ആത്മഹത്യ; ഇസ്ലാം സംസാരിക്കുന്നു

എന്തിനും ജീവിതമവസാനിപ്പിക്കുകയെന്ന ബുദ്ധിശ്യൂന്യതയിലേക്ക് സമൂഹം നീങ്ങികൊണ്ടിരിക്കുകയാണ്. ദിനംപ്രതി വര്‍ദ്ധിക്കുന്ന ആത്മഹത്യകള്‍ വ്യക്തമാക്കിത്തരുന്നത് സാംസ്കാരികമായി സമൂഹം എത്രത്തോളം ആപതിച്ചുവെന്നതാണ്. യഥാര്‍ത്ഥത്തില്‍ മനുഷ്യ സൃഷ്ടിപ്പിന്‍റെ അടിസ്ഥാനത്തെ തന്നെ അറുത്തുമാറ്റി സ്വയം മരണത്തിലേക്ക് എടുത്തു ചാടുകയെന്ന നീച വൃത്തിയായിട്ടാണ് ആത്മഹത്യയെ നമുക്ക് വിവക്ഷിക്കാനാവുക. ഇത്തരം സ്വയംഹത്യകള്‍ മാനവരാശിയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ലോകത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്തില്‍ ഓരോ 40 സെക്കന്‍റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. അതില്‍ യുവാക്കളാണ് മുന്‍പന്തിയില്‍ നില്‍കുന്നത്. 15 മുതല്‍ 29 വരെ പ്രായമുള്ളവരുടെ മരണകാരണങ്ങളിലും രണ്ടാമതായി ആത്മഹത്യയെ എണ്ണപ്പെടുന്നു. ഇന്ത്യയിലെയും സ്ഥിതിവിശേഷങ്ങള്‍ വിഭിന്നമല്ല. ആഗോളതലത്തില്‍ നടക്കുന്ന ആത്മഹത്യകളുടെ ഇരുപത് ശതമാനവും സംഭവിക്കുന്നത് ഇന്ത്യയിലാണെന്നും രാജ്യത്ത് ഓരോ മണിക്കൂറിലും 14 ആത്മഹത്യകള്‍ സംഭവിക്കുന്നുവെന്നുമാണ് ക്രൈം റെക്കോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അടുത്തിടെയായി ഏഷ്യയിലെ കോഫി രാജാവെന്നറിയപ്പെട്ടിരുന്ന സിദ്ധാര്‍ഥ് ശിവ ആത്മഹത്യ ചെയ്തത് നാം കേള്‍ക്കുകയുണ്ടായി. അത്ഭുതകരമായ ബിസിനസ്സ് പാടവം വെച്ച് പുലര്‍ത്തിയിരുന്ന അദ്ദേഹം കടം ബാധിച്ചതിന്‍റെ നിരാശയില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ചുരുക്കത്തില്‍, ആത്മഹത്യയെ തടയാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങളൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ലായെന്നതാണ് സത്യം. ഈയൊരു സാഹചര്യത്തില്‍ ആത്മഹത്യകളെയും അവ സമൂഹത്തിലുളവാക്കുന്ന പ്രത്യാഘാതങ്ങളെയും സംബന്ധിച്ച പഠനങ്ങള്‍ക്ക് പ്രസക്തിയേറെയാണ്.

