Posted on

അഹ്മദ് കോയ ശാലിയാത്തി: ആധുനികലോകത്തെ ഗസ്സാലി

വിജ്ഞാനത്തിന്‍റെ പൊന്‍പ്രഭയില്‍ സ്ഫുടം ചെയ്തെടുത്ത വ്യക്തിപ്രഭാവത്തോടെ സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന മഹാമനീഷിയാണ് ശിഹാബൂദ്ദീന്‍അഹ്മദ് കോയ ശാലിയാത്തി. ആധുനിക കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതപ്രതിഭയായിരുന്ന മഹാന്‍ ആധുനിക ഗസ്സാലി എന്ന വിശേഷണത്തില്‍ അറിയപ്പെട്ടു. പണ്ഡിതനും ഭക്തനുമായിരുന്ന കോഴിക്കോട് കോയമരക്കാരകം കുഞ്ഞാലിക്കുട്ടി മുസ്ലിയാര്‍ ;ചാലിയം നേപ്പാളത്ത് കുട്ടിഹസന്‍ എന്നവരുടെ പുത്രി ഫരീദ എന്ന പരീച്ചു ദമ്പതികളുടെ മകനായി ഹിജ്റ 1302 ജമാദുല്‍ ആഖിര്‍ 22 വ്യാഴായ്ചയാണ് മഹാന്‍ ജനിക്കുന്നത്. ചാലിയം പൂതാറമ്പത്ത് വീട്ടിലായിരുന്നു പിറവി. കുഞ്ഞിമുഹ്യുദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്ല കുട്ടി മുസ്ലിയാര്‍, ഇമ്പിച്ചി അഹ്മദ് എന്നിവര്‍ സഹോദരന്മാരും ബീവി, ആഇശാ ബീവി, ആമിന സഹോദരികളുമാണ്.
കോഴിക്കോടും പരിസരപ്രദേശങ്ങളിലുമുള്ള അഭാലവൃന്ദം ജനങ്ങളുടെ അത്താണിയും ആശാകേന്ദ്രവുമായിരുന്നു പിതാമഹനായ കുഞ്ഞിമുഹ്യുദ്ദീന്‍ മുസ്ലിയാര്‍. കോഴിക്കോട് ഇടിയങ്ങര ഇളയന്‍റെ പള്ളിക്കു സമീപത്താണ് പിതാമഹന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. പിതാവ് കുഞ്ഞാലിക്കുട്ടി മുസ്ലിയാര്‍ സ്വദേശമായ കോഴിക്കോട് നിന്നും വിവാഹാനന്തരം ഭാര്യാദേശമായ ചാലിയത്തേക്ക് താമസം മാറ്റി താമസമുറച്ചു. പൂതാറമ്പത്ത് എന്ന പ്രദേശത്ത് വീട് നിര്‍മ്മിച്ചു.
തികഞ്ഞ പണ്ഡിതനും സൂഫീജ്ഞാനിയുമായിരുന്ന പിതാവില്‍ നിന്നാണ് ശാലിയാത്തി പ്രാഥമിക വിദ്യ നുകര്‍ന്നത്. ഖുര്‍ആനും അനുബന്ധ വിജ്ഞാനങ്ങളും അവിടെ വെച്ച് തന്നെ പഠിച്ചു. ഭക്തയും സദ്വൃത്തയുമായ മാതാവ് ആത്മീയശിക്ഷണം നല്‍കുന്നതില്‍ ചെറുപ്രായത്തിലേ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. പ്രാഥമിക പാഠശാല ഒരു കുട്ടിയില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ലല്ലോ. മഹാന്‍റെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും നിഴലിച്ചു നിന്നിരുന്നു. വീട്ടിലെ പ്രാഥമിക പഠനത്തിന് ശേഷം വിശ്രുത പണ്ഡിതനും ആദ്ധ്യാത്മിക നായകനും ഖിലാഫത്ത് സമരങ്ങളുടെ മുന്നണിപോരാളിയുമായിരുന്ന ആലി മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. മിക്ക അടിസ്ഥാനഗ്രന്ഥങ്ങളും അവിടെ വെച്ച് ഓതിയെടുത്തു. പിന്നീട് വൈജ്ഞാനിക വിപ്ലവത്തിന് നടുനായകത്വം വഹിച്ച പ്രസിദ്ധ പണ്ഡിതന്‍ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ ശിഷ്യത്വം സ്വീകരിച്ചു. പ്രധാന ഫന്നുകളും(വിജ്ഞാനശാഖകള്‍) കിതാബുകളും ഗഹനമായി പഠിച്ചതിനു ശേഷം മദ്രാസില്‍ പ്രസിദ്ധ സൂഫീ പണ്ഡിതന്‍ ശംസുല്‍ ഉലമാ മൗലാനാ മുഫ്തി മഹ്മൂദിയുടെ പ്രസിദ്ധമായ പാഠശാലയില്‍ ചേര്‍ന്നു. സില്‍സിലത്തുല്‍ ഫഖ്രിയ്യ എന്ന് നാമകരണം ചെയ്ത വിഖ്യാത പാഠ്യപദ്ധതിയാണ് അവിടെ പഠിപ്പിച്ചിരുന്നത്. അഖാഇദ്, അറൂള്, ഖവാഫി, മന്‍ത്വിഖ്, തസ്വവ്വുഫ്, ബയാന്‍, മആനീ, ബദീഅ്, ഹദീസ്, ഇല്‍മുല്‍ ഫലഖ് തുടങ്ങി വിവിധ വിജ്ഞാനശാഖകളില്‍ അഗ്രേസ്ത്യനായി.
