Posted on

ഖുറാസാനിന്റെ സുഗന്ധം

പ്രവാചക സഹചാരികള്‍ക്കും യുഗപ്രഭാവരായ മദ്ഹബിന്‍റെ ഇമാമുകള്‍ക്കും ശേഷം മുസ്ലിം സമുഹത്തിന് അനശ്വരാനുഗ്രഹമാസ്വദിക്കാന്‍ നിമിത്തരായ വിശ്വപ്രസിദ്ധ പ്രതിഭാശാലിയാണ് ഇമാമുല്‍ മുഹദ്ധിസീന്‍ ഇസ്മാഈലുല്‍ ബുഖാരി (റ). യത്തീമായാണ് വളര്‍ന്നതെങ്കിലും സമ്പന്നനായിരുന്ന ഇമാം തന്‍റെ ഹദീസ് പഠനത്തില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് സഞ്ചരിച്ചു. യാത്രകളിലെ വിഷമങ്ങളെ ക്ഷമയുടെ പുടവ കൊണ്ട് പുതപ്പിച്ച് ഘനം കുറച്ച ത്യാഗമായിരുന്നു ഇമാമിന്‍റെ പാഠപുസ്തകത്തിന്‍റെ സവിശേഷതകളത്രെയും. ആ വിസ്മയ ലോകത്തെ
വിവരിക്കാന്‍ പര്‍വ്വത സമാനമായ തൂലികകള്‍ വേണ്ടിവരും. അപാര വ്യക്തിത്വത്തിന്‍റെയും ബുദ്ധികൂര്‍മതയുടെയും തികഞ്ഞ അധ്യായമായിരുന്നു ഇമാം ബുഖാരി(റ).
സമ്പല്‍ സമൃദ്ധിയുടെ മടിത്തട്ടില്‍ വളര്‍ന്ന ഇമാം ബുഖാരി(റ) പക്ഷേ, സാമ്പത്തികാധിക്യം മൂലമുണ്ടാകുന്ന ചാപല്യങ്ങള്‍ക്ക് ഇരയായിട്ടില്ല. അഹങ്കാരമോ പിശുക്കോ ഗര്‍വ്വോ ദുരഭിമാനമോ ബാധിക്കാത്ത സ്ഫടികസമാനമായ ജീവിത വിശുദ്ധിയായിരുന്നു ഇമാം ബുഖാരി(റ)വിന്‍റേത്. ഹദീസ് പഠനവും ശേഖരണവും ജീവിത വ്രതമാക്കിയ ഇമാം, ഉമ്മയോടും സഹോദരനോടുമൊപ്പമുള്ള യാത്രകള്‍ക്കു ശേഷം ജ്ഞാനം തേടിയുള്ള തീര്‍ത്ഥാടനങ്ങളുമായി നടന്നു. ജിദ്ദ, മക്ക, മദീന, ത്വാഇഫ് തുടങ്ങി ഹിജാസിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും പോയി അനേകം പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിച്ച് ഹദീസ് ശേഖരണം നടത്തുകയും ചെയ്തു. അക്കാലത്ത് ഇസ്ലാമിന്‍റെ ശ്രുതി പെറ്റ മണല്‍ തരികളെല്ലാം ഇമാം ബുഖാരി(റ) വിന്‍റെ പാദസ്പര്‍ശം കൊണ്ട് അനുഗൃഹീതമായിട്ടുണ്ട്.
ഗുരുക്കന്മാരും ശിഷ്യഗണങ്ങളും പൊതുജനങ്ങളും ഇമാം ബുഖാരി(റ)വിനെ അനുഭവിച്ചത് അനുഗ്രഹീത സാന്നിധ്യമായിട്ടായിരുന്നു. മഹാ വിജ്ഞാന സാഗരത്തിനുമുമ്പില്‍ നമ്രശിരസ്കരായവരായിരുന്നു അവര്‍. താരീഖു ബഗ്ദാദ്, ത്വബഖാത്ത്, ഹദ്യ്യുസ്സാരീ, അല്‍ ബിദായ തുടങ്ങിയ ഗ്രന്ഥശേഖരങ്ങളെല്ലാം അത്തരത്തിലുള്ള അനുഭവളുടെ ചില ഉദാഹരണങ്ങള്‍ തുറന്നുകാണിക്കുന്നുണ്ട്.
