Posted on

നിലാവു പോലെ എന്‍ പ്രവാചകന്‍

 

നിലാവുപോലെ പ്രകാശിതമായ വജസ്സ്, റോസാ ദളങ്ങള്‍ പോലെ മൃതുലമായ മേനി, പാരാവാരം പോലെ പരന്നുകിടക്കുന്ന സേവനങ്ങള്‍, കാലത്തെപോലെ കരുത്തുറ്റ തീരുമാനങ്ങള്‍ ഇമാം ബൂസ്വീരി(റ) തന്‍റെ ഖസ്വീദത്തുല്‍ ബുര്‍ദയില്‍ തിരുനബി(സ)യുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തെക്കുറിച്ച് വാചാലനാവുന്നതിങ്ങനെയാണ്…, തിരുനബി(സ) സാന്നിധ്യമുള്ള വീട്ടില്‍ പ്രകാശം പരത്തുന്ന മറ്റു വസ്തുക്കളുടെ ആവശ്യമില്ലെന്ന മഖൂസ് മൗലൂദിന്‍റെ ഈരടികളും വ്യക്തമാക്കുന്നത് പുണ്യറസൂല്‍(സ)യുടെ പ്രസന്ന വദനം പ്രകാശിപ്പിക്കുന്ന പ്രകാശത്തെക്കുറിച്ചാണ്. തീര്‍ത്തു പറഞ്ഞാല്‍, കിനാവില്‍ നബി(സ)യുടെ സൗന്ദര്യം ആസ്വദിച്ചവര്‍ക്കെല്ലാം അനേകം താരകങ്ങള്‍ക്കിടയില്‍ ഉദിച്ചുയര്‍ന്ന പ്രകാശമായാണ് തിരുനബി(സ)യെ അനുഭവപ്പെട്ടത്. ലോകത്ത് വര്‍ണ്ണിക്കാനും സാമ്യപ്പെടുത്താനും പ്രതിരൂപമില്ലാത്തത്ര സൗന്ദര്യത്തിനുടമയായിരുന്നു തിരുനബി(സ). നബി(സ)യുടെ സേവകരില്‍ പ്രധാനിയായ അനസുബ്നു മാലിക്ക്(റ) പറയുന്നു: അമിത നീളമില്ല, നീളക്കുറവുമില്ല, ചുവപ്പുകലര്‍ന്ന വെളുപ്പു നിറം, പ്രസന്നതയുള്ള ശരീരം, ജഡകുത്താത്ത മുടി, വിനയമുള്ള നടത്തം ഇതിനെല്ലാമുടമയായിരുന്നു നബി(സ)(ശര്‍ഹുസുന്ന). മറ്റൊരവസരത്തില്‍ ജാബിറുബ്നു സമുറ(റ) പറയുന്നു: ഒരു നിലാവുള്ള രാത്രി ഞാന്‍ തിരുനബി(സ)യിലേക്കും പുര്‍ണചന്ദ്രനിലേക്കും മാറിമാറി നോക്കി, അവിടെ പൗര്‍ണമിയെക്കാള്‍ അഴക് എന്‍റെ പ്രവാചകര്‍(സ)ക്കായിരുന്നു(ശമാഇലു തിര്‍മുദി). സൂര്യനില്‍ നിന്ന് പ്രകാശം സ്വീകരിച്ചാണ് നിലാവു സൗന്ദര്യത്തിന്‍റെ പ്രതീകമായതെങ്കില്‍, അല്ലാഹുവില്‍ നിന്നുള്ള ആത്മീയ പ്രവാഹത്തിലലിഞ്ഞ് ഭൂമിലോകത്തെ അവര്‍ണനീയമായ സൗന്ദര്യത്തിന്‍റെ ആള്‍രൂപമായി മാറുകയായിരുന്നു നബി(സ).
