Posted on

ആവിഷ്കാര സ്വാതന്ത്ര്യത്തിനേറ്റ മുറിവുകള്‍

 

അയല്‍രാജ്യമായ ബംഗ്ലാദേശില്‍ മതവിമര്‍ശനം നടത്തിയ 6 പേര്‍ കൊല്ലപ്പെടുകയും പലരും കൊലക്കത്തി ഭയന്ന് ഒളിവില്‍ കഴിയുകയും ചെയ്തപ്പോള്‍ മതഭീകരതയൊക്കെ അങ്ങ് ബംഗ്ലാദേശിലാണെന്ന് പറഞ്ഞ് ആശ്വാസം കൊണ്ടവരായിരുന്നു ഇന്ത്യക്കാര്‍. എന്നാല്‍ ഇന്ന് ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിലേക്ക് നടന്നെത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് സമയ ദൈര്‍ഘ്യം വേണ്ടിവന്നില്ല.
നമ്മുടെ രാജ്യം ഒരുപാട് മാറിയിരിക്കുന്നു. മനുഷ്യരേക്കാള്‍ പശുവിനെ സ്നേഹിക്കുന്നവര്‍ പെരുകുന്നു. വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി നടതള്ളുന്നവര്‍ ഗോമാതാവിന് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തയ്യാറാകുന്നു. ജനാധിപത്യ ബോധത്തിനും സഹിഷ്ണുതക്കും പേരുകേട്ട ഈ രാജ്യം അധ:പതിക്കുമ്പോള്‍ കുറ്റക്കാരായി മുന്നില്‍ നില്‍ക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയാണ്.
സ്വാതന്ത്രമായി 70 വര്‍ഷം പിന്നിട്ടിട്ടും സ്വാതന്ത്ര്യത്തിന്‍റെ യഥാര്‍ത്ഥ ആശയത്തിലേക്ക് എത്തിച്ചേരാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ ‘നാനാത്വത്തില്‍ ഏകത്വം’ എന്നതില്‍ നിന്ന് നമ്മളെവിടെയോ എത്തിയിരിക്കുന്നു. നിസ്സാരമായ പ്രതിഷേധങ്ങള്‍ പോലും കൊലപാതകത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ത്യന്‍ ‘ജനാധിപത്യ’ത്തില്‍ നിലനില്‍ക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണഘടനയുടെ നിലനില്‍പ്പിന് തന്നെ പ്രസക്തിയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയുള്ള സാഹചര്യമാണ് ഇവിടെ.
ഭരണഘടനയും ആവിഷ്കാര സ്വാതന്ത്ര്യവും
ഒരു രാഷ്ട്രത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആധികാരിക പ്രമാണമാണ് ഭരണഘടന. ചുരുക്കത്തില്‍ ഗവണ്‍മെന്‍റ് പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന ആധാരമാക്കിയാവണം. 1950 ജനുവരി 26ന് നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനയാണ് ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടന. ഇന്ത്യയില്‍ നിയമങ്ങള്‍ നിര്‍മിക്കാനും നടപ്പിലാക്കാനും വ്യാഖ്യാനിക്കാനുമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ആര്‍ക്കെല്ലാമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്.
ഭരണഘടനയില്‍ 19 മുതല്‍ 22 വരെയുള്ള വകുപ്പുകള്‍ സ്വാതന്ത്യത്തിനുള്ള അവകാശം ഉറപ്പ് നല്‍കുന്നു. ഇതില്‍ 19-ാം വകുപ്പാണ് ഏറ്റവും പ്രധാനപ്പെട്ടത്. അത് എല്ലാ പൗരന്മാര്‍ക്കും 6 മൗലികസ്വാതന്ത്ര്യങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും ആവിഷ്കാര സ്വാതന്ത്യവും.