ചരിത്ര വഴികളിലൂടെ
ദൈവത്തോടും സമൂഹത്തോടും ചെയ്യുന്ന നീച കൃത്യമായിട്ടാണ് മുന്‍കാലങ്ങളില്‍ ആത്മഹത്യയെ കണക്കാക്കപ്പെട്ടിരുന്നത്. മരണം വരിച്ചാലും ഇല്ലെങ്കിലും വലിയ ശിക്ഷകള്‍ ലഭിക്കുന്ന ഹീന ചെയ്തിയായി അത് വിലയിരുത്തപ്പെട്ടിരുന്നു. 1670 ല്‍ ഫ്രാന്‍സില്‍ നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച് ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാറിന് അവകാശം നല്‍കിയിരുന്നു. മൃതശരീരത്തിന്‍റെ മുഖം നിലത്തമര്‍ത്തി നിരത്തിലൂടെ വലിച്ചിഴക്കുന്നതും ശവം തല കീഴാക്കി പ്രദര്‍ശനത്തിന് വെക്കുന്നതും അവിടെ സാധാരണയായിരുന്നു. ഇതിലൂടെ സ്വയം ജീവനൊടുക്കല്‍ നിന്ദ്യവും ഭീരുത്വവും നിറഞ്ഞ അധാര്‍മിക പ്രവര്‍ത്തിയാണെന്നും ജനങ്ങള്‍ അതില്‍ നിന്നും അകന്നു നില്‍ക്കണമെന്നുമുള്ള ശക്തമായ സന്ദേശമാണ് അവര്‍ നല്‍കിയിരുന്നത്. ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന സോക്രട്ടീസും പൈഥഗോറസും ആത്മഹത്യയെ നിഷിദ്ധമായി വിമര്‍ശിച്ചവരാണ്. ‘ദൈവങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ മനുഷ്യര്‍ക്ക് അവരുടെ ജീവിതം സ്വയം നശിപ്പിക്കാനുള്ള അധികാരമില്ലെന്നായിരുന്നു ഇരുവരുടെയും പക്ഷം. അരിസ്റ്റോട്ടിലും സമാനമായ കാഴ്ച്ചപ്പാട് വെച്ചു പുലര്‍ത്തിയിരുന്നു. സ്വയം മരണം തിരഞ്ഞെടുക്കല്‍ ഭീരുത്വം നിറഞ്ഞ കുറ്റകൃത്യമാണെന്നതിലുപരി രാഷ്ട്രത്തിനെതിരായ കുറ്റം കൂടിയാണെന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.
എന്നാല്‍ കാലക്രമേണ ആത്മഹത്യ മഹത്വവല്‍കരിക്കപ്പെടുകയും മുന്‍ഗാമികളുടെ ജീവിത കാഴ്ച്ചപ്പാടില്‍ നിന്നും ലോകം വ്യതിചലിക്കുകയും ചെയ്തു. 1950 കളില്‍ അഭിനയരംഗത്ത് ശോഭിച്ചിരുന്ന മര്‍ലിന്‍ മണ്‍റോയുടെയും സാഹിത്യകാരനായ ഏണസ്റ്റ് ഹെമിങ്വേയുടെയും ആത്മഹത്യകള്‍ പശ്ചാത്യന്‍ ലോകത്ത് ആത്മഹത്യാ പരമ്പരകള്‍ തന്നെ സൃഷ്ടിക്കുകയുണ്ടായി. നിരവധി പ്രമുഖര്‍ തങ്ങളുടെ ജീവിതം അര്‍ത്ഥ ശ്യൂന്യമാണെന്ന് വാദിച്ച് സ്വയം മരണം തിരഞ്ഞെടുത്തു. ചിലര്‍ ആത്മഹത്യക്ക് വേണ്ടി ജനങ്ങളെ പ്രേരിപ്പിച്ചു. അതിനായി തങ്ങളുടെ തൂലികകളും സര്‍ഗ്ഗശേഷിയും ഉപയോഗപ്പെടുത്താനും അവര്‍ മടിച്ചില്ല. ‘ക്ഷമയറിയാതെ ഞാനിതാ മുമ്പേ പോകുന്നു’ എന്നെഴുതി ആത്മഹത്യ ചെയ്ത സ്റ്റീഫന്‍ സ്വൈദും, ‘മനുഷ്യ ജീവതം തന്നെ നിരര്‍ത്ഥകമാണ്, നിങ്ങള്‍ എന്ത് കൊണ്ട് ആത്മഹത്യയില്‍ അഭയം തേടുന്നില്ലായെന്ന്’ ചോദിച്ച ആധുനിക തത്ത്വചിന്തയുടെ പ്രയോക്താവായ ഴാങ്ങ് പോള്‍ സാര്‍ത്രയും ഇതിനുദാഹരണങ്ങളാണ്. ഡെറിക് ഹംഫ്രീ രചിച്ച ‘ഫൈനല്‍ എക്സിറ്റ്’ എന്ന പുസ്തകവും ആത്മഹത്യക്ക് പാശ്ചാത്യ ലോകത്ത് വലിയ പ്രചാരം നല്‍കി. രണ്ടാഴ്ച്ചക്കകം തന്നെ ഇരുപതിനായിരം കോപ്പികളാണ് വിറ്റഴിഞ്ഞത്. എന്തു വിലകൊടുത്തും ജീവന്‍ നിലനിര്‍ത്തുകയെന്ന വൈദ്യശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്ത്വത്തെ തന്നെ നിരാകരിച്ച് മരിക്കാനുള്ള അവകാശത്തിന് വേണ്ടി പൊരുതുന്ന ഹെംലക് സംഘടനയുടെ സ്ഥാപകനാണ് ഹംഫ്രീ. എങ്ങനെ ആത്മഹത്യ ചെയ്യാം, അവയുടെ വിവധ രൂപങ്ങള്‍ തുടങ്ങിയ വിവരിക്കുന്നതായിരുന്നു പുസ്തകത്തിന്‍റെ ഉള്ളടക്കം. കേരളത്തിലും ഈ ആത്മഹത്യാ തരംഗത്തിന്‍റെ അനുരണങ്ങളുണ്ടായിരുന്നു. സാഹിത്യ സാമൂഹിക രംഗത്തെ പലരും ജീവിതം മടുത്ത് ആത്മഹത്യയെ അഭയ കേന്ദ്രമാക്കി മാറ്റിയ ദുരവസ്ഥയുണ്ടായി. കവിതാ ലോകത്തെ പ്രമുഖരായിരുന്ന ഇടപ്പള്ളിയും നന്ദിനിയും ഇവരില്‍ ചിലര്‍ മാത്രമാണ്.

വര്‍ത്തമാനങ്ങള്‍
ദൈവത്തിന്‍റെ സ്വന്തം നാടെന്നാണ് കേരളത്തെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷരതയുടെ കാര്യത്തില്‍ മുന്‍പന്തിയിലെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ സാംസ്കാരികമായി നാം പിറകോട്ട് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനത്തേക്കാള്‍ ചിന്തയും ബുദ്ധിയും കൂടിയവരാണ് കേരളീയരെന്ന് അഹങ്കാരത്തോടെയാണെങ്കിലും നാം പറയാറുണ്ട്. എന്നാല്‍ ഇതിനെല്ലാം അപവാദമായ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കേരളീയരില്‍ നിന്നുണ്ടാകുന്നത്. സ്വന്തം പ്രശ്നങ്ങളെ അഭിമുഖീകരിക്കാനോ അതിജീവിക്കാനോ സാധിക്കാതെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.
ഈയടുത്തായി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച കണക്കുകളും വ്യക്തമാക്കുന്നത് മലയാളിയുടെ നിരുത്തരവാദമായ ജീവിത സമീപനത്തെയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 12,988പേരാണ്. അതില്‍ 2946 സ്ത്രീകളും 401 കുട്ടികളും ഉള്‍പ്പെടുന്നു. ദേശീയ നിരക്കിനെക്കാള്‍ 2.5% വര്‍ദ്ധനവാണ് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുടുംബ ജീവിതത്തില്‍ സംഭവിക്കുന്ന പ്രശ്നങ്ങളും അസ്വാരസ്യങ്ങളുമാണ് ഭൂരിഭാഗം ആത്മഹത്യക്കും വഴി വെച്ചിട്ടുള്ളത്. അത്തരത്തില്‍ ജീവനൊടുക്കിയവരുടെ എണ്ണം കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 4178 ആയി ഉയര്‍ന്നു. രോഗങ്ങള്‍ (2325), സാമ്പത്തിക പ്രതിസന്ധി (822), കടക്കെണി (28) എന്നിവയും ആത്മഹത്യയില്‍ ആശ്വാസം കണ്ടെത്താന്‍ മലയാളികളെ പ്രേരിപ്പിക്കുന്നുണ്ട്. കര്‍ഷക ആത്മഹത്യകളും കേരളത്തില്‍ നിര്‍ബാധം സംഭവിക്കുന്നു. കൃഷിയിറക്കാന്‍ ബാങ്കുകളില്‍ നിന്നും ലോണെടുക്കുന്നവര്‍ അത് വീട്ടാന്‍ സാധിക്കാതെ ആത്മഹത്യകളില്‍ രക്ഷ തേടുകയാണ്. പലപ്പോഴും കുടുംബമൊന്നാകെ ഇങ്ങനെ ജീവിതമൊടുക്കുന്നു. ആത്മഹത്യ ചെയ്തവരുടെ കണക്കിനേക്കാള്‍ മുകളിലാണ് അതില്‍ പരാജയപ്പെട്ടവരുടേതെന്ന വസ്തുതയും സമൂഹത്തിലെ സാംസ്കാരിക ജീര്‍ണ്ണതാവസ്ഥയെ വെളിപ്പെടുത്തുന്നതാണ്.