കൂരിരുട്ടുള്ള രാവുകളില്‍ ആകാശത്ത് ഒരു പൂര്‍ണ ചന്ദ്രനുദിച്ചാല്‍, ആ ചന്ദ്രനു ചുറ്റും അനേകം നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെടുകയും ചെയ്താല്‍ എന്ത് രസമായിരിക്കും! എങ്കില്‍, ജഹാലത്തിന്‍റെ ഇരുളടഞ്ഞവഴികളില്‍ പ്രകാശം പരത്തി വരുന്ന റസൂലിനെയും അനുചരന്മാരെയും കാണുമ്പോള്‍ അതിലും വര്‍ണനീയമായിരുന്നുവെന്ന് കാലം സാക്ഷിനില്‍ക്കുന്നുണ്ട്. മദീനയിലേക്ക് പ്രവാചകരും അനുചന്മാരും കടന്നുവന്നപ്പോള്‍ അവിടെ കൂടിനിന്നവര്‍ വാഴ്ത്തിയത് അതിനുദാഹരണമാണ്.
ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത് റസൂല്‍(സ)യുടെ പൂര്‍ണ സൗന്ദര്യം ഭൂമിലോകം അനുഭവിച്ചിട്ടില്ലെന്നാണ്. അല്ലെങ്കില്‍, ആ സൗന്ദര്യത്തിന്‍റെ പ്രതാപം താങ്ങാനുള്ള ശേഷി ഭൂമിക്കില്ലെന്നാണ്. യൂസുഫ് നബി(അ)മിന്‍റെ അഴകില്‍ ആകൃഷ്ടരായ സ്ത്രീകള്‍ പഴവര്‍ഗങ്ങള്‍ക്കു പകരം വിരലുകളറുത്തിരുന്നെങ്കില്‍, എന്തുകൊണ്ട് അറുപത്തിമൂന്നാണ്ടുകാലം ജീവിച്ചിട്ടും നബി(സ)യുടെ ജീവിതത്തില്‍ സമാനമായ ചിത്രങ്ങളുണ്ടായില്ലെന്നു ചോദിച്ചാല്‍, ഒരു പ്രകാശാവരണം കൊണ്ട് അല്ലാഹു അതിനെ മറച്ചുവെക്കുകയായിരുന്നുവെന്ന് കാണാം. യൂസുഫ് നബി(അ)മിന് ഒരു വര്‍ഗ്ഗം മാത്രമായിരുന്നു പ്രബോധന ലക്ഷ്യമെങ്കില്‍, റസൂല്‍(സ) ഈ ലോകത്ത് ഇസ്ലാമിന്‍റെ നിലക്കാത്ത മധുരം പകര്‍ന്നിട്ടാണ് അല്ലാഹുവിലേക്കടുക്കേണ്ടിയിരുന്നത്. പ്രബോധന ഭാരം അധികരിച്ചതിനാല്‍ സൗന്ദര്യം തടസ്സം നിന്ന്ڔ ഭൂമിയിലെ പ്രവാചകര്‍(സ)യുടെ ലക്ഷ്യം നിറവേറാതിരുന്നാല്‍ അല്ലാഹുവില്‍ നിന്ന് നേരിട്ടുള്ള നിര്‍ദേഷങ്ങളുമായി വീണ്ടും പ്രവാചകന്മാര്‍ വരേണ്ടിവരും, ഇത് അവസാന പ്രവാചകരെന്ന മുത്തുനബി(സ)യുടെ ശ്രേഷ്ഠതക്ക് കോട്ടം വരുത്തുകയും ചെയ്യും. അതിനാലാണ് ഭൂമിയില്‍ പരിപൂര്‍ണ്ണമായി അവിടുത്തെ സൗന്ദര്യം പ്രവഹിക്കാതിരിക്കുന്നത്. എന്നാല്‍, യൂസുഫ് നബി(അ)മിനു ശേഷം ധാരാളം പ്രവാചകന്മാര്‍ വരികയും പ്രബോധനം നടത്തുകയും ചെയ്തിനാല്‍ ആ പ്രശ്നം ഉദിക്കുന്നില്ല.
