Posted on

റോഹിംഗ്യ; ഇടനെഞ്ച് വേദനിക്കുന്നില്ലേ?

 

ശത്രുക്കളുടെ പീഢനങ്ങള്‍ അസഹ്യമായപ്പോള്‍ ഖബ്ബാബ് ബ്നു അറത്ത്(റ) മുത്ത്നബിയോട് വേവലാതിപ്പെടുന്നുണ്ട്. തിരുഹബീബരെ അങ്ങ് ഞങ്ങളെ സഹായിക്കില്ലേ..ഞങ്ങളുടെ രക്ഷക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നല്ലേ…നിങ്ങളുടെ പൂര്‍വ്വീകര്‍ വിശ്വസിച്ചതിന്‍റെ പേരില്‍ സഹിച്ച ത്യാഗങ്ങള്‍ എത്രയാണ് ശരീരം വാളുകളെ കൊണ്ട് വെട്ടിനുറുക്കുകയും ഇരുമ്പിനാലുള്ള ചീര്‍പ്പുകളെ കൊണ്ട് മാംസങ്ങളുടെ എല്ലുകളും വേര്‍പ്പെടുത്തുമാറ് പീഢനങ്ങല്‍ ഏല്‍പ്പിച്ചപ്പോഴൊന്നും ഏകദൈവവിശ്വാസത്തില്‍ നിന്ന് അണു വിട തെറ്റാന്‍ അവര്‍ തയ്യാറായിരുന്നില്ല. പൂര്‍വ്വികരുടെ ഉള്ളുറച്ച വിശ്വാസം പ്രവാചകപുംഗവര്‍ അനുയായിയെ തര്യപ്പെടുത്തിയ ചരിത്രം വേദനിക്കുന്ന ഹൃദയത്തോടെ, കലങ്ങിയ കണ്ണുകളോടെ വായിച്ചത് വീണ്ടും ഓര്‍മ്മിക്കാന്‍ ചില കാരണങ്ങളുണ്ട്. സത്യം ഉള്‍ക്കൊണ്ടതിന്‍റെ പേരില്‍ വിവരാണതീത പീഢനങ്ങള്‍ക്ക് ഇരകളാകേണ്ടി വന്ന റോഹിംഗ്യന്‍ മുസ്ലിംകളുടെ കരളലിയിപ്പിക്കുന്ന കഥനക്കഥകള്‍ പ്രവാചകരുടെ സാന്ത്വനം പകര്‍ന്ന മറുപടി വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. തങ്ങള്‍ക്കറിയാവുന്ന ഇലാഹീ മന്ത്രങ്ങള്‍ ഉച്ചത്തിലുരുവിട്ട് മരണത്തെ സ്വീകരിക്കുന്ന റോഹിംഗ്യന്‍ ജനതയുടെ വിശ്വാസത്തിന്‍റെ കരുത്ത് വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്.
കഠിനപരീക്ഷണങ്ങളിലൂടെയാണ് മുസ്ലിം ലോകം മുന്നോട്ടു നീങ്ങുന്നത്. വേദനയുടെ, യാതനയുടെ, അരക്ഷിതാവസ്ഥയുടെ സമാനതകളില്ലാത്ത പീഢനങ്ങളില്‍ വെന്തുരുകുകയാണ് വിശ്വാസിസമൂഹം. ഈ ലോകം മുഴുക്കെ സര്‍വാധിപത്യത്തോടെ അടക്കിവാഴേണ്ടവര്‍ അന്ത്യമൊരുക്കാന്‍ ആറടിമണ്ണിന് യാചിക്കുന്നതിനെ വിരോധാഭാസം എന്ന് പറഞ്ഞ് ഒഴിയാന്‍ സാധിക്കുന്നതെങ്ങനെയാണ്. കുഞ്ഞു ഐലന്‍ കുര്‍ദിയെ ഓര്‍മ്മയുണ്ടോ? കടല്‍ തീരത്ത് നിഗേഫുഗമിറിനു മുന്നില്‍ മുഖം മണ്ണില്‍ പൂഴ്ത്തി ഈ ലോകത്തിന്‍റെ നെറികേടുകളോട് കലഹിച്ച് സ്വര്‍ഗം പൂകിയ നാല് വയസ്സുകാരന്‍ മുസ്ലിം ലോകത്തിന്‍റെ മരണപ്പിടച്ചിലുകളില്‍ ആനന്ദം കണ്ടെത്തുന്നവരെ പരിഹസിച്ചാണ് കുഞ്ഞു ഐലാന്‍ തൂവെള്ള മാലാഖമാര്‍ക്കൊപ്പം യാത്രയായത്. ആ വേദനിക്കുന്ന ഓര്‍മ്മകളെ കുത്തിനോവിച്ചാണ് നാഥ് നദിക്കരികില്‍ ബുദ്ധക്രൂരതകളുടെ നേര്‍ചിത്രമായി ഒന്നരവയസ്സുകരാന്‍ മുഹമ്മദ് ശുഹൈദ് കണ്ണുകള്‍ ഇറുകിയടച്ച് കിടന്നത്. അല്ല, ഒരായിരം ശുഹൈദുമാരുടെ കരള്‍ പറിക്കുന്ന ചിത്രങ്ങള്‍ നീറുന്ന മനസ്സുകളുടെ വല്ലാതെ നൊമ്പരപ്പെടുത്തിയത്. വിശ്വാസികള്‍ ഒരു ശരീരം കണക്കെ ഒന്നാണെന്നും ഒരു അവയവത്തിന്‍റെ വേദനയില്‍ ഐക്യപ്പെട്ട് ശരീരം മുഴുക്കെ വേദനിക്കും പോലെ മറ്റുവിശ്വാസികളുടെ വേദനയില്‍ നമ്മുടെ ഇടനെഞ്ച് വേദനിക്കണമെന്ന് പഠിപ്പിച്ചത് വിശുദ്ധ ഖുര്‍ആനും ലോക പ്രവാചക ഗുരുവുമാണ്.
മുസ്ലിം രാഷ്ടീയ ചരിത്രത്തിന്‍റെ ദുരന്ത പൂര്‍ണ്ണമായ കഥകളാണ് പഴയ ബര്‍മക്കും തലസ്ഥാനമായ റങ്കൂണിനുമൊക്കെ പറയാനുള്ളത്. പുഷ്കലമായ മുസ്ലിം ജന്മങ്ങള്‍ മരണം കാത്തിരിക്കുകയാണ്. സഅദ് ബ്നു അബീ വഖാസ് (റ) വിലൂടെ സത്യ ദീനിന്‍റെ വെളിച്ചമെത്തിയ ബര്‍മയില്‍ മലനിരകളാല്‍ വേര്‍പ്പെടുത്തപ്പെട്ടതാണ് റോഹിംഗ്യര്‍ അധിവസിക്കുന്ന അരാകന്‍ പ്രദേശം നിലകൊള്ളുന്നത്. 1784 വരെ സ്വതന്ത്ര മുസ്ലിം രാജ്യമായി നിലകൊണ്ട പ്രദേശം, പത്നി സീനത്ത് ബീഗത്തോടൊപ്പം ബ്രിട്ടീഷുകാര്‍ നാടുകടത്തിയ അവസാന മുഗള്‍ ഭരണാധികാരി ബഹദൂര്‍ ഷാസഫറിന്‍ അന്ത്യ വിശ്രമത്തിന് ആറടി മണ്ണ് ദാനം ചെയ്ത് ഭൂമി ഇങ്ങനെ ഒരുപാട് വിശേഷണങ്ങള്‍ പറയാനുള്ള ആ പ്രദേശമോ തീവ്ര ബുദ്ധിസ്റ്റുകളുടെ ക്രൂരമായ ചെയ്തികളാല്‍ ദുരന്ത ഭൂമിയായി പരിണമിച്ചിരിക്കുകയാണ്. 1948 ല്‍ വൈദേശികശക്തികളില്‍ നിന്ന് സ്വതന്ത്രമാവുന്നതോടെയാണ് ആധുനിക മ്യാന്മറിന്‍റെ ചരിത്രം മാറ്റിക്കുറിക്കപ്പെടുന്നത്. 