Posted on

സ്വത്വ പ്രതിസന്ധിയുടെ മുസ്ലിം ദൃശ്യതകള്‍

ദളിത്, ആദിവാസി വിഭാഗങ്ങള്‍ സ്വന്തം കാലില്‍ നിന്നുകൊണ്ട് രാഷ്ട്രീയ അസ്പൃശതകളെ അഭിമുഖീകരിക്കുമ്പോല്‍ മുസ്ലിംകള്‍ക്ക് എന്തുകൊണ്ട് അങ്ങനെയാവാന്‍ സാധിക്കുന്നില്ല എന്ന പ്രസക്തമായ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ലേഖനം അന്വേഷിക്കുന്നത്. രാഷ്ട്രീയ പ്രതിനിധാനത്തിലൊതുങ്ങാതെ, സമകാലിക മുസ്ലിം സ്വത്വപ്രതിസന്ധി(Identity Crisis)യുടെ വിപുലീകൃതാര്‍ത്ഥങ്ങളെ പരിചയപ്പെടുക എന്നതാണ് ഈ എഴുത്തിന്‍റെ താല്‍പര്യം.(ആത്മവിമര്‍ശനപരമായ തലത്തില്‍ നിന്നുകൊണ്ടാണ് ഇതിന്‍റെ ക്രാഫ്റ്റ് ഒരുക്കുന്നതെന്ന് ചേര്‍ത്തി വായിക്കണം) നിവര്‍ന്നു നില്‍ക്കാന്‍ മുസ്ലിംകള്‍ക്ക് സാധിക്കുന്നില്ല എന്ന പൊതു നിരീക്ഷണത്തെ ലെജിറ്റിമേറ്റ് ചെയ്യുന്ന രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ ഈയടുത്തായി അനുഭവപ്പെടുകയുണ്ടായി. അനുഭവം പറഞ്ഞിട്ട് വിഷയത്തിലേക്ക് തിരിച്ചു വരാം.
ഒന്ന്, തികച്ചും മുസ്ലിം സമുദായത്തിന്‍റെ അന്തസത്തയെ ഉരിക്കിക്കളയുന്നത്. നിങ്ങള്‍ക്കും കോടീശ്വരനാകാം എന്ന ടെലിവിഷന്‍ പ്രോഗ്രാം നടക്കുന്നു. അവതാരകനായ നടന്‍ സുരേഷ്ഗോപി മത്സരിയായ മുസ്ലിം യുവതിയോട് ചോദ്യം ചോദിക്കാന്‍ തുടങ്ങി. സിനിമയിലെ ഡയലോഗ് കേട്ട് ആരുടെ ശബ്ദമാണെന്ന് തിരിച്ചറിയണം. ഡയലോഗ് പൂര്‍ത്തിയാവുന്നതിന് മുമ്പേ അവള്‍ ആവേശത്താല്‍ അഭിനേതാവിനെ തിരിച്ചറിയുകയും സദസ്സ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ശരിയായ ഉത്തരമായതിനാല്‍ അവതാരകന്‍ രണ്ടാമത്തെ ചോദ്യത്തിലേക്ക് കടക്കുകയാണ്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട വനിതയുടെ പേരെന്ത്? അവളൊരു മുസ്ലിം വസ്ത്രധാരിണിയായതിനാലാവണം ഇങ്ങനെയൊരു വിചിത്ര ചോദ്യം. ഓപ്ഷനുകള്‍ നല്‍കിയിട്ട് പോലും മുസ്ലിം യുവതി ഇരുന്നിടത്ത് ഉഴറുന്നത് കണ്ടപ്പോള്‍ കാണികളാണ് എവറസ്റ്റന്‍ ചോദ്യത്തിനുള്ള ഉത്തരം അല്‍പം ലജ്ജയോടെയാണെങ്കിലും പറഞ്ഞു കൊടുത്തത്. മറിയം. അവള്‍ തലതാഴ്ത്തി ഊറിച്ചിരിച്ചു. നിസ്സഹായതയുടെ നിമിഷങ്ങള്‍ കഴിഞ്ഞു പോയതില്‍ അവള്‍ ആശ്വാസം കൊണ്ടിരിക്കാം. മുസ്ലിം സമുദായം ഇന്നെത്തി നില്‍ക്കുന്നുവെന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവം.
