Posted on

ഇസ്ലാം; പരിസ്ഥിതി സൗഹൃദ നിലപാടുകള്‍

 

മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍ക്കു മുമ്പിലാണ് പരിസ്ഥിതി വെല്ലുവിളി നേരിടുന്നത്. വീണ്ടുമൊരു ജൂണ്‍ 5 വരുമ്പോള്‍ തല്‍ക്കാലം ഒരു മരം നട്ട് കൈ കഴുകാന്‍ സാധിക്കുന്നതല്ല ഒരു വിശ്വാസിയുടെ പരിസ്ഥിതിയോടുള്ള കടപ്പാട്.
ദൈവാസ്തിത്വത്തിന്‍റെയും ദൈവത്തിന്‍റെ ഏകതത്വത്തിന്‍റെയും നിദര്‍ശമായിട്ടാണ് പ്രപഞ്ച സൃഷ്ടിപ്പിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആവശ്യാനുസരണം അത് ഉപയോഗപ്പെടുത്താനും അത്യാഗ്രഹങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി ഘടനയില്‍ ദോശകരമായ ഇടപെടലുകള്‍ വിലക്കുകയും ചെയ്തിട്ടുണ്ട് ഖുര്‍ആന്‍. മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്‍റെ ഖലീഫ (പ്രതിനിധി)യായിട്ടാണ് നിശ്ചയിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ഖിലാഫത്തിന്‍റെ നിര്‍വ്വഹണം നടത്തേണ്ടത് അധിവസിക്കുന്ന ഭൂമിയിലാണ്. ഭൂമിയില്‍ അവന്‍റെയും അവനു വേണ്ട സര്‍വ്വതിന്‍റെയും നില സുരക്ഷിതമായാല്‍ മാത്രമേ ബാധ്യത കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കൂ. അതോടൊപ്പം തന്‍റെ പരിസരത്തിന്‍റെ സംരക്ഷണവും ഉറപ്പ് വരുത്തണം. നിര്‍മ്മിക്കാനും നശിപ്പിക്കാനും സാധിക്കുന്ന സൃഷ്ടി എന്ന നിലയില്‍ മനുഷ്യന്‍ സ്വന്തം പരിസരത്തെ വ്യവസ്ഥാപിതമായും ഗുണകരമായുമാണ് സമീപിക്കേണ്ടത്. ചേതനവും അചേതനവുമായ എല്ലാ സൃഷ്ടികളും അവയുടെ സൃഷ്ടി ലക്ഷ്യത്തിന് വിധേയപ്പെടുന്നവയാണ്. ക്രമനിബന്ധവും സമതുലിതവുമായി അവ ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അല്ലാഹു അവസരം നല്‍കിയിട്ടുമുണ്ട്. ഖുര്‍ആന്‍ ഈ സത്യം തുറന്ന് പ്രസ്താവിക്കുന്നുണ്ട്. നിങ്ങള്‍ പ്രതിനിധികളായി നിശ്ചയിക്കപ്പെട്ടവയില്‍ നിന്ന് ചിലവഴിക്കുക(സൂറത്ത് അന്‍ആം). അപ്പോള്‍ തനിക്ക് അല്ലാഹുവിന്‍റെ പ്രതിനിധിയായതിനാല്‍ ലഭിച്ച ആദരവുകളെ അനര്‍ഹമായ രീതിയില്‍ ഉപയോഗിച്ചു കൂടാ. വിഭവങ്ങള്‍ ആര്‍ത്തിയോടെ അന്വേഷിച്ചും അതിമോഹിച്ചും നാശഹേതൂകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്കവകാശമില്ല. മനുഷ്യന്‍ പ്രപഞ്ചത്തെ പരിചരിക്കുകയും ഗുണലഭ്യത ഉറപ്പുവരുത്തകയുമാണ് ചെയ്യേണ്ടത്. അതിരുകവിയുന്നു എന്നാണ് പല പാരിസ്ഥിതിക പ്രശ്നങ്ങളുടെയും കാരണം. അല്ലാഹുവിന്‍റെ പ്രതിനിധി എന്ന നിലയിലുള്ള മനുഷ്യന്‍റെ വിനിയോഗം തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടതാണ.