Posted on

ഫരീദുദ്ദീന്‍ ഔലിയ; സമര്‍പ്പണ ജീവിതത്തിന്‍റെ പര്യായം

ആത്മീയ ലോകത്തെ തിളങ്ങുന്ന ഇന്ത്യന്‍ സാന്നിധ്യമാണ് ശൈഖ് ഫരീദുദ്ദീനുല്‍ ജീസ്തി (റ). അശൈഖുല്‍ കബീര്‍ എന്നാണ് ആധ്യാത്മികലോകത്ത് മഹാന്‍റെ ഖ്യാതി. പിതാമഹന്‍ ശുഹൈബ്തത്രികളുടെ അക്രമണകാലത്ത് ഇന്ത്യയിലെത്തുകയും മില്‍ത്താന്‍മാരുടെ കര്‍മ്മഭൂമിയായ കുഅത്ത്വാല്‍ എന്ന പ്രദേശത്ത് താമസമുറപ്പിക്കുകയും ചെയ്തു
ഹിജ്റ 569കുഅന്ഹദ് എന്ന സ്ഥലത്താണ് ശൈഖ് ഫരീദുദ്ദീന്‍ മസ്ഊദ്(റ) ജനിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ വിജ്ഞാന സമ്പാദനത്തില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ച മഹാന്‍ ബാല്യത്തില്‍ തന്നെ മില്‍താനിലേക്ക് വിജ്ഞാനം തേടി യാത്ര പോയി. ധാരാളം പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ച് വിജ്ഞാന ലോകത്തെ അളവറ്റ പാണ്ഡിത്യത്തിന് ഉടമയായിത്തീര്‍ന്നു. പ്രമുഖ പണ്ഡിതനും ഭക്തനുമായിരുന്ന മില്‍ആജുദ്ദീനു തുര്‍മുദി(റ) അടക്കമുള്ളവര്‍ മഹാന്‍റെ ഗുരു ശൃംഖലയില്‍ വരുന്നുണ്ട്. പഠന ശേഷം പ്രമുഖ സൂഫീ പണ്ഡിതനും ആത്മീയ ഗുരുവുമായ ശൈഖ് ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ കാകി(റ) വിന്‍റെ കൂടെ ആധ്യാത്മിക ജ്ഞാനസമ്പാദനാര്‍ത്ഥം ഹിജ്റ 584 – ഡല്‍ഹിലേക്ക് യാത്ര തിരിച്ചു. ആത്മീയ പരിശീലനത്തിലും ആരാധനയിലുമായി ദീര്‍ഘകാലം അവിടെ കഴിച്ചുകൂട്ടി. ഈ കാലയളവില്‍ ശൈഖ് ഖുതുബുദ്ദൂന്‍ ബക്തിയാര്‍(റ) വില്‍ നിന്ന് നിരവധി ആത്മീയോപദേശങ്ങളും ത്വരീഖത്തിന്‍റെ ഇജാസത്തുകളും സ്വീകരിച്ചു.
ആത്മീയ ലോകത്ത് ഉന്നത തലങ്ങളില്‍ വിരാചിക്കുന്ന ശൈഖ് ഖുതുബുദ്ദീന്‍(റ)വിന്‍റെ ചാരത്ത് ശിഷ്ടകാലം ചിലവഴിക്കുന്നതിന് അനുമതി ചോദിച്ച മഹാനെ വിജ്ഞാന ലോകത്തെ അക്ഷര ഖനികള്‍ കീഴടക്കാനായിരുന്നു ശൈഖ്(റ) പ്രേരിപ്പിച്ചത് പിന്നീട് അറിവന്വേഷണത്തിന്‍റെ അവസാനിക്കാത്ത യാത്രകളായിരുന്നു. വ്യത്യസ്ത ഗുരു മുഖങ്ങളില്‍ നിന്ന് ജ്ഞാനം നേടിയെടുക്കുന്നതില്‍ ഈ യാത്രകള്‍ സഹായിച്ചു. ഡല്‍ഹിയില്‍ നിന്ന് നേരെ ഖല്‍ദഹാറെന്ന പ്രദേശത്തേക്ക് യാത്ര പുറപ്പെട്ടു. നിപുണരായ നിരവധി പണ്ഡിതന്മാരാല്‍ സമ്പന്നമായിരുന്നു അവിടം അഞ്ചു വര്‍ഷം നീണ്ട പഠനത്തിനു ശേഷം വിശ്രുത പണ്ഡിതനും ആധ്യാത്മീക ലോകത്തെ ജോതിസുമായിരുന്ന ശൈഖ് ശിഹാബുദ്ദീനുസ്സുഹ്റവര്‍ദി(റ)വിനെ തേടി യാത്ര തിരിച്ചു. ഈ യാത്രയില്‍ ശൈഖ് സൈഫുദ്ദീനുല്‍ ബാഖര്‍സി(റ), ശൈഖ് സഹ്ദുദ്ദീനുല്‍ ഹമവി(റ), ശൈഖ് ബഹാഉദ്ദീന്‍ സക്കരിയ്യല്‍ മല്‍താനി(റ) അടക്കമുളള നിരവധി പണ്ഡിതന്മാരില്‍ നിന്ന് അറിവ് നുകര്‍ന്നു.