രണ്ട്, പൊതു മനസ്സ് മുസ്ലിംകളെക്കുറിച്ച് പാകപ്പെടുത്തിയെടുത്ത അപകര്‍ഷതാ മനോഭാവത്തെ തുടര്‍ന്നാണുണ്ടാവുന്നത്. പൂനൂര്‍ മദീനതുന്നൂര്‍ കാമ്പസില്‍ സംഘടിപ്പിച്ച പി.കെ പാറക്കടവിന്‍റെ ലെക്ച്ചറിങ്ങിനിടയില്‍ ഒരു ചോദ്യമുന്നയിക്കാന്‍ തുനിഞ്ഞെങ്കിലും സമയപരിമിതി മൂലം നിഷേധിക്കപ്പെട്ട സന്ദര്‍ഭം. അന്നത്തെ കുഴിച്ചുമൂടപ്പെട്ട ചോദ്യമിതായിരുന്നു: അഹമദ് എന്ന യഥാര്‍ത്ഥ നാമമുള്ള താങ്കള്‍ പോലും മറ്റുള്ള പലരെയും പോലെ സമൂഹത്തിനിടയില്‍ അത് മറച്ച് വെച്ച് പി.കെ പാറക്കടവ് എന്ന പിതൃരഹിത ഐഡന്‍റിറ്റിയില്‍ അറിയപ്പെടാനല്ലേ ശ്രമിക്കുന്നത്. തീര്‍ത്തും മതനിരാസ വാദികളായ എം.എന്‍ കാരശ്ശേരിയും കെ.ഇ.എന്നും അവരുടെ പൂര്‍ണ്ണനാമം പൊതുമണ്ഡലത്തില്‍ പ്രദര്‍ശിപ്പിക്കാത്തത് മുസ്ലിം പേരിലും എന്തോ ചില വല്ലായമികള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണല്ലോ. ഇവരൊക്കെ പേടിക്കുന്ന അധികാര വ്യവസ്ഥിതി ഏതാണ്? എന്ത് കൊണ്ടാണ് വിലാസങ്ങളെ മണ്ണില്‍ താഴ്ത്തുന്നത്?
ഇതില്‍ ഒന്നാമത്തെ അനുഭവം മുസ്ലിം സമുദായത്തിനുള്ളില്‍ ആഴ്ന്ന് നില്‍ക്കുന്ന പ്രതിസന്ധികളുടെ മൂലമാണെങ്കില്‍ രണ്ടാമത്തേതിന്‍റെ ഉറവിടം പൊതുബോധമാണ്. മാലയും മൗലിദും ചൊല്ലി, ദര്‍സിന്‍റെ അകമ്പടിയോടെ, മദ്രസകളുടെ സാന്നിധ്യത്തോടെ സൃഷ്ടിച്ചെടുത്ത കേരളീയ മതകീയാന്തരീക്ഷം ഒരു ഭാഗത്ത് മലിനപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന വസ്തുതയെ സാധൂകരിക്കുകയാണ് ഈ മുസ്ലിം യുവതി. ആധുനികതയുടേയും നവലിബറല്‍ വിചാരധാരകളും നിര്‍മിച്ചെടുത്ത മേലാളബോധം മതത്തെയും മതസേവകരെയും പടിക്കു പുറത്തിരുത്തിക്കൊണ്ടിരിക്കുകയാണല്ലോ. അത്തരം പൊതു മാറ്റത്തിന്‍റെ സ്വാഭാവിക പ്രതികരണമായിട്ട് ഇതിനെ വായിച്ചെടുക്കാനാവും. മദ്രസകളെയും അവിടെ പഠിപ്പിക്കുന്ന വിദ്യാഭ്യാസത്തെയും നിശിതം വിമര്‍ശിക്കുവാനും ഇവര്‍ മടി കാണിക്കാറില്ല. മദ്രസകളെ സക്കന്‍റ്െ ഗ്രേഡ് സ്ഥാപനമായിക്കണ്ട്, ഭൗതികതയെ ആവോളം പുണരുന്നതിന്‍റെ പരിണിത ഫലമാണ് ഈ ധാര്‍മ്മിക പാപ്പരത്തം(Moral Solvency). രണ്ടാമത്തെ അനുഭവം ഇസ്ലാമോഫോബിയയോടും ടെററിസസത്തോടും പൊതുബോധം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വരച്ച് കാട്ടുന്നുണ്ട്. തങ്ങളുടെ നാമം മുസ്ലിം വേഷത്തിലാണെങ്കില്‍ സാഹിത്യ ഗ്രന്ഥങ്ങളുടെ സര്‍ക്കുലേഷന്‍ കുറഞ്ഞ് പോകുമോ, പൊതു സമൂഹം ഇതിനെ പിന്തുണക്കുമോ, തുടങ്ങിയ സംശയങ്ങള്‍ അവരുടെ ചിന്തകളെ ആകുലതയിലാഴ്ത്തുന്നു. മാത്രമല്ല, പദരാഷ്ട്രീയത്തിന്‍റെ(Verbal Politics) കാലത്ത് അങ്ങനെയുള്ള ചിന്തകള്‍ക്ക് പ്രസക്തിയുണ്ട് താനും. സെക്കുലര്‍ വക്താക്കളായി പ്രശസ്തരാവര്‍ പോലും ഇതിന്‍റെ കരാളഹസ്തങ്ങളുടെ അടിമയാണെന്ന യാഥാര്‍ത്ഥ്യം വളരെ ആശങ്കാജനകമാണ്.
മുസ്ലിമായാല്‍ സെക്കുലര്‍ ഡോമിനന്‍സിയുള്ള ജനറല്‍ സ്ട്രീമില്‍ അപരവര്‍ക്കരിക്കപ്പെടുമെന്ന വിശ്വസിക്കുന്നവരാണ് ഇതിലധിക പേരും. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് സമ്പൂര്‍ണ്ണമായി ഇടതുപക്ഷ ചിന്തകനും മതരഹിതനുമായിട്ട് പോലും കുഞ്ഞഹമ്മദ് എന്ന മുസ്ലിം നാമം കാരണമായി പലപ്പോഴും പൊതു ബോധത്തില്‍ നിന്ന് വംശീയവെറിയോളം വരുന്ന ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന സത്യം മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. തല്‍ഫലമായി തന്നെ പലരും മനഃപ്പൂര്‍വ്വം മാറ്റി നിറുത്തുന്നുണ്ടെന്ന് പറയാനും അദ്ദേഹം മടിച്ചില്ല.
ഈ വൈകൃത പൊതുബോധം മുസ്ലിംകളിലും ഇത്തിള്‍ക്കണ്ണി പോലെ കയറിപ്പിടിച്ച് കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വേഷവിധാനങ്ങള്‍ ധരിച്ചും ഇസ്ലാമിക ജീവിതപാത പിന്തുടര്‍ന്നും മുന്നോട്ട് പോവാന്‍ പലരും നിസ്സംഗത പുലര്‍ത്തുന്നു. അവയെല്ലാം പഴഞ്ചനായി ചിത്രീകരിക്കുന്ന പ്രവണതായാണ് കൂടുതലും. പക്ഷെ, പൊതുമണ്ഡലത്തിന്‍റെ അംഗീകാരമുണ്ടെങ്കില്‍ ഏത് പഴഞ്ചന്‍ മതാചാരത്തെയും സ്വീകരിക്കുന്നു വെന്നതാണ് വിരോധാഭാസം. ഒരു കാലത്ത് താടി വെച്ച മുസ്ലിം സഹോദരരെ തീവ്രവാദത്തിന്‍റെയും അന്യവത്കരണ ത്തിന്‍റെയും സിദ്ധാന്തങ്ങള്‍ നിര്‍മ്മിച്ച് മാറ്റി നിര്‍ത്താന്‍ ഉത്സവങ്ങള്‍ സംഘടിപ്പിച്ചവര്‍ ഇന്ന് വലിയ താടിയും വെച്ച് പബ്ലിക്കിലേ ക്കിറങ്ങിയിരിക്കുന്നു. സിനിമാ കള്‍ച്ചര്‍ മതത്തെ ഹൈജാക്ക് ചെയ്ത് കഴിഞ്ഞു വെന്നതിന്‍റെ മകുടോദാഹരണമാണിത്. ഏതെങ്കിലും നടന്‍ സിനിമയില്‍ നിസ്കരിച്ചു കാണിക്കുകയാണെങ്കില്‍ ചെറുക്കന്മാ രെല്ലാവരും നന്നായിക്കിട്ടുമെന്ന പള്ളി ഇമാമിന്‍റെ തമാശ കലര്‍ന്ന വാക്കിന്‍റെ പൊരുള്‍ അറിയിക്കുന്നതും മറ്റൊന്നല്ല. ഹാദിയയുടെ വിഷയത്തിലും പൊതുബോധം മുമ്പെങ്ങും പ്രകടിപ്പിക്കാത്ത അഴകൊഴമ്പന്‍ നിസ്സംഗത വെച്ചുപുലര്‍ത്തിയത് നാം കണ്ടതാണല്ലോ.
