Posted on

ആ വെടിയുണ്ടകള്‍ക്ക് ഇസ്്‌ലാമിന്റെ നെഞ്ച് തുളക്കാനാകില്ല

അധികാരത്തിന്റെ അഹന്തയില്‍ വര്‍ഗീയ വിഷധൂളികളാല്‍ ഒരു രാജ്യം മലീമസപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ന്യൂസ്‌ലാന്റില്‍ നിന്നുമുള്ള ആ വാര്‍ത്ത മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞത്. ലോക മുസ്ലിംകളുടെ വിശേഷ ദിനമായ വെള്ളിയാഴ്ച്ച ജുമുഅ നിസ്‌ക്കാരത്തിനെത്തിയ വിശ്വാസികള്‍ക്കു നേരെ വലതുപക്ഷ വംശീയവാദി നടത്തിയ വെടിവെപ്പില്‍ അന്‍പതു ജീവനുകള്‍ പൊലിഞ്ഞുവത്രെ. എന്നാല്‍ കിഴക്കന്‍ തീരനഗരമായ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മസ്ജിദുകളില്‍ അരങ്ങേറിയ ഈ ഭീകരവാഴ്ച്ചയുടെ കെടുതികള്‍ മനസ്സില്‍ അലയൊലി തീര്‍ക്കും മുമ്പേ ജസീന്ത ആര്‍ഡന്‍ എന്ന നാല്‍പ്പത്തിയെട്ടുകാരി ന്യൂസ്‌ലന്റ് പ്രധാനമന്ത്രി ലോക മനസ്സാക്ഷിയുടെ പ്രതീകമായി വാഴ്ത്തപ്പെട്ടു കഴിഞ്ഞിരുന്നു.
ഏതു ഭീകരാക്രമണങ്ങള്‍ക്കു പിന്നാലെയും ഒഴുകിയെത്തുന്ന കേവല അപലപന വഴിപാടുകള്‍ എന്നതിലുപരി തന്റെ രാജ്യത്ത് നടമാടിയ ഭീകരാക്രമണത്തെ പക്വതയൊടെയും സംയമനത്തോടെയും അവര്‍ ചെറുത്തു തോല്‍പ്പിക്കുന്നത് ലോകം കണ്‍കുളിര്‍ക്കെ കണ്ടു. ഇരകളോടൊപ്പം നില്‍ക്കുകയെന്ന അതിപ്രധാനമായ ധാര്‍മിക ബോധമാണ് വംശീയ വെറിയുടെ അടിവേരറുക്കാന്‍ ശേഷിയുള്ള അജയ്യമായ രാഷ്ട്രീയ നീക്കമെന്ന് ഈ ഒരൊറ്റ സംഭവം കൊണ്ടവര്‍ലോകത്തിന് കാണിച്ചു കൊടുത്തു.
തൊപ്പിയില്‍ ക്യാമറ ഘടിപ്പിച്ച് അക്രമണം ലൈവായി സാമൂഹിക മാധ്യമങ്ങളിലൂടെ ടെലികാസ്റ്റ് ചെയ്ത് നടത്തിയ വംശീയാക്രമണത്തെ വെടിവെപ്പ്, കൂട്ടക്കൊരുതി എന്നു തുടങ്ങിയ നാമകരണങ്ങളില്‍ ഒതുക്കിത്തീര്‍ക്കാമെന്ന ആലോചനകള്‍ പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ പുരോഗമിക്കും മുമ്പേ ജസീന്ത ആര്‍ഡന്‍ ധീരമായി ഭീകരാക്രമണത്തിന്റെ കൊലയാളിയെ കുറിച്ച് പ്രതികരിച്ചു; ‘ ഇതു ഭീകരാക്രമണം തന്നെ, ആസൂത്രിതവും. തീവ്രവലതുപക്ഷ ചിന്താധാരയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന ഒരാളാണ് അക്രമണം നടത്തിയത്. ഇരകളില്‍ മിക്കവരും അഭയാര്‍ത്ഥികളാണ്. ന്യൂസ്‌ലാന്റിനെ സ്വന്തം നാടായി സ്വീകരിച്ചവര്‍. തീര്‍ച്ചയായും ഇതവരുടെ നാടാണ്. അവര്‍ ഞങ്ങളുടെ ഭാഗമാണ്, അവര്‍ ന്യൂസിലാന്റുകാരാണ്, അവര്‍ നമ്മള്‍ തന്നെയാണ്. ഈ ക്രൂരത ചെയ്തയാള്‍ നമ്മില്‍ പെട്ടവനല്ല’.