് പ്രാധിനിത്യം നിലനില്‍ക്കുന്ന കാലത്തോളം ഭൂമിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കല്‍ ആസന്നരായ പ്രതിനിധികളുടെ ദൗത്യം കൂടിയാണ്. അത് കൊണ്ടുതന്നെയാണ് ഖുര്‍ആന്‍ നിങ്ങള്‍ ഫസാദ് ഉണ്ടാക്കരുതെന്ന് ആണയിട്ടു പറയുന്നത്. ഭൂമിയെ അല്ലാഹു നന്നാക്കിയിരിക്കെ അതില്‍ നിങ്ങള്‍ ഫസാദ് ഉണ്ടാക്കരുത്(അല്‍അഅ്റാഫ് 56). ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുന്നവരായി കഴിയരുത്(അഅ്റാഫ് 77). ഫസാദ് എന്നാല്‍ ക്രമഭംഗം എന്നാണ് അര്‍ത്ഥം. അഥവാ, നിശ്ചിതവും നിര്‍ദ്ദിഷ്ടവുമായ ക്രമത്തിനെതിരാവുക. ക്രമഭംഗ പ്പെടത്തിയുള്ള ഒന്നും ഇസ്ലാം വിശ്വാസിയെ അനുവദിക്കുന്നില്ല. മലിനമായ വാസസ്ഥലമല്ല വരും തലമുറക്കായി പ്രതിനിധികള്‍ ഒരുക്കേണ്ടത്.
മലിനീകരണത്തില്‍ ഇസ്ലാമിന്‍റെ നിലപാടുകള്‍ പ്രസ്താവ്യമാണ്. പൊതുഇടങ്ങളിലും സഞ്ചാരപാതകളിലും ജലാശയങ്ങളിലും വിസര്‍ജ്ജ്യം നടത്തുക വഴി നിങ്ങള്‍ വിശ്വാസികളുടെ ശാപത്തിനിരയാകരുതെന്നാണ് പ്രവാചക പാഠം. മലിനീകൃത ലോകത്തിന് നല്‍കുന്ന ഏറ്റവും വലിയ പ്രത്യാശയാണ് ഈ പ്രവാചക വചനം. പരിസരം മലിനപ്പെടുത്തി സഹജീവികളുടെ ശാപം വാങ്ങുന്നത് വിശ്വാസിക്കു ചേര്‍ന്നതല്ല എന്നതാണ് പ്രവാചക വചനപ്പൊരുള്‍.
മില്ല്യണ്‍ കണക്കിന് ഹരിത വനങ്ങള്‍ ദൈനംദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മളുള്ളത്. വനനശീകരണത്തിനെതിരെ അര്‍ത്ഥപൂര്‍ണ്ണമായ ബദല്‍ സ്ഥാപിക്കാന്‍ പ്രവാചകര്‍(സ)ക്ക് ആയിട്ടുണ്ട്. സാമൂഹിക പരിസരത്തിന്‍റെ പുറംപോക്കുകളിലേക്ക് കൃഷിയെ നീക്കം ചെയ്യപ്പെടുമ്പോള്‍ ഇസ്ലാം ഉത്തമ ഉപജീവന മാര്‍ഗ്ഗമായിട്ടാണ് കൃഷിയെ എണ്ണുന്നത്. തരിശുനിലങ്ങളെ കൃഷി ചെയ്ത് സമൃദ്ധമാക്കി ജീവികള്‍ അവ ഉപയോഗപ്പെടുത്തുന്ന കാലത്തോളം അല്ലാഹു പ്രതിഫലം നല്‍കുമെന്നാണ് പ്രവാചക അദ്ധ്യാപനം. സത്യമതത്തിന്‍റെ പ്രചരണാര്‍ത്ഥം യുദ്ധത്തിനിറങ്ങുന്ന വിശ്വാസത്തിന്‍റെ വൈകാരിക നിമിഷങ്ങളില്‍ പോലും സമൃദ്ധമായ വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കരുതെന്നും നിരപരാധികളെ അക്രമിക്കരുതെന്നും പ്രവാചകരും ഖലീഫമാരും പ്രത്യേക നിര്‍ദ്ദേശം നല്‍കാറുണ്ടായിരുന്നു. പോര്‍ക്കളങ്ങളില്‍ പോലും സസ്യലദാതികളും മിണ്ടാപ്രാണികളും പരിപൂര്‍ണ്ണ സുരക്ഷിതരായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ മതവ്യാപനത്തിന്‍റെ ഇസ്ലാമിക മാര്‍ഗ്ഗങ്ങള്‍ പോലും ഇക്കോ ഫ്രണ്ട്ലിയാണെന്ന് മനസ്സിലാക്കാം.