കാരണങ്ങള്‍ തേടുമ്പോള്‍
ഓരോ നിമിഷവും സ്വര്‍ഗ്ഗമാക്കാന്‍ പൊതുവെ ശ്രമിക്കാറുള്ള മനുഷ്യനെന്തിനാണ് സ്വയം ജീവനൊടുക്കുന്നത്? ആത്മഹത്യയുടെ യുക്തി അന്വേഷിക്കുന്ന ആദ്യകാലങ്ങളില്‍ മനസ്സില്‍ ഉയര്‍ന്നുവന്നിരുന്ന ഒരു ചോദ്യമാണിത്. കേവലം നിരാശയുടെ പേരില്‍ ജീവിതം അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ഇത്ര മടയന്മാരാണോയെന്നതാണ് ആ ചോദ്യത്തിന്‍റെ കാതല്‍. എന്നാല്‍ അവയുടെ യഥാര്‍ത്ഥ്യങ്ങളും സ്വഭാവവും മനസ്സിലാക്കുമ്പോഴാണ് ഈ സാമൂഹിക ജീര്‍ണ്ണതയുടെ ദുരന്തവ്യാപ്തി തിരിച്ചറിയാനാവുക.
പലരും ആത്മഹത്യ ചെയ്യുന്ന മാര്‍ഗ്ഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ആത്യന്തികമായി വര്‍ധിച്ച ഉപഭോഗ സംസ്കാരത്തിന്‍റെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ജീവിത സംഘര്‍ഷങ്ങളാണ് മനുഷ്യനെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. പരിമിതമായ ജീവിതത്തിനിടയില്‍ പരമാവധി സുഖം ആസ്വദിക്കുകയെന്ന നിരര്‍ത്ഥകമായ ചിന്തകളിലേക്കാണ് കമ്പോള സംസ്കാരം സമൂഹത്തെ കൊണ്ടെത്തിച്ചത്. ഇതിലൂടെ കടം വാങ്ങിയും ജീവിത ആഘോഷിക്കുകയെന്ന തെറ്റായ മാനസിക നിലപാടുകളിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. കാലാന്തരത്തില്‍ ഇത്തരക്കാര്‍ മന:സ്ഥൈര്യം നഷ്ടപ്പെട്ട് ആത്മഹത്യയില്‍ അഭയം തേടുന്നതായാണ് കാണാന്‍ സാധിച്ചത്. സാധിക്കുന്നത്ര പണം സമ്പാദിക്കുക, ജീവിതം കൂടുതല്‍ ഉന്മാദത്തിലാക്കുകയെന്നതിലേക്ക് ചുരുങ്ങിയിരിക്കുന്ന മലയാളികള്‍ അതിനായി ഏതൊരു ഹീനമാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിക്കുകയില്ലെന്നാണ് വാസ്തവം. ഇത് പലപ്പോഴും കുടുംബ ശൈഥില്യത്തിന് കാരണമാവുകയും ജീവനൊടുക്കുന്നതിലേക്ക് വരെ എത്തിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഭൂരിഭാഗം ആത്മഹത്യകള്‍ക്കും കാരണമായി വര്‍ത്തിക്കുന്നത് കുടുംബശൈഥില്യമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകളും അടിവരയിടുന്നത് ഈയെരു യാഥാര്‍ത്ഥ്യത്തെയാണ്. സാമൂഹിക മാധ്യമങ്ങളുടെ തെറ്റായ ഉപയോഗം കാരണം ജീവനൊടുക്കുന്നതിലേക്ക് എത്തിപ്പെടുന്നവരും ഏറെ. ചതിക്കപ്പെട്ട് തന്‍റെ രഹസ്യങ്ങള്‍ പരസ്യമാവുമ്പോള്‍ തുടര്‍ ജീവിതം ദുസ്സഹമായി ആത്മഹത്യയിലൊടുങ്ങുകയാണ് മറ്റു ചില ജീവിതങ്ങള്‍. നൈമിഷിക സുഖത്തിന് വേണ്ടി മദ്യം, മയക്കുമരുന്ന് തുടങ്ങിയ അസന്മാര്‍ഗിക വഴികള്‍ക്ക് അടിമപ്പെടുന്നതും കേരളത്തിലെ ആത്മഹത്യാ വര്‍ദ്ധനവിന് ആക്കം കൂട്ടുന്നതാണ്. പ്രമുഖ ഫുട്ബോളര്‍ വി പി സത്യന്‍ സ്വന്തം ആത്മഹത്യ കുറിപ്പില്‍ ഇത് തുറന്നു പറയുന്നുണ്ട്. ഫുട്ബോളര്‍ എന്ന നിലയില്‍ അകമഴിഞ്ഞ സ്നേഹവും ആദരവും ലഭിച്ചിരുന്നുവെങ്കിലും മദ്യപാനവും ചൂതാട്ടവും എല്ലാം നശിപ്പിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം അവസാനമായി കുറിച്ച് വെച്ചത്.