നീണ്ട വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡല്‍ഹിയിലെ തന്‍റെ ആത്മീയ ഗുരു ഖുതുബുദ്ദീന്‍ ബഖ്തിയാര്‍(റ) വിന്‍റെ സമക്ഷം ചെന്ന് അനുഗ്രഹം തേടി. പിന്നീട് പ്രശസ്തമായ ഹാന്‍സിനാ നഗരത്തിലേക്കാണ് പോയത്. ആത്മീയ ലോകത്തെ പരിശീലന (രിയാള) ത്തിലും കഠിനാധ്വാനത്തിലുമായി പന്ത്രണ്ട് വര്‍ഷം അവിടെ തങ്ങി. ഇതിനിടയില്‍ നിരവധി കറാമത്തുകള്‍ പ്രകടമായിരുന്നു. ദിനം പ്രതി വര്‍ധിച്ച് വരുന്ന സന്ദര്‍ശക പ്രവാഹം കാരണം ഏകാന്തനായി ഇബാദത്തെടുക്കുന്നതിന് മതിയായ സമയം ലഭിക്കാതെ വന്നപ്പോള്‍ അവിടം വിട്ടു മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാന്‍ നിര്‍ബന്ധിതനായി മാറി. കഹ്ത് വാല്‍ എന്ന സ്ഥലത്തേക്കായിരുന്നു പിന്നീട് മാറി താമസിച്ചത്. ആത്മീയതയുടെ ഔന്നിത്യങ്ങളിലേറിയ മഹാനെ അവിടെയും വര്‍ദ്ധിച്ചു വരുന്ന സന്ദര്‍ശന പ്രവാഹം അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. സ്വസ്ഥമായി ഇബാദത്തെടുക്കുന്നതിന് ഇത് ഭംഗം വരുത്തുന്നുണ്ടെന്ന തിരിച്ചറിവ് അവിടം ഉപേക്ഷിച്ചു പോവാനും പ്രേരിപ്പിച്ചു. അജൂദഹ്നിലേക്കായിരുന്നു പിന്നീടുള്ള യാത്ര. അവിടെ സ്ഥിരവാസമുറപ്പിച്ചു. പര്‍ണശാല സ്ഥാപിച്ച് സന്ദര്‍ശകര്‍ക്കെല്ലാം അനുഗ്രഹം നല്‍കുകയായിരുന്നു പിന്നീടവിടുന്ന്.
മഹാന്‍റെ ആത്മീയ പരിസരത്തുനിന്ന് ഔന്നിത്യം കരസ്ഥമാക്കിയ നിരവധി പേരെ ചരിത്ര പണ്ഡിതന്‍മാര്‍ പരിചയപ്പെടുത്തുന്നുണ്ട്. ശൈഖ് നിസാമുദ്ദീന്‍ ഔലിയ (റ) ശൈഖ് അലാഉദ്ദീനുല്‍ കല്‍യരി (റ) ശൈഖ് ജലാലുദ്ദീനുല്‍ ഖത്തീബുല്‍ ആന്‍സമി (റ) ശൈഖ് ബദ്‌റുദ്ദീന്‍ ഇസ്ഹാഖുദ്ദഹ്ലവി (റ) എന്നിവര്‍ അവരില്‍ ഉന്നതരും പ്രശസ്ഥരുമാണ്. നാഥനെ ഓര്‍മിപ്പിക്കുന്ന സാരോപദേശങ്ങള്‍ ശിഷ്യന്മാരും നിത്യ സന്ദര്‍ശകരും ഉദ്ദരിക്കുന്നുണ്ട്. ‘നിശ്ചയം തന്‍റെ അടിമകള്‍ ഇരുകരങ്ങളുയര്‍ത്തി പ്രാര്‍ത്ഥന നടത്തുന്ന പക്ഷം ഉത്തരം ചെയ്യാതിരിക്കലിനെ ലജ്ജിക്കുന്നവനാണ് നാഥന്‍’.
