Posted on

കാമ്പസ് സര്‍ഗാത്മകതയെ തല്ലിക്കെടുത്തുമ്പോള്‍

കലാലയത്തില്‍ അധ്യാപികയായി വന്ന ശേഷം വിദ്യാര്‍ത്ഥികളുമായുണ്ടായിട്ടുള്ള സൗഹൃദങ്ങളില്‍ ആത്മ ബന്ധം പുലര്‍ത്തുന്നവരിലൊരാള്‍, എനിക്ക് അഭിമന്യുവിനെ അങ്ങനെ പറയാനാണിഷ്ടം.ഒരു അധ്യാപിക എന്ന നിലയില്‍ ഏറ്റവും മിടുക്കനായ കുട്ടി എന്ന് ഞാന്‍ പറയാനിഷ്ടപ്പെടുന്നത്, ഏറെ സ്വഭാവ ശുദ്ധിയുള്ള കുട്ടിയെയാണ്.അത്തരത്തില്‍ മറ്റുള്ളവരുടെ വേദനകളെ ഏറ്റെടുക്കുന്ന അഭി എനിക്കേറ്റവും പ്രിയപ്പെട്ടവനായിരുന്നു. മനസ്സിനെ ഇത്രയധികം ആഴത്തില്‍ സ്പര്‍ഷിച്ച ഒരു മരണം എന്‍റെ ജീവിതത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. വേദാന്തത്തിന്‍റെ താത്വികതലത്തില്‍ ഒന്ന് ചിന്തിക്കുകയാണെങ്കില്‍, ഒരു ജന്മത്തില്‍ ചെയ്തു തീര്‍ക്കേണ്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി മനസ്സിന്‍റെ നന്മകൊണ്ട് എല്ലാം സാര്‍ത്ഥകമാക്കി മടങ്ങി എന്നു പറയാം. ഒരു പക്ഷേ ഇത് മനസിനെ കടിഞ്ഞാണിടാന്‍ ഞാന്‍ കണ്ടെത്തുന്ന ഉപാധിയാവണം”.
എറണാകുളം മഹാരാജാസ് കോളേജില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട എസ്.എഫ്.ഐ സ്റ്റുഡന്‍റ്സ് യൂണിയന്‍ നേതാവ് അഭിമന്യുവിനെ ഓര്‍ത്തെടുക്കുകയാണ് സംസ്കൃത വിഭാഗം അധ്യാപികയായ പ്രജിനിപ്രകാശ്. അഭിമന്യുവിന്‍റെ മരണത്തോടെ കേരളത്തിലെ കലാലയാന്തരീക്ഷം വീണ്ടും ചോര മണത്തു തുടങ്ങിയിരിക്കുന്നു. സര്‍ഗാത്മക വിദ്യാര്‍ത്ഥിത്വത്തെ കുറിച്ച് ആവേശപൂര്‍വ്വം സംസാരിച്ചിരുന്നവര്‍ വിദ്യാര്‍ത്ഥിത്വത്തിന്‍റെ ഭാവിയെ കുറിച്ച് പരിതപിക്കുകയാണ്. അക്രമണ പ്രത്യാക്രമണങ്ങളിലൂടെ മേല്‍ക്കോയ്മ നേടാനുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഹീനമായ നീക്കങ്ങള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വീണ്ടും ചര്‍ച്ചാ മധ്യത്തിലെത്തിച്ചിരിക്കുന്നു.
