Posted on

പള്ളിദര്‍സുകള്‍, ജീവിക്കുന്ന ഇസ്ലാമിന്‍റെ നേര്‍സാക്ഷ്യം

പള്ളികള്‍ വിശ്വാസികളുടെ ആരാധനാകേന്ദ്രങ്ങളെന്ന പോലെ വൈജ്ഞാനിക-സാംസ്കാരിക കേന്ദ്രങ്ങളായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മദീനാ പലായനത്തിനു ശേഷം തിരുനബി (സ്വ) പള്ളിനിര്‍മാണത്തില്‍ വ്യാപൃതരായെന്ന വസ്തുത ഇവിടെ ചേര്‍ത്തുവായിക്കുമ്പോള്‍ ഇത് എളുപ്പത്തില്‍ ബോധ്യപ്പെടും. മദീനാ പള്ളി കേന്ദ്രീകരിച്ചായിരുന്നു നബി(സ്വ) മദീനാ രാഷ്ട്രസങ്കല്‍പ്പം പടുത്തുയര്‍ത്തിയതും വിജ്ഞാന ദാഹികളായ അഹ്ലുസ്സുഫയെ വളര്‍ത്തിയെടുത്തതും. പ്രവാചകനു ശേഷവും വിശുദ്ധ ഇസ്ലാമെത്തിയ രാജ്യങ്ങളിലെല്ലാം മസ്ജിദുകള്‍ കേന്ദ്രീകരിച്ച് വൈജ്ഞാനിക സാംസ്കാരിക വിനിമയങ്ങള്‍ നടന്നിരുന്നതായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ‘ഇന്നു നാം അഭിമാനം കൊള്ളുന്ന വൈജ്ഞാനിക പാരമ്പര്യവും ധൈഷണിക പൈതൃകവും സാഹിത്യ സമ്പത്തും ആധുനിക യൂണിവേഴ്സിറ്റികള്‍ക്ക് പോലും വെല്ലാനോ ഒപ്പമെത്താനോ സാധിക്കാത്ത വിധം ബൃഹത്താണ്. അതെല്ലാം മുസ്ലിം പള്ളികളുടെ സംഭാവനകളാണ്. നമ്മുടെ മുമ്പിലുള്ള ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍, ഹദീസ് ഗ്രന്ഥങ്ങള്‍, വിശ്വാസശാസ്ത്ര രചനകള്‍, ഫിഖ്ഹ് നിദാന നിയമങ്ങള്‍, ചരിത്ര ഗ്രന്ഥങ്ങള്‍, വൈദ്യ-ഗണിത-തര്‍ക്ക-തത്വശാസ്ത്ര ശാഖകള്‍ ഇവയെല്ലാം പള്ളികളില്‍ രചിക്കപ്പെട്ടവയാണ്. നമ്മുടെ എഴുത്തുകാര്‍ അഭിമാനം കൊള്ളുകയും ഓറിയന്‍റലിസ്റ്റുകള്‍ എടുത്തുപറയുകയും ചെയ്യുന്ന അല്‍ ജസീറ, ഇറാഖ്, സിറിയ, കൈറോ, ആഫ്രിക്ക, മൊറാക്കോ, സ്പെയിന്‍ എന്നിവിടങ്ങളിലെല്ലാം ഉണ്ടായിരുന്ന അത്യുന്നത ഇസ്ലാമിക കലാലയങ്ങളെല്ലാം പള്ളികളായിരുന്നു. (ളബാബുന്‍ അലാ മനാറില്‍ മസ്ജിദ്) പ്രവാചകരുടെ കാലത്തുതന്നെ വിശുദ്ധഇസ്ലാമെത്തിയ കേരളത്തിലെ സ്ഥിതി വിശേഷവും വിഭിന്നമായിരുന്നില്ല. സ്വഹാബികളായ പ്രബോധന വൃന്ദത്താല്‍ സ്ഥാപിതമായ പള്ളികള്‍ കേന്ദ്രീകരിച്ച് മതപഠന ക്ലാസുകള്‍ ആരംഭിച്ചിരുന്നുവെന്ന ചരിത്രത്തിലേക്കാണ് കേരളത്തെ വ്യത്യസ്ഥമാക്കുന്ന ദീനീ ചൈതന്യത്തിന്‍റെ തുടക്കമെത്തുന്നത്.