മനുഷ്യ ജീവിതത്തിന്‍റെ നിലനില്‍പ് ജലത്തെ ആശ്രയിച്ചിരിക്കുന്നു. ശുദ്ധജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്ന അന്തരീക്ഷം ലോകത്ത് സംജാതമാകാന്‍ പോകുന്നു എന്ന വാര്‍ത്ത ഭീതിയോടെയാണ് നാം വായിക്കുന്നത്. മറ്റു ജീവികളുടെയും സസ്യങ്ങളുടെയും മരങ്ങളുടെയുമെല്ലാം ആശ്രയവും ജലം തന്നെയാണ്. അഥവാ നമ്മുടെ ആവാസ വ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് ജലം. നമ്മള്‍ പ്രകൃതിയോട് ചെയ്യുന്ന അനീതികള്‍ ശുദ്ധജല ലഭ്യതയേയും സാരമായി ബാധിച്ചിട്ടുണ്ട്. കൂറ്റന്‍ വ്യവസായ സ്ഥാപനങ്ങളുടെ ഓവുചാലുകളായി പുഴകളേയും അരുവികളേയും നാം മാറ്റിയതു മുതലാണ് ജല ലഭ്യത ഒരു വലിയ ഭീഷണിയായി മാറാന്‍ തുടങ്ങിയത്. വേണ്ട ജലം ലഭിക്കാതെ വരുമ്പോള്‍ ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് സ്വയം വികസിതരാവുന്ന കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഒരിറ്റു ജലത്തിന് കേഴുന്ന നാട്ടിലെ അധസ്ഥിത വര്‍ഗത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. അതിനേക്കാള്‍ ഭീമമായ ചൂഷണമാണ് ജല ദൗര്‍ലഭ്യതയുടെ മറവില്‍ നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായ ഉല്‍പ്പന്നമായി മാറിയിരിക്കുകയാണ് കുപ്പിവെള്ളം. 2011 ല്‍ 8000 കോടി രൂപയാണ് കുപ്പിവെള്ളത്തിന്‍റെ വാര്‍ഷിക വിറ്റുവരവെങ്കില്‍ 2015 ല്‍ അത് 15000 കോടിയായി ഉയരുകയുണ്ടായി. 2020ല്‍ 36000 കോടിരൂപയിലെത്തുമെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്(ആകട) യുടെ കണക്ക്. അഞ്ച് വര്‍ഷം മുമ്പ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനത്തില്‍ രാജ്യത്തെ പ്രമുഖരായ മുപ്പത് കമ്പനിയുടെ വെള്ളത്തിലും കീടനാശിനിയുടെ അംശം ഉള്ളതായി കണ്ടെത്തിയിരുന്നു. ബാബ ആണവ ഗവേഷണകേന്ദ്രം നടത്തിയ പരിശോധനയില്‍ മുംബൈയിലെ കടകളില്‍ വില്‍പനക്ക് വെച്ച കുടിവെള്ള സാംമ്പിളുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ അടക്കം ഉയര്‍ന്ന തോതിലുള്ള വിഷാംശമുള്ളതായി തെളിയിക്കപ്പെട്ടിരുന്നു. ചില കമ്പനികള്‍ ഭൂഗര്‍ഭ ജലമാണ് കുപ്പികളില്‍ നിറച്ച് വില്‍ക്കുന്നത്. എന്നാല്‍ ഹൃദ്രോഗം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവക്ക് കാരണമാകുന്ന