Posted on

ശൈഖ് രിഫാഈ (റ); ആത്മീയ ലോകത്തെ കെടാവിളക്ക്

ഹിജ്റ 500(ക്രി.1118) മുഹര്‍റ മാസത്തില്‍ ഇറാഖിലെ ഉമ്മു അബീദ ഗ്രാമത്തിലാണ് ശൈഖ് രിഫാഈ(റ) ജനിക്കുന്നത്. മാതാവ് ഗര്‍ഭിണിയായിരിക്കെ പിതാവ് അലിയ്യ് എന്നവര്‍ മരണപ്പെട്ടു. തുടര്‍ന്ന് തന്‍റെ അമ്മാവനും സൂഫീ വര്യനുമായ ശൈഖ് മന്‍സൂര്‍(റ)വിന്‍റെ ശിക്ഷണത്തിലാണ് മഹാന്‍ വളര്‍ന്നത്. തന്‍റെ പിതൃപരമ്പര ഹുസൈന്‍(റ) വഴി തിരുനബി(സ)യിലേക്ക് ചെന്നെത്തുന്നു. ജനനത്തിനു വളരെ മുമ്പു തന്നെ അവിടുത്തെ ആഗമനത്തെ പറ്റി പലരും പ്രവചിച്ചിരുന്നു. പ്രമുഖ സൂഫീ വര്യനായ അബുല്‍വഫാഅ്(റ)വിന്‍റെ സമീപത്ത് കൂടെ ഒരു മനുഷ്യന്‍ കടന്നു പോയി. തത്സമയം മഹാന്‍ പറഞ്ഞു:’ഓ, മനുഷ്യാ.. നീ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങുക’. അദ്ദേഹം പറഞ്ഞു’എന്‍റെ നെറ്റിയില്‍ എഴുതപ്പെട്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? അദ്ദേഹത്തിന്‍റെ നെറ്റിത്തടത്തിലേക്ക് നോക്കിയ ഉടന്‍ അബുല്‍ വഫാഅ്(റ) ബോധരഹിതനായി വീണു. ബോധം തിരിച്ചു കിട്ടിയപ്പോള്‍ സമീപത്തുണ്ടായിരുന്നവര്‍ കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു ‘ആ വ്യക്തിയുടെ നെറ്റിയില്‍ അടുത്ത കാലത്ത് വരാനിരിക്കുന്ന, അധ്യാത്മിക സരണിയുടെ ഉടമയായ അഹ്മദു രിഫാഇയുടെ ആഗമന അടയാളമുണ്ട്’.
ചെറുപ്പം മുതലേ വിജ്ഞാന സമ്പാദനത്തില്‍ അതീവ താല്‍പര്യം കാണിച്ചിരുന്ന മഹാന്‍ ശാഫിഈ കര്‍മസരണിയില്‍ അഗാധ പാണ്ഡിത്യം നേടി. കര്‍മ ശാസ്ത്രത്തിലെ ബൃഹത് ഗ്രന്ഥമായ കിതാബു തന്‍ബീഹ് അവിടുന്ന് മനപാഠമാക്കിയിരുന്നു. തുടര്‍ന്ന് അധ്യാത്മിക സരണിയില്‍ പ്രവേശിക്കുകയും നിരവധിയാളുകള്‍ക്ക് ആത്മീയ വെളിച്ചം പകരുകയും ചെയ്തു. ശൈഖ് അബ്ദുല്‍ മലികില്‍ ഹര്‍നൂബിയുടെ ഉപദേശങ്ങള്‍ രിഫാഈ(റ)വിന്‍റെ ജീവിതത്തില്‍ വളരെയധികം സ്വാധീനിച്ചിരുന്നു. ഒരിക്കല്‍ മഹാന്‍ ഹര്‍നൂബിയുടെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു ‘ഓ, അഹ്മദ് തിരിഞ്ഞു നോക്കുന്നവന്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരില്ല. സംശയിക്കുന്നവന്‍ വിജയിക്കില്ല. ആരെങ്കിലും തന്‍റെ ആയുസ്സ് കഴിഞ്ഞുപോകുന്നതിനെ കുറിച്ച് ബോധവാനല്ലെങ്കില്‍ അവന്‍റെ സമയം മുഴുവന്‍ നഷ്ടത്തിലാണ്”. ഒരു വര്‍ഷത്തിനു ശേഷം മഹാന്‍ വീണ്ടും ഹര്‍നൂബിയുടെ സമീപത്ത് ചെന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു “ബുദ്ധിശാലികള്‍ക്ക് അജ്ഞതയും വൈദ്യരോഗവും സ്നേഹിതന്മാര്‍ക്കിടയില്‍ പിണക്കവും സംഭവിക്കുന്നത് വളരെ മോശം’. ചിന്തോദ്ദീപകമായ ഈ ഉപദേശങ്ങള്‍ രിഫാഈ(റ)വിനെ ആത്മീയതയുടെ ഉന്നതികളിലേക്ക് വഴി നടത്തി.
