Posted on

ഹിജാസിലൂടെ ഒരു ആത്മായനം

വാക്കുകള്‍ക്കതീതമായ ചില വികാരങ്ങളില്ലേ! നമുക്കതിനെ അവാച്യമെന്നോ അവര്‍ണനീയമെന്നോ ഒക്കെ പറയാം. അത്തരം ഒരു വൈകാരികതയുടെ അല്ലെങ്കില്‍ അനുഭൂതിയുടെ ഒരു പാരമ്യതയിലായിരുന്നു ഹിജാസിന്‍റെ ഹൃദയ ഭൂമികളിലൂടെ’ ഒരു നീണ്ട പ്രയാണം കഴിഞ്ഞെത്തിയ ഞാന്‍. കേവലം 120 പേജുകളില്‍ ഒതുങ്ങിയ ഒരു യാത്രാ വിവരണമായിരുന്നില്ല അത്, മറിച്ച് മുത്തുനബിയുടെ ഉച്ഛ്വാസ നിശ്വാസങ്ങളടക്കം ഏറ്റുവാങ്ങിയ ഓരോ അണുവിന്‍റെയും ഹൃദയഹാരിയായ വര്‍ണനയായിരുന്നു. അക്ഷരങ്ങളാല്‍ ചിത്രം വരയ്ക്കുന്ന പ്രതിഭാത്വമാണ് ഗ്രന്ഥകാരന്‍റെ തൂലികയിലൂടനീളം കാണാന്‍ സാധിച്ചത്.കണ്ണുകളില്‍ തെളിഞ്ഞ് കാണുകയായിരുന്നല്ലോ ആ ഭൂമി ഓരോന്നും.!! കേവലം ഒരു സാഹിത്യകാരന്‍റെ വര്‍ണനയായിരുന്നില്ല അത് .എഴുത്തുകാരന്‍റെ ഹൃദയത്തില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന ഇശ്ഖിന്‍റെ അജ്വ മധുരമാണ് അക്ഷരങ്ങളിലൂടെ വായനക്കാരന് രുചിക്കാനാവുന്നത് .ചാലിട്ടൊഴുകുന്ന കണ്ണുകളാലല്ലാതെ വായിച്ച് തീര്‍ക്കാനാവാത്ത ഒരു അമൂല്യ കൃതി.
അവസാനത്തെ താളും വായിച്ച് കഴിഞ്ഞപ്പോള്‍ പുസ്തകം അടച്ച് നെഞ്ചോട് ചേര്‍ത്ത് മനസ്സറിഞ്ഞ് പ്രാര്‍ഥിച്ചത് ഗ്രന്ഥകാരന് വേണ്ടിയായിരുന്നു. കേവലം ഒരു വായനാ സുഖത്തിനപ്പുറം വരികളിലൂടെ എന്‍റെ ഹബീബിന്‍റെ മണ്ണിലേക്ക് എന്നെ കൈപിടിച്ച് കൊണ്ടുപോയതിന്
നേര്‍ത്ത തേങ്ങലുകളും പൊട്ടിക്കരച്ചിലുകളുമായി ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ച എത്രയെത്ര ചരിത്ര സംഭവങ്ങളാണ് സാന്ദര്‍ഭികമായി ഓരോയിടത്തും ഗ്രന്ഥകാരന്‍ വര്‍ണിക്കുന്നത്. ഒട്ടുമിക്കതും മുമ്പ് കേട്ടും വായിച്ചും പരിചിതമാണെങ്കിലും ഗ്രന്ഥകാരന്‍റെ വൈകാരികമായ വര്‍ണന മനസ്സിന്‍റെ ആഴങ്ങളിലാണ് ചെന്ന് പതിക്കുന്നത്. ചോരപ്പൈതലിന്‍റെ ദാഹമകറ്റാന്‍ സ്വഫാ മര്‍വകള്‍ക്കിടയില്‍ ഓടിത്തളര്‍ന്ന ബീവി ഹാജറയും സമര്‍പ്പണത്തിന്‍റെ ഉദാത്തമാതൃകയായ ഉമ്മ ഖദീജയും, തന്‍ഈമിന്‍റെ കണ്ണീര്‍കഥയായ പ്രിയപ്പെട്ട ഖുവൈബും(റ), സമ്പന്നതയുടെ സാമ്രാജ്യമുണ്ടായിട്ടും ദീനിന് വേണ്ടി എല്ലാം വിട്ടെറിഞ്ഞ് ഒടുക്കം പിരിയുമ്പോള്‍ ഔറത്ത് മറക്കാന്‍ ഒരു കഫന്‍പുടവ പോലും ഇല്ലാതിരുന്ന മുസ്അബും(റ) പൊട്ടിക്കരഞ്ഞ് ഹബീബിനൊപ്പം സ്വര്‍ഗത്തില്‍ ഇടം നേടിയ ഈന്തപ്പനയും തുല്യതയില്ലാത്ത ത്യാഗത്താലും കറകളഞ്ഞ സ്നേഹത്താലും ജീവിതം മുഴുവന്‍ ഹബീബിന് വേണ്ടി മാറ്റിവെച്ച സ്വിദ്ധീഖും ഉമറും ത്വല്‍ഹത്തും ബിലാലുമെല്ലാം (റളിയള്ളാഹു അന്‍ഹും) കണ്ണീരായ് കവിള്‍ത്തടത്തില്‍ ഉറ്റിവീണുകൊണ്ടിരുന്നു
ഓരോ ചരിത്ര സംഭവങ്ങളും ഓര്‍മിച്ചെടുക്കുമ്പോള്‍ ഗ്രന്ഥകാരന്‍റെ ചില ഉള്ള് തൊട്ടുള്ള മാപ്പപേക്ഷയുണ്ട്. അവ അതേ വൈകാരികതയോടെ വായനക്കാരിലേക്ക് അനുഭവപ്പെടുത്തുന്ന ഒരു മാസ്മരിക രചനാവൈഭവം ഗ്രന്ഥകാരനുണ്ട്. സൗര്‍ മല കയറി ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ 53 വയസ്സുള്ള മുത്തുനബിയേയും ചുമലിലേറ്റി 51 വയസ്സുള്ള സിദ്ധീഖ് തങ്ങള്‍ അതേ മല കയറിയ ഓര്‍മ്മകള്‍ ഗ്രന്ഥകാരന്‍റെ കണ്ണ് നിറയ്ക്കുകയാണ് …ഒപ്പം വായനക്കാരന്‍റെതും. നിറഞ്ഞ യുവത്വമുള്ള ഞങ്ങള്‍ പോലും ക്ഷീണിച്ചു. അപ്പോള്‍ മുത്തു നബി. ‘ഹിബ്ബീ എന്നോട് പൊറുക്കണെ’ എന്ന ഹൃദയം തൊട്ടുള്ള ആ വിളി ഒരു കാന്തിക ശക്തിപോലെ വായനക്കാരനില്‍ നിന്നും അറിയാതെ പുറപ്പെടുന്നു
അസദുല്‍ ഇലാഹ് ഹംസത്തുല്‍ ഖര്‍റാര്‍ ( റ)വിന്‍റെ പാവനമായ ചോരവീണു ചുവന്ന ഉഹ്ദിന്‍റെ മണ്ണില്‍ വെച്ച് മഹാനോരെ സ്മരിക്കുമ്പോള്‍ ‘യാ അമ്മ റസൂലില്ലാഹ് ..ഞങ്ങളോട് പൊറുക്കണെ.. ദീനിന് വേണ്ടി ഒരു മുള്ള് കൊണ്ട അനുഭവം പോലും പറയാനില്ലാത്ത ഈ പാപികള്‍ അങ്ങയുടെ മുന്നില്‍ എങ്ങനെ തലയുയര്‍ത്തി നില്‍ക്കും’ എന്ന ഗ്രന്ഥകര്‍ത്താവിന്‍റെ വാക്കുകള്‍ വായനക്കാരെ ഏറെ ചിന്തിപ്പിക്കുന്നതാണ്. പട്ടിണി കിടന്നും ചോരയൊഴുക്കിയും ജീവന്‍ കൊടുത്തും ഇവരൊക്കെ പടുത്തുയര്‍ത്തിയ ദീനിന് വേണ്ടി എന്ത് ഖിദ്മത്താണ് നാമൊക്കെ ചെയ്യുന്നത് എന്ന് …അവര് തന്നേച്ച് പോയ ദീനിനെ കളങ്കപ്പെടുത്താതെ ഒന്ന് സംരക്ഷിച്ചാലെങ്കിലും അത് വലിയ ഖിദ്മത്ത് ആവുമായിരുന്നു!
വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ് വയറ്റത്ത് കല്ല് വെച്ച് കെട്ടിയ ഖന്ദഖിന്‍റെ ത്യാഗസ്മരണയെ അയവിറക്കുമ്പോള്‍ ‘സുഖ ശീതളിമയില്‍ കിടന്നാണ് ഞാനിതെഴുതുന്നത്. എന്നോട് പൊറുക്കണെ നബിയേ’ എന്ന ഗ്രന്ഥകാരന്‍റെ കുറ്റബോധം കലര്‍ന്ന വാക്കുകള്‍ വല്ലാതെ മനസ്സിനെ സ്പര്‍ശിച്ചു. ഇങ്ങനെ ഒട്ടനവധി ചരിത്ര സംഭവങ്ങളും സ്ഥല പരാമര്‍ശങ്ങളും ഉള്‍ക്കൊളളുന്ന ഈ കൃതി ഒരു യാത്രാനുഭവം എന്നതിലുപരി അവിടം കാണാത്ത ആളുകള്‍ക്കുള്ള ഒരു പരിചയപ്പെടലും പോവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള ഒരു മാര്‍ഗ രേഖയുമാണ്
എടുത്ത് പറയേണ്ടുന്ന മറ്റൊന്ന് ഗള്‍ഫ് സലഫിസത്തിന്‍റെ ആധിപത്യം എത്രമേല്‍ ഈ പരിശുദ്ധ ഭൂമികളുടെ യഥാര്‍ത്ഥ ഭാവത്തെ നഷ്ടപ്പെടുത്തുന്നു, ആ പവിത്രതയെ എത്രമേല്‍ കളങ്കപ്പെടുത്തുന്നു എന്നതാണ്. പ്രവാചക പ്രണയത്തിന്‍റെ ഭാഷയറിയാത്ത, പ്രണയത്തിന് നിയമമേര്‍പ്പെടുത്തുന്ന ഇത്തരക്കാര്‍ പ്രണയത്തിനെ ശിര്‍കിന്‍റെ കണ്ണോടെ കണ്ടപ്പോള്‍ എത്രയെത്ര ചരിത്ര ശേഷിപ്പുകളാണ് മാഞ്ഞുപോയത്. എത്രയൊക്കെയാണ് കോണ്‍ക്രീറ്റ് മതിലുകള്‍ക്കപ്പുറം പ്രണയിനിയുടെ ദര്‍ശനവും സ്പര്‍ശനവുമേല്‍ക്കാതെ മാറ്റി നിര്‍ത്തപ്പെട്ടത്. അത്യന്തം ഖേദകരം തന്നെ. പ്രണയമില്ലാത്ത ഖല്‍ബുകള്‍ക്കുണ്ടോ അതിന്‍റെ മധുരമറിയുന്നു.
ഗ്രന്ഥകാരനായ യുവ പണ്ഡിതന്‍ നിഷാദ് സിദ്ധീഖിക്ക് എല്ലാ നന്മകളും നാഥനേകട്ടെ എന്ന പ്രാര്‍ത്ഥനയോടെ
സഹ്ല വി കെ കൊയിലാണ്ടി
(കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഗവേഷകയാണ് ലേഖിക)

Write a comment