Posted on

വാണിജ്യ ലോകത്തെ വിശ്വസ്ത പ്രവാചകന്‍

 

അധ്യാപികയുടെ തട്ടിപ്പ് ഞെട്ടിക്കുന്നത്;ഹോട്ടലുകളില്‍ ആഡംബരജീവിതം, ടാക്സിക്കാരന് നാല് ലക്ഷം കടം!’ ഇതായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ മറവില്‍ കോടികളുടെ തട്ടിപ്പുനടത്തി അറസ്റ്റിലായപ്പോഴാണ് അക്ഷരം പഠിപ്പിച്ച് കൊടുത്തിരുന്ന അധ്യാപികയുടെ അമ്പരിപ്പിക്കുന്ന ജീവിതകഥ നാടറിഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് എന്ന പ്രദേശത്തെ യു പി സ്കൂള്‍ അധ്യാപികയാണ് കക്ഷി. സ്ഥലം വാങ്ങിനല്‍കാമെന്ന് പറഞ്ഞാണത്രേ ആദ്യമായി പണം വെട്ടിച്ചു വാങ്ങിയത്. സമകാലിക സാഹചര്യത്തില്‍ വ്യാവസായിക വാണിജ്യ മേഖലകളില്‍ നടമാടുന്ന ചൂഷണങ്ങളുടെ നേര്‍ചിത്രമാണിത്. ചൂഷണവും തട്ടിപ്പും സര്‍വ്വ വ്യാപകമാകുന്ന ഈ കാലത്ത് വാണിജ്യ മേഖലയിലെ പ്രവാചക മാതൃകയെ ഒന്നുകൂടി വായിക്കല്‍ അനിവാര്യമായിരിക്കുകയാണ്. നബി(സ്വ) പറഞ്ഞു: ‘ഗ്രാമീണരില്‍ നിന്നും പട്ടണവാസി കച്ചവടം നടത്തരുത്. അല്ലാഹുവിന്‍റെ വിഭവവുമായി ജനങ്ങളെ വിട്ടേക്കുക. നിങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവരാണ്'( ഇബ്നുമാജ). ജനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ കച്ചവടത്തില്‍ പൂഴ്ത്തിവെച്ച് അവര്‍ക്ക് ഞെരുക്കവും പ്രയാസവും വരുത്തിത്തീര്‍ക്കുന്നതിനെ റസൂല്‍(സ്വ) പ്രോത്സാഹിപ്പിച്ചിരുന്നില്ല. പൂഴ്ത്തിവെപ്പ് നടത്തുന്നവരുടെ മേല്‍ ദാരിദ്ര്യവും കുഷ്ഠരോഗവും ഇറക്കപ്പെടുമെന്ന് ഹദീസുകളില്‍ കാണാം. മാത്രമല്ല ആവശ്യവസ്തുക്കള്‍ കച്ചവടം ചെയ്യുന്നവരെ നബി തങ്ങള്‍ക്ക് പ്രത്യേകം ഇഷ്ടമായിരുന്നു. ഇതിനുപുറമെ ചരക്ക് വിറ്റൊഴിക്കുന്നതിന് കള്ളസത്യം ചെയ്യുന്നതിനെയും നബിതങ്ങള്‍ വിലക്കിയിട്ടുണ്ട്. അന്ത്യനാളില്‍ അല്ലാഹുവിന്‍റെ നോട്ടവും സംസാരവും ലഭിക്കാത്ത മൂന്ന് വിഭാഗത്തെ അവിടുന്ന് എണ്ണിയത് വസ്ത്രം താഴ്ത്തി ഇടുന്നവനും, ഉപകാരങ്ങള്‍ ഏറ്റുപറയുന്നവനും, വ്യാജ സത്യം ചെയ്ത് ചരക്ക് വിറ്റൊഴിക്കുന്നവനും ആണെന്നാണ്(ഇബ്നുമാജ). മാത്രമല്ല തങ്ങളുടെ കച്ചവടങ്ങളില്‍, പലിശയില്‍ നിന്നും മാര്‍ക്കറ്റിലെ മറ്റു കച്ചവടക്കാര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്നതില്‍ നിന്നും ജാഗ്രത പാലിക്കാന്‍ നബി തങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും അതിന് അനുചരരോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എല്ലാത്തിലുമുപരി അനുവദനീയമായ മാര്‍ഗത്തിലാണെങ്കില്‍ പോലും കച്ചവട ക്രയവിക്രയങ്ങള്‍ക്കിടയില്‍ അല്ലാഹുവിനെ മറന്ന്, ആരാധനയെ മാറ്റിനിര്‍ത്തുന്ന സ്ഥിതിയെ തിരുദൂതര്‍ വെറുത്തിരുന്നു.