പരമ്പരാഗതമായി ആര്‍ജ്ജിച്ചെടുത്ത ജീവല്‍ ക്രമങ്ങളെയെല്ലാം വലിച്ചെറിഞ്ഞ്, പാശ്ചാ ത്യന്‍റെ തലച്ചോറി നുള്ളിലേക്ക് ചുരുങ്ങുവാന്‍ ശ്രമിക്കുന്ന താണ് ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളിയെ ന്ന് മുഹമ്മദ് അസദ് Islam at the Cross Road ന്‍റെ ആമുഖത്തില്‍ വിശദീക രിക്കുന്നുണ്ട്. കൂടാതെ ജനാധിപത്യ സംസ്കാര മേധാവികളെ അധീന ജനവിഭാഗം ക്രമേണ സമ്മതിച്ച് അവരുടെ ചട്ടക്കൂടിന നുസൃതമായി സഞ്ചരിച്ച ചരിത്രം ഇബ്നു ഖല്‍ദൂനിന്‍റെ മുഖദ്ദിമയില്‍ വായിക്കാനാവും. സ്റ്റോക്ഹോം സിന്‍ഡ്രോം എന്നോ സാംസ്കാരിക സംസരണം (Cultural Osmosis) എന്നോ അക്കാദമികമായി ഓമനപ്പേരിട്ട ഈയൊരവസ്ഥയിലൂടെയാണ് സമകാലിക മുസ്ലിം സ്വത്വം നിര്‍വ്വചിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എല്ലാത്തിനെയും സംശയദൃഷ്ട്യാ നോക്കിക്കാണുന്ന നിഹിലിസത്തിന്‍റെ (ശൂന്യതാവാദം) പാതയിലേക്ക് മുസ്ലിം യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടോ എന്ന ചിന്തക്ക് ഇവിടെ പ്രാധാന്യമുണ്ട്. എഫ്ബിയിലെ ചില യുക്തിവാദ ഗ്രൂപ്പുകളില്‍ അമിതമായി ഇടപെടുന്നതാണഅ ഇതിലേക്ക് വഴിയൊരുക്കുന്നത്. (ഗ്രൂപ്പിന്‍റെ പേര് ഇവിടെ പരാമര്‍ശിക്കല്‍ അനുചിതമാണ്). എന്തിനെയും സമീപിക്കുന്നതു മൂലം മതത്തിന്‍റെ ഉള്‍സാര ആഖ്യാനങ്ങള്‍ തിരിച്ചറിയാതെ വരുന്നു. മതം മതമായിത്തീരുമ്പോഴുണ്ടാവുന്ന ഇന്‍സ്റ്റിക്ട് സ്വഭാവങ്ങളെയെല്ലാം റെപ്രസന്‍റ് ചെയ്യുന്നത് മതത്തെ തന്നെയാണ്. ചില ലിമിറ്റേഷനും യുക്ത്യാതീതമായ ഉള്ളടക്കങ്ങളും ചേര്‍ന്നതാണ് മതം. പൊതുവില്‍, വിശേഷിച്ചും ഇസ്ലാമിന്‍റെ കാര്യത്തില്‍ ഫേസ്ബുക്ക് ബുദ്ധിജീവികള്‍ ഈ വസ്തുതയെ ഇഗ്നോര്‍ ചയ്യുന്നതാണ് പ്രശ്നത്തിന് കൂടുതല്‍ കാരണം.