ആധുനികതയും നവലിബറല്‍ ചിന്താധാരകളും നിര്‍മ്മിച്ചെടുത്ത മേലാളബോധത്തില്‍ അഭയാര്‍ത്ഥികളെ ആട്ടിയോടിച്ചും കൊന്നുതള്ളിയും ശീലിച്ച പടിഞ്ഞാറിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു ജസീന്തയുടെ വാക്കുകള്‍. കൊലയാളി മുസ്ലിമാവുമ്പോള്‍ ജാതിയും മതവും കുലവും വരെ വാര്‍ത്തയാക്കുകയും, പരമതവിദ്വേശത്തിലും പരവംശവെറിയിലും വെള്ളമേധാവിത്ത ചിന്തയിലും ഊട്ടിയുറപ്പിക്കപ്പെട്ടവനാണ് ഭീകരനെങ്കില്‍ എല്ലാം മറച്ചുപിടിച്ച് ഒതുക്കിക്കളയുകയും ചെയ്യുന്ന പടിഞ്ഞാറിന്റെ ബീഭത്സമുഖമാണ് അവര്‍ പുറത്തുകൊണ്ടു വന്നു. മുസ്ലിംകളെല്ലാം തീവ്രവാദികളല്ലെങ്കിലും തീവ്രവാദികളെല്ലാം മുസ്ലിംകളാണെന്ന് കാലങ്ങളായി പടിഞ്ഞാറ് അടിവരയിട്ട് പഠിപ്പിക്കുമ്പോഴും തീവ്ര വലതുപക്ഷ ചിന്താധാര നടത്തുന്ന ഭീകരവാഴ്ച്ചകളുടെ പിണിയാളുകളെ മാനസിക രോഗികളാക്കി ചിത്രീകരിക്കാന്‍ എല്ലായിപ്പോഴും പടിഞ്ഞാറിന് കഴിഞ്ഞിരുന്നു എന്നതാണ് വസ്തുത. എന്നാല്‍, അക്രമം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഇടിത്തീയായ് ജസീന്തയുടെ ആ വാക്കുകള്‍ അലയടിക്കുകയായിരുന്നു.
തീവ്രദേശീയതയുടെ ഇരകളായി ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി സംവദിച്ച രീതി, അക്രമണം നടത്തിയ കൊലപാതകിയെ തള്ളിപ്പറയാനുപയോഗിച്ച ഭാഷ, പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉരുവം കൊണ്ട് ഇസ്ലാം ഭീതിയെ ഉച്ചാടനം ചെയ്യാന്‍ സ്വീകരിച്ച വസ്ത്ര ധാരണം എല്ലാം നിറകൈകളോടെ ലോകം സ്വീകരിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍ച്ച് 15ന് നടന്ന ഭീകരാക്രമണത്തിന്റെ നടുക്കത്തേക്കാള്‍ ഏറെ കൗതുകത്തോടെ ലോകം ഉറ്റുനോക്കിയത് ഒരാഴ്ച്ച പിന്നിട്ടപ്പോഴേക്കും വംശവെറിക്കെതിരെ ജസീന്ത ആര്‍ഡന്‍ നടത്തിയ കൃത്യമായ ഇടപെടലിലേക്കായിരുന്നു.