പള്ളിദര്‍സുകള്‍ ചരിത്രം പറയുന്നു
തിരു നബി(സ്വ)യുടെ പ്രബോധന കാലത്തുതന്നെ സത്യമതത്തിന്‍റെ വെളിച്ചമെത്തിയ പ്രദേശങ്ങളിലൊന്നാണ് കേരളം. ഹിജ്റ 5ല്‍, നബി(സ്വ) യുടെ വഫാത്തിനു 6 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഇസ്ലാമെത്തിയെന്ന് അനുമാനിക്കപ്പെടുന്നു. കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ മാലിക്ബ്നു ദീനാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പള്ളികള്‍ നിര്‍മിക്കുകയും മദീനാ മാതൃകയില്‍ മത പഠന വേദികള്‍ സ്ഥാപിക്കുകയും ചെയ്തു. ഇസ്ലാമിക സംസ്കൃതി കേരളത്തില്‍ വേരൂന്നുന്നതിനും വികാസം പ്രാപിക്കുന്നതിനും നിദാനമായിതീര്‍ന്ന ഇത്തരം മതപഠന ശാലകളെ ലോകസാഞ്ചാരിയായ ഇബ്നു ബത്തൂത്ത(1304-1378)തന്‍റെ കൃതികളില്‍ സൂചിപ്പിക്കുന്നുണ്ട്. ‘ഹീലിയിലേക്കാണു പിന്നീട് ഞങ്ങള്‍ പോയത്. പ്രകൃതി മനോഹര പ്രദേശമാണ് ഹീലി. അവിടെയുള്ള പള്ളിക്ക് വമ്പിച്ച സ്വത്തുണ്ട്. അതിന്‍റെ മേല്‍നോട്ടം വഹിക്കുന്നത് ഖത്വീബ് ഹുസൈനും മുസ്ലിം പ്രമാണിയായ ഹസ്സനുല്‍ മസ്സാനുമാണ്. ആ പള്ളിയില്‍ മതാധ്യായനം നടത്തി വരുന്ന ഒരു സംഘം വിദ്യര്‍ത്ഥികളുണ്ട്. പള്ളിയുടെ സ്വത്തില്‍ നിന്നാണ് അവരുടെ ചെലവുകളെല്ലാം വഹിക്കുന്നത്’. (കേരളം അറുന്നൂറ് കൊല്ലം മുമ്പ് 49,50)

ഇമാം ഗസ്സാലിയുടെയും ഫഖ്റുദ്ദീന്‍ റാസി(റ) വിന്‍റെയടക്കമുള്ള ജ്ഞാന പുഷ്കലമായിരുന്ന പൂര്‍വ്വകാലത്തിന്‍റെ ധൈഷണിക പ്രബുദ്ധത മൗലികമായ തന്‍മയത്വത്തോടുകൂടി പുനരാവിഷ്ക്കരിക്കുകയായിരുന്നു ഈ പള്ളിദര്‍സുകള്‍. അറിവന്വേഷണത്തിന്‍റെ ജാഗ്രതയുള്ള ഇടപെടലുകളുടെ കാലം. അറിവ് ഇസ്ലാമിന്‍റെ ജീവവായുവാണെന്ന പ്രവാചകാധ്യാപനം മതത്തിന്‍റെ സംരക്ഷണത്തിന് സുതാര്യമായ ജ്ഞാന കൈമാറ്റം അനിവാര്യമാണെന്ന് പൂര്‍വ്വമഹത്തുക്കളെ തെര്യപ്പെടുത്തി. ഈ ബോധ്യമാണ് നാളിതുവരെ സുവര്‍ണ ശോഭയോടെ ജ്വലിച്ച് നില്‍ക്കുന്ന പള്ളിദര്‍സുകളുടെ പ്രചോദകം.
