Posted on

ഒടുവിലും നിറയെ സുകൃതങ്ങള്‍

 

അവാച്യമായ ദിവ്യ ചൈതന്ന്യത്തിന്‍റെ ദിനരാത്രങ്ങള്‍ പരിശുദ്ധ റമളാനിന്‍റെ മാത്രം പ്രത്യകതയാണ്. അലസഭാവങ്ങളില്‍ നിന്നും മാറി തീര്‍ത്തും ഭക്തിസാന്ദ്രമായ ആരാധനകളുടെ ആനന്ദത്തില്‍ എല്ലാ വിശ്വാസികളും പങ്കു ചേരുന്ന അപൂര്‍വ്വ നിമിശമാണ് ഇതിന്‍റെ ഏറ്റവും വലിയ രസം. ഇവിടെ കൂട്ടമായ പ്രാര്‍ത്ഥനാ സദസ്സുകളും വിപുലമായ നോമ്പുതുറ സല്‍ക്കാരങ്ങളും നിറം പകരുന്ന പുണ്യമാസത്തിലെ ഏറ്റവും പവിത്രമായ ഘട്ടങ്ങള്‍ അവസാന പത്തിലെ ഉണര്‍വ്വിലേക്കാണ് ഇന്ന് നാം എത്തിച്ചേരേണ്ടത്. വിശിഷ്ടടമായ ദൈവിക വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി അരക്കെട്ട് ഉറപ്പിക്കുന്നവര്‍ക്ക് വരെ മാനസിക ചാഞ്ചല്ല്യം സംഭവിക്കുന്നുണ്ടെന്നതാണ് ഏറെ വിശമകരം. ആയിരം മാസങ്ങളേക്കാള്‍ പുണ്ണ്യമായ ഒരു രാത്രിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കയാണെന്നും ആ രാത്രി അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലൊന്നാകാനുള്ള സാധ്യതയും രാത്രി മുഴുവന്‍ ആരാധന നിമഗ്നരാവുന്ന ദിനരാത്രങ്ങളത്രയും പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്ന തിരുനബി മാതൃകയുടെ സുന്ദര ചിത്രവും നമുക്ക് മുമ്പിലുണ്ടായിട്ടും അശ്രദ്ധരാകുന്നുവെന്നതാണ് വസ്തുത.
നോമ്പ് തുറ സല്‍കാരങ്ങള്‍ വീട്ടിലും നാട്ടിലും നടത്താന്‍ നേതൃത്വം കൊടുക്കുന്നവര്‍ ആദ്യ രണ്ട് പത്തുകളോടെ ആ കടമ തീര്‍ക്കുന്നു. തുടക്കത്തില്‍ വലിയ ആവേശത്തോടെ പാരായണത്തിനെടുത്ത ഖുര്‍ആനിലെ അടയാളം ഇന്നും ഇപ്പോഴും പകുതി കഴിഞ്ഞിട്ടില്ലെന്നും തറാവീഹ് മുടങ്ങിത്തുടങ്ങി എന്നും മനസ്സിലാക്കാതെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ വേണ്ട ആലോചനകളിലേക്കും ചര്‍ച്ചകളിലേക്കും മനസ്സ് തിരിയുന്ന സമയം കൂടിയാണത്.
ലൈലത്തുല്‍ ഖദ്റിന്‍റെ രാത്രിയാണ് റമളാനിലെ വാഗ്ദാനങ്ങളില്‍ ഏറ്റവും മുഖ്യമായത്. അത് അവസാന പത്തിലെ രാവുകളില്‍ ആയേക്കാമെന്ന് പറയുന്നത് തന്നെ വിശ്വാസിയുടെ ആവേശം കുറയാതെ റമളാനിനെ യാത്രയാക്കാന്‍ വേണ്ടിയാണ്. വലിയൊരു വിഭാഗം ആളുകള്‍ ഇരുപത്തി ഏഴാം രാവിനേയും അത് പോലെ മറ്റേതെങ്കിലും രാത്രികളേയും പരിഗണിച്ച് ജീവസുറ്റതാക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം അപ്പോഴും അലസരാണ്.
