പരീക്ഷണത്തിന് മേല്‍ പരീക്ഷണം

അടുത്തേക്ക് വരുന്ന അപരിചിതനെ കണ്ടില്ലെന്ന മട്ടില്‍ കഅ്ബ് നിന്നു.
‘സഹോദരാ, കഅ്ബു ബ്നു മാലിക് എന്നയാള്‍ നിങ്ങളല്ലേ?’. ‘അതെ, ഞാനാണ് കഅ്ബ്’.
ഭാരിച്ച ഒരു ദൗത്യം പൂര്‍ത്തിയാക്കിയതുകൊണ്ടാകണം അയാളുടെ മുഖത്തൊരു തെളിച്ചം കാണാനുണ്ട്. ഭവ്യതയോടെ കഅ്ബിനെ അഭിവാദ്യം ചെയ്തു. ശേഷം തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കത്ത് പുറത്തെടുത്ത് കഅ്ബിനു നേരെ നീട്ടി.
‘ഞങ്ങളുടെ ഒസ്സാന്‍ രാജാവ് തന്നതാണിത്’. കഅ്ബിന് കൗതുകമേറി. ‘എല്ലാവരാലും വെറുക്കപ്പെട്ട എന്നെ ഒസ്സാന്‍ രാജാവ് എന്തിന് അന്വേഷിക്കണം?. തിടുക്കപ്പെട്ട് കത്ത് വായിച്ചു.
‘ഉപചാരപൂര്‍വ്വം കഅ്ബു ബ്നു മാലികിന്. എന്തോ പാകപ്പിഴവുകള്‍ ചൂണ്ടിക്കാണിച്ച് നിന്‍റെ കൂട്ടുകാരന്‍ മുഹമ്മദ് നിന്നെ ഒറ്റപ്പെടുത്തിയ വിവരം ഞാനറിഞ്ഞു. വലിയ സങ്കടത്തിലാണല്ലേ.. നീ തെറ്റുകാരനല്ലെന്ന് എനിക്ക് നന്നായറിയാം. അകാരണമായാണ് നിന്‍റെ കൂട്ടുകാര്‍ നിന്നോടിത്ര കഠിനമായി പെരുമാറുന്നത്. ആര്‍ക്കും വേണ്ടാത്തവനായി ദുനിയാവില്‍ ജീവിച്ചു മരിക്കാനല്ലല്ലോ അല്ലാഹു നിന്നെ പടച്ചത്. അതൂകൊണ്ട് എന്‍റെ നാട്ടിലേക്ക് വരിക. നിങ്ങള്‍ക്കിവിടെ സമാധാന പൂര്‍വ്വം കഴിയാം-ഒസ്സാന്‍ രാജാവ്.
കഅ്ബിന്‍റെ മനസ്സകം കുളിര്‍ത്തു. ‘ഇപ്പോഴിതാ ഒരവസരം ഒത്തുവന്നിരിക്കുന്നു. ഈ ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതാണ് സുവര്‍ണാവസരം. ഒരാളോടും സംസാരിക്കാനാവാതെ എത്രനാള്‍ എനിക്കിങ്ങനെ മുന്നോട്ടുപോകാനാകും? ഒസ്സാന്‍ രാജാവ് പ്രതാപിയും ധീരനുമാണ്. അതുകൊണ്ടല്ലേ മുസ്ലിംകളുമായി അദ്ധേഹം യുദ്ധം പ്രഖ്യാപിച്ചത്. മുസ്ലിം സൈന്യത്തിന്‍റെ അംഗബലവും ധീരതയും കണ്ട് യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞെങ്കിലും ആ യശസ്സ് ഇന്നും ജ്വലിച്ചു നില്‍ക്കുന്നു’. കഅ്ബിന് പെട്ടെന്ന് സ്വബോധം തിരിച്ചുകിട്ടി. മനസ്സില്‍ പശ്ചാത്താപം ഉരുണ്ടുകൂടി.
‘അള്ളാ… പൊറുക്കണം ഈ പാപിയോട്, അരുതാത്തത് ചിന്തിച്ചുപോയില്ലേ’. കഅ്ബ് ഹൃദയം പൊട്ടിക്കരഞ്ഞു.