മഖ്ദൂമുമാരുടെ കാലം മുതല്‍ക്കാണ് വിപുലവും വ്യവസ്ഥാപിതവുമായ രീതിയില്‍ പള്ളിദര്‍സുകള്‍ സ്ഥാപിക്കപ്പെടുന്നതെങ്കിലും ചരിത്രത്തില്‍ അതിനു മുമ്പേയുള്ള ചില മാതൃകകള്‍ കാണാനാകും. താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ മുഹമ്മദുബ്നു അബ്ദുള്ളാഹില്‍ ഹള്റമിയുടെ നേതൃത്വത്തിലും ഖാളി സൈനുദ്ദീന്‍ റമളാന്‍ ശാലിയാത്തി(റ)(വഫാത്ത് ഹിജ്റ850/ക്രിസ് 1446) ശേഷം മകന്‍ ഫഖ്റുദ്ദീന്‍ അബൂബക്കര്‍ കാലിക്കൂത്തി(റ) (വഫാത്ത് ഹിജ്റ889/ ക്രിസ്1493) എന്നീ പ്രമുഖരുടെ നേതൃത്വത്തില്‍ കോഴിക്കോട് മുദാക്കര കുറ്റിച്ചിറ, മിസ്കാല്‍പള്ളി എന്നിവിടങ്ങളിലും ദര്‍സുകള്‍ നടന്നിരുന്നു. ആത്മീയ ജ്ഞാന കൈമാറ്റത്തിന്‍റെ പ്രഫുല്ലമായ ചരിത്രമാരംഭിക്കുന്നത് മഖ്ദൂമുമാരുടെ കാലം മുതല്‍ക്കാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനാണ്(വഫാത്ത് ഹിജ്റ 926) പൊന്നാനിയിലെ ജ്ഞാന നിര്‍ദ്ധരിക്ക് തുടക്കമിടുന്നത്. മക്കയിലും ജാമിഉല്‍ അസ്ഹറിലും (ഈജിപ്ത്) ശൈഖ് സക്കരിയ്യല്‍ അന്‍സാരി(റ), ഇമാം സുയൂത്തി(റ), സയ്യിദ് സുംഹൂദി(റ)തുടങ്ങിയ അഗ്രഗണ്യരായ പണ്ഡിതര്‍ക്കു കീഴിലെ പഠനസപര്യക്കുശേഷം പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളിയില്‍ മഖ്ദൂം സ്ഥാപിച്ച ദര്‍സിന് ഏറെ സവിശേഷതകളുണ്ടായിരുന്നു. നിരന്തര യാത്രയുടെ അനുഭവ സമ്പത്തും, വിദേശ പണ്ഡിതരും മതകലാലയങ്ങളുമായുള്ള സമ്പര്‍ക്കം പകര്‍ന്ന ഉള്‍കാഴ്ച്ചയും കേരളത്തിലെ പ്രഥമ മാതൃകാദര്‍സിന്‍റെ വൈവിധ്യത്തില്‍ പ്രകടമായിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രായവും യോഗ്യതയുമനുസരിച്ചുള്ള പാഠഗ്രന്ഥങ്ങള്‍ നിര്‍ദേശിക്കുന്ന പാഠ്യപദ്ധതി, ഉത്തരവാദിത്വ നിര്‍വഹണത്തില്‍ ജാഗ്രത പുലര്‍ത്തിയ അദ്ധ്യാപകര്‍, വൈവിധ്യവും ശ്രദ്ധേയവുമായ വിജ്ഞാന ശാഖകള്‍. ഈ അനുപമ മാതൃകയാണ് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം അറിവന്വേഷകരെ പൊന്നാനിയിലേക്കെത്തിച്ചത്. വലിയ മഖ്ദൂമിന് ശേഷം പുത്രന്‍ അബ്ദുല്‍ അസീസ് മഖ്ദൂമും തുടര്‍ന്ന് ചെറിയ സൈനുദ്ദീന്‍ മഖ്ദൂമും ഈ ജ്ഞാന കേന്ദ്രത്തെ സമ്പന്നമാക്കി. വിശുദ്ധ മക്കയില്‍ പത്ത് വര്‍ഷത്തോളം ഉന്നത പണ്ഡിതര്‍ക്കു കീഴില്‍ പഠനം നടത്തി പൊന്നാനിയിലെത്തിയ മഖ്ദൂം രണ്ടാമന്‍ ലോക ശ്രദ്ധയാകര്‍ഷിച്ച ഫത്ത്ഹുല്‍ മുഈന്‍(കര്‍മ്മ ശാസ്ത്ര ഗ്രന്ഥം) അടക്കം ഒട്ടേറെ ബൃഹത്തായ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. കേരളത്തിന്‍റെ മക്കയായി ചരിത്രത്തിലിടം നേടിയ പൊന്നാനിയിലെ ഈ വിശ്രുത ദര്‍സില്‍ വിളക്കത്തിരുന്ന് പഠനം പൂര്‍ത്തിയാക്കി സനദ് നേടിയവരായിരുന്നു പില്‍കാലത്ത് കേരളത്തിലുടെനീളം സ്ഥാപിക്കപ്പെട്ട ദര്‍സ് സംസ്ക്കാരത്തിന്‍റെ വാഹകരായത.് മഖ്ദൂമുമാരുടെ കറ കളഞ്ഞ ഉദ്ദേശ്യ ശുദ്ധിയുടെ പ്രതിഫലനമായിരുന്നു പിന്നീടുള്ള പള്ളിദര്‍സ് സംവിധാനങ്ങളുടെ ചരിത്രം. കാലോചിത സിലബസ് പരിഷ്കരണങ്ങളും പുതിയ രീതി ശാസ്ത്രങ്ങളും അവലംബിക്കപ്പെട്ടതോടെ ദര്‍സുകള്‍ ലോകോത്തര കല്‍പിത സര്‍വകലാശാലയുടെ നിലവാരത്തിലേക്കുയര്‍ന്നു. വിദ്യാഭ്യാസ ചിന്തകനായിരുന്ന ഡോ: ബെല്‍ തന്‍റെ ‘മദ്രാസ് സിസ്റ്റം ഓഫ് എജ്യൂകേഷന്‍’ എന്ന രചനയില്‍ ദര്‍സുകളിലെ അദ്ധ്യാപനരീതിശാസ്ത്രവും ഗവേഷണ പഠനങ്ങളും മികച്ചതായിരുന്നുവെന്ന് വിലയിരുത്തുന്നുണ്ട്. കേന്ദ്ര ഉന്നത വിദ്യാഭ്യാസ പരിഷ്കരണസമിതിയായിരുന്ന കോത്താരി കമ്മീനും ഈ പഠന സമ്പ്രദായങ്ങളെ വാനോളം പുകഴ്ത്തി റിപ്പോര്‍ട്ടുകളെഴുതിയിരുന്നു.
