Posted on

നവലിബറലിസം; ചില ധാര്‍മ്മിക വ്യാകുലതകള്‍

 

നന്മയെന്താണെന്നമ്മേ പറഞ്ഞിടൂ
കൊഞ്ചലോടെ
കുരുന്നു ചോദിക്കവേ
ഒന്നു ചിന്തിച്ചു ഞാന്‍ തെല്ലിട
എന്തു ചൊല്ലിടുമുത്തരമെന്ന്

സമകാലിക ലോകത്തെ പച്ചയായ രൂപത്തില്‍ സമൂഹത്തിന് വേണ്ടി വരച്ചു കാട്ടുന്നതാണ് പ്രശസ്ത കവയത്രി ശ്രീദേവി കുറിച്ചിട്ട ഈ വരികള്‍. ധാര്‍മ്മികതയുടെ ചെറുതുരുത്ത് പോലും അപ്രത്യക്ഷമാകുന്ന ഈ പുതിയ സമൂഹത്തെ കാവ്യാത്മകമായി ആവിഷ്കരിക്കുകയാണ് കവയത്രി ചെയ്തിരിക്കുന്നത്. ഇന്ന് പത്രമാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ മാനവരാശിക്കൊട്ടും ശുഭകരമല്ല. ഹിംസാത്മകമായ ചെയ്തികളും കുത്തഴിഞ്ഞ ലൈംഗിക വൈകൃതങ്ങളും പീഡനങ്ങളും പണത്തിനായുള്ള അരുതായ്മകളും തുടങ്ങി മാനവികതയുടെ സകലസീമകളും ഭേദിക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തനങ്ങളാണ് നമുക്കു ചുറ്റും. ഇത്തരത്തില്‍ ലോകത്തിന്‍റെ പ്രയാണഗതി മാറാനുള്ള കാരണങ്ങള്‍ അന്വേഷിക്കുമ്പോഴാണ് നവലിബറലിസവും ആധുനികതയും പടച്ചുവിട്ട മേലാളിത്ത ബോധവും വികലമായ ആശയങ്ങളുമാണ് ആ മൂല്യച്ചുതിക്ക് മൂലക്കല്ലായി പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാകുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാതി മുതല്‍ തന്നെ പാശ്ചാത്യന്‍ ലോകത്ത് ഉദാരവാദം ജീവിതരീതിയായി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നു. ഒരു വ്യവസ്ഥിതിയുടെയും നിയന്ത്രണങ്ങള്‍ക്ക് വഴിപ്പെടാതെ ജീവിതം ആസ്വദിക്കുക എന്ന ചിന്തയാണ് നവലിബറലിസത്തിന്‍റെ വക്താക്കള്‍ സമൂഹത്തില്‍ കുത്തിവെച്ചത്. അതിനായി ധാര്‍മ്മിക മൂല്യങ്ങളോ സാമൂഹ്യ ബന്ധങ്ങളോ അവര്‍ക്കു വിലങ്ങു തടിയായിരുന്നില്ല. ക്രമേണ ഉദാരവാദങ്ങള്‍ ലോകത്തൊട്ടാകെ പ്രചരിക്കുകയും ജനജീവിതത്തിന്‍റെ ഭാഗഭാക്കാകുകയും ചെയ്തു. വിശിഷ്യാ എന്തിനെയും അനുകരിക്കുന്ന നമ്മുടെ രാജ്യത്തും അതിന്‍റെ വേരുകള്‍ വലിയ തോതില്‍ ആഴ്ന്നിറങ്ങി. ആധുനിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഉദാരവാദം ഉയര്‍ത്തിവിട്ട ചിന്താധാരകളുടെ അലയൊലികള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കും. നവലിബറലിസത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. മതം, കുടുംബം, വിദ്യഭ്യാസം തുടങ്ങിയ സാമൂഹ്യ വ്യവസ്ഥിതികളില്‍ അതിനെത്തുടര്‍ന്നുണ്ടായ മാറ്റത്തിരുത്തലുകള്‍ എന്തൊക്കെയാണെന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ ലേഖനത്തിലൂടെ അന്വേഷിക്കപ്പെടുന്നത്. അത്യന്തികമായി മതം, സമൂഹം, കുടുബം തുടങ്ങിയ വ്യവസ്ഥിതികളെ അപ്പാടെ നിരാകരിച്ച് നിയന്ത്രണങ്ങളില്ലാതെ ജീവിതത്തെ ആഘോഷിക്കുന്നതിന് വേണ്ടി സ്വതന്ത്രവാദികള്‍ ഉയര്‍ത്തി വിട്ട വാദങ്ങളാണ് നവലിബറലിസമെന്ന് ചുരുക്കി വിവക്ഷിക്കാം. പുതുതലമുറയെ സംസ്കാര ചിത്തരാക്കാന്‍ മുഖ്യപങ്ക് വഹിക്കുന്നത് വിദ്യഭ്യാസ രംഗമായതിനാല്‍ നവലിബറലിസം മാറ്റങ്ങള്‍ക്ക് വിധേയമാക്കിയ കാമ്പസ് വര്‍ത്തമാനങ്ങള്‍ക്കാണ് ഇവിടെ പ്രാഥമികമായ പ്രസക്തി.

