Posted on

പുണ്യ തീര്‍ത്ഥാടനത്തിന്‍റെ ഇടനാഴികകള്‍

സൂഫിവര്യന്മാരുടെ കൃതികള്‍ പരിശോധിക്കുമ്പോള്‍ ആരാധന കര്‍മ്മങ്ങളെ മൂന്ന് ഇനങ്ങളാക്കിയത് കാണാം. ശരീരത്തിന്‍റെ മാത്രം ബാധ്യതകളായതും സമ്പത്തുമായി ബന്ധപ്പെട്ടതും ശരീരവും സമ്പത്തുമായി ഒരു പോലെ സന്ധിക്കുന്നതുമായ മൂന്നെണ്ണമാണത്. ശരീരത്തെ മാത്രം അവലംബിക്കേണ്ട കര്‍മ്മമാണ് നിസ്ക്കാരം. സമ്പത്തുമായി മാത്രം ബന്ധപ്പെടുന്നത് സക്കാതും. എന്നാല്‍ സമ്പത്തും ശരീരവും ഒരു പോലെ സജ്ജമാക്കുമ്പോള്‍ മാത്രം നിര്‍വഹിക്കപ്പെടുന്ന ഒരു ആരാധനാകര്‍മ്മമാണ് ഹജ്ജ് തീര്‍ത്ഥാടനം. ഈയര്‍ത്ഥത്തില്‍ മറ്റെല്ലാ കര്‍മ്മങ്ങളേക്കാളും പുണ്യതീര്‍ത്ഥാടനത്തിന് പവിത്രത കല്‍പിച്ച പണ്ഡിതന്മാര്‍ നിരവധിയുണ്ട്.
കഅ്ബയുടെ പുനര്‍നിര്‍മ്മാണം കഴിഞ്ഞ ശേഷം നാഥന്‍ ഇബ്റാഹിം നബി(അ)യോട് കല്‍പ്പിച്ചു: “ജനസമക്ഷത്തില്‍ ചെന്ന് അങ്ങ് ഹജ്ജ് തീര്‍ത്ഥാടനം വിളംബരം ചെയ്യുക. കാല്‍നട യാത്രക്കാരായും വിദുര ദിക്കുകളിലെ മലമ്പാതകള്‍ താണ്ടുന്ന ഒട്ടകപ്പുറങ്ങളേറിയും അവര്‍ അങ്ങയുടെ സമീപം വന്നുകൊള്ളും”(സൂറത്തുല്‍ ഹജ്ജ്) പ്രസ്തുത സംഭവം മഹാനായ ഇബ്നു അബ്ബാസ്(റ) വിശദീകരിക്കുന്നു: ഇബ്റാഹിം(അ) കഅ്ബ നിര്‍മ്മാണം നടത്തിയ ഉടന്‍ പറഞ്ഞു: നാഥാ, നിര്‍മ്മാണ പ്രക്രിയ അവസാനിച്ചു. “എങ്കില്‍ ജനസ്സഹശ്രത്തെ പുണ്യഗേഹത്തിലേക്ക് ക്ഷണിക്കൂ. നാഥന്‍ പ്രതിവചിച്ചു. ഇബ്റാഹിം നബി തിരിച്ചു ചോദിച്ചു: മുഴുവന്‍ സൃഷ്ടികളിലേക്കും എന്‍റെ ചെറിയ ശബ്ദം എത്തുന്നതെങ്ങനെ? അല്ലാഹു പറഞ്ഞു: നിങ്ങള്‍ വിളിച്ചാല്‍ മതി. കേള്‍പ്പിക്കുന്നത് സര്‍വ്വജ്ഞനായ അല്ലാഹുവാണ്. ഇബ്റാഹിം(അ) ചോദിച്ചു: റബ്ബേ, ഞാനെന്താണ് പറയേണ്ടത്? അവിടുന്ന് മറുപടി കൊടുത്തു: ജനങ്ങളേ, പുണ്യഗേഹത്തിലേക്കുള്ള തീര്‍ത്ഥാടനം നിങ്ങളുടെ മേല്‍ ഐഛിക കര്‍മ്മമാക്കപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങള്‍ പറയുക. തല്‍ഫലമായി ആകാശഭൂമികള്‍ക്കിടയിലുള്ള സകലചരാചരങ്ങളും നിങ്ങളുടെ വിളിയാളം കേള്‍ക്കുകയും വിദൂരദിക്കുകളിലെ ജനങ്ങള്‍ പാരാവാരം കണക്കെ അങ്ങയുടെ സമീപത്തെത്തുകയും ചെയ്യും'(മുസ്വന്നഫ് ഇബ്നു അബീശൈബ, ബൈഹഖി, ഹാകിം)
നാഥന്‍റെ അരുള്‍ കിട്ടിയയെ ഇബ്റാഹിം(അ) ‘അബീഖുബൈസ്’ പര്‍വ്വതത്തിന്‍റെ ഉച്ചിയിലേക്ക് ഓടിക്കയറുകയും കാതില്‍ വിരലുകള്‍ വെച്ച് ഉച്ചത്തില്‍ വിളിച്ചു പറയുകയും മറുപടിയായി ഭൂമിയിലെ സര്‍വ്വ ശിലകളും വൃക്ഷങ്ങളും കൂണുകളുമടക്കം മുതുകുകളിലുള്ള ശുക്ലങ്ങളും ഉദരങ്ങളിലുള്ള പൈതങ്ങളും വരെ പ്രസ്തുത വിളിയാളത്തിന് ‘ലബ്ബൈക്ക’ ചൊല്ലി പ്രത്യുത്തരം നല്‍കിയെന്നതാണ് ചരിത്രപക്ഷം. ആദ്യമായി പ്രതികരിച്ചത് യമനികളായിരുന്നുവത്രെ! ഇന്ന് ഹജ്ജ് കര്‍മ്മത്തിനായി പോകുന്നവരെല്ലാം ആ വിളിയാളത്തിന് ഉത്തരം നല്‍കിയവരാണ്(ഇബ്നുഹാതിം). ആ വിളിയാളം ഇബ്റാഹിം(അ) നിര്‍വ്വഹിച്ചത് ഒരു കപ്പലില്‍(മഖാമു ഇബ്റാഹീമില്‍) കയറിയാണെന്നും തത്സമയം അവിടുത്തെ പരിശുദ്ധ കാല്‍പ്പാടുകള്‍ അതില്‍ പതിഞ്ഞുവെന്നും, പില്‍ക്കാലത്ത് ഈ ശില കാണുമ്പോള്‍ മഹനുഭാവന്‍റെ വിളിയാളം വിശ്വാസി ഹൃദയങ്ങളെ തരളിതമാക്കാനായി നാഥന്‍ അതിനെ സംരക്ഷിച്ചതാണെന്നും പണ്ഡിതലോകത്തിന് അഭിപ്രായമുണ്ട്.
ഹജ്ജിനെത്തുന്ന വിശ്വാസികളെ വഴിപ്പിഴപ്പിക്കാന്‍ പിശാച് കഠിന ശ്രമം നടത്തും. അവന്‍റെ കെണിവലകളില്‍ അകപ്പെടാതെ പുണ്യതീര്‍ത്ഥാടനം നടത്താന്‍ വിശ്വാസി ഹൃദയങ്ങള്‍ കൂടുതല്‍ ദൃഢമാവേണ്ടതുണ്ട്. ‘അവരുടെ സത്യമാര്‍ഗ്ഗത്തില്‍ ഞാന്‍ ഇരിപ്പുറപ്പിക്കുമെ’ന്ന ഖുര്‍ആന്‍ പഠിപ്പിച്ച ഇബ്ലീസിന്‍റെ വാചകത്തെ വിശദീകരിച്ച വ്യാഖ്യാതാക്കള്‍ പറഞ്ഞത്, ‘സത്യമാര്‍ഗ്ഗം’ കൊണ്ടുള്ള ഉദ്ദേശ്യം മക്കയിലേക്കുള്ള പാതയാണെന്നാണ്. അവിടെ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് വിലങ്ങ് സൃഷ്ടിച്ചായിരിക്കും അവന്‍റെയിരുത്തം. അതുകൊണ്ട് തന്നെയാണ് നബി(സ) ഇങ്ങനെ പഠിപ്പിച്ചത്: ‘ഒരാള്‍ പുണ്യഭൂമികയിലേക്ക് തീര്‍ത്ഥാടനം നടത്തുകയും ഇഹ്റാമിലായിരിക്കെ തന്‍റെ പ്രിയതമയോട് വൈകാരികമായി ശൃംഖരിക്കാതിരിക്കുകയും നികൃഷ്ട ചെയ്തികള്‍ നടത്താതിരിക്കുകയും ചെയ്താല്‍ അവന്‍ പ്രസവിക്കപ്പെട്ട കുഞ്ഞിനെപ്പോലെ പരിശുദ്ധനായിത്തീരും'(ഇഹ്യ 4/456)