മഹതി ആഇിശ(റ) തിരുനബി(സ) യുടെ ജീവിതത്തെ വരച്ചു കാണിക്കുന്നതിനടയില്‍ റമളാനിലെ തങ്ങളുടെ രീതിയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. മറ്റു പത്തുകളെ അപേക്ഷിച്ച് അവസാന പത്തില്‍ ആരാധനകള്‍ അധികരിപ്പിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. മറ്റൊരിടത്ത് കാണാം, അവസാന പത്തായാല്‍ പ്രത്യേകം ഒന്ന് ഒരുങ്ങി തയ്യാറാവുകയും രാത്രിയെ മുഴുവന്‍ സജീവമാക്കുകയും കുടുംബത്തെ കൂടി അതില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതായത് പരിപൂര്‍ണ്ണരില്‍ പരിപൂര്‍ണ്ണനായ തിരുനബി(സ) പ്രത്യേകം തയ്യാറാവുകയും കുടുംബത്തെ ഉണര്‍ത്തുന്നതില്‍ ശ്രദ്ധചെലുത്തുകയും ചെയ്തിരുന്നെങ്കില്‍ നാം എത്രയോ അധികം ഉത്സാഹം കാണിക്കേണ്ടവരാണ്. യതാര്‍ത്ഥത്തില്‍ പകല്‍ മുഴുവനും ഉപവസിച്ച മനുഷ്യന്‍ രാത്രികളില്‍ നിസ്കാരങ്ങളിലും മറ്റു ആരാധനാ കര്‍മ്മങ്ങളിലും സജ്ജീവമാകുന്നതോടെ ഉറക്കമെന്ന മരണാവസ്ഥയില്‍ നിന്ന് സ്വന്തം ശരീരത്തെ കൂടി ജീവിപ്പിക്കുകയാണ്.
നഷ്ടപ്പെടാതിരിക്കാന്‍
ഏതൊരു പ്രവര്‍ത്തനത്തിന്‍റെയും വിജയം സമ്പൂര്‍ണ്ണമാകുന്നത് പര്യാവസാനത്തിലെ വിജയത്തോടെയാണന്നിരിക്കെ നമ്മുടെ അലസത വലിയ പ്രശ്നം തന്നെയാണ്. നാഥന്‍റെ കല്‍പനകളെ നെഞ്ചേറ്റുന്ന വിരോധിത കാര്യങ്ങളെ പാടെ ഉപേക്ഷിക്കുന്ന തഖ്വയുടെ രുചി അറിയാനാണ് നോമ്പിനെ കടമപ്പെടുത്തിയത്. അനുസരണയുള്ള അടിമയായി തീരാന്‍ വേണ്ട ഈ രണ്ട് ചിന്തകളുടെയും പൂര്‍ത്തീകരണത്തിന് അവസാന പത്തിലെ കര്‍മ്മമുറകള്‍ നിര്‍ബന്ധിക്കുന്നുണ്ട് എന്ന് വേണം പറയാന്‍.
പള്ളികളില്‍ നിബന്ധനയൊത്ത രീതിയില്‍ താമസിക്കുന്നതിനെയാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. വലിയ പ്രതിഫലം ലഭിക്കുന്ന ഈ വലിയ കര്‍മ്മം മനുഷ്യനെ തെറ്റിന്‍റെ സാഹചര്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണെന്ന ഒരു ഗുണം കൂടി കാണാനുണ്ട്. കണ്ണിന്‍റെയും കാതിന്‍റെയും നാക്കിന്‍റെയും തിന്മകള്‍ ഒരു പരിധി വരെ കുറക്കാനും പരമാവധി നല്ല കാര്യങ്ങളില്‍ ജീവിക്കാനും വിശ്വാസിക്ക് ഇതിലൂടെ സാധിക്കുന്നു. അല്ലാഹുവിനു വേണ്ടി അവന്‍റെ ഭവനത്തില്‍ ഭജന(ഇഅ്തികാഫ്) മിരിക്കാന്‍ ഞാന്‍ കരുതുന്നു എന്ന നിയ്യത്തോടു കൂടി അല്‍പനേരം കൊണ്ട് സാധിക്കാവുന്നതാണ് ഇഅ്തികാഫിന്‍റെ പുണ്യം. ഈ കരുതലോടെ പള്ളിയുടെ ഒരു വാതിലിലൂടെ കടന്ന് മറ്റൊന്നിലൂടെ പുറത്ത് വന്നാല്‍ തന്നെ ഇതിന്‍റെ കൂലി വസൂലാകുമെന്നാണ് മത ശാസ്ത്രം. റമളാന്‍ മുഴുവന്‍ ഇങ്ങനെ കൂടാമെന്ന് നേര്‍ച്ചയാക്കുന്നവരൊക്കെയുണ്ട്. ഇഅ്തികാഫിന്‍റെ നിയ്യത്തോടെ പള്ളിയില്‍ ഉറങ്ങിയാല്‍ തന്നെ അതിന്‍റെ പ്രതിഫലം കിട്ടുമെങ്കില്‍ പിന്നെ അത് നഷ്ടപ്പെടുത്തരുതല്ലോ എന്ന് കരുതുന്നവര്‍ക്ക് അതൊക്കെ സാധിക്കും. ഇനി ഇത്തരക്കാര്‍ ഇഅ്തികാഫിന്‍റെ നിയ്യത്ത് കരുതി കിടന്നുറങ്ങുന്നവരുമായിരിക്കില്ല. മറിച്ച്, നിസ്കാരങ്ങളിലും ഖുര്‍ആന്‍ പാരായണത്തിലുമൊക്കെയായി കഴിച്ചു കൂട്ടുന്നവരുമായിരിക്കുമവര്‍. ഇങ്ങനെയുള്ള ഒരു കര്‍മ്മത്തെ അവസാന പത്തില്‍ മുഴുവന്‍ തുടര്‍ത്താന്‍ അതില്‍ തന്നെ ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കാനും തിരുനബി പാഠങ്ങളുടെ സാധ്യതകള്‍ ചെറുതല്ല. മനുഷ്യന്‍റെ സ്വാഭാവികതകളെ പരിഗണിച്ച് കൊണ്ട് തന്നെ വലിയ പ്രതിഫലങ്ങള്‍ നേടിത്തരുന്ന ഇത്തരം കര്‍മ്മങ്ങളെ തൊട്ട് അശ്രദ്ധരാകുന്നു നമ്മില്‍ പലരും.