സ്കൂള്‍ വിദ്യഭ്യാസം നടപ്പില്‍ വരുന്നതിന് മുമ്പ് പള്ളിക്കടുത്തായി തന്നെ ഓത്തു പള്ളികള്‍ സ്ഥാപിക്കപ്പെട്ടിരുന്നതായി ചരിത്രം പറയുന്നുണ്ട്. പിന്നീട് മദ്രസകളായും സ്കൂളുകളായും ഈ സംവിധാനം പരിണമിക്കപ്പെട്ടു. ജ്ഞാന ദാഹികളുടെ ആധിക്യം പള്ളികള്‍ക്കു പുറത്തേക്കും വിപുലമായ രീതിയില്‍ ദര്‍സുകള്‍ വികാസം പ്രാപിക്കുന്നതിന് ഇടയാക്കി. 1871ല്‍ വഴക്കാട് ആരംഭിച്ച തന്മിയത്തുല്‍ ഉലൂം പിന്നീട് ദാറുല്‍ ഉലൂമായി വികസിക്കുന്നതും ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ ധിഷണയുടെ പരീക്ഷണ ഇടമായി മാറുന്നതും ചരിത്രത്തില്‍ പ്രത്യേകം സ്മരണീയമാണ്. അഹ്മദ് കോയ ശാലിയാത്തി(റ)വും ഒ.കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ അടക്കമുള്ള യുഗപ്രഭാവരായ പണ്ഡിതന്മാര്‍ ധന്യമാക്കിയ പള്ളിദര്‍സുകളായിരുന്നു കേരളത്തിന്‍റെ ആത്മീയ ചൈതന്യത്തിന്‍റെ പ്രഭവകേന്ദ്രങ്ങളെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

സാംസ്കാരിക വിപ്ലവത്തിന്‍റെ നേര്‍ചിത്രങ്ങള്‍
പള്ളിദര്‍സുകളുടെ ചരിത്രം കേരളത്തിലെ ഇസ്‌ലാമിക സംസ്കൃതിയുടെ ചരിത്രം കൂടിയാണ്. മുസ്ലിം സമുദായത്തിന്‍റെ മതപരവും സാമൂഹികവും ധാര്‍മികവുമായ മേഖലകളില്‍ പള്ളിദര്‍സുകള്‍ സാധ്യമാക്കിയ പരിവര്‍ത്തനങ്ങള്‍ ചെറുതല്ല. ക്ലാസ് മുറികളുടെ നാല് ചുവരുകള്‍ക്കുള്ളിലും കാമ്പസിന്‍റെ മതില്‍ കെട്ടുകള്‍ക്കകത്തും ഒതുങ്ങുന്ന ആധുനിക വിദ്യാഭ്യാസ രീതിക്കുപകരം അറിവിന്‍റെ സല്‍ഗുണങ്ങള്‍ മറയില്ലാതെ സമൂഹത്തിലെത്തിക്കാന്‍ പള്ളിദര്‍സുകള്‍ കാരണമായി. ഗുരുവും ശിഷ്യരും ഒരു ഗ്രാമത്തിന്‍റെ മത-സാംസ്ക്കാരിക-സാമൂഹിക വിദ്യഭ്യാസ രംഗങ്ങളില്‍ ആരോഗ്യകരമായ രീതിയില്‍ ഇടപെടുന്ന സുന്ദര കാഴ്ച്ചയാണ് പള്ളിദര്‍സുകളുടെ ചരിത്രം അനാവരണം ചെയ്യുന്നത്. മഹല്ലുകളെ ഇസ്ലാമിക ജാഗരണത്തിന്‍റെ ഈറ്റിലങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതിനും, മുസ്ലിം വീടുകള്‍ ആത്മീയ ഇടങ്ങളാക്കി മാറ്റുന്നതിനും പള്ളിദര്‍സുകളും അവിടുത്തെ ഗുരുവും ശിഷ്യരും കാരണമായിത്തീരുകയായിരുന്നു.