അറഫയില്‍ ഹാജിമാര്‍ സംഗമിക്കുന്ന നേരത്ത് തെറ്റുകളെ കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയാല്‍ ഇബ്ലീസിന്‍റെ വഞ്ചനയില്‍ രക്ഷപ്പെടും. അവിടെ വെച്ച് അവന്‍ വിഷണ്ണനാകുന്നതിനെക്കാള്‍ മറ്റൊരിടത്തും അവനാകാറില്ല. നബി(സ്വ) പറഞ്ഞു: ‘അറഫ ദിവസത്തെക്കാള്‍ പിശാച് നീചനും നിസ്സാരനും നിന്ദ്യനുമാകുന്ന മറ്റൊരു ദിനവുമില്ല. അറഫയില്‍ സംഗമിക്കുന്നവര്‍ക്കുള്ള പ്രപഞ്ച നാഥന്‍റെ അനുഗ്രഹ വര്‍ഷവും, പാപമോക്ഷം നല്‍കിയുള്ള അവന്‍റെ കടാക്ഷവും കാണുമ്പോള്‍ സഹിക്കവയ്യാത്തതു കൊണ്ടാണത്'(ഇത്ഹാഫുസ്സാദതില്‍ മുത്തഖീന്‍ 4/457) അറഫ സംഗമത്തിലൂടെ നിരവധി പാപങ്ങള്‍ക്ക് മോക്ഷം വരുത്തപ്പെടുമത്രെ. അതുകൊണ്ട് തന്നെയാകണം പൂര്‍വ്വഗാമികളില്‍ നിന്ന് ഇപ്രകാരം കേള്‍ക്കപ്പെട്ടത്; ‘പാപങ്ങളുടെ കൂട്ടത്തില്‍ അറഫ സംഗമം കൊണ്ടല്ലാതെ പൊറുക്കപ്പെടാത്തവ നിരവധിയുണ്ട്’. ഒരിക്കല്‍ അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാരിലൊരാള്‍ ശപിക്കപ്പെട്ട പിശാചിനെ മനുഷ്യരൂപേണ അറഫയില്‍ കണ്ടുവത്രെ. മെലിഞ്ഞ് വിളറിയതും മഞ്ഞനിറം പ്രാപിച്ചതുമായ ആകാരവും കണ്ണീര്‍ വാര്‍ന്ന് ചീര്‍ത്ത നയനങ്ങളും ശുഷ്കിച്ച് കോടിയ മുതുകുമായിരുന്നു അന്നവന്‍റെ രൂപം. രംഗം ദര്‍ശിച്ച മഹാന്‍ പിശാചിനോട് ചോദിച്ചു: നിന്‍റെ കണ്ണുകളെ അശ്രു പൊഴിപ്പിച്ച കാര്യമെന്താണ്? പിശാച് പറഞ്ഞു: കച്ചവട താല്‍പര്യങ്ങളൊന്നുമേശാതെയുള്ള നിഷ്കളങ്കരായ തീര്‍ത്ഥാടകരുടെ ആഗമനമാണെന്നെ ദുഖിതനാനാക്കിത്തീര്‍ത്തത്. അല്ലാഹു പാപനിബദ്ധരായി തങ്ങളെ മടക്കി അയക്കരുതെന്ന അവരുടെ ഹൃദയസ്പര്‍ശിയായ തേട്ടവും എന്നെ അത്യധികം അലോസരപ്പെടുത്തുന്നു. മഹാന്‍ തിരിച്ചു ചോദിച്ചു: നിന്‍റെ ശരീരത്തെ അനാരോഗ്യവതിയാക്കിയ സംഗതിയെന്താണ്? ഇബ്ലീസിന്‍റെ പ്രതിവചനം: തീര്‍ത്ഥാടകര്‍ ഹജ്ജിനായ വരുന്ന കുതിരകളുടെ ശ്വാസനിശ്വാസങ്ങളാണ്. അവര്‍ കുതിരയോടിക്കുന്നത് എന്‍റെ ഇംഗിതങ്ങളിലേക്കായിരുന്നുവെങ്കില്‍ അതെനിക്ക് സംതൃപ്തി പകരുമായിരുന്നു. വീണ്ടും ചോദ്യമാവര്‍ത്തിച്ചു: നിന്‍റെ ശരീരവര്‍ണ്ണത്തെ പകര്‍ച്ചവരുത്തിയ കാര്യമെന്താണ്? പിശാച്: ഹാജിമാരുടെ ഐക്യഖണ്ഡേനയുള്ള സഹായ സഹകരണങ്ങളും ഒരുമയുമാണവ. മഹാന്‍ വീണ്ടും ആരാഞ്ഞു: നിന്‍റെ മുതുകിനെ ശുഷ്കിപ്പിച്ച വസ്തുതയെന്താണ്? പിശാച്: അന്ത്യം നന്നാക്കിത്തരണമേയെന്ന അടിമകളുടെ കരളലിയിപ്പിക്കുന്ന പ്രാര്‍ത്ഥനയാണതിന് കാരണം(ഇഹ്യ 4/458)
