Posted on

പ്രളയം; അതിജീവനത്തിനായി കൈകോര്‍ക്കാം

പ്രകൃതിയുടെ ഭാവപ്പകര്‍ച്ചക്കുമുമ്പില്‍ മനുഷ്യര്‍ എത്രത്തോളം നിസ്സഹായരാണെന്ന് ഓര്‍മപ്പെടുത്തലുമായാണ് പ്രളയം വീണ്ടുമെത്തിയത്. 2018 ല്‍ 483 പേരുടെ ജീവനെടുത്ത പ്രളയത്തിന്‍റെ ആഘാതത്തില്‍ നിന്നും കരകയറും മുമ്പ് പ്രകൃതി വീണ്ടും രൗദ്രഭാവമണിഞ്ഞിരിക്കുന്നു. നൂറ്റാണ്ടിലെ മഹാപ്രളയത്തെ കുറിച്ചുള്ള ഓര്‍മകള്‍ വേരറുക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് പ്രളയത്തിന്‍റെ നടുക്കുന്ന നേര്‍ചിത്രങ്ങള്‍ക്ക് നാം സാക്ഷിയാകേണ്ടിവന്നിരിക്കുന്നുവെന്നത് യാദൃശ്ചികമാവാം. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ഒന്നുറക്കെ കരയാന്‍ പോലുമാകാത്തവര്‍, ജീവിതം മുഴുക്കെ അധ്വാനിച്ച് പണിതുയര്‍ത്തിയ സ്വപ്ന ഗൃഹങ്ങള്‍ നിശ്ശേഷം തകര്‍ക്കപ്പെട്ടവര്‍.. പ്രളയം ബാക്കിവെച്ച ദുരന്ത ചിത്രങ്ങള്‍ ആരുടേയും ഉള്ളുലയ്ക്കാന്‍ പോന്നതാണ്. അനേകമായിരങ്ങളുടെ നിറമാര്‍ന്ന പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞ് പ്രളയം പിന്‍വാങ്ങുമ്പോള്‍ വേദനിക്കുന്നവരെ ചേര്‍ത്തുപിടിക്കാനാണ് ഇനി നാം ശ്രമിക്കേണ്ടത്.
പ്രളയം വിതച്ച ദുരന്തത്തിന്‍റെ വ്യാപ്തി മനസ്സിലാകണമെങ്കില്‍ നിലമ്പൂരിലെ കവളപ്പാറയിലോ വയനാട്ടിലെ പുത്തുമലയിലോ ചെന്നാല്‍ മാത്രം മതി. കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയക്കെടുതി ഏറ്റവും രൂക്ഷിതമാക്കിയത് കവളപ്പാറയിലേയും പുത്തുമലയിലേയും ഉരുള്‍ പൊട്ടലുകളായിരുന്നു. നിലമ്പൂര്‍ താലൂക്കില്‍ പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറയിലെ മുത്തപ്പന്‍ കുന്ന് ഊര്‍ന്നിറങ്ങിയത് നിരവധി ജീവനുകള്‍ക്ക് മീതെയാണ്. മണ്ണിനടിയില്‍ അകപ്പെട്ട 59 പേരില്‍ പതിനൊന്നു പേര്‍ ഇനിയും കാണാമറയത്താണ്. ഭാര്യയേയും മക്കളേയും നഷ്ടപ്പെട്ടവര്‍, മാതാ പിതാക്കളെ നഷ്ടപ്പെട്ടവര്‍, കുടുംബാംഗങ്ങളെ മുഴുവന്‍ പ്രളയമെടുത്തവര്‍.. ഇങ്ങനെ ഒറ്റപ്പെടലിന്‍റെ തീരാവേദനയിലേക്ക് ഒരു നിമിഷം കൊണ്ട് എടുത്തെറിയപ്പെട്ടവരെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കാനാണ്. ആഗസ്റ്റ് എട്ട് (വ്യാഴം) രാത്രി 7.30 വരെ എല്ലാം പതിവുപേലെയായിരുന്നു അന്നാട്ടുകാര്‍ക്ക്. മുത്തപ്പന്‍ കുന്നിനു താഴെയുള്ള വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിട് രണ്ടുനാളായിരുന്നുവെങ്കിലും ഇത്തിരി വെട്ടവുമായി പതിവു ചിരികളികളുമായി അവര്‍ സജീവമായിരുന്നു. പെടുന്നനെയാണ് അവരുടെ മേല്‍ കനത്ത ശബ്ദത്തോടെ മണ്ണിടിഞ്ഞുവീഴുന്നത്. സംഭവിച്ചതെന്തെന്നറിയാന്‍ പിന്നെയും ഏറെ സമയമെടുത്തു. പിറ്റേന്ന് പുലര്‍ച്ചയാണ് ഒരു വലിയ പ്രദേശമാകെ ചെമ്മണ്ണു മൂടി ഭൂപടത്തില്‍ നിന്നും മായ്ക്കപ്പെട്ട വിവരം പുറംലോകം അറിയുന്നത് തന്നെ. ആരെല്ലാം മണ്ണിലകപ്പെട്ടുവെന്നറിയാന്‍ പിന്നെയും