അര്‍ഹതകളേറെയുണ്ടായിട്ടും ഇമാം ബുഖാരി(റ) ഒരു സ്വതന്ത്ര മുജ്തഹിദാവാനോ സ്വന്തമായി നിദാനശാസ്ത്രം സ്ഥാപിക്കാനോ തന്‍റെ ജീവിതം കൊണ്ട് ആഗ്രഹിച്ചിട്ടില്ലെന്നാണ് പണ്ഡിത പക്ഷം. സ്വന്തമായി ഉസൂല് രേഖപ്പെടുത്താത്ത ഇമാം ബുഖാരി(റ) ഇമാം ശാഫിഈ(റ)വിനെ പിന്തുടരുകയാണ് ചെയതതെന്ന് ഇമാം ഇബ്നു സുബ്ക്കി(റ)വും, ശാഹ്വലിയുല്ലാഹിദ്ദഹ്ലവി(റ)വും അഭിപ്രായപ്പെടുന്നു.
ബഗ്ദാദില്‍ നിന്ന് പോകാന്‍ ഇമാം ബുഖാരി തന്‍റെ ഉസ്താദായ ഇമാം അഹ്മ്മദ് ബിന്‍ ഹമ്പലി(റ)നോടു സമ്മതം ചോദിക്കുന്ന അവസരത്തില്‍ ശിഷ്യനെ വിട്ടുപിരിയുന്നതില്‍ വേദനിക്കുന്ന ഉസ്താദിനെയാണ് നമുക്ക് കാണാന്‍ സാധിക്കുക. തന്‍റെ സ്നേഹനിധിയായ ശിഷ്യനെന്നതിലുപരി തിരു നബി(സ)യുടെ ഹദീസുകള്‍ക്ക്സേവനമനുഷ്ഠിക്കുന്ന സേവകനെന്ന പരിഗണനയിലാണ് അദ്ധേഹം ഇമാം ബുഖാരി(റ)വിനെ കണ്ടത്. പക്ഷേ, ഇമാം ശാഫിഇ(റ)വിനെ അനുവര്‍ത്തിച്ചതിലുള്ള വിദ്വേഷം കാരണം കിംവദന്തിയിലൂടെ ഇമാം ബുഖാരി(റ)വിനെ തേജോവധം ചെയ്യാനൊരുങ്ങിയവര്‍ ഏറെയുണ്ടായിരുന്നു. അബൂഹനീഫ(റ)വിനെ ഹദീസിന്‍റെ വിവരണത്തിനിടയില്‍ ഇമാം ബുഖാരി(റ) ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് അവര്‍ പറഞ്ഞു പരത്തുകയും ചെയ്തു. ശാഫി ഇമാമിന്‍റെ കര്‍മ്മസരണിയെ അനുവര്‍ത്തിച്ചതിലുള്ള വിദ്വേഷമായിരുന്നു വിമര്‍ശനത്തിന്‍റെ കാതല്‍. ഇവിടെ എക്കാലത്തെയും പോലെ ഗുരു/ശിഷ്യ ബന്ധത്തില്‍ വിള്ളലുകളുണ്ടാക്കി പണ്ഡിത തേജസ്സികളെ തകര്‍ക്കാനാണ് വിമതര്‍ ശ്രമിച്ചത് എന്നാല്‍, അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് മുമ്പില്‍ ശത്രുവിന്‍റെ കരങ്ങള്‍ ക്ഷയിച്ചുപോയി.