1948 ലെ പൗരത്വ നിയമം തന്നെ പൗരത്വം ലഭിക്കുന്ന 135 അംഗീകൃത വംശീയ വിഭാഗങ്ങളില്‍ നിന്ന് റോഹിംഗ്യന്‍ ജനതയെ മാറ്റിനിര്‍ത്തിയിരുന്നു എന്നിരുന്നാലും ലഭ്യമായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് വഴി വോട്ടവകാശം രേഖപ്പെടുത്താനും ബര്‍മീസ് പാര്‍ലമെന്‍റില്‍ പോലും പ്രാധിനിത്യമറിയിക്കാനും റോഹിംഗ്യന്‍ ജന വിഭാഗത്തിന് സാധിച്ചിരിന്നു. പിന്നീട് 1959 ല്‍ പ്രധാന മന്ത്രിയായിരുന്ന യൂബാന്‍ സീയു അനുവദിച്ചു നല്‍കിയ മറ്റു വംശങ്ങളുടെ തുല്യപരിഗണന 1962 ല്‍ ജനറല്‍ നിവീന്‍ സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതോടെ നിലക്കുകയും റോഹിംഗ്യന്‍ ജനതയെ വിദേശ പൗരന്മാരായി പാടെ മാറ്റിനിര്‍ത്തപ്പെടുകയും ചെയതു. 1982 ലെ പുതിയ പൗരത്വ നിയമം റോഹിംഗ്യന്‍ ജനതയെ പൂര്‍ണമായി രാജ്യമില്ലാ ജനതയായി ഒറ്റപ്പെടുത്തി. അപ്രാപ്യമായ മാനദണ്ഡങ്ങള്‍ പ്രാഥമിക അവകാശങ്ങള്‍ പോലും ലഭ്യമാകുന്ന സംവിധാനങ്ങളില്‍ നിന്ന് അവരെ തടഞ്ഞു. പിന്നീട് മറ്റൊരു പോംവഴി ഇല്ലായിരുന്നു. പിറന്ന നാട് വിട്ട് ജീവന്‍ സംരക്ഷിക്കാന്‍ നെട്ടോട്ടമോടാന്‍ അവര്‍ നിര്‍ബന്ധിതരായി. ഭീകരമായ അക്രമണങ്ങള്‍ അഴിച്ച് വിട്ട് ബുദ്ധസന്യാസികള്‍ ബുദ്ധമതം വിഭാവനം ചെയ്യുന്ന അഹിംസയുടെ സകല സീമകളെയും ലംഘിച്ചു. ബുദ്ധ ഭീകരതയുടെ മുഖമായി പരിചയപ്പെടുത്തപ്പെട്ട വിറാതുവിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ ക്രൂരതകള്‍ വിശേഷിപ്പിക്കാന്‍ കിരാതമെന്ന വാക്ക് തികയാതെ വരുമെന്നത് തീര്‍ച്ച. തന്‍റെ അനുയായിയായെത്തിയ ഒരു സ്ത്രീക്കെതിരെ അതിക്രമമുണ്ടായതില്‍ മനസ്സ് നൊന്ത് കരഞ്ഞ, അഹിംസാ മന്ത്രങ്ങള്‍ മാത്രമുരുവിട്ട ഗൗതമന്‍ ശ്രീബുദ്ധന്‍ അനുയായികളുടെ പുണ്യ പ്രവര്‍ത്തികള്‍ കാണാനുണ്ടായിരുന്നെങ്കില്‍ തലതല്ലി ചാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ബുദ്ധസന്യാസികളെ വൈകാരികമായി ഉണര്‍ത്തി റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരെ തിരിക്കാന്‍ വിറാതു പറഞ്ഞ് തീര്‍ത്ത കല്ലുവെച്ച നുണകള്‍ക്ക് അപാരശക്തിയുണ്ടായിരുന്നു. ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായിരിക്കുന്നു. നിങ്ങളുടെ രക്തം തിളച്ച് മറിയട്ടെ. ഏതൊരു തളര്‍വാതം പിടിച്ചവനെയും ആയുധമേന്തി അപരന്‍റെ തലകൊയ്യാന്‍ പ്രേരിപ്പിക്കുന്ന വാക്കുകളാണിവ.
