Posted on

മതേതരത്വ ഇന്ത്യ മരണാശയ്യയിലാണ്

ഇന്നലെയാണ് അറിഞ്ഞത്
വരി നിന്ന് വാരിയെല്ലുടഞ്ഞ് വാങ്ങിയ
രണ്ടായിരത്തിന്‍റെ നോട്ടോ,
വിരലമര്‍ത്തി തിണ്ണ
നിരങ്ങിയുണ്ടാക്കിയ
തിരിച്ചറിയല്‍ രേഖയോ,
അടിവസ്ത്രമുരിഞ്ഞു
മതം ചിരിക്കേണ്ട
ഗതികേടോ ഇല്ലാതെ,
മുസ്ലിം ആയവര്‍ക്കൊക്കെ
ബഹിരാകാശത്തേക്ക്
ഫ്രീ വിസയുണ്ടെന്ന്.

കള്ളന്‍, കള്ളന്‍, റാഫേല്‍ കള്ളന്‍
എത്ര മുറവിളികളാണ്
‘പാവം’ പ്രധാനമന്ത്രിക്കെതിരെ
നടത്തിയത്.
വിമാനമല്ല, ബഹിരാകാശ
പേടകങ്ങള്‍ക്കുള്ള
കരാര്‍ ആയിരുന്നെന്ന് തിരിച്ചറിയാതെ
പോയല്ലോ നമ്മള്‍..

ആസിഫയും ജുനൈദും
മജ്ലൂ അന്‍സ്വാരിയും
ഖാലിദും പോയ
പരലോക എംബസി
ജയ് ശ്രീ രാം വിളിക്കാത്തവര്‍ക്ക്
പുതിയ ടിക്കറ്റ് അടിക്കുന്ന
തിരക്കിലാണത്ര.

ഗുജറാത്ത്, മുസഫര്‍ നഗര്‍, അയോധ്യ…
പാവം എത്ര ചോര ചിന്തിയാണ്
ഇന്ത്യയെ വളര്‍ത്തിയത്
എത്ര കോടികള്‍ എറിഞ്ഞാണ്
മന്ത്രിമാരെ വാങ്ങിയത്

ഇനി ഓര്‍മ്മകള്‍ക്കുമൊരു
പാസ്പോര്‍ട്ട് അടിക്കണം.
അഖ്ലാഖ്, ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി,
പന്‍സാരെ തുടങ്ങി തൂങ്ങി മരിച്ച
രാജ്യദ്രോഹികളിലേക്ക് വല്ലാതെ
വലിഞ്ഞു കയറിപ്പോകുന്നു ഓര്‍മ്മകള്‍
സംസാര ശേഷിയില്ലാത്ത അനിയനെ
ഒന്നുകൂടി ഡോക്ടറെ കാണിക്കണം.
ജയ് ശ്രീ രാം വിളിക്കാനാവാതെ
ചുട്ടരിക്കപ്പെട്ട ആചാരവും പേറി
നടക്കാനാവില്ല.

അമ്പത് പൈസയുടെ
മൂവര്‍ണ്ണക്കൊടിയില്‍ തിളങ്ങുന്ന
ഓര്‍മ്മയിലെ ഒന്നാം ക്ലാസ്സുകാരന്‍റെ
ഇന്ത്യ എന്നോ മരിച്ചുപോയി
വിലാസത്തിനു തീപിടിച്ച്
വൈകാതെ ഞാനും വെന്തുമരിക്കും
ജനാധിപത്യത്തോടൊപ്പം.

ശഹീദ് സിദ്ദീഖി കാവനൂര്‍

Write a comment