ഒരിക്കല്‍ ഒരു ജുമുഅ ദിവസം പ്രവാചകര്‍ ഖുതുബ നിര്‍വഹിക്കവെ അവിടെയെത്തിപ്പെട്ട കച്ചവടസംഘത്തെ കണ്ട് ശ്രോതാക്കളില്‍ നല്ലൊരുപങ്കും എഴുന്നേറ്റുപോയി കച്ചവടത്തില്‍ ഏര്‍പ്പെട്ടു. ഈ സാഹചര്യത്തിലാണ് നബിക്കു മുമ്പാകെ ഖുര്‍ആന്‍ അവതീര്‍ണമായത്; ‘വിശ്വാസികളെ, നിങ്ങളെ ജുമുഅ ദിവസം നിസ്കാരത്തിനു വിളിക്കപ്പെട്ടാല്‍ കച്ചവടം ഉപേക്ഷിക്കുകയും അല്ലാഹുവിന്‍റെ സ്മരണയിലേക്ക് ഉത്സാഹിച്ചു വരികയും ചെയ്യുക. അതാണത്രെ നിങ്ങള്‍ക്ക് ഗുണകരം, അത് നിര്‍വഹിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് വ്യാപിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നന്വേഷിക്കുകയും അവനെ ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം (ജുമുഅ:9,10,11).
റസൂല്‍(സ്വ) മാത്രമല്ല തിരുജീവിതത്തില്‍ നിന്ന് അറിവുള്‍ക്കൊണ്ട സ്വഹാബത്തും വ്യാപാര രംഗങ്ങളില്‍ പ്രവാചകരെ അത്യധികം മാതൃകയാക്കിയവരായിരുന്നു. മദീനയിലേക്ക് തൗഹീദ് സംരക്ഷണാര്‍ത്ഥം പോയ മുഹാജിറുകള്‍ക്ക്, തങ്ങളുടെ സുഹൃത്തുക്കളായ അന്‍സ്വാറുകള്‍ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തിട്ടു കൂടി തങ്ങള്‍ കച്ചവടം ചെയ്ത് ജീവിച്ചു കൊള്ളാമെന്ന് പറഞ്ഞ മാതൃക പ്രവാചകരില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠമാണ്. ഇങ്ങനെ ഇസ്ലാം പ്രവാചകരിലൂടെ നല്ല കച്ചവട പാഠങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചത് തൊഴിലിന്‍റെയും അതില്‍ കച്ചവടത്തിന്‍റെയും പ്രാധാന്യം അറിയിച്ചു കൊണ്ടായിരുന്നു. നിലനില്‍പ്പിന്‍റെ മാര്‍ഗങ്ങളെ തൊഴിലിലൂടെ കണ്ടെത്തണമെന്നും ഏറ്റവും ഉത്തമമായ തൊഴിലുകള്‍ കൈകൊണ്ടു ചെയ്യുന്ന ജോലിയും സ്വീകാര്യമായ കച്ചവടവും ആണെന്ന് ഇസ്ലാമികാധ്യാപനങ്ങള്‍ നമ്മെ പഠിപ്പിക്കുമ്പോള്‍ അതിന്‍റെ മഹത്വം വിവരണാതീതമാണ്. സര്‍വതലസ്പര്‍ശിയായ ഇസ്ലാം എന്ന സത്യമതവും അതിന്‍റെ പ്രബുദ്ധനായകരായ പ്രവാചകരും(സ്വ) വിഭാവനം ചെയ്ത ചൂഷണരഹിത കച്ചവട വ്യവസ്ഥിതിയാണ് പുതിയ കാലത്തെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള മികച്ച പരിഹാരം. തട്ടിപ്പും പൂഴ്ത്തിവെപ്പും ചൂഷണവുമില്ലാത്ത ഒരു കച്ചവട വ്യവസ്ഥിതിക്ക് നെടുനായകത്വം വഹിച്ച പ്രവാചക മാതൃക കൊള്ളലാഭത്തിന് വേണ്ടി കച്ചവട ധര്‍മത്തെ മറക്കുന്നവര്‍ക്കുള്ള നാഥന്‍റെ താക്കീത് കൂടിയാണ്. നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ന് കച്ചവട മേഖലകളും രീതികളുംനടത്തിപ്പുകളുമൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ റസൂലിന്‍റെ കച്ചവട നിര്‍ദ്ദേശങ്ങളും നയങ്ങളും നിയമങ്ങളും എക്കാലത്തും നിലനില്‍പ്പുള്ളതും പ്രസക്തവും പ്രായോഗികവുമാണ്.

ജവാദ് വിളയൂര്‍

Write a comment