ജനാധിപത്യ വ്യവസ്ഥയില്‍ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും സുപ്രധാനമായ അവകാശങ്ങളാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാര സ്വാതന്ത്യത്തിനുമുള്ള അവകാശങ്ങള്‍. സ്വാഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനുളള അവകാശം പൗരനമാര്‍ക്കില്ലെങ്കില്‍ ജനാധിപത്യത്തിന്‍റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും.എന്നാല്‍ ഈ സ്വാതന്ത്ര്യം അനിയന്ത്രിതമല്ല, ഇത് ഗവണ്‍മെന്‍റിന്‍റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ക്രമസമാധാന നില തകരാറിലാകുന്ന, രാഷ്ട്രത്തിന്‍റെ സുരക്ഷിതത്വത്തിന് കോട്ടം തട്ടുന്ന, വിദേശരാഷ്ട്രങ്ങളുമായുള്ള സൗഹൃദം നഷ്ടപ്പെടുന്ന, അക്രമണത്തിന് പ്രേരണ നല്‍കുന്ന, മാനഹാനിയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗിക്കുകയും ആശയപ്രകടനങ്ങള്‍ ഭരണഘടന പ്രദാനം ചെയ്യുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ വരുന്നതല്ല. മറിച്ച് രചനാത്മകമായി തങ്ങളുടെ ആശയങ്ങള്‍ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രകാശിപ്പിക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനക്കപ്പെടുന്ന സാഹചര്യത്തെ ഭീകരമെന്നേ വിലയിരുത്താനൊക്കൂ. ജനാധിപത്യ വ്യവസ്ഥിതിയില്‍ പൗരന് ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കല്‍ കത്തി വെച്ചാണ് എഴുത്തുകാരെ നിശബ്ദരാക്കാനും അവരുടെ ആവിഷ്കാരങ്ങളെ ആയുധം കാണിച്ച് തോല്‍പ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഫാസിസത്തിന്‍റെ ഭാഗത്ത് നന്നുണ്ടാകുന്നത്. ചിന്തകനായ ഉംബര്‍ട്ടോ എക്കോ നിരീക്ഷിക്കുന്ന ഫാസിസത്തിന്‍റെ പതിനാല് സ്വഭാവവിശേഷങ്ങളില്‍ പെട്ട വിയോജിപ്പുകളോടുള്ള ഭയം ഇന്ത്യയിലെ ഫാസിസറ്റുകളില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്. വിയോജിപ്പുകളെ ഉള്‍ക്കൊള്ളുന്ന സംവാദാത്മക ജനാധിപത്യവ്യവസ്ഥിതികളില്‍ നിന്ന് ബഹുദൂരം വഴിമാറി വിയോജിപ്പുകളെ വെടിയുണ്ടകളെ കൊണ്ട് ഇല്ലാതാക്കാനാണ് ഫാസിസ്റ്റ് ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആ വെടുയുണ്ടകളാണ് ലങ്കേഷ് പത്രികയുടെ പത്രാധിപ ഗൗരി ലങ്കേഷിനെയും തേടിയെത്തിയത്.
ഇന്ത്യയിലെ ഭീഭത്സകരമായ സാഹചര്യങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. പാരിസ് ആസ്ഥാനമായി ലോക മാധ്യമ സംഘടനയായ റിപ്പോര്‍ട്ടേര്‍സ് സാന്‍സ് ഫ്രോന്‍ഷ്യേര്‍സ്(123) പുറത്തിറക്കിയ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഏഷ്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഭീതിയോടെ ജീവിക്കുന്നത് ഇന്ത്യയിലാണ് എന്ന പ്രസ്താവന ഭയപ്പെടുത്തുന്നതാണ്. 1992 മുതല്‍ 67 മാധ്യമപ്രവര്‍ത്തരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇവിടെ ഒരു കാര്യം വ്യക്തമാണ് ഭരണകൂടത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ കൃത്യമായി ഫോക്കസ് ചെയ്ത് വേട്ടായടിക്കൊണ്ടിരിക്കുന്നു.