യശ്ശ:ശരീരനായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ രാഷ്ട്രീയത്തെ വിവക്ഷിക്കുന്നത് ഇങ്ങനെയാണ്; ഗവണ്‍മെന്‍റിന്‍റെയും ഭരണകൂടത്തിന്‍റേയും പ്രവര്‍ത്തനങ്ങളെ വിവരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന അക്കാദമിക് വിഷയമാണ് രാഷ്ട്രീയം. സമൂഹത്തിലെ തിരിച്ചറിവുള്ള എല്ലാ മനുഷ്യരെയും ബാധിക്കുന്ന വിഷയമാണത്. ജനാധിപത്യ സംവിധാനങ്ങളുടെ ഭാഗമാവാന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരാവകാശങ്ങളുടെ സംരക്ഷണം കൂടിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം സാധൂകരിക്കുന്നത്. രാഷ്ട്രീയ ബോധ്യങ്ങള്‍ പൗരന്‍റെ കടമയാണെന്ന് നമ്മെ ഓര്‍മ്മി്പ്പിച്ചത് മഹാ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. ڇകേ ശെ വേല റൗ്യേ ീള ല്ലൃ്യ രശശ്വേലി മരരീൃറശിഴ ീേ വശെ യലെേ രമുമരശ്യേ ീേ ഴശ്ല ്മഹശറശ്യേ ീേ വശെ രീി്ശരശേീി ശി ുീഹശശേരമഹ മളളമശൃെڈ(രാഷ്ട്രീയ വിഷയങ്ങളെ പറ്റിയുള്ള തന്‍റെ ബോധ്യം കഴിവിനനുസരിച്ച് സാധൂകരിക്കേണ്ടത് ഓരോ പൗരന്‍റെയും ചുമതലയാണ്). ഇത്തരം അടിസ്ഥാന ബോധ്യത്തില്‍ നിന്നാണ് കാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം നാം ചര്‍ച്ചക്കെടുക്കേണ്ടത.് ജനാധിപത്യത്തെ അര്‍ത്ഥ പൂര്‍ണവും പുരോഗമനോന്മുഖവുമാക്കുന്നതും ഒരു റിപ്പബ്ലിക്കിലെ ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷക സ്ഥാനത്ത് നില്‍ക്കേണ്ടതും പ്രബുദ്ധവും വിദ്യാസമ്പന്നവും രാഷ്ട്രീയമീമാംസയുടെ വൈവിധ്യമാര്‍ന്ന മേഖലകളിലെല്ലാം തികഞ്ഞ അവബോധവുമുള്ള യുവത്വമാണ്. പതിനെട്ട് വയസ്സ് പ്രായം വോട്ടവകാശത്തിനു മാനദണ്ഡമാക്കിയതിലൂടെ സമ്മതിദാനവകാശം രാഷ്ട്രീയ വിവേകത്തോടെ ഉപയോഗപ്പെടുത്തുന്ന ഒരു യുവതലമുറയുടെ സൃഷ്ടിപ്പും അതുവഴി സാര്‍ത്ഥകമായ ജനാധിപത്യ സംവിധാനങ്ങളുടെ സംസ്ഥാപനവുമാണ് നമ്മുടെ രാജ്യത്ത് ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ രാജ്യത്തെ കാമ്പസുകള്‍ക്കെല്ലാം ജനാധിപത്യ പ്രക്രിയയില്‍ അനല്‍പമായ പങ്കാണുള്ളതെന്ന് നിസ്സംശയം പറയാനാകും. ഈയൊരു അര്‍ത്ഥ തലത്തില്‍ നിന്ന് നമുക്ക് പരിശോധിക്കാം. കലാലയ രാഷ്ട്രീയം പകര്‍ന്ന് നല്‍കുന്ന സമ്പന്നമായ രാഷ്ട്രീയ ബോധത്തെ കുറിച്ച്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വന്നു ഭവിച്ച കാലുഷ്യങ്ങളെ കുറിച്ച്, അത് പരിഹരിക്കാനുതകുന്ന മാര്‍ഗങ്ങളുടെ നിര്‍വഹണത്തെ കുറിച്ച്, ഗൗരവമേറിയ ചില പുനരാലോചനകള്‍ ഇവിടെ ആവശ്യമായി വരുന്നുണ്ട്.
