Posted on

അവരുടെ ചോരക്കും നിറം ചുവപ്പാണ്

നൂറ് മീറ്റര്‍ നീളമുള്ള റഷ്യന്‍ നിര്‍മ്മിത വടം വേണം. ആറു കിലോ മാത്രമേ ഇതിന് ഭാരമുണ്ടാകാവൂ. ഒപ്പം പത്ത് ടണ്‍ ഭാരം താങ്ങാന്‍ കഴിവുണ്ടാകുകയും വേണം. മലനിരകളില്‍ കുടുക്കാന്‍ റഷ്യന്‍ കൊളുത്തുകളും വേണം. ക്ഷീണം അകറ്റാന്‍ കഴിയുന്ന ഇന്‍ജക്ഷനുകളും ലഭ്യമാക്കണം. രാത്രിയില്‍ തന്നെ മലകയറാം. മുകളിലെത്തി പെട്ടെന്ന് സജ്ജമാക്കുന്ന ഒരു ആക്രമണത്തിലൂടെ ശത്രുവിനെ ഇല്ലാതാക്കാം.’ എങ്ങനെ നാം ലക്ഷ്യം നേടുമെന്ന ജനറല്‍ മാലികിന്‍റെ ചോദ്യത്തിന് ആ കമാന്‍ഡോ എണീറ്റ് നിന്ന് മറുപടി പറഞ്ഞു. 1999 ജൂണ്‍ 10. ടോലോലിംഗ് മലനിരകളില്‍ താവളമടിച്ചിരിക്കുകയാണ് പാക് സൈനികര്‍. എത്രയും വേഗം അവരെ തുരത്തിയാലേ ഇന്ത്യക്ക് ഇനി മുന്നേറാന്‍ സാധിക്കൂ. പോയിന്‍റ് 4590 പിടിച്ചാല്‍ അവിടെ ഉറച്ചു നിന്ന് മുന്നേറാന്‍ കഴിയും. എന്നാല്‍ അത് താരതമ്യേന ദുഷ്ക്കരമാണ്. ശത്രു മലനിരകള്‍ക്ക് മുകളിലായതിനാല്‍ താഴെ നിന്നു കയറുന്ന ഇന്ത്യന്‍ സൈന്യത്തെ അനായാസേന കീഴ്പ്പെടുത്താം. എന്നാല്‍ യുദ്ധം ജയിക്കണമെങ്കില്‍ ടോലോലിംഗ് പിടിച്ചേ തീരൂ. ജനറല്‍ മാലിക് അടിയന്തിരമായി വിളിച്ച് ചേര്‍ത്ത രജപുത്താന റൈഫിള്‍സിന്‍റെ മീറ്റിംഗ് പുരോഗമിക്കുകയാണ്. എല്ലാവരും കമാന്‍ഡോയുടെ പദ്ധതിയെ അംഗീകരിച്ചു. അങ്ങനെ രജപുത്താന റൈഫിള്‍സിലെ രണ്ടാം ബറ്റാലിയന്‍ ആ ജോലി ഏറ്റെടുത്തു. മേജര്‍ വിവേക് ഗുപ്ത നേതൃത്വം നല്‍കുന്ന സുസജ്ജരായ ടീം. ലൈറ്റ് മെഷീന്‍ ഗണ്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് കോബ്ര എന്ന് വിളിപ്പേരുള്ള പദ്ധതി തയ്യാറാക്കിയ കമാന്‍ഡോ, ദിഗേന്ദ്രകുമാര്‍.
നേരത്തെ നിശ്ചയിച്ച പ്രകാരം ജൂണ്‍ 10 ന് രാത്രി സംഘം മലകയറിത്തുടങ്ങി. ആയുധങ്ങളും അനുബന്ധ യുദ്ധസന്നാഹ സാമഗ്രികളും ശരീരത്തില്‍ കെട്ടിവെച്ച് റഷ്യന്‍ വടത്തില്‍ തൂങ്ങിപ്പിടിച്ച് അവര്‍ മലകയറി. ഇരുപത്തിനാല് മണിക്കൂര്‍ ആയിരുന്നു മലകയറാന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ മാതൃഭൂമിയോടുള്ള അതിരില്ലാത്ത സ്നേഹത്തിനും അര്‍പ്പണത്തിനുമിടയിലെ അവരുടെ ത്യാഗത്തിന് അത്രയേറെ സമയം ആവശ്യമില്ലായിരുന്നു. കേവലം 14 മണിക്കൂര്‍ കൊണ്ട് പരുക്കന്‍ മല താണ്ടി മുകളിലെത്തി. എല്ലാം സജ്ജമാക്കി. കൗണ്ട് ഡൗണ്‍ എണ്ണി പോയിന്‍റ് 4590 ല്‍ പതിയിരിക്കുന്ന പാക് സൈനികര്‍ക്കെതിരെ മേജര്‍ വിവേക് ഗുപ്തയുടെ സൈന്യം ആഞ്ഞടിച്ചു. ഗണ്ണുകള്‍ അലറി വിളിച്ചു. പാക് ബങ്കറുകള്‍ക്ക് നേരെ ഓരോ വെടിയുണ്ടകളും തുരുതുരാ പായിച്ചു. അതിനിടയില്‍ ഇന്ത്യന്‍ പട്ടാളക്കാരില്‍ പലരും പാക് പ്രത്യാക്രമണത്തില്‍ നിലം പൊത്താന്‍ തുടങ്ങി. മേജര്‍ വിവേക് ഗുപ്ത തലക്ക് വെടിയേറ്റ് തല്‍ക്ഷണം കൊല്ലപ്പെട്ടു കിടക്കുന്നു. ബന്‍വാര്‍ ലാല്‍ ഭക്കറും ലാന്‍സ് നായിക് ജസ്വീര്‍ സിംഗും, നായിക് സുരേന്ദ്രയും, നായിക് ചമന്‍ സിംഗും ശത്രുസേനയുമായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ചു. കണ്‍മുന്നില്‍ കാണുന്ന മരണത്തിനും വിദൂരമല്ലാത്ത തോല്‍വിക്കും ഇടയില്‍ പതറിപ്പോയിരിക്കുകയാണോ ഇന്ത്യന്‍ യോദ്ധാക്കള്‍? മെഷീന്‍ ഗണ്ണുമായി പോരാടിയ മേജര്‍ ദിഗേന്ദ്രകുമാറിന്‍റെ നെഞ്ചിലേക്ക് ദ്രുതഗതിയില്‍ തുളച്ചു കയറിയ മൂന്നു വെടിയുണ്ടകള്‍ അത് ഏറ്റുപറയുന്ന പോലെ. എല്ലാം കൈവിട്ടുപോയെന്ന് പലര്‍ക്കും തോന്നിയ നിമിഷം. പാതി ജീവനുമായി ഒരു കമാന്‍ഡോ എഴുന്നേറ്റ് നില്‍ക്കുന്നു. ഓപ്പറേഷന്‍ പ്ലാന്‍ ചെയ്ത