ദിവസങ്ങളെടുത്തു. അവരെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യത്തില്‍ നിന്നും സര്‍ക്കാറും സന്നദ്ധസംഘടനകളും പിന്മാറിയപ്പോഴും ഉറ്റവരെ കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ അവിടെയാകെ കിളച്ചു നോക്കുന്നവരുടെ ദാരുണ ചിത്രങ്ങള്‍ എല്ലാവരുടെയും ഹൃദയം കവരുന്നതായിരുന്നു. ഉരുള്‍പ്പൊട്ടലില്‍ അപ്രത്യക്ഷമായ പാതാര്‍ അങ്ങാടിയും അമ്പുട്ടാന്‍ പൊട്ടിയും പ്രളയ കെടുതികളുടെ ദുരന്ത ചിത്രങ്ങളായി അവശേഷിക്കുന്നുണ്ട്.
വയനാട്ടിലെ പുത്തുമലയിലെ ചിത്രങ്ങളും സമാനമായിരുന്നു. പ്രളയം കവര്‍ന്നെടുത്ത 17 പേരില്‍ ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ. ആയുസ്സിന്‍റെ മുഴുവന്‍ സമ്പാദ്യവും മലയെടുത്ത വേദനയില്‍ നിലക്കാത്ത നിലവിളികളുമായി കഴിഞ്ഞു കൂടുന്ന നിരവധി കുടുംബങ്ങള്‍ പുത്തുമലയില്‍ ഇന്നുമുണ്ട്.
പ്രളയക്കെടുതിയുടെ നേര്‍ ചിത്രങ്ങള്‍
സംസ്ഥാനത്തെ 575 ഗ്രാമപഞ്ചായത്തുകളെയും 76 നഗരസഭകളെയും പ്രളയം ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. കവളപ്പാറയിലും പുത്തുമലയിലുമടക്കം മരണപ്പെട്ടത് 121 പേര്‍. രണ്ടായിരത്തോളം വീടുകള്‍ പൂര്‍ണമായും പതിനാറായിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്ന് കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മന്‍റ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രളയകാലത്ത് സംസ്ഥാനത്താകെ തുറന്നത് 805 ദുരിതാശ്വാസ ക്യാമ്പുകളാണ്. 41253 കുടംബങ്ങളില്‍ നിന്നായി 18,9,649 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചേര്‍ന്നു. സംസ്ഥാനത്തുടനീളം പൊതുമരാമത്ത് റോഡ് തകര്‍ന്ന് നഷ്ടമായത് കോടിക്കണക്കിന് രൂപയാണ്. പ്രളയം കര്‍ഷകര്‍ക്ക് തീരാനഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. 31330 ഹെക്ടര്‍ കൃഷി നശിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഏകദേശം 1169.3 കോടി രൂപയുടെ നഷ്ടമാണ് കാര്‍ഷികരംഗത്ത് മാത്രം വിലയിരുത്തുന്നത്. സംസ്ഥാനത്തുടനീളം പ്രളയം മൂലം 2101.9 കോടി രുപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതില്‍ 2100 കോടി രൂപയുടെ സഹായമാണ് കേന്ദ്ര സര്‍ക്കാറിനോട് ആവിശ്യപ്പെട്ടിട്ടുള്ളത്. 26,718 കോടി രുപയുടെ നാശനഷ്ടം കണക്കാക്കിയ 2018ലെ പ്രളയത്തില്‍ നിന്നും കരകയറും മുമ്പ് വീണ്ടുമെത്തിയ പ്രളയദുരന്തം മറികടക്കുകയെന്നത് അത്യന്തം ശ്രമകരമായിരിക്കുമെന്നത് തീര്‍ച്ചയാണ്. കഴിഞ്ഞവര്‍ഷം 31000 കോടി പുനര്‍നിര്‍മാണ ഫണ്ട് കണക്കാക്കിതുടങ്ങിയ പുനരിധിവാസം എങ്ങുമെത്താത്ത നിലയിലാണെന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റീബില്‍ഡ് കേരള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തുടരെയെത്തിയ പ്രളയത്തില്‍ നിന്നും അതിജീവനം എങ്ങനെ സാധ്യമാകുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്.