കേവലം സമാശ്വാസ വാക്കുകളില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ജസീന്താ ആര്‍ഡനിന്റെ ഇടപെടല്‍. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പ്രധാനമന്ത്രി നേരിട്ടെത്തി. ഇരകളുടെ കുടുംബങ്ങളുടെ പരിദേയങ്ങള്‍ കേട്ട് പലപ്പോഴും അവര്‍ വിതുമ്പി. ഇരകളുടെ അന്ത്യകര്‍മത്തിനുള്ള മുഴുവന്‍ ചിലവുകളും മറ്റു സഹായങ്ങളും നല്‍കി അവര്‍ ആശ്വാസത്തിന്റെ തെളിനീരായി രാജ്യത്തെല്ലായിടത്തും ഓടി നടന്നു. കൊല ചെയ്യപ്പെട്ടവരോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച്ച രണ്ട് മിനുട്ട് മൗനപ്രാര്‍ത്ഥന നടത്തി. അന്നേ ദിനത്തെ ബാങ്കൊലി ന്യൂസ്‌ലാന്റിലെ ഔദ്യോഗിക ടെലിവിഷന്‍ നെറ്റ് വര്‍ക്ക് വഴിയും മറ്റും പ്രക്ഷേപണം നടത്തി. ഹിജാബ് ധരിച്ചെത്തി അക്രമണം നടന്ന പളളിക്കു പുറത്തു പതിനായിരങ്ങളെ അണിനിരത്തി ജുമുഅക്ക് സാക്ഷ്യം വഹിച്ചു. തൊപ്പിയും താടിയും തൂവെള്ളയും പൊട്ടിതെറിക്കുന്ന ജിഹാദിസ്റ്റിനെ നിര്‍മക്കുന്ന തലമറക്കുന്ന ഒന്ന രമീറ്റര്‍ തുണികഷ്ണം പോലും പടിഞ്ഞാറ് പറഞ്ഞുപഠിപ്പിച്ച ഇസ്്‌ലാം ഭീതി മുദ്രണം ചെയ്യപ്പെട്ട ഒരു കാലസന്ധിയിലാണ് ജസീന്ത ആര്‍ഡന്‍ തലമറച്ച പതിനായിരങ്ങളെ അണിനിരത്തി മുസ്്‌ലിം പള്ളിക്ക് കാവല്‍ നിന്നത്.

ഹലോ ബ്രദര്‍ വെല്‍ക്കം
ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദിലേക്ക് സെമി ഔട്ടോമെറ്റിക് റൈഫിളുമായി കടന്നു വന്ന തീവ്ര വംശീയതയുടെ അന്ധത ബാധിച്ച ആസ്‌ട്രേലിയന്‍ വംശജന്‍ ബ്രന്‍ഡന്‍ ടെറന്റിനെ പള്ളിയുടെ കവാടത്തില്‍ ആദ്യം എതിരേറ്റത് ഇസ്‌ലാമിക സാഹോദര്യത്തിന്റെ മഹിതപാഠങ്ങള്‍ ഉള്‍ക്കൊണ്ട ഹാജി മുഹമ്മദ് ദാവൂദ് എന്ന അഫ്ഗാന്‍കാരനായിരുന്നു. എഴുപത് വയസ്സ് പ്രായം വരുന്ന ആ വയോധികന്‍ ഭീകരനെ വരവേറ്റത് ഹലോ ബ്രദര്‍, വെല്‍ക്കം എന്ന സ്‌നേഹാര്‍ദ്രമായ വാക്കുകള്‍ കൊണ്ടായിരുന്നു.