മേജര്‍ ദിഗേന്ദ്രകുമാര്‍. ഒരു കാലില്‍ അതിഗുരുതരമായി മുറിവേറ്റ് രക്തമൊലിക്കുന്നു. ഉടുത്ത പടച്ചട്ട പതിനെട്ട് വെടിയുണ്ടകളാല്‍ തുളഞ്ഞ് പോയിട്ടുണ്ട്. വെടിയേറ്റ് വീണപ്പോള്‍ അവശനായ ദിഗേന്ദ്രകുമാറിന്‍റെ ലൈറ്റ് മെഷീന്‍ ഗണ്‍ നഷ്ട്മായെങ്കിലും കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പ് കൂട്ടുകാരന്‍ ലാന്‍സ് നായിക് ബച്ചന്‍ സിംഗ് നല്‍കിയ പിസ്റ്റള്‍ ലോഡ് ചെയ്ത് ഒരു കൈയ്യില്‍ പിടിച്ചു. മുറിവേറ്റ് പിടയുന്ന സുല്‍ത്താന്‍ സിംഗില്‍ നിന്ന് ഗ്രനേഡുകളും സ്വീകരിച്ച് വര്‍ദ്ധിത വീര്യത്തോടെ ദിഗേന്ദ്രകുമാര്‍ ശത്രുവിന് നേരെ. ആ നെഞ്ചൂക്കിനു മുന്നില്‍ പാക് സൈന്യത്തിന്‍റെ 11 ബങ്കറുകളും നശിപ്പിക്കപ്പെട്ടു. 47 പേരെ ഇതിനകം ദിഗേന്ദ്ര ഒറ്റക്ക് വകവരുത്തിക്കഴിഞ്ഞു. ശത്രുസേനയുടെ ക്യാംപില്‍ നിന്നും മേജര്‍ അന്‍വര്‍ ഖാന്‍ ദിഗേന്ദ്രക്കു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ എതിരെ നിലയുറച്ച ദിഗേന്ദ്രയുടെ പിസ്റ്റളിലെ അവസാനത്തെ വെടിയുണ്ടയേല്‍ക്കാനുള്ള താമസമേ അന്‍വര്‍ ഖാന്‍റെ ശ്രമത്തിനുണ്ടായിരുന്നുള്ളൂ. ഒടുവില്‍ ടോംലോലിംഗിലെ പോയിന്‍റ് 4590 ല്‍ രജപുത്താന റൈഫിള്‍സ് ത്രിവര്‍ണ പതാകയുയര്‍ത്തി… മരണവും പരാജയവും ആ ഒരു സൈനികന്‍റെ മനോവീര്യത്തിനും പിന്നിലണിനിരന്ന പട്ടാളക്കാരുടെ ചോരാത്ത ധൈര്യത്തിനും മുന്നില്‍ തോല്‍വി സമ്മതിച്ച നിമിഷം, കാര്‍ഗിലില്‍ ആ വിജയത്തിന്‍റെ വെന്നിക്കൊടി ഇന്നും പാറിക്കൊണ്ടിരിക്കുകയാണ്…”.
കാര്‍ഗിലിലും ഉറിയിലും പത്താന്‍കോട്ടിലുമൊക്കെ ഇന്ത്യന്‍ സൈന്യവ്യൂഹം നേടിയെടുത്ത വിജയത്തിന്‍റെ വീരഗാഥകള്‍ കേട്ടുകേള്‍വിയുടെ പരിധിയിലെങ്കിലുമുണ്ടാകും ഓരോ ഇന്ത്യന്‍ പൗരനും. ഐതിഹാസികമായ ആ പോരാട്ട കഥകള്‍ വായിച്ച് നെഞ്ചകങ്ങള്‍ കോരിത്തരിച്ചിട്ടുണ്ടാകും. ആയുധങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത ആ മനോധൈര്യത്തിനു മുന്നില്‍ വികാരങ്ങള്‍ നമിച്ചു പോയിട്ടുണ്ടാകും. കൂടെയുള്ളവര്‍ ശത്രുവിന്‍റെ തോക്കിന്‍മുനകള്‍ക്കു മുമ്പില്‍ വീരമൃത്യ വരിക്കുമ്പോഴും പതറാത്ത പോരാട്ടവീര്യത്തെ കണ്ട് കൈയടിച്ചിട്ടുണ്ടാവും. അവസാന എതിരാളിയെയും തന്‍റെ പാതിജീവനും കൊണ്ട് നേരിട്ട് വിജയം പൂര്‍ത്തീകരിക്കുമ്പോഴേക്കും രാജ്യത്തിന്‍റെ സകല ദിക്കുകളില്‍ നിന്നും ജയ് വിളികള്‍ ഉയര്‍ന്ന് തുടങ്ങും. ചോരവാര്‍ന്ന് കൊണ്ടിരിക്കുമ്പോഴും വിജയശ്രീലാളിതനായി നിന്ന് ത്രിവര്‍ണ പതാക നാട്ടുമ്പോള്‍ ഉള്ളിലെയാ ദേശസ്നേഹം വാള്‍പോസ്റ്റുകളില്‍ ഉറഞ്ഞുതുള്ളും. രാപ്പകലില്ലാതെ രാജ്യത്തിന് കാവലിരിക്കുന്ന, ഓരോ ഭാരതീയന്‍റെയും ജീവന് സംരക്ഷണമൊരുക്കുന്ന ജവാന്മാരുടെ ജീവനോടും ജീവിതത്തോടുമുള്ള അങ്ങേയറ്റം ബഹുമാനം സൈബര്‍ സ്പേസിലിരുന്ന് ഭാരതീയര്‍ സ്ഥിരമായി പടച്ചു വിടാറുണ്ട്. എന്നാല്‍, നാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന, സ്വന്തങ്ങളും ബന്ധങ്ങളും മന:പൂര്‍വ്വം തിരസ്കരിക്കേണ്ടി വരുന്ന ഈ ജവാന്മാരുടെ യഥാര്‍ത്ഥ ജീവിതാവസ്ഥ പല മിഥ്യാ ധാരണകള്‍ക്കുമപ്പുറമാണ്. ജവാന്മാരെ വാനോളം പുകഴ്ത്തിപ്പാടുന്ന ഓരോ ഇന്ത്യന് പൗരനും അവന്‍റെ ജീവിതത്തെ പറ്റി അറിയണമെന്നില്ല. കഷ്ടപ്പാടുകളും അവഗണനകളും അപമാനങ്ങളും കൊണ്ട് ജീവിച്ച് മരിക്കേണ്ടി വന്ന ഒരു വിഭാഗം ‘കാവല് ഭടന്മാര്‍’ കഥാപാത്രങ്ങളായ, അവിശ്വസനീയമായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കഥകള്‍ അവരില്‍ പലര്‍ക്കും പറയാനുണ്ടാകും.
