Posted on

മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാം

സാമൂഹ്യ ജീവിയാണ് മനുഷ്യന്‍. പരസ്പരം കൊണ്ടും കൊടുത്തുമല്ലാതെ ഉയര്‍ത്തി വളച്ചു കെട്ടിയ മതിലിനകത്ത് മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല. ആവശ്യത്തിലധികം പണം കയ്യിലുണ്ടെങ്കിലും അവനു ജീവിത സൗകര്യങ്ങളും ദൈനംദിന കാര്യങ്ങളും നടന്നു കിട്ടാന്‍ പലരെയും ആശ്രയിക്കേണ്ടി വരും. വീട് വെക്കാന്‍ കല്ലും മണലും സിമന്‍റും കമ്പിയും മുതല്‍ എന്തെല്ലാം വേണം. അതോരോന്നും വിത്യസ്ത സ്ഥലങ്ങളിലുള്ള വിവിധയാളുകളുടെ അധ്വാനത്തിന്‍റെ കൂടി ഫലമാണ്. ചോറുണ്ടാക്കാന്‍ ആന്ധ്രക്കാരന്‍റെ അരി വേണം, കറിവെക്കാന്‍ തമിഴന്‍റെ പച്ചക്കറികളും. നടുറോഡില്‍ വാഹനമിടിച്ചു വീണാല്‍ മറ്റാരെങ്കിലും നമ്മെ എടുത്തു കൊണ്ടുപോയി ആശുപത്രിയിലാക്കണം. നാം എണ്ണി തിട്ടപ്പെടുത്തി വെച്ച നോട്ടുകെട്ടുകള്‍ക്ക് എല്ലാഴ്പോയും നമ്മെ സഹായിക്കാനാവണമെന്നില്ല. ഓരോ മനുഷ്യനും പരസ്പരം സഹായ സഹകരണങ്ങള്‍ ചെയ്ത് അവര്‍ക്കിടയിലെ പാവങ്ങളെയും ദുര്‍ബലരെയും രോഗികളെയും കൈപിടിച്ചുയര്‍ത്തി മുന്നോട്ടു പോകണമെന്നത് ഇവിടെയാണ് പ്രസക്തമാകുന്നത്. വിശുദ്ധ ഇസ്ലാം ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രോത്സാഹിപ്പിച്ച മതമാണ്.
തിരുനബി (സ) പറഞ്ഞു. ജനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവന്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നവനാണ്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മം മറ്റൊരു മുസ്ലിമിന്‍റെ മനസ്സില്‍ സന്തോഷം നിറച്ചുകൊടുക്കലോ അവന്‍റെ ഏതെങ്കിലും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഹായിക്കലോ ആണ്. ഒരുമാസം എന്‍റെ പള്ളിയില്‍ (മസ്ജിദുന്നബവി) ഇഅ്തികാഫ് ഇരുക്കുന്നവനേക്കാള്‍ അല്ലാഹുവിന് ഇഷ്ടം മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ഓടി നടക്കുന്നവനെയാണ്. മറ്റൊരാളോടൊപ്പം അവന്‍റെ ആവശ്യങ്ങള്‍ക്ക് കൂട്ടു നടക്കുന്നവന്‍റെ പാദങ്ങള്‍ പരലോകത്ത് സിറാഥില്‍ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തുന്നതാണ്. (ഇബ്നു അബിദുന്‍യാ)
ഒരിക്കല്‍ തിരുനബി (സ) പറഞ്ഞു; ‘എല്ലാ മുസ്ലിമിനും ധര്‍മം നിര്‍ബന്ധമാണ്’. അനുചരര്‍ ചോദിച്ചു; ‘അതിനു വകയില്ലെങ്കിലോ?’, ‘കൈതൊഴില്‍ ചെയ്യണം. അവനത് ഉപകരിക്കും, ധര്‍മവും ചെയ്യാം’ തങ്ങള്‍ പ്രതിവചിച്ചു. സാധിക്കാത്തവര്‍ നിസഹായരെ സഹായിക്കുക. അതു സാധ്യമല്ലെങ്കില്‍ നന്മ ഉപദേശിക്കുക. അതുമല്ലെങ്കില്‍ “ഉപദ്രവം ചെയ്യാതിരിക്കുക. അതുതന്നെ ധര്‍മമാണ്’ തിരുനബി (സ) അരുളി. കൂടെ ജീവിക്കുന്നവരെ പറ്റി ആലോചിക്കുകയും അവരുടെ ആവശ്യങ്ങളെ പരിഗണിക്കുകയും ചെയ്യാനുമുള്ള ആഹ്വനമാണ് ഈ ഹദീസില്‍ കാണുന്നത്.