പിതാവിന്‍റെ നിര്‍ദ്ദേശപ്രകാരം വേലൂര്‍ ലത്ത്വീഫിയ്യയില്‍ ചേര്‍ന്നു അവിടെ പഠനം പൂര്‍ത്തിയാക്കുന്നതിന് മൂന്നു വര്‍ഷം മുമ്പ് തന്നെ ദാറുല്‍ ഇഫ്താഅ് എന്ന ഫത്വാ ബോര്‍ഡില്‍ അംഗമാവുകയും ചില കിതാബുകള്‍ ദര്‍സ് നടത്തുവാനുള്ള സൗഭാഗ്യം ലഭിക്കുകയും ചെയ്തു. ഹാഫിള് സയ്യിദ് മുഹ്യുദ്ദീന്‍ അബ്ദുല്ല ലത്വീഫുല്‍ ഖാദിരി, മൗലാനാ മുഹമ്മദ് മുഹ്യുദ്ദീന്‍ ഹുസൈനുല്‍ ഖാദിരി, ശൈഖ് മുഹമ്മദ് അബ്ദുല്‍ അസീസ് ഹസ്റത്ത് എന്നിവരായിരുന്നു അവിടത്തെ പ്രധാന ഗുരുവര്യന്മാര്‍.
ലത്വീഫിയ്യയിലെ പഠനത്തിനു ശേഷം തമിഴ്നാട് തിരുനെല്‍വേലിക്കടുത്ത് പേട്ട പ്രദേശത്തെ രിയാളുല്‍ ജിനാന്‍ എന്ന സ്ഥാപനത്തില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ടിച്ചു. ഉസ്താദുമാരുടെയും സ്ഥാപനമേലാധികാരികളുടെയും ക്ഷണപ്രകാരം ലത്വീഫിയ്യയ്യില്‍ മുദര്‍രിസായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് പ്രിന്‍സിപ്പള്‍ പദവി അലങ്കരിക്കുകയും ചെയ്തു. പ്രഥമ ഗുരുനാഥന്‍ ആലി മുസ്ലിയാര്‍ ഹജ്ജിനു പോയ ഒഴിവില്‍ തിരൂരങ്ങാടിയിലെ ദര്‍സ് ഏറ്റെടുത്ത് നടത്തുകയും ശേഷം കൊടിയത്തൂര്‍ ജുമുഅത്ത് പള്ളിയില്‍ സേവനം നടത്തുകയും ചെയ്തു. പിന്നീട് ലത്വീഫിയ്യയിലേക്ക് തന്നെ മടങ്ങി വന്ന് സേവനം തുടര്‍ന്നുവെങ്കിലും വൈകാതെ നാഗൂരിലേക്ക് മാറുകയും അവിടെ ബദൂക്കലില്‍ ദര്‍സ് നടത്തി. വൈജ്ഞാനിക രംഗത്ത് ധന്യമായ സേവനം നടത്തി. ബദൂക്കലില്‍ വെച്ച് പ്രമേഹരോഗം ബാധിച്ചു. അനാരോഗ്യം മൂലം അദ്ധ്യാപനം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചു. ശിഷ്ടകാലം വീട്ടില്‍ ഗ്രന്ഥപാരായണത്തിലും രചനയിലുമായി വിശ്രമജീവിതം നയിച്ചു.
