ആത്മചൈതന്യത്തിന്‍റെ പകലിരവുകള്‍

വിശുദ്ധ റമളാന്‍ സമാഗതമായി. സത്യവിശ്വാസികള്‍ക്ക് ആത്മീയ ഉല്‍കര്‍ഷത്തിന്‍റെയും സംസ്കരണത്തിന്‍റെയും കൊയ്ത്തുകാലമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്‍റെയും ആനന്ദത്തിന്‍റെയും ദിനരാത്രങ്ങളാണ്. തിന്മകളുടെ കറുത്ത കരിമുഖിലുകള്‍ കുമിഞ്ഞു കൂടിയ വിശ്വാസി ഹൃദയങ്ങള്‍ ആത്മീയ ചൈതന്യം കൊണ്ട് സ്ഫുടം ചെയ്യപ്പെടുന്ന വിശുദ്ധ മാസം. രണ്ടു മാസക്കാലം വിശ്വാസികള്‍ കാത്തിരുന്ന കാത്തിരിപ്പിനു പോലും അത്യധികം പ്രതിഫലമുണ്ട്. നോമ്പ് പരിചയാണെന്നാണ് തിരുവരുള്‍. ദേഹേഛകളോടും പൈശാചിക പ്രേരണകളോടുമുള്ള സായുധ സമരത്തിനുള്ള പോര്‍ക്കളമാണ് വിശുദ്ധ റമളാന്‍. നോമ്പനുഷ്ഠാനത്തിലൂടെ മതത്തിന്‍റെ ശത്രുക്കളോട് സമരം ചെയ്യുന്ന ഒരു പ്രതീതി അവന്‍റെ അകതാരില്‍ നിന്ന് ഉയിര്‍ കൊള്ളുന്നു. ശരീരത്തോടുള്ള ജിഹാദാണ് യുദ്ധങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ സമരമെന്നാണ് പ്രവാചകപ്രഭുവിന്‍റെ അദ്ധ്യാപനം. ഭക്ഷണം, വികാരം, അനാവശ്യ സംസാരങ്ങള്‍, തിന്മകള്‍ തുടങ്ങി മനുഷ്യ ശരീരം ഇഛിക്കുന്ന മുഴുവന്‍ വേണ്ടാത്തരങ്ങളും വെടിഞ്ഞ് നില്‍ക്കുന്നതിലൂടെ ആത്മീയമായ ഒരു കരുത്ത് നോമ്പുകാരന് കൈവരിക്കാന്‍ കഴിയുന്നു.
പുണ്യമാസത്തെ മൂന്ന് ഭാഗങ്ങളായി ഭാഗിച്ചതായി ഹദീസുകളില്‍ കാണാം. ആദ്യത്തെ പത്ത് റഹ്മത്തിന്‍റെയും. രണ്ടാമത്തെത് മഗ്ഫിറത്തിന്‍റേതും(പാപമോചനം) മൂന്നാമത്തേത് നരക മോചനത്തിന്‍റെ പത്തുമാണ്. റഹ്മത്തിന്‍റെ പത്തില്‍ റഹ്മത്ത് വര്‍ഷിക്കപ്പെടുന്നവരില്‍ ഉള്‍പെടണമെങ്കില്‍ സൃഷ്ടികളോട് നാം കരുണയുള്ളവരാകണം. അവരോട് മയത്തില്‍ പെരുമാറണം. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ ചെയ്യുക, എന്നാല്‍ ആകാശത്തിന്‍റെ അധിപന്‍ നിങ്ങളോടും കരുണ ചെയ്യുമെന്നാണല്ലോ പുണ്യമതം പഠിപ്പിക്കുന്നത്. പാപമോചനത്തിന്‍റെ പത്തില്‍ നമുക്കും മോക്ഷം കിട്ടണമെങ്കില്‍ നാമും വിട്ടുവീഴ്ച ചെയ്യാനും പൊറുത്തു കൊടുക്കാനുമുള്ള സന്മനസ്സുള്ളവരായിരിക്കണം. റമളാന്‍ മുഴുവനും ഓരോ പത്തുകളില്‍ പ്രത്യേകിച്ചും ചൊല്ലാനുള്ള ദിക്റുകള്‍ നാം ചൊല്ലിക്കൊണ്ടേയിരിക്കണം. വിശുദ്ധ റമളാനില്‍ വിശ്വാസികളുടെ നാവുകള്‍ ദിക്റുകള്‍ കൊണ്ടും സ്വലാത്ത് കൊണ്ടും പച്ചപിടിക്കണം.