മതപരമായി ഗ്രാമാന്തരീക്ഷത്തെ സമുദ്ധരിക്കാന്‍ പള്ളിദര്‍സുകള്‍ നിദാനമായെന്നത് ഭംഗിവാചകങ്ങളല്ല. മറിച്ച് ഒരു നാടിനാവശ്യമായ മതചിട്ടകള്‍ പഠിപ്പിച്ചുകൊടുക്കാനും മുസ്ലിം വീടുകളില്‍ ഇസ്ലാമിക ചിഹ്നങ്ങളും ആചാരങ്ങളും കാത്തുസൂക്ഷിക്കാനും സമുദായത്തെ ഇസ്ലാമിക പാതയില്‍ വഴിനടത്താനും പളളി ദര്‍സുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഓരോ ഗ്രാമത്തിലും ദര്‍സുകള്‍ സ്ഥാപിക്കപ്പെടുമ്പോള്‍ അവരില്‍ നിന്നു തന്നെ പണ്ഡിതരെ വാര്‍ത്തെടുക്കാന്‍ അവസരമൊരുക്കുകയെന്ന മഹത്തായ ലക്ഷ്യം കൂടിയുണ്ടായിരുന്നു. ക്ഷാമ കാലത്തും വീട്ടിലെ പ്രതിസന്ധികള്‍ വകവെക്കാതെ മുതഅല്ലിമീങ്ങളെ വീട്ടില്‍ ക്ഷണിച്ച് ആതിഥ്യ മര്യാദയോടെ അവര്‍ക്ക് ഭക്ഷണം നല്‍കുന്ന ചെലവുകുടികള്‍ തനതു സംസ്ക്കാരത്തിന്‍റെ ആദാന പ്രദാനങ്ങളുടെ വേദികൂടിയാണ്. തങ്ങളുടെ വിശേഷ ദിവസങ്ങളില്‍ മതം പഠിക്കുന്നവരുടെ ധന്യസാന്നിധ്യം ആഗ്രഹിക്കുന്ന വീട്ടുകാര്‍ ആ പഠിതാക്കളില്‍ നിന്ന് തങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരം തേടുകയും ചെയ്തു. പള്ളിദര്‍സുകളിലേക്കും മുതഅല്ലീമീങ്ങളുടെ മറ്റു പഠന-ആത്മീയ സദസ്സുകളിലേക്കും തങ്ങളുടെ മക്കളെ കൂടി നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയക്കുകയും അതിലൂടെ അവരുടെ ആത്മീയ സംസ്ക്കരണം കൂടി ലക്ഷ്യമിടുകയായിരുന്നു മാതാപിതാക്കള്‍. ഗുരുവും ശിഷ്യരും ജീവിക്കുന്ന ഇസ്ലാമായി ഉള്‍കൊണ്ട് അവരുടെ ചലന-നിശ്ചലനങ്ങളില്‍ നിന്നും അവരുടെ ഉറുദികളില്‍ നിന്നും മതത്തെ കൂടുതല്‍ ഉള്‍കൊള്ളാന്‍ സമൂഹം തയ്യാറായി. മാനവ സംസ്ക്കരണത്തിന്‍റെ ഉദാത്തമായ സങ്കല്‍പങ്ങള്‍ക്ക് നിറം പകര്‍ന്ന് പള്ളിദര്‍സുകള്‍ പ്രോജ്ജ്വലിച്ചുനിന്നു.
