Posted on

അതിരു വിടുന്ന ടിക് ടോക്ക് ആഭാസങ്ങള്‍

മീടു ചര്‍ച്ചകള്‍ ചൂടേറിയ സാഹചര്യത്തിലാണ് ഒരു ഫേസ്ബുക്ക് സുഹൃത്ത് തന്‍റെ ഈ അനുഭവം പങ്ക് വെച്ചത്. തനിക്ക് നേരെ വന്ന ഒരു പെണ്‍പിറപ്പിന്‍റെ മെസഞ്ചര്‍ ആക്രമണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരണങ്ങളടങ്ങിയ സ്ക്രീന്‍ ഷോട്ടുകളും, കുറിപ്പുകളും വായിച്ചപ്പോള്‍ ഇങ്ങനെയും സ്ത്രീ ജന്മമോ എന്ന ചിന്ത ഏറെ അസ്വസ്ഥപ്പെടുത്തി. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ഉടനെ ചാടിക്കേറി വീഡിയോ കാളില്‍ വരികയും, അശ്ലീല ചാറ്റിന് ക്ഷണിക്കുകയും, തിരസ്കരിച്ചപ്പോള്‍ സ്വന്തം നഗ്നചിത്രം അയച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും അതിനും വഴങ്ങാതിരുന്നപ്പോള്‍ പൗരുഷം ചോദ്യം ചെയ്ത് വീഡിയോ കാള്‍ ചെയ്യുകയും ശല്യം സഹിക്ക വയ്യാതെ അറ്റന്‍റ് ചെയ്തപ്പോള്‍ കണ്ട രംഗം കുളിമുറിയില്‍ അര്‍ദ്ധ നഗനയായി നില്‍ക്കുന്ന സ്ത്രീ ശരീരത്തെയായിരുന്നു.
പീഡിപ്പിക്കപ്പെട്ടവരോ പീഢന ശ്രമത്തിനിരയായവരോ ആയ പ്രമുഖര്‍ അവരുടെ ഓര്‍ക്കാനിഷ്ടപ്പെടാത്ത സംഭവങ്ങളുടെ ഓര്‍മ്മക്കെട്ടുകള്‍ ലോകത്തിന് മുന്നില്‍ അഴിച്ചു വെക്കുന്ന സാഹചര്യത്തില്‍ ഒരു സ്ത്രീയുടെ പുരുഷന് നേരെയുള്ള ആക്രമണം ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സാധാരണ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് ഇത്തരം വിഷയത്തിലെ എടുത്തു ചാട്ടക്കാരെങ്കിലും സഹജമായുള്ള ലജ്ജയും ശാരീരികമായ ദൗര്‍ബല്യവും പലപ്പോഴും സ്ത്രീ സമൂഹത്തെ ഇത്തരം ശ്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. എന്നാല്‍ അതെല്ലാം ഭേദിച്ചു പുരുഷന്മാര്‍ക്ക് നേരെ അശ്ലീല വീഡിയോകാള്‍ നടത്തുന്ന സ്ത്രീകള്‍ ഉണ്ടെന്ന് തന്നെയാണ് ഫേസ്ബുക്ക് കുറിപ്പില്‍ സുഹൃത്ത് പങ്കുവെച്ചത്.