വിദ്യാര്‍ത്ഥി രാഷ്ട്രീയ ചരിത്രം വായിക്കുന്നു
ക്രിയാശേഷിയുള്ള ഒരു സമൂഹത്തിന്‍റെ സൃഷ്ടിപ്പിന് നിതാന്ത ജാഗ്രത പുലര്‍ത്തിയ ചരിത്രമാണ് വിദ്യാര്‍ത്ഥി സമൂഹത്തിനുള്ളത്. സംവാദാത്മകമായ അന്തരീക്ഷത്തിലൂടെ ധര്‍മത്തിനായി ശബ്ദമുയര്‍ത്തുക വഴി അറിവിലൂടെ ലക്ഷ്യം വെക്കുന്ന സാമൂഹിക ഉത്തരവാദിത്തങ്ങളുടെ നിര്‍വ്വഹണമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം സാധ്യമാക്കിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വര്‍ണ്ണ വിവേചനത്തിനെതിരെയും ഭരണകൂട നയ വൈകല്യങ്ങള്‍ക്കെതിരെയും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം ശക്തി പ്രാപിക്കുന്നത്. അമേരിക്കയുടെ മുപ്പത്തിയേഴാമത്തെ പ്രസിഡന്‍റ് എന്നതിലുപരി അധികാരത്തിലിരിക്കെ രാജി വെച്ച ഏക പ്രസിഡന്‍റായ റിച്ചാര്‍ഡ് നിക്സണെ അധികാര ഭ്രഷ്ടനാക്കിയത് വാട്ടര്‍ ഗേറ്റ് സംഭവമാണെന്ന് പറഞ്ഞവസാനിപ്പിക്കുന്നതിന് പകരം ചരിത്രം ഒരാവര്‍ത്തികൂടി പരിശോധിക്കേണ്ടതുണ്ട്.അമേരിക്കയുടെ വിയറ്റ്നാം അധിനിവേശത്തിനെതിരെ നിസ്സഹയരും നിരാലംബരുമായ ഒരു ജനതയോട് തങ്ങളുടെ രാഷ്ട്രം കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ ശബ്ദിച്ച കെന്‍റ് സ്റ്റേറ്റ് സര്‍വകലാശാലയിലെ നാല് വിദ്യാര്‍ത്ഥികള്‍ (അലിസ്സണ്‍ക്രൂസ്, സാന്ദ്ര ഷ്യൂര്‍, ജഫ്രി മില്ലര്‍, വില്ല്യം ഷ്രോഡര്‍)ക്കു നേരെ നിക്സണ്‍ന്‍റെ സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായ ഒഹിയോ നാഷണല്‍ ഗാര്‍ഡ് വെടിയുതിര്‍ത്ത് അവരുടെ ജീവന്‍ കവര്‍ന്നതായിരുന്നു രൂക്ഷമായ പ്രഷോഭങ്ങളുടെ തുടര്‍ച്ചയായി റിച്ചാര്‍ഡ് നിക്സണെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയത്.
ദേശീയ സ്വാതന്ത്ര്യ സമരത്തിന് ശക്തി പകര്‍ന്നത് തീക്ഷ്ണമായ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളാണെന്ന് ചരിത്രം കൃത്യമായി അവലോകനം ചെയ്യുമ്പോള്‍ നമുക്ക് ബോധ്യമാവും. ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ ബീഹാറിലും ഗുജറാത്തിലുമുണ്ടായ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളടക്കം പതിനായിരക്കണക്കിന് പഠിതാക്കളാണ് സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി വൈദേശികര്‍ക്കെതിരില്‍ കലാപമുയര്‍ത്തിയത്. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിയ ദേശീയ നേതാക്കളില്‍ പ്രചോദിതരായി തങ്ങളുടെ ദൗത്യത്തെ കുറിച്ച് ബോധ്യം വന്ന വിദ്യാര്‍ത്ഥി സമൂഹമാണ് കലാലയങ്ങളില്‍ നിന്നും ഇറങ്ങിവന്ന് സ്വതന്ത്ര്യ ഇന്ത്യക്കായി സമരഗീതം മുഴക്കിയത്. രാഷ്ടീയ ബോധമുള്ള യുവത്വം രാജ്യത്തിനനിവാര്യമാണെന്ന ചിന്തയാണ് ദേശീയ നേതാക്കളെ വിദ്യാര്‍ത്ഥി സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിച്ച ഘടകം. 