Posted on

സത്യ സാക്ഷാത്കാരത്തിന്‍റെ പ്രബോധന വഴികള്‍

 

മനുഷ്യ ജീവിതത്തിന് മാര്‍ഗ ദര്‍ശനം നല്‍കലാണ് പ്രബോധനം(ദഅ്വത്ത്). ‘ദൈവിക മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവന്‍റെ വാക്കുകളേക്കാള്‍ ഉത്തമമായി മറ്റെന്തുണ്ട്?’ എന്ന പരിശുദ്ധ ഖുര്‍ആനിന്‍റെ ചോദ്യം തന്നെ പ്രബോധന പ്രാധാന്യത്തെയും സാധുതയെയും വിളിച്ചോതുന്നുണ്ട്. ഒട്ടേറെ പ്രതിബന്ധങ്ങള്‍ കുമിഞ്ഞ് കിടക്കുന്ന പ്രബോധന പാതയില്‍ മുന്നേറാന്‍ വിശേഷിച്ച് സമകാലിക സാഹചര്യത്തില്‍ പ്രയാസങ്ങളേറെയാണ്. എന്നാല്‍ അക്രമങ്ങളും അനാചാരങ്ങളും കൊടിക്കുത്തിവാഴുന്ന ഒരു കാലഘട്ടത്തില്‍ എങ്ങനെ പ്രബോധനം നടത്താമെന്നതിന് വ്യക്തമായ മാര്‍ഗരേഖ വരച്ച് കാണിച്ചവരാണ് പ്രവാചകര്‍. നബിയുടെ മാതൃകാ ജീവിതത്തെയാണ് പ്രബോധന വീഥിയിലും ജീവിതത്തിന്‍റെ നിഖില മേഖലകളിലും മാതൃകയാക്കേണ്ടത്.
പ്രയാസങ്ങളും പ്രതിബന്ധങ്ങളും നിറഞ്ഞ പ്രബോധന വീഥിയില്‍ സമൂഹത്തോടൊപ്പം സഞ്ചരിക്കുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന സമീപനമാണ് പ്രവാചക ജീവിതത്തില്‍ നിന്നും നമുക്ക് വായിക്കാനാവുക. തന്‍റെ പ്രബോധിതര്‍ക്കിടയിലേക്ക് ഘട്ടം ഘട്ടമായാണ് ഇറങ്ങിച്ചെല്ലുന്നത്. അവിടെയാണ് നിലനില്‍ക്കുന്ന സാമൂഹിക അന്തരീക്ഷത്തിന്‍റെ പ്രക്ഷുബ്ധാവസ്ഥയെ തിരിച്ചറിഞ്ഞ മുത്ത് നബിയെ കാണുന്നത്. പ്രവാകന് അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് രഹസ്യ പ്രബോധനത്തിനുള്ള നിര്‍ദേശം ലഭിച്ചതിന് ശേഷമാണ് ആദ്യത്തെ മൂന്ന് വര്‍ഷം രഹസ്യമായി പ്രബോധനം നടത്തിയത്.
എല്ലാം നല്ലത് പോലെ മനസ്സിലാക്കിയ, ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ നില്‍ക്കുന്ന സന്തത സഹചാരികള്‍ക്കാണ് തുടക്കത്തില്‍ നബി(സ്വ) ഇസ്ലാം പരിചയപ്പെടുത്തിയത്. പ്രവാചകന്‍ പ്രബോധനം നടത്തുന്ന കാര്യങ്ങള്‍ നബിയുടെ സ്വഭാവ മഹിമയിലൂടെ തന്നെ പ്രിയ പത്നി ഖദീജ ബീവി(റ) പൂര്‍ണമായി ഉള്‍ക്കൊള്ളുകയുണ്ടായി. അന്ന് നബിയെ അംഗീകരിച്ചവരില്‍ പ്രമുഖരായിരുന്നു അബൂബക്കര്‍ സിദ്ധീഖ്(റ). നബി(സ) തങ്ങള്‍ പറയുന്നതെന്തും അക്ഷരം പ്രതി അംഗീകരിക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. നബി പറയുന്ന കാര്യങ്ങളിലൊന്നും അദ്ദേഹം സന്ദേഹം പ്രകടിപ്പിച്ചില്ല. അത് പോലെ നബിയുടെ അടിമയായിരുന്ന സൈദ് (റ)വും കേട്ടപാടെ നബിയുടെ ദൗത്യം അംഗീകരിച്ചു. നബിയുടെ എല്ലാ രഹസ്യങ്ങളും അറിഞ്ഞിരുന്ന മറ്റൊരാളാണ് തന്‍റെ പിതൃവ്യ പുത്രന്‍ അലിയ്യുബ്നു അബീത്വാലിബ് (റ). അദ്ദേഹവും സത്യ മതത്തെ അംഗീകരിക്കാന്‍ ഒട്ടും വൈമനസ്യം കാണിച്ചില്ല. അങ്ങനെ സ്ത്രീകളില്‍ നിന്ന് ഖദീജ ബീവി(റ)യും അടിമകളില്‍ നിന്ന് സൈദ്(റ)വും കുട്ടികള്‍ നിന്ന് അലിയ്യുബ്നു അബീത്വാലിബ്(റ)വും സ്വതന്ത്ര പുരുഷന്‍മാരില്‍ നിന്ന് അബൂബക്കര്‍ സിദ്ധീഖ്(റ)വുമാണ് ആദ്യമായി ഇസ്ലാം പുല്‍കി.
