ഇത് ഗാന്ധിയുടെ ഇന്ത്യയല്ല

രാജ്യ സ്നേഹം ഉരച്ചുനോക്കി പൗരത്വ നിര്‍മിതി തകൃതിയില്‍ നടന്നു കൊണ്ടിരിക്കുന്ന കാലത്ത്, ഹൃദയഭേദകമായ ഇന്ത്യാ വിഭജനത്തിന്‍റെ മുറിവുണക്കാന്‍ ഗ്രാമാന്തരങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നകന്ന മഹാത്മാ ഗാന്ധിയെ സ്മരിക്കുന്നത് തികഞ്ഞ വൈരുധ്യമാവാം . എല്ലാ സാധാരണക്കാരുടേയും കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു നീക്കലാണ് രാജ്യത്തിന്‍റെ ധര്‍മമെന്ന മഹാത്മാവിന്‍റെ ദര്‍ശനത്തോട് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്ന ചോദ്യം പോലും അപ്രസക്തമാണ്. അത്ര കണ്ട് ജനാധിപത്യ ഇന്ത്യ അപഹരിക്കപ്പെട്ടിരിക്കുന്നു. ഗാന്ധിയും നെഹ്റുവും വിഭാവനം ചെയ്ത ഇന്ത്യ അവരോടൊപ്പം അന്ത്യ നിദ്രയിലാണിന്നും. ഇന്ത്യയെ മോഷ്ടിച്ചെടുത്തവര്‍ തങ്ങളുടെ സ്വപ്ന രാജ്യ നിര്‍മിതിയില്‍ വ്യാപൃതരാണ്. സ്വാതന്ത്ര പുലരി മുതലുള്ള വര്‍ഗീയതയുടെ അണിയറയൊരുക്കങ്ങള്‍ തിരിച്ചറിയാനാവാതെ പോയതു മുതല്‍ ഇന്ത്യ തോറ്റു തുടങ്ങുകയായിരുന്നു. 1925ല്‍ കേശവ ബാലാറാം ഹെഡ്ഗേവര്‍ ആര്‍ എസ് എസിന് രൂപം നല്‍കിയത് ഭാരതത്തിന്‍റെ അടിവേര് പിഴുതെറിയാനാണെന്ന സത്യം ഗ്രഹിച്ചെടുക്കാന്‍ ജനാധിപത്യത്തിന്‍റെ മരണമണി മുഴുങ്ങുന്നത് വരെ നാം കാത്തിരുന്നു. ‘ ഇന്ത്യക്ക് ഒരിക്കലും ഒരൊറ്റ രാഷ്ട്രമാകാന്‍ സാധിക്കില്ല മറിച്ച് രണ്ട് രാഷ്ട്രമാകാം, ഹിന്ദു,മുസ്ലിം എന്നിങ്ങനെ’ 1937 ല്‍ അഹമ്മദാബാദിലെ ഒരു യോഗത്തില്‍ വെച്ച് സവര്‍ക്കര്‍ നടത്തിയ ഈ പ്രഖ്യാപനം നിറവേറ്റാനുള്ള ശ്രമങ്ങള്‍ 2014 ല്‍ അധികാരത്തിലേറിയതു മുതല്‍ വര്‍ഗീയ ശക്തികള്‍ നടത്തി വരുന്നുണ്ട്. ഫെഡറല്‍ സംവിധാങ്ങളുടെ ഗളച്ഛേദം നടത്തി, രാഷ്ട്രീയ വ്യവസ്ഥിതികളെ തകര്‍ത്തെറിഞ്ഞ് ഒരു രാഷ്ട്രം,ഒരു പാര്‍ട്ടി എന്ന ഏകശിലാത്മകതയിലേക്ക് രാജ്യത്തെ നയിക്കുകയാണവര്‍. വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന തീവ്ര ദേശീയതയുടെയും ജാതി, മത വര്‍ണ്ണ വിവേചനങ്ങളുടെയും അനന്തര ഫലത്തില്‍ നിന്നു കൊണ്ട് യഥാര്‍ത്ഥ ജനാധിപത്യത്തിന്‍റെ നൈതികതയെ സ്മരിക്കുമ്പോഴാണ് ഗാന്ധിയെന്ന മഹാത്മാവിനെ പുനര്‍വായിക്കേണ്ടത്. 