വിശുദ്ധ ഖുര്‍ആനിന്‍റെ മാസം
നാഥന്‍റെ വിശുദ്ധ കലാമായ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമെന്നാണ് റമളാനിനെക്കുറിച്ച് ഖുര്‍ആന്‍ തന്നെ വിശേഷിപ്പിച്ചത്. ഹൃദയത്തെ സ്ഫുടം ചെയ്തെടുക്കാന്‍ പര്യാപ്തമാണ് വിശുദ്ധ ഖുര്‍ആന്‍. അക്കാര്യം മഹാനായ സൈനുദ്ദീന്‍ മഖ്ദൂം(റ) തന്‍റെ അദ്കിയാഇല്‍ അടിവരയിടുന്നത് നോക്കൂ.
ദവാഉ ഖല്‍ബിന്‍ ഖംസതുന്‍ ഫ തിലാവതുന്‍
ബി തദബ്ബുരില്‍ മഅ്നാ അലല്‍ ബത്വ്നില്‍ ഖലാ..
ഹൃദയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ അഞ്ചാണ് എന്നാണ് മഹാന്‍ പറയുന്നുത്. ശേഷം അതില്‍ ആദ്യമായി എണ്ണിയത് അര്‍ത്ഥം ചിന്തിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ പാരായണമാണ്. അത് തീര്‍ച്ചയായും ഹൃദയം സ്ഫുടം ചെയ്യുമെന്നത് ചരിത്ര പാഠമാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനിടയില്‍ ഒരു ആശയത്തെക്കുറിച്ച് ചിന്തിച്ച് രാത്രി പാരായണം തുടങ്ങി സുബ്ഹി വരെ കുത്തിയിരുന്നു പോയ മഹാരഥന്മാര്‍ നമുക്ക് കഴിഞ്ഞു പോയിട്ടുണ്ട്. അര്‍ത്ഥം അറിയാത്തവര്‍ എന്തു ചെയ്യുമെന്ന ആശങ്കയേ വേണ്ടതില്ല. ‘ജന്നത്’ എന്നാല്‍ സ്വര്‍ഗ്ഗമാണ് എന്നും ‘ജഹന്നം’ എന്നാല്‍ നരകം എന്നാണെന്നുമൊക്കെ അറിയാത്തവരായി ആരും ഉണ്ടാവുകയില്ല. അത്തരം പദങ്ങള്‍ വരുമ്പോള്‍ അവകളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുക എന്നതു തന്നെയാണ് അര്‍ത്ഥം ചിന്തിച്ച് പാരായണം ചെയ്യുക എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നു നോക്കുന്നതിന് പോലും പുണ്യമുണ്ടെന്ന് മതം പഠിപ്പിക്കുന്ന മറ്റൊരു ഗ്രന്ഥം ഈ ഭൂലോകത്തില്ല. ഒരു അക്ഷരത്തിന് പത്ത് ഹസനത് പ്രതിഫലം ലഭിക്കുന്ന മറ്റു ഗ്രന്ഥങ്ങള്‍ ഏതാണുള്ളത്. ഈ റമളാനില്‍ ഒരു ഖത്തം ഓതിത്തീര്‍ക്കാനെങ്കിലും നാം ശ്രദ്ധപുലര്‍ത്തണം. ഇനി മറ്റുള്ളവര്‍ ഓതുന്നത് കേട്ടാലും നമുക്ക് കൂലി ലഭിക്കും.
സ്വദഖയുടെ മാസം
വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും പ്രിയങ്കരമാണ് സ്വദഖ ചെയ്യല്‍. അസ്സ്വദഖതു റദ്ദുല്‍ ബലായാ, ദാനദര്‍മങ്ങള്‍ ആപത്തുകളെ തടയുമെന്നാണ് തിരുവരുള്‍. യാചന നല്ലതല്ലെന്നും അത് നിരുത്സാഹപ്പെടുത്തപ്പെടേണ്ടതാണെന്നും ഇസ്ലാം പറയുന്നുണ്ടെങ്കില്‍ പോലും യാചിച്ചു വരുന്നവരെ മടക്കി അയക്കരുതെന്നും വിശുദ്ധമതം തന്നെ പഠിപ്പിക്കുന്നുണ്ട്. കൊടുക്കാന്‍ കയ്യിലൊന്നുമില്ലെങ്കിലും നല്ല വാക്കുകള്‍ പറഞ്ഞ് അവരെ സന്തോഷിപ്പിക്കേണ്ട ബാധ്യത നമുക്കുണ്ട്. റമളാനി വിശേഷിപ്പിക്കുന്നിടത്ത് ഹദീസുകളില്‍ സ്വദഖയുടെ മാസം എന്നുതന്നെ പറഞ്ഞിട്ടുണ്ട്. ദാനം ചെയ്യുന്നവരുടെ സമ്പത്ത് കുറയുകയല്ല, മറിച്ച് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. മുക്കുന്ന കിണറ്റിലേ വെള്ളമുണ്ടാകൂ എന്ന പഴമൊഴിക്ക് ഇവിടെ പ്രസക്തി ഏറെയുണ്ട്. ഒരാള്‍ തന്‍റെ കൂട്ടുകാരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അവനെ സഹായിക്കുന്നു എന്ന തിരുവചനം കൂടെ മുകളില്‍ പറഞ്ഞ സ്വദഖ ആപത്തുകളെ തടയും എന്നതിനോട് കൂട്ടി വായിക്കേണ്ടതാണ്.