സമാധാനത്തിന്‍റെ പ്രവാചകയായി വാഴ്ത്തപ്പെട്ട് 1991-ല്‍ സമാധാന നോബേല്‍ സ്വീകരിച്ച് 2010 വരെ നീണ്ട വീട്ടുതടങ്കല്‍ നേരിട്ട ആങ്സാന്‍ സൂചിയുടെ കുറ്റകരമായ മൗനം എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. അരാകന്‍ പ്രദേശത്ത് പ്രശ്നങ്ങളൊന്നുമില്ലെന്നും മാധ്യമങ്ങള്‍ പുറത്തുവിട്ട ധൂളികള്‍ മാത്രമാണ് പ്രശ്നമായി ഉയര്‍ത്തപ്പെട്ടതെന്നും പറഞ്ഞ് കയ്യൊഴിയാന്‍ സമാധാന ദൂതയ്ക്ക് സാധിക്കുന്നതെങ്ങനെയാണ്. സകല വാര്‍ത്താമാധ്യമങ്ങളും വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആകാശ ചിത്രങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗമായി റോഹിംഗ്യന്‍ ജനതയെ വിശേഷിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ വാക്കുകളെ ശരിവെക്കുന്നുണ്ട്. മതത്തിന്‍റെയോ, വംശത്തിന്‍റെയോ, ദേശീയതയുടെയോ, വര്‍ഗത്തിന്‍റെയോ പേരില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നതിനെ വംശഹത്യയായി കണക്കാക്കാമെന്ന ദ കണ്‍വെന്‍ഷന്‍ ഓഫ് ദ പ്രിവന്‍ഷന്‍ ആന്‍ഡ് പണിഷ്മെന്‍റ് ഓഫ് കശനോസൈഡിന്‍റെ നിരീക്ഷണം ഇവിടെ ചേര്‍ത്തുവായിക്കാം. ജനീവയിലെ യു. എന്‍ ഹ്യൂമണ്‍ റൈറ്റ് കൗണ്‍സിലില്‍ ഇടറുന്ന ശബ്ദത്തോടെ മ്യാന്‍മര്‍ വംശഹത്ത്യയെ വേല ലേഃേ യീീസ ലഃമാുഹല ീള ലവേിശര രഹലമിശെിഴ (വംശീയ വിഛേദനത്തിന്‍രെ മികച്ച ഉദാഹരണം) എന്ന് വിശേശിപ്പിച്ച ഐക്യ രാഷ്ട്രസഭയുടെ മനുഷ്യാവകാശ വക്താവ് സൈദ് റആദ് അല്‍ ഹുസൈന്‍ തന്‍റെ വാക്കുകള്‍ക്ക് ഉപോത്കലകമായി വിശദീകരിക്കുന്ന സത്യങ്ങള്‍ നമുക്ക് ഉള്‍കൊള്ളാവുന്നതിലെത്രയോ അപ്പുറമാണ്. സ്ത്രീകളെയും കുട്ടികളെയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയും പ്രദേശം മുഴുവന്‍ അഗ്നിക്കിരയാക്കിയും തുടരുന്ന കൂട്ട നരമോധങ്ങള്‍ക്ക് മൗന യാശിര്‍വാദങ്ങള്‍ നല്‍കിയതിന്‍റെ പേരിലാണ് സമാധാന ദേവതക്ക് നല്‍കിയ ആദരം പിന്‍വലിക്കാന്‍ ഓക്സ്ഫോഡ് സര്‍വലാശാല മുന്നോട്ട് വന്നത്.ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റിലൂടെ പാവനമായ നൊബേല്‍ തിരിച്ചെടുക്കുമെന്ന് അഞ്ച് ലക്ഷത്തോളം വരുന്ന മനസ്സ് മരവിക്കാത്ത ജനഹൃദയങ്ങള്‍ മുറവിളി കൂട്ടിയത്. മൂന്ന് ടൗണ്‍ഷിപ്പുകളിലായി 417 ഗ്രാമങ്ങളില്‍ അധിവസിച്ചിരുന്ന റോഹിംഗ്യന്‍ സമൂഹം 176 ഗ്രാമങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും 34 ഗ്രാമങ്ങളില്‍ നിന്ന് ഭാഗികമായും ഒഴിഞ്ഞെന്ന ഔദ്യോഗിക കണക്കുകള്‍ പ്രതിസന്ധികളുടെ ആഴം നമ്മുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്. റോഹിംഗ്യന്‍ ജനതക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ചെന്ന പേരില്‍ ഇപ്പോള്‍ തുടരുന്ന പീഡനങ്ങള്‍ റോഹിംഗ്യന്‍ ജനതയുടെ ദയനീയമായ ജീവിത സാഹചര്യങ്ങളിലേക്ക് ലോകജനതയുടെ ശ്രദ്ധ ക്ഷണിച്ചു കഴിഞ്ഞു. 9 വര്‍ഷത്തിനു ശേഷം ആദ്യമായി യു. എന്‍ രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളും ഒന്നിച്ചാവശ്യപ്പെട്ടത് മ്യാന്‍മര്‍ ഭരണകൂടം റോഹിംഗ്യന്‍ ജനതക്കെതിരയുള്ള വംശഹത്യകള്‍ അവസാനിപ്പിക്കണമെന്നാണ്.