സ്ത്രീകളെ മുതലെടുപ്പ് നടത്തി സ്ത്രീ ശാക്തീകരണത്തിന്‍റെ മറപിടിച്ചു ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനും ശാരീരിക ഇംഗിതങ്ങള്‍ നടപ്പിലാക്കാനും പലരും കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചിട്ട് കാലങ്ങളേറെയായി. സ്ത്രീകളില്‍ നിന്ന് ഉയര്‍ന്നുവന്ന ഫെമിനിസത്തിന്‍റെ പേരില്‍ നടക്കുന്ന പല പ്രവര്‍ത്തനങ്ങളുടേയും അനുരണനങ്ങള്‍ സ്ത്രീകളെ തന്നെ തിരിഞ്ഞാക്രമിക്കുന്ന ബൂമറാംഗുകളായി മാറിതുടങ്ങിയിരിക്കുന്നു. സ്ത്രീത്വത്തെ പൊതുവല്‍ക്കിരിക്കാന്‍ ആവിഷ്കരിക്കപ്പെട്ട കുത്സിതശ്രമങ്ങളുടെ ആദ്യ ചവിട്ടുപടിയാണ് സ്ത്രീ സഹജമായ ലജ്ജ ഇല്ലാതാക്കല്‍. സ്ത്രീയുടെ ലജ്ജയാണല്ലോ പലപ്പോഴും ഇത്തരം ആഭാസങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുന്നത്. അതു കൊണ്ടു തന്നെ പെണ്ണുടലുകളെ കോര്‍പ്പറേറ്റ് പരസ്യ കമ്പനികള്‍ വിലക്കെടുക്കുകയും അത് കമ്പോളത്തില്‍ വിറ്റഴിച്ച് തടിച്ചു കൊഴുക്കുകയും, നഗ്നത സാധാരണവല്‍ക്കരിച്ച് ലജ്ജയില്ലായ്മ നടപ്പാക്കുകയുമായിരുന്നു ഇക്കൂട്ടര്‍. അതിനെ ചോദ്യം ചെയ്തവരെ, സ്ത്രീ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടേണ്ടവളല്ല എന്നും, പുരുഷന്‍മാര്‍ ഉള്ളിടത്തെല്ലാം സ്ത്രീകളും വേണമെന്നും പുരുഷന്‍ ചെയ്യുന്നതെല്ലാം സ്ത്രീയും ചെയ്യണമെന്നും, തുടങ്ങിയ വാദോന്മുഖങ്ങള്‍ നിരത്തുകയും ഇതിനെതിരെയുള്ള മതപരവും ധാര്‍മ്മികവുമായ നിലപാടുകളെല്ലാം അറുപഴഞ്ചനും, യാഥാസ്ഥികമാക്കുകയും ചെയ്തു. തുമ്പികളെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ സ്ത്രീകളെ താങ്ങാവുന്നതിലപ്പുറം ജോലി എടുപ്പിക്കുകയും, തങ്ങളിപ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ വശ്യതയിലാണെന്ന തോന്നലുളവാക്കുകയും നിരവധി സ്ത്രീകള്‍ അത് ഏറ്റെടുക്കുന്നതിലേക്കും കാര്യങ്ങളെത്തി.
അതിന്‍റെയൊക്കെ പരിണിത ഫലങ്ങള്‍ പല വിധേന സ്ത്രീകള്‍ ഇന്ന് മൗനമായി അനുഭവിക്കുന്നുമുണ്ട്. പറഞ്ഞു വന്നത് ലജ്ജയില്ലായ്മ കാരണം ലൈംഗിക ആഭാസങ്ങള്‍ക്ക് സ്ത്രീകളും കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട് എന്നു തന്നെയാണ്. ഫ്ളാഷ് മോബിലും, ചുംബന സമരത്തിലും ലജ്ജയില്ലാതെ സ്ത്രീകള്‍ ഇറങ്ങിയ പോലെ തന്നെ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലും സ്ത്രീ അഴിഞ്ഞാട്ടം തന്നെയാണ്. മെസഞ്ചര്‍ ആക്രമണം തൊട്ട് റ്റിക്റ്റോക്കില്‍ അസഭ്യവാക്കുകകളും, നഗ്നതാ പ്രദര്‍ശനംവും വരെയെത്തി സ്ത്രീ സ്വാതന്ത്ര്യവാദങ്ങള്‍.
ടിക് ടോക്ക്
ഇന്ന് കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ ഏറെ പ്രചാരം നേടുകയാണ് ടിക്ടോക്ക് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്ലിക്കേഷന്‍. പോസ്റ്റുകള്‍ അതിവേഗം വൈറല്‍ ആകുന്നതു കൊണ്ടു തന്നെ കൂടുതല്‍ ആകര്‍ഷണീയവും വ്യത്യസ്തവുമായ വീഡിയോകള്‍ സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങളിലും ശ്രമങ്ങളിലുമാണ് പുതുസമൂഹം. ചെറിയ വീഡിയോ ക്ലിപ്പുകളോട് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഉടലെടുത്ത ജ്വരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് വീഡിയോ ആപ്പുകള്‍.
