവിടെയാണ് “ഉമ്മിയ്യ്” (നിരക്ഷരന്‍) എന്നത് തിരുനബിയുടെ പദവിയും മഹത്വവുമായി മാറുന്നത്. നാല്‍പ്പതാം വയസ്സില്‍ മലയിറങ്ങിവന്ന് പ്രവാചകന്‍ പറയുന്ന വാക്കുകള്‍ കൗതുകകരമായിരിക്കുന്നു. “ഭൂമിയിലൂടെ നിങ്ങള്‍ സഞ്ചരിക്കുക! നിഷേധികളുടെ അന്ത്യം എങ്ങിനെയായിരുന്നുവെന്ന് അന്വേഷിക്കുക.” (16/36)
വിവരവും വിദ്യഭ്യാസവുമുള്ള ഒരു പണ്ഡിതന്‍റെ സഹായത്താല്‍ മുഹമ്മദ് നബി(സ്വ)ക്ക് തന്‍റെ നിരക്ഷരതയെ മറികടന്നുകൂടേ എന്നൊരു ചോദ്യമാവാം. ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന പ്രമേയങ്ങളും വിവരങ്ങളും വിശകലനം ചെയ്താല്‍ ഈ സംശയം അസംബന്ധമാണെന്ന് ബോധ്യപ്പെടും. ഒരുദാഹരണം അല്ലാഹു പറയുന്നു. “മനുഷ്യ-ഭൂത വര്‍ഗമേ, ആകാശഭൂമികളുടെ ദിക്കുകള്‍ വിട്ട് ഊളിയിടാന്‍ കഴിയുമെങ്കില്‍ ഊളിയിടൂ! (സുല്‍ത്താന്‍-ശേഷി) ഇല്ലാതെ നിങ്ങള്‍ക്ക് ഊളിയിടാന്‍ സാധിക്കുകയില്ല”. (അര്‍റഹ്മാന്‍: 33) ശേഷി ഉണ്ടെങ്കില്‍ ആകാശഭൂമികളുടെ ദിക്കുകള്‍ വിട്ട് കുതിക്കാമെന്നാണ് ഈ സൂക്തം നല്‍കുന്ന സൂചന. ഇങ്ങനെ ബഹിരാകാശ ഗവേഷണങ്ങള്‍, കടലുകള്‍ക്കുള്ളിലെ അത്ഭുതങ്ങള്‍, തേനീച്ചയിലെ വിസ്മയങ്ങള്‍… തുടങ്ങി ആറാം നൂറ്റാണ്ടിലെ ഒരു അറേബ്യന്‍ പണ്ഡിതനും അന്നു നിലവിലുണ്ടായിരുന്ന ഒരു മാധ്യമം ഉപയോഗിച്ചും കണ്ടെത്താന്‍ പറ്റാത്ത പല കാര്യങ്ങളും ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നു.
സാഹിത്യ ഗുണമാണ് ഖുര്‍ആനിന്‍റെ അമാനുഷികത വെളിപ്പെടുത്തുന്ന മറ്റൊരു കാര്യം. അനുകരണീയ സാഹിത്യമാണ് ഖുര്‍ആന്‍. കൃത്യമായ പ്രയോഗങ്ങളാണ് അത് ഉപയോഗിക്കുന്നത്. നമ്മളതിശയിക്കും-അക്ഷരഭ്യാസമില്ലാത്ത പ്രവാചകന്‍ ഇത്രയും കണിശമായ പദങ്ങള്‍ പ്രയോഗിച്ച് സൗന്ദര്യാത്മകവും എന്നാല്‍ പ്രായോഗികവുമായ ഒരു മഹദ്ഗ്രന്ഥം രചിക്കുമോ?
ഖുര്‍ആനിക പ്രയോഗങ്ങളുടെ കൃത്യത മനസ്സിലാക്കാന്‍ ഇതാ ഒരുദാഹരണം: ഒരിടത്ത് അല്ലാഹു പറയുന്നു:”ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്”. മറ്റൊരിടത്ത് ഇങ്ങനെ: “ദാരിദ്ര്യത്താല്‍ നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊന്നുകളയുന്നു. നിങ്ങള്‍ക്കും അവര്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്”. പ്രത്യക്ഷത്തില്‍ രണ്ടു പ്രസ്താവനകളും ഒന്നായി തോന്നുമെങ്കിലും സൂക്ഷ്മവിശകലനത്തില്‍ ഇവ വ്യത്യസ്തമാണെന്നു കാണാം.