കഠിന ലോഹങ്ങള്‍ അടങ്ങിയതാണ് പലയിടത്തുമുള്ള ഭൂഗര്‍ഭ ജലമെന്ന് ഇത് സംബന്ധിച്ച നിരവധി പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യാവസായിക മേഖല വളരുകയും ജനങ്ങള്‍ പെരുകുകയും ചെയ്തതോടെ ശുദ്ധ ജല ലഭ്യത ഗുരുതരപ്രശ്നമായി മാറിയിട്ടുണ്ട് രാജ്യത്ത്. കൂറ്റന്‍ വ്യവസായങ്ങള്‍ പലതും നദീ തീരത്താണ് സ്ഥിതിചെയ്യുന്നതെന്നതിനാല്‍ മിക്ക നദികളിലേയും ജലം മലിനമാണ്. വീടുകളും ഫ്ളാറ്റുകളും പെരുകിയതിനെ തുടര്‍ന്ന് അശാസ്ത്രീയമായി നിര്‍മിച്ച സെപ്റ്റിക് ടാങ്കുകളില്‍ നിന്നും ഓടകളില്‍ നിന്നും കിണര്‍വെള്ളത്തിലേക്കും കുളങ്ങളിലേക്കും മാലിന്യങ്ങള്‍ കലരുന്നുണ്ട്. ഇത്തരം സ്രോതസ്സുകളില്‍ നിന്നാണ് പലരും മിനറല്‍ വാട്ടറിനുള്ള വെള്ളം ശേഖരിക്കുന്നത്.
സൃഷ്ടാവിന്‍ന്‍റെ ഔദാര്യമാണ് ജലമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ട്. ‘അല്ലാഹുവാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞ് തന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്ന് തന്നെയാണ് കാലികളെ മേക്കുവാനുള്ള ചെടികളുണ്ടാകുന്നത്(സൂറത്തുന്നഹ്ല് 10). ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു(ഫുര്‍ഖാന്‍ 47). ആകാശത്തുനിന്ന് ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങി നില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ച് കളയാന്‍ തീര്‍ച്ചയായും ഞാന്‍ ശക്തനാകുന്നു(സൂറത്തുല്‍ മുഅ്മിനൂന്‍ 18)’. തുടങ്ങിയ അനേകം വചനങ്ങളിലൂടെ അല്ലാഹു ഈ സത്യം വിളിച്ച് പറഞ്ഞിട്ടുണ്ട്.
ആര്‍ഭാടങ്ങളുടെ ലോകത്ത് ജീവിക്കുന്നവര്‍ക്ക് മിതവ്യയത്തിന്‍റെയും ജലസംരക്ഷണത്തിന്‍റെയും നല്ല പാഠങ്ങള്‍ ഹദീസുകളില്‍ കാണാം. നിറഞ്ഞൊഴുകുന്ന നദീമുഖത്ത് നിന്ന് അംഗസ്നാനം ചെയ്യുകയാണെങ്കില്‍ പോലും അമിതവ്യയം അരുത്(അബൂദാവൂദ്) എന്നാണ് പ്രവാചക പാഠം. ഇസ്ലാം പ്രകൃതി സംരക്ഷണത്തിന്‍റെ മതമാണ.് ഇവിടെ നാച്ചറലൈസിഡ് ഇസ്ലാമിനെ വായിക്കാന്‍ മിടുക്കു കാണിക്കുന്നവര്‍ക്ക് പ്രകൃതിയെ കുറിച്ച് നന്നായി വാചാലമാവാം. കപടനാട്യക്കാരും പൊള്ളയായ വികസനത്തിന്‍റെ വാക്താക്കള്‍ക്കും ഒരു തൈ നട്ട് കൈ കഴുകാവുന്നതല്ല ഈ പരിസ്ഥിതിദിനം.

സല്‍മാന്‍ സിദ്ദീഖി തോട്ടുപൊയില്‍

Write a comment