Posted on

കസ്തൂരി മലയില്‍ സുഗന്ധമാസ്വദിക്കുന്നവര്‍

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശബ്ദ സൗന്ദര്യം കൊണ്ട് ചരിത്രമെഴുതിയ ബിലാല്‍ (റ) പകര്‍ന്ന് നല്‍കിയ ഈണം വിശ്വാസികളുടെ കാതില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. നിസ്കാരത്തിന് സമയമായെന്നറിയിക്കാന്‍ വേണ്ടിയാണ് വാങ്ക് നില കൊള്ളുന്നതെങ്കിലും ഭക്തി സാന്ദ്രമായൊരു വിതാനത്തിലേക്ക് വിശ്വാസി ഹൃദയങ്ങളെ സജ്ജമാക്കാനും വാങ്കിനാവും. വാദ്യങ്ങളുടെ അകമ്പടിയോ താള മഹിമയോ എടുത്ത് പറയാനില്ലാതെ വെറും ശബ്ദ മാധുര്യം കൊണ്ട് ക്രമപ്പെടുത്തിയ ശൈലി ആരും ചെവിയോര്‍ത്ത് പോകുന്നതാണ.് അല്ലാഹുവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ പ്രവാചകത്വം സാക്ഷ്യപ്പെടുത്തുകയും നിസ്കാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന വാങ്ക് വിളിയാളം ലോകത്തുള്ള വിശ്വാസി ഹൃദയങ്ങള്‍ക്ക് എന്നും നവ്യാനുഭൂതിയാണ്.
മസ്ജിദുന്നബവിയുടെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ നിസ്കാര സമയം ജനങ്ങളെ അറിയിക്കാനെന്താണ് മാര്‍ഗമെന്നതിനെ കുറിച്ച് നബി (സ്വ) സ്വഹാബികളുമായി ചര്‍ച്ച ചെയ്തു. സമയമറിയിക്കാന്‍ ഒരു കൊടി നാട്ടാം, കാഹളമൂതാം, മണിമുഴക്കാം തുടങ്ങിയ നിര്‍ദേശങ്ങള്‍ അനുചരരില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും തിരുനബി(സ്വ) അതിലൊന്നും തൃപ്തനായിരുന്നില്ല. കൊടി നാട്ടിയാല്‍ ഉറങ്ങുന്നവരെയോ അശ്രദ്ധരായിരിക്കുന്നവരെയോ അറിയിക്കാന്‍ സാധിക്കില്ലെന്നതും മറ്റുള്ളവ ഇതര മതസ്ഥരുടെ ആചാരങ്ങളാണെന്നതുമായിരുന്നു അവ തള്ളപ്പെടാനുണ്ടായിരുന്ന കാരണങ്ങള്‍. എന്നാല്‍ നമുക്ക് ഒരാളെ പറഞ്ഞയച്ച് എല്ലാവരെയും പള്ളിയിലേക്ക് വിളിക്കാം. അഭിപ്രായം ഉമര്‍ (റ) വിന്‍റേതായിരുന്നു. എന്നാല്‍ എങ്ങനെ വിളിക്കുമെന്ന് കൃത്യമായി ധാരണയിലെത്തിയിരുന്നില്ല. അബ്ദുല്ലാഹി ബ്നു സൈദ് (റ) പറയുന്നു: നിസ്കാരത്തിലേക്ക് ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നതിന് അവലംബിക്കാവുന്ന വിവിധ മാര്‍ഗങ്ങളെ കുറിച്ചുള്ള ആലോചന കഴിഞ്ഞ് ഞാന്‍ രാത്രി ഉറങ്ങി. കുടമണിയുമായി നടക്കുന്ന ഒരാളെ ഞാന്‍ സ്വപ്നം കണ്ടു. അതെനിക്ക് വില്‍ക്കാമോ? ഞാന്‍ ചോദിച്ചു. ജനങ്ങളെ നിസ്കാരത്തിലേക്ക് ക്ഷണിക്കാന്‍ വേണ്ടിയാണെന്ന് ഞാന്‍ പറയുകയും ചെയ്തു. ഞാന്‍ നിങ്ങള്‍ക്ക് ഇതിലും നല്ല മാര്‍ഗം അറിയിച്ചു തരട്ടേയെന്നായി അയാള്‍. ഞാന്‍ സമ്മതം മൂളുകയും ചെയ്തു. അന്നേരം അയാള്‍ വാങ്കിന്‍റെ വചനങ്ങള്‍ എന്നെ കേള്‍പ്പിച്ചു. പ്രഭാതമായപ്പോള്‍ ഞാന്‍ തിരുനബി സന്നിധിയിലെത്തി സ്വപ്ന വിവരം പറഞ്ഞു. തിരുനബി(സ്വ) ഇതു നല്ല സ്വപ്നമാണെന്ന് പറയുകയും ശബ്ദ സൗകുമാര്യത്തിനുടമയായ ബിലാല്‍ (റ) വിന് ആ വചനങ്ങള്‍ ഓരോന്നായി പറഞ്ഞുകൊടുക്കാന്‍ നിര്‍ദേശിച്ചു. വാചകങ്ങളോരോന്നായി ഞാന്‍ ബിലാലിന് കേള്‍പ്പിക്കുകയും അദ്ദേഹം അത് ഉറക്കെ വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈ വിളിയാളം കേട്ട് ഉമര്‍ (റ) പള്ളിയിലേക്കോടി വന്ന് തിരുനബിയോട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ.. ഈ വാചകങ്ങള്‍ ഞാനും സ്വപ്നത്തില്‍ കണ്ടിരിക്കുന്നു. തിരുനബി അതംഗീകരിച്ച് അല്ലാഹുവിനെ സ്തുതിച്ചു (അബൂദാവൂദ്).
ആയിരത്തി നാനൂറിലധികം വര്‍ഷങ്ങളായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന വാങ്ക് വിളിയുടെ തുടക്കക്കാരന്‍ ബിലാലുബ്നു റബാഹ (റ) ആണ്. മുത്ത് റസൂല്‍ മക്കയില്‍ നിന്ന് പലായനം ചെയ്ത വര്‍ഷമാണ് വാങ്ക് വിളി നിയമമാകുന്നത്. കനത്തതും ശ്രുതിമധുരവുമായ ശബ്ദമായിരുന്നു ബിലാലിന്‍റേത്. വിശ്വാസി ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലായിരുന്നു ബിലാല്‍ (റ) വിന്‍റെ വാങ്ക് വിളി. പ്രവാചകന്‍റെ കാലത്ത് ഉമ്മുമക്തൂം (റ) വും ബാങ്ക് വിളിക്കാറുണ്ടായിരുന്നു. അംറ്ബ്നു ഖൈസ് എന്നായിരുന്നു അദ്ധേഹത്തിന്‍റെ പേര്. സുബ്ഹിക്ക് ആദ്യം ബിലാല്‍ (റ) വാങ്ക് വിളിക്കും ശേഷം ഉമ്മു മക്തൂം അപ്രകാരമായിരുന്നു പതിവ്. പ്രവാചകന്‍റെ മരണ ശേഷം ബിലാല്‍ (റ) വാങ്ക് വിളി നിര്‍ത്തി. ശേഷം വന്ന സച്ചരിതരായ ഖലീഫമാര്‍ സഅദ് അല്‍ ഖര്‍ദി (റ) വെന്ന സ്വഹാബിയെയാണ് വാങ്ക് വിളിക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. ദീര്‍ഘകാലം അദ്ധേഹം മദീനയില്‍ വാങ്ക് വിളിച്ചു.