1862 ഒക്ടോബര്‍ 2ന് കത്തിയവാറിലെ പോര്‍ബന്തറിലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ദി ജനിച്ചത്. ഗാന്ദിയും മോഡിയും ബാഹ്യമായ ഒരു കാര്യത്തില്‍ സമന്മാരാണ്. രണ്ട് പേര്‍ക്കും ധാരാളം അനുയായികളുണ്ട്. പരസ്പരം എതിരിടുന്ന രണ്ട് താല്‍പര്യങ്ങളാണ് അവരെ നയിക്കുന്നതെന്നു മാത്രം. അഹിംസയും ഹിംസയുമാണവ. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ ക്രിയാത്മകമായ വാക്കുകള്‍ക്ക് ഇന്ധനം നല്‍കാന്‍ ലജ്ജ കാണിക്കുന്നവര്‍ വരാനിരിക്കുന്ന ഭീകരപ്രതിസന്ധിയെ കുറിച്ച് ബോധമില്ലാത്തവരായിരിക്കും. ഇന്‍റര്‍നാഷണല്‍ മോണിറ്ററിംഗ് ഫണ്ട് ധ കങഎ പ ചീഫ് എക്കണോമിസ്റ്റ് ആയ ഗീത ഗോപിനാഥ് പുറത്ത് വിട്ട റിപ്പോര്‍ട്ട് സര്‍വര്‍ക്കും ബോധം പ്രധാനം ചെയ്യുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടുന്ന ലോക രാജ്യങ്ങളില്‍ 70 ശതമാനത്തോളം വളര്‍ച്ചയില്‍ മാന്ദ്യം അനുഭവപ്പെടും. ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് പതുജീവന്‍ നല്‍കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ഗാന്ധിജി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ഫലം കാണുകയും ചെയ്തിരുന്നു. സാമ്പത്തിക മാന്ദ്യം വര്‍ത്തമാന ഇന്ത്യയിലെ സര്‍വ്വരേയും ബാധിക്കുന്നതു കൊണ്ട് വിദൂരമല്ലാത്ത ഭാവിയില്‍ പരിഹാരമായേക്കാം. അതേ സമയം വ്രണം ബാധിച്ച മതേതരത്വത്തിനും ജനാധിപത്യത്തിനും പ്രതീക്ഷയുടെ വെളിച്ചമേകുവാന്‍ ആരുമില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.

ഗാന്ധിജിയും മതേതരത്വവും.
ബ്രിട്ടീഷുകാര്‍ക്കെതിരെ മത വര്‍ണ്ണ ജാതി ഭേദമന്യേ ഒന്നിച്ചു നിന്നവരായിരുന്നു ഇന്ത്യക്കാര്‍. ആ കാലത്തും നേരിയ തോതിലുളള വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയിരുന്നു. 1946 ലെ ആഗസ്റ്റ് മാസത്തില്‍ കല്‍കട്ടയില്‍ മതവിദ്വേഷം പടര്‍ന്നു പിടിച്ചിരുന്നു. അവിടെ ചെന്ന് തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഗാന്ധിജി പരിഹാരം നല്‍കിയിരുന്നത്. ബീഹാറിലും കിഴക്കന്‍ ബംഗാളിലും ഈ പ്രവണതക്ക് വേരുവെച്ചപ്പോള്‍ ജനങ്ങള്‍ക്ക് ഐക്യവും സമാധാനവും തിരികെ കൊണ്ടുവരാനായി നവഖാലി ഗ്രാമത്തിലൂടെയും ടിപ്പേറ ഗ്രാമത്തിലൂടെയും നഗ്നപാഥനായി നടന്ന് അദ്ധഹം ജനങ്ങളെ ആശ്വസിപ്പിച്ചു. 