ദുരന്ത മുഖത്തെ മാലാഖമാര്‍
പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളേക്കാളുപരി ജാഗ്രതയോടെ രംഗത്തിറങ്ങിയത് സന്നദ്ധസംഘടനകളും രാഷ്ട്രീയ പര്‍ട്ടികളുമായിരുന്നു. ആയിരങ്ങളാണ് ദുരന്ത മുഖത്ത് സേവനാനിരതരായത്. ക്ലബുകളുടേയും സന്നദ്ധസംഘടനകളുടേയും കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവര്‍ത്തനമാണ് ദുരിതാശ്വാസ പ്രക്രിയകളെ ത്വരിതഗതിയിലാക്കിയത്. സര്‍ക്കാര്‍ സംവിധാങ്ങള്‍ക്ക് ഇവരെ കൃത്യമായി വിന്യസിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഉരുള്‍ പൊട്ടിയ മേഖലകളില്‍ ആവശ്യമായ യന്ത്ര സാമഗ്രികളുടെ ലഭ്യതക്കുറവ് തുടക്കത്തില്‍ പ്രതിസന്ധി തീര്‍ത്തിരുന്നു. കേന്ദ്ര സേനയെ വിന്യസിപ്പിച്ചാണ് ഇത്തരം മേഘലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയത്. കര-നാവിക-വ്യോമ-തീര സംരക്ഷണസേനയുടെ 173 ടീമുകള്‍ക്ക് പുറമെ ദേശീയ ദുരന്തപ്രതികരണ സേനയുടെ (ചഉഞഎ) 83 ടീമും ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനത്തിറങ്ങിയിരുന്നു.
യുവാക്കളായിരുന്നു പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഹീറോകളായത്. സാമൂഹിക മണ്ഡലങ്ങളില്‍ ഇടപെടാതെ സോഷ്യല്‍ മീഡിയകളില്‍ അഭിരമിക്കുന്നവരെന്ന് വിധിയെഴുതി മാറ്റിനിര്‍ത്തപ്പെട്ട യുവ സമൂഹം സേഷ്യല്‍ മീഡിയ വഴി തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുയായിരുന്നു. വിവിധ ക്ലബുകള്‍ക്ക് കീഴില്‍ ദുരന്ത ഭൂമിയില്‍ വിശ്രമമില്ലാതെ സേവനം ചെയ്താണ് യുവാക്കള്‍ ശ്രദ്ധപിടിച്ചുപറ്റിയത്. പ്രളയം പിന്‍വാങ്ങിയപ്പോള്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ വീടുകള്‍ വാസയോഗ്യമാക്കല്‍ വലിയ പ്രതിസന്ധിയായിരുന്നു. സംഘം ചേര്‍ന്നുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി വീടുകള്‍ പെട്ടെന്ന് തന്നെ വാസയോഗ്യമാക്കാന്‍ സാധിച്ചു. മാലിന്യങ്ങളടിഞ്ഞ് യാത്ര തടസ്സപ്പെട്ട റോഡുകളും ഒഴുക്കു നിലച്ച തോടുകളുമെല്ലാം ശുചീകരിച്ച് സാമൂഹ്യസേവനത്തിന്‍റെ മികച്ച മാതൃകകള്‍ സൃഷ്ടിക്കാന്‍ യുവസമൂഹത്തിന് സാധിച്ചുവെന്നുള്ളത് യാഥാര്‍ത്ഥ്യം.
എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിനു മുമ്പില്‍ പകച്ചു നിന്നവരെ സാധാരണ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരല്‍ ഏറെ പ്രയാസകരമായിരുന്നു. നിത്യോപയോഗ സാധനങ്ങളും, ഭക്ഷ്യവസ്തുക്കളും, വസ്ത്രങ്ങളും, പഠനോകരണങ്ങളുമെല്ലാം നഷ്ടപെട്ടവരെ അവയെല്ലാം നല്‍കി പുനരധിവസിപ്പിക്കുകയെന്നത് എത്ര വലിയ സാമ്പത്തിക ബാധ്യതയാണെന്നോര്‍ക്കുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നാമമാത്രമാകുന്നിടത്ത് രാഷ്ട്രീയ-മത സംഘടനകളും സന്നദ്ധപ്രവര്‍ത്തകരുമാണ് വലിയ കൈത്താങ്ങായത്. നിരത്തിലിറങ്ങി പണവും ആവശ്യ വസ്തുക്കളും സ്വരൂപിച്ച് പ്രളയ അതിജീവന പ്രക്രിയയില്‍ വലിയ പങ്കുവഹിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്കായിട്ടുണ്ട്. നാടു നീളെ തുറന്ന കളക്ഷന്‍ സെന്‍ററുകള്‍ നിറഞ്ഞു കവിഞ്ഞത് കരുണ വറ്റാത്ത സഹൃദയരുടെ സംഭാവനകള്‍ കൊണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപാധികള്‍ സംഘടിപ്പിച്ച് വിദ്യാര്‍ത്ഥിസംഘടനകളും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ രംഗത്തുണ്ടായിരുന്നു. മത-രാഷ്ട്രീയ സംഘടനകള്‍ നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നതും പ്രളയ കാലത്തെ പാരസ്പര്യത്തിന്‍റെ സുന്ദര മുഹൂര്‍ത്തങ്ങളായിരുന്നു.
പ്രളയ കാലത്ത് നന്മ മരങ്ങളായി ഉദിച്ചുയര്‍ന്ന നിരവധി വ്യക്തിത്വങ്ങളുണ്ട്. എറണാകുളം ബ്രോഡ്വെയിലെ തെരുവു കച്ചവടക്കാരനായ നൗഷാദിക്ക നല്‍കിയ വസ്ത്രകെട്ടുകള്‍ വലിയ പ്രചോദനങ്ങളായിരുന്നു. തിരുവനന്തപുരം നഗരസഭ മേയര്‍ പ്രശാന്തിന്‍റെ മേല്‍നോട്ടത്തില്‍ ആവിശ്യ വസ്തുക്കളടങ്ങിയ 85 ലധികം ലോഡ് വിഭവങ്ങളാണ് ദുരന്ത ബാധിത മേഘലകളിലേക്കെത്തിയത്. ഇവരില്‍ നിന്നൊക്കെ പ്രചോദനമുള്‍ക്കൊണ്ട് നിരവധി വ്യക്തികളും സംഘടനകളും നല്‍കിയ അകമഴിഞ്ഞ സഹായങ്ങള്‍ പ്രളയം ബാധിച്ച നിരവധി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിത്തീരുകയായിരുന്നു. കുരുന്നുകള്‍ വരെ തങ്ങള്‍ സ്വരുക്കൂട്ടിയ നാണയത്തുട്ടുകളുമായി കളക്ഷന്‍ സെന്‍ററുകളിലെത്തിയ കാഴ്ച്ചയും പ്രളയ കാലത്തുണ്ടായി. അതേ സമയം പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള പരിശ്രമങ്ങള്‍ക്കിടയല്‍ ചില അപശബ്ദങ്ങള്‍ വലിയ അലോസരങ്ങളായി മാറിയതിനും കേരളം സാക്ഷിയായി. സോഷ്യല്‍ മീഡിയ ഉപയോഗിച്ചും മറ്റും തെറ്റായ പ്രചരണങ്ങള്‍ പടച്ചുവിട്ട് കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിച്ചവരായിരുന്നു അവര്‍. പ്രളയം ബാധിച്ച ജില്ലകളിലേക്ക് തെക്കന്‍ കേരളത്തില്‍ നിന്നും സഹായങ്ങള്‍ എത്തുന്നില്ലെന്ന് പ്രചരിപ്പിച്ചത് ചില സങ്കുചിത തല്‍പ്പര കക്ഷികളാണ്. ആവശ്യവസ്തുക്കള്‍ എത്താത്തിടത്ത് പോലും വസ്തുക്കള്‍ ധാരാളമെത്തി പാഴായിപ്പോകുന്നുവെന്ന് തെറ്റായ സന്ദേശം പ്രചരിപ്പിച്ചതും അക്കൂട്ടര്‍ തന്നെ. ദുരിതാശ്വാസ ക്യാമ്പുകള്‍ കയ്യേറാന്‍ ശ്രമിച്ചതും പ്രളയകാലത്ത് കല്ലുകടിയായി തീര്‍ന്നിരുന്നു.
