Posted on

അല്ലാഹുവിന്‍റെ അതിഥികള്‍

 

ഹജ്ജ് ചെയ്യാന്‍ കൊതിക്കാത്ത ഒരു വിശ്വാസിയും ഉണ്ടാവില്ല. ലോക മുസ്ലികളുടെ ലക്ഷക്കണക്കിന് പ്രതിനിധികള്‍ ഒത്തുകൂടി നിര്‍വഹിക്കുന്ന വിശുദ്ധഹജ്ജ് കര്‍മ്മം ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുസ്ലിം ഐക്യത്തിന്‍റെയും കീഴ്പ്പെടലിന്‍റെയും കൂടി പ്രതീകമാണ് ഹജ്ജ്. നിസ്കാരവും നോമ്പും സകാത്തും ശാരീരികമോ അല്ലങ്കില്‍ സാമ്പത്തികമോ ആയ ഇബാദത്താണെങ്കില്‍ ഹജ്ജ് ഇവ രണ്ടും കൂടിയ സല്‍കര്‍മ്മമാണ്.
ആദ്യമായി ഹജ്ജിനെത്തുന്ന വിശ്വാസിയുടെ മുന്നില്‍ കഅ്ബയും അതില്‍ സ്ഥാപിച്ചിരിക്കുന്ന ഹജറുല്‍ അസ്വദും ഒരു വികാരം തന്നെയാണ്. സ്വഫയും മര്‍വയും അറഫയും എല്ലാം വത്യസ്തമായ ആത്മീയാനുഭൂതിയും മാനസിക പരിവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നുണ്ട്. പ്രവാചകന്‍മാരായ ഇബ്റാഹീം നബി(അ)ന്‍റെയും ഇസ്മാഈല്‍ നബി(അ)ന്‍റെയും ഹാജറിന്‍റെയും സ്മരണകളാണ് ഹജ്ജ് നിറയെ. വളരെ ചെറുപ്പത്തില്‍ തന്നെ പക്വമായ ഇടപെടലുകള്‍ നടത്തിയ ഇബ്റാഹീം നബി(അ) ബിംബാരാധനയെ തീര്‍ത്തും എതിര്‍ത്തു. കുടുംബക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമുള്ള എതിര്‍പ്പുകളെ വിവേകപൂര്‍വം കൈകാര്യം ചെയ്ത ഇബ്റാഹീം നബി(അ) അവരെ ഏകദൈവാരാധനയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അല്ലാഹുവിന്‍റെ കഠിനമായ പരീക്ഷണങ്ങളിലും പൂര്‍ണ്ണവിജയം വരിച്ച ഇബ്റാഹീം നബി(അ)ന്‍റെ സ്മരണ പടച്ചവന്‍ ഇന്നും നിലനിര്‍ത്തുന്നതിന്‍റെ കാഴ്ച്ചയാണ് ഹജ്ജ്. വര്‍ഷങ്ങളോളം കാത്തിരുന്ന് വാര്‍ദക്യത്തിന്‍റെ ദശയില്‍ പടച്ചവന്‍ സമ്മാനിച്ച പിഞ്ചുകുഞ്ഞിനെ പറക്കുമുറ്റുന്നതിന് മുമ്പേ സ്വന്തം കൈകൊണ്ട് അറുക്കാന്‍ പറഞ്ഞപ്പോഴും അതിന് പൂര്‍ണ്ണമനസ്സോടെ തയ്യാറായ ഇബ്റാഹീം നബി(അ)ന് ബലിയാടിനെ ഇറക്കി കൊടുത്തതിന്‍റെ സ്മരണയാണ് ഇന്നും പെരുന്നാള്‍ ദിനത്തില്‍ നടത്തുന്ന ഉള്ഹിയ്യത്ത് കര്‍മ്മം.