ഹജ്ജിനായി പുറപ്പെടുകയും വഴിമധ്യേ മൃതുപ്രാപിക്കുകയും ചെയ്തവരെക്കുറിച്ച് നിര്‍ഭാഗ്യവാന്മാരെന്ന് വിധിയെഴുതാന്‍ അശേഷം പഴുതില്ല. കാരണം നബി(സ്വ) പറയുന്നു: ‘ആരെങ്കിലും ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് വീട്ടില്‍ നിന്ന് പുറപ്പെടുകയും വഴിമധ്യേ ചരമമടയുകയും ചെയ്താല്‍ അന്ത്യനാള്‍ വരെ തീര്‍ത്ഥാടനം നടത്തിയതിനു തുല്യം അവന് പ്രതിഫലം നല്‍കപ്പെടും’. ഇരു ഹറമുകളില്‍ വെച്ച് ആരെങ്കിലും മൃത്യുവരിച്ചാല്‍ പാരത്രികലോകത്ത് അവന്‍ വിചാരണക്ക് പാത്രീഭൂതനാക്കപ്പെടുകയില്ല. സന്തോഷാധിക്യത്താല്‍ സ്വര്‍ഗ്ഗം പുല്‍കിക്കോളൂ എന്ന് അവനോട് പറയപ്പെടുകയും ചെയ്യും. അതിനാല്‍ തന്നെ ‘രണ്ടിലൊരു ഹറമില്‍ വെച്ച് മരിച്ചവന് എന്‍റെ ശുപാര്‍ശ നിര്‍ബന്ധമായി, അന്ത്യനാളിലവന്‍ നിര്‍ഭയനായിരിക്കുമെ’ന്ന് മുത്ത് നബി(സ്വ) പഠിപ്പിച്ചത്. ഹജ്ജിനായി തപിക്കുന്ന ഹൃദയങ്ങളായിട്ടുപോലും അതിനുള്ള സൗഭാഗ്യം ലഭിക്കാതെ പോയവര്‍ നിരവധിയാണ്. തന്മൂലം അവസരം ലഭിച്ചവര്‍ ഭാഗ്യവാന്മാരാണെന്ന കാര്യത്തില്‍ സന്ദേഹമില്ല. കിട്ടിയ അവസരം കാര്യക്ഷമമാക്കാന്‍ വിശ്വാസികള്‍ ജാഗരൂഗരാകേണ്ടതുണ്ട്. ‘സ്വീകാര്യയോഗ്യമായ ഹജ്ജ് ഇരുലോകത്തെക്കാളും അതിലുള്ള വസ്തുവഹകകളേക്കാളും ശ്രേഷ്ടമാണ്. അതിന് നാഥനില്‍ നിന്നുള്ള സ്വര്‍ഗ്ഗീയ സഹവാസമല്ലാതെ പ്രതിഫലമില്ലെ’ന്നാണ് തിരുപാഠം. ഹജ്ജും ഉംറയും നിര്‍വ്വഹിക്കുന്നവര്‍ പ്രപഞ്ച നാഥന്‍റെ പ്രതിനിധികളും സന്ദര്‍ഷകരുമാണ്. അവര്‍ ചോദിക്കുന്നതെന്തും അവന്‍ സാധൂകരിക്കും. പാപമോചനമിരന്നാല്‍ പരിപൂര്‍ണ്ണ പാപമുക്തി നല്‍കും. അവന്‍റെ ഇരവുകള്‍ക്ക് പ്രത്യുത്തരം ചെയ്യും. ശുപാര്‍ശ തേടിയാല്‍ അതും നല്‍കുമെന്ന് തിരുനബി പഠിപ്പിച്ചതായി ഇബ്നുമാജയും ഇബ്നുഹിബ്ബാനും ഉദ്ദരിച്ച ഹദീസില്‍ കാണാം.