പതിനേഴു മിനിറ്റ് ദൈര്‍ഘ്യം വരുന്ന അക്രമി ലൈവ് സ്ട്രീം ചെയ്ത വീഡിയോയിലെ ആ സ്വരം ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുകയാണത്രെ. ഉള്ളിലുറഞ്ഞ എല്ലാതരം വംശീയ അധമ ബോധങ്ങളേയും അലിഞ്ഞില്ലാതാക്കാന്‍ മാത്രം കരുത്താര്‍ജ്ജിച്ച ആ വാക്കുകള്‍ വംശീയ വെറിയില്‍ വേവിച്ചെടുത്ത ആ അക്രമിയുടെ ശിലാ ഹൃദയത്തെ ഭേദിച്ചു കടന്നു പോയില്ല. ഇസ്‌ലാമിക സാഹോദര്യത്തിന്റെ പ്രതീകമായി പുഞ്ചിരിച്ചു നിന്ന ആ വയോധികന്റെ ദേഹത്തേക്ക് അക്രമി നിര്‍ലോഭം നിറയൊഴിച്ചു. എന്നാല്‍ തുടര്‍ന്നുണ്ടായ നിരന്തര വെടിയൊച്ചകള്‍ക്കിടയിലും ഹലോ ബ്രദര്‍ എന്ന മാനസിക സ്‌നേഹത്തിന്റെ ആ വിളിയാളം ദിഗന്തങ്ങള്‍ ഭേദിച്ച് ലോക മനസ്സക്ഷിയെ വാരിപ്പുണരുകയുണ്ടായി. ലോകത്ത് ഇന്നോളം നിലനില്‍ക്കുന്ന വംശീയ ഭ്രാന്തിനു മേല്‍ പ്രതീക്ഷയുടെ ബദല്‍രാഷ്ട്രീയം തീര്‍ത്ത ആ വാക്കുകള്‍ സിംഗപ്പൂര്‍ക്കാരനായ കീത്ത്‌ലി ന്യൂസ്്‌ലാന്‍ഡിന്റെ ഔദ്യോഗിക ചിഹ്നമായ സില്‍വര്‍ ഫേണ്‍ മാതൃകയില്‍ നിര്‍മിച്ച ചിത്രത്തിലും ഇടം നേടുകയുണ്ടായി. വര്‍ണ-കുല വൈജാത്യങ്ങളില്ലാത്ത സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രഭാവം വിളിച്ചോതുന്ന നമസ്‌ക്കാരത്തിന് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ ആ ചിത്രമാണ് ലോകം ഏറ്റെടുത്തത്.
കാലമിന്നോളം പടിഞ്ഞാറന്‍ സമൂഹം പടച്ചുവിട്ട ഇസ്്‌ലാം ഭീതിയുടെ അഥവാ ഇസ്്‌ലാമോഫോബിയയുടെ വേരറുക്കുന്നതായിരുന്നു ന്യൂസ്്‌ലാന്‍ഡ് ഭീകരാക്രമണത്തിലെ ചിലസംഭവങ്ങള്‍. ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയില്‍ വെടിയേറ്റു മരിച്ച നാല്‍പത്തിനാല് വയസ്സ് പ്രായമുള്ള ഹുസ്‌നാഅഹമ്മദ് തന്റെ ഭര്‍ത്താവിനെ രക്ഷപ്പെടുത്താനത്രെ സ്വന്തം ജീവന്‍ ബലിനല്‍കിയത്. എന്നാല്‍ പ്രിയതമയുടെ വിയോഗത്തിന്റെ ദുഖഭാരത്തിനിടയിലും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്‍കിയ മറുപടി, ഇസ്്‌ലാമിലെ ഗുണകാംക്ഷയുടെ വിശാലത ലോകമനസാക്ഷിക്ക് മുന്നില്‍ തുറന്ന് കൊടുക്കാന്‍ ഇടവന്നിരിക്കുകയാണ്. അക്രമിയെ കുറിച്ചുള്ള ഫരീദ് അഹമ്മദിന്റെ ഈ വാക്കുകള്‍ ഹൃദയരക്തം കൊണ്ട് അടിവരയിടേണ്ടതാണ്. ‘എനിക്കയാളോട് പറയാനുള്ളത് ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ അയാളെ സ്്‌നേഹിക്കുന്നുവെന്നാണ്. അയാള്‍ ചെയ്തത് അംഗീകരിക്കാനാകാത്ത ചെയ്തിയാണെന്നതില്‍ തര്‍ക്കമില്ല. സ്‌നേഹം, സഹനം, വിട്ടുവീഴ്ച്ച, ശുഭാപ്തി വിശ്വാസം ഇതൊക്കെയാണ് ഇസ്്‌ലാമിന്റെ മുഖമുദ്ര. അയാളെ എന്നെങ്കിലും കണ്ടാല്‍ ജീവിതത്തെക്കുറിച്ചുള്ള അയാളുടെ കാഴ്ച്ചപ്പാട് പുനപരിശോധിക്കാനായിരിക്കും ഞാന്‍ ആവശ്യപ്പെടുക. നിങ്ങളില്‍ ഒരു വിശാല ഹൃദയമുണ്ട.് മനുഷ്യരെ കൊല്ലുന്നവനല്ല, മുഴുവന്‍ മനുഷ്യരാശിയെയും രക്ഷിക്കാന്‍ കഴിവുള്ളവന്‍ നിങ്ങളില്‍ ഉണ്ടെന്ന് ഞാന്‍ അയാളോട് പറയും. എനിക്കയാളോട് ഒരു വിരോധവുമില്ല, ഒരിക്കല്‍ അയാള്‍ ഒരു നല്ല മനുഷ്യനായേക്കാം.