റബ്ബിന്‍റെ കല്‍പന പ്രകാരം മകനെ അറുക്കാന്‍ മലമുകളിലേക്ക് കൊണ്ട് പോകുന്ന ഇബ്റാഹീം നബി(അ) നെ വഴിയില്‍ വെച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഇബ്ലീസിനെ കല്ലെറിഞ്ഞ് ആട്ടിയോടിച്ചത് ഇന്നും ഹാജിമാര്‍ അയവിറക്കുന്നത് ജംറകളില്‍ എറിഞ്ഞ് കൊണ്ടാണ്. കളിച്ചു നടക്കേണ്ട പ്രായമെത്തിയ ഇസ്മാഈല്‍ നബി (അ) നെയും ഭാര്യയെയും ജനവാസമോ ജലാശയമോ ഇല്ലാത്ത മക്കാ മരുഭൂമിയില്‍ ഉപേക്ഷിക്കാനായിരുന്നല്ലോ അല്ലാഹുവിന്‍റെ അടുത്ത കല്‍പന. രണ്ട് പേരെയും മക്കയില്‍ കൊണ്ടുവന്നാക്കി ഇബ്റാഹീം നബി (അ) പ്രാര്‍ത്ഥനാ മനസ്സോടു കൂടി തിരിച്ചു പോകുമ്പോള്‍ ഒരു വട്ടി ഈത്തപ്പഴവും ഒരു തോല്‍പാത്രം വെള്ളവും മാത്രമായിരുന്നു അവര്‍ക്കു വേണ്ടി നല്‍കിയത്. കാരക്കയും വെള്ളവും കഴിഞ്ഞപ്പോള്‍ ഉമ്മ ഹാജറ(റ)വിന്‍റെ ഹൃദയം പിടച്ചു. ദാഹിച്ച് മണ്ണില്‍ കാലിട്ടടിക്കുന്ന പിഞ്ചുകുഞ്ഞിന്‍റെ ദാഹമകറ്റാന്‍ സ്വഫാ മര്‍വ മലകള്‍ക്കിടയില്‍ ആ മാതൃഹൃദയം പരക്കം പാഞ്ഞു. ഇതിനെ സ്മരിച്ച് കൊണ്ടാണ് സഅ്യ് എന്ന പുണ്യ കര്‍മം ഹാജി നിര്‍വഹിക്കുന്നത്. ഇസ്മാഈല്‍(അ) കാലിട്ടടിച്ച ഭാഗത്ത് അല്ലാഹു സൃഷ്ടിച്ച സംസം ഇന്നും നിലക്കാത്ത ഉറവായി ലക്ഷക്കണക്കിന് വിശ്വാസികളുടെ ദാഹവും വിശപ്പും അകറ്റുന്നു.

കഅ്ബ നിര്‍മ്മാണ സമയത്ത് ഇബ്റാഹീം നബി(അ) കയറി നിന്ന കല്ലാണ് മഖാമു ഇബ്റാഹീം. കഅ്ബയുടെ അടുത്ത് തന്നെ നിലകൊള്ളുന്ന ഈ കല്ലിന് പിന്നില്‍ നിസ്കരിക്കണം എന്ന് വിശ്വാസികളോട് അല്ലാഹു കല്‍പ്പിക്കുമ്പോള്‍ ആ പ്രവാചക കുടുംബത്തിന് മഹത്വവും സ്വീകാര്യതയും എത്രയാണെന്നത് ഊഹിക്കാവുന്നതിലും അപ്പുറമാണ്.

ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം അറഫയിലെ ഒരുമിച്ച് കൂടലാണ്. അറഫ ലഭിക്കാത്തവന് ഹജ്ജ് ഇല്ല തന്നെ. ‘ഹജ്ജ് എന്നാല്‍ അറഫ എന്നാണ്’ നബി(സ) പഠിപ്പിച്ചത്. മരണത്തെ ഓര്‍മിപ്പിക്കുന്ന വസ്ത്രരീതി കൊണ്ട് ലക്ഷക്കണക്കിന് ഹാജിമാര്‍ ഒരേ ഖിബ്ലയിലേക്ക് തിരിഞ്ഞ് അല്ലാഹുവിലേക്ക് ഇബാദത്ത് ചെയ്യുമ്പോള്‍ അല്ലാഹു മലാഇകത്തിന്‍റെ മുമ്പില്‍ വിശ്വാസികളെ ചൊല്ലി അഭിമാനം പറയുന്ന രംഗം എത്ര മനോഹരമാണ്. ഞാനവര്‍ക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു എന്ന് പറയുന്ന ആ മഹത്തായ ദിനത്തില്‍ കോടിക്കണക്കിന് ആളുകളെ നരകത്തില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നു. ജനങ്ങളെ വഴിപിഴപ്പിക്കാന്‍ വര്‍ഷങ്ങളോളം പാടുപെട്ട അധ്വാനങ്ങളെല്ലാം ഒറ്റയടിക്ക് തകര്‍ന്നു വീഴുമ്പോള്‍ താങ്ങാനാവാതെ ആര്‍ത്തട്ടഹസിക്കുകയാണ് ഇബ്ലീസ്. ആദ്യപിതാവ് ആദം നബി(അ) ഉം ഹവ്വാ ഉമ്മയും. ഭൂമിലോകത്ത് ആദ്യമായി ഒരുമിച്ച് കൂടിയ സ്ഥലമായത് കൊണ്ടാണ് ‘അറഫ’ എന്ന നാമകരണം ലഭിച്ചത്.
ചുരുക്കത്തില്‍ മഹാന്മാരുടെ സ്മരണകള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുന്ന വലിയ ഇബാദത്താണ് ഹജ്ജ,് മഹാത്മാക്കളെ ഓര്‍ക്കുന്നത് പോലും ശിര്‍ക്കും കുഫ്റുമാണെന്ന് വീമ്പിളക്കുന്ന നവീന വാദികള്‍ക്ക് ആ പരിശുദ്ധ ഭൂമിയില്‍ കാലുകുത്താന്‍ പോലും അര്‍ഹതയില്ല. പ്രവാചകരുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും മക്കാ ചരിത്രത്തല്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മഹാന്മാരുടെ ഈ സ്മരണകളെ അയവിറക്കുക വഴി അനുസരണയുള്ള യതാര്‍ത്ഥ വിശ്വാസികളായി മാറുകയാണ് ഓരോ ഹാജിയും. അല്ലാഹു കല്‍പിച്ച മുഴുവന്‍ കാര്യങ്ങളും യുക്തിയോട് ചോദിക്കാതെ അക്ഷരം പ്രതി അനുസരിച്ച ഇബ്റാഹീം നബി(അ) നെ മാതൃകയാക്കുകയാണ് ഹാജി ചെയ്യുന്നത്. കഅ്ബയെ പ്രതക്ഷിണം ചെയ്യുന്നതും സ്വഫാ മര്‍വക്കിടയില്‍ ഓടുന്നതും ജംറയില്‍ കല്ലറിയുന്നതും യുക്തിയോട് ചോദിക്കാതെയാണ് ഹാജി നിര്‍വഹിക്കുന്നത്. പണ്ടെന്നോ ഇബ്റാഹീം(അ) കല്ലെറിഞ്ഞതിനും ബലിനല്‍കിയതിനും ഇന്ന് നാമെന്തിന് അങ്ങിനെ ചെയ്യണം എന്ന് ഹാജി ചിന്തിക്കുന്നില്ല. ഹാജറ ബീവി മരുഭൂമിയില്‍ കുടിവെള്ളത്തിന് വേണ്ടി ഓടിയതിന് ജലസമൃദ്ധമായ ഇന്നത്തെ സാഹചര്യത്തില്‍ ഇതിന്‍റെ
ആവിശ്യമില്ലല്ലോ എന്ന യുക്തിചിന്തക്കും ഹാജി കീഴ്പെടുന്നില്ല. മറിച്ച് നബി(സ) കാണിച്ചുതന്ന ഹജ്ജ് കര്‍മങ്ങള്‍ യാഥൊരു മാറ്റവും വരുത്താതെ പകര്‍ത്തുകയാണ് ഹാജി ചെയ്യുന്നത്.