തറാവീഹ്
വിശ്വാസികളെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു അനുഭൂതി തന്നെയാണ് തറാവീഹ് നിസ്കാരം. തറാവീഹ് നിസ്കാരം ഇസ്ലാമിക നിയമമാക്കിയ കാലത്ത് സ്വഹാബത്തിന്‍റെ ആവേശം നമുക്കും ആവേശമുണ്ടാക്കുന്നു. ആദ്യമൊക്കെ തിരുനബി(സ്വ)യും സ്വഹാബത്തും ജമാഅത്തായി നിസ്കരിച്ചിരുന്നുവെങ്കിലും അവരുടെ ആവേശം കാരണത്താല്‍ അത് നിര്‍ബന്ധമാക്കപ്പെടുമോ എന്ന് ഭയന്ന് പിന്നീട് നബി(സ്വ) സ്വയം നിസ്കരിക്കുകയായിരുന്നു. റമളാന്‍ മുപ്പത് ദിവസത്തെ തറാവീഹിനും മുപ്പത് പ്രതിഫലങ്ങളുണ്ടെന്ന കാര്യം മഹാനായ സൈനുദ്ദീന്‍ മഖ്ദൂം(റ) തന്‍റെ ദഖാഇറുല്‍ ഇഖ്വാന്‍ ഫീ മവാഇള്വി ശഹ്രി റമളാന്‍ എന്ന ചെറുഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ മഹാന്മാരായ സ്വഹാബത്ത് പോലും അത്രമേല്‍ ആവേശം കാണിച്ച ഈയൊരു സല്‍ക്കര്‍മ്മം നെഞ്ചോട് ചേര്‍ക്കുന്നതില്‍ നാം ബദ്ധശ്രദ്ധരായിരിക്കണം.
ബദ്ര്‍ യുദ്ധം
ബദ്ര്‍ വിശുദ്ധ ഇസ്ലാമിന്‍റെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. ഇസ്ലാമിനെ ബദ്റിന് മുമ്പും ശേഷവും എന്നിങ്ങനെ നമുക്ക് രണ്ടായി പറയാവുന്നതാണ്. അത് ഒരു യുദ്ധമായിരുന്നില്ല, മറിച്ച് പ്രതിരോധമായിരുന്നു. സ്വഹാബികളുടെ ആവേശവും വിശ്വാസവും കൂടി സന്ധിച്ചപ്പോഴാണ് ബദ്ര്‍ രൂപം കൊണ്ടത്. തിരുനബി(സ്വ) എന്ത് പറഞ്ഞാലും നെഞ്ചേറ്റെടുക്കാന്‍ അവര്‍ കാണിച്ച ആവേശമായിരുന്നു ആ രണാങ്കണത്തില്‍ കാണാനായത്. എണ്ണത്തിലും സൈനിക ബലത്തിലും ഏറെ കുറവായിരുന്നിട്ടു പോലും ആത്മ ബലംകൊണ്ട് വിജയവൈജയന്തി നേടിയ മറ്റൊരു സമരം ഇതുപോലെ ചരിത്രത്തില്‍ വേറെയുണ്ടാവില്ല. അതുകൊണ്ടു തന്നെയാണ് അല്ലാഹു മലക്കുകളെ ഇറക്കി അവരെ സഹായിച്ചതും, മറ്റാര്‍ക്കും നല്‍കാത്ത ശ്രേഷ്ഠതയും അവര്‍ക്ക് നല്‍കിയതും. ബദ്റില്‍ പങ്കെടുത്തവര്‍ ചെയ്തതും ചെയ്യാനിരിക്കുന്നതുമായി മുഴുവന്‍ പാപങ്ങളും പൊറുത്തിരിക്കുന്നുവെന്ന് നാഥന്‍ നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കിയ വിശുദ്ധ ഖുര്‍ആനിന്‍റെ വരികള്‍ വിശ്വാസികള്‍ക്ക് ആവേശം പകരുന്നു. അവരുടെ ചരിത്രം പറയുക എന്നതിലപ്പുറം അവരുടെ ഈമാനിക ആവേശം മാതൃകയാക്കാനാണ് ഈ പുണ്യറമളാനിലൂടെ നാം ശ്രമിക്കേണ്ടത്.