വാസ്തവത്തില്‍, ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ മാനസികാരോഗ്യം നഷ്ടപ്പെട്ട് വിഷാദ രോഗികളായി മാറുകയും സ്വയം മരണം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ആത്മഹത്യയെ മഹത്വവത്കരിക്കപ്പെടുന്ന അപകടകരമായ സാഹചര്യവും സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നത് പറയാതെ വയ്യ. തങ്ങളുടെ സംപ്രേഷണ പരിപാടികളുടെ റേറ്റിംഗ് ഉയര്‍ത്താന്‍ വേണ്ടി ചേരുവകള്‍ ചേര്‍ത്ത ആത്മഹത്യാ രംഗങ്ങളാണ് സിനിമാ- സീരിയല്‍ മേഖലയിലുള്ളവര്‍ പ്രദര്‍ശിപ്പിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ ഇത്തരം വികലമായ കാഴ്ചകള്‍ കാണുന്നത് മൂലം അവരിലുണ്ടാക്കുന്ന വിപരീത ഫലങ്ങളെ കുറിച്ച് സമൂഹം ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാധ്യമ രംഗത്തും ഈ ദുഷ് പ്രവണത കടന്നുകൂടിയിട്ടുണ്ട്. സിനിമകളില്‍ കണ്ട ആത്മഹത്യ രംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ച് അബദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെടുന്ന കുരുന്നുകളുടെ വാര്‍ത്തകള്‍ ദിനംപ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മാതാ-പിതാക്കള്‍ മാത്രമല്ല, അഭിനേതാക്കളും സിനിമാ നിര്‍മാതാക്കളും ഇവിടെ പ്രതി പട്ടികയില്‍ തന്നെയാണ്.. കരളലിയിപ്പിക്കുന്ന തരത്തില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യരുതെന്ന പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി, സി, ഐ) യുടെ നിര്‍ദ്ദേശവും വിരല്‍ ചൂണ്ടുന്നത് ഈയെരു സ്ഥിതി വിശേഷണത്തിലേക്കാണ്.

ഇസ്ലാം സംസാരിക്കുന്നു
മനുഷ്യ കുലത്തിന്‍റെ സൃഷ്ടിപ്പിന്‍റെ താല്‍പര്യം വിസ്മരിക്കരുതെന്നും ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതാണ്, അതില്‍ ക്ഷമ കൈകൊള്ളണമെന്നുമുള്ള മഹത്തായ സന്ദേശമാണ് ഇസ്ലാം നല്‍കുന്നത്. ദൈവത്തിന്‍റെ ഇഷ്ട ദാസന്‍മാരായ പ്രവാചകന്മാര്‍ പോലും അനേകം പരീക്ഷണങ്ങള്‍ക്ക് വിധേയമായതായി ചരിത്രത്തില്‍ കാണാം. അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും അവര്‍ കൈ കൊണ്ട ക്ഷമാശീലം നമുക്കൊക്കെ പാഠമാണ്. പ്രതിസന്ധികളെ ക്ഷമയോടെ നേരിട്ടവരാണ് പിന്നീട് വിജയം വരിച്ചതായി കാണാന്‍ സാധിക്കുക. ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളെ സധൈര്യം അഭിമുഖീകരിക്കുകയും അതിനെ അതിജീവിക്കാനുതകുന്ന തരത്തില്‍ മനുഷ്യന്‍ ആര്‍ജ്ജവം കാണിക്കുകയും വേണമെന്നാണ് ഇസ്ലാമിക ചരിത്രങ്ങളെല്ലാം സൂചിപ്പിക്കുന്നത്. അതിനാല്‍ പ്രശ്നങ്ങളേതുമാകട്ടെ അതിന്‍റെ പേരില്‍ സ്വയം ജീവനൊടുക്കാന്‍ അല്ലാഹു ആര്‍ക്കും അവകാശം നല്‍കുന്നില്ലായെന്നത് വ്യക്തം. അതിലുപരിയായി അല്ലാഹു നല്‍കിയ അനുഗ്രഹത്തോടുള്ള കടന്നുകയറ്റമായും, മതനിരാസവും ദൈവത്തോടുള്ള വെല്ലുവിളിയും സമ്മിശ്രമായ പൈശാചിക ദുര്‍ബോധനമായുമാണ് സ്വയംഹത്യയെ ഇസ്ലാം നിരീക്ഷിക്കുന്നത്. നിങ്ങളുടെ ശരീരങ്ങളെ നാശത്തിലേക്ക് കൊണ്ടിടരുതെന്ന് ഖുര്‍ആന്‍ വ്യക്തമായി താക്കീത് ചെയ്യുന്നുമുണ്ട്. സ്വയംഹത്യക്കുള്ള ശിക്ഷകള്‍ വിവരിക്കുന്ന നിരവധി ഹദീസുകളും വന്നിട്ടുണ്ട്. ആയുധങ്ങള്‍, വിഷം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ആത്മഹത്യ ചെയ്യുന്നവര്‍ നരകത്തിലും ശാശ്വതമായി ഈ പ്രവര്‍ത്തി തുടരുമെന്ന പ്രവാചക അദ്ധ്യപനങ്ങള്‍ ഇവര്‍ക്ക് വരാനിരിക്കുന്ന ഭീതിതമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അബൂ ഹുറൈറ (റ) വിനെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസില്‍ ഒരു സംഭവം വിശദീകരിക്കുന്നത് കാണാം: ഹുനൈന്‍ യുദ്ധത്തിന്‍റെ ഇടവേളയില്‍ മുത്ത് നബി (സ്വ) ഒരാളെ ചൂണ്ടി പറഞ്ഞു: ‘അവന്‍ നരകത്തിലാണ്’ സ്വഹാബികളെല്ലാം അത്ഭുതത്തോടെ അയാളെ നോക്കി. അടര്‍ കളത്തില്‍ ശക്തമായ പോരാട്ടം കാഴ്ച്ചവെച്ച വ്യക്തിയായിരുന്നു അത്. മാരകമായ പരിക്കുകളും ഏറ്റിരുന്നു. അല്ലാഹുവിന് വേണ്ടി ആര്‍ജവത്തോട് കൂടി യുദ്ധം ചെയ്തയാള്‍ നരകാവകാശിയാവുകയോ? സ്വഹാബികള്‍ക്കിടയില്‍ സംശയം ജനിച്ചു. അവന്‍ നരകാവകാശി തന്നെയാണെന്നതായിരുന്നു മുത്ത്നബി (സ്വ) തങ്ങളുടെ പ്രത്യുത്തരം. ഇതിന്‍റെ യാഥാര്‍ത്ഥ്യം അറിയാന്‍ ചിലര്‍ തീരുമാനിച്ചു. അവര്‍ അയാളെ നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങിനെ രാത്രിയായപ്പോള്‍ അയാള്‍ക്ക് അസഹ്യമായ വേദനയനുഭവപ്പെടുകയും ആത്മഹത്യയിലേക്ക് എടുത്തുചാടുകയും ചെയ്തു. നബിവചനത്തിന്‍റെ പൊരുള്‍ അപ്പോഴാണ് അവര്‍ക്ക് മനസ്സിലായത് (ബുഖാരി).