നിയോ ലിബറല്‍ കാലത്തെ കാമ്പസ് വര്‍ത്തമാനങ്ങള്‍
വിദ്യാഭ്യാസ പ്രക്രിയയുടെ മഹത്വത്തെ വിളിച്ചറിയിക്കുന്ന അനേകം കഥകള്‍ നമുക്ക് സുപരിചിതമാണ്. വാമൊഴിയായും വരമൊഴിയായും ഇത്തരം കഥകള്‍ കേട്ടിട്ടുണ്ട്. വിദ്യാഭ്യാസം മനുഷ്യന്‍റെ ഹൃദയങ്ങളെ തൊട്ടുണര്‍ത്തി ഉദ്ബുദ്ധരാക്കുന്നതാകണം, അതിലുപരി ജീവിതത്തില്‍ പകര്‍ത്തി ലോകത്തിന് വെളിച്ചമേകണം, തുടങ്ങി ജീവിതത്തിന്‍റെ നല്ല വശങ്ങളെ രൂപപ്പെടുത്തിയെടുക്കാന്‍ പര്യാപ്തമായ ഗുണപാഠങ്ങളായിരുന്നു ഓരോ കഥകളും സമൂഹത്തിന് പകര്‍ന്ന് നല്‍കിയത്. ഗുരുശിഷ്യ ബന്ധത്തിന്‍റെ അണമുറിയാത്ത സ്നേഹവും വാത്സല്യവും ഇവയില്‍ പ്രതിഫലിച്ചിരുന്നു. അതില്‍ നിന്നും സാരാംശം ഉള്‍ക്കൊണ്ട ജീവിതമായിരുന്നു മുന്‍കാലങ്ങളിലേത്. എന്നാല്‍ ഉദാരവാദത്തിന്‍റെ ആഗമനത്തോടു കൂടി അത്യന്തം മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുകയാണ് നവ വിദ്യാഭ്യാസരംഗം. നിയോലിബറല്‍ കാലത്ത് സമൂഹം ചെന്നെത്തിയിരിക്കുന്ന മൂല്യചുതിയുടെ വ്യക്തമായ ഉദാഹരണങ്ങളാണ് ശ്രീദേവി ടീച്ചറുടെ മരണവും കാഞ്ഞങ്ങാട് നെഹ്റുകോളേജില്‍ പ്രധാന അധ്യാപികക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയും. മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതിനാണ് അവരുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥി പീഡനമെന്ന് എഴുതിച്ചേര്‍ത്ത പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റടിയിലെടുത്ത ടീച്ചര്‍ക്ക് ഒരു ദിവസത്തെ ജയില്‍വാസം തന്നെ മതിയായിരുന്നു മാനസികമായി തളരാനും ആത്മഹത്യയില്‍ അഭയം തേടാനും. കാഞ്ഞങ്ങാട്ടെ നെഹ്റു കോളേജിലെ പ്രധാന അധ്യാപികക്ക് നേരിടേണ്ടിവന്ന ദുരവസ്ഥയും വിഭിന്നമല്ല. അധ്യാപന ജീവിതത്തില്‍ നിന്നും വിരമിക്കുന്ന സമയത്ത് സന്തോഷകരമായ നിമിഷങ്ങള്‍ക്ക് പകരം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന മോശമായ അനുഭവങ്ങളുമായിട്ടാണ് അവര്‍ക്ക് പടിയിറങ്ങേണ്ടി