ലൈലതുല്‍ ഖദ്ര്‍
മുഹമ്മദ് നബി(സ്വ)യുടെ അനുചരന്മാരായ നമുക്കെല്ലാം പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ റമളാനില്‍ മാത്രമുള്ള ആനുകൂല്യമാണ് ലൈലതുല്‍ ഖദ്ര്‍. ആയിരമോ അതിലേറെയോ വര്‍ഷങ്ങളോ ഒക്കെ ജീവിച്ച പൂര്‍വ്വീക സമുദാത്തിന് നല്‍കുന്ന പ്രതിഫലത്തോട് ആയുസ്സ് കുറഞ്ഞ നമ്മുടെ സല്‍ക്കര്‍മ്മങ്ങള്‍ നീതി പുലര്‍ത്താന്‍ വേണ്ടിയാണ് നാഥന്‍ ഇങ്ങനെയൊരു അവസരം തന്നത്. അതുകൊണ്ട് തന്നെയാണ് ആയിരം മാസങ്ങളെക്കാള്‍ ഉത്തമമായ മാസമെന്ന് അതിനെക്കുറിച്ച് നാഥന്‍ വിശേഷിപ്പിച്ചത്. ലൈലതുല്‍ ഖദ്റിന്‍റെ അടയാളമായി ഒരു റമളാനില്‍ മഹാനായ ഉസ്മാനുബ്നു അബില്‍ ആസ്(റ) തന്‍റെ അടിമയോട് പറഞ്ഞുവത്ര; ഈ വിശുദ്ധ മാസത്തില്‍ ഒരു രാത്രി കടലിലെ വെള്ളം മുഴുവന്‍ തെളിഞ്ഞ് ശുദ്ധമാകും. അപ്രകാരം നീ ദര്‍ശിച്ചാല്‍ എന്നെ വിവരമറിയിക്കുക. അടിമ അപ്രകാരം ചെയ്തു. കടലിനെ ഈയവസ്ഥയില്‍ കാണപ്പെട്ടത് റമളാന്‍ ഇരുപത്തി ഏഴിനായിരുന്നുവെന്ന് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. ഇരുപത്തി ഒമ്പതാം രാവിലായിരിക്കാനും കൂടുതല്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്. ഈ വാദത്തിന് പണ്ഡിതന്മാരുടെ ന്യായവാദം റമളാന്‍ രാവുകളിലെ സല്‍ക്കര്‍മ്മങ്ങള്‍ക്ക് തിരശ്ശീലയിടുന്ന രാവാണ് ഇരുപത്തി ഒമ്പതെന്നതാണ്. അതിനാല്‍ ആ രാവിനാണ് കൂടുതല്‍ പവിത്രതയുള്ളതെന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസ് ഇമാം മുസനിയും ഇബ്നുഖുസൈമയും ഉദ്ദരിച്ചിട്ടുമുണ്ട്; നബി(സ്വ) പറയുന്നു: ‘റമളാനിലെ അവസാന ദിനരാത്രങ്ങളില്‍ അതുവരെയും നാഥന്‍ നരകമോചനം നല്‍കിയവരുടെ എണ്ണത്തിനനുസരിച്ച് നരകമോചനം നടത്തും’. മേല്‍ ഹദീസ് പ്രകാരം ലൈലതുല്‍ ഖദ്ര്‍ ഇരുപത്തി ഒമ്പതിനാകാനാണ് സാധ്യതയുള്ളതെന്ന് പ്രസ്തുത പക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
പണ്ഡിതന്മാരുടെ മുഴുവന്‍ അഭിപ്രായങ്ങളും ചേര്‍ത്തുവെച്ച് ആധ്യാത്മിക പണ്ഡിതന്മാര്‍ താഴെ പറഞ്ഞ അഭിപ്രായം ന്യായമാകാന്‍ കൂടുതല്‍ സാധ്യതയുണ്ട്. റമളാന്‍ ഒന്ന് ഞായറാഴ്ചയോ ബുധനാഴ്ചയോ ആണെങ്കില്‍ ലൈലതുല്‍ ഖദ്ര്‍ ഇരുപത്തി ഒമ്പതാം രാവിലും തിങ്കളാഴ്ചയെങ്കില്‍ ഇരുപത്തി ഒന്നാം രാവിലും ചൊവ്വാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ ആണെങ്കില്‍ ഇരുപത്തി ഏഴാം രാവിലും