1947 ജൂണില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയെ വിഭജിക്കാനുളള പദ്ധതി തയ്യാറാക്കി, ചില സങ്കുചിത താല്‍പര്യങ്ങള്‍ക്കു വേണ്ടി വിഭജിക്കപ്പെടുകയും ചെയ്തു. വിഭജനാനന്തരം നടന്ന ഹിന്ദു മുസ്ലിം കലാപങ്ങളും കൂട്ടക്കുരുതികളും തീവ്ര ദേശീയ വാദികള്‍ക്ക് സാധാരണ സംഭവം മാത്രം. ഹിന്ദു മുസ്ലീം മതമൈത്രിക്ക് വേണ്ടി അഹോരാത്ര പരിശ്രമത്തിലായിരുന്നു ഗാന്ധി. ഇരു രാജ്യങ്ങളിലും ഒരാള്‍ക്കു പോലും മുറിവേല്‍ക്കരുതെന്ന് ഗാന്ധിജിക്ക് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. പാക്കിസ്ഥാന് കൊടുക്കാനുള്ള വിഹിതത്തെ ചൊല്ലി നിരാഹാരം കിടക്കുക പോലും ചെയ്തു. അദ്ദേഹത്തിന്‍റെ പിന്തുടര്‍ച്ചക്കാരായ ജനാധിപത്യ വാദികള്‍ക്കിതെന്തു പറ്റി. കാശ്മീരിലെ മനുഷ്യത്വരഹിത നടപടികള്‍ക്ക്, യുദ്ധ മുറവിളികള്‍ക്ക് ഓശാന പാടുകയാണവര്‍. ഇന്ത്യന്‍ കറന്‍സിയുടെ വലത് ഭാഗത്ത്
ഒരായിരം നന്ദി. അങ്ങനെയെങ്കിലും ഗാന്ധിജി ശേഷിപ്പുണ്ടല്ലോ..നാനാത്വത്തില്‍ ഏകത്വമായിരുന്നു അവരുടെ ഇന്ത്യ. എന്നാല്‍ ഇന്ന് ഭാരതം മതേതരമല്ല. മതാധിഷ്ടിത സംഹിത വച്ച് പുലര്‍ത്തുന്ന മത മൗലിക വാദികളുടെ സ്വര്‍ഗ ഭൂമിയാണ്.
ഗാന്ധിയും ജാതിയും
തീണ്ടായ്മ….മനുഷ്യനെതിരെയുളള ക്രൂരമായ പാതകമാണ്! ജാതിയുടെയും വിവേചനത്തിന്‍റെയും വര്‍ണ്ണവെറിയുടെയും ചെങ്കോലണിഞ്ഞ മോഡിക്കും കൂട്ടര്‍ക്കും ഗാന്ധി നല്‍കിയ മുന്നറിയിപ്പാണിത്. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളില്‍ പോലും തൊണ്ണൂറ്റിയൊമ്പത് ശതമാനം വരുന്ന ശുചീകരണ തൊഴിലാളികളും ദളിതരാണ്. ഐ ഐ ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളിലെ തൊണ്ണൂറ് ശതമാനവും പട്ടിക ജാതി പട്ടിക വര്‍ഗക്കാരാണ്. ജ്യോതി റാവു ഫുലെയുടെയും ബി ആര്‍ അംബേദ്കറിന്‍റെയും മതേതരത്വ കാഴ്ച്ചപ്പാടുകള്‍ കാഴ്ച്ച വസ്തുവായി പരിവര്‍ത്തനപ്പെട്ടിരിക്കുന്നു.’ അയിത്താചരണം ഹിന്ദുമതത്തിന്‍റെ ഭാഗമല്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അത് ഹിന്ദുമതത്തിന്‍റെ ഭാഗമായിരുന്നെങ്കില്‍ ഹിന്ദു മതം തന്‍റേതല്ലെന്നും ഞാന്‍ കരുതിയിരുന്നു’ എന്ന് അയിത്താചരണത്തെ കുറിച്ചും ജാതീയതയെ കുറിച്ചും ഗാന്ധിജി പറഞ്ഞുവെച്ചിട്ടുണ്ട്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന കൃത്യമായ ഐഡിയോളജിയുടെ വക്താവായിരുന്നു ഗാന്ധി. തീവ്ര ദേശീയതയുടെ ഭാഗമായി സ്വേഛാധിപത്യത്തിലേക്ക് ജനാധിപത്യ ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താനാണല്ലോ മോഡി ശ്രമിക്കുന്നത്. ആ പരിവര്‍ത്തനത്തിന്‍റെ മുഖ്യ തടസ്സമാണ് ന്യൂനപക്ഷങ്ങള്‍. അവരെ ഉന്മൂലനം ചെയ്യേണ്ടത് മോഡിക്ക് നിര്‍ബന്ധമായിരിക്കുന്നു. മഹാത്മാവേ…മാപ്പ്

ഗാന്ധി അപ്രസക്തമാകുന്നു
നൈതികത, മത സൗഹാര്‍ദം, സമാധാനം, നിര്‍ഭയത്വം, വിശ്വാസം ഗാന്ധി കാണുന്ന ഇന്ത്യക്ക് നല്ല പരിശുകള്‍ ഏറെയുണ്ട്. അതൊരു ദിവാ:സ്വപ്നമായി പര്യവസാനിച്ചുവെന്ന് മാത്രം.. മോഡി പ്രവര്‍ത്തനത്തില്‍ ട്രംപിനേയും നെതന്യാഹുവിനേയും ഹിറ്റ്ലറിനേയുമാണ് മാതൃകയാക്കുന്നത്. ഗാന്ധിയെ ജീവനോടെ കൊല്ലാന്‍ അവസരം ലഭിക്കാത്ത ഹതഭാഗ്യയായ പൂജ ശകുന്‍ പാണ്ഡയെ പ്രോത്സാഹിപ്പിക്കുന്നു. ഗാന്ധി, ജ്യോതി റാവു ഫുലെ, അംബേദ്കര്‍ എന്നിവര്‍ ഇന്ത്യാ രാജ്യത്തിന്‍റെ സന്തുലിതാവസ്ഥക്ക് മുറിവേല്‍പിച്ചവരുടെ ഫ്രെയിമില്‍ ഇടം നേടിയിരിക്കുന്നു. സവര്‍ക്കര്‍, ഹെഡ് ഗേവര്‍, ഗോഡ്സെ, ശകുന്‍ പാണ്ഡെ …ജനാധിപത്യത്തിന്‍റെ നല്ല നടപ്പിന്‍റെ പ്രതീകങ്ങളായി മാറുന്നു. ഗോ സംരക്ഷണം, സാമ്പത്തിക പ്രതിസന്ധി, പൗരത്വ രജിസ്റ്റര്‍, കാശ്മീര്‍….നല്ല നടപ്പുകള്‍ പുരോഗമിക്കുകയാണ്. കാത്തിരിക്കാം…ഹിംസാത്മക ശക്തികള്‍ ജനാധിപത്യത്തെ കാര്‍ന്നു തിന്നുന്നതും, സ്വേഛാധിപത്യത്തിന്‍റെ അഴുകിയ ശവങ്ങള്‍ അഹിംസയുടെ ഖദറണിഞ്ഞ് ഞങ്ങള്‍ ജനാധിപത്യത്തിന്‍റെ വക്താക്കള്‍ എന്ന് ചര്‍ദ്ധിക്കുന്നതും. അപഹരിക്കപ്പെട്ട മതസൗഹാര്‍ദ്ദവും നൈതികതയും സമാധാനവും തിരികെ കൊണ്ടു വരാന്‍ ഇനിയൊരു ഗാന്ധി ഉദിക്കുമോ..
സന്‍ഫീര്‍ മാമാങ്കര

Write a comment