രഹസ്യ പ്രബോധനത്തിലൂടെ കുറെ ആളുകളെ സത്യവിശ്വാസികളാക്കി തീര്‍ക്കാന്‍ പ്രവാചകര്‍ക്ക് കഴിഞ്ഞെങ്കിലും പ്രവാചകരുടെ ദൗത്യം പൂര്‍ണ്ണമായിരുന്നില്ല. ‘ആജ്ഞാപിക്കപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറയുക’ എന്ന ഖുര്‍ആനിക സൂക്തത്തിന്‍റെ അവതരണത്തോടെ പരസ്യ പ്രബോധനത്തിന് പ്രവാചകര്‍ നിര്‍ബന്ധിതനായി. പരസ്യ പ്രബോധനാര്‍ത്ഥം ഖുര്‍ആനിക വചനങ്ങള്‍ പ്രവാചകര്‍ ജനങ്ങളെ കേള്‍പ്പിച്ചു കൊണ്ടിരുന്നു. തങ്ങള്‍ പണ്ട് കാലം മുതലേ ആരാധിച്ചിരുന്ന ദൈവങ്ങളെ വെടിഞ്ഞ് മുഹമ്മദിന്‍റെ ദൈവമായ ആല്ലാഹുവിനെ ആരാധിക്കണമെന്നത് ഖുറൈശി സമൂഹത്തെ ആകെ ഇളക്കി മറിച്ചു. പ്രവാചകര്‍ മാരണം ബാധിച്ചവരാണെന്നും ആഭിചാരകനാണെന്നും ജോത്സ്യനാണെന്നും കവിയാണെന്നും തുടങ്ങി മാറി മാറി ആക്ഷേപിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആക്ഷേപങ്ങളും ശകാരങ്ങളും ഒന്നും തന്നെ സത്യദീനിനെ പ്രചരിപ്പിക്കുന്നതില്‍ പ്രവാചകരെ പിറകോട്ട് വലിച്ചില്ല. സാഹചര്യത്തിനനുസരിച്ചുള്ള നിയമങ്ങളും നടപടികളും ഇടപെടലുകളും നടത്തി പ്രവാചകര്‍ പ്രബോധന ദൗത്യം വിജയകരമായി പൂര്‍ത്തികരിക്കുകയാണുണ്ടായത്. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പുതന്നെ പ്രബോധന സാഹചര്യങ്ങളെ മനസ്സിലാക്കി നിലകൊണ്ടവരാണ് പ്രവാചകര്‍(സ്വ) .
മര്‍ദിതര്‍ക്കും പീഡിതര്‍ക്കുമെല്ലാം സാന്ത്വനത്തിന്‍റെ വഴി തുറന്നു കൊടുത്ത സംഭവങ്ങളാണ് നബിയുടെ പ്രബോധനം നല്‍കുന്ന ഏറ്റവും വലിയ സന്ദേശം. ദൈവിക സന്ദേശത്തിലൂടെ പ്രബോധന മാര്‍ഗം കാണിച്ചുതന്ന പ്രവാചകരുടെ സരണിയെ പിന്‍പറ്റിയുള്ള പ്രബോധന പ്രവര്‍ത്തനങ്ങാണ് സമകാലിക സാഹചര്യം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. മുഹമ്മദിനെ പോലെ ഒരു ഭരണാധികാരി ഇന്ന് ലോകത്തുണ്ട് എങ്കില്‍ അയാളുടെ കരങ്ങള്‍ മതി ലോകമനുഭവിക്കുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമെന്ന ജോര്‍ജ് ബര്‍ണാഡ് ഷായുടെ വാക്കുകള്‍ പ്രബോധനത്തിന്‍റെയും അവിടുത്തെ സാമൂഹിക ഇടപെടലുകളുടെയും മഹിമ വാനോളം ഉയര്‍ത്തിക്കാട്ടുന്നു. .

അഫ്സല്‍ നെല്ലിക്കുത്ത്

Write a comment