കേരളത്തിലെ പാരമ്പര്യ ഇസ്ലാമിനെ വികലപ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ചിന്താധാരകളെ ചെറുത്തുതോല്‍പ്പിച്ചത് ജനകീയ സംരംഭങ്ങളായ പള്ളിദര്‍സുകളായിരുന്നു. വികല ചിന്താധാരകളെ ചോദ്യം ചെയ്യാനും സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ദുരാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും പള്ളിദര്‍സുകളില്‍ നിന്ന് പണ്ഡിതന്മാര്‍ ജനമധ്യത്തിലേക്കിറങ്ങി. മഹല്ലുകളില്‍ ആത്മീയ-ആദര്‍ശബോധം അരക്കിട്ടുറപ്പിക്കാന്‍ യഥാസമയം പാതിരാ വഅളുകള്‍ സംഘടിപ്പിക്കപ്പെട്ടു. ജനസമ്പര്‍ക്ക വിപ്ലവത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമായി പള്ളിദര്‍സുകള്‍ അംഗീകരിക്കപ്പെട്ടതിന്‍റെ പശ്ചാത്തലംകൂടിയാണിത്. സ്വാതന്ത്ര്യസമര ചരിത്രത്തിലടക്കം സമൂഹം പ്രതിസന്ധികള്‍ അഭീമുഖീകരിച്ച സമയത്ത് പരിഹാരങ്ങള്‍ക്കായി അവര്‍ പണ്ഡിതരെ സമീപിക്കുകയായിരുന്നു. പണ്ഡിതര്‍ തങ്ങളുടെ ദൗത്യബോധം തിരിച്ചിറിഞ്ഞ് മതാധ്യാപനത്തോടൊപ്പം വൈദേശികര്‍ക്കെതിരെ പ്രതിരോധത്തിനു ആഹ്വാനങ്ങള്‍ മുഴക്കിയത് ഈ പള്ളിദര്‍സുകളില്‍നിന്നാണെന്നോര്‍ക്കുക. മലബാറിലെ കോളോണിയല്‍ വിരുദ്ധ സമരങ്ങളുടെ നേതൃമുഖത്ത് മഹാന്മാരായ പണ്ഡിതന്മാരുടെ സാന്നിധ്യം കാണാനാകും. സമൂഹത്തിനു പോരാട്ട വീര്യം പകര്‍ന്ന് വലിയ മഖ്ദൂം രചിച്ച തഹ്രീള് അഹ്ലില്‍ ഈമാനി അലാ ജിഹാദി അബദതിസ്സുല്‍ബാന്‍ അല്‍ മര്‍ഗബതു ഫില്‍ ജിനാന്‍ അല്‍ മുന്‍ഖിദതു മിനന്നീറാന്‍ എന്ന പോരാട്ട കാവ്യവും മഖ്ദൂം രണ്ടാമന്‍റെ തുഹ്ഫത്തുല്‍ മുജാഹിദീനും രാജ്യസ്നേഹം വിശ്വാസിയുടെ അടയാളമാണെന്ന മതാധ്യാപനത്തേയും സമൂഹത്തിനുപകരിക്കുന്നവനാകണം പണ്ഡിതനെന്ന ഇമാംഗസ്സാലിയുടെ വിചാരവിപ്ലവത്തെയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മമ്പുറം തങ്ങളും ഉമര്‍ഖാളിയും ആലിമുസ്ലിയാരുമടക്കമുള്ള സാത്വികരായ ഉലമാക്കള്‍ തങ്ങളുള്‍ക്കൊണ്ട മതത്തിന്‍റെ കല്‍പനകളുടെ അന്തസത്തയായ സാമൂഹ്യ നവോത്ഥാനത്തിനു ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. ഉലമാ ആക്ടിവിസം എന്ന പദക്കൂട്ട് കൊണ്ട് നിര്‍വ്വചിക്കാവുന്നതിനപ്പുറമുളള ഈ ധൈഷണിക ഇടപെടലുകള്‍ പള്ളിദര്‍സ് സംസ്ക്കാരത്തിന്‍റെ മനോഹര ദൃശ്യങ്ങളായി ചരിത്രം അയവിറക്കുന്നുണ്ട്.
അതിജീവന മന്ത്രം തേടി
സമുദായങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നാണ് പൂര്‍വ്വികരുടെ സമ്പ്രദായത്തിനു വിരുദ്ധമായി പള്ളികളെ കേവലം നിസ്കാര കേന്ദ്രങ്ങള്‍ മാത്രമാക്കി പരിമിതപ്പെടുത്തി വൈജ്ഞാനിക കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി അവിടെ നിന്ന് വേര്‍പ്പെടുത്തിയെന്നത്. തദ്ഫലമായി ജീവിതം പള്ളിയില്‍നിന്നും പള്ളി ജീവിതത്തില്‍ നിന്നും വേര്‍പ്പെടുത്തപ്പെട്ടു. മുന്‍ തലമുറയില്‍ പള്ളികള്‍ നായകര്‍ക്കു സംഗമസ്ഥാനവും, വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലകളും, നീതിന്യായ വകുപ്പിന് കോടതിയും, രചന-നിരൂപണ-നൂതനാവിഷ്കാരങ്ങള്‍ക്കു ശില്‍പ്പശാലകളുമായിരുന്നു(ളബാബുല്‍ അലാ മനാറില്‍ മസ്ജിദ്).