1999 കാലയളവില്‍ ജമ്മുവില്‍ നടന്ന ഇന്ത്യാ-പാക് പോരാട്ടമായ കാര്‍ഗില്‍ യുദ്ധകാലം. ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കോയ്മ ലഭിച്ച ടോലോലിംഗ് യുദ്ധവേളയിലെ ആ വിജയനിമിഷം ഇന്നും ദിഗേന്ദ്രകുമാര്‍ എന്ന ധീരജവാന്‍റെ ഓര്‍മകളെ ജീവിപ്പിക്കുന്നു. കാര്‍ഗിലിലെ ആ ചരിത്ര വിജയത്തിന് ഇരുപത് വയസ്സ് പിന്നിടുകയാണ്. ഭാരതമെന്ന വികാരത്തിനു മുന്നില്‍ മറ്റെന്തും അപ്രസക്തമെന്ന് നമ്മുടെ സൈനികര്‍ ലോകത്തിനു മുന്നില്‍ തെളിയിച്ചതിന്‍റെ 20ാം വാര്‍ഷികം. അന്ന് രാജ്യത്തിനു വേണ്ടി പൊലിഞ്ഞ 527 ജീവനുകള്‍ ഇന്ത്യന്‍ സൈനിക ശക്തിക്കേറ്റ വലിയ മുറിവായിരുന്നു. പൊള്ളുന്ന ചൂടിലും മരവിപ്പിക്കുന്ന തണുപ്പിലുമൊന്നും പതറാതെ രാജ്യത്തിന് നേരെ വരുന്ന വെടിയുണ്ടകള്‍ നെഞ്ചത്തേറ്റി വാങ്ങി മൃതിയടയുമ്പോള്‍ ചാര്‍ത്തിക്കൊടുക്കുന്ന ‘ധീരരക്തസാക്ഷി’ നാമധേയത്തിനുമപ്പുറം നാമവര്‍ക്ക് കൊടുത്തതെന്തെന്ന് പലയാവര്‍ത്തി സ്വന്തം വിചാര വികാരങ്ങളെ ചോദ്യം ചെയ്യേണ്ടിയിരുന്ന ഒരു സാഹചര്യത്തിലൂടെ കുറച്ചു നാളുകളായി ഭാരതം കടന്നുപോകുന്നു. അവസാനം എത്തിയത് പുല്‍വാമയിലെ ഹൈവേയിലേക്ക് തന്നെ.
പുല്‍വാമ, ആനന്ദ് ഓഫ് കശ്മീര്‍ എന്നതിനേക്കാള്‍ ഇന്ന് പൗരന്മാര്‍ ഓര്‍ത്തെടുക്കുക രാജ്യത്തെ പിടിച്ചുലച്ച ചാവേറാക്രമണത്തിന് മൂകസാക്ഷിത്വമേന്തിയ വേദിയായിട്ടായിരിക്കും. ജമ്മുവിലെ പരിശീലനം കഴിഞ്ഞ് ശ്രീനഗറിലേക്ക് 76 വാഹനങ്ങളിലായി പുറപ്പെട്ട 2547 സി ആര്‍ പി എഫ് ഭടന്മാരുടെ കോണ്‍വായിക്കുനേരെ ചാവേര്‍ വാഹനം ഇടിച്ചുകയറ്റിയപ്പോള്‍ ചിതറിത്തെറിച്ചത് ക്രമസമാധാന പരിപാലനം മാത്രമാണോ? സ്നേഹമാണോ വിദ്വേഷമാണോ മനുഷ്യന്‍റെ അടിസ്ഥാന വികാരമെന്ന കാര്യമൊക്കെ അതിര്‍ത്തികള്‍ പിറവിയെടുത്ത കാലം തൊട്ടേ തര്‍ക്കത്തിലാണ്. പക്ഷെ, സ്നേഹത്തിന്‍റെ തീക്ഷ്ണതയേക്കാള്‍ വിദ്വേഷത്തിന്‍റെ മുറിപ്പാടുകള്‍ തന്നെയാണ് ചരിത്രത്താളുകള്‍ കറുപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഫെബ്രുവരി 14 ലെ കശ്മീര്‍ ഡയറിക്കുറിപ്പുകള്‍ നമ്മെ ഓര്‍മപ്പെടുത്തും. കശ്മീരിലെ പുല്‍വാമ ജില്ലയിലെ ലെത്തപ്പോര പ്രദേശത്ത് അന്ന് ആദില്‍ അഹ്മദ് ദര്‍ എന്ന മനുഷ്യബോംബ് ചിതറിത്തെറിപ്പിച്ചിട്ടു പോയത് പല കാലങ്ങളായി ഇന്ത്യ പണിത് കൊണ്ടിരുന്ന സൗഹൃദശ്രമങ്ങളെ മാത്രമല്ല. രാജ്യത്തിന് സ്വപ്നം കാണാന്‍ കാവലാളായി നിന്ന 50 സൈനികരെ കൂടിയാണെന്നോര്‍ക്കണം. രാജ്യം ആ ഞെട്ടലില്‍ നിന്ന് ഇന്നും പൂര്‍ണ്ണമായി കരകയറിയിട്ടില്ല. കാരണം സൈന്യത്തിന് നേരെ ഉണ്ടാവാറുള്ള കേവലമൊരു ആക്രമണമായി ചുരുക്കാന്‍ ചിലര്‍ കാണിക്കുന്ന വ്യഗ്രതകള്‍ ഇതിനോടകം ഇന്ത്യ കണ്ടുകഴിഞ്ഞുവെന്നത് തന്നെയാണ്.