തുടരെ വീണ്ടും പ്രളയമെത്തിയത് ഭാവിയെ കുറിച്ച് ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളിലെ സംവാദങ്ങള്‍ക്കപ്പുറം കാര്യഗൗരവത്തോടെ പ്രളയ കാരണങ്ങളെ വിലയിരുത്തേണ്ട സമയം ആതിക്രമിച്ചിരിക്കുന്നു. കവളപ്പാറയിലെയും പുത്തുമലയിലേയും ഉരുള്‍പൊട്ടലിന്‍റെ കാരണങ്ങള്‍ വിലയിരുത്തിയത് തന്നെ നോക്കൂ. പുത്തുമലയില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണ് സംഭവിച്ചതെന്നും 1980 കളിലെ വ്യാപകമായ വനനശീകരണമാണ് ഈ പ്രതിഭാസത്തിനു കാരണമെന്നും ജിയോളജിക്കല്‍ വകുപ്പ് വിലയിരുത്തുന്നു. കവളപ്പാറയില്‍ പ്രതിഷേധങ്ങള്‍ വകവെക്കാതെ കശുമാവുകള്‍ പിഴുതെറിഞ്ഞ് റബ്ബര്‍ നടാന്‍ കുഴിയെടുത്തതാണ് അപകടത്തിലേക്ക് വഴിവെച്ചത്. സംസ്ഥാനത്തുടനീളം വര്‍ദ്ധിക്കുന്ന പാറ ഖനനം. പ്രതിസന്ധികളുടെ ആഴം വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 750 ക്വാറികള്‍ക്കു പുറമെ അനധികൃതമായി അയ്യായിരത്തില്‍ പരം ചെറുതും വലുതുമായ ക്വാറികള്‍ സംസ്ഥാനത്ത് നിലവിലുണ്ടെന്ന വസ്തുതയോട് ഇനിയും കണ്ണടച്ചുകൂടാ. ഇത്തരം വസ്തുതകള്‍ മൂടിവെച്ചാണ് കഴിഞ്ഞവര്‍ഷം മാത്രം സര്‍ക്കാര്‍ 129 ക്വാറികള്‍ക്ക് ഖനനാനുമതി നല്‍കിയിരിക്കുന്നത്. കവളപ്പാറയിലെ ദുരന്ത ഭൂമിയുടെ 5 കി.മീ ചുറ്റളവില്‍ മാത്രം 72 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രകൃതി ദുരന്തങ്ങളുടെ കാരണങ്ങള്‍ വ്യക്തമാക്കി തരുന്നുണ്ട്.
ഒന്നിച്ചു നിന്ന് അതി ജീവനത്തിന്‍റെ പുതിയ പാഠങ്ങള്‍ തീര്‍ക്കുമ്പോഴും വീണ്ടും പ്രളയം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കലാണ് പ്രധാനമായും നാം ചെയ്യേണ്ടത്. പ്രകൃതിയെ നിരന്തരം ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന പുതുകാല പ്രവണതയില്‍ ഇനിയുമൊരു പ്രളയം വിദൂരമല്ലെന്ന് ഓര്‍മിപ്പിക്കട്ടെ.
ഇര്‍ഷാദ് എടവണ്ണപ്പാറ

Write a comment