മഹാനുഭാവന്‍റെ ആത്മീയോന്നതി വിളിച്ചറിയിക്കുന്ന ഒരു സംഭവം ഇങ്ങനെ കാണാം. തന്‍റെ അമ്മാവനും നിരവധിയാളുകളുടെ ആത്മീയ ഗുരുവുമായിരുന്ന ശൈഖ് മന്‍സൂര്‍ രോഗശയ്യയിലായപ്പോള്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ ഒരുമിച്ച് കൂടുകയും ശൈഖവര്‍കളുടെ കാലശേഷം തങ്ങളുടെ ആത്മീയ നേതൃത്വം ആരായിരിക്കണമെന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തു.കൂട്ടത്തലൊരാള്‍ പറഞ്ഞു ‘നമ്മുടെ ഗുരുവാകാന്‍ യോഗ്യനായ ഒരാളെ ഞാന്‍ പറഞ്ഞു തരാം’. അല്‍പ സമയം തല താഴ്ത്തിയിരുന്നതിനു ശേഷം അദ്ദേഹം ശൈഖ് രിഫാഇയുടെ നാമം നിര്‍ദേശിച്ചു. ഇതു കേട്ട് ചിലര്‍ പരിഹസിക്കുകയും അതിന് തെളിവ് ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ആകാശ ഭൂമികളില്‍ ഒന്നടങ്കം പരിശോധിച്ചിട്ട് അദ്ദേഹത്തിനേക്കാള്‍ യോഗ്യനായ മറ്റൊരാളെ ഞാന്‍ കണ്ടില്ല’. ശേഷം അവരെല്ലാവരും കൂടി ഉസ്താദായ ശൈഖ് മന്‍സൂറിന്‍റെ സമീപത്ത് ചെന്നു ചോദിച്ചു; താങ്കള്‍ക്ക് ശേഷം ഞങ്ങളുടെ നേതൃത്വം ആരായിരിക്കണം? അപ്പോള്‍ ആ വിഷയത്തില്‍ അവരുടെയെല്ലാം അഭിപ്രായം അദ്ദേഹം ശരിവെച്ചു.
തന്‍റെ ആദ്യകാലങ്ങളില്‍ തന്നെ സ്വദേശമായ ഉമ്മു അബീദയിലെ വൈജ്ഞാനിക സാമൂഹിക മണ്ഡലങ്ങളില്‍ മഹാന്‍ നിറ സാന്നിധ്യമായിരുന്നു. അധ്യാത്മികതയുടെ ഉന്നതങ്ങളില്‍ കഴിയുമ്പോഴും തന്‍റെ സഹജീവികളുടെ സുഖ ദു:ഖങ്ങള്‍ അന്വേഷിക്കുന്നതിലും അവര്‍ക്ക് സേവനം ചെയ്ത് കൊടുക്കുന്നതിലും അദ്ദേഹം അതീവ ശ്രദ്ധ കാണിച്ചിരുന്നു. പ്രായം ചെന്നവരെയും കുഷ്ഠരോഗികളേയു പരിചരിക്കുകയും അവരുടെ വസ്ത്രങ്ങള്‍ കഴുകി കൊടുക്കുകയും മുടി വാര്‍ന്ന് കൊടുക്കുകയും ചെയ്യുമായിരുന്നു. അവര്‍ക്കാവശ്യമായ ഭക്ഷണം എത്തിച്ച് കൊടുക്കുകയും അവരോടൊപ്പം ഇരുന്ന് ഭക്ഷിക്കുകയും ചെയ്യും. അവരോട് ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം പറയും നിങ്ങളെ സന്ദര്‍ശിക്കലും പരിചരിക്കലും എന്‍റെ മേല്‍ നിര്‍ബന്ധ ബാധ്യതയാണ്. കേവലം സുന്നത്തായ കാര്യമല്ല. അതു പോലെ വഴിയിലൂടെ പോകുന്ന അന്ധന്മാരുടെ കൈ പിടിച്ച് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു കൊടുക്കുമായിരുന്നു.. മഹാനും ശിഷ്യന്മാരും ഏതെങ്കിലും യാത്ര കഴിഞ്ഞ് നാട്ടിലേക്കെത്താനായാല്‍ വിറക് കെട്ടുകള്‍ ശേഖരിച്ച് കൊണ്ട് വരികയും വിധകവളുടെയും ദരിദ്രരുടെയും ഭവനങ്ങളില്‍ എത്തിക്കുകയും ചെയ്യും. അവര്‍ക്കാവശ്യമായ വെള്ളപാത്രത്തില്‍ നിറച്ച് കൊടുക്കും. തന്‍റെ നാട്ടില്‍ ഒരു രോഗിയുണ്ടെന്നറിഞ്ഞാല്‍ എത്ര ദൂരെയാണെങ്കിലും അദ്ദേഹം അവരെ സന്ദര്‍ശിക്കുകയും ഒന്നോ രണ്ടോ ദിവസം അവരോടൊപ്പം വസിക്കുകയും ചെയ്തിട്ടേ തിരിച്ചു പോരുമായിരുന്നുള്ളൂ.
മിണ്ടാപ്രാണികളോടും മഹാന്‍ അങ്ങേയറ്റത്തെ കൃപയും കാരുണ്യവും കാണിച്ചിരുന്നു. ഒരിക്കല്‍ ഒരു പൂച്ച രിഫാഈ(റ) ധരിക്കാറുള്ള കുപ്പായത്തിന്‍റെ കൈയില്‍ കിടന്നുറങ്ങി. നിസ്ക്കാര സമയമായപ്പോള്‍ ആ പൂച്ചയ്ക്ക് ശല്യമാവാത്ത വിധം കുപ്പായത്തിന്‍റെ കൈഭാഗം മുറിച്ചു മാറ്റിയാണ് മഹാന്‍ ധരിച്ചത്. നിസ്കാര ശേഷം പൂച്ച ഉറക്കില്‍ നിന്നുണര്‍ന്നപ്പോള്‍ വീണ്ടും തുന്നിപ്പിടിപ്പിച്ചു. ഒരു പൂച്ചയുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതു പോലും മഹാന്‍ ഇഷ്ടപ്പെട്ടില്ല. ശിഷ്യനായ യഅ്ഖൂബ് എന്നവര്‍ പറിയുന്നു; തണുപ്പ് ശക്തിയായ ഒരു ദിവസം ഞാന്‍ ശൈഖവര്‍കളുടെ അടുക്കലേക്ക് കടന്നു ചെന്നു. അദ്ദേഹം വുളൂവെടുത്തതിനു ശേഷം തന്‍റെ ഒരു കൈ നീട്ടി പിടിച്ചു കൊണ്ടേയിരിക്കുന്നു. കുറേനേരം കൈ അനക്കുക പോലും ചെയ്യാത്തതു കണ്ടപ്പോള്‍ ഞാനതൊന്ന് ചുംബിക്കാനായി അടുത്തേക്ക് ചെന്നു. തത്സമയം മഹാന്‍ പറഞ്ഞു. ഓ, യഅ്ഖൂബ് നീ ആ പാവപ്പെട്ട ജീവിക്ക് ശല്യമുണ്ടാക്കിയല്ലേ? ഞാന്‍ ചോദിച്ചു ആര്‍ക്ക്?. ശൈഖ് പറഞ്ഞു’ഒരു കൊതുക് എന്‍റെ കൈയില്‍ നിന്ന് അതിന്‍റെ ആഹാരം ഭക്ഷിക്കുകയായിരുന്നു. നീ കാരണം അത് പാറിപ്പോയിരിക്കുന്നു’.
