Posted on

മര്‍ഹൂം ഹസ്സന്‍ മുസ്ലിയാര്‍

 

അരീക്കോട്ടെ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ മുന്‍നിര നേതാവിനെയാണ് എം കെ ഹസ്സന്‍ മുസ്ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ദീനിനു വേണ്ടി ഓടി നടന്നു പ്രവര്‍ത്തിച്ച ഹസന്‍ മുസ്‌ലിയാര്‍ മത രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. സജീവത മുഖമുദ്രയാക്കി ജീവിതം മുഴുക്കെ അറിവിന്‍റെ മേഖലയിലും പ്രസ്ഥാന രംഗത്തും നിതാന്ത ജാഗ്രതയോടെ ഇടപെടാന്‍ ഉസ്താദിനായിട്ടുണ്ട്. നന്മയുടെ മാര്‍ഗത്തില്‍ എന്തു ത്യാഗം സഹിക്കാനും ഉസ്താദ് സന്നദ്ധനായിരുന്നു. അറിവ് കരഗതമാക്കുന്നതിലും അതു പ്രസരണം ചെയ്യുന്നതിലും ഒരു പോലെ ബദ്ധശ്രദ്ധ കാണിച്ചു. ഇ കെ ഹസന്‍ മുസ്ലിയായിരുന്നു പ്രധാന ഗുരു. ഖമറുല്‍ ഉലമയുടെ ശിഷ്യത്വം സ്വീകരിക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ് ഉസ്താദിനെ ശൈഖുനയുടെ മങ്ങാട്ടെ ദര്‍സിലെത്തിച്ചത്. മുണ്ടമ്പ്ര ഇബ്റാഹീം മുസ്ലിയാരില്‍ നിന്നും അറിവു നുകര്‍ന്നിട്ടുണ്ട്. കട്ടിപ്പാറ ഉസ്താദ്, ബാപ്പുട്ടി ദാരിമി തുടങ്ങിയവര്‍ പഠന കാലത്തെ സഥീര്‍ത്ഥ്യരാണ്. യുവത്വ കാലത്ത് ദീര്‍ഘ കാലം പ്രവാസിയായി റാസല്‍ഖൈമ കേന്ദ്രീകരിച്ചുള്ള സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകിയിരുന്നു. പ്രവാസം വെടിഞ്ഞ് മദ്രസാ മുഅല്ലിമായും ദീനി സംഘാടകനായും നാട്ടില്‍ സജീവമാകുകയായിരുന്നു പിന്നീട്. ചെയ്യാന്‍ ഉപദേശിച്ച് മാറിനില്‍ക്കുന്നതിനു പകരം പ്രവര്‍ത്തിച്ച് മാതൃക കാണിക്കുന്ന ഉസ്താദിനെയാണ് എല്ലാവര്‍ക്കും സ്മരിക്കാനുള്ളത്. അരീക്കോട്, കാന്തപുരം ഉസ്താദിന്‍റെ കേരളയാത്രാ സ്വീകരണം വിജയകരമാക്കിയതിനു പിന്നിലും ഈ സജീവത കാണാന്‍ സാധിച്ചു.
വിട്ടുവീഴ്ച്ചയില്ലാത്ത ആദര്‍ശ ബോധം ഉസ്താദിന്‍റെ മുഖമുദ്രയായിരുന്നു. പുത്തനാശയക്കാരോട് വ്യക്തമായ അകലം പാലിച്ചു. താഴത്തങ്ങാടിയില്‍ നിന്ന് മജ്മഅ് പൂര്‍ണമായും തെരട്ടമ്മലിലേക്ക് മാറ്റാന്‍ ചര്‍ച്ചകള്‍ നടന്ന സമയം, വഹാബികളുടെ കേന്ദ്രമായ അരീക്കോട് നിന്ന് മജ്മഅ് മാറ്റാന്‍ പറ്റൂല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഹസ്സന്‍റെ മയ്യിത്തിലൂടെ ചവിട്ടിയായിരിക്കും അത് നടക്കുക’ മജ്മഅ് മുഖ്യരക്ഷാധികാരിയായിരുന്ന എ പി ഉസ്താദിന്‍റെ മുമ്പില്‍ ഹസന്‍ മുസ്ലിയാര്‍ കാണിച്ച ഈ ഉറച്ച നിലപാടില്‍ സ്ഥാപനം മാറ്റമുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയായിരുന്നു.
കുട്ടികള്‍ക്കും പ്രിയങ്കരനായിരുന്ന ഉസ്താദ്. ഞാനിന്നും എസ് ബി എസ് കാരനാണെന്നു പറഞ്ഞ് കുട്ടികളുടെ പരിപാടികളിലെല്ലാം ഉസ്താദ് എത്തിച്ചേര്‍ന്നു. ദഫ് സംഘം തുടങ്ങി കുട്ടികളെ ദീനീ മേഖലയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ഹസന്‍ മുസ്ലിയാര്‍ കാണിച്ച തന്ത്രമാണ് പില്‍കാലത്ത് നിരവധി സംഘടനാ നേതൃത്വത്തെ സൃഷ്ടിച്ചത്. അരീക്കോട് മജ്മഅ്, പൂക്കോട്ടുചോല മര്‍കസ് സ്ഥാപനങ്ങളുടെ ഉപാധ്യക്ഷന്‍, സുന്നീ ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ മലപ്പുറം ജില്ലാ ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
പ്രാസ്ഥാനിക രംഗത്തും പൊതുരംഗത്തും ഉസ്താദ് വെച്ചു പുലര്‍ത്തിയ വിശാല സൗഹൃദം മരണമറിഞ്ഞ് വീട്ടിലും ജനാസ നിസ്കാരത്തിനുമെത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Write a comment