അഗാധപാണ്ഡിത്യം, ഉന്നതരചനാവൈഭവം, തീക്ഷണമായ നിരീക്ഷണപാടവം, ബുദ്ധികൂര്‍മ്മത, സൗമ്യശീലം, വിനയം, സൂക്ഷമത, തുടങ്ങിയ സദ്ഗുണങ്ങള്‍ അവിടത്തെ വ്യതിരിക്തമാക്കി. ആരെയും ആകര്‍ഷിക്കുന്ന പ്രകൃതവും ഗാംഭീര്യമുറ്റിനില്‍ക്കുന്ന മുഖഭാവവും മഹാന്‍റെ പ്രത്യേകതയായിരുന്നു. വിജ്ഞാനത്തിന്‍റെ സര്‍വ്വതലങ്ങളും കീഴടക്കിയപ്പോഴും ഐഹികലോകത്ത് സമ്പത്തും പ്രതാപവും തിരസ്കരിച്ച് ധന്യമായ ജീവിതം നയിച്ചവരായിരുന്നു അഹ്മദ് കോയ ശാലിയാത്തി. നാലു മദ്ഹബുകളിലും ഫത്വ കൊടുക്കുവാന്‍ യോഗ്യനായ മഹാനെ ഹൈദരാബാിലെ നൈസാം രാജാവ് കൊട്ടാരമുഫ്തിയായി നിയമിച്ചു. ഹിജ്റ 1235യിലായിരുന്നു ഇത്. മഹാന്‍റെ വൈജ്ഞാനിക പ്രാഗത്ഭ്യം രാജാവിനെ തൃപ്തിപ്പെടുത്തുകയും അന്നത്തെ നൂറു രൂപ ശമ്പളമായി നിശ്ചയിക്കുകയും ചെയ്തിരുന്നു.
തികഞ്ഞ പണ്ഡിതന്‍ എന്നതിലുപരി ആദ്ധ്യാത്മിക ലോകത്ത് പരിലസിച്ച അനുപമ വ്യക്തിത്വമായിരുന്നു മഹാന്‍. അസംഖ്യം ത്വരീഖത്തുകളുടെ ഇജാസത്തും ആത്മീയ ഗുരുക്കന്മാരുടെ ശിക്ഷണവും അവിടുത്തെ വ്യക്തിപ്രഭാവം വര്‍ധിപ്പിച്ചു. പ്രമുഖപണ്ഡിതനും മക്ക മുഫ്തിയുമായിരുന്ന ശൈഖ് മുഹമ്മദ് ഹസ്ബുല്ലാഹിയില്‍ നിന്നും ഖാദിരിയ്യ ത്വരീഖത്തിന്‍റെ ഇജാസത്തും ശൈഖ് ശാഹ് റഹ്മത്തുല്ലാഹിയില്‍ നിന്നും ഖാദിരി നാഗൂരി, മൗലാന മുഫ്തി മഹ്മൂദി മദ്രാസി, പിതാവ് കുഞ്ഞാലിക്കുട്ടി മുസ്ലിയാര്‍ അടക്കമുള്ള ആത്മീയ പണ്ഡിതരില്‍ നിന്ന് നിരവധി ഇജാസത്തുകള്‍ സ്വീകരിച്ചിട്ടുണ്ട്.
പഠനശേഷം ചാലിയത്തു നിന്ന് വിവാഹം കഴിഞ്ഞ് ദാന്ത്യജീവിതം ആരംഭിച്ചുവെങ്കിലും അധികം നീണ്ടുനിന്നില്ല. അസുഖബാധിതയായി പ്രിയപത്നി മണ്‍മറഞ്ഞു. തുടര്‍ന്ന് പിതൃവ്യന്‍ അബ്ദുല്ല കുട്ടി മുസ്ലിയാരുടെ മകള്‍ ഫാത്തിമ എന്നവരെ വിവാഹം ചെയ്തു. ഈ ദാമ്പത്യവല്ലരിയില്‍ മഹ്മൂദ്, അബ്ദുല്‍ ഖാദിര്‍ എന്നീ രണ്ട് ആണ്‍മക്കള്‍ പിറന്നു. എന്നാല്‍ ഈ ബന്ധവും അധികം നീണ്ടുനിന്നില്ല. ചില കാരണങ്ങളാല്‍ ഈ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് പ്രസിദ്ധ പണ്ഡിതനും ഭക്തനുമായിരുന്ന നാദാപുരം മെനക്കോത്ത് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ പുത്രി കുഞ്ഞാമിനയുടെ മകള്‍ മര്‍യം എന്നവരെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ സന്താനസൗഭാഗ്യം ഉണ്ടായില്ല.