ജനങ്ങളെല്ലാം ആട്ടിയോടിച്ച കുഷ്ടരോഗിയായ ഒരു നായയെ അദ്ദേഹം വിജനമായ ഒരു സ്ഥലത്ത് കൊണ്ടു പോയി നാല്‍പത് ദിവസത്തോളം പരിചരിക്കുകയും അതിനാവശ്യമായ ചികിത്സകള്‍ നല്‍കുകയും ചെയ്തു. അസുഖം ഭേദമായപ്പോള്‍ നായയുമായി നാട്ടിലേക്ക് മടങ്ങി. ആളുകള്‍ ചോദിച്ചു; ‘ഈ നായയുടെ കാര്യത്തില്‍ നിങ്ങള്‍ ഇത്ര ശ്രദ്ധ കാണിക്കുകയോ?. മഹാന്‍ പറഞ്ഞു; ‘അതെ, ഇതിന്‍റെ പേരില്‍ അല്ലാഹു അന്ത്യനാളില്‍ എന്നെ ശിക്ഷിക്കുമോ എന്ന് ഞാന്‍ പേടിക്കുന്നു. ‘ഓ അഹ്മദ്, ഈ നായയോട് നിനക്ക് കാരുണ്യം തോന്നിയില്ലേ? ഈ നായയെ പരീക്ഷിച്ചത് പോലെ ഞാന്‍ നിന്നെയും പരീക്ഷിക്കുമെന്ന് നീ ഓര്‍ത്തില്ലേ?’ എന്ന് അല്ലാഹു ചോദിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഇത്ര മാത്രം സൂക്ഷ്മതയാര്‍ന്ന ജീവിതത്തിനുടമായായിരുന്നു ശൈഖ് രിഫീഈ(റ).
വിനയവും ആദരവും അദ്ദേഹത്തിന്‍റെ ജീവിതത്തിലുടനീളം നിഴലിച്ച് കാണാമായിരുന്നു. ഒരിക്കല്‍ വഴിയരികില്‍ കണ്ട ഒരു കുട്ടിയോട് അദ്ദേഹം ചോദിച്ചു. നീ ആരുടെ മകനാണ്? കുട്ടി പറഞ്ഞു. ‘നിങ്ങള്‍ അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുക’. ഇതു കേട്ട് ശൈഖവര്‍കള്‍ കരയാന്‍ തുടങ്ങി, എന്നിട്ടു പറഞ്ഞു ‘മോനേ നീയെന്നെ മര്യാദ പഠിപ്പിച്ചിരിക്കുന്നു’. പ്രായം ചെന്ന ആളുകളെ കണ്ടാല്‍ അദ്ദേഹം അവരുടെ കുടുംബക്കാരുടെ അടുക്കല്‍ ചെല്ലും. അവരുടെ കാര്യത്തില്‍ ഉപദേശം നല്‍കികൊണ്ട് തിരുനബി(സ)യുടെ ഹദീസ് കേള്‍പിച്ചു കൊടുക്കും. ‘ആരെങ്കിലും പ്രായം ചെന്നവരെ ആദരിച്ചാല്‍ അവന് പ്രായമാകുമ്പോള്‍ അവനെ ബഹുമാനിക്കാന്‍ അല്ലാഹു ആളുകളെ നിയോഗിക്കുന്നതാണ്’.
സംശുദ്ധമായി ജീവിതത്തിനുടമായായിരുന്നു ശൈഖ് രിഫീഈ(റ). ഒരിക്കല്‍ അദ്ദേഹം ശിഷ്യന്മാരോട് ചോദിച്ചു ‘ഈ പാവം അഹ്മദില്‍ നിങ്ങള്‍ വല്ല ന്യൂനതയും കാണുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്നെ അറിയിച്ച് കൊള്ളട്ടെ. അപ്പോള്‍ ഒരു ശിഷ്യന്‍ പറഞ്ഞു. ഓ ഗുരുവര്യരേ, താങ്കളില്‍ വലിയൊരു ന്യൂനതയുണ്ട്. ‘എന്താണ് സഹോദരാ?’. ശിഷ്യന്‍ പറഞ്ഞു ‘ഞങ്ങളെ പോലുള്ളവരാണല്ലോ അങ്ങയുടെ ശിഷ്യന്മാരായത്’. ഇതു കേട്ട് ശൈഖും സദസ്സിലുണ്ടായിരുന്നവരും ഒന്നടങ്കം കരഞ്ഞു. മഹാന്‍ പറഞ്ഞു ‘ഞാന്‍ നിങ്ങളുടെ സേവകന്‍ മാത്രമാണ്. നിങ്ങളേക്കാള്‍ എത്രയോ താഴ്ന്നവനാണ്. മഹാനുഭാവന്‍ ദിവസേന ആയിരം തവണ വീതം സൂറത്തുല്‍ ഇഖ്ലാസ് ഓതി നാല് റക്അത്ത് നിസ്കരിക്കുമായിരുന്നു. കൂടാതെ നിത്യേന ആയിരം തവണ ഇസ്തിഗഫാര്‍ നടത്തും.
