Posted on

ദാഹം

മരതകപ്പച്ചയുടെ
പാന്ഥാവിലാണ്
സ്നേഹം ഉറവ പൊടിഞ്ഞത്.
അതില്‍ പിന്നെയാണ്
വെള്ളരിപ്രാവുകള്‍
ഖുബ്ബക്കു താഴെ
കൂടുകെട്ടി പാര്‍ക്കാന്‍ തുടങ്ങിയത്.

ദുരമമൂത്ത
രാത്രിക്കു മറവില്‍
മഴപ്പക്ഷികള്‍
കൂട്ടത്തോടെ
ചിറക്
പൊഴിക്കാനെത്താറുണ്ട്.

വാനം
ഒഴുകിപ്പരന്നതും
ആഴി
കുലം കുത്തിയതും
ഖുബ്ബയുടെ മണം പിടിച്ചാണത്രെ.

അനുരാഗിയുടെ
വിയര്‍പ്പില്‍
മദ്‌ഹിന്‍റെ
മനം നിറക്കുന്ന
ഗന്ധമുണ്ട്.

ഒരു പുലരിയില്‍
തേങ്ങിക്കരഞ്ഞ
ഈന്തപ്പനത്തടിയുടെ
കണ്ണീര്‍ ചുളിവുകളില്‍
അടങ്ങാത്ത
ദാഹമുണ്ടായിരുന്നു.

അതേ വികാരമാണ്
മനം നീറുന്നവനും
വയറെരിയുന്നവനും
വിളിച്ചു പറഞ്ഞത്.

മാന്‍പേടയുടെ
കണ്ണീരിലും
മരത്തടിയുടെ
മദ്ഹിലും
വിശ്വാസത്തിന്‍റെ
വിറയലുണ്ടായിരുന്നു.

പ്രണയം
അനന്തമാണ്.

ആ അനന്തതയിലലിഞ്ഞാണ്
അനുരാഗികള്‍
മദീനയുടെ മണ്‍തരികളില്‍
പുതിയ ലോകം
തുന്നികളിക്കാറ്.

അന്‍സാര്‍ കൊളത്തൂര്‍

Write a comment