1919 ഫെബ്രുവരിയില്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടന വേളയില്‍ വൈസ്രോയി ഹാര്‍ഡിംഗ്സ് പ്രഭു അടക്കമുള്ള വേദിയില്‍ രാഷ്ട്രപിതാവ് മഹാത്മജി വിദ്യാര്‍ത്ഥി സമൂഹത്തെ അഭിസംബോധനം ചെയ്ത് പറഞ്ഞ വാക്കുകള്‍ ഇവിടെ ചേര്‍ത്ത് മനസ്സിലാക്കാം. ڇ”രാജ്യത്തിന്‍റെ മോചനത്തിന് ഇംഗ്ലീഷുകാര്‍ പിന്മാറേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കുകയാണെങ്കില്‍ അവര്‍ സ്ഥലം വിടണമെന്ന് പ്രഖ്യാപിക്കാന്‍ ഞാനൊരിക്കലും മടിക്കില്ല. ആ വിശ്വാസത്തിന് വേണ്ടി മരിക്കാന്‍ സന്നദ്ധനാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്‍റെ വീക്ഷണഗതിയില്‍ അത് ആദരവോടെയുള്ള മരണമായിരിക്കും”. താന്‍ സംസാരിക്കുന്നത് നാളത്തെ ഭാരതത്തിന്‍റെ കാവല്‍ക്കാരോടാണെന്നും ചിന്തകളുടെയും വിചാരവിപ്ലവത്തിന്‍റെയും പണിശാലകളായ കലാലയങ്ങളില്‍ നിന്നാണ് മാറ്റത്തിന്‍റെ കാഹളങ്ങളും മനുഷ്യത്വത്തിന്‍റെ അമരഗീതികളും ഉയര്‍ന്നു കേള്‍ക്കേണ്ടതെന്നുമുള്ള ഉത്തമ ബോധ്യമായിരുന്നു മഹാത്മജിയുടെ വാക്കുകള്‍ക്ക് ശക്തി പകര്‍ന്നിരുന്നത്.
ദേശീയ സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായി തിളക്കമാര്‍ന്ന അധ്യായങ്ങള്‍ കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ ചരിത്രം നമ്മോട് പറഞ്ഞ് തരുന്നുണ്ട്. തിരുവിതാംകൂറും കൊച്ചിയും മലബാറുമടങ്ങിയ പഴയ കേരളത്തില്‍ 1882-ല്‍ ആരംഭിക്കുന്നതാണ് ഈ ചരിത്രം. അക്കാലത്ത് യൂണിവേഴ്സിറ്റി കാമ്പസില്‍ ഒത്തുചേര്‍ന്ന മൂന്ന് വിദ്യാര്‍ത്ഥികളുടെ ചൂഷണ വിരുദ്ധ സംവാദങ്ങളിലും അവരെഴുതിയ ലേഖനങ്ങളിലും തുടങ്ങുന്ന പ്രവര്‍ത്തനം, പതിനെട്ടുകാരനായ ജി. പരമേശ്വരന്‍ പിള്ള നേതാവായ എന്‍ രാമന്‍പിള്ളയും രംഗരായനും അടങ്ങിയ ഈ മൂവര്‍ സംഘം തന്നെയായിരുന്നു രാഷ്ട്രീയ കാരണങ്ങളാല്‍ കാമ്പസില്‍ നിന്ന് ആദ്യമായി പുറത്താക്കപ്പെട്ടത്. തുടര്‍ന്ന് 1916-ല്‍ ഹോംറൂള്‍ മൂവ്മെന്‍റിനെതിരെ പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണന്‍ കോളേജുകളില്‍ ക്ലാസ് ബഹിഷ്കരണങ്ങളും നടന്നു. 1921-ല്‍ വെയില്‍സ് രാജകുമാരന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരിലും കേരളത്തില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ അരങ്ങേറി. എ കെ ജിയുടെ ഗുരുവായൂര്‍ സത്യാഗ്രഹ ജാഥയെ സ്വീകരിക്കാനെത്തിയത് നാലായിരത്തിലധികം വിദ്യാര്‍ത്ഥികളായിരുന്നു. 1922-ല്‍ ഫീസ് വര്‍ധനക്കെതിരില്‍ നടത്തിയ മഹാ സമരവും ചരിത്രത്തില്‍ ഉണ്ട്. 1930-ലെ ഉപ്പ് സത്യാഗ്രഹ പ്രക്ഷോഭത്തിന്‍റെ തുടര്‍ച്ചയായിരുന്നു കേരളത്തിലെ ആദ്യത്തെ സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരളാ വിദ്യാര്‍ത്ഥി സംഘത്തിന്‍റെ പിറവി. ഭഗത് സിംഗിന്‍റെ വധശിക്ഷക്കെതിരില്‍ അവര്‍ പയ്യന്നൂരില്‍ പ്രക്ഷോഭം ഉയര്‍ത്തി. 1938-ല്‍ പ്രക്ഷോഭകര്‍ ദിവാന്‍റെ ലാത്തിച്ചൂടുമറിഞ്ഞു. കെ എസ് എഫിനു പിന്നാലെ കെ എസ് യു, എസ് എഫ് ഐ തുടങ്ങിയവ രൂപീകരിക്കപ്പെട്ടതോടെ കേരളത്തിലെ കലാലയ അന്തരീക്ഷം സമരമുഖരിതമായി. സര്‍ഗാത്മക വിദ്യാര്‍ത്ഥിത്വത്തിന്‍റെ ധിഷണാപരമായ മുന്നേറ്റങ്ങളാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ ചരിത്രം അനാവരണം ചെയ്യുന്നത്.