പിറന്ന മണ്ണില്‍ ജീവിക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ..? ഇസ്ലാമിക ചരിത്രത്തിലെ വേറിട്ട അധ്യായമായ ഹിജ്റ(പലായനം)യുടെ ചരിത്രം അയവിറക്കുന്ന റോഹിംഗ്യന്‍ ജനതയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമകരമായ ദൗത്യങ്ങളുടെയും മറുകര പ്രതീക്ഷയില്ലാത്ത പലായനങ്ങളുടെയും പരിണിത ഫലങ്ങള്‍ നമ്മുക്ക് മനസ്സിലക്കാനാകും. ജീവന്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ താഴ് നദിയില്‍ ബോട്ടുതകര്‍ന്ന് മരണമേറ്റുവാങ്ങിയവര്‍, ബസ്സുകളില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട് സങ്കടത്തിന്‍റെ ആഴക്കടലില്‍ മുങ്ങിത്താങ്ങി മറുകര തൊട്ട് ആ രാജ്യങ്ങളുടെ ദയാദാക്ഷിണ്യത്തിനായി കൈ നീട്ടുന്നവര്‍. ഔദ്യോഗികമായി 32 ലക്ഷത്തോളമുണ്ടായിരുന്ന ഈ ജനസമൂഹം ഛിന്ന ഭിന്നമായി പല രാജ്യങ്ങളിലായി ജീവിതം കഴിച്ചുകൂട്ടുകയാണ്. ഈ വര്‍ഷം എത്തിയ 4 ലക്ഷത്തിനു പുറമേ 1978 -ലെയും 1991 -ലെയും കൂട്ടക്കുരുതികളില്‍ നിന്ന് രക്ഷപ്പെട്ട് അഭയം തേടിയെത്തിയ 4 ലക്ഷവും ചേരുമ്പോള്‍ 8 ലക്ഷത്തോളം ബംഗ്ലാദേശില്‍ തന്നെ വരും. മറ്റു രാജ്യങ്ങളിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ കണക്കുകള്‍ ഇങ്ങനെയാണ്. സൗദി അറേബ്യ- 2 ലക്ഷം, പാക്കിസ്ഥാന്‍- മൂന്ന് ലക്ഷത്തി അമ്പതിനായിരം, യു എ ഇ- പതിനായിരം, ഇന്ത്യ- നാല്‍പതിനായിരം, തായ്ലന്‍ഡ്- അയ്യായിരം, മലേഷ്യ- ഒരു ലക്ഷത്തി അമ്പതിനായിരം.ഇതിനു പുറമെ തുര്‍ക്കിയില്‍ അഭയം കണ്ടത്തിയവരും മ്യാന്മറില്‍ തന്നെ അവശേഷിക്കുന്ന 10 ലക്ഷവും വരും. വീണ്ടുമൊരു കൂട്ട പാലായനമുണ്ടായപ്പോള്‍ ഹിജ്റയില്‍ മുഹാജിറുകള്‍ക്ക് സര്‍വ്വതും സമര്‍പ്പിച്ച് സമാനതകളില്ലാത്ത പങ്കുവെക്കലിന്‍റെ മാതൃക പകരുന്ന അന്‍സ്വാറുകളുടെ പിന്‍തലമുറകള്‍ അധിവസിക്കുന്ന ഇരുഹറമുകളുടെയും നാട്ടുകാര്‍ കാണിച്ച നിസ്സംഗതമല്ലാത്ത വേദനയാണ് നല്‍കിയത്. മുസ്ലിം ലോകത്തിന്‍റെ സംരക്ഷണമേറ്റെടുക്കേണ്ടവര്‍ അറബ് ലോകം പരസ്പരം പോരടിച്ച് നാശം സ്വയമേറ്റുവാങ്ങുന്നതില്‍ മനസ്സു വേദനിക്കാതിരിക്കലെങ്ങനെയാണ്. അഭയാര്‍ത്ഥി പ്രവാഹം രൂക്ഷമായപ്പോള്‍ രാജ്യാതിര്‍ത്തികള്‍ തുറന്നിട്ട് അവരെ ഉള്‍ക്കൊള്ളാന്‍ വിശാല ഹൃദയം കാണിച്ച