‘എന്തൊരഗ്നി പരീക്ഷണമാണിത്, അള്ളാഹുവിന്‍റെയും റസൂലിന്‍റെയും കഠിന ശത്രുവിന്‍റെ ക്ഷണം സ്വീകരിച്ച് പുണ്യമദീന വിട്ട് പോയാല്‍ എന്തായിരിക്കും എന്‍റെ അവസ്ഥ?, പുണ്യമതത്തില്‍ നിന്ന് ഞാന്‍ പുറത്ത് പോകില്ലേ. എടാ ദൂഷ്ടാ, ഈ കഅ്ബിനെ അതിന് കിട്ടുകയില്ല. വിശുദ്ധ മതത്തോട് പടവെട്ടാന്‍ വന്ന അക്രമിയാണ് നീ. പരാജയം കണ്‍മുന്നില്‍ കണ്ടപ്പോള്‍ മുട്ടുവിറച്ചാണ് നീ പിന്തിരിഞ്ഞത്. നീ യുദ്ധം പ്രഖ്യാപിച്ചതു കൊണ്ടാണ് എനിക്കീ ഗതി വന്നത്. എല്ലാം അള്ളാഹുവിന്‍റെ വിധി. ഇപ്പോഴിതാ അടുത്ത അടവ് പയറ്റുന്നു. അനുചരരെ വശത്താക്കി ശക്തി സംഭരിക്കാനല്ലെ നിന്‍റെ ശ്രമം. നിന്‍റെ ഭൗതിക സുഖലോലുപതയില്‍ കണ്ണ് തള്ളിപ്പോകുന്നവരാണ് ഞങ്ങളെന്നു നീ കരുതിയോ?’. കഅ്ബിന്‍റെ ഹൃദയത്തില്‍ രോഷം ആളിക്കത്തി.
കത്ത് കയ്യിലിട്ടു ഞെരിച്ചു. ചുറ്റും നോക്കി. കത്ത് കൈമാറിയ ആള്‍ അവിടെ നിന്നും എപ്പഴോ വഴിമാറിയിരുന്നു. കഅ്ബ് വീട്ടിലേക്ക് പോയി. കത്ത് നെരിപ്പോടിലിട്ട് തീ കൊളുത്തി. അതു ചാരമാകുന്നതും നോക്കി ആശ്വാസം കൊണ്ടു. സ്വസ്ഥജീവിതം നഷ്ടപ്പെട്ടിട്ട് ഇന്നേക്ക് നാല്‍പതു നാളുകള്‍ കടന്നുപോയിരിക്കുന്നു. ഒരു പകല്‍ നേരം, കഅ്ബ് വീട്ടിലിരിക്കുകയാണ്. ആ സമയം വീട് ലക്ഷ്യമിട്ട് ഒരാള്‍ നടന്നുവരുന്നു. കഅ്ബ് അതു ശ്രദ്ധിച്ചു. മുത്ത്നബിയുടെ ദൂതനാണത്. ആഗതനെ കണ്ടമാത്രയില്‍ കഅ്ബിന്‍റെ മനതലങ്ങളില്‍ പ്രതീക്ഷകള്‍ നാമ്പെടുത്തു. ‘ഞാന്‍ മോചിതനാകാന്‍ പോവുകയാണോ? റബ്ബേ ഇനിയെങ്കിലും എന്‍റെ കഷ്ടപ്പാടുകള്‍ക്കൊരറുതി വരുത്തണേ’. ആ സ്വഹാബിവര്യന്‍ കടന്നുവന്ന് കഅ്ബിനോട് വിവരമാരാഞ്ഞു.
‘ഇനി മുതല്‍ നീ ഭാര്യയുമായി ബന്ധപ്പെടരുതെന്ന് നബിതങ്ങള്‍ അറിയിച്ചിരിക്കുന്നു.