തിരുനബി(സ്വ)യെ കിനാവിലും നേരിട്ടും കണ്ട മഹത്തുക്കള്‍ പ്രകാശാവരണത്തിനപ്പുറത്തുള്ള മുത്തുനബിയുടെ സൗന്ദര്യം വിശദീകരിക്കുന്നതിലൂടെ നബി(സ്വ)യുടെ ശരീരഘടനയില്‍ അസാധാരണത്തമുള്ളതും ന്യൂനതരഹിതവുമാണ് മുത്തുനബി(സ)യെന്നും മനസ്സിലാകും. വൃത്താകൃതിയിലുള്ള സുന്ദര മുഖം, മസ്തകം വിശാലമായതും വില്ലുപോലെ വളഞ്ഞതുമായ പുരികം,ഇമകള്‍ ധാരാളമുള്ള കറുത്ത ആകര്‍ഷകമായ കണ്ണുകള്‍, തിളങ്ങുന്ന താടി, ഗാഭീര്യമുള്ള വസ്ത്ര ധാരണം…, ഇങ്ങനെ വളരെ ദൂരയില്‍ നിന്നു തന്നെ വ്യത്യാസം മനസ്സിലാവുന്ന ശരീരഘടനയായിരുന്നു നബി (സ്വ)യുടെത്.
വൃത്തി സൗന്ദര്യത്തെ നിലനിര്‍ത്തുന്ന ഒരു ഘടകമാണ്. അതുകൊണ്ട് തന്നെ നബി (സ്വ)വൃത്തി ഈമാന്‍റെ പാതിയാണെന്ന് പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട.് ഒന്നിടവിട്ട ദിവസങ്ങളില്‍ നബി(സ്വ) മുടി എണ്ണയിട്ട് ചീകി വെക്കാറുണ്ടായിരുന്നുവെന്നും, ചെവിയോളം തുല്യ അളവില്‍ മുടി നീട്ടിവളര്‍ത്തിയിരുന്നുവെന്നും ഹദീസുകളില്‍ കാണാവുന്നതാണ്. അനസ് (റ)വിനോട് നബി (സ്വ)യുടെ കേശത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം മറുപടി നല്‍കിയത്: ജഡ കുത്താത്തതും കട്ടികുറഞ്ഞതുമായ മുടിയായിരുന്നു നബി (സ്വ)യുടേത്. ചെവിയുടെ അടിഭാഗത്തോളം അതിന് നീളമുണ്ടായിരുന്നു (ബുഖാരി). എന്നാല്‍ ഇത് ന്യായീകരണമായി കണ്ടുകൊണ്ട് മുടി ചിലഭാഗങ്ങളില്‍ മാത്രം നീട്ടി വളര്‍ത്തുന്നതും, നബി(സ്വ) മൈലാഞ്ചികൊണ്ട് രോമങ്ങള്‍ക്ക് ചായം പൂശിയത് കാരണം പറഞ്ഞ് വെള്ളം ചേരാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിറം നല്‍കുന്നതും നബി(സ്വ)യുടെ ചര്യക്ക് വിരുദ്ധമാണ്. നബി(സ്വ)യുടെ വിയര്‍പ്പിന് കസ്തൂരിയുടെ സുഗന്ധവും, രോഗ ശമനവും ഉണ്ടായിരുന്നിട്ടും നബി(സ്വ) അനുചരന്മാരെ പഠിപ്പിക്കാന്‍ വേണ്ടി സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നു.
അക്ഷര ജ്ഞാനം അഭ്യസിച്ചിട്ടില്ലെങ്കിലും നബി(സ്വ)യുടെ സംസാരം അറബി സാഹിത്യത്തിന്‍റെ അടിത്തറകള്‍ പോലും കവര്‍ന്നെടുക്കുന്നതായിരുന്നു. സാഗരം പോലെ ഒഴുകി നടക്കുന്ന വാക്കുകളും, സന്ദര്‍ഭോചിതമായ ഇടപെടലുകളും അപൂര്‍വ്വമായ സംസാരശുദ്ധിയും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. നീട്ടിപ്പരത്താതെയും ചുരുക്കാതെയും മിതത്വം പാലിച്ചാണ് നബി (സ്വ) സംസാരിച്ചിരുന്നത്. ആവശ്യമില്ലാത്ത സംസാരങ്ങളില്‍ ഇടപെടാതെ അര്‍ത്ഥപൂര്‍ണ്ണതയുള്ളതും അല്ലാഹുവിനെ ഓര്‍മിപ്പിക്കുന്നതുമായ വാക്കുകളാണ് തിരുനബി (സ്വ)യില്‍ നിന്നുണ്ടായിരുന്നത്. അറേബ്യയിലെ ഓരോ ഗോത്രഭാഷകള്‍ക്കും അനുയോജ്യമായ ഭാഷയില്‍ മാത്രമേ പ്രവാചകര്‍(സ്വ) അവരോട് സംസാരിക്കാറുള്ളു. കളങ്ക രഹിതവും, ചിന്തനീയവുമായ തമാശകളിലൂടെ സദസിനെ തന്നിലേക്ക് ലയിപ്പിക്കുന്നതോടൊപ്പം, കുട്ടികളാണെങ്കില്‍ പോലും സദസ്യരുടെ അഭിപ്രായങ്ങള്‍ നബി(സ്വ) പരിഗണനയിലെടുക്കുകയും ചെയ്യാറുണ്ടായിരുന്നു.
