Posted on

കാരുണ്യത്തിന്‍റെ ഉദാത്ത മാതൃക

സൗര്‍ ഗുഹയുടെ അതിഥികളായി മൂന്ന് രാപകലുകള്‍ പിന്നിട്ടപ്പോള്‍ പുണ്യ റസൂല്‍(സ്വ) സന്തത സഹചാരി അബൂബക്കറി(റ)നോടൊപ്പം മദീനയിലേക്ക് തിരിച്ചു. ഖുദൈദിലൂടെയാണ് യാത്ര. സുറാഖ, നബിയെ വധിക്കാന്‍ വേണ്ടി കുതിരപ്പുറത്ത് കുതിച്ച് വരികയാണ്. സിദ്ധീഖ്(റ) അതു കാണുന്നുണ്ട്. നബി തങ്ങള്‍ അയാളെ തിരിഞ്ഞു നോക്കുന്നേയില്ല. സിദ്ധീഖ്(റ)ന് മുത്തുനബിക്ക് വല്ലതും പിണയുമോ എന്ന ആധിയുണ്ട്. എങ്കിലും അല്ലാഹുവിന്‍റെ ഹബീബാണ് തന്‍റെ കൂടെയുള്ളതെന്നോര്‍ത്ത് അദ്ദേഹം മനശക്തി വീണ്ടെടുത്തു. സുറാഖ അവരുടെ തൊട്ടടുത്തെത്തിയപ്പോള്‍ അയാളുടെ കുതിര ഒന്ന് പിടഞ്ഞു. സുറാഖ നിലം പതിച്ചു. അയാള്‍ വീണ്ടും കുതിരപ്പുറത്ത് വലിഞ്ഞുകേറി. ആ നിമിഷം അതിന്‍റെ കാല്‍മുട്ടുവരെ മണലില്‍ ആണ്ടുപോയി. അയാളതിനെ രക്ഷപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ കൊണ്ട് അവ്യക്തമായി. ഒടുവില്‍ അയാളുടെ മനസ്സ് ശാന്തമായി. ഉടനെ, നബിയെ വിളിച്ച് മാപ്പപേക്ഷിച്ചു. കാരുണ്യത്തിന്‍റെ കടലായ തിരുദൂതരില്‍ നിന്നും സുറാഖത്തുബ്നു മാലികിന് മാപ്പ് ലഭിച്ചു. ഇതായിരുന്നു നബിയുടെ സ്വഭാവം. നബി തങ്ങളുടെ ഈ കാരുണ്യ മനസ്സാണ് പരിശുദ്ധ ഇസ്ലാം ദ്രുതഗതിയില്‍ പടര്‍ന്നു പന്തലിക്കാന്‍ നിദാനമായത്. പരുഷമായി ആരോടും പെരുമാറിയിട്ടില്ല. ശത്രുക്കളോടു പോലും ഉള്ള് തുറന്ന് പുഞ്ചിരിച്ചു. ‘അവരുമായി സൗമ്യമായി പെരുമാറിയത് അല്ലാഹുവിന്‍റെ അനുഗ്രഹമാണ്, താങ്കള്‍ ഒരു പരുഷ സ്വഭാവക്കാരനായിരുന്നുവെങ്കില്‍ താങ്കളുടെ സമീപത്തുനിന്ന് അവര്‍ ഓടി അകലുമായിരുന്നു'(ആലുഇംറാന്‍). നബി(സ്വ)യുടെ സ്വഭാവ ഗുണത്തെ അള്ളാഹു വാഴ്ത്തുകയാണ് ഈ സൂക്തത്തിലൂടെ. സത്യത്തിന്‍റെ വെളിച്ചത്തിലേക്ക്, വികൃതമായിക്കിടന്നിരുന്ന ഒരു സമുദായത്തെ നബി തങ്ങള്‍ കൊണ്ടുവന്നു. ജാഹിലിയ്യത്തിന്‍റെ ഘനാന്ധകാരത്തെ പ്രകാശിപ്പിച്ചു. കാടത്തരത്തിന്‍റെ ഉച്ചിയില്‍ വിഹരിച്ച അറേബ്യന്‍ സമൂഹത്തെ സംസ്കാര സമ്പന്നമാക്കാന്‍ മാത്രം പോന്നതായിരുന്നു അവിടുത്തെ സ്വഭാവ വിശുദ്ധി. അതുകൊണ്ടു തന്നെ നബി തങ്ങളുടെ ജീവിത ശൈലികളും പെരുമാറ്റങ്ങളും മറ്റു നടപടി ക്രമങ്ങളുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കാനും പകര്‍ത്താനും അതു പ്രാവര്‍ത്തികമാക്കാനും അനുചരര്‍ വളരെ താല്‍പര്യപ്പെട്ടു. മനുഷ്യര്‍ക്കിടയിലെ ഒരു പച്ച മനുഷ്യന്‍റെ ജീവിതമായിരുന്നു അത്. ആളുകളുടെ നോവും നൊമ്പരവും അറിഞ്ഞ്, ആവശ്യമായവ ചെയ്തുകൊടുത്ത്, ഓരോ ജീവിതാനുഭവങ്ങളും മികച്ച അവസരങ്ങളാക്കി അനുചരരെ ഉല്‍ബുദ്ധരാക്കി. പാവപ്പെട്ട അനാഥകളെ മാറോട് ചേര്‍ത്തു നിര്‍ത്തി തലോടും. കുഞ്ഞിളം പ്രായത്തില്‍ അനാഥത്വത്തിന്‍റെ വേദന നബിയോരും രുചിച്ചതല്ലേ. മറ്റുള്ളവര്‍ വേദനിക്കുന്നത് നബി തങ്ങള്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല. അത്രമേല്‍ ആര്‍ദ്രമായിരുന്നു ആ ഹൃത്തടം.
വളരെ ബുദ്ധിമുട്ടി വിറകുകെട്ടുമായി പോകുകയായിരുന്ന ഉമ്മയില്‍ നിന്നും അതുവാങ്ങി അവരുടെ വീട്ടില്‍ എത്തിച്ചു കൊടുത്ത റസൂല്‍(സ്വ)നെ ആ ഉമ്മാക്ക് വല്ലാതെ ബോധിച്ചു. പക്ഷെ, പ്രത്യുപകാരം നല്‍കാന്‍ ആ കൈകള്‍ ശൂന്യമായിരുന്നു. പകരം, റസൂല്‍(സ്വ)ക്ക് സാരോപദേശം നല്‍കി “മോനെ, മക്കയില്‍ മുഹമ്മദെന്ന് പേരുള്ള ഒരാള്‍ പുതിയ മതവുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അയാളുടെ ചതിയിലെങ്ങാനും നീ അകപ്പെട്ടുപോകരുത്” ഉപദേശം കേട്ട അവിടുത്തെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. ഉടനെ ആ ഉമ്മയോടായി പറഞ്ഞു: “നിങ്ങള്‍ പറഞ്ഞ മുഹമ്മദ് ഞാനാണ് ഉമ്മാ”. തല്‍ക്ഷണം അവര്‍ ഇസ്ലാം സ്വീകരിച്ചു. തന്നെ ശകാരിക്കുകയും കാര്‍ക്കിച്ച് തുപ്പുകയും ചെയ്ത ജൂതപ്പെണ്ണിനെ രോഗ ശയ്യയില്‍ സന്ദര്‍ശിച്ച് ശമനത്തിന് വേണ്ടി അവിടുന്ന് പ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്. ഇഴജന്തുക്കളെയും സസ്യലതാദികളെയുമെല്ലാം സ്നേഹിക്കുകയും വേദനിപ്പിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. ചീഞ്ഞ മുട്ടകളെറിഞ്ഞും വഴിയില്‍ മുള്ള് വിതറിയും ശത്രുക്കള്‍ നബി തങ്ങളെ ദേഹോപദ്രവം ചെയ്തിട്ടുണ്ട്. കഅ്ബയുടെ ചാരത്ത് വെച്ച് നാഥന്‍റെ മുമ്പില്‍ സുജൂദില്‍ കിടന്ന വേളയില്‍ ആ വിവരദോഷികള്‍ അവിടുത്തെ കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍മാല ചാര്‍ത്തിയപ്പോള്‍ തല ഉയര്‍ത്താന്‍ പാടുപെട്ടു. പൂമകള്‍ ഫാത്വിമ(റ) വന്ന് അത് എടുത്തുമാറ്റുകയാണുണ്ടായത്. അവര്‍ക്കെതിരില്‍ ഒരു ശാപ വാക്കുപോലും ഉരുവിടാതെ അനുയായികളോട് ക്ഷമിക്കാന്‍ കല്‍പിക്കുകയും ആ ജനതയുടെ നന്മക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയുമാണ് ചെയ്തത്.