ആദ്യസൂക്തത്തില്‍ ദാരിദ്ര്യഭയമാണ് പ്രേരണ. (ഇപ്പോള്‍ ദാരിദ്ര്യമില്ല. കുട്ടിയുണ്ടായാല്‍ ഭാവിയില്‍ ദാരിദ്ര്യമുണ്ടാകുമോ എന്നു ഭയപ്പെടുകയാണ്.) ഒന്നാം സൂക്തത്തില്‍ ‘അവര്‍ക്കും നിങ്ങള്‍ക്കും’ എന്നാണ് പറയുന്നതെങ്കില്‍, രണ്ടാം സൂക്തത്തില്‍ ‘നിങ്ങള്‍ക്കും അവര്‍ക്കു’മെന്നാണ് പറയുന്നത്. ദാരിദ്ര്യത്തിന്‍റെ ഭാവിയും വര്‍ത്തമാനവും വിശകലനം ചെയ്യുമ്പോള്‍ ഈ പ്രയോഗത്തിന്‍റെ കൃത്യത പെട്ടെന്ന് ബോധ്യപ്പെടും. ആവര്‍ത്തനമാണെന്ന് പലരും തെറ്റിദ്ധരിച്ച ഇത്തരം സൂക്തങ്ങളിലൂടെ വ്യത്യസ്ത ആശയങ്ങളാണ് അല്ലാഹു സംവേദനം ചെയ്യുന്നത്. “ഇത് ലോക രക്ഷിതാവിങ്കല്‍ നിന്ന് അവതീര്‍ണ്ണമായതു തന്നെ”(69/43).
ദൈവിക വചനമായ ഖുര്‍ആനിന്‍റെ അവതരണത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. ഒന്ന്; ലൗഹുല്‍ മഹ്ഫൂളിലേക്ക്. അല്ലാഹു പറയുന്നു. “ഇതൊരു മഹത്തായ ഖുര്‍ആനാകുന്നു. ഇത് ഒരു സുരക്ഷിത ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു”(85: 21-22). ലൗഹുല്‍ മഹ്ഫൂള് ഏഴാനാകാശത്തിന് മുകളിലുള്ള ഒരു മഹാ മാണിക്യഫലകമാണെന്ന് ഇബ്നു അബ്ബാസ് (റ) രേഖപ്പെടുത്തുന്നു. സുരക്ഷിത ഫലകമെന്നും രഹസ്യഗ്രന്ഥമെന്നും പേര് വരാനുള്ള കാരണം പിശാചുക്കളുടെയും മനുഷ്യരുടെയും കൈകടത്തലുകളില്‍ നിന്ന് സുരക്ഷിതമാണ് എന്ന അര്‍ത്ഥത്തിലാണ്. ഭൂമിയില്‍ ഗ്രന്ഥങ്ങളില്‍ തിരിമറി നടത്തും പോലെ കൂട്ടിച്ചേര്‍ക്കലോ വെട്ടിമാറ്റലോ അവിടെ നടക്കില്ല. ഈ ഫലകത്തില്‍ ഖുര്‍ആന്‍ മാത്രമല്ല ലോകക്രമം തന്നെ രേഖപ്പെട്ടു കിടക്കുകയാണ്.
അവതരണത്തിന്‍റെ രണ്ടാം ഘട്ടം ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തെ ബൈത്തുല്‍ ഇസ്സയിലേക്കാണ്. ഇത് ഖദ്റിന്‍റെ രാത്രിയിലായിരുന്നു. ഈ രണ്ടാം ഘട്ട അവതരണത്തെക്കുറിച്ച് മൂന്ന് സ്ഥലത്താണ് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. (2:185, 44:3, 97:1). ഖുര്‍ആനില്‍ നിന്ന് അവതരണ മാസം റമളാനാണെന്നും രാത്രിയിലാണെന്നും ഖദ്റിന്‍റെ രാത്രിയിലാണെന്നും മനസ്സിലാക്കാം. ഖുര്‍ആന്‍ പലഘട്ടങ്ങളിലായി അവതരിച്ചതിന്‍റെ യുക്തി ഇമാം സുയൂത്വി(റ) അപഗ്രഥിക്കുന്നുണ്ട്. ഇതര ഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഖുര്‍ആന്‍ അവസാന ഗ്രന്ഥമാണെന്നും അത് ഇറക്കപ്പെട്ട പ്രവാചകന്‍ അന്ത്യപ്രവാചകനാണെന്നും മനസ്സിലാക്കി കൊടുക്കാനാണ് ആദ്യമൊന്ന് ഒന്നാന്‍ ആകാശത്തേക്ക് ഇറക്കുകയും പിന്നീട് ഘട്ടംഘട്ടമായി ഇറക്കുകയും ചെയ്തത് (ഇത്ഖാന്‍:1/119). ആവശ്യാനുസരണവും എളുപ്പത്തിലും പഠിക്കാന്‍ പറ്റുന്ന രൂപത്തില്‍ അല്‍പാല്‍പ്പമായാണ് ഇരുപത്തിമൂന്ന് കൊല്ലങ്ങളിലായി ഖുര്‍ആന്‍ അവതരിച്ചത്.
