Posted on

നൊസ്റ്റാള്‍ജിയ

പള്ളിക്കുട ചൂടി
സ്ലേറ്റും പിടിച്ച്
പള്ളിക്കൂടത്തേക്ക്
നടന്നകന്നിരുന്ന
പാടവരമ്പുകള്‍
ഏതു മഴയിലാണ്
നിലം പൊത്തിവീണത്..?
മാധുര്യ ഗീതം പാടിയിരുന്ന
കുയിലിന്‍റെ മണിനാദം
ഏത് കാറ്റിലാണ്
അലിഞ്ഞില്ലാതായത്..?
കൂട്ടുക്കാരോടൊത്ത്
കുട്ടിയും കോലും കളിച്ചും
പട്ടം പറത്തിയും
രസിച്ചിരുന്നയാ
ചെമ്മണ്‍പാതകള്‍
കാണാ ദൂരത്തേക്ക്
പോയ് മറഞ്ഞുവോ?
ചാട്ടം കെട്ടിയും
കുരുത്തിവെച്ചും
മീന്‍ പിടിച്ചിരുന്ന
ചെറുതോടുകളെല്ലാം
ഹൃദയം തകര്‍ന്ന്
മൃതിയടഞ്ഞുവോ..?
മുങ്ങാംകുഴിയിട്ട്
കുളിച്ചു കയറിയിരുന്ന
കുളങ്ങളെല്ലാം എപ്പോഴാണ്
മണ്ണിടിഞ്ഞ് മറഞ്ഞത്.
ഒടുവില്‍,
ഉഴുതു മറിച്ച പൂതമണ്ണിന്‍റെയും നെല്‍ക്കതിരിന്‍റെയും
ഗന്ധമുള്ള പച്ച വിരിച്ചയാ
വയലേലകളെല്ലാം
ആരാണ് മണ്ണിട്ടു മൂടി
സ്മാരകങ്ങളാക്കിയത്..?
സ്വലാഹുദ്ദീന്‍ കാവനൂര്‍

Write a comment