വന്നത്. ഇത്തരം സംഭവ വികാസങ്ങള്‍ തന്നെ നമ്മുടെ വിദ്യാര്‍ത്ഥി മനോഭാവത്തെ എത്രത്തോളം താളം തെറ്റിച്ചു എന്ന് മനസ്സിലാക്കി തരുന്നതാണ്. “എന്തു വന്നാലുമാസ്വദിക്കണം, മുന്തിരിച്ചാറുപോലുള്ള ഈ ജീവിതം” എന്ന ചങ്ങമ്പുഴയുടെ വരികളെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതാണ് നവവിദ്യാര്‍ത്ഥി ജീവിതം. ചെകുത്താന്‍ വണ്ടികളും ‘ബാഡ് ബോയ്സ്’ ഗ്രൂപ്പുകളുടെയും വിളയാട്ടത്തില്‍ സംസ്കാരം തൊട്ടുതീണ്ടാത്ത കേന്ദ്രങ്ങളായി പരിണമിച്ചിരിക്കുകയാണ് കലാലയങ്ങള്‍. തിന്മയുടെ ആഘോഷപ്പെരുമയില്‍ സകല നിയന്ത്രണങ്ങളെയും വെല്ലുവിളിക്കുകയെന്ന പാശ്ചാത്യ രീതികള്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചിരിക്കുന്നു. അധ്യാപകരെ കൂപ്പുകൈ കൊണ്ട് സ്വീകരിച്ചിരിക്കുന്നിടത്ത് തെറിവിളികളും ഇരട്ടപ്പേരുകളും പരിഹാസങ്ങളുമാണ് ഇടം പിടിച്ചിരിക്കുന്നത്. കോളേജ് ഫെസ്റ്റുകളിലും വിശിഷ്ട ദിവസങ്ങളിലും സാംസ്കാരിക കലോത്സവങ്ങളിലും സമൂഹം കാത്തുസൂക്ഷിച്ചിരുന്ന ധാര്‍മിക മൂല്യങ്ങള്‍ കാറ്റില്‍ പറത്തി ആണ്‍പെണ്‍ കൂടിച്ചേരലിന് വേദിയൊരുക്കുകയാണ് അവര്‍ ചെയ്യുന്നത്. അവിടെ അധ്യാപകരുടെ ഉപദേശങ്ങള്‍ക്കൊന്നും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. കര്‍ശന നടപടികളിലേക്ക് കടന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളിയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സൃഷ്ടിച്ചും പകരം വീട്ടി അധ്യാപകരെ കേവലം കോമാളികളാക്കി ചിത്രീകരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ചുരുക്കത്തില്‍, അധ്യാപകന്‍റെ മഹത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിധേയമല്ല ആധുനിക കാലത്തെ വിദ്യാര്‍ത്ഥികള്‍. റാഗിങ്ങ,് സംഘര്‍ഷങ്ങള്‍, കാമ്പസുകളിലെ ലൈംഗീക അരാജകത്വങ്ങള്‍ എന്നിവ നിയോലിബറല്‍ കാലഘട്ടം സൃഷ്ടിച്ച ഉപോല്‍പ്പന്നമാണെന്ന് പറയാം.