അതിര്‍ത്തിക്കും അധികാരികള്‍ക്കുമിടയിലെ കശ്മീറും കാവല്‍ക്കാരും
കശ്മീര്‍, ഏഴുപതിറ്റാണ്ട് കഴിഞ്ഞിട്ടും സംഘര്‍ഷഭരിതമാണവിടം. ഒരു വശത്ത് പ്രശ്നത്തിന് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനാകാത്ത ഭരണകര്‍ത്താക്കള്‍. മറുവശത്ത് പ്രശ്നം പരിഹരിക്കപ്പെടാതെ തുടരേണ്ട താല്‍പര്യം പ്രകടിപ്പിക്കുന്ന പാക്കിസ്ഥാന്‍. ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ ഒരു ഔദ്യോഗിക നയമെന്ന പോലെ വെച്ചുപുലര്‍ത്തി നിരപരാധിത്വത്തിന്‍റെ മേല്‍വസ്ത്രങ്ങളുടുക്കാനവര്‍ ശ്രമിക്കുന്നു. ‘പുല്‍വാമ’യുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷേ മുഹമ്മദിന്‍റെ പിന്നിലെ പാക് പങ്ക് അപ്പോള്‍ അത്ര ദുരൂഹമായി തോന്നില്ല. കാരണം മുമ്പ് ഉറിയിലും മുംബൈയിലും പാര്‍ലമെന്‍ിന് നേരെയും നടന്ന ആക്രമണങ്ങള്‍ ഇത് പോലെ ഭീകരസംഘങ്ങളെ പുകമറയാക്കി കൊണ്ട് നടത്തിയ നിഴല്‍ യുദ്ധങ്ങളാണെന്നത് തിരിച്ചറിയപ്പെട്ടതാണ്. അതിന്‍റെ തുടര്‍ സംപ്രേഷണം തന്നെയാണ് പുല്‍വാമയിലും അവര്‍ വെടിപ്പായി കാണിച്ചു തന്നത്. പാക്കിസ്ഥാന്‍ സ്പോണ്‍സേര്‍ഡ് അല്ലാതെ അക്രമണത്തിനുപയോഗിച്ച 350 കിലോയിലധികം വരുന്ന വലിയൊരു ആയുധ ശേഖരം സ്വരൂപിക്കാന്‍ കഴിയില്ലെന്നത് ആര്‍ക്കുമറിയാവുന്ന സത്യം. ഭീകരരെ ശക്തമായി നേരിടുന്ന ഇന്ത്യയുടെ പുതിയ അടിച്ചമര്‍ത്തല്‍ നയമാണ് ഇന്നും കശ്മീര്‍ ഇത്രയേറെ ചീഞ്ഞുനാറാന്‍ പ്രധാന കാരണം. മോഡി അധികാരമേറ്റത് മുതലാണ് ഈ അക്രമണോത്സുകതക്ക് അത്രയേറെ രാസവളം കിട്ടിതുടങ്ങിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പറയും നരേന്ദ്രമോഡി അധികാരമേറ്റ ശേഷം ഇന്ത്യന്‍ സൈന്യത്തിനേറ്റ തിരിച്ചടികള്‍ എത്രയെന്ന്. 2014 നു ശേഷം നടന്ന ഭീകരാക്രമണങ്ങള്‍, കൊല്ലപ്പെട്ട ഭീകരര്‍, മൃതിയടഞ്ഞ സൈനികര്‍, പൗരന്മാര്‍ ഇവരുടെയെല്ലാം എണ്ണത്തില്‍ കാണുന്ന വര്‍ധനവിന്‍റെ കണക്കുകള്‍ അത് അടിവരയിടുന്നു. അഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2016 ല്‍ അതിര്‍ത്തിയില്‍ 449 വെടിവെയ്പുകള്‍ നടന്നപ്പോള്‍ 2018 ല്‍ 2140 ആയി. 2019 ജനുവരി മാത്രം അത് 250 ആണ്. 2018 ല്‍ 250 ഭീകരരെ വധിക്കുകയും 54 പേരെ ജീവനോടെ പിടികൂടുകയും ചെയ്തു. അതേ സമയം രാഷ്ട്രീയ താല്‍പര്യങ്ങളുടെ പുതിയ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്ന തിരക്കില്‍ ഇന്ത്യയെയും കശ്മീരിനെയും മറന്നത് ഒട്ടും ആകസ്മികമല്ലെന്ന് വേണം പറയാന്‍. എന്നാല്‍ കശ്മീര്‍ പോലെയുള്ള പ്രശ്നങ്ങള്‍ ഒന്നും തന്നെ ബലപ്രയോഗം കൊണ്ട് പരിഹരിച്ചിട്ടില്ലെന്നതിന് ചരിത്രം സാക്ഷിയാണ് എന്ന വസ്തുത ചിലര്‍ ബോധപൂര്‍വ്വം മറക്കുകയാണ്. ആ മറവിക്ക് മരുന്ന് കുറിക്കേണ്ട സാഹചര്യം അടുത്തപ്പോഴാണ് പുല്‍വാമയില്‍ സൈന്യം ചിതറിത്തെറിച്ചത്. റാഫേല്‍ അഴിമതി മുതല്‍ സാമൂഹിക സാമ്പത്തിക രംഗം വരെ എല്ലാ നിലയിലും മുഖം നഷ്ടപ്പെട്ട സമയത്ത് തന്നെ ഒരു ഭീകരാക്രമണം അതിര്‍ത്തിയില്‍ അരങ്ങേറിയത് ചില ദുരൂഹതകള്‍ക്ക് കൂടി ഇടംനല്‍കുന്നുണ്ട്. യു എസ് ഇന്‍റലിജന്‍സ് മുതല്‍ ഇന്ത്യയിലെ മുതിര്‍ന്ന ജേണലിസ്റ്റുകളും രാഷ്ട്രീയ നിരീക്ഷകര്‍ വരെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയുടെ രാഷ്ട്രീയ പരിസരങ്ങളില്‍ വലിയ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറുമെന്ന് പ്രവചിച്ച് കഴിഞ്ഞിരുന്നു. ഏപ്രിലില്‍ നടക്കുന്ന ഇലക്ഷനിലേക്കുള്ള അജണ്ടകളില്‍ കശ്മീരില്‍ ഒരു കൂട്ടക്കുരുതിയും പാക്കിസ്ഥാനുമായുള്ള യുദ്ധപ്രതീതിയും അത്യാവശ്യമാണെന്ന് ആരെക്കാളും നന്നായി പ്രധാനമന്ത്രിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും അറിയാമെന്നും പലരും അഹോരാത്രം വിളിച്ചു പറഞ്ഞിരുന്നു. അത്ര ജാഗരൂകരാകേണ്ട സമയത്ത് പോലും കേന്ദ്ര മന്ത്രാലയം സ്വീകരിച്ച ‘നയനിലപാടു’കള്‍ തന്നെ അതിലെന്തെല്ലാം ഒളിഞ്ഞിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയതാണ്.
ആ പിഴവുകള്‍ എന്തിന്? ആര്‍ക്ക്?