ഇസ്്‌ലാമിലെ വിട്ടുവിഴ്ച്ചാ മനോഭാവത്തിന്റെയും ഉദാത്തമായ സാഹോദര്യ പുലര്‍ച്ചയുടെയും ചരിത്ര നിമിഷത്തിന് രണ്ട് വര്‍ഷം മുമ്പ് കാലം സാക്ഷിയായത് ഇതിനോട് കൂട്ടി വായിക്കുന്നത് നന്നായിരിക്കും. 2017ല്‍ അമേരിക്കന്‍ കോടതിമുറിയിലാണ് സംഭവം അരങ്ങേറിയത്. 2015ല്‍ ഇരുപത്തി രണ്ട് വയസ്സ് മാത്രം പ്രായമുള്ള സ്വലാഹുദ്ദീന്‍ ജിത്മൗദ് എന്ന മുസ്്‌ലിം ചെറുപ്പക്കാരന്‍ പിസ്സ ടെലിവറി നടത്തുന്നതിനിടയില്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെടുന്നു. രണ്ട് വര്‍ഷത്തിന് ശേഷം കോടതി വിധിപറയും മുമ്പ് സ്വലാഹുദ്ദീന്റെ പിതാവ് കുറ്റം സമ്മതിച്ച പ്രതി അലക്‌സാണ്ടര്‍ റെല്‍ഫോഡിനോട് ഇപ്രകാരം പറഞ്ഞു: വിട്ടുവീഴ്ച്ച എന്നത് ഇസ്്‌ലാമിന്റെ ഏറ്റവും മഹത്തായ ദാനമാണ്. അതുകൊണ്ട് എന്റെ മകന്റെ പേരിലും അവന്റെ ഉമ്മയുടെ പേരിലും ഞാന്‍ താങ്കള്‍ക്ക് പൊറുത്ത് തന്നിരിക്കുന്നു. താങ്കള്‍ ഈ അവസ്ഥയില്‍ ഇവിടെ നില്‍ക്കേണ്ടിവന്നതില്‍ എനിക്കതിയായ ദുഖമുണ്ട്. സ്വലാഹുദ്ദീന്‍ ജീവിച്ചിരിക്കുന്നുണ്ടായിരുന്നുവെങ്കില്‍ അവനും താങ്കള്‍ക്ക് പൊറുത്ത് തരുമായിരുന്നു. ഇസ്്‌ലാമിന്റെ അന്തസത്ത വിളിച്ചോതുന്ന ഹൃദയഹാരിയായ പിതാവിന്റെ ആ വാക്കുകള്‍ കോടതി മുറിയിലെ ഓരോരുത്തരുടെയും കണ്ണുകളെ ഈറനണിയിച്ചു. കോടതി നിയന്ത്രിച്ച ജഡ്ജ് നിയന്ത്രണം വിട്ടു വിതുമ്പി. കരച്ചിലടക്കാനാവാതെ നിന്ന പ്രതി ആ പിതാവിനെ കെട്ടിപ്പുണര്‍ന്നു.