‘ആത്മജ്ഞാനിയെ സര്‍വ്വവും വാഴ്ത്തും ഉള്ളത് കൊണ്ട് തൃപ്തിയടയുന്നവനാണ് യഥാര്‍ത്ഥ സൂഫി നഷ്ട്പ്പെട്ടതിനെ തേടുന്നവനല്ല’
‘ ഔന്നിത്യങ്ങളിലേറുന്നതിന് നിങ്ങള്‍്ക്ക് ഉദ്ദേശമുണ്ടെങ്കില്‍ രാജപുത്രരിലേക്ക് ശ്രദ്ധിക്കരുത്’.’ജനങ്ങളില്‍ ഏറ്റവും നിന്ദ്യന്‍ ഭക്ഷണം, വസ്ത്രം എന്നിവയില്‍ അഭിരമിക്കുന്നവനാണ്’ തുടങ്ങി അര്‍ത്ഥഗര്‍ഭവും ചിന്തിപ്പിക്കുന്നതുമായ ഇത്തരം ഉപദേശങ്ങള്‍ ധാരാളമവുടുന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ആത്മീയ ലോകത്ത് ധന്യമായ ജീവിതം നയിക്കുമ്പോഴും ജനങ്ങളുടെ പ്രശ്നപരിഹാരിത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുകയും, നാഥനെ ഓര്‍മ്മപ്പെടുത്തുന്നഇടപെടകളിലൂടെ വിശ്വാസികളുടെ മനസ്സ് സംസ്കരിക്കുകയും ചെയ്തു. ഇതിന് സമാനമായ ഒരനുഭവം നുസ്ഹത്തുല്‍ ഖവാത്വിര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘സുല്‍ത്താന്‍ ഖിയാസുദ്ദീന്‍ ബല്‍ബനി അറസ്റ്റ് ചെയ്ത മനുഷ്യനെ മോചിപ്പിക്കണെമെന്നാവശ്യപ്പെട്ട് മഹാന്‍ ഇപ്രകാരം ഒരു കത്തെഴുതി : അവന്‍റെ വിഷയം പടച്ചവന് മുമ്പില്‍ ഞാന്‍ ബോധിപ്പിച്ചു. ഇനി നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ അവന് നീതി നല്‍കി മോചിപ്പിക്കുകയാണെങ്കില്‍ നാഥനാണ് അത് ചെയ്യുന്നത്. തിരിച്ചാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ അതും നാഥന്‍റെ തീരുമാനം തന്നെ. മഹാന്‍റെ ധന്യമായ ജീവിതത്തെ കുറിച്ച് നവാരിഫുല്‍ മആരിഫ്, ഗുല്‍സാറെ അബ്റാര്‍ എന്നീ ഗ്രന്ഥങ്ങള്‍ വിശദ വായനക്ക് അവലംബിക്കാവുന്നതാണ്.
നാഥനെ ഭയന്ന് ധന്യമായ ജീവിതം നയിച്ച് അസഖ്യം ജനങ്ങളുടെ വിളക്കുമാടമായി വര്‍ത്തിച്ച ശൈഖ് ഫരീദുദ്ദീന്‍ (റ) ഹിജ്റ 664 മുഹറം 5ന് തന്‍റെ 95ാം വയസ്സില്‍ ലോകത്തോട് വിടപറഞ്ഞു. നാഥന്‍ നമ്മെയും മഹാന്‍റെ കൂടെ സ്വര്‍ഗ്ഗീയാരാമത്തില്‍ ഒരുമിച്ചു കൂട്ടട്ടെ…. ആമീന്‍.
ഇസ്മാഈല്‍ മുണ്ടക്കുളം

Write a comment