ഉര്‍ദുഗാന്‍റെ തുര്‍ക്കിയും ശൈഖ് ഹസീനയുടെ ബംഗ്ലാദേശും കാണിച്ച വലിയ മനസ്സുകള്‍ക്ക് ഹൃദയമറിഞ്ഞ നന്ദി അര്‍പ്പിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥികളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പടച്ചുണ്ടാക്കാന്‍ തിടുക്കപ്പെടുന്ന വലിയ വായയില്‍ ജനാധിപത്യം പറയുന്ന ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഇടപെടലുകള്‍ അഗ്നിയാരാധകരായ പാര്‍സികള്‍ക്കും ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമക്കും അനുയായികള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കും രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ തുറന്ന് കൊടുത്ത് വിശാല ഹൃദയം കാണിച്ച മഹാഭാരതത്തിന്‍റെ മഹത് പാരമ്പര്യങ്ങളെ മന:പൂര്‍വ്വം വിസ്മരിക്കാനുള്ള ശ്രമങ്ങളാണ്.
മ്യാന്മറിലേക്ക് തിരികെയയച്ച് അരുകൊലക്ക് കൊടുക്കരുതെന്ന് കരഞ്ഞ് അപേക്ഷിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളില്‍ ചിലരെങ്കിലും കൈവശം സൂക്ഷിക്കുന്ന അഭയാര്‍ത്ഥി കാര്‍ഡിനു പിന്നില്‍ കുറിച്ചിട്ട വരികള്‍ വലിയ പ്രഹസനമായി അവശേഷിക്കുകയാണ്. ‘ഈ കാര്‍ഡിന്‍റെ ഉടമ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി വിഭാഗം ഹൈ കമ്മീഷണര്‍ അംഗീകരിച്ച അഭയാര്‍ത്ഥിയാണ്. ആ നിലക്ക് അവനെ/അവളെ വീട്ടുതടങ്കലില്‍ വെക്കുന്നതില്‍ നിന്നും ജീവനും സ്വത്തിനും ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്കോ മറ്റേതെങ്കിലും രാജ്യത്തിലേക്കോ കയറ്റി അയക്കുന്നതില്‍ നിന്നും പ്രത്യേകമായ സംരക്ഷണം നല്‍കേണ്ടതാണ്. പിറന്ന മണ്ണിലേക്ക് എന്നെങ്കിലും തിരികെയെത്താനാകുമെന്ന പ്രതീക്ഷയോടെ തിരിച്ചു പോകാനുള്ള അവകാശത്തിന്‍റെ തെളിവായി ഗല്യ ീള ഞലൗൃിേ (മടക്കത്തിന്‍റെ താക്കോല്‍) സൂക്ഷിക്കുന്ന ഫലസ്ത്വീനികളുടെ പ്രതീക്ഷയുടെ കഥകള്‍ ഓര്‍മ വരികയാണ്. അവകാശങ്ങള്‍ പറയാന്‍ ഏറെയില്ലെങ്കിലും ഒരുമിച്ചിരിക്കാന്‍ ബന്ധുക്കളില്ലെങ്കിലും പിറന്ന മണ്ണിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹമില്ലാത്തവരുണ്ടാകുമോ എന്ന അഭയാര്‍ത്ഥികളുടെ ചോദ്യത്തിനു മുന്നില്‍ തല കുനിക്കുകയാണ് ഞാനും നിങ്ങളും.

ഇര്‍ഷാദ് എടവണ്ണപ്പാറ

Write a comment