കാര്‍ഗിലായാലും പത്താന്‍കോട്ട് ആയാലും പുല്‍വാമ ആയാലും രാഷ്ട്രത്തിനു നഷ്ടപ്പെടുന്നത് അതിന്‍റെ സ്വന്തം പൗരന്മാരെയാണ്. നഷ്ടം അവരുടെ കുടുംബങ്ങള്‍ക്കു മാത്രമല്ല, രാഷ്ട്രത്തിനു മൊത്തമാണ്. ആ കുടുംബങ്ങളുടെ കണ്ണുനീരിലാണു ഓരോ അഴിമതിയുടെ പാപങ്ങളും രാഷ്ട്രദ്രോഹികള്‍ വളരെയെളുപ്പത്തില്‍ കഴുകിക്കളയുന്നത്. രാജ്യം ഇത്രമേല്‍ ഭീകരമാക്കപ്പെട്ട പുല്‍വാമ ഹൈവേയിലെ ആ സ്ഫോടനത്തിനെക്കാള്‍ അതിനു വഴിയൊരുക്കിയ സുരക്ഷാവീഴ്ചയിലാണ് രാജ്യം അമ്പരപ്പെട്ടു പോകുന്നത്. ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത ചഒ 1 പുല്‍വാമയിലൂടെയാണ് കടന്നുപോകുന്നത്. ജമ്മുവിലെ ക്യാമ്പില്‍ നിന്ന് വെളുപ്പിന് മൂന്നിന് ശ്രീനഗറിലേക്ക് പോയിക്കൊണ്ടിരുന്ന സൈനിക വാഹനങ്ങള്‍. സാധാരണയില്‍ ആയിരത്തില്‍ താഴെ മാത്രം ജവാന്മാരുണ്ടാവാറുള്ള വാഹനവ്യൂഹത്തില്‍ അന്നുണ്ടായിരുന്നത് 78 വാഹനങ്ങളും 2547 സൈനികരും! 50 സീറ്റുള്ള ബസില്‍ 30 പേരെയേ കയറ്റാന്‍ പാടുള്ളൂ. ജവാന്മാരുടെ ആയുധങ്ങളും ഉപകരണങ്ങളും കൂടാതെ സി ആര്‍ പി എഫ് ആകുമ്പോള്‍ അവരുടെ കിടക്കകള്‍ വരെ ബസില്‍ ഉണ്ടാകും. എന്നാല്‍ ഇവിടെ ഒരോ ബസിലും 55ന് മുകളില്‍ സൈനികരുണ്ടായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ പറയുന്നു. സൈനികരുടെ സഞ്ചാരപാതയായതു കൊണ്ട് തന്നെ നിരവധി ചെക്ക്പോസ്റ്റുകള്‍ ഉള്ളയിടം. സൈനിക വാഹനങ്ങള്‍ പോകുമ്പോള്‍ പ്രാദേശിക വാഹനങ്ങള്‍ പൂര്‍ണ്ണമായും തടയുന്ന പതിവ് തെറ്റിച്ച് സ്ഫോടക വസ്തുക്കളുമായി ചാവേര്‍ വാഹനം പുല്‍വാമയില്‍ എത്തുന്നു. അക്രമി വാഹനമിടിച്ചു കയറ്റുന്നു. ഒരൊറ്റ നിമിഷം കൊണ്ട് ചിന്നഭിന്നമാക്കുന്നത് അമ്പതിലധികം സൈനിക ശരീരങ്ങള്‍. അതീവ നിരീക്ഷണ മേഖലയായ പ്രദേശത്ത് എങ്ങനെ കൃത്യമായ ആസൂത്രിതമെന്ന് പറയാവുന്ന ഒരു ഭീകരാക്രമണം നടന്നു? ഭീകരരുടെ പദ്ധതികളുമായി ബന്ധപ്പെട്ട് മുന്നേ ലഭിച്ചിരുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് എന്തുകൊണ്ട് കാര്യഗൗരവത്തിലെടുത്തില്ല? എസ് ഒ പി(ടമേിറമൃറ ഛുലൃമശേിഴ ജൃീരലറൗൃല) അടക്കമുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ എങ്ങനെ ലംഘിക്കപ്പെട്ടു? .
പുല്‍വാമ ബാക്കിയാക്കിയത് മൃതിയടഞ്ഞതും ചിതറിത്തെറിച്ചതുമായ ശരീരങ്ങള്‍ മാത്രമല്ല. നീളുന്ന ഇത്തരം അനവധി ചോദ്യങ്ങളുമാണ്. പക്ഷേ, ഉത്തരങ്ങള്‍ മൗനങ്ങളാക്കുന്ന ഭരണവാഴ്ച്ചയിലാണല്ലോ നാം ജീവിക്കുന്നത്. ഭീകരാക്രമണത്തിന്‍റെ പിന്നില്‍ ആരാണെന്നത് മനസ്സിലാക്കാന്‍ അതിന്‍റെ ഗുണഭോക്താക്കള്‍ ആരെന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും. വിരല്‍ ചൂണ്ടുന്നത് തങ്ങള്‍ക്ക് നേരെയാണെന്ന് തോന്നുന്നെങ്കില്‍ അധികാരികള്‍ പറയട്ടെ, ആര്‍ക്ക് ഓശാന പാടാനാണ് ആ പിഴവുകള്‍ നാം ചോദ്യം ചെയ്യാതിരിക്കേണ്ടതെന്ന്. കാരണം നാളെ മുതല്‍ റാഫേലും ഇ വി എമ്മുമെല്ലാം നമ്മെ നോക്കി പല്ലിളിച്ചു നില്‍ക്കും. അപ്പോഴേക്കും ഇലക്ഷന്‍ ബട്ടണുകള്‍ തൊട്ടുമുന്നിലെത്തും. ഞങ്ങള്‍ക്കു വോട്ടുചെയ്താല്‍ ‘രാജ്യസ്നേഹി’, അവര്‍ക്ക് വോട്ടുചെയ്താല്‍ ‘രാജ്യദ്രോഹി’ എന്ന ചാപ്പയില്‍ നല്ലൊരു വിഭാഗം ജനങ്ങളും വീഴും. അവിടെ ആ പിഴവ് ഭാരതീയ ജനതക്കും സംഭവിക്കും.