അള്ളാഹുവിന്‍റെ കല്‍പനയാണത്’ ഞാനെന്‍റെ ഭാര്യയെ വെടിയണമെന്നോ?’. കഅ്ബ് തരിച്ചു നിന്നുപോയി. നയനങ്ങളില്‍ ഇരുട്ട് മൂടുന്നതായി അദ്ദേഹത്തിന് തോന്നി. നാഥന്‍റെ കല്‍പന ധിക്കരിക്കാന്‍ പറ്റില്ലല്ലോ.
‘ഞാനവളെ ത്വലാഖ് ചൊല്ലണോ?’.
‘അവളെ സമീപിക്കാതിരുന്നാല്‍ മതി’. ദൂതന്‍ പ്രതിവചനം നല്‍കി പടിയിറങ്ങി.
അമ്പരപ്പ് വിട്ടുമാറാതെ കഅ്ബ് നില്‍പ് തുടര്‍ന്നു. ‘ഇനി മുതല്‍ വീട്ടിലും തനിച്ചാവുകയാണ്. ഹൃദയഭേദ്യമായ ഒറ്റപ്പെടലിന്‍റെ നീറുന്ന വേദനയില്‍ അവളുണ്ടായിരുന്നു എനിക്ക് സാന്ത്വനമേകാന്‍, ഇപ്പോള്‍ അവളും എനിക്കന്യമായി. പരീക്ഷണം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്നു. അന്ന് യുദ്ധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എന്നെ തടഞ്ഞ എല്ലാ സുഖാഢംബര വസ്തുക്കളും ഈ ദുനിയാവില്‍ വളരെ നിന്ദ്യമാണെന്ന് എനിക്ക് ബോധ്യപ്പെടാന്‍, വിശ്വാസം സമ്പൂര്‍ണ്ണമാവാന്‍, മുത്ത്നബിയോടുള്ള പ്രണയം യഥാര്‍ത്ഥമാവാന്‍.. ഇതെല്ലാം ഞാന്‍ അനുഭവിക്കണം.
നാഥന്‍ എന്‍റെ തൗബ സ്വീകരിക്കുന്ന ഒരു നാള്‍ വരാതിരിക്കില്ല, അന്നു ഞാനെന്‍റെ മുത്ത്നബിയുമായി ഒത്തുചേരും, എന്നെ ആഹ്ലാദത്തോടെ വരവേല്‍ക്കും, എനിക്കുറപ്പുണ്ട് അവിടുത്തേക്ക് എന്നോട് സഹതാപം മാത്രമാണുള്ളത,് അനുചരര്‍ വേദനിക്കുന്നത് കണ്ട് നില്‍ക്കാനുള്ള കെല്‍പുള്ള നേതാവല്ല എന്‍റെ നബി. ഞാന്‍ നിസ്കാരത്തില്‍ മുഴുകുമ്പോഴെല്ലാം അവിടുന്ന് എന്നെ ശ്രദ്ധിക്കാറുണ്ടല്ലോ? അല്ലാഹുവിന്‍റെ കല്‍പന വന്നതു കൊണ്ട് മാത്രമാണ് എല്ലാവരും എന്നെ കയ്യൊഴിഞ്ഞത്.
താമസിയാതെ കഅ്ബിന്‍റെ ഭാര്യ പടിയിറങ്ങി. ഇത്തിരി ആശ്വാസവാക്കെങ്കിലും കേള്‍ക്കാനുള്ള അവസരവും നഷ്ടപ്പെട്ടതോടെ കഅ്ബിന്‍റെ ഏകാന്തത പൂര്‍ണ്ണമായി. സഹനത്തിന്‍റെ അഗ്നിപര്‍വ്വങ്ങള്‍ താണ്ടിക്കടക്കാന്‍ തന്നെ കഅ്ബ് ഉറച്ചു. ചിന്ത സദാ അള്ളാഹുവിനെ കുറിച്ചും റസൂലിനെ കുറിച്ചും മാത്രമായി. ഐഹിക ചിന്തകളും കഅ്ബിനെ വിട്ട് പോയി. ദുഖങ്ങള്‍ മറക്കാന്‍ പഠിച്ചു.