അറ്റമില്ലാത്തത്ര പാപങ്ങള്‍ അറഫയില്‍ വെച്ച് പൊറുക്കപ്പെടുമെന്ന് മാത്രമല്ല, പൊറുക്കില്ലെന്ന് വിശ്വസിക്കല്‍ പോലും കുറ്റമാണെന്ന് പണ്ഡിതന്മാര്‍ പഠിപ്പിച്ചു. നാഥന്‍റെ ഹൃദയ വിശാലതയെ അടിവരയിടുകയാണ് പ്രസ്തുത വാചകങ്ങള്‍. അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് പ്രവേശിക്കാനൊരുങ്ങവെ ഇബ്നു മുബാറക്ക് എന്ന മഹാനോട് ഒരാള്‍ ചോദിച്ചു: ഇവിടെയും പാപനിബദ്ധരായ വല്ലവരെയും ദര്‍ശിക്കാനൊക്കുമോ? അദ്ദേഹം പറഞ്ഞു: ഇവിടെ വെച്ച് നാഥന്‍റെ പാപമോക്ഷം ലഭിക്കില്ലെന്ന് വിശ്വസിക്കുന്നവര്‍ അത്തരക്കാരില്‍ പെട്ടവരാണ്(മുസ്നദ്)
ത്വവാഫിന്‍റെ പുണ്യങ്ങള്‍ നിരവധിയാണ്. നബി(സ്വ) പഠിപ്പിച്ചു: ‘വിശുദ്ധ കഅ്ബയുടെ മുകളില്‍ ദിവസം തോറും അല്ലാഹുവിന്‍റെ നൂറ്റി ഇരുപത് അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നുണ്ട്. അതില്‍ അറുപതെണ്ണം പുണ്യഗേഹത്തെ വലയം വെക്കുന്നവര്‍ക്കാണ്. ശേഷിക്കുന്നതില്‍ നാല്‍പത് നിസ്കരിക്കുന്നവര്‍ക്കും ഇരുപത് കഅ്ബ പരിപാലിക്കുന്നവര്‍ക്കുമാണ്'(ഇബ്നു ഹിബ്ബാന്‍) ഇക്കാരണത്താല്‍ തന്നെ നിങ്ങള്‍ ത്വവാഫിനെ അധികരിപ്പിക്കുക, അന്ത്യനാളില്‍ നിങ്ങളുടെ നന്മകള്‍ രേഖപ്പെടുത്തിയ ഗ്രന്ഥത്തില്‍ ഏറ്റവും ശ്രേഷ്ടകര്‍മ്മമായി അതിനെകാണപ്പെടുമെന്നാണ് ആദ്ധ്യാത്മിക പണ്ഡിതവര്യര്‍ പഠിപ്പിച്ചത്. ഹജ്ജും ഉംറയും ഐഛികമാക്കപ്പെടുന്നതിന്‍റെ വളരെക്കാലം മുമ്പ് തന്നെ ത്വവാഫ് പുണ്യമാക്കപ്പെട്ടത് ഈയൊരു ശ്രേഷ്ടത കൊണ്ടായിരിക്കണം. പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു: ‘നഗ്ന പാദവും ശിരസ്സുമായി പുണ്യഭവനത്തെ ഏഴു പ്രാവശ്യം വലയം ചെയ്തവന് ഒരു അടിമയെ സ്വതന്ത്രനാക്കിയ പ്രതിഫലമുണ്ട്’.
തിമിര്‍ത്തു പെയ്യുന്ന പേമാരിയില്‍ നനഞ്ഞു കുതിര്‍ന്ന് ത്വവാഫ് ചെയ്തവന്‍റെ പൂര്‍വ്വ പാപങ്ങളെല്ലാം അക്കാരണത്താല്‍ മായ്ക്കപ്പെടും. അബീ അഖാല്‍ എന്ന മഹാന്‍ പറയുന്നു: കോരിച്ചൊരിയുന്ന മഴയില്‍ അനസുബ്നു മാലികി(റ)ന്‍റെ കൂടെ ഞാന്‍ ത്വവാഫ് ചെയ്തു. മഖാമു ഇബ്റാഹീമില്‍ ചെന്ന് രണ്ടു തവണ ശ്രാഷ്ടാംഗം പ്രണമിച്ചു. ഉടന്‍ അനസ്(റ) പറഞ്ഞു: സല്‍കര്‍മ്മങ്ങള്‍ അധികരിപ്പിച്ചോളൂ.. നാഥന്‍ നിങ്ങള്‍ക്ക് പരിപൂര്‍ണ്ണ പാപമുക്തി നല്‍കിയിരിക്കുന്നു. ഞാന്‍ തിരുനബിയോടൊത്ത് പുണ്യഭവനം ത്വവാഫ് ചെയ്തപ്പോള്‍ അവിടുന്ന് ഇപ്രകാരമായിരുന്നു പറഞ്ഞിരുന്നത്.