നരക മോചനത്തിന്‍റെ പത്തായാണ് അവസാന പത്തിനെ തയ്യാറാക്കിയിട്ടുള്ളത്. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്നുള്ള രക്ഷക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന, അത് കൊണ്ടു തന്നെ ഇതില്‍ പ്രത്യേക സുന്നത്തുണ്ട് താനും. ചെയ്ത പാപങ്ങളില്‍ ഖേദിച്ച് അതൊക്കെ പൊറുത്തു കിട്ടാന്‍ നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്ന അടിമകളോടാണല്ലോ അല്ലാഹുവിന് പ്രിയം കൂടുതല്‍. സുന്നത്തായ കര്‍മ്മങ്ങള്‍ക്ക് ഫര്‍ളിന്‍റെ പ്രതിഫലം ലഭിക്കുമ്പോഴും പള്ളികളിലെ തറാവീഹ് ജമാഅത്തുകള്‍ക്ക് ആളെണ്ണം കുറയുന്നത് എങ്ങനെയാണ്. സോഷ്യല്‍ മീഡിയകളില്‍ കാര്‍ട്ടൂണുകളും സന്ദേശങ്ങളും കൈമാറുന്നതും ട്രോളുകള്‍ക്ക് ലൈക്ക് അടിക്കുന്നവരും സജീവമായി തീരുന്ന കര്‍മ്മരംഗത്തെക്കുറിച്ച് നാം എന്താണ് പറയേണ്ടത്. നല്ല സ്ഥലങ്ങളും സമയങ്ങളും തിന്മകളുടെ ഇടങ്ങളായി തീരുന്ന വര്‍ത്തമാന കാലത്ത് ഭക്ഷണവും താമസവും ഒരുക്കിത്തന്ന ആരോഗ്യം നല്‍കിയ ഒരുവന്‍റെ വിളിക്കുത്തരം നല്‍കാന്‍ നാം പരാജയപ്പെടുന്നു എന്നതാണ് ഈ പിന്‍വലിയലുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.
മാറ്റേണ്ടത് ഇത്രമാത്രം
പുതിയ വസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ സ്വീകരിക്കല്‍ വലിയ പുണ്യമുള്ള കാര്യമാണ്. പക്ഷെ, പവിത്രമായ രാത്രികളില്‍ നിഷിദ്ധമായ പലതും ഒരുമിച്ച് കൂടുന്ന വലിയ ശാലകളില്‍ പോയി തിരക്ക് കൂട്ടുന്ന പതിവു രീതികള്‍ മാറണം. അവസാനം ഇറങ്ങാനിരിക്കുന്ന പുതിയ മോഡലുകള്‍ നഷ്ടമാകാതിരിക്കാന്‍ എടുത്ത മോഡലുകള്‍ തന്നെ മാറ്റി വാങ്ങാനും നാം കണ്ടെത്തുന്ന സമയം തിരുനബിയും മറ്റു മഹത്തുക്കളും കരഞ്ഞ് കണ്ണീരൊലിപ്പിക്കുന്ന സമയമായിരുന്നുവെന്ന് നാം ഓര്‍ക്കണം.
പള്ളി മിഹ്റാബുകളില്‍ നരക മോചനത്തിനും പാപ സുരക്ഷിതത്വത്തിനും വേണ്ടി പ്രാര്‍ത്ഥനകള്‍ ഉരുവിടുമ്പോള്‍ ഔറത്ത് ശരിക്കും മറയാത്ത വസ്ത്രങ്ങളും മോഡലുകളും തേടിയലയുന്നവരാണ് നമ്മില്‍ പലരും. റമളാനിന്‍റെ അവസാനങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന തുണി ഷോപ്പുകളും നമ്മുടെ സമുദായത്തിന്‍റെ ഏത് സ്വഭാവത്തെയാണ് ചൂഷണം ചെയ്യുന്നത് എന്നോര്‍ത്താല്‍ മതി. പുതുവസ്ത്രങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ഐശര്യവും അനുഗ്രഹവും ലഭിക്കാന്‍ ചിട്ടയൊത്ത ജീവിത നടപടികളിലൂടെ റമളാനിനെ യാത്രയാക്കല്‍ അനിവാര്യമാണ്. നാഥന്‍ തൗഫീഖ് നല്‍കുമാറാകട്ടെ..
നജീബ് നൂറാനി താഴെക്കോട്

Write a comment