അങ്ങനെയിരിക്കെ, തന്നെ പോലെ ശിക്ഷക്ക് വിധേയരാക്കപ്പെട്ട മറ്റു കൂട്ടുകാരെ കുറിച്ച് കഅ്ബ് ചിന്തിച്ചു. അവര്‍ക്ക് തങ്ങളുടെ ഭാര്യമാരോടൊത്ത് കഴിയാന്‍ നബിതങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നുവെന്ന് ആരില്‍ നിന്നോ കേട്ടറിഞ്ഞു. വസ്തുതയറിയാന്‍ കഅ്ബ് വീട്ട് വിട്ടിറങ്ങി.
്അപ്പോള്‍ കഅ്ബിന്‍റെ ബന്ധുക്കള്‍ അദ്ദേഹത്തെ സമീപിച്ചു.
നിങ്ങള്‍ എന്തിന് ഭാര്യയെ വെടിഞ്ഞ് നില്‍ക്കണം? ഹിലാല്‍ ഭാര്യയോടൊപ്പം കഴിയുന്നു. അവര്‍ക്ക് റസൂല്‍ ഇളവ് അനുവദിച്ചിരിക്കുന്നു. നിങ്ങള്‍ റസൂലിനോട് അപേക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കാതിരിക്കില്ല. എന്തിന് വെറുതെ കഷ്ടപ്പെടണം, വേഗം നബിയെ ചെന്ന് കാണൂ. .അവര്‍ പറഞ്ഞു.
ഇല്ലാ അക്കാര്യത്തില്‍ നബിയോട് എനിക്കൊന്നും ചോദിക്കാനില്ല ഹിലാലിനെ പോലെയല്ല ഞാന്‍.. ഞനൊരു യുവാവല്ലെ. കഅ്ബ് പറഞ്ഞു നിര്‍ത്തി.
ഒറ്റപ്പെടലിന്‍റെ നാല്‍പത്തിയെട്ടാമത്തെ ദിവസം കഅ്ബ് സങ്കടം കൊണ്ട് ഞെരിപിരികൊണ്ടു.
പിന്നെ പതിയെ തലചായ്ച്ചു. നല്ല സുഖമുള്ള രാത്രി. മന്ദമാരുതന്‍റെ ഇളം തെന്നലില്‍ ലയിച്ചങ്ങനെ കഅ്ബ് മയങ്ങി. രാത്രിയിലെ ഓരോ നിമിഷങ്ങളും അതി ശീഘ്രം കടന്നുപോയി.
‘അസ്സ്വലാത്തു ഖൈറുന്‍ മിനന്നൗം, അസ്സ്വലാത്തു ഖൈറുന്‍ മിനന്നൗം’.
തസ്വീബിന്‍റെ വിശുദ്ധ വചനങ്ങള്‍ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു. മദീനത്തെ പള്ളിയില്‍ സ്വഹാബത്തിന്‍റെ സാന്നിധ്യമേറി. കഅ്ബ് അംഗസ്നാനം വരുത്തി സുബ്ഹ് നമസ്കാരം നിര്‍വഹിച്ചു. എന്നത്തേയും പോലെ പള്ളിയില്‍ പോകാന്‍ എന്തോ കഅ്ബിന് ഇന്ന് മനസ്സു വന്നില്ല. തന്‍റെ ഔറാദുകളിലേക്ക് കടന്നു. നാഥനെ വാഴ്ത്തിക്കൊണ്ട്, സ്തുതികളര്‍പ്പിച്ച് കഅ്ബ് നിസ്കരിച്ചിടത്തുതന്നെ ഇരുന്നു. കഅ്ബിന് അദമ്യമായ കുളിര്‍മ്മ അനുഭവപ്പെട്ടു. അതിയായ സന്തോഷം തോന്നി. എന്താണീ സംഭവിക്കുന്നത്. എവിടുന്നോ ഒരു ലൗകിക നാദം തന്നെ പുല്‍കുന്നതായി കഅ്ബ് അറിഞ്ഞു. ഒന്നുകൂടെ കാതോര്‍ത്തു നോക്കി.                                                                                                                                                                                                             (തുടരും)

ശുറൈഫ് മംഗലശ്ശേരി

 

 

Write a comment