Posted on

യതീംഖാന

ഉമ്മറത്തിരുന്ന്
പൊടിയരിക്കഞ്ഞി കുടിക്കുമ്പോള്‍
മതിലപ്പുറത്തെ
യതീംഖാനയില്‍ നിന്ന്
ബിരിയാണി മണം
കാറ്റില്‍ പരന്ന് വരും.

അടുക്കളത്തിണ്ണയില്‍
ഉള്ളിച്ചമ്മന്തിയരക്കുന്ന
ഉമ്മച്ചിയോട് ഞാന്‍
പരാതി പറയും
നമ്മളെന്നാണ്
നെയ്ച്ചോര്‍ വെക്കുകാ…ന്ന്.

കണ്ണീരുപ്പില്‍
കഞ്ഞിയൊരുപാട് കുടിച്ച
കഥ പറയാന്‍
ഉമ്മൂമ്മ കാത്തിരിപ്പുണ്ടപ്പഴും.

മുത്ത് നബി
പറഞ്ഞു വെച്ചതാണ്
യതീമക്കളെ നോക്കണമെന്നും
കുറവുകളില്ലാതെ പോറ്റണമെന്നും.

ഉമ്മൂമ്മ പറയും
ഓത്തുപള്ളിയിലെ
മൊല്ലാക്കയും പറയും
ഓരുടെ ഉമ്മച്ചിയുപ്പച്ചികളെല്ലാം
സുവര്‍ഗത്തില്‍ പോയതാണെന്ന്.

മടച്ചേരിയിലെ
മന്നാം തൊടിയിലെ
പൈങ്കുന്നാവിലെ
ഹാജിയന്മാരെല്ലാം
അവര്‍ കണ്ട ഉപ്പൂപ്പകളാണത്രെ.
ഉപ്പകളും

സ്കൂളിലെ ,
ഉച്ചക്കഞ്ഞിയിടവേള കഴിഞ്ഞ്
യതീംഖാനക്കുട്ടികള്‍
വന്നിരുന്ന് പറയും
ഇന്ന് മുട്ട പൊരിച്ചിരുന്നെന്ന്
പോത്ത് വരട്ടിയിരുന്നെന്ന്
കൈകള്‍ മൂക്കോടു ചേര്‍ക്കുമ്പോള്‍
നെയ്ച്ചോര്‍ മണം
ഉള്ളിലേക്ക് വലിഞ്ഞുകയറും.
അന്നേരമെന്‍റെ വയറ്റില്‍
പൊടിയരിക്കഞ്ഞി
നാണം കുണുങ്ങും.

ഉറക്കത്തിലെപ്പോഴും
ഉപ്പച്ചിയെ സ്വപ്നം കണ്ട്
ഞെട്ടിയുണരാറുണ്ടെന്ന,
ഉമ്മച്ചിയെ ഇന്നോളം
കണ്ടിട്ടില്ലെന്ന
സങ്കടം കേട്ട്
കരഞ്ഞിട്ടുണ്ട്.

അവസാനമവര്‍
അടക്കം ചോദിക്കാറുണ്ട്
അനക്ക് ഉമ്മച്ചി
ചോറുവാരി തരാറുണ്ടോ….ന്ന്.
ഞാനൊന്നും പറഞ്ഞില്ലെങ്കിലും
ആ മിഴികളെല്ലാം തുളുമ്പിയിരിക്കും.

അടുക്കളയിലെ,
ഉമ്മച്ചിയരച്ചുവെച്ച
ഉള്ളിച്ചമ്മന്തിയപ്പോള്‍
യതീംഖാനയിലെ
ബിരിയാണിയേക്കാള്‍
രുചി പരത്തും.
തസ്ലീം കൂടരഞ്ഞി 

Write a comment