കൂടാതെ, ഇസ്ലാമിക് മോഡേ ണിസ്റ്റുകളില്‍ പ്രമുഖസ്ഥാനീയനായ പാക്കിസ്ഥാനി എഴുത്തുകാരന്‍ ഫള്ലുറഹ്മാന്‍ അവതരിപ്പിച്ച പരിമിത ഇസ്ലാം (Minimal Islam) യഥാര്‍ത്ഥത്തില്‍ മുസ്ലിം വ്യവഹാരങ്ങലെ സമ്പുഷ്ടമാ ക്കുകയായിരുന്നില്ല. ഇസ്ലാമിന്‍റെ അന്തഃസത്തയെക്കാളും മുകളില്‍ യോറോപ്പിന്‍റെ ജീവിതക്രമത്തെ പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റേണ്‍ ജീവിത ശൈലികളോട് അക്കോമെഡേറ്റ് ചെയ്തത് മൂലം മുസ്ലിമിന്‍റെ ജീവിതം പാരമ്പര്യത്തില്‍ നിന്ന് തെന്നിമാറി വിശ്വാസത്തില്‍ ഒതുങ്ങുന്ന, ആചരത്തെ അകറ്റുന്ന ആത്മാവില്ലാത്ത ജഡം മാത്രമായി അവശേഷിച്ചു.
സ്വത്വം സംസാരിക്കുന്നു
ഓരോ സ്വത്വവും ഓരോ പ്രത്യയശാസ്ത്രത്തെ ഉള്‍വഹിക്കുന്നുണ്ട്. സ്വത്വത്തിലുള്ള വ്യതരിക്തതയും ഏകതാനതയും പ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്താനാവുമെന്ന് സ്പഷ്ടം. ഇതിനും പുറമെ, മനുഷ്യനെന്ന നിലയില്‍ പ്രപഞ്ചത്തിലുള്ള സ്ഥാനവും ഉത്തരവാദിത്വവും പ്രതികരണ ശേഷിയും തിരിച്ചറിയുന്ന സമയത്താണ് അവന്‍റെ സ്വത്വരാഷ്ട്രീയം നിര്‍ണ്ണയിക്കപ്പെടുന്നത്. ഈയര്‍ത്ഥത്തിലും മുസ്ലിമിന്‍റെ സ്വത്വം ചര്‍ച്ചയ്ക്കെടുക്കാം. ഇവയാണ് അഭയാര്‍ത്ഥി, ഭീകരവാദി, യാഥാസ്ഥികത എന്നിവയാണ് ആഗോളതലത്തില്‍ പ്രമുഖമായി മുസ്ലിംകളെ പ്രതിനിധീ കരിക്കുന്ന സ്വത്വരീതി ശാസ്ത്രങ്ങള്‍ (Methodology of Identity). അഭയാര്‍ ത്ഥികളെക്കൊണ്ടും കലാപമ നസ്സുക ളെക്കൊണ്ടും അസ്വസ്ഥജനകമാ ക്കി മിഡില്‍ ഈസ്റ്റിനെ നിലനിര്‍ത്തി അവരുടെ ധൈഷണിക ഇന്ധനത്തെ ഊറ്റിയെ ടുക്കാനാണ് സാമ്രാജ്യത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 22 സമ്പന്നരായ അറേബ്യന്‍ രാഷ്ട്രങ്ങള്‍ മുസ്ലിംകളുടെ തലപ്പത്തുണ്ടായിട്ടുപോലും ലോകത്തിന് ക്രിയാത്മകമായ സംഭവനകള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഇതിനു നേര്‍ വിപരീതമായി പാശ്ചാത്യലോകത്ത് ധൈഷണിക ചുറ്റുപാടുകള്‍ വ്യത്യസ്ത ശാഖകളിലൂടെ വികസ്വരമാവുന്നുണ്ട്.