വാങ്ക് വിളിയുടെ പ്രതിഫലവും മഹത്വവും

വാങ്കിനോടും വാങ്ക് വിളിക്കുന്നവരോടും മോശം സമീപനമാണ് സമൂഹം വെച്ചു പുലര്‍ത്തുന്നത്. എന്നാല്‍ വാങ്ക് വിളിക്കുന്നതിന്‍റെ മഹത്വവും അതിന് അല്ലാഹു നല്‍കുന്ന പ്രതിഫലവും അറിയാത്തത് കൊണ്ടാണ് ആളുകള്‍ക്കത് നിസാരമായി തോന്നുന്നത്. വാങ്ക് വിളിക്കുന്നതിന്‍റെ പുണ്യവും മഹത്വവും മനസ്സിലാക്കുന്നവര്‍ അതിനായി അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കും. പരലോകത്ത് വിചാരണകളില്‍ നിന്നും രക്ഷ നേടി കസ്തൂരി മലയില്‍ സുഗന്ധമാസ്വദിക്കുന്ന മൂന്നു വിഭാഗക്കാരെ മുത്തു നബി പരിചയപ്പെടുത്തുന്നുണ്ട്. അള്ളാഹുവിന്‍റെയടുക്കല്‍ പ്രതിഫലമാഗ്രഹിച്ച് വാങ്ക് വിളിക്കുന്നവര്‍ അക്കൂട്ടത്തില്‍ പെടുന്നു.
അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം നബി (സ്വ) പറയുന്നു: വാങ്ക് വിളിക്കുന്നതിന്‍റേയും ഒന്നാമത്തെ സ്വഫ്ഫിന്‍റേയും മഹത്വം ജനങ്ങള്‍ മനസ്സിലാക്കുകയും എന്നിട്ടത് കരസ്ഥമാക്കാന്‍ നറുക്കിടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ നറുക്കിട്ടെങ്കിലും ആ സ്ഥാനം കിട്ടാന്‍ അവര്‍ ശ്രമിക്കും (ബുഖാരി). നബി (സ്വ) പറയുന്നു: വാങ്ക് കൊടുത്തവന് അവന്‍റെ ശബ്ദമെത്തുന്ന ദൂരത്തോളം പാപങ്ങള്‍ പൊറുക്കപ്പെടും, ഉണങ്ങിയതും പച്ചയായതുമായ എല്ലാം അവനു വേണ്ടി സാക്ഷി നില്‍ക്കും (അബൂദാവൂദ്). അനസ് (റ) ല്‍ നിന്ന് നിവേദനം. പ്രവാചകന്‍ പറഞ്ഞു: വാങ്കിനും ഇഖാമത്തിനും ഇടക്കുള്ള പ്രാര്‍ത്ഥന തള്ളപ്പെടുകയില്ല. ഒരുത്തന്‍ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് ഏഴ് വര്‍ഷം വാങ്ക് വിളിച്ചാല്‍ അവന്‍ നരക മോചിതനാണ്. വാങ്ക് വിളിക്കുന്നതിന്‍റെ മഹത്വങ്ങള്‍ നിങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിങ്ങള്‍ അതിന് വേണ്ടി പരസ്പരം യുദ്ധം ചെയ്യുമായിരുന്നു തുടങ്ങിയ തിരു വചനങ്ങളും വാങ്കിന്‍റെയും വാങ്കുകാരന്‍റേയും സ്രേഷ്ടത വിളിച്ചോതുന്നുണ്ട്.
പുരുഷന്മാര്‍ക്ക് വാങ്കും ഇഖാമത്തും ശക്തിയായ സുന്നത്താണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഇഖാമത്ത് മാത്രമേ സുന്നത്തുള്ളൂ. പ്രസവിച്ച കുട്ടിയുടെ ചെവിയിലും, ദേഷ്യം ശക്തിയായവന്‍റെ അടുക്കലും, പിശാചിന്‍റെ ബാധയേറ്റവന്‍റെ അടുക്കലും വാങ്ക് കൊടുക്കല്‍ സുന്നത്ത് തന്നെ കാരണം വാങ്കിന്‍റെ ശബ്ദം പിശാചിനെ വിദൂരത്താക്കാന്‍ നിമിത്തമാണ്. പലപ്പോഴും ജനങ്ങള്‍ വാങ്കിനെ വിസ്മരിക്കുകയും വാങ്കിനിടയില്‍ സംസാരിക്കുകയും ചെയ്യുന്നു. എന്നാല്‍ വാങ്കിനെ നിസാരമാക്കുകയും ഇടയില്‍ സംസാരിക്കുകയും ചെയ്യുന്നവന്‍റെ അന്ത്യം മോഷമായിരിക്കുമെന്ന് മഹാന്മാര്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