വര്‍ത്തമാന വിദ്യാര്‍ത്ഥി രാഷ്ട്രീയവും പ്രതിസന്ധികളും
മൂല്യാധിഷ്ടിത രാഷ്ടീയ ധര്‍മ്മത്തില്‍ നിന്നുള്ള വ്യതിചലനമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കിയത്. കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ തീക്ഷ്ണതയില്‍ വിദ്യാര്‍ത്ഥിരാഷ്ടീയത്തിന് കൈവന്ന ധൈഷണിക മൂല്യബോധം ഇടക്കെപ്പോഴോ കൈമോശം വന്നിരിക്കുന്നുവെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. കക്ഷി രാഷ്ടീയ പകപോക്കലുകളുടെയും അതിക്രമണങ്ങളുടെയും നിര്‍ലജമായ അധികാര മോഹങ്ങളുടെയും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെയാണ് ഇന്ന് കലാലയങ്ങള്‍ പ്രതിഫലിപ്പിക്കുന്നത.് അഭിമന്യുവിന്‍റെ കൊലപാതകത്തിലൂടെ ആ ശൈഥില്യങ്ങളുടെ മൂര്‍ത്തിരൂപം നാം ദര്‍ശിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കാള്‍ പിതൃസംഘടനകളുടെ കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാന്‍ പാടുപെടുന്നവര്‍ പ്രത്യക്ഷത്തില്‍ തന്നെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ കലാലയ രാഷ്ട്രീയ മധ്യത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അത്യന്തം അപകടകരമായ ഇത്തരം ഇടപെടലുകളില്‍ 1997ല്‍ ഹരിപാല്‍ സിംഗ് കേസില്‍ സുപ്രിം കോടതി നടത്തിയ നിരീക്ഷണം ഏറെ പ്രസക്തമാണ.് ڇ”രാഷ്ടീയ സംഘടനകള്‍ തങ്ങളുടെ വിദ്യാര്‍ത്ഥി യൂണിയനുകളുടെ യുവ തലമുറയെ വശീകരിക്കുന്നത് രാജ്യത്തിന്‍റെ ദുര്‍ഗതിയാണ് പാര്‍ട്ടി പരിപാടികള്‍ക്ക് ആളെ കൂട്ടാനുള്ള ഈ സംവിധാനത്തെ രാഷ്ട്രീയ മുക്തമാക്കേണ്ടതുണ്ട്”. കാമ്പസുകളില്‍ മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികള്‍ ഇടപെടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന 2006ലെ ലിന്‍റോ കമ്മിറ്റി നിര്‍ദ്ദേശവും ഇവിടെ ചേര്‍ത്ത് മനസ്സിലാക്കാണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകള്‍ മുലം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വിധേയത്വ സംസ്കാരവും അടിമത്വ സ്വഭാവവും കൈവന്നുവെന്നതിനു പുറമെ പണമൊഴുക്കി അക്രമങ്ങളിലൂടെ തിരഞ്ഞെടുപ്പുകളും സമരാഭാസങ്ങളും നടത്തി കലുഷിതാന്തരീക്ഷമായിക്കൊണ്ടിരിക്കുകയാണ് നവ കാമ്പസ് സാഹചര്യങ്ങള്‍. ഇതര വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തടഞ്ഞ് സര്‍ഗ്ഗാത്മക സംവാദങ്ങളുടെ വേദിയാവേണ്ട യൂണിയന്‍ ഓഫീസും ഹോസ്റ്റല്‍ മുറികളും ആയുധപ്പുരകളും ഇടിമുറികളുമാക്കി സമ്പന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ ചരിത്രത്തിന്‍റെ അന്തകരാവാന്‍ ആധുനിക വിദ്യാര്‍ത്ഥിത്വം ശ്രമിക്കുന്നുണ്ടോയെന്നത് ന്യായമായ സംശയമാണ്. ആധുനിക വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ നയ വൈകല്യങ്ങള്‍ സാമൂഹിക അനിവാര്യതയായ രാഷ്ട്രീയ ബോധമുള്ള സമൂഹത്തിന്‍റെ സൃഷ്ടിപ്പിന് വിഘാതമാകുന്ന രൂപത്തില്‍ നീതിപീഠ ഇടപെടലുകള്‍ക്ക് പലപ്പോഴും കാരണമായി എന്നുള്ളത് ഗൗരവമായി ചിന്തിക്കേണ്ട ഒരു സമസ്യയായി അവശേഷിക്കുന്നുണ്ട്.