കാലാന്തരത്തില്‍ പള്ളിദര്‍സുകള്‍ ശോഷിച്ചു പോയെന്ന യഥാര്‍ത്ഥ്യത്തോട് ഇനിയും നമുക്ക് കണ്ണടക്കാനാവില്ല. ഭൗതികതയുടെ അതിപ്രസരണത്തില്‍ ആത്മീയ രംഗത്തോട് മുഖം തിരിക്കുന്ന പുതുകാല പ്രവണതകള്‍ കേരളത്തില്‍ നിന്നും ദര്‍സ് സംസ്ക്കാരത്തെ തുടച്ചുനീക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ വായിച്ച് വ്യവസ്ഥാപിതമായി സര്‍വകലാശാല സമ്പ്രദായങ്ങളിലേക്ക് മതപഠനം ചുവടു മാറ്റിയെന്ന ആശ്വാസ വാക്കുകള്‍ മാത്രമാണ് ശേഷിക്കുന്നത്. സമന്വയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ദഅ്വ, ശരീഅത്ത് കോളേജുകള്‍ കാലം ആവശ്യപ്പെടുന്നതാണെങ്കിലും പള്ളി ദര്‍സുകള്‍ സാധ്യമാക്കിയ ഗ്രാമീണ സാസ്കാരിക വിപ്ലവം ഇവിടെ അന്യമായി നില്‍ക്കുകയാണ്. പാരമ്പര്യ വിശ്വാസങ്ങളില്‍ നിന്ന് മുസ്ലിം സമുദായത്തെ അടര്‍ത്തി മാറ്റാന്‍ പരിശ്രമിക്കുന്ന വികല ചിന്താധാരകള്‍, അവരുടെ കണ്ടിരുന്ന പള്ളിദര്‍സുകള്‍ വിസ്മൃതിയിലാവുന്നത് ഇത്തരം വികല ആശയങ്ങളുടെ പ്രചാരണത്തെ എളുപ്പമാക്കുമെന്ന അപകടം നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് കേരളത്തില്‍ ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന പള്ളി ദര്‍സുകള്‍ മാത്രമാണ്. അതില്‍ പലതും നാമമാത്രമായാണ് മുന്നോട്ട് നീങ്ങുന്നത്. ഈയൊരു സാഹചര്യം അത്യധികം അപകടകരമാണ്. ദീനീ ചൈതന്യം കുറയുന്നുവെന്ന പരിഭവങ്ങളുടെ കാരണമന്വേഷിച്ചു ചെല്ലുമ്പോള്‍ ഇത്തരം നഷ്ടപ്രതാപങ്ങളിലേക്കാണ് നാമെത്തിച്ചേരുക. ശേഷിക്കുന്നതുകൂടി സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ കേരളത്തിലെ ഇസ്ലാമിക സംസ്കൃതിയുടെ ഈറ്റില്ലങ്ങളായ മഹത്തായ ഒരു പൈതൃകമാണ് തിരോഭവിക്കുക. ഇവിടെ സമുദായ നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ദീനീസംസ്കൃതി പോറലേല്‍ക്കാതെ നിലനില്‍ക്കാന്‍ മാനവ സംസ്കരണത്തിന്‍റെ അപരിമേയ സാധ്യതകള്‍ തുറന്നു വെക്കുന്ന പള്ളിദര്‍സുകള്‍ പുനരുജ്ജീവിപ്പിക്കപ്പേടേണ്ടിയിരിക്കുന്നു.

ഇര്‍ഷാദ് എടവണ്ണപ്പാറ

Write a comment