ഇവിടെ മെഹര്‍ജാന്‍ ബട്ടിന്‍റെ ചോദ്യം ശ്രദ്ധേയമാണ്. (Article, The Crisis of Muslim Identity) ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നിടത്താണോ അതോ ഇസ്ലാമില്‍ തന്നെയുള്ള നൈസര്‍ഗ്ഗിക പ്രശ്നമാണോ (Intrisic Menace) ഈ തകര്‍ച്ചയുടെ മൂല ഹേതുകം? പ്രതിനിധീകരിക്കുന്നിടത്ത് ബീഭത്സമായ പരാജയം നുണക്കുന്നുണ്ടെങ്കിലും ഇസ്ലാമിന്‍റെ പ്രശ്നമല്ല തകര്‍ച്ചയുടെ കാരണം. എങ്കിലും ഇസ്ലാമിനെ വേര്‍പ്പെടുത്തി മതേതരനാവാന്‍ ഒളിക്കണ്ണുമിരിക്കുന്ന മുസ്ലിമാണ് യഥാര്‍ത്ഥ പ്രശ്നക്കാരി. നമ്മുടെ സ്വകാര്യ അഹങ്കാരമായിരുന്ന സൂഫിസം ഇന്ന് സെക്യുലര്‍ പ്രേണേതാക്കളുടെ സമ്പത്തായി അവതരിപ്പിക്കപ്പെടുന്നതിന്‍റെ കാരണവും ഇതാണ്. സെക്യുലര്‍ പാത്രത്തിലിട്ടാല്‍ പിന്നെ ആരും നിസ്സംശയം രുചിച്ചു നോക്കുമെന്ന വക്രചിന്തയാണ് ഇതിന്‍റെ പിന്നിലുള്ളത്.
Being and Time ന്‍റെ രചയിതാവ് ഹെഡ്ഗര്‍ (Heidegger) നിരീക്ഷിക്കുന്നു: “നമ്മുടെ ഉണ്മയെക്കുറിച്ച് ചിന്തിക്കാതി രിക്കുക എന്ന സംസ്കാരം ഒരു പ്രാപ ഞ്ചിക പ്രതിഭാസമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും മനുഷ്യ കേന്ദ്രീകൃതമായ നമ്മുടെ ഈ കാലത്ത്. നേരത്തെ ഒരുക്കിത്തയ്യാറാക്കിയ സങ്കല്‍പങ്ങള്‍ക്ക് മുമ്പില്‍ അടിയറ വെച്ച് ഉണ്മയുമായുള്ള സദാസ്പര്‍ശനം നാം തന്നെ ഇല്ലാതെയാക്കുകയാണ്”. ഈ നിരീക്ഷണം അദ്ദേഹം നടത്തുന്നത് പാശ്ചാത്യ ലോകത്തിനെക്കുറിച്ചാണെങ്കിലും മുസ്ലിംകളെ സംബന്ധിച്ചും ഇതും ശരി തന്നെയാണ്. സമൂഹത്തെ മൊത്തം ഗ്രസിച്ചിരിക്കുന്ന ആശയങ്ങളും ചിന്താ പദ്ധതികളും അബോധ വഴിയിലൂടെ തന്നെ സ്വീകരിക്കുന്ന പതിവിലേക്ക് ആധുനിക മുസ്ലിം ഉമ്മത്ത് മാറിയിട്ടുണ്ട്. ദൈവത്തെ മുന്‍നിരയില്‍ പ്രതിഷ്ഠിച്ച് കൊണ്ടുള്ള വിശുദ്ധ സ്വത്വത്തെ (Sacred Identity) കുടഞ്ഞെറിഞ്ഞ് ഭൗതിക സ്വത്വത്തെ (Meterial Identity) ആവരണമാക്കുന്നതാണ് ഈ സ്വീകരി ക്കലിന്‍റെ ആത്യന്തിക പരിണതി. (പ്രയോഗങ്ങള്‍ക്ക് കടപ്പാട്: Fritjof Capra)