യൂടുബ് പോലോത്ത വീഡിയോ സര്‍വ്വീസുകളില്‍ അപ്ലോഡ് ചെയ്താല്‍ പിടിക്കപ്പെടുമെന്ന് കരുതി മാറ്റി വെച്ച ക്ലിപ്പുകളെല്ലാം ടിക് ടോക് ആപ്പുകളില്‍ ഇപ്പോള്‍ ഒരു തടസ്സവുമില്ലാതെ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്. 2016 അവസാനത്തില്‍ പുറത്തിറങ്ങിയ ആപ്പിന് കുറഞ്ഞ കാലം കൊണ്ട് തന്നെ വലിയ പ്രചാരം ലഭിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്‍ഡോനേഷ്യയിലെ പ്രചരണങ്ങള്‍ അതിര് കടന്നപ്പോള്‍ അതിനെ തടയിടാനാണ് പിന്നീട് ആ രാജ്യം മുതിര്‍ന്നത്. മറ്റു സാമൂഹ്യ ആപ്പുകള്‍ക്കുള്ള ഭീഷണികള്‍ ടിക് ടോക്കിനില്ല എന്ന ഖ്യാദി ആദ്യമേ അത് നേടിയെടുത്തത് കൊണ്ട് തന്നെ വന്‍ പ്രചാരം തന്നെ ഈ ആപ്പിനുണ്ടായി. ഏക നല്ല ആപ്പ് എന്ന വിശേഷണമാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ ആപ്ലിക്കേഷനു നല്‍കിയത്. യു എസില്‍ ദശലക്ഷകണക്കിന് ഉപഭോക്താക്കളാണ് ഇതിനുള്ളത്. അത് കൊണ്ട് തന്നെ പ്ലേസ്റ്റോറിലെ 2018 ആപ്പ് അവാര്‍ഡും ടിക് ടോക്കിനെ തേടിയത്തി. എന്നാല്‍ ഇത്തരം ആപ്പുകളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് യുവാക്കള്‍ ബോധവാന്മാരാകുന്നില്ല.. ആപ്പുകള്‍ ഇന്‍സ്ററാള്‍ ചെയ്യുമ്പോള്‍ തന്നെ ലൊക്കേഷന്‍, കോണ്‍ടാക്സ്, വീഡിയോയും ഓഡിയോയും റെക്കോര്‍ഡ് ചെയ്യുവാനുള്ള അനുവാദം, നെറ്റ്വര്‍ക്കിലേക്ക് കടക്കാനുള്ള അനുവാദം എന്നിവയെല്ലാം വാങ്ങിയാണ് ടിക് ടോക്ക് പോലുള്ള ആപ്പുകള്‍ ഫോണുകളില്‍ പതുങ്ങിയിരിക്കുന്നത്.
അശ്ലീലതകള്‍ പ്രചരിപ്പിച്ചും മതസ്പര്‍ദകള്‍ വളര്‍ത്തിയും വൈരാഗ്യങ്ങള്‍ സൃഷ്ടിച്ചുമുള്ള നവസമൂഹത്തിന്‍റെ അപക്വ ഇടപെടലുകളാണ് നിലവില്‍ ടിക് ടോക്കിലുള്ളത്. കത്തി ഉപയോഗിച്ച് കഴുത്തറുക്കുന്ന ലൈവ് സെല്‍ഫി വീഡിയോ എടുക്കാന്‍ ശ്രമിച്ച ചെന്നൈയിലെ ഒരു യുവാവിന്‍റെ ശ്രമം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായാത് കളി കൈവിട്ട് കാര്യമായതോടെയാണ്. കത്തി കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കി രക്തം ഒഴുകാന്‍ തുടങ്ങിയതോടെ യുവാവ് പരിഭ്രാന്തിയിലാവുകയായിരുന്നു. ഇത് പോലെയുള്ള അഭ്യാസങ്ങളും അവ അനുകരിച്ച് അപകടത്തില്‍ പെടുകയും ചെയ്യുന്ന വാര്‍ത്തയും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും അമ്പരപ്പിക്കുന്നതാണ്. അവസാനമായി കിളിനക്കോട്ടെ കൂട്ടുകാരിയുടെ കല്യാണത്തിന് വന്ന പെണ്‍പിറപ്പുകളുടെ വാട്സാപ്പ് വീഡിയോയും കൂടുതല്‍ കോലാഹലങ്ങള്‍ക്ക് വഴിവെച്ചു. അതിനെ അനുകരിച്ചും, തെറി വിളിച്ചുമുള്ള പ്രതികരണങ്ങള്‍ ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമ ലോകം ഏറ്റെടുത്തതാണ്. ഇപ്പോഴും അതിന്‍റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. അവയില്‍ മുഖം കാണിച്ചവരുടെ ജീവിതം തന്നെ തകര്‍ന്ന വാര്‍ത്തയാണ് പിന്നീട് നാം അറിഞ്ഞത്. പ്രണയം മുറിച്ച് ഉപേക്ഷിച്ചു പോയ കാമുകനെതിരെ പെണ്‍കുട്ടിയും, കൂട്ടുകാരികളും നടത്തിയ ടിക് ടോക് അസഭ്യ പേമാരി കേരളം ജാള്യതയോടെ കണ്ടതും കേട്ടതുമാണ്. ഇത്തരം വീഡിയോ ആപ്പുകള്‍ക്ക് അടിമപ്പെട്ട പെണ്‍കുട്ടികളുടെ ജീവിതം തകര്‍ന്ന വാര്‍ത്തകള്‍ നിത്യേന വന്നു കൊണ്ടിരുന്നിട്ടും, അതിപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നതും, അത് അവസാനിപ്പിക്കാനും കഴിയാത്തതെന്താണ്? വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകളുടെ ദുരുപയോഗങ്ങളും, അതുവഴി നടത്തുന്ന പേക്കൂത്തുകളും, തങ്ങള്‍ക്ക് നേരെ തന്നെ തിരിഞ്ഞു വരുന്ന അമ്പുകളാവുമെന്നു പെണ്‍കൊടികള്‍ തിരിച്ചറിയുകയെന്നാണ്?
സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്ന ഒരു തലമുറയെ ഞാനേറെ ഭയക്കുന്നു എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത് അര്‍ത്ഥപൂര്‍ണ്ണമാവുന്ന സാഹചര്യങ്ങളാണിന്ന്. പഠിക്കുന്ന കാലത്ത് കുട്ടികള്‍ക്ക് എല്ലാ സൗകര്യവുമുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുക്കുന്ന രക്ഷിതാക്കളാണ് ഇതിലെ മുഖ്യ കാരണക്കാര്‍ . സ്നേഹത്തിന്‍റെ പേരില്‍ വാങ്ങി കൊടുക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ മക്കളെ വഴി തെറ്റിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയാത്തതെന്താണ്?
വിപണിയില്‍ മുന്നിലെത്താനുള്ള കിടമത്സരം നടത്തുന്ന ആപ്പുകളുടെ ലക്ഷ്യവും കൗമാരക്കാര്‍ തന്നെയാണ്. ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ തകരുന്നത് നന്മയുടെ വാഗ്ദാനങ്ങളായ നമ്മുടെ മക്കള്‍ തെന്നെയാണ്. അമിതാവേശക്കാരായ കുട്ടികള്‍ക്ക് മുന്നില്‍ രക്ഷിതാക്കളുടെ മൗനം വലിയ പ്രയാസങ്ങളിലേക്ക് ചെന്നെത്തിക്കുമെന്നത് തീര്‍ച്ചയാണ്. ആ മൗനം തന്നെയാണ് ഇന്ന് പല തരത്തിലുള്ള ആഭാസങ്ങളിലേക്കും കേസുകളിലേക്കും യുവതി യുവാക്കളെ വലിച്ചിഴക്കുന്നത്. ഇത്തരം അനിഷ്ട സംഭവങ്ങളുടെ തോത് ക്രമാതീതമായി ഉയരുമ്പോള്‍ ചതിക്കുഴികളില്‍ നമ്മുടെ മക്കള്‍ അകപ്പെടാതിരിക്കാനും അതിനുകാരണമാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കാനും രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
സ്വലാഹുദ്ദീന്‍ കാവനൂര്‍

Write a comment