Posted on

തിരു നബി(സ്വ); അധ്യാപന തലങ്ങള്‍

അധ്യാപികമാര്‍ക്ക് നേരെയുള്ള കാമാതുരമായ തുറിച്ചുനോട്ടങ്ങളും, നിരര്‍ത്ഥകമായ അധ്യാപിക-ശിഷ്യ പ്രണയ ബന്ധങ്ങളും, അധ്യാപകരുടെ മൊബൈല്‍ ക്യാമറകളില്‍ മാനം പിച്ചിചീന്തപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ദീനരോദനങ്ങളും കലാലയമുറ്റങ്ങളിലെ നിത്യകാഴ്ച്ചകളാണ്. ചേര്‍ത്തലയില്‍ നിന്നും പ്രണയ ബന്ദിതരായി ഒളിച്ചോടിയ നാല്‍പ്പത്തൊന്നുകാരി അധ്യാപികയും പത്താം ക്ലാസുകാരനും, രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളില്‍ ആറുവയസ്സുകാരിയെ അധ്യാപകന്‍ ലൈംഗിക പീഢനത്തിനിരയാക്കിയതും നവ വിദ്യഭ്യാസരംഗത്തും അധ്യാപനരീതിയിലും വന്നിരിക്കുന്ന മാറ്റങ്ങളുടെ പരിണിതഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ട് . ഇവിടെയാണ് മനഃശ്ശാസ്ത്രപരവും ഹൃദയത്തെ തൊട്ടുണര്‍ത്തുന്നുതുമായ തിരുനബി(സ്വ) അധ്യാപന രീതിയിലേക്കുള്ള അന്വേഷണത്തിന് പ്രസക്തിയേറുന്നത്.
മനസ്സ് ശരീരത്തിന്‍റെ ഭാഗമാണെന്ന് ഹിപ്പോക്രാറ്റിസിന്‍റെ ചിന്താകിരണം സംസ്ക്കാരത്തിന്‍റെ സംസ്ഥാപനത്തിനുള്ള മാനസീക തയ്യാറെടുപ്പിന്‍റെ അനിവാര്യതയെ അടിവരയിടുന്നതാണ്. ധാര്‍മ്മിക മുല്യങ്ങളെ അതിന്‍റെ യഥാര്‍ത്ഥ സാരാംശത്തില്‍ തന്നെ ജനമസ്സുകള്‍ക്ക് പകര്‍ന്നു നല്‍കിയാലേ സാംസ്കാരികവും മാനവീകവുമായ ഒരു ജനതയെ കെട്ടിപ്പടുക്കാന്‍ സാധ്യമാവുകയുള്ളൂ . ഈയൊരു ആശയതലത്തെ 14 നൂറ്റാണ്ടുകള്‍ക്കപ്പുറം സ്വന്തം പ്രബോധന-അധ്യാപനങ്ങളില്‍ സന്നിവിശേഷിപ്പിച്ചവരായിരുന്നു തിരുനബി(സ്വ). പ്രവാചകര്‍ നിയുക്തമായ കാലത്തേക്കൊന്നു കണ്ണോടിച്ചാല്‍ തന്നെ ഇതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സാധിക്കും. മദ്യലഹരികളില്‍ ആനന്ദം കണ്ടെത്തിയിരുന്ന, പെണ്ണും അശ്ലീലവും ജീവിത സംസ്ക്കാരമാക്കിയിരുന്ന, കുലമഹിമയുടെ മിഥ്യാ ബോധങ്ങളില്‍ രമിച്ച് രക്തം ചിന്തിയിരുന്ന അന്ധകാര യുഗത്തിലേക്കാണ് അവിടുന്ന് നിയോഗിതരായത്. സത്യാസത്യങ്ങള്‍ വിവേചിക്കുന്നത് പോലും അപ്രാപ്യമായ ഒരു കാലം. ഈയൊരു ജീര്‍ണ്ണിതാവസ്ഥയില്‍ ഇഴകിച്ചേര്‍ന്നവരെ നക്ഷത്രതുല്ല്യരാക്കി രുപാന്തരപ്പെടുത്തുന്നതില്‍ പ്രവാചകരുടെ അധ്യാപന പാടവം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഇസ്ലാമിന്‍റെ സത്യസരണിയിലേക്ക് മാലോകരെ നയിക്കുകയെന്ന യജ്ഞത്തില്‍ കേവലം വാചാലതകളില്‍ ഒതുങ്ങാതെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്ന ആത്മീയ-സാംസ്ക്കാരിക പാഠങ്ങള്‍ സ്വന്തം ജീവിതചര്യയിലൂടെ കാണിച്ചു കൊടുക്കുകയായിരുന്നു പ്രവാചകര്‍ (സ്വ) പ്രാഥമികമായി ചെയ്തത്. അക്ഷര വിദ്യഭ്യാസമുള്ളവര്‍ നിരക്ഷരര്‍ക്ക് വിജ്ഞാനം നല്‍കല്‍ മോചന ദ്രവ്യമായി പ്രഖ്യാപിച്ച പ്രവാചക നിലപാട് അറിവിനോട് ഗൗരവപരമായി സമീപക്കേണ്ടതാണെന്ന തിരിച്ചറിവ് അറേബ്യന്‍ ജനതയ്ക്ക് നല്‍കുകയായിരുന്നു. ഇത്തരം സംഭവങ്ങളിലൂടെ ജീവിതം ധാര്‍മ്മികതയില്‍ പടുത്തുയര്‍ത്തുന്നതിന് അറിവ് അത്യന്താപേക്ഷിതമാണെന്ന വസ്തുത ജനങ്ങള്‍ക്ക് നിവര്‍ത്തി കൊടുക്കുകയാണ് അവിടുന്ന് ചെയ്തത്. അതിനാല്‍ ജനങ്ങള്‍ക്ക് നബി (സ്വ) സ്വീകരിച്ച അവതരണ രീതി ചിന്തകന്മാരെയും സാഹിത്യ വിചക്ഷണരേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