മേരേ പ്യാരേ ദേശ്, അവര്‍ ദുരിതത്തിലാണ്…
തക്കാളിപ്പെട്ടിയിലും കൊടുക്കാമോ രാജ്യത്തിന്‍റെ ആദരം!! കേട്ടാല്‍ ഒരസ്വാഭാവികത തോന്നല്‍ സാധാരണം. പക്ഷേ അങ്ങനെയും നടന്ന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢില്‍ മരണപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ അനില്‍ അച്ചന്‍കുഞ്ഞിന്‍റെ കുടുംബത്തിന്, അദ്ദേഹത്തിന്‍റെ ദീര്‍ഘകാല രാജ്യ സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പാരിതോഷികമതായിരുന്നു. എംബാം ചെയ്യാതെ ചീഞ്ഞളിഞ്ഞ്, പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ, വസ്ത്രം പോലും ധരിപ്പിക്കാത്ത, ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ തിരിച്ചറിയാനാവാത്ത ഒരു മൃതശരീരം. കാല്‍ വിരലിലെ അടയാളങ്ങള്‍ കൊണ്ട് മാത്രം തിരിച്ചറിയാന്‍ കഴിഞ്ഞ ഒരു ശരീരത്തിലാണ് ഉറ്റവര്‍ക്കും ഉടയവര്‍ക്കും അന്ത്യോപചാരമര്‍പ്പിക്കേണ്ടി വന്നത്. ദേശസ്നേഹവും ജവാന്മാരോടുള്ള ബഹുമാനവും സദാസമയം ട്വീറ്റ് ചെയുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് അനിലിന് മരണാനന്തരം അതിലജ്ജാവഹമായ പരിഗണന സമ്മാനിച്ചത്. ഒരു ജവാന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നത് മാത്രമല്ല, മരണാനന്തരം അടുത്ത ബന്ധുക്കള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കെതിരെയും ഭരണകൂടത്തിന്‍റെ കണ്ണുകളടഞ്ഞിരിക്കുന്നു. ഒരു സൈനികന്‍റെ മരണ ശേഷം കുടുംബത്തിന് ലഭിക്കേണ്ട പെന്‍ഷന്‍ പോലും ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഹരിപ്പാട് മാങ്കിയിലെ തെക്കേതില്‍ വീട്ടില്‍ ഇന്നും എത്തിയിട്ടില്ല. ഒരു പ്ലാസ്റ്റിക് ഷീറ്റില് പൊതിഞ്ഞ് വീട്ടിലെത്തിച്ച ഭര്‍ത്താവിന്‍റെ മരണ കാരണം പോലും ഇവര്‍ക്ക് അവ്യക്തമായിരുന്നു. അനിലിന്‍റെ മരണ സമയത്ത് നിരവധി സഹായ വാഗ്ദാനങ്ങള്‍ തന്നിട്ടുപോയ മുന്‍നിര രാഷ്ട്രീയ നേതാക്കളുടെ ഇപ്പോഴത്തെ നിലപാടുകള്‍ മനസ്സിലായത് കൊണ്ടാകണം ഹൃദ്രോഗിയായ അച്ഛന്‍ മീന്‍ വില്‍ക്കാന്‍ പോകുന്നതും വാര്‍ധക്യ രോഗങ്ങളുള്ള അമ്മ തൊഴിലുറപ്പ് പണിക്ക് പോകാന്‍ തുടങ്ങിയതും. അനില്‍ മരണപ്പെട്ടപ്പോള്‍ കുടുംബത്തിന് താമസിക്കാന്‍ വീടും ഭാര്യ ലിനിമോള്‍ക്ക് ജോലിയും അന്നത്തെ ആഭ്യന്തരമന്ത്രി മാധ്യമങ്ങളുടെ മുന്നില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ല. ഭരണം മാറിപ്പോയതുകൊണ്ടാണത്രേ. അതേസമയം ആയിരം ദിവസം കൊണ്ട് എല്ലാം ശരിയായെന്ന് പറഞ്ഞ് ആഘോഷിക്കാന്‍ ഇറങ്ങുന്ന സര്‍ക്കാര്‍ മറ്റു പലതിന്‍റെയും കൂട്ടത്തില്‍ ഇതും കണ്ടില്ലെന്ന് നടിച്ചു. പുല്‍വാമയില്‍ രക്തസാക്ഷിത്വം വഹിച്ച വസന്തകുമാറിനും സര്‍ക്കാര്‍ വക പലതും പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. അതിന്‍റെ അന്തിമ നിഗമനം എഴുതാന്‍ ഇനിയും കാത്തിരിക്കേണ്ടതായി വരും.
രാഷ്ട്രത്തോടുള്ള അചഞ്ചലമായ സ്നേഹം കൊണ്ട് അനുപമമായ പോരാട്ടവീര്യം കാണിച്ചു തന്ന ദിഗേന്ദ്രകുമാറിന് അന്ന് രാജ്യം മഹാവീര്‍ ചക്ര നല്‍കിയാദരിച്ചു. ഇന്ന് അദ്ദേഹം പോലും പറഞ്ഞുവെച്ചത് ഇന്ത്യന്‍ ആര്‍മിയെ വിശ്വസിക്കരുതെന്ന്. കഴിഞ്ഞ വര്‍ഷം ദ ക്വിന്‍റിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വികലാംഗ പെന്‍ഷനടക്കം താന്‍ നേരിടുന്ന ചതിയെയും അവഗണനെയെയും കുറിച്ച് വാചാലനായത്. തീര്‍ന്നില്ല, രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന തന്‍റെ വേദനകള്‍ സമൂഹമധ്യേ ഒരു സൈനികന്‍ തുറന്നടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ശ്രദ്ധേയമായിരുന്നു. തേജ് ബഹാദൂര്‍ യാദവ് എന്ന ജവാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു കോടിയോളം പേരാണ് കണ്ടത്. നാലര ലക്ഷത്തോളം പേര്‍ മൂന്നു ദിവസത്തിനിടെ ഷെയര്‍ ചെയ്തു. തേജ് അന്ന് ഫേസ്ബുക്ക് ലൈവില്‍ വന്ന് തുറന്നു പറഞ്ഞത് കേവലം ഏത് പട്ടാളക്കാരനും അനുഭവിക്കേണ്ടി വരുന്ന ത്യാഗകഥകളുടെ ലിസ്റ്റിലെ ഭക്ഷണ കണക്കല്ല. ആയുധവും വസ്ത്രവും താമസ സൗകര്യങ്ങളും തുടങ്ങി ഡ്യൂട്ടി സമയത്തിലേതടക്കം അനുഭവിക്കേണ്ടി വരുന്ന നരക യാതനകളാണ് എന്ന് ആ ദൃശ്യം കണ്ടവര്‍ക്കെങ്കിലും ബോധ്യമായിട്ടുണ്ടാവും. കേന്ദ്രസര്‍ക്കാര്‍ ഭക്ഷണത്തിനായി അനുവദിച്ച തുക പകുതിയിലേറെ ആരൊക്കെയോ കീശയിലാക്കുന്നു. വസ്ത്രത്തിന് ചിലവഴിക്കുന്നത് 30% ല്‍ താഴെ മാത്രം. എട്ട് മണിക്കൂര്‍ ഡ്യൂട്ടി രേഖയിലും ഇരുപത് മണിക്കൂര്‍ ഡ്യൂട്ടി ജോലിയിലും. തീര്‍ന്നില്ല, കൊടും തണുപ്പില്‍ മേല്‍ക്കൂര പോലുമില്ലാത്ത ബാല്‍ക്കണികളില്‍ താമസവും. കേന്ദ്രസായുധ പോലീസ് സേന നല്‍കിയ നിര്‍ദേശപ്രകാരമുള്ള സൗകര്യങ്ങള്‍ അര്‍ഹതക്കു മുമ്പാകെ ഹനിക്കപ്പെടുന്നു. സൈന്യത്തിന്‍റെ ഈ ദുരവസ്ഥക്കു പിന്തുണയര്‍പ്പിച്ചെത്തിയത് പല കോണിലുമുള്ള സൈനികര്‍ തന്നെയെന്നത് പ്രശ്നം ഏകീകൃതമല്ലെന്നും തെളിയിച്ചിട്ടു പോലും അധികാരികളുടെ ഇടപെടലുകള്‍ ഇലയനക്കങ്ങളില്‍ മാത്രം ഒതുങ്ങുന്നോ?
