Posted on

കുട്ടികളുടെ ലോകത്തെ പ്രവാചകന്‍

 

കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് സ്വജീവിതത്തിലൂടെ വരച്ചു കാട്ടിയിട്ടുണ്ട് നബി (സ്വ) തങ്ങള്‍. കുരുന്നുകളോട് കൂടെ അവരിലൊരാളായി ഇടപഴകുകയും കളിക്കുകയും പിറകെ ഓടുകയും വരെ ചെയ്തിരുന്നുവത്രെ ഹബീബ്. വളരെ സൗമ്യമായി ക്ഷമയോടു കൂടെ മാത്രമായിരുന്നു അവിടുന്ന് കുട്ടികളോടുള്ള പെരുമാറ്റവും പ്രതികരണവും. സേവകനായിരുന്ന അനസ് (റ)വിനെ ഒരിക്കല്‍ പ്രവാചകന്‍ ആവിശ്യ നിര്‍വഹണത്തിനായി പുറത്തേക്ക് പറഞ്ഞു വിട്ടു. എട്ട് വയസ്സായിരുന്നു അന്ന് അനസിന്‍റെ പ്രായം. പുറത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളോടൊത്ത് കളിയിലേര്‍പ്പെട്ട അനസ് തന്നെ ഏല്‍പിക്കപ്പെട്ട ദൗത്യം മറന്നു. കുറച്ച് കഴിഞ്ഞ് റസൂല്‍ വരുമ്പോള്‍ അനസ് കളിക്കുന്നതാണ് കണ്ടത്. “അനസേ ഞാന്‍ പറഞ്ഞ കാര്യം ചെയ്തുവോ?’ വഴക്കു പറയുകയായിരുന്നില്ല ഓര്‍മപ്പെടുത്തുക മാത്രമായിരുന്നു നബി (സ്വ) ചെയ്തത്. ജാബിര്‍ (റ) വില്‍ നിന്നുള്ള മറ്റൊരു നിവേദനം നോക്കുക; ഞാന്‍ നബി (സ്വ)യുടെ അടുത്ത് ചെല്ലുമ്പോള്‍ പ്രവാചകന്‍ മുട്ടുകുത്തി നടക്കുന്നതാണ് കണ്ടത്. ചുമലില്‍ പേരമക്കളായ ഹസന്‍ (റ) വും ഹുസൈന്‍ (റ)വും കയറിയിരിക്കുന്നുണ്ട്. അവിടുന്ന് ഇപ്രകാരം പറയുന്നുണ്ടായിരുന്നു. നിങ്ങളുടെ ഒട്ടകം എത്ര നല്ല ഒട്ടകം, നിങ്ങളുടെ യാത്രക്കാര്‍ എത്ര നല്ല യാത്രക്കാര്‍.
എത്ര സുന്ദരമായാണ് കുട്ടികളോട് മുത്ത് നബി പെരുമാറിയതെന്ന് നോക്കുക. ക്ഷമയോട് കൂടെ മാത്രമേ കുട്ടികളോട് പെരുമാറാന്‍ പാടുള്ളൂ. നിസാര കാര്യങ്ങള്‍ക്ക് പോലും മുഖം കറുപ്പിക്കുന്ന, ശിക്ഷിക്കുന്ന ഒരുപാട് മാതാപിതാക്കളെ നമുക്കിടയില്‍ കാണാനാവും. പാത്രമുടച്ചതിനും അകം വൃത്തികേടാക്കിയതിനുമെല്ലാം കുട്ടികളെ അമിതമായി ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുമ്പോള്‍ കുട്ടികളുടെ മന:ശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. മുതിര്‍ന്നവരുടെ പക്വതയും കാര്യബോധവും അവരുടെ ഭാഗത്ത് നിന്നുണ്ടാവുകയില്ലായെന്ന കാര്യം ഉറപ്പാണ്. അപ്പോഴല്ലേ അവര്‍ കുട്ടികളാവുന്നത്. അത് മനസ്സിലാക്കുകയും സ്നേഹത്തോടെ തിരുത്താന്‍ ശ്രമിക്കുകയും അനിവാര്യ ഘട്ടത്തില്‍ മാത്രം ശകാരിക്കുകയും അടിക്കുകയും ചെയ്യുന്നവരാണ് ശരി.
മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്ക് പകര്‍ന്നു കിട്ടേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിന്‍റെ ലഭ്യതയും അപര്യാപ്തതയും ശിഷ്ടകാല ജീവിത്തില്‍ നിഴലിച്ചു കാണുമെന്ന ഉത്തമ ബോധമുള്ളവരായിക്കണം മാതാപിതാക്കള്‍. ഒരിക്കലും അനാവിശ്യമായ അതിരുകള്‍ നിശ്ചയിച്ച് തളച്ചിടപ്പെടേണ്ടവരല്ല കുട്ടികള്‍. കളിക്കാനും മനം നിറഞ്ഞാഹ്ലാദിക്കാനും കാര്യങ്ങള്‍ തുറന്ന് പറയാനും സ്വാതന്ത്ര്യവും അവസരങ്ങളും നല്‍കണം. മനുഷ്യന്‍റെ പ്രാഥമിക വിദ്യാലയം വീടാണ്. അതങ്ങനെതന്നെയാവണം. മുലകുടി മാറുമ്പോഴേക്ക് പ്ലേ സ്കൂളുകളിലേക്ക് പറിച്ച് നടപ്പെടുന്നതിലൂടെ കുട്ടികളില്‍ നിന്ന് ചോര്‍ന്നു പോകുന്ന മൂല്യങ്ങളും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘതങ്ങളും അപകടകരമാണ.് സ്നേഹം ഉണ്ടായാല്‍ മാത്രം പോരാ, ആ സ്നേഹം പ്രകടിപ്പിക്കുകയും വേണമെന്നാണ് പ്രവാചക ജീവിതം നമ്മെ പഠിപ്പിക്കുന്നത്. നബി (സ്വ) തങ്ങള്‍ അവിടുത്തെ പുത്രനെ ചുംബിക്കുന്നത് കണ്ട സ്വഹാബി പറഞ്ഞു: ഞാന്‍ സ്വന്തം മക്കളിലൊരാളെ പോലും ചുംബിച്ചിട്ടില്ല. ദേഷ്യത്തോടെയായിരുന്നു അവിടുത്തെ പ്രതികരണം.”കാരുണ്യം കാണിക്കാത്തവന്‍ അതിന് അര്‍ഹനാവുകയില്ല.’ ഫാത്വിമ ബീവി മുതിര്‍ന്നപ്പോള്‍ പോലും വീട്ടില്‍ വരുമ്പോള്‍ മുത്തു നബി എഴുന്നേറ്റ് നിന്ന് കൈകള്‍ ചുംബിക്കുമായിരുന്നെന്ന് ചരിത്രത്തില്‍ കാണാം. ചുരുക്കത്തില്‍ കുട്ടികളുടെ ഭാവി ജീവിതം പറിച്ചു നടുന്നതില്‍ മാതാപിതാക്കളുടെ ഇടപെടലുകള്‍ ചെലുത്തുന്ന സ്വാധീനം വലുതാണെന്ന ബോധത്തോടെ ക്ഷമയോടെ കാരുണ്യത്തോടെ മാത്രം അവരോട് പെരുമാറുക. മറ്റെല്ലാ വിഷയത്തിലെന്ന പോലെ പ്രവാചകന്‍ തന്നെ ഉത്തമ മാതൃക.

മുസ്ലിഹ് വടക്കുംമുറി

Write a comment