വാങ്ക് കേള്‍ക്കുന്നവര്‍
വാങ്ക് വിളിക്കുന്നവരെ പോലെ അത് കേള്‍ക്കുന്നവര്‍ക്കും നിരവധി പ്രതിഫലങ്ങള്‍ നേടാന്‍ സാധിക്കും. പ്രധാനമായും വാങ്കിന്‍റെ വചനങ്ങള്‍ ഏറ്റു ചൊല്ലല്‍ കേള്‍ക്കുന്നവര്‍ക്ക് പ്രത്യേകം സുന്നത്താണ്. ഉമറുബ്നു ഖത്വാബ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം നബി (സ്വ) പറഞ്ഞു: ‘വാങ്കുകാരന്‍റെ വാക്കുകള്‍ ആരെങ്കിലും മനസ്സില്‍ ഉറപ്പിച്ച് ഏറ്റുപറഞ്ഞാല്‍ അയാള്‍ സ്വര്‍ഗാവകാശിയാണ’ (മുസ്ലിം). മറ്റൊരു ഹദീസ് കാണാം. അബ്ദുള്ളാഹിബ്നു അംറ് (റ) നിവേദനം ചെയ്യുന്നു: നബി (സ്വ)യോട് ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ വാങ്ക് വിളിക്കുന്നവര്‍ ഞങ്ങളെക്കാള്‍ ഉത്തമരല്ലെ.. നബി (സ്വ) പറഞ്ഞു: ‘അവര്‍ പറയുന്നത് പ്രകാരം നീയും പറയുക ശേഷം നിനക്കാവശ്യമുള്ളത് ചോദിക്കുക അത് ലഭിക്കും’ (അബൂദാവൂദ്). ഖുര്‍ആന്‍ പാരായണം, ദിക്ര്‍- പ്രാര്‍ത്ഥനകള്‍, പഠനം തുടങ്ങിയവ പോലും വാങ്ക് കേള്‍ക്കുന്ന സമയത്ത് മറുപടി നല്‍കല്‍ ആവശ്യാര്‍ത്ഥം നിര്‍ത്തി വെക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
ഒരോരുത്തരുടെയും മനസ്സിലുള്ള വിശ്വാസം പ്രകടമാക്കലാണ് ഈ ഏറ്റുപറയല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കഴിവും ശക്തിയും അല്ലാഹുവിനാണെന്ന് പറയുമ്പോള്‍ തന്നെ തന്‍റെ കഴിവ് കേടിനെ കുറിച്ച് ബോധ്യവാനാകുക വഴി അഹങ്കാരം നീങ്ങാനും ആത്മാര്‍ത്ഥത കൈവരിക്കാനും അത് വഴി സ്വര്‍ഗത്തില്‍ എത്താനും സാധിക്കും. സ്വയം സമര്‍പ്പണവും അല്ലാഹുവിന് കീഴടങ്ങലുമാണ് ഈ ഏറ്റുപറയല്‍.
ഉനൈസ് കിടങ്ങഴി

Write a comment