സാഹചര്യങ്ങളുടെ സമ്മര്‍ദമായിരിക്കും, ബി എസ് എഫ് ജവാന്‍ തേജ് ബഹാദൂറിന്‍റെ ഈ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് അഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. എന്നാല്‍ അവിടെ തേജ് ബഹാദൂര്‍ സ്ഥിരം മദ്യപാനിയായി. പതിവായി കളവ് പ്രചരിപ്പിക്കുന്നവനായി. വെളിപ്പെടുത്തിയ ആ യാഥാര്‍ത്ഥ്യം പിന്നീട് പൊള്ളയായ ആരോപണം മാത്രമാക്കപ്പെട്ടു. പക്ഷെ, ‘ആ ആരോപണം’ വസ്തുതകള്‍ കൃത്യമായി അടയാളപ്പെടുത്തിയായിരുന്നു. അതാണ് പിന്നീട് വാര്‍ത്തയുടെ പിന്നാമ്പുറങ്ങളിലേക്ക് കടന്നുചെന്ന ഇന്ത്യാ ടുഡേ വ്യക്തമാക്കിയത്. ജവാന്മാര്‍ക്കുള്ള ഭക്ഷണസാമഗ്രികളും പെട്രോളടക്കമുള്ള ഇന്ധനങ്ങളും മേലുദ്യോഗസ്ഥര്‍ മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ പകുതി വിലയ്ക്ക് തങ്ങള്‍ക്ക് കൈമാറാറുണ്ടെന്ന പ്രദേശവാസികളുടെ വെളിപ്പെടുത്തലുകള്‍ ഇന്ത്യാ ടുഡേ പുറത്ത് വിട്ടു. തുടര്‍ന്ന് തേജ് ബഹാദൂര്‍ യാദവിനെ അറസ്റ്റ് ചെയ്തതായും മാനസിക പീഡനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയാക്കുന്നതായി ഇദ്ദേഹത്തിന്‍റെ ഭാര്യയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്തിന്‍റെ കാവലാളായ തങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന തുറന്നുകാട്ടി മലയാളി ജവാന്‍ രംഗത്ത് വന്നത് ഇതിന്‍റെ തുടര്‍ക്കഥയാണ്. മുഖം തൂവാല കൊണ്ടു മറച്ച് പേരും വിലാസവും വ്യക്തമാക്കാതെയാണ് ജവാന്‍ വീഡിയോയില്‍ സംസാരിക്കുന്നത്. എട്ടു വര്‍ഷമായി ബിഎസ്എഫില്‍ ജോലി ചെയ്യുന്ന മലയാളി പട്ടാളക്കാരനായ താനടക്കമുള്ള സൈനികര്‍ക്ക് തങ്ങള്‍ക്കു കിട്ടിക്കൊണ്ടിരുന്ന ഏകദേശം 3000 രൂപയോളം വരുന്ന ആര്‍എംഎ എന്ന റേഷന്‍ മണി അലവന്‍സ് അഥവാ ഫുഡ് അലവന്‍സ് ഇപ്പോള്‍ ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ത്തലാക്കി. നാടും നഗരവും എല്ലാം വിട്ട് ജീവിക്കുന്ന ഞങ്ങളെ പോലുള്ള പട്ടാളക്കാരുടെ അന്നത്തില്‍ കയ്യിട്ട് വാരിയിട്ട് വേണോ ഇന്ത്യന്‍ സര്‍ക്കാരിന് ഖജനാവ് സംരക്ഷിക്കാനെന്ന് ജവാന്‍ ദു:ഖത്തോടെ ചോദിക്കുന്നു. 2004 നു ശേഷം ഞങ്ങള്‍ക്ക് പെന്‍ഷനില്ല. അഞ്ചു വര്‍ഷം സര്‍ക്കാരിനേയും ജനങ്ങളേയും പറ്റിച്ചു ജീവിക്കുന്ന എംപിക്കും എംഎല്‍എയ്ക്കും പെന്‍ഷന്‍ കൊടുക്കുമ്പോഴും 2004 നു ശേഷം തങ്ങള്‍ പെന്‍ഷനെന്നത് കണ്ടിട്ടില്ല.’ ജവാന്‍ പറയുന്നു. അഞ്ചു വര്‍ഷം മാത്രം ഭരിച്ച് സ്വന്തം കാര്യം നോക്കി പോകുന്ന അവര്‍ക്കാണോ 20 വര്‍ഷം വീടെന്നോ കുടുംബമെന്നോ ഇല്ലാതെ ഇവിടെ ജീവിച്ച് മരിക്കുന്ന ഞങ്ങള്‍ പട്ടാളക്കാര്‍ക്കാണോ പെന്‍ഷന്‍ നല്‍കേണ്ടത്. നിങ്ങളിപ്പോള്‍ ചിന്തിക്കുന്നുണ്ടാവും ഞാനെന്തു കൊണ്ടാണ് ഈ മുഖംമറച്ച് സംസാരിക്കുന്നതെന്ന്. എന്‍റെ പേരോ കാര്യങ്ങളോ വ്യക്തമാക്കാത്തതെന്ന്. ഒന്നുമില്ല സുഹൃത്തുക്കളേ… എന്‍റെയൊരു സഹോദരന്‍, ബിഎസ്എഫിലുണ്ടായിരുന്ന തേജ് ബഹാദൂറിനെ എല്ലാവര്‍ക്കും അറിയാമായിരിക്കും. അയാളിപ്പോള്‍ എവിടെയാണെന്നു പോലും ആര്‍ക്കും അറിയില്ല’. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാനെന്‍റെ പേരോ നാടോ ഒന്നും വ്യക്തമാക്കാത്തതെന്നും മുഖം മറച്ചതെന്നും ഇദ്ദേഹം വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരാതി പറച്ചിലുകള്‍ ഇന്നലെ കണ്ടു തുടങ്ങിയതല്ല. പക്ഷെ, ഇന്നും അത് തുടരുന്നു എന്നതിലാണ് ആശങ്കകള്‍ ബാക്കിയാകുന്നത്. രാജ്യം സൈനികശക്തിയില്‍ എവിടെയെല്ലാമോ എത്തിനില്‍ക്കുന്നുണ്ടാവാം. പക്ഷെ, ഓരോ സൈനികരുടെ ഡയറിക്കുറിപ്പിലും ഉണ്ടാകും ആരും കാണാതെ പോകുന്ന ഒരുപാട് ദുരിതക്കഥകളുടെ വായിക്കപ്പെടാത്ത അധ്യായങ്ങള്‍.