മറ്റു വ്യവസ്ഥിതികളില്‍ വരുത്തിയ മാറ്റങ്ങള്‍
മതം, കുടുബം, സമൂഹം തുടങ്ങിയ വ്യവസ്ഥിതികളില്‍ കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഉദാരവാദം നിദാനമായിട്ടുണ്ട്. മത നിര്‍ദേശങ്ങള്‍ക്കനുസൃതമായി ജീവിച്ചിരുന്ന ഒരു സമൂഹത്തെ ആത്മീയതയില്‍ നിന്നും പുറത്ത് കൊണ്ട് വരാനും അതിനെ വലിഞ്ഞ് മുറുക്കുന്ന ചങ്ങലകളും ചട്ടക്കൂടുമായി ചിത്രീകരിക്കാനുമാണ് പ്രസ്തുത വാദം ശ്രമിച്ചത്. പാശ്ചാത്യന്‍ കാഴ്ച്ചപ്പാടില്‍ അധിഷ്ഠിതമായതിനാല്‍ തന്നെ സത്രീ പല മതങ്ങളിലും പ്രത്യേകിച്ച് ഇസ്ലാമില്‍ അടിമത്തം അനുഭവിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഉദാരവാദികളുടെ പ്രധാന താല്‍പര്യം. അതിനായി ഇസ്ലാം സത്രീകളുടെ സുരക്ഷിതത്വത്തിനായി നിഷ്കര്‍ശിച്ച വസ്ത്രധാരണരീതിയും അനുബന്ധ നിര്‍ദേശങ്ങളും ബന്ധനങ്ങളാക്കി ലോകത്തിനു മുന്നില്‍ കൊട്ടിഘോഷിച്ചു. ശരീരം മുഴുവന്‍ മറക്കുന്നത് അടിമത്തവും തുറന്നിടല്‍ സ്വാതന്ത്ര്യവുമാണെന്നാണ് അവരുടെ പക്ഷം. സ്ത്രീ സുരക്ഷിതത്വത്തിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മതമാണ് ഇസ്ലാം. ഹിജാബും ശിരോവസ്ത്രവും ധരിക്കണമെന്നും വീടിന്‍റെ അകത്തളങ്ങളാണ് സംരക്ഷണമെന്നും ഇസ്ലാം കല്‍പിച്ചത് സ്ത്രീ അമൂല്യമായ നിധിയായത് കൊണ്ടാണ്. അതിനു പുറമെ, ആര്‍ക്കും കാമാതുരമായ നോട്ടങ്ങള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ കൊത്തിവലിക്കാനുള്ളതല്ലെന്ന വിവേകപരമായ നിലപാടിനെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍, ചരിത്രങ്ങളില്‍ സമരങ്ങള്‍ ചെയ്ത് നേടിയെടുത്ത മാറുമറക്കാനുള്ള അവകാശങ്ങള്‍ മേലാളിത്ത, വൈദേശിക പുളിപ്പ് കലര്‍ന്ന ഉദാരവാദം സമൂഹത്തില്‍ നിന്ന് എടുത്തെറിയുകയാണ് ചെയ്തത്. കിസ്സ് ഓഫ് ലൗ, മാറ് തുറന്നിടല്‍ സമരം, ഫ്ളാഷ് മോബ് എന്നിവ ഉരുത്തിരിഞ്ഞത് ഈ ഒരു തലത്തില്‍ നിന്നാണ്. ബന്ധങ്ങള്‍ക്കു വില കല്‍പിക്കാതെ തങ്ങളിലേക്ക് മാത്രമായൊതുങ്ങി സ്വാര്‍ത്ഥ ജീവിതം നയിക്കുന്നതും ജീവിത പരിസരങ്ങളോട് യാതൊരും പ്രതിബന്ധത പുലര്‍ത്താത്തതും ഇതിന്‍റെ പരിണതിയാണെന്നാണ് വസ്തുത. പരസ്പരം ആശയവിനിമയങ്ങളും സുഹൃത് ബന്ധങ്ങളും വിസ്മരിച്ച് സോഷ്യല്‍ മീഡിയകളില്‍ ചിന്ത തളക്കുകയും സ്വന്തം ജീവിതവുമായി ഇടപഴകുന്നവരോട് കൂട്ടു കൂടാതെ അകലെയുള്ളവരുമായി ബന്ധങ്ങള്‍ ദൃഢമാക്കുന്ന വൈരുദ്ധ്യ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. സ്വന്തം പിതാവിന്‍റെ മരണ വാര്‍ത്ത പോലും സോഷ്യല്‍ മീഡിയയിലൂടെ പുതിയതലമുറ അറിയുന്നുള്ളൂ എന്ന് ഹാസ്യത്മകമായി അവതരിപ്പിക്കാറുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യമാകുന്നു എന്നതാണ് വസ്തുത. കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണുകുടുംബ വ്യവസ്ഥയിലേക്ക് ചുവടു മാറ്റിയവര്‍ ഹൃദയത്തിലും അതിര്‍ വരമ്പുകള്‍ പണിത് സ്വാര്‍ത്ഥ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു. സ്വസന്താനങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിച്ച് മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ചിന്തയിലുദിക്കാത്ത സമൂഹം വളര്‍ന്നത് ഈ ദുരന്തത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുകയായിരുന്നു.