വ്യാഴാഴ്ച്ചയെങ്കില്‍ ഇരുപത്തി അഞ്ചാം രാവിലും ശനിയാഴ്ച്ചയെങ്കില്‍ ഇരുപത്തി മൂന്നാം രാവിലുമായിരിക്കും ലൈലതുല്‍ ഖദ്റെന്നാണ് ഇമാം ഗസ്സാലി(റ)യുടെ നിരീക്ഷണം. ഈ അഭിപ്രായമനുസരിച്ച് ഗവേഷണം നടത്തി നോക്കിയ ശേഷം എനിക്ക് ഒരു ലൈലതുല്‍ ഖദ്റും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന് ഇമാം അബുല്‍ഹസന്‍(റ) പറഞ്ഞിട്ടുണ്ട്. ലൈലതുല്‍ ഖദ്റിനെ തിരിച്ചറിയാനുള്ള നിരവധി അടയാളങ്ങളും പണ്ഡിതലോകം ചര്‍ച്ച ചെയ്തിട്ടുണ്ട്. മിതശിതോഷ്ണമായ അന്തരീക്ഷമായിരിക്കുമത്രെ ആ രാവിന്. മൂടിക്കെട്ടി നില്‍ക്കുന്ന മേഘങ്ങളോ മഴയോ കാറ്റോ ആകാശത്ത് കൊള്ളിയേറുകളോ അന്ന് ദര്‍ശിക്കാനാകില്ല. സൂര്യകിരണങ്ങള്‍ക്ക് രാവിലെ തെളിഞ്ഞ് വെളുത്ത നിറമായിരിക്കും. പ്രകാശ സൃഷ്ടികളായ മലക്കുകളുടെ ആധിക്യം കൊണ്ട് സൂര്യന് കണ്ണുതുളയ്ക്കുന്ന പ്രകാശമുണ്ടാകില്ല.(ദഖാഇറുല്‍ ഇഖ്വാന്‍ 47)

സക്കാത്ത്
നോമ്പിലൂടെ മനുഷ്യന്‍റെ ശരീരത്തെയും മനസ്സിനെയും നാഥന്‍ ശുദ്ധിയാക്കുന്നുവെന്നപോലെ അവന്‍റെ സമ്പത്തിനെക്കൂടി സംസ്കരിക്കുവാനാണ് സകാത്ത് അവന് നിര്‍ബന്ധമാക്കിയത്. നമ്മുടെ സമ്പത്തിന്‍റെ അഴുകിയ ഭാഗങ്ങളാണത്. അത് വെച്ചു പൊറുപ്പിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് തിരുനബി(സ്വ)യ്ക്കും അവിടുത്തെ അഹ്ലു ബൈത്തിനും സകാത്ത് സ്വീകരിക്കല്‍ അനുവദനീയമല്ലെന്ന് പറഞ്ഞത്. അത് നമ്മുടെ സമ്പത്തിന്‍റെ അവശിഷ്ടമാണെന്നത് തന്നെയാണ് കാരണം. സകാത്ത് വ്യത്യസത ഇനങ്ങളിലുണ്ട്. ഫിത്വ്റ് സകാത്ത് മാത്രമാണ് വിശുദ്ധ റമളാനില്‍ വിഷയമായി വരുന്നത്. അക്കാര്യത്തിലും വിശ്വാസികള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ചുരുക്കത്തില്‍ വിശ്വാസികളുടെ കൊയ്ത്തു കാലമാണ് വിശുദ്ധ റമളാന്‍. നാമൊന്നു മനസ്സുവെച്ചാല്‍ നമുക്ക് പരലോകത്തേക്ക് സമ്പാദിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. അതിന് റമളാന്‍ നാം ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഒന്നിന് പത്തിന്‍റെ പ്രതിഫലവും പത്തിന് നൂറിന്‍റെ പ്രതിഫലവും നല്‍കുകയും തിന്മചെയ്തവന്‍റെ പശ്ചാതാപം സ്വീകരിക്കാന്‍ ഇരുകൈകള്‍ നീട്ടി കാത്തിരിക്കുകയും ചെയ്യുന്ന നാഥനെ പ്രീതിപ്പെടുത്താന്‍ ഇതിലും നല്ലൊരു മാസം വേറെയില്ലെന്ന കാര്യം തീര്‍ച്ച.

അബ്ദുല്‍ ബാസിത് നിലമ്പൂര്‍

Write a comment