ത്വവാഫ് ചെയ്യുന്നവന്‍റെ ഓരോ ചവിട്ടടികള്‍ക്കും ഒരു ‘ഹസനത്’ പുണ്യം നാഥന്‍റെയടുക്കല്‍ രേഖപ്പെടുത്തിയിട്ടല്ലാതെ തീര്‍ത്ഥാടകന്‍ അവന്‍റെ പാദങ്ങള്‍ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്നില്ലെന്നാണ് ഹദീസുകള്‍ പഠിപ്പിക്കുന്നത്. ത്വവാഫ് ചെയ്യുന്നവന് സ്വന്തമായി നേട്ടങ്ങളുണ്ടെന്ന പോലെത്തന്നെ അവന്‍റെ സമീപസ്ഥര്‍ക്കുപോലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നു. അറഫാ സംഗമത്തിനിടെ ഒരടിമക്ക് നാഥന്‍ പൊറുക്കുന്നുവെങ്കില്‍ തത്സമയം തന്നെ അറഫാ മൈതാനിയിലെ അവന്‍റെ സമീപസ്ഥര്‍ക്കെല്ലാം ഓരോ പാപം വീതം പൊറുക്കപ്പെടുമത്രെ! ഹജ്ജ് പൂര്‍ത്തീകരിച്ച ഒരു തീര്‍ത്ഥാടകന്‍റെ ഇരവുകള്‍ക്ക് ദുല്‍ഹജ്ജ് മാസം തൊട്ട് മുഹറം, സഫര്‍, റബീഉല്‍ അവ്വല്‍ ഇരുപത് ദിവസങ്ങള്‍ വരെ ഉത്തരം ചെയ്യപ്പെടും. അതിനാല്‍ തന്നെ ഒരു തീര്‍ത്ഥാടകനെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ അവനോട് അഭിവാദന വചനമറിയിക്കുകയും അവന്‍റെ കൈകള്‍ വാരിപ്പുണരുകയും അവനോട് പൊറുക്കല്‍ തേടാനാവശ്യപ്പെടുകയും ചെയ്യണമെന്നാണ് പുണ്യഹബീബ് പഠിപ്പിച്ചത്. ഇപ്രകാരം ചെയ്യലും തീര്‍ത്ഥാടകന്‍റെ നെറ്റിയില്‍ ചുംബിക്കലും മുന്‍ഗാമികളുടെ പതിവായിരുന്നു.
പാരമ്പര്യവിരോധികളായ ഇസ്ലാമിസ്റ്റുകള്‍ക്ക് വിപരീതാര്‍ത്ഥത്തില്‍ നിരവധി അചേതനവും സചേതനവുമായ വസ്തുക്കള്‍ക്കും വസ്തുതകള്‍ക്കും അത്യാദരങ്ങളര്‍പ്പിക്കാതെ ഹജ്ജ് കര്‍മ്മം നടത്താനാവില്ല. വിശ്വാസികള്‍ എന്തിന് ഒരു കറുത്ത ഭവനത്തിനു ചുറ്റും കറങ്ങി നടക്കണം? അചേതന വസ്തുക്കളെ എന്തിന് ആദരിക്കണം? ഇതെല്ലാം തൗഹീദിന്‍റെ ഉപാസകര്‍ക്ക് അംഗീകരിക്കാനാകുമോ? യുക്തിരഹിതമാണെങ്കിലും ഓരോ ചോദ്യങ്ങള്‍ക്കും പരിശുദ്ധ മതം മറുപടി പറയുന്നുണ്ട്. പരിശുദ്ധ ഇസ്ലാം പുണ്യമാക്കപ്പെട്ട വസ്തുക്കള്‍ക്കും വസ്തുതകള്‍ക്കും ആദരവ് കല്‍പ്പിക്കുന്നുവെന്നാണ്. ഓരോ വര്‍ഷവും ചുരുങ്ങിയത് ആറ് ലക്ഷം തീര്‍ത്ഥാടകരെങ്കിലും ഹജ്ജിനെത്തുമെന്ന് നാഥന്‍ കഅ്ബയോട് ഉടമ്പടി നടത്തിയിട്ടുണ്ട്. അത്രത്തോളം ജനങ്ങളെത്തിയില്ലെങ്കില്‍ തല്‍സ്ഥാനത്ത് മാലാഖമാരെ പ്രതിഷ്ടിച്ച് റബ്ബ് കരാര്‍ പൂര്‍ത്തീകരിക്കും. പണ്ഡിതന്മാര്‍ കഅ്ബയെ ഉപമിച്ചത് ചമഞ്ഞൊരുങ്ങിയ മണവാട്ടിയായിട്ടാണ്. പരസ്സഹശ്രം ജനങ്ങള്‍ അവളുടെ സൗരഭ്യം ലഭിക്കാനായി ചുറ്റും കറങ്ങുകയാണ്. അവള്‍ ജനങ്ങളെ ആകര്‍ഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാരത്രിക ലോകത്ത് കഅ്ബയോടൊത്ത് അവര്‍ക്കെല്ലാം സ്വര്‍ഗ്ഗപ്രവേശം അനുവദിക്കുകയും ചെയ്യും.