ആരാണ് ഉത്തരവാദികള്‍
ഏതൊരു വാദങ്ങള്‍ക്കും സമൂഹത്തിനിടയില്‍ പ്രചരണം സിദ്ധിക്കാനും അതിന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങാനും സഹായകമായ അനേകം ഘടകങ്ങള്‍ ഉണ്ടാകും. അതിന്‍റെ വളര്‍ച്ചക്ക് പര്യാപ്തമാകുന്ന അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഉല്‍പ്രേരകമായി വര്‍ത്തിക്കുന്ന ഈ ഘടകങ്ങള്‍ ചെയ്യുന്നത.് യഥാര്‍ത്ഥത്തില്‍ ഉദാരവാദത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സിനിമ, സീരിയലുകള്‍ വളരെയേറെ സഹായകരമായിട്ടുണ്ട്. പാശ്ചാത്യന്‍ രാജ്യങ്ങളില്‍ രൂപം കൊണ്ട നിയോ-ലിബറല്‍ ആശയധാരകളെ സന്നിവേശിപ്പിച്ച രംഗങ്ങളാണ് ഈ മാധ്യമങ്ങളിലൂടെ സമൂഹത്തിലെത്തുന്നത്. അതാകട്ടെ, മനുഷ്യന്‍ ഇന്നോളം കാത്തുസൂക്ഷിച്ച നന്മകള്‍ക്ക് കളങ്കം ചാര്‍ത്തുന്നതുമാണ്. അവിഹിത ബന്ധങ്ങളെയും മരംചുറ്റി പ്രേമങ്ങളേയും കേന്ദ്രീകൃതമായ കഥകള്‍ ആവിഷ്കരിക്കുക വഴി തെറ്റായ ആശയങ്ങളാണ് നവ തലമുറക്ക് ഇത് സമ്മാനിച്ചത്. പ്രണയിതാക്കള്‍ ഹീറോകളും എതിര്‍ക്കുന്ന മാതാപിതാക്കളെ യാതസ്ഥിതികരും വില്ലന്‍മാരുമാക്കി കഥകള്‍ മെനയുന്നത് കുട്ടികളില്‍ വരെ സ്നേഹത്തെ വിപരീത ദിശയില്‍ സമീപിക്കാനാണ് വഴിവെച്ചത്. ഹീറോകള്‍ തന്നെ മദ്യപിക്കുന്ന മലീമസമായ രംഗങ്ങള്‍ ഇത്തരം ദുഷ്പ്രവണതകള്‍ പരുഷമാണെന്ന മിഥ്യാബോധമാണ് സൃഷ്ടിച്ചത്. പരസ്യങ്ങളിലും ഇതിന്‍റെ അനുരണനങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കും. പലതരം ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ തന്നെ സ്ത്രീകളുടെ നഗ്നതകള്‍ പ്രദര്‍ശിപ്പിച്ച് ആകര്‍ഷണമുളവാക്കുക എന്ന കുതന്ത്രങ്ങളും ഇന്ന് സജീവമാണ്. യാതൊരു മറയുമില്ലാതെ കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീ, മാഗസിനുകളുടെ മുഖചിത്രമായി വരുന്നതിലേക്ക് വരെ സമൂഹത്തെ പുരോഗമന വാദങ്ങളെത്തിച്ചു. ധാര്‍മ്മിക വിദ്യാഭ്യാസ അപര്യാപ്തതയും ഒരു പരിധിയോളം ഈ മൂല്യ ശോഷണത്തിന് ആക്കം കുട്ടിയിട്ടുണ്ട്. വര്‍ധിച്ചു വരുന്ന ഒളിച്ചോട്ടങ്ങളും സ്വവര്‍ഗ്ഗരതിയെക്കുറിച്ചുള്ള ചര്‍ച്ചകളും ഈ കാഴ്ച്ചപ്പാടില്‍ നിന്നുയര്‍ന്നുവന്നതുമാണ്.
അതിനാല്‍ തന്നെ, നവലിബറലിസം വിതച്ച മൂല്യ ശോഷണത്തില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കാന്‍ സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ ബന്ധനങ്ങളല്ല. മറിച്ച്, സമൂഹത്തിന്‍റെ ആരോഗ്യപരമായ നിലനില്‍പിന്ന് അത്യാന്താപേക്ഷിതമാണെന്ന ധാരണകള്‍ അബദ്ധമാണെന്ന് വരുത്തിതീര്‍ക്കുന്ന ഉദാരവാദങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിച്ച് തിരുത്ത് കുറിക്കാനാവശ്യമായ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്.

ഹാരിസ് മുഷ്താഖ് കിഴിശ്ശേരി

Write a comment