ഒരു ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയില്‍ രാഷ്ടീയത്തിന്‍റെ ബാലപാഠങ്ങള്‍ അറിയുകയെന്നത് പൗര ജനങ്ങളുടെ ജന്മാവകാശമാണെന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയം ശ്വസിക്കാത്ത ഒരു സമൂഹത്തിന് ഒരു നല്ല രാജ്യത്തെ സൃഷ്ടിക്കാനാവില്ലെന്നത് തീര്‍ച്ചയാണ് . ഭരണകൂടത്തിന്‍റെയും മാനേജ്മെന്‍റിന്‍റെയുമൊക്കെ നയ വൈകല്യങ്ങളോട് സമരസപ്പെടാത്ത, സംവാദാത്മകമായ ഇടപെടലുകളോടെ ധര്‍മ്മത്തിന് വേണ്ടി ശബ്ദിക്കുന്നവരെയാണ് രാജ്യത്തിന്‍റെ ഭാവിക്കായി കരുതിവെക്കേണ്ടത്. ڇനാളെയുടെ ഭാവി പരുവപ്പെടുന്നത് ഇന്നത്തെ ക്ലാസ് റൂമുകളില്‍ നിന്നാണെന്നڈ എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ നിരീക്ഷണത്തിന്‍റെ കാതലും ഇതുതന്നെയാണ്. അതിനാല്‍ തന്നെ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെയും ചോദ്യം ചെയ്യലുകളുടെയും പുതിയ ചിന്താ പദ്ധതികള്‍ക്കും ഗവേഷണങ്ങള്‍ക്കും കളമൊരുക്കേണ്ട സ്വതന്ത്ര ഇടങ്ങളായി കാമ്പസുകള്‍ മാറേണ്ടതുണ്ട്.ڇചിന്തകള്‍ക്ക് മേല്‍ വിലങ്ങില്ലാത്തതാവണം കാമ്പസ്ڈ എന്ന് രാജ്യത്തെ പഠിപ്പിച്ച ജവഹര്‍ലാല്‍ നെഹ്റുവും ഈ വിശാല സമീപനത്തിലേക്കാണ് നമ്മെ ക്ഷണിച്ചിട്ടുള്ളത്. പക്ഷേ ഇത്തരം ചിന്താധാരകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ അരാജകത്വത്തിലേക്ക് വഴിമാറി സഞ്ചരിക്കുമ്പോഴാണ് നിയന്ത്രണവും, നിരോധനവുമൊക്കെ ആവശ്യങ്ങളായി ഉയര്‍ന്നു വരുന്നത്. അഭിമന്യുവിന്‍റെ കൊലപാതകത്തിനു ശേഷം ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം, ജസ്റ്റിസ് കമാല്‍ പാഷ തുടങ്ങിയവരൊക്കെ രൂക്ഷമായ ഭാഷയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ ശബ്ദിച്ചു കഴിഞ്ഞു. വിദ്യാഭ്യാസവും രാഷ്ട്രീയ പ്രവര്‍ത്തനവും മൗലിക അവകാശങ്ങളാണെന്നിരിക്കെ ഇതു തമ്മിലുള്ള ഇടചേരലിലെ വൈരുദ്ധ്യങ്ങളെ പക്വതയോടെ സമീപിക്കുന്നതിന് പകരം പൗര സ്വാതന്ത്ര്യത്തിന് തടയിടലാണ് നിരോധനത്തിലൂടെ സംഭവിക്കുകയെന്ന മറുവാദവും ശക്തമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 ന് പൊന്നാനി എം.ഇ.