കഴിഞ്ഞ കാല ജീവിതത്തില്‍ സംഭവിച്ച് പോയ അരുതായ്മകളും പാപക്കറകളും കണ്ണീര് കൊണ്ട് കഴുകിയെടുക്കാനും പൊറുക്കപ്പെടാനും അല്ലാഹുവിന്‍റെ കാരുണ്യം നേടണം എന്ന ചിന്തയാണ് അവിടെ ഒരുമിച്ചുകൂടുന്ന എല്ലാവരുടെയും ചിന്ത. സ്വന്തം നാടിനോടും വീടിനോടും യാത്ര പറഞ്ഞ് മരുഭൂമിയില്‍ ഇലാഹീ ചിന്തയില്‍ മാത്രം അലിഞ്ഞ് ചേര്‍ന്ന് വിശ്വാസികള്‍ ഒരുമിച്ച് കൂടുമ്പോള്‍ അന്ത്യദിനത്തിന്‍റെയും മഹ്ശറയുടെയും ഓര്‍മപ്പെടുത്തലായി ഹജ്ജ് മാറുന്നു. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ഒരുമയുടെ ആകാശച്ചുവട്ടില്‍ ഒരുമയുടെ മനസ്സായി കഫന്‍ പുടയെ ഓര്‍മിപ്പിക്കുന്ന കരയടിക്കാത്ത രണ്ട് വസ്ത്രത്തില്‍ പൊതിഞ്ഞ ശരീരമുമായി ഒരുമിച്ച് കൂടുന്ന ഹാജിമാര്‍ ഐക്യത്തിന്‍റെ തുല്യതയില്ലാത്ത മാതൃകയാണ്. അല്ലാഹൂ ഏറെ ഇഷ്ടപ്പെടുന്നതും ഈ ഐക്യവും ഒരുമയും തന്നെയാവണം. പ്രസവിച്ച കുട്ടിയെ പോലെ അവരെ പാപ സുരക്ഷിതരാക്കി മാറ്റുന്നതും ശിഷ്ട ജീവിതത്തില്‍ പാവങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള പരിശീലനക്കളരി കൂടിയായി ഹജ്ജ് മാറുന്നുണ്ട്. പുണ്യ ഭൂമിയില്‍ ചെന്നെത്തുന്ന എല്ലാ സ്ഥലങ്ങളും അല്ലാഹു ആദരിച്ച സ്ഥലങ്ങളാകുമ്പോള്‍ തെറ്റില്‍ നിന്ന് പരമാവധി മാറിനില്‍ക്കുന്ന ഹാജിമാര്‍ ദേഹേഛകള്‍ക്കെതിരെ പോരാടാനുള്ള കരുത്തുമായാണ് പുണ്യഭൂമിയില്‍ നിന്ന് തിരിക്കുന്നത്.
മുബാറക് സിദ്ദീഖി പുതു പൊന്നാനി

Write a comment