കാരുണ്യത്തിന്‍റെ കഥകളാണ് ആ ജീവിതം മുഴുക്കെയും. ദൈനംദിനം നൂതനമായിക്കൊണ്ടിരിക്കുന്ന ജീവിത ചുറ്റുപാടുകളുടെ താളത്തിനൊത്ത് ഉലയുകയാണ് പുതിയ കാലത്തെ മനുഷ്യര്‍. ഒത്തുപോകാത്ത ദാമ്പത്യ ജീവിതങ്ങളും തകര്‍ന്നടിയുന്ന സൗഹൃദങ്ങളുമെല്ലാം മനുഷ്യന്‍റെ മൂല്യമില്ലായ്മയെയാണ് ബോധ്യപ്പെടുത്തുന്നത്. വീട്ടില്‍ ചെന്നാല്‍ വസ്ത്രം കഴുകുന്ന, ആടിന്‍റെ പാല്‍ കറക്കുന്ന, പിന്നിയ വസ്ത്രങ്ങളും പാദരക്ഷകളും തുന്നുന്ന, ഭാര്യമാരോടൊത്ത് സല്ലപിക്കാന്‍ സമയം കണ്ടെത്തുന്ന ഉത്തമ വ്യക്തിത്വത്തിനുടമയായിരുന്നു നബി(സ്വ) തങ്ങള്‍. അവിടെ സൗഹൃദവും വൈവാഹിക ബന്ധവും മാതൃ-പിതൃ ബന്ധങ്ങളുമെല്ലാം പൂത്തുലഞ്ഞു. സൗഹൃദ കുടുംബ ബന്ധങ്ങളുടെ മാധുര്യവും അനിവാര്യതയേയും തിരുദൂതര്‍ ജീവിച്ച് ബോധ്യപ്പെടുത്തി തന്നു. അതിന്‍റെ അനുപമ സമവാക്കായിരുന്നു മുത്തുനബി(സ്വ). സ്വന്തം ഇംഗിതങ്ങള്‍ നിറവേറ്റാന്‍ വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യന്‍ തന്‍റെ അസംബന്ധ ചെയ്തികള്‍ക്ക് കൃത്യമായ ന്യായങ്ങള്‍ കണ്ടെത്തുന്നു. നെറിയും നെറികേടും, തെറ്റും ശരിയും ഏതെന്ന് വിവേചിച്ചറിയാന്‍ മനുഷ്യന്‍ അശക്തനാവുമ്പോഴാണ് സമൂഹത്തില്‍ ക്രമക്കേടുകള്‍ രൂപപ്പെടുന്നത്. എന്നാല്‍, വിശേഷ ബുദ്ധിയും വിധി വിലക്കുകളടങ്ങുന്ന ഒരു നിയമ സംഹിതയും രക്ഷിതാവായ അള്ളാഹു അവനുവേണ്ടി കാലേക്കൂട്ടി പടച്ചിട്ടുണ്ട്. തതനുസരണം പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ജീവിതം ഉത്തമമായിത്തീരുന്നത്. അപ്പോഴവന്‍ അള്ളാഹുവിന്‍റെ നിഷ്കളങ്കരായ മാലാഖമാരേക്കാളേറെ ഉന്നതനായിത്തീരുന്നു.

ശുറൈഫ് പാലക്കുളം

Write a comment