കേവലം മുപ്പതിനായിരത്തോളം രൂപ പ്രതിമാസ ശമ്പളത്തില്‍, മുന്നോട്ടു വെക്കുന്ന ഓരോ ചുവടുകളിലും മരണം പ്രതീക്ഷിച്ച്, തന്‍റെ നാടും വീടും കുടുംബവും വിട്ട്, ഒരു മനുഷ്യായുസ്സിലെ ഏറ്റവും മികച്ച ഇരുപതു വര്‍ഷത്തെ ജീവിതം പിറന്ന നാടിനു ബലി നല്‍കുന്ന ചാവേറുകള്‍ തന്നെയാണ് ഓരോ പട്ടാളക്കാരനും. എന്നാല്‍ ഇന്ത്യന്‍ പട്ടാളത്തേക്കാള്‍ വില കുറഞ്ഞ ഒരു ചാവേറും ലോകത്തില്‍ വേറെ ജനിച്ചിട്ടുണ്ടാവില്ല. അതിര്‍ത്തിയില്‍ രാപ്പകല്‍ ഭേദമില്ലാതെ രാജ്യം കാക്കുന്ന പട്ടാളക്കാരന്‍റെ രാജ്യസ്നേഹം കൊണ്ട് മാത്രം അവരുടെ കുടുംബങ്ങള്‍ പുലരുകയില്ലെന്ന് കോടികള്‍ ചിലവിട്ട് കേന്ദ്രത്തിലെ കറങ്ങുന്ന കസേരയിലിരുന്നു ശമ്പള കമ്മീഷന്‍ ശുപാര്‍ശ ഉണ്ടാക്കിയവര്‍ ഓര്‍ത്തിരുന്നെങ്കില്‍ ഇത്ര നിരാശരാവില്ലായിരുന്നു ഒരു ഇന്ത്യന്‍ പട്ടാളക്കാരനും. ഒരു സൈനികനൊരിക്കലും തനിക്കു മുന്നിലുള്ള മനുഷ്യജീവനുകള്‍ക്കു നേരെ ആയുധമെടുക്കുന്നത് അവരെ വെറുത്തത് കൊണ്ടോ അടങ്ങാത്ത പ്രതികാര ദാഹം കൊണ്ടൊന്നുമല്ല. അവനു പുറകിലുള്ള അനേകം മനുഷ്യരെ ഒരുപോലെ സ്നേഹിച്ചത് കൊണ്ടാണ്. അത്കൊണ്ടാകണം മരണമുഖത്ത് രാജ്യത്തിനു വേണ്ടി പോരാടുന്ന സൈനികനെ വിളിച്ച് സേഫാണോ എന്ന് ചോദിച്ച വീട്ടുകാരോട് ‘ഞങ്ങള്‍ സേഫല്ല, നിങ്ങള്‍ സേഫാണ്’ എന്നു മറുപടി പറയാന്‍ പട്ടാളക്കാരനെ നിര്‍ബന്ധിതനാക്കുന്നത്.
രാജ്യം സംഘര്‍ഷാവസ്ഥയില്‍ തന്നെയാണ്. മിക്ക ഭാരതീയര്‍ക്കും ഇതെല്ലാം ഇന്നോ നാളെയോ ഉണ്ടാകുന്ന രാഷ്ട്രീയ കോലാഹലങ്ങളില്‍ മറക്കാന്‍ കഴിഞ്ഞേക്കും. മീഡിയ രാഷ്ട്രീയ ബുദ്ധിജീവികളെ ചാനല്‍ ചര്‍ച്ചകളിലിരുത്തി ഘോരഘോരം രാജ്യസ്നേഹം ഉദ്ഘോഷിച്ചേക്കും. പക്ഷേ അതിര്‍ത്തിയില്‍ ഒരു സൈനികനും ചര്‍ച്ചക്ക് നില്‍ക്കാറില്ല. പുല്‍വാമയില്‍ കിട്ടിയതിന് ബലാകോട്ടില്‍ തിരിച്ചുകൊടുത്ത അവര്‍ വിദ്വേഷത്തിന്‍റെ മുറിപ്പാടുണ്ടാക്കാന്‍ നിശ്ചയിച്ചിറങ്ങിയവരല്ല. അധികാരികള്‍ തോല്‍ക്കുന്ന അതിര്‍ത്തിയില്‍ തോല്‍ക്കാനുറക്കാത്ത ഒരു ഇന്ത്യയുണ്ടെന്ന് കാണിച്ചു തരികയാണ് ഓരോ പട്ടാളക്കാരനും. പ്രതിരോധാത്മകമായ പ്രത്യാക്രമണങ്ങളെ ആഘോഷമാക്കുന്ന ആളുകളാണ് ഒരു ഇന്ത്യാ-പാക് യുദ്ധത്തെയും വാഴ്ത്തുമോയെന്ന സംശയം ജനിപ്പിക്കുന്നത്. സംഘര്‍ഷമവസാനിക്കണമെങ്കില്‍ യുദ്ധമാണ് പോംവഴി എന്നു വിളമ്പുന്ന വിവേകശൂന്യരായ ഈ വിഭാഗക്കാര്‍ ആയുധം കൊണ്ടു മാത്രം സമാധാനം ആശംസിക്കുന്നവരാണ്. അത്തരക്കാരെ വാര്‍ത്തെടുക്കുന്നതും ഇന്ത്യയാണ്. ചായസല്‍ക്കാരത്തിലും ഷേക്ക്ഹാന്‍ഡിലും സൗഹൃദമൊതുക്കിയ ചിലരുടെ ഇന്ത്യ. ആ ഇന്ത്യ ജനവിധി തേടുമ്പോള്‍ പാടത്ത് കുത്തിയ കോലങ്ങളല്ല ഇന്ത്യന്‍ പൗരന്‍ എന്ന് നാം തെളിയിക്കേണ്ടിയിരിക്കുന്നു. ബാക്കിയെല്ലാം കാത്തിരുന്നു കാണേണ്ട പ്രേക്ഷകന്‍റെ അവസ്ഥ സംജാതമാവുകയാണ്.
ജവാദ് വിളയൂര്‍

Write a comment