നബി(സ്വ) അട്ടഹസിച്ച് ചിരാക്കാറില്ലെന്നും, പുഞ്ചിരിക്കുമ്പോള്‍ പതിനാലാം രാവിലെ ചന്ദ്രികയെ പോലെ പരിസരമാകെ പ്രകാശിക്കുമെന്നും ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്. ജാബിറുബ്നു സമുറ (റ) പറയുന്നു: ‘പുഞ്ചിരിച്ചു മാത്രമേ റസൂല്‍ (സ്വ)യെ കണ്ടിട്ടുള്ളൂ’. എന്നാല്‍, ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും മരണം സ്മരിക്കുന്ന അവസ്ഥകളിലെല്ലാം അവിടുന്ന് കരയാറുണ്ടായിരുന്നു. ‘അല്ലാഹുവിലൂന്നിയ ചിന്തകളില്‍ മുഴുകി നിരന്തരം കരയുന്നത് കാരണം നബി (സ്വ)യുടെ കണ്ണുകള്‍ക്ക് താഴെ ചാലുകള്‍ വീണത് കണ്ടുവെന്ന് അബ്ദുല്ലാഹിബ്നു മസഊദ് (റ) പറഞ്ഞിരുന്നു’. പലപ്പോഴും നബി (സ്വ) കരയുന്നത് കണ്ട് സദസിലുള്ള അനുചരന്മാരും കരയാറുണ്ടായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പ്രവാചകര്‍(സ്വ)യുടെ ബാഹ്യമായ സൗന്ദര്യം പറയുന്നതില്‍ സമ്പൂര്‍ണത കണ്ടെത്താന്‍ തങ്ങള്‍ക്കായില്ലെന്നും അവിടുത്തെ ആന്തരികമായ സൗന്ദര്യത്തിന്‍റെ അടുത്തുപോലും എത്തിപ്പിടിക്കാന്‍ കഴിയാതിരുന്നതായും സ്വഹാബത്ത് രേഖപ്പെടുത്തുന്നുണ്ട്. നബി(സ്വ)യുടെ വഫാത്തിനു ശേഷം ഹജ്ജിനു വന്ന അവസരത്തില്‍ ഉവൈസുല്‍ ഖര്‍നി(റ) നബി(സ്വ)യുടെ ആത്മീയ ലോകത്തെ കുറിച്ചു ഉമര്‍(റ)വിനോടും ചോദിക്കുകയും, അതിന്‍റെ അതിരുകള്‍ തനിക്കറിയില്ലെന്നു പറഞ്ഞ് അവിടുന്ന് വിതുമ്പിക്കരഞ്ഞതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. ആടിനെ മേച്ചും കൃഷി ചെയ്തും ഒരു കാലം ജീവിച്ചു തീര്‍ത്ത ഒരു സമൂഹമെന്നതില്‍ നിന്ന്, ധാരാളം മനുഷ്യ ഹൃദയങ്ങളില്‍ ഇടംനേടി ഒരു സമൂഹം വാഴ്ത്തപ്പെടുന്നതും ഒരു ദേശം അണ മുറിയാതെ സന്ദര്‍ഷിക്കപ്പെടുന്നതും തിരു നബി (സ്വ)യുടെ പ്രഭാവം പകര്‍ന്നു നല്‍കിയ വിശുദ്ധി തളം കെട്ടി നില്‍ക്കുന്നതിനാലാണ്. ഇന്നും ആ ഭുഖണ്ഡത്തിലെ എറ്റവും മനോഹരമായ കാഴ്ച തിരു പ്രവാചകന്‍റെ മദീനയാണ്.

സാലിം നൈന മണ്ണഞ്ചേരി

Write a comment