ഏകാന്തമായി നാഥന് ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കാന്‍ മതിയായ സമയം നീക്കിവെച്ചുള്ള ജീവിതമായിരുന്നു മഹാന്‍റേത്. മുഴുസമയവും ഉപകാരപ്രദമായ ജോലികളില്‍ വ്യാപൃതനാവുകുന്നതില്‍ വ്യഗ്രത പുലര്‍ത്തുകയും ഒഴിഞ്ഞിരിക്കുന്നതില്‍ അസംതൃപ്തനുമായിരുന്നു. സമയത്തെ കൃത്യമായി ആരാധനകള്‍ക്കും രചനകള്‍ക്കും സാമൂഹികപ്രവര്‍ത്തനത്തിനും നീക്കിവെക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
രചനാലോകം
ശാലിയാത്തിയുടെ രചനാശൈലിയും സാഹിത്യഭംഗിയും അത്ഭുതാവഹമായിരുന്നു. നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ മഹാന്‍റെ തൂലികയില്‍ വിരജിതമായിട്ടുണ്ട്.. ഇരുപതിലധികം ഗ്രന്ഥങ്ങള്‍ രാജ്യത്തിന്‍റെ പുറത്ത് നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി നടന്നു വരുന്ന മഹ്ളറത്തുല്‍ ബദ്രിയ്യയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ബദ്ര്‍ ബൈത്ത് മഹാന്‍റെ രചനയില്‍ നിന്നെടുത്തതാണ്. ഖൈറത്തുല്‍ അദില്ലത് ഫീ അദിയ്യി ഇസ്തിഖ്ബാലുല്‍ ഖിബ്ല, തഹ്ഖീഖുല്‍ മഖാല്‍ ഫീ മബ്ഹസില്‍ ഇസ്തിഖ്ബാല്‍, കശ്ഫു സ്സ്വാദിര്‍, തഫ്തീഹുല്‍ മുഖ്ലഖ് ഫീ ശറഹി തസ്വരീഹുല്‍ മന്‍ത്വിഖ്, അല്‍ ഹവാഇദുദ്ദീനിയ്യയടക്കം അമ്പതോളം രചനകള്‍ പ്രസിദ്ധപ്പടുത്തിയിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെടാത്തവ അതിലും കൂടുതലാണ്. ആധുനിക പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന നിരവധി ഫത്വകള്‍ ഉള്‍ക്കൊള്ളിച്ച ഫത്വാ സമാഹാരം മഹാന്‍റെ മാസ്റ്റര്‍ പീസ് കൃതിയാണ്.
സംഘടനാരംഗം
ബിദ്അത്തുകാര്‍ക്കെതിരെ അവസോരിചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ച പണ്ഡിതജ്യോതിസ്സുകളില്‍ സമുന്നതനായിരുന്നു ശൈഖ് ശാലിയാത്തി(റ). ബിദ്അത്ത് ചിന്തകള്‍ക്കെതിരെ പണ്ഡിതര്‍ സംഘടിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ അനിവാര്യത മനസ്സിലാക്കി ഗോഥയിലിറങ്ങുകയും അതിന്ന് വേണ്ടി പ്രയത്നിക്കുകയും ചെയ്തു. സ്ഥാപിതകാലം മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അജയ്യ നായകനായിരുന്നു മഹാന്‍. ബിദ്അത്തുകാരുടെയും മതനവീകരണവാദികളുടെയും പേടിസ്വപ്നമായിരുന്ന മഹാന്‍റെ വാക്കുകള്‍ക്ക് മുന്നില്‍ അവര്‍ പത്തി മടക്കി.
വഫാത്ത്
ഗ്രന്ഥപാരായണത്തിനും സംശയനിവാരണത്തിനും വിവിധ ദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസഭക്ഷണ സൗകര്യങ്ങളൊരുക്കുന്നതിന് പ്രത്യേക സംവിധാനം അവിടെ നിലനില്‍ക്കുന്നുണ്ട്. സൂഫീ പണ്ഡിതനും ഖാദിരിയ്യ ത്വരീഖത്തിന്‍റെ ശൈഖുമായിരുന്ന ശാലിയാത്തി ഹിജ്റ വര്‍ഷം 1374 മുഹറം 27നാണ് ഇഹലോകവാസം വെടിഞ്ഞത്. ഏകാന്തമായ ഇബാദത്തിനും രചനകള്‍ക്കും പഠനഗവേഷണങ്ങള്‍ക്കുമായ് സൗകര്യപ്രദമായ ഒരു പള്ളി വീടിനു സമീപം നിര്‍മ്മിച്ചിരുന്നു മഹാന്‍. പള്ളിയോടനുബന്ധിച്ച് അമൂല്യഗ്രന്ഥങ്ങളുടെ കലവറയൊരുക്കിയാണ് വിജ്ഞാനദാഹികള്‍ക്ക് ജ്ഞാനശമനം നല്‍കുന്നത്. അനേകം ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത്പ്രതികളും അപൂര്‍വ്വം രചനകള്‍ കൊണ്ടും സമ്പന്നമായ ഈ ഗ്രന്ഥശേഖരണശാല ആയിരങ്ങളുടെ ആശ്രയമായി വര്‍ത്തിച്ചു.

ഇസ്മാഈല്‍ മുണ്ടക്കുളം

Write a comment