Posted on

ഒബ്ഷ്പെറ്റ്യാ* നിന്നില്‍ മുഖമാണ്.

 

 

മുഖം മറക്കരുത്.
നീ അന്യയല്ലെന്നറിയാന്‍,
നിന്നെ തിരിച്ചറിയാന്‍,
കാമവെറിയന്മാരായി
തുറിച്ച് നോക്കുന്നവര്‍ക്കുനേരയും
എല്ലാം തുറന്ന് കാണിച്ച്
നീ
പഴയതിലും സുന്ദരിയാവുക.
എന്നാലും
മുഖം മറക്കരുത്.

മറയൊരായുധമാണ്.
മത ഭ്രാന്തിളകിയ
ഒരു പറ്റം ഭീകരരുടെ
സോറാബുദ്ദീന്‍ശൈഖ്മാരുടെ*
ഇസ്രത് ജഹാന്‍മാരുടെ
തൊപ്പി പിടിച്ച്
താടിയില്‍ തിരനിറച്ച്
അവര്‍ വെടിയുതിര്‍ക്കുകയാണ്.

ഇത് ഇന്ത്യയാണ്.
പ്രബുദ്ധതകൊണ്ട്
വയറ് വീര്‍ത്ത് നടക്കുന്ന
ഇവിടം കേരളവും.

ഇനിയും,
മതേതരത്വത്തെ വെയില്‍കൊള്ളിച്ച്
മതവാദികള്‍ ചൂട്ടുകത്തിച്ചിറങ്ങും.
ഞരമ്പുകളിലടക്കം ചെയ്ത
സ്ഫോടന വസ്തുക്കള്‍
പകല്‍ വെളിച്ചത്തില്‍
പൊട്ടിയെരിയും.
ആട്ടിന്‍ തോലണിഞ്ഞ
ചെന്നായ കൂട്ടങ്ങള്‍
കുരച്ച്കൊണ്ടേയിരിക്കും.
പുത്തിജീവികളായി
മത വിചാരങ്ങളില്‍
കോമ്പല്ലമര്‍ത്തും.

അരയുടുപ്പും
ബ്ലൗസും ധരിച്ചാല്‍,
നിന്നെയവര്‍ കണ്ടിലെന്ന് വെക്കും.
പേരവര്‍ അറിയില്ലെന്ന് തിരയും.
സംസ്കാരിയെന്ന്
കാതില്‍ പറയും.

എന്നാലും,
മറന്ന് പോലും
മുഖം മറക്കാതിരിക്കുക

നിയൊരു സ്ത്രീയായി പിറന്നു
നിനക്കിവിടെ സ്ഥാനമില്ല
അതും മുസ്ലിമായിട്ട്

*ലക്കാനിയന്‍ വീക്ഷണത്തില്‍ ഒരു വസ്തുവിനോട് ആഗ്രഹം ജനിപ്പിക്കുന്ന ഘടകമാണിത്
*2005 ഗുജറാത്തില്‍ മതവികാരത്തിന്‍റെ മറയില്‍ മത ഭീകരവാദികളെന്ന് മുദ്രകുത്തി പോലീസ് വെടിവെച്ച് കൊന്നവര്‍.

നിസാമുദ്ധീന്‍ പുഴക്കാട്ടിരി

 

Write a comment