ഭരണകൂടഫാസിസത്തിന്‍റെ ഇരകള്‍
സ്വാതന്ത്ര്യസമരകാലത്തെ രക്തസാക്ഷികളെ ഓര്‍മിപ്പിക്കും വിധത്തിലാണ് ഓരോ ബുദ്ധിജീവികളും വര്‍ത്തമാനഭാരതത്തില്‍ കൊല്ലപ്പെടുന്നത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഡോക്ടര്‍ നരേന്ദ്ര ധാബോല്‍ക്കറായിരുന്നു ആദ്യത്തെ ഇര. അദ്ധേഹം നടത്തിയ സമ്മേളനങ്ങളും, ചര്‍ച്ചകളും തടസ്സപ്പെടുത്തുകയും വീട് ആക്രമിക്കുകയും ഒടുവില്‍ ഒരു പ്രഭാതസവാരിക്കിടയില്‍ വെടിയുണ്ടകള്‍ ഏല്‍പ്പിച്ച് അദ്ദേഹത്തെ നിശബ്ദനാക്കുകയായിരുന്നു.
നാഥൂറാം ഗോഡ്സെയെ മഹത്വവത്കരിക്കുന്ന, കാവിഭീകരരെ എതിര്‍ത്ത ഗോവിന്ദ് പന്‍സാരെയായിരുന്നു അടുത്ത ലക്ഷ്യം. ശിവാജിയെ ഹിന്ദുവിന്‍റെ പ്രതീകമാക്കാനുള്ള കാവിഭടന്‍മാരുടെ ശ്രമങ്ങള്‍ക്ക് ‘ആരാണ് ശിവാജി’ എന്ന പുസ്തകത്തിലൂടെ വ്യക്തമായി അദ്ധേഹം മറുപടി നല്‍കിയിരുന്നു. അങ്ങനെ ശിവാജിയുടെ യഥാര്‍ത്ഥ മതേതരബോധത്തെ കുറിച്ചെഴുതിയ പാര്‍ട്ടിപ്രവര്‍ത്തകനും യുക്തിവാദിയുമായിരുന്ന പന്‍സാരെ 2015 ഫെബ്രുവരി 20ന് ഒരു പ്രഭാത സവാരിക്കിടെ വെടിയുണ്ടക്കിരയാവുകയായിരുന്നു.
വിഗ്രഹാരാധനയെ വിമര്‍ശിച്ചതിനാണ് കന്നട എഴുത്തുകാരനായ കല്‍ഭുര്‍ഗി കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥികളെന്ന് പറഞ്ഞ് വന്ന ചില ആളുകള്‍ അദ്ധേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതേ കര്‍ണാടകയിലാണ് ലങ്കേഷ് പത്രികയുടെ പത്രാധിപയായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ‘പരസ്പരം നടക്കുന്ന പ്രശ്നങ്ങളില്‍ നിങ്ങള്‍ എന്തിനാണ് ഇടപെടുന്നത്, യഥാര്‍ത്ഥ പ്രശ്നക്കാരെ നമുക്കെല്ലാവര്‍ക്കുമറിയാം അതില്‍ ഫോക്കസ് ചെയ്യുക’ എന്നായിരുന്നു ഗൗരിയുടെ അവസാനവാക്കുകള്‍. അങ്ങനെ ആ യഥാര്‍ത്ഥ പ്രശ്നക്കാരിലൂടെ അവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതും ഒരു പ്രഭാത സമയത്തായിരുന്നു. ആഖജ നേതാവും കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രിയുമായിരുന്ന യെദ്യൂരിപ്പയടക്കമുള്ളവരുടെ അഴിമതിക്കഥകള്‍ വെളിച്ചത്ത് കൊണ്ടുവന്നത് മുതല്‍ ഗൗരി ലങ്കേഷ് ഫാസിസത്തിന്‍റെ കണ്ണിലെ കരടായി മാറിയിരുന്നു. ഇതിനു പുറമെ ധാരാളം എഴുത്തുകാരെ ഭീഷണിപ്പെടുത്തി നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളും നിര്‍ബാധം തുടരുന്നുണ്ട്.