സ്വര്‍ഗ്ഗീയ ശിലകളില്‍ പെട്ട ഹജറുല്‍ അസ്വദിലൊന്ന് അധരം വെക്കാന്‍ തപിക്കുന്ന ഹൃദയമില്ലാത്ത ഒരു വിശ്വാസിയുമില്ല. ഹജറുല്‍ അസ്വദ് സ്വര്‍ഗ്ഗീയ മരതകങ്ങളില്‍ പെട്ട ഒരു മരതകമാണ്. അന്ത്യനാളില്‍ അത് വിചാരണക്ക് പാത്രമാകും. തന്നെ ചുംബിക്കാനായി ചുണ്ട് വെച്ചവര്‍ക്കെല്ലാം അനുകൂലമായി അത് സാക്ഷി പറയും. നബി(സ്വ) ഹജറുല്‍ അസ്വദിനെ കൂടുതലായി ചുംബിക്കാറുണ്ടായിരുന്നു. ഒട്ടകപ്പുറമേറി പുണ്യ ഗേഹത്തെ വലയം വെക്കുമ്പോള്‍ പോലും അവിടുന്ന് തന്‍റെ വടികൊണ്ട് ഹജറുല്‍ അസ്വദിനെ തൊടുകയും ആ വടിയുടെ അഗ്രം ചുംബിക്കുകയും ചെയ്യാറുണ്ടായിരുന്നു. അന്ത്യനാളില്‍ രണ്ട് കണ്ണുകളും സംസാരശേഷിയുള്ള ഒരു നാക്കും രണ്ട് അധരങ്ങളുമുണ്ടാകും ഹജറുല്‍ അസ്വദിന്.
ഒരിക്കല്‍ ഉമര്‍(റ) അതിനെ ചുംബിച്ചു. ശേഷം അതിനോട് പറഞ്ഞു: നീ കേവലമൊരു ശിലമാത്രമാണെന്ന് എനിക്കറിയാം. നീ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ പര്യാപ്തനല്ല. നബി(സ്വ) നിന്നെ ചുംബിക്കുന്നതായി ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കില്ലായിരുന്നു. ഉടന്‍ ഉമര്‍(റ) പൊട്ടിക്കരഞ്ഞു. കാര്യം തിരക്കിയ അലി(റ)യോട് ഉമറി(റ)ന്‍റെ മറുപടി: ഇവിടം ലോകമുസ്ലിംകളുടെ അശ്രുകണങ്ങള്‍ പൊഴിക്കപ്പെടുന്നു. മുഴുവന്‍ തേട്ടങ്ങളും ഇവിടെ വെച്ച് സ്വീകരിക്കപ്പെടുന്നു. അലി(റ) പറഞ്ഞു: ഉമര്‍, ഈ സ്വര്‍ഗ്ഗീയ ശില ഉപകാരവും ഉപദ്രവവും ചെയ്യാന്‍ പര്യാപ്തമാണ്. ഉമര്‍(റ): എങ്ങനെ? അലി(റ): ആദമിനെ സൃഷ്ടിച്ച് അവിടുത്തെ മുതുകില്‍ നിന്ന് മുഴുവന്‍ മനുഷ്യാത്മാക്കളെയും പുറത്ത് വരുത്തി നാഥന്‍ ഒരു ഉടമ്പടി നടത്തി. പ്രസ്തുത ഉടമ്പടി ഒരു തോല്‍ക്കടലാസില്‍ ഉല്ലേഖനം ചെയ്തു. അന്ന് ഈ കല്ലിന് രണ്ട് നേത്രങ്ങളും ഒരു വായുമുണ്ടായിരുന്നു. അതിനോട് വായ തുറക്കാനാവശ്യപ്പെട്ടു. പ്രസ്തുത തോല്‍ക്കടലാസ് അതിന്‍റെ ഉള്ളില്‍ നിക്ഷേപിച്ചു. ഉടന്‍ അല്ലാഹു കല്‍പ്പിച്ചു: നിന്നെ കണ്ടുമുട്ടുന്ന ജനങ്ങള്‍ക്കെല്ലാം അനുകൂലമായി അന്ത്യനാളില്‍ നീ സാക്ഷി പറയണം(ഇത്ഹാഫ് 4/470)