കൊടുത്താല്‍ കൊല്ലത്തും കിട്ടുമത്രെ
ലോകമെങ്ങും ന്യൂസ്്‌ലാന്റ് ഭീകരാക്രമണത്തിലെ ഇരകളോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചും അക്രമികളെ ഒറ്റപ്പെടുത്തിയും ടിറ്ററിലും ഫേസ്ബുക്കിലും തീവ്ര വലത് പക്ഷചിന്താ ധാരകള്‍ക്കെതിരെ പ്രതികരിക്കുമ്പോഴും വര്‍ഗീയ വിഷം പേറിനടക്കുന്ന കേരളത്തിലെ ചില ക്ഷുദ്രജീവികളുടെ പ്രതികരണം മനസാക്ഷിയുള്ളവരെ ഏറെ വേദനിപ്പിക്കുകയുണ്ടായി. അന്തരീക്ഷമാകെ കറുപ്പിക്കുമാറ് ഉള്ളിലുറഞ്ഞ വര്‍ഗീയ വിഷം പുറത്ത് ചാടിയത് ന്യൂസ്‌ലാന്‍ഡ് സംഭവത്തോട് പ്രതികരിച്ചാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് സിപി സുഗുതന്‍ ഫേസ്ബുക്ക് പോസ്റ്റിടുന്നത് അങ്ങനെയാണ്. ഇസ്്‌ലാമിന്റെ ലേബലില്‍ ഐ എസ് നടത്തുന്ന ക്രൂരഹത്യകള്‍ക്ക് പകരമാണത്രെ ഈ ഭീകരാക്രമണം. അതിര്‍ത്തിയില്‍ ഈയടുത്തുണ്ടായ ഭീകരാക്രമണവും ഇന്ത്യാ-പാക്ക് വര്‍ഗീയ പോരാട്ടമായി ചിത്രീക്കരിച്ച് പുല്‍വാമയിലേതിന് പകരമാണീ ഭീകരാക്രമണമെന്ന് പോസ്റ്റിടാനും ചില വര്‍ഗീയ ദുമനസ്സുകള്‍ക്ക് സാധിച്ചുവെന്നത് ഖേദകരം തന്നെ. ന്യൂസ്‌ലാന്റ് ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബ്രണ്ടന്‍ ടെറന്റിന്റെ മതത്തെ ചോദ്യം ചെയ്യാനോ പ്രത്യയശാസ്ത്രം അവലോകനം നടത്താനോ മുന്നോട്ട് വരാത്ത ആഗോള മാധ്യമങ്ങള്‍ പക്ഷേ മുസ്്‌ലിം തീവ്രവാദം കണ്ടു മടുത്താണയാള്‍ വെടിവെപ്പ് നടത്തിയതെന്ന് നിര്‍ലോഭം തള്ളിവിടാന്‍ കൈയ്യടക്കം കാണിച്ചത് ഏറെ അതിശയകരം തന്നെ. മുസ്്‌ലിം നാമമോ താടിയോ തലപ്പാവോ ഇല്ലാത്ത ഒരു ഭീകരാക്രമണവും ആര്‍ക്കും വാര്‍ത്തയല്ലാതായിപ്പോകുന്നതിലെ യാദൃശ്ചികത നാം സഹിച്ചേ പറ്റൂ എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ട് വര്‍ഷം മുമ്പ് നടന്ന ചാര്‍ലി എബ്്‌ദോ സംഭവത്തോട് ഈ ഭീകരാക്രമണം കൂട്ടിവായിക്കുമ്പോഴാണ് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ബോധ്യമാവുക. ചാര്‍ലി എബ്്‌ദോ മാഗസിനിലെ ആറു പത്രപ്രവര്‍ത്തകരെ ഒരു മുസ്്‌ലിം കൊലപ്പെടുത്തിയതായിരുന്നു സംഭവം. ഞങ്ങള്‍ ചാര്‍ലി എബ്്‌ദോ എന്ന് പറഞ്ഞ് ലോകം ഒന്നടങ്കം ഇളകിമറിഞ്ഞു. മുസ്്‌ലിം രാജ്യങ്ങളടക്കം അതേറ്റു പാടി. ശവസംസ്‌ക്കരണം നടക്കുന്ന ചടങ്ങിലേക്ക് ലോകനേതാക്കള്‍ പറന്നെത്തി. ഒരു മാസക്കാലം ആഗോള മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ആ വാര്‍ത്തകളും അതിനെ ചൊല്ലിയുള്ള സംവാദങ്ങളും ഓര്‍ത്തെടുക്കുമ്പോഴാണ് ഭീകരവാദമല്ല പ്രശ്‌നം അതാരു നടത്തുന്നു എന്നാണ് പ്രധാനം എന്ന് ബോധ്യപ്പെടുക.