വാക്കുകള്‍ തോക്കുകളേക്കാള്‍ തീവ്രവാണെന്ന് തെളിയിച്ചവരാണ് ഇന്ത്യന്‍ എഴുത്തുകാര്‍. ഇവര്‍ക്ക് ഒരു എഴുത്തില്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കുന്നത് പോലും മരണതുല്ല്യമാണ്. യാഥാര്‍ത്യങ്ങള്‍ക്കെതിരെ ആരെങ്കിലും കൈ ചലിപ്പിച്ചാല്‍ ജീവന്‍ ബാക്കിയാവില്ല എന്ന് പറയാതെ പറയുന്ന ഫാസിസം എല്ലാ എഴുത്തുകാരും തങ്ങള്‍ക്ക് ഓശാന പാടണമെന്ന ധാര്‍ഷ്ട്യമാണ് പ്രകടിപ്പിക്കുന്നത്.
തമിഴ് എഴുത്തുകാരനായപെരുമാള്‍ മുരുകന്‍ എഴുത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത് ഫാസിസത്തോട് സമരസപ്പെടാന്‍ തയ്യാറാവാത്തത് കൊണ്ടാണ്. തമിഴ്നാട് നാമക്കലിലെ തിരുച്ചെങ്കോട് അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന ആചാരത്തെ പറ്റിയുള്ള യാഥാര്‍ത്ഥ്യങ്ങള്‍ സമൂഹത്തിന് മുമ്പില്‍ തുറന്നു കാണിച്ച അദ്ധേഹത്തിനെ ജീവനെടുത്തില്ല എങ്കിലും എന്നെന്നേക്കുമായി കൊന്നുകളഞ്ഞു.
ജ്ഞാനപീഠ ജേതാവായ അനന്തമൂര്‍്ത്തിയായിരുന്നു മറ്റൊരു ഇര. ബ്രാഹ്മണര്‍ പശുവിറച്ചി കഴിക്കുന്നവരായിരുന്നു എന്ന് ്അദ്ദേഹം എഴുതുകയുണ്ടായി. മഹാഭാരത്തില്‍ നിന്നും ഇതിന് ഉപോല്‍പലകമായ തെളിവുള്‍ ഉദ്ധരിക്കുകയും ചെയ്തു. കടുത്ത വാക്കുകളിലുള്ള ഭീഷണിയായിരുന്നു ഫലം.
കര്‍ണ്ണാടകയിലെ പ്രശസ്ത എഴുത്തുകാരനായ കെ എസ് ഭഗവാനും, ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച കന്നട സിനിമയിലെ തിരക്കഥാകൃത്തായ ചേതന തീര്‍ത്ഥഹള്ളിയും ഭീഷണിക്കിരയായവരില്‍ പെടുന്നു. കര്‍ണ്ണാടകയിലെ ദാവന്‍ഗരെയില്‍ ദളിത് യുവാവ് ഹുച്ചങ്കി പ്രസാദിനെ തട്ടിക്കൊണ്ട് പോയി കൈവിരല്‍ മുറിക്കുമെന്ന് പറഞ്ഞത് അദ്ധേഹത്തിന്‍റെ രചനകള്‍ ഹിന്ദുവിരുദ്ധമാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു..
ഒരു കാര്യം വ്യക്തമാണ്. അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരു പോലെയാണ്. പക്ഷേ അത് യഥാര്‍ത്ഥ പ്രശ്നക്കാര്‍ക്ക് നേരെയാവുമ്പോഴാണ് വിലക്കപ്പെടുന്നത്. ഈ സാഹചര്യം നിലനില്‍ക്കുന്ന കാലത്തോളം സ്വാതന്ത്ര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഭരണഘടന ഒരു ജലരേഖയായി അപ്രസക്തമാകുമെന്നത് തീര്‍ച്ച.
ഫാസിസത്തിന്‍റെ കാടത്ത സമീപനങ്ങള്‍ക്കെതിരെ ശ്രദ്ധേയമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. പല എഴുത്തുകാരും തങ്ങള്‍ക്ക് കിട്ടിയ അംഗീകാരങ്ങള്‍ തിരിച്ചു നല്‍കി വേറിട്ട പ്രതിഷേധസ്വരമുയര്‍ത്തിയത് ലോകശ്രദ്ധയാകര്‍ഷിച്ചു.
നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്നു എന്ന് പറഞ്ഞ് 41 സാഹിത്യകാരന്‍മാരാണ് അവാര്‍ഡ് തിരിച്ചു നല്‍കിയത്. യഥാസമയം 11 സിനിമാ പ്രവര്‍ത്തകരും തങ്ങളുടെ അവാര്‍ഡുകള്‍ വേണ്ടെന്ന് വെച്ചു. ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും ലഭിക്കുന്ന അംഗീകാരങ്ങള്‍ അവരുടെ ജീവിതത്തെ മലിനമാക്കും എന്ന തിരിച്ചറിവായിരിക്കാം അവരെ അത്തരത്തിലുള്ള തീരുമാനങ്ങളിലേക്ക് നയിച്ചത്.
പത്മഭൂഷന്‍ തിരികെ നല്‍കിയ ഡോക്ടര്‍ പുഷ്പ മിത്ര ഭാര്‍ഗവയാണ് അവരില്‍ ശ്രദ്ധേയനായത്. തന്‍റെ ജീവതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്ല്യമാണ് പത്മഭൂഷന്‍ എന്ന് പറഞ്ഞവരായിരുന്നു മിത്ര ഭാര്‍ഗവ. പത്മഭൂഷന്‍ അവാര്‍ഡിന് നാമകരണം ചെയ്യപ്പെട്ട അഷോക് സെനും വി ബലറാമും ബഹൂമതി വേണ്ടെന്ന നിലപാട് സ്വീകരിച്ച പ്രമുഖരാണ്. എഴുത്തുകാരന്‍ സേതു അടക്കമുള്ളവര്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചായിരുന്നു പ്രതിഷേധം രേഖപ്പെടുത്തിയത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങ് തടിയാവുന്ന യാതൊരു സംഭവവും കേരളത്തില്‍ നടന്നിട്ടില്ലല്ലോ എന്ന ആശ്വാസം കൊള്ളലിന് അര്‍ത്ഥമില്ല.
റിയാസ് മൗലവിയും കൊടിഞ്ഞിയിലെ ഫൈസലും കൊല്ലപ്പെട്ടത് എഴുത്തുകാരായിട്ടല്ലല്ലോ എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ എം ടി വാസുദേവന്‍ നായര്‍ക്കെതിരെ നടന്ന കറുത്ത നീക്കങ്ങളെ കുറിച്ചറിയുന്നത് നന്നായിരിക്കും.
ജനങ്ങളെ ആശയക്കുഴപ്പത്തിലെത്തിച്ച് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ’ ന്യൂസ് ചാനലുകളെയാണ് കൂടുതല്‍ ഭയക്കേണ്ടത്. ആഗോള ചാനലുകളായ ബി ബി സിയും അല്‍ജസീറയും ഗൗരി ലങ്കേഷിന്‍റെ വധത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമയത്ത് കേരളത്തിലെ ചാനലുകള്‍ക്ക് ഇത് വാര്‍ത്തയേ ആയിരുന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്താനുള്ള ഹീനശ്രമങ്ങളോട് ഒട്ടും സമരസപ്പെടാന്‍ നമുക്കാവില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ കൂടുതല്‍ മൂര്‍ച്ചയേറിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരേണ്ടത് അനിവാര്യമാണ്. ഭരണകൂടഫാസിസത്തെ പരോക്ഷമായി പിന്തുണക്കുന്ന നീതിന്യായ കോടതികള്‍ ഈ മൗനം ഉപേക്ഷിച്ചേ മതിയാകൂ. നാം നിശബ്ദരായാല്‍ ഫാസിസത്തിന്‍റെ കറുത്ത കരങ്ങള്‍ക്ക് ശക്തി വര്‍ദ്ധിക്കുകയേയുള്ളൂ എന്ന സത്യം നാം തിരിച്ചറിയണം. അവരുടെ വെടിയുണ്ടകള്‍ സമാധാനമാഗ്രഹിക്കുന്ന നമ്മെ തേടിയെത്തുന്ന കാലം വിദൂരമല്ലെന്ന യാഥാര്‍ത്ഥ്യം നമ്മെ അസ്വസ്ഥരാക്കേണ്ടതുണ്ട്.

സന്‍ഫീര്‍ മാമാങ്കര

Write a comment