പുസ്തകത്തില്‍ മാത്രമുള്ളത് അധ്യാപനം നടത്തുന്നവര്‍ അടിമകളാണെന്ന അര്‍ത്ഥവാക്യം നമ്മുടെ രാഷ്ട്രപിതാവായ മഹ്ത്മാ ഗാന്ധിയുടെതാണ്. ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ നിര്‍ണ്ണിതമായ സിലബസനുസരിച്ച് ബുദ്ധിയില്‍ അറിവ് കുത്തിനിറക്കാനുള്ള ആധുനിക കാലഘട്ടത്തിലെ പാഴ്വേല മുന്നില്‍ കണ്ടാകണം ഗാന്ധിജി ഇങ്ങനെ പ്രസ്താവിച്ചത്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി ഖുര്‍ആനിന്‍റെ ചിന്താര്‍ഹമായ പ്രമേയങ്ങള്‍ സാവധാനത്തില്‍ ശ്രോതാവിന് ഉള്‍ക്കൊള്ളാവുന്ന രീതിയിലായിരുന്നു തിരുനബി (സ്വ) മൊഴിഞ്ഞിരുന്നത്. അതു തന്നെ പലവുരു ഉരുവിട്ടും, ഉപമകള്‍ നിരത്തിയും അത്യാകര്‍ഷണ ശൈലിയായിരുന്നു താനും. അധ്യാപനം നടത്തുന്ന വിഷയത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ അതീവ താല്‍പര്യം കാണിക്കുന്ന പ്രവാചകരെയാണ് ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കുന്നത്. മുആദ്(റ)വുമായുള്ള പ്രവാചകരുടെ യാത്രാവേള തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. കലിമത്തുതൗഹീദിന്‍റെ പ്രാധാന്യം വിവരിക്കുന്നതിന് വേണ്ടി മുആദ്(റ)വിനെ മൂന്ന് ആവര്‍ത്തി നബി (സ്വ) വിളിക്കുകയുണ്ടായി. ഓരോ പ്രാവിശ്യവും പ്രത്യുത്തരം നല്‍കിയിട്ടും ആവര്‍ത്തിച്ചത് അദ്ദേഹത്തിന്‍റെ ശ്രദ്ധ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിഷയിത്തിലൂന്നുവാനായിരുന്നുവത്രെ. ഇത്തരത്തില്‍ തികച്ചും മനശ്ശാസ്ത്രപരമായ സമീപനങ്ങളായിരുന്നു പ്രവാചകാദ്ധ്യാപനങ്ങളില്‍ ഉണ്ടായിരുന്നത്.
സാഹചര്യത്തിനൊത്ത് വസ്തുതകളെ വിവരിക്കുകയെന്ന നിലപാടായിരുന്നു തങ്ങളുടേത്. ദിനേന തിരു ശരീരത്തിലും വസ്ത്രത്തിലും മാലിന്യമെറിഞ്ഞ സ്ത്രീയെ രോഗവേളയില്‍ സന്ദര്‍ശിച്ചതും, വിശ്രമ വേളയില്‍ ആയുധമെടുത്ത് ഭീഷണിപ്പെടുത്തിയ ശത്രുവിന് സംരക്ഷണം നല്‍കിയതും, ഹിജ്റ വേളയില്‍ വധിക്കാന്‍ തുനഞ്ഞിറങ്ങിയ സുറാഖത്തിന് മാപ്പുനല്‍കിയതും, അവര്‍ക്ക് ഇസ്ലാമിക മാനങ്ങളെ മനസ്സിലാക്കാനും അതുവഴി സന്മാര്‍ഗ ദര്‍ശനത്തിന്‍റെ ഭാഗവാക്കാകാനും നിദാനമായി വര്‍ത്തിക്കുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ സ്വന്തം അധ്യാപനങ്ങളില്‍ ശാസ്ത്രീയമായ രീതികള്‍ രൂപപ്പെടുത്തിയെടുത്ത് ഇരുളടഞ്ഞ ഒരു സമുധായത്തെ ലോകത്തിന് മുമ്പില്‍ ഉദാത്ത മാതൃകയാക്കി വാര്‍ത്തെടുക്കാന്‍ നടത്തിയ തങ്ങളുടെ മനശ്ശാസ്ത്ര സമീപനങ്ങളെ നിരീക്ഷിക്കുമ്പോഴാണ് ‘ജൃീുവലേ ശെ മ രെശലിശേ’െേ എന്ന പീറ്റര്‍ ഫിസ്റ്റിന്‍റെ വാക്കുകളിലെ വിവിധ തലങ്ങളെ നമുക്ക് ഗ്രഹിക്കാന്‍ സാധിക്കുന്നത്

ഹാരിസ് മുഷ്താഖ് കിഴിശ്ശേരി

Write a comment