നിരവധി കറാമത്തുകളുടെ ഉടമയായിരുന്നു മഹാന്‍. തന്‍റെ സദസ്സില്‍ വെച്ച് കൊണ്ട് നടത്തുന്ന ഉപദേശങ്ങളും ക്ലാസുകളും വിദൂരത്തുള്ള ആളുകള്‍ക്ക് പോലും ശ്രവിക്കാമായിരുന്നു. ബധിരരായ ആളുകള്‍ക്ക് അദ്ദേഹത്തിന്‍റെ സദസ്സിലെത്തിയാല്‍ അവിടുത്തെ സംസാരം കേള്‍ക്കാന്‍ കഴിയുമായിരുന്നു. റൗളാ ശരീഫില്‍ സിയാറത്ത് ചെയ്യുന്ന സന്ദര്‍ഭത്തില്‍ തിരുനബി(സ) തങ്ങള്‍ അവിടുത്തെ മഹനീയ കരം ഖബറിനു പുറത്തേക്ക് നീട്ടിക്കൊടുക്കുകയും ആളുകള്‍ കാണ്‍കെ മഹാനഭാവന്‍ ചുംബിക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ഒരിക്കല്‍ അദ്ദേഹം ഒരു തോട്ടം വിലക്കു വാങ്ങുവാന്‍ തീരുമാനിച്ചു. തോട്ടക്കാരനാവട്ടെ സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു കൊട്ടാരത്തിനു പകരമല്ലാതെ വില്‍ക്കുകയില്ലെന്നായി. ഇതു കേട്ട് മഹാനുഭാവന് ഒരു തരം അവസ്ഥാന്തരം സംഭവിച്ചു. ശരീരമാകെ ഒരു നിറവ്യത്യാസം. അല്‍പസമയത്തിനു ശേഷം പറഞ്ഞു. ഞാനിതാ സ്വര്‍ഗത്തിലെ കൊട്ടാരത്തിനു പകരം നിന്‍റെ തോട്ടം വാങ്ങിയിരിക്കുന്നു. തോട്ടക്കാരന്‍ പറഞ്ഞു ‘എനിക്ക് നിങ്ങള്‍ അതിന് തെളിവായി ഒരെഴുത്ത് തരണം’. ഉടനെ മഹാന്‍ എഴുതി; ഈ തോട്ടം ഇസ്മാഈല്‍ എന്ന വ്യക്തി അല്ലാഹുവിന്‍റെ അടിമയായ അഹ്മദിന് വിറ്റതാണ്. അല്ലാഹുവിന്‍റെ ഔദാര്യമായി സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു കൊട്ടാരം നല്‍കാമെന്നുള്ള ഉറപ്പിലാണ് ഈ വില്‍പന നടന്നിട്ടുള്ളത്’. കാലങ്ങള്‍ക്കു ശേഷം തോട്ടക്കാരന്‍ മരണപ്പെടുകയും അദ്ദേഹത്തെ ഖബറടക്കിയ പിറ്റേ ദിവസം പ്രസ്തുത ഖബറിന്മേല്‍ ഇങ്ങനെ രേഖപ്പെടുത്തപ്പെടുകയും ചെയ്തു. ‘അല്ലാഹു എന്നോട് വാഗ്ദത്തം ചെയ്തത് ഞാന്‍ എത്തിച്ചിരിക്കുന്നു. നിങ്ങളോട് വാഗ്ദത്തം ചെയ്തത് നിങ്ങള്‍ എത്തിച്ചുവോ?.
ജീവിത കാലം മുഴുവന്‍ ദീനീസേവനത്തിലും ആരാധനയിലുമായി കഴിഞ്ഞ മഹാന്‍ തന്‍റെ എഴുപത്തി എട്ടാം വയസ്സില്‍ ഹിജ്റ 578 ജമാദുല്‍ ഊലാ 12 വ്യാഴാഴ്ചയാണ് വഫാത്താവുന്നത്.

സഹല്‍ ആലപ്പുഴ

Write a comment