മറ്റൊരു ഹദീസില്‍ കാണാം, മുന്‍ഗാമികളില്‍പ്പെട്ട ഒരു വ്യക്തിക്ക് മുറിവേറ്റു വേദനയുടെ നീരാളിപിടുത്തത്തില്‍ അസ്വസ്ഥനായ അയാള്‍ അമ്പു കൊണ്ട് സ്വന്തം ദേഹത്ത് കുത്തി. അതിലൂടെയുള്ള രക്തപ്രവാഹത്തില്‍ അയാള്‍ മരണപ്പെട്ടു. തുടര്‍ന്ന് അയാളുടെ മേല്‍ സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നുവെന്ന ദൈവികവചനമാണ് ഇറങ്ങിയത്. ഇതിലൂടെയെല്ലാം മനുഷ്യ സൃഷ്ടിപ്പിനോട് നീതീകരിക്കാനാകാത്ത ആത്മഹത്യ പ്രവണതയോടുള്ള ഇസ്ലാമിക വിമുഖതയാണ് വ്യക്തമാകുന്നത്. പ്രശ്നങ്ങളില്‍ നിന്നും ഓടിയൊളിക്കാനുള്ള പരിഹാരമായാണ് പലരും ആത്മഹത്യയെ കാണുന്നത്. പരിഹാരമല്ലെന്നതിനുപരി കടുത്ത ശിക്ഷ ലഭിക്കുന്ന ചെയ്തിയാണെന്ന ഇസ്ലാമിന്‍റെ നിലപാടാണ് കൂടുതല്‍ ശരിയെന്നു പകല്‍ പോലെ വ്യക്തമാണ്. അത് കൊണ്ട് തന്നെ കാതലായ മാറ്റങ്ങള്‍ക്ക് സമൂഹം തയ്യാറാകേണ്ടിയിരിക്കുന്നു. മാനവരാശിക്ക് വിനാശകരമായ ഈ സമ്പ്രദായത്തിന് അറുതി വരുത്താന്‍ ഓരോരുത്തരും കൈ കോര്‍ക്കേണ്ടതുണ്ട്. ഉപഭോഗ സംസ്ക്കാരത്തിന് അടിമപ്പെടാതിരിക്കുക, സാമ്പത്തിക നിലയനുസരിച്ച് പണം വിനിയോഗിക്കുക, മദ്യം മയക്കുമരുന്ന് തുടങ്ങിയ അധാര്‍മിക വഴികള്‍ ഉപേക്ഷിക്കുക, വിഷാദരോഗം പോലോത്തത് തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സ തേടുക, വീടകങ്ങളില്‍ തുറന്ന സംസാരത്തിന് വഴിയൊരുക്കി കുട്ടികളെ അന്തര്‍മുഖരാകാതിരിക്കാന്‍ ശ്രമിക്കുക ആത്മഹത്യ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. യുവ സമൂഹത്തെ കൃത്യമായി ഫോക്കസ് ചെയ്ത് അവരുടെ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള ശ്രമങ്ങളുണ്ടാകണം. പാഠ്യ പദ്ധതിയുടെ ഭാഗമായി തന്നെ ഇത്തരം അസാന്മാര്‍ഗിക പ്രവണതകള്‍ക്കെതിരെ ശക്തമായ ബോധവല്‍കരണം ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്ത് കാലം ആവശ്യപ്പെടുന്ന ധാര്‍മിക മൂല്യ വല്‍കരണം നടപ്പില്‍ വരാത്ത കാലത്തോളം പ്രതിസന്ധി വര്‍ദ്ധിക്കാനേ തരമുള്ളൂ. ഇത്തരത്തില്‍ കൂട്ടായ പ്രവര്‍ത്തനമാണ് അനിയന്ത്രിതമായ ആത്മഹത്യ പ്രവണതയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ചെയ്യേണ്ടത്. എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി മെഡിസിന്‍റെ ഭാഗമായി ആത്മഹത്യ പ്രതിരോധ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും ഈ മൂല്യശോഷണത്തിന് വിരാമമിടാന്‍ സഹായിക്കും. ഇതുവഴി മാനാസികാരോഗ്യമുള്ള പൊതു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് കഴിയും. പ്രസിദ്ധ പണ്ഡിതന്‍ ഇമാം ശാഫിഈ (റ) പാടിയത് പോലെ ആനന്ദദായകമായ ജീവിതമായിരിക്കും കൈവരിക്കാനാവുക. ‘ ജീവിക്കുകയാണെങ്കില്‍ എനിക്ക് ആഹാരം ലഭിക്കാതിരിക്കില്ല, മരിച്ചാല്‍ ആറടി മണ്ണും. എന്‍റെ സ്ഥൈര്യം രാജാക്കന്മാരുടെ സമം, മനസ്സോ സ്വതന്ത്ര്യം സ്വസ്തം.
ഹാരിസ് കിഴിശ്ശേരി

Write a comment