വില്‍കോളണി: ചെറുത്തു നില്‍പ്പിന്റെ ന്യൂജന്‍ ഐക്യങ്ങള്‍.
ന്യൂസ്്‌ലാന്റ് അക്രമണത്തെ അപലപിക്കാന്‍ അറച്ചു നില്‍ക്കുന്ന ആഗോള മാധ്യമങ്ങള്‍ക്കു മുമ്പില്‍ പതിനേഴു വയസ്സുകാരനായ ആസത്രേലിയന്‍ പൗരന്‍ വില്‍ക്കോളനി ചെറുത്തുനില്‍പ്പിന്റെ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്. ന്യൂസ്്‌ലാന്റില്‍ ആസ്‌ത്രേലിയന്‍ വംശജന്‍കൂടിയായ ടെറന്റ് എന്ന ഭീകരന്‍ നടത്തിയ കൂട്ടക്കശാപ്പിനെ ന്യായീകരിച്ച് സംസാരിച്ച ആസ്‌ത്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിങിന്റെ തലയില്‍ പരസ്യമായി മുട്ട ഉടച്ച് അത് സെല്‍ഫിയെടുത്താണ് വെള്ള വംശീയതക്കെതിരെ വില്‍ക്കോളണി പ്രതികരിച്ചത്. ചുറ്റും നില്‍ക്കുന്ന മാധ്യമങ്ങളെയോ അധികാരികളെയോ ഭയപ്പെടാതെയുള്ള ഈ പ്രവൃത്തി നിമിഷനേരം കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരം നേടി. വില്‍ക്കോളണിനോടൊപ്പം ലോകജനത ഒരുമിച്ചുനിന്നു. പലരും അവന് വലിയ തുക സമ്മാനമായി നല്‍കി. എന്നാല്‍ ആ തുകയെല്ലാം ഭീകരതയില്‍ ഇരയാക്കപ്പെട്ടവര്‍ക്കു നല്‍കി വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ പയ്യന്‍.

ന്യൂസ്്‌ലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ കൃത്യമായ ഇടപെടലുകളും പക്വമായ നിലപ്പാടുകളും ചരിത്രത്തില്‍ ഉന്‍ലേഖനം ചെയ്യപ്പെടുമ്പോഴും ജനാധിപത്യ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ പ്രസ്താവനയും നിലപാടുകളും ഒന്ന് പൊടിതട്ടിയെടുക്കുന്നത് ഔചിത്യമാകും. അധികാരത്തിന്റെ ഉന്നതങ്ങളിലേക്ക് ഉപാസിക്കപ്പെടും മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഗുജറാത്ത് വംശഹത്യയില്‍ വേദനയുണ്ടോ എന്ന് ചോദിക്കുകയുണ്ടായി. അര്‍ത്ഥ ഗര്‍ഭമായ മൗനമോ ഇറങ്ങിപ്പോക്കോ പ്രതീക്ഷിച്ച മാധ്യമപ്രവര്‍ത്തകന് കിട്ടിയ മറുപടി ഇന്ത്യയുടെ ഹിറ്റ്‌ലര്‍ പതിപ്പിന്റെ തനിമ പുറത്ത്‌കൊണ്ടുവരുന്നതായിരുന്നു. കാറില്‍ യാത്രചെയ്തുക്കൊണ്ടിരിക്കെ ഒരു പട്ടിക്കുട്ടി അടിയില്‍ കുടുങ്ങുമ്പോള്‍ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന് ഉണ്ടാകുന്ന മനം പുരട്ടലോടെപോലും തനിക്കുള്ളൂ എന്നാണ് മോദി പ്രതിക്കരിച്ചത്. വര്‍ത്തമാന ഇന്ത്യ വര്‍ഗീയ കരങ്ങളില്‍ നിലയുറപ്പിക്കുന്ന കാലത്തോളം സമാധാനപ്രതീക്ഷകള്‍ അസ്തമിച്ചു കൊണ്ടേയിരിക്കുമെന്നത് വസ്തുതയാണ്.

ശഹീദ് എ.പി കാവനൂര്‍

Write a comment