ശ്രേഷ്ടകര്‍മ്മമായ ഹജ്ജ് പുണ്യഭൂമികകളില്‍ വെച്ചാണെന്നു കൂടി വിലയിരുത്തുമ്പോള്‍ അതിന് പൂര്‍വ്വോപരി പരിശുദ്ധി വര്‍ദ്ധിക്കുന്നു. ഇതരദേശങ്ങള്‍ക്ക് ഒരിക്കല്‍ പോലും ലഭിക്കാത്ത അനവധി നേട്ടങ്ങള്‍ മക്കാ മലര്‍വ്വനിക്കുണ്ട്. വിശുദ്ധ മക്കയില്‍ വെച്ചുള്ള ഒരു ദിവസത്തെ വ്രതാനുഷ്ടാനത്തിന് മറ്റു നാടുകളില്‍ നിന്ന് ഒരു ലക്ഷം ദിവസങ്ങള്‍ വ്രതമനുഷ്ടിക്കുന്ന പ്രതിഫലമുണ്ട്. അവിടെ ഒരു ദിര്‍ഹം ദാനം ചെയ്യുന്നത് മറ്റിടങ്ങളിലെ ഒരു ലക്ഷം ദിര്‍ഹമിന് തുല്യമാണ്. ഇപ്രകാരം മുഴുവന്‍ സല്‍ക്കര്‍മ്മങ്ങളും ഒരു ലക്ഷം തോതില്‍ വര്‍ദ്ധിപ്പിക്കപ്പെടുമെന്നാണ് പണ്ഡിതഭാഷ്യം. എല്ലാ ദിവസവും നാഥന്‍ അവന്‍റെ ഭൂമിയിലേക്ക് ദൃഷ്ടി പതിപ്പിക്കുമത്രെ. ആദ്യമായി അവന്‍ കാണുക മക്കയിലുള്ളവരെയാണ്. അവരില്‍ ആദ്യം കാണുക മസ്ജിദുല്‍ ഹറമിലുള്ളവരെയും. അവിടെ പുണ്യഭവനം ത്വവാഫ് ചെയ്യുന്നവര്‍ക്കും നിസ്ക്കരിക്കുന്നവര്‍ക്കുമെല്ലാം അല്ലാഹു പാപമുക്തി നല്‍കി അനുഗ്രഹിക്കും. സ്വീകാര്യ യോഗ്യമായ പുണ്യതീര്‍ത്ഥാടനം കൊണ്ട് സര്‍വ്വസ്വവും നേടാന്‍ കഴിയുമെന്ന് ചുരുക്കം. പുണ്യപൂമേനിയുടെ പാദങ്ങള്‍ പതിഞ്ഞ മലര്‍വ്വനികളില്‍ ചെലവൊഴിക്കാന്‍ കിട്ടിയ നിമിഷങ്ങള്‍ അതുല്യമാണെന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് സന്ദേഹമില്ല. പുണ്യപൂമേനിയുടെ പാദുകങ്ങളില്‍ പുരണ്ട മണ്‍തരികളെ സേവിച്ചിട്ടെങ്കിലും പരിശുദ്ധഭൂമികകളുടെ സൗരഭ്യം നുണയാനായിരുന്നെങ്കില്‍ എന്ന് അഭിലഷിക്കാത്ത നിഷ്കളങ്ക ഹൃദയമില്ലാത്തവരുണ്ടാകില്ലെന്ന കാര്യം തീര്‍ച്ച.
ഇര്‍ഷാദ് വൈലത്തൂര്‍

Write a comment