എസ് കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിനെതിരെയുള്ള മാനേജ്മെന്‍റിന്‍റെ ഹരജിയില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന നവനീതിപ്രസാദ് സിംഗും ജസ്റ്റിസ് രാജവിജയരാഘവനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള വിധി പ്രസ്താവ്യം നടത്തിയത് ഏറെ സംവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മുമ്പുള്ള വിധികളില്‍ നിന്നും വിഭിന്നമായി കര്‍ശന സ്വഭാവത്തോടെ കോടതി പറഞ്ഞുവെച്ച കാര്യങ്ങള്‍ ഇങ്ങനെയാണ്.ڇ’കലാലയങ്ങള്‍ പഠിക്കാന്‍ മാത്രമുള്ളതാണ്. രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ക്ക് പുറത്തു പോവാം. കലാലയങ്ങള്‍ക്കകത്തും പുറത്തും നടക്കുന്ന സമരങ്ങളും സത്യാഗ്രഹങ്ങളും അവസാനിപ്പിക്കാന്‍ മാനേജ്മെന്‍റിന് പോലീസിന്‍റെ സഹായം തേടാം’. വിദ്യാര്‍ത്ഥി സമരങ്ങള്‍ ക്രമ സമാധാന പ്രശ്നമായി ഊതി വീര്‍പ്പിച്ച് പോലീസ് ഇറങ്ങി അടിച്ചൊതുക്കേണ്ട അതിക്രമമായി നിരീക്ഷിക്കുകയാണ് കോടതി ചെയ്തിട്ടുള്ളത്.
നിരോധനാനന്തര കാമ്പസ് ജീവിതവും ചില പുനരാലോചനകളും
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഏറെ പ്രശ്ന വശങ്ങളുണ്ടെങ്കിലും അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന അരാജകത്വ അവസ്ഥയെ കുറിച്ച് നിരോധനം പറയുന്നതിനു മുമ്പ് ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കേണ്ടതുണ്ട്. ചോറ്റു പാത്രങ്ങളും പുസ്തകങ്ങളുമായി മാത്രം കലാലയത്തിലെത്തിയാല്‍ മതിയെന്ന് പറയുന്നതെത്ര വങ്കത്തരമാണ്. സ്വാശ്രയ മുതലാളിമാരും വിദ്യാഭ്യാസ കച്ചവടക്കാരും തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പാക്കുന്നതിന് വിദ്യാര്‍ത്ഥി പ്രതിരോധങ്ങള്‍ വിലങ്ങ്തടിയായി തിരിച്ചറിഞ്ഞവരാണ്. മാനേജ്മന്‍റുകളുടെ പ്രതിലോമ രാഷ്ട്രീയത്തിനു മുന്നില്‍ എല്ലാ സര്‍ഗാത്മക, പുരോഗമന, നൂതന രാഷ്ട്രീയ ആശയങ്ങളും പ്രവര്‍ത്തനങ്ങളും വെറുക്കപ്പെട്ടതായി മാറുന്നു. യുവതലമുറയുടെ സൃഷ്ടിപരമായ ഊര്‍ജ്ജസ്വലതയെ വര്‍ഗ്ഗീയ മാനേജ്മന്‍റുകളുടെ ഹൃദയശുന്യമായ താല്‍പര്യങ്ങള്‍ക്ക് വിട്ടു കൊടുത്താല്‍ ഉണ്ടാകുന്ന ഫലങ്ങള്‍ ഭീകരമായിരിക്കും. കാമ്പസുകളില്‍ ഇടിമുറികളും ലൈം ഗിക ചൂഷണങ്ങളുമെല്ലാം യഥേഷ്ടം അരങ്ങേറും. അരാഷ്ട്രീയതയും അരാജകത്വവും മത തീവ്രവാദവും കാമ്പസുകളിലെ സര്‍ഗാത്മകതയെ തല്ലിക്കെടുത്തുമെന്നത് തീര്‍ച്ചയാണ്. സമരോത്സുകമായ രാഷ്ട്രീയ സംസ്കാരത്തിനു പകരം ലഹരിയുടെയും കേവലമായ ആനന്ദാന്വേഷണത്തിന്‍റെയും പറൂദീസകളായി കലാലയങ്ങള്‍ അധപതിക്കും. രജ്ഞിനി എസ് ആനന്ദ് മുതല്‍ ജിഷ്ണു പ്രണോയി വരെ നീളുന്ന സ്വാശ്രയ മുതലാളിത്ത വിദ്യാഭ്യാസ കച്ചവടത്തിന്‍റെ ഇരകളുടെ ലിസ്റ്റിലേക്ക് പുതിയ പേരുകള്‍ വന്നുകൊണ്ടിരിക്കും. വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ രീതിയിലേക്കും അതു വഴി സാംസ്കാരികമായി അപചയത്തിലേക്കും ചെന്ന് പതിക്കും. ഇവിടെയാണ് ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പറഞ്ഞു വെച്ചതു പോലെ തിരുത്തല്‍ ശക്തികളായി വിദ്യാര്‍ത്ഥികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. ദേശീയ തലത്തില്‍ പുത്തനുണര്‍വ് നേടിയ വിദ്യാര്‍ത്ഥിത്വം രാജ്യത്തെ പ്രമുഖ കാമ്പസുകളില്‍ നാളത്തെ ഭാരതത്തിനു വേണ്ടി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. രോഹിത് വെമുലയുടെ ആത്മബലിയില്‍ നിന്ന് ഉള്‍ക്കൊണ്ട ഊര്‍ജ്ജവുമായാണ് അവര്‍ നജീബ് എവിടെ എന്ന് ഉച്ചത്തില്‍ ചോദിച്ചത് വര്‍ഗ്ഗീയ ഫാഷിസത്തെ വെല്ലുവിളിച്ച് ഭരണകക്ഷിക്ക് പോലും തലവേദനകള്‍ സൃഷ്ടിച്ചത്. ഈ ഒരു ഉണര്‍വ്വ് ആര്‍ജ്ജിക്കുന്നതിനു പകരം പരസ്പരം പ്രതികാര ദാഹത്തോടെ അക്രമിച്ച് ചോരപ്പുഴ ഒഴുക്കുവാന്‍ കേരളീയ വിദ്യാര്‍ത്ഥിത്വം ശ്രമിക്കുന്നുവെന്നത് നിരാശ പകരുന്ന കാര്യമാണ്.ഇവിടെ ചില പുനരാലോചനകള്‍ വിദ്യാര്‍ത്ഥി സംഘടനകളുടെയും അവരുടെ മാതൃസംഘടനകളുടെയും ഭാഗത്തു നിന്നുണ്ടാകണം.കാമ്പസ് രാഷ്ട്രീയം സര്‍ഗാത്മകവും ക്രിയാത്മകവുമായി നവീകരിക്കേണ്ടതുണ്ട്.വിദ്യാര്‍ത്ഥികളുടെ കാതലായ പ്രശ്നങ്ങള്‍ക്ക് താത്വികമായ പരിഹാരം കാണാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കാവണം.ആഭാസകരമായ സമരമുറകള്‍ക്കും,അനാവശ്യ പ്രമേയങ്ങള്‍ക്കും പകരം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന സംവാദാത്മക പൊതു ഇടങ്ങളായി കലാലയങ്ങള്‍ മാറേണ്ടതുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങളുടെ സൃഷ്ടിപ്പിനായി ഭരണകൂടവും നീതി പീഠവുമെല്ലാം അനുകൂല സമീപനങ്ങള്‍ സ്വീകരിക്കല്‍ അനിവാര്യമാണ്.ധിഷണയുള്ള,രാഷ്ട്രീയബോധമുള്ള നാളെയുടെ നല്ല പൗരന്മാരെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമായ കലാലയങ്ങളാണ് കാലത്തിനാവശ്യം.
ഇര്‍ഷാദ് എടവണ്ണപ്പാറ

Write a comment