മൂന്നാംഘട്ടം ഖുര്‍ആന്‍ ഇറങ്ങിയത് തിരുനബിയുടെ ഹൃദയത്തിലാണെന്ന് സിദ്ധം. “സത്യനിഷേധികള്‍ ചോദിക്കും എന്തേ ഖുര്‍ആന്‍ ഒറ്റയടിക്ക് ഇറക്കപ്പെടാത്തതെന്ന് അതെ, നാം അങ്ങിനെ ഘട്ടംഘട്ടമായി തന്നെയാണ് ഇറക്കുന്നത്. നിങ്ങളുടെ ഹൃദയത്തെ ഖുര്‍ആന്‍ കൊണ്ട് സമൃദ്ധമാക്കാനാണിത്”. ജിബ്രീല്‍ എന്ന മാലാഖയാണ് ഈ വഹ്യ് എത്തിച്ചു കൊടുക്കുന്നത്. ആദ്യം ജിബ്രീല്‍ അല്ലാഹുവില്‍ നിന്നും കേള്‍ക്കും. അത് നബിക്ക് എത്തിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടും. വള്ളിപുള്ളി വ്യത്യാസാമില്ലാതെയാണ് ഇത് എത്തിക്കുന്നത്. വിശ്വസ്തനും ശക്തനും അല്ലാഹുവിങ്കല്‍ മഹത്തായ സ്ഥാനമുള്ളവരുമായ ജിബ്രീല്‍ എന്ന മാലാഖയാണ് ദൂതന്‍ എന്നത് കൊണ്ട് തന്നെ അവിശ്വസിക്കാന്‍ പഴുതില്ല.
മനുഷ്യന് പരിചയമില്ലാത്ത രഹസ്യമാര്‍ഗത്തില്‍ അല്ലാഹു തെരെഞ്ഞെടുത്തവര്‍ക്ക് വെളിപ്പെടുത്താന്‍ ആഗ്രഹിച്ച വിഷയം അറിയിച്ചുകൊടുക്കലാണ് വഹ്യ്. ആഇശാ(റ) പറയുന്നു:”നബിയുടെ വഹ്യിന്‍റെ തുടക്കം ഫജ്റുസ്വാദിഖ് (പ്രഭാതക്കീറ്) പോലെ പുലരുന്ന ചില സത്യസന്ധമായ സ്വപ്നങ്ങളായിരുന്നു. പിന്നീട് നബിക്ക് ഏകാന്തത ഇഷ്ടമായി. ഹിറാ ഗുഹയില്‍ ഏകാന്ത ജീവിതത്തിനായി പോയി. ദിവസങ്ങളോളം നാഥനെ ആരാധിച്ചു കഴിഞ്ഞു കൂടുകയായിരുന്നു. അതിനിടയാണ് പെട്ടെന്നൊരു ദിവസം ജിബ്രീല്‍ വന്ന് “വായിക്കൂ” എന്ന് പറയുന്നത്. നബി(സ്വ) വിവരിക്കുന്നു: “എനിക്ക് ഓതാന്‍ അറിയില്ലെന്ന് പറഞ്ഞു. അനന്തരം ജിബ്രീല്‍ എന്നെ പിടിച്ചു ശക്തമായി ഞെക്കി. വീണ്ടും വായിക്കാന്‍ പറഞ്ഞു. ഞാന്‍ അതേപ്രകാരം പ്രതികരിച്ചു. മാലാഖ എന്നെ ഞെക്കി. ചോദ്യം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. മറുപടിയില്‍ മാറ്റമില്ലാതിരിന്നപ്പോള്‍ മൂന്നാമതും പിടിച്ചു ഞെക്കി. വായിക്കാന്‍ പറഞ്ഞു സൂറഃ അലക്കിലെ അഞ്ച് സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു. ഞാന്‍ പേടിച്ച് ഖദീജയുടെ അടുത്തേക്കോടി. പുതപ്പിട്ട് മൂടാന്‍ പറഞ്ഞു”. (ബുഖാരി : 3).
അല്ലാഹുവിന്‍റെ വചനത്തിന് ശബ്ദങ്ങളോ രൂപങ്ങളോ ഇല്ല. മുസ്ഹഫുകളില്‍ കാണുന്ന അക്ഷരങ്ങളല്ല യാഥാര്‍ത്ഥ ഖുര്‍ആന്‍; അത് ദാല്ല് (സൂചിക) മാത്രമാകുന്നു. ആ സൂചികകള്‍ സൂചിപ്പിക്കുന്ന ആശയമാകുന്നു യഥാര്‍ത്ഥ ഖുര്‍ആന്‍. അതിന് അക്ഷരങ്ങളോ ശബ്ദങ്ങളോ ഉണ്ടാവില്ല. എന്നാല്‍ ആദ്യാവതരണം സുരക്ഷിത ഫലകത്തില്‍ നടന്നതോടെ ഈ സൃഷ്ടി ഗുണങ്ങള്‍ വന്നു കഴിഞ്ഞു

ശാഫി സഖാഫി മുണ്ടമ്പ്ര

Write a comment