ഒരു ജീവിതം കൊണ്ട് നേടാവുന്നതിലപ്പുറം വിജ്ഞാനം ഇമാം ബുഖാരി(റ) നേടിയെടുത്തു. കേള്‍ക്കുന്നതെല്ലാം ഹ്യദയത്തില്‍ കൊത്തിവെക്കാന്‍ പര്യാപ്തമായ മന:പാഠ ശക്തിയുടെ ഉടമയായിരുന്നു മഹാന്‍. അദ്ദേഹത്തിന് എത്ര ഗുരുനാഥന്മാരുണ്ടെന്ന് കൃത്യമായി ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുത്തപ്പെട്ടിട്ടില്ല. ഹദീസന്വേഷണസപര്യക്കിടയില്‍ സദസ്സുകളിലെല്ലാം പോയി വിജ്ഞാന മധു നുകരുകയായിരുന്നു ആ വിജ്ഞാന ദാഹി. താരീഖുല്‍ ബഅ്ദാദില്‍ ഇങ്ങനെ ഒരു പരാമര്‍ശമുണ്ട്: ‘ആയിരത്തി എണ്‍പത് ഗുരുക്കന്മാരില്‍ നിന്നും ഞാന്‍ വിദ്യ അഭ്യസിച്ചു, ഹദീസ് പണ്ഡിതരല്ലാത്ത ആരും അവരിലുണ്ടായിരുന്നില്ല.’ പവിത്രമായ ജീവിതം കൊണ്ട് യാഥാര്‍ത്ഥ്യങ്ങളെ തേടി അലയുകയായിരുന്നു ഇമാം ബുഖാരി(റ). ‘വലിയവരില്‍ നിന്നും ചെറിയവരില്‍ നിന്നും സമകാലികരില്‍ നിന്നുമെല്ലാം വിജ്ഞാനം പകരണമെന്ന ഇമാം വഖീഅ്(റ)വിന്‍റെ വാക്കുകള്‍ അര്‍ത്ഥമുള്ളതാക്കിയായിരുന്നു ഇമാം ബുഖാരി(റ) ജീവിതവിജയത്തിലേക്ക് വഴി നടന്നത്.
മുവത്വഅ്, മുസ്നദ് അഹ്മദ് മുസ്വനഫ് തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങള്‍ മഹാന്‍റെ കാലത്ത് തന്നെ വിരചിതമായിട്ടുണ്ടെങ്കിലും സ്വഹീഹായ ഹദീസുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച ആദ്യ ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ അവലംബിക്കാവുന്ന ഏറ്റവും പ്രബലമായ ഹദീസ് ഗ്രന്ഥമാണിത്. സ്വഹീഹായ ഹദീസുകള്‍ മാത്രമുള്ള പ്രസ്ഥുത ഗ്രന്ഥത്തിന്‍റെ രചന ആറ് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയത്. അല്‍ ജാമിഉല്‍ സ്വഗീര്‍ അല്‍ ജാമിഉല്‍ കബീര്‍ അദബുല്‍ മുഫ്റദ്, ഖല്‍ക്കു അഫ്ആലില്‍ ഇബാദ്, അസ്മാഉസ്വഹാബ തുടങ്ങി ഹദീസിലും അല്ലാതെയും നിരവധി ഗ്രന്ഥങ്ങള്‍ അവിടുത്തെ കരങ്ങളാല്‍ വെളിച്ചം കണ്ടിട്ടുണ്ട്. ഹദീസുകളെ വളരെ കൂടുതല്‍ ബഹുമാനിക്കുന്നവരായിരുന്നു ഇമാം ബുഖാരി (റ). മഹാന്‍റെ വാക്കുകള്‍ കാണാം, “ഞാന്‍ കുളിച്ച് രണ്ട് റകഅത്ത് നിസ്ക്കരിച്ചിട്ടല്ലാതെ ഒരു ഹദീസും എഴുതിയിട്ടില്ല”.
പുരാതന ഖുറാസാനിലെ/ ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ബുഖാറ പട്ടണത്തില്‍ ഹിജ്റ 194, ശവ്വാല്‍ 13 നാണ് ഇമാം മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ അല്‍ ബുഖാരി(റ) ഭൂജാതനാവുന്നത്. കരുത്തുറ്റ ജീവിതത്തിന്‍റെ സര്‍വ്വ സമയവും തന്‍റെ സ്നേഹനിധിയായ പ്രവാചകര്‍ (സ)യുടെ തിരു മൊഴികള്‍ക്ക് സേവനമനുഷ്ടിക്കാന്‍ വേണ്ടി ചിലവഴിക്കുകയും, പാരത്രിക സൗഖ്യം മാത്രം ലക്ഷ്യം വെക്കുകയും ചെയ്തു. തന്‍റെ ജീവിത വഴികളില്‍ പരീക്ഷണങ്ങള്‍ ഏറെയുണ്ടായിരുന്നു. എന്നിട്ടും മഹാനവര്‍കള്‍ തന്‍റെ കര്‍ത്തവ്യബോധത്തില്‍ നിന്നും തെല്ലും പിന്തിരിഞ്ഞില്ല. ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വരിക സജ്ജനങ്ങളാണെന്ന തിരുവചനത്തിന്‍റെ പുലര്‍ച്ചയെന്നോണം ബുഖാരി ഇമാം നേരിട്ട പ്രതിസന്ധികളെ നമുക്ക് മനസ്സിലാക്കാം. അവിടുന്ന് ഹദീസ് പഠിക്കാന്‍ സഹിച്ച ത്യാഗങ്ങള്‍ തന്നെ അതിന് ഉദാഹരണമാണ്. ഒരിക്കല്‍ ഉസ്താദായ ആദമുബ്നുഇയാസ് എന്നവരുടെ അടുത്തേക്ക് ഹദീസ് പഠിക്കാന്‍ പോയി. എന്നാല്‍ അവിടെ നിന്ന് ഭക്ഷണമൊന്നും ലഭിച്ചില്ല. പകരം മൃഗങ്ങള്‍ ഭക്ഷിക്കുന്ന പുല്ല് ഭക്ഷിച്ച് കൊണ്ട് ദിവസം കഴിച്ചു കൂട്ടേണ്ടിവന്നു. ഭരണാധികാരികള്‍ക്ക് മുമ്പില്‍പോലും ധീരമായി മറുപടി പറയാന്‍ മടിക്കാത്ത വ്യക്തിത്വമായിരുന്നു ഇമാം. അത് കാരണമായി നാട് കടത്തല്‍ പോലുള്ള പ്രതിസന്ധികളേയും ബുഖാരി ഇമാമിന് നേരിടേണ്ടി വന്നു. നിരവധി അത്ഭുതങ്ങള്‍ അവിടുത്തെ ജീവിതത്തില്‍ നിന്നും ദര്‍ശിക്കാനാകും. ഒരിക്കല്‍ നിസ്ക്കരിക്കുന്ന സമയം, മഹാനവറുകള്‍ അസ്വസ്ഥനാവുകയും ശരീരമാകെ വിവര്‍ണമാകുകയും ചെയ്തു. നിസ്ക്കാര ശേഷം സമീപത്തുള്ളവരോട് മഹാന്‍ പറഞ്ഞു, എന്‍റെ വസ്ത്രമൊന്ന് ഉയര്‍ത്തി നോക്കൂ. കണ്ട കാഴ്ച്ച ഏവരെയും അത്ഭുതപ്പെടുത്തി. ഒരു കടന്നല്‍ പതിനേഴ് സ്ഥലത്ത് കുത്തി മുറിവാക്കിയിരിക്കുന്നു. നിസ്ക്കാരത്തിനിടയില്‍ ഇത് അറിഞ്ഞില്ലേ എന്ന് ചോദിച്ചവരോട് ഓതിക്കൊണ്ടിരിക്കുന്ന സൂറത്ത് പാതിവഴിയില്‍ നിര്‍ത്തല്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു അവിടുന്ന് മറുപടി നല്‍കിയത്. പരീക്ഷണാധിക്യം മൂലം നാടുവിടുകവരെ ചെയ്തു. പ്രവാചകര്‍(സ) നാടും വീടും വിട്ട് അല്ലാഹുവിന്‍റെ പ്രീതിക്കായി ഹിജ്റ പോയതിന് സമാനമായിരുന്നു അത്.
മനുഷ്യന്‍ ഭൂലോകവാസത്തിലൂടെ കരസ്ഥമാക്കേണ്ടതൊക്കെ കരസ്ഥമാക്കി, ഭൂലോകവാസത്തിന്‍റെ ത്രിമാന മുഖങ്ങളോട് മത്സരിച്ച് വിജയം കരസ്ഥമാക്കിയ ഇമാം ബുഖാരി(റ) ഹിജ്റ 256 ശവ്വാല്‍ ആദ്യരാത്രി (ചെറിയപെരുന്നാള്‍ രാവ്) ഇഹലോകവാസം വെടിഞ്ഞു. നന്മയുടെ സൂര്യന്‍ പെരുന്നാള്‍ സുദിനത്തില്‍ അസ്തമിച്ചുയരുമ്പോള്‍ ലോകത്തുള്ള വിശ്വാസികളുടെ ഹ്യദയത്തില്‍ ആ പ്രഭാവം കൊളുത്തിവെച്ച ജ്ഞാന ദീപം പ്രകാശം ചൊരിഞ്ഞിട്ടുണ്ടായിരിക്കണം

സാലിം നൈന മണ്ണഞ്ചേരി

Write a comment