പൊതു മണ്ഡലത്തില്‍ ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുമ്പോള്‍ അതിന്‍റെ ശരികേടുകളെ പരസ്യമായി ബോധ്യ പ്പെടുത്തി, തെറ്റിദ്ധാരണകളെ ഇല്ലാതാക്കല്‍ ഓരോ മുസ്ലിമിന്‍റെയും സത്താപരമായ കടമയാണ്. ഈയടുത്തായി ഇസ്ലാമിന്‍റെ യുദ്ധ സങ്കല്‍പങ്ങളെ വികലമായി മനസ്സിലാക്കി അവതരിപ്പിച്ച സ്വാമിജിക്ക് ഗുണകാംശയോടെ തെറ്റ് വിശദീകരിച്ച് കൊടുത്ത പണ്ഡി തന്മാരുടെ ഇടപെ ടല്‍ ഒരു ഉദാഹരണം. അ ധിക സന്ദര്‍ഭ ങ്ങളി ലും ഇസ്ലാമിക ആശയാവലികളെ അതിന്‍റേതായ ഇസ്ലാമിക മാനങ്ങളിലല്ല പുറത്ത് അവത രിപ്പിക്കപ്പെ ടുന്നത്. മോഡേണി സ്റ്റായ സിയാവു ദ്ദീന്‍ സര്‍ദ്ദാറിന്‍റെ ചോദ്യം ഈ അര്‍ത്ഥത്തില്‍ സന്ദ ര്‍ഭോചിതമാണ്. “ഫത്വ, ജിഹാദ് തുടങ്ങിയ ഇസ്ലാമി ലെ വിശുദ്ധ പദാവലി കളെ നാമെന്തിനാണ് മതഭ്രാന്തന്മാരുടെ കൈകളിലേക്ക് ഇട്ടുകൊടുക്കുന്നത്?” ഇത്തരം പദങ്ങളുടെ സന്ദര്‍ഭോചിതമായ അര്‍ത്ഥങ്ങളില്‍ നിന്ന് അടര്‍ത്തി പുനരവതരിപ്പിക്കുമ്പോള്‍ തിരുത്തേണ്ടത് പാരമ്പര്യ മുസ്ലിമിന്‍റെ ധിഷണയാ യിരിക്കണമെന്ന് ചുരുക്കം. വിപുലമായ ധൈഷണീക സമ്പത്തുകള്‍ ഇതിനു വേണ്ടി സ്വരൂപിക്കപ്പെടേണ്ടതുണ്ട്. മദ്രസകളില്‍ ലൈബ്രറികള്‍ സ്ഥാപി ക്കാനുള്ള ഉദ്യമങ്ങള്‍ ഏറെ ആശാവഹമാണ്. അപകര്‍ഷതാ ബോധ മെല്ലാം മടക്കി വെച്ച് സ്വത്വത്തിന്‍റെ കരുത്തിനെ പ്രഘോഷിപ്പിക്കാന്‍ സാധിക്കണം. മുസ്ലിംകള്‍ കാലങ്ങ ളോളമായി കൈമാറിപ്പോരുന്ന പാരമ്പര്യ വിജ്ഞാനങ്ങളുടെ മൂല്യത്തെ തിരിച്ചറിഞ്ഞ്, പൈതൃകത്തില്‍ നിന്ന് വ്യതിചലിക്കാതെ അതിന്‍റെ പുതിയ സാധ്യതകളെ കണ്ടെത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം, രാഹുല്‍ ഈശ്വര്‍ തന്‍റെ സമുദായത്തിന്‍റെ ശോചനീയാവസ്ഥയുടെ കാരണമായി എടുത്തു പറഞ്ഞ ആത്മീയ തകര്‍ച്ച വളര്‍ന്നു വരുന്ന മുസ്ലിം സമൂഹത്തില്‍ ദൃശ്യത കൈവരിക്കുകയും ഒടുവില്‍ മത തത്വം പിച്ചിച്ചീന്ത പ്പെടാനുമിടയായേക്കാം.

മുഹമ്മദ് ഇ കെ നെല്ലിക്കുത്ത്

Write a comment