സമൂഹത്തിലെ ഓരോ വ്യക്തിയും സാധ്യമായ സംഭാവനകള്‍ അര്‍പിക്കുമ്പോള്‍ സമൂഹം പുരോഗതി പ്രാപിക്കുകയും നാഗരികതയും സംസ്കാരവും നിര്‍മിക്കപ്പെടുകയും ചെയ്യുന്നു. അടിമ അപരനെ സഹായിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെ സഹായിക്കും എന്ന ഹദീസും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളെ പ്രാത്സാഹിപ്പിക്കുകയാണ്. കേരളത്തെ പിടിച്ചുകുലുക്കി കടന്നുപോയ രണ്ട് പ്രളയകാലങ്ങളിലും സന്നദ്ധ സേവന പ്രവര്‍ത്തന രംഗത്ത് മറ്റെല്ലാവരോടുമൊപ്പം ഏറ്റവും സജീവമായി നിറഞ്ഞുനിന്ന മുസ്ലിം ചെറുപ്പക്കാരെ കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. സ്വന്തം ശരീരവും കുടുംബവും ജീവനും പോലും വകവെക്കാതെ ദുരന്തമുഖത്തേക്ക് എടുത്തു ചാടുന്നവരെ നാം കാണുന്നു. ഇവിടെ എന്തെങ്കിലും നഷ്ടപ്പെട്ടാലും പരലോകത്ത് ഒട്ടേറെ പകരം കിട്ടാനുണ്ട് എന്ന വിശ്വാസമാണ് അവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത്.
ഭൂമിയില്‍ അല്ലാഹുവിന്‍റെ പ്രതിനിധികളായി അയക്കപ്പെട്ട മനുഷ്യര്‍ ആ പ്രാതിനിധ്യം ഏറ്റവും മനോഹരമായി നിര്‍വ്വഹിക്കേണ്ടവരാണ്. സമൂഹത്തിലെ നിരാലംബരേയും അഗതികളേയും ദുരിതമനുഭവിക്കുന്നവരേയും സേവിച്ച് അവര്‍ക്കാവശ്യമുള്ളത് നല്‍കുമ്പോഴാണ് ആ പ്രാതിനിധ്യ നിര്‍വഹണം പൂര്‍ണമാകുന്നത്. പാവങ്ങളേയും കഷ്ടപ്പെടുന്നവരേയും പരിഗണിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സേവിക്കുന്നതും ശിരസ്സാവഹിക്കുന്നതും അല്ലാഹുവിനേയും അവന്‍റെ കല്പനകളേയുമാണ്. സ്വഹീഹ് മുസ്ലിം ഉദ്ധരിച്ച ഈ ഹദീസ് പഠിപ്പിക്കുന്ന പാഠം അതാണ്.
അബീ ഹുറൈറ (റ) ഉദ്ധരിക്കുന്നു. തിരുനബി(സ) പറഞ്ഞു ‘അല്ലാഹു അന്ത്യനാളില്‍ ചില മനുഷ്യരോട് പറയും. “ഓ മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ നീ എന്നെ സന്ദര്‍ശിച്ചില്ല.” മനുഷ്യന്‍ പരിഭ്രാന്തനായി അല്ലാഹുവിനോട് ചോദിക്കും, “നീ എങ്ങനെ രോഗിയാകാനാണ്. നീയല്ലേ ലോകരക്ഷിതാവ്.”
“ഒരാള്‍ രോഗിയായി കിടന്നത് നീയറിഞ്ഞു. പക്ഷേ നീ സന്ദര്‍ശിച്ചില്ല. അവനെ പോയി കണ്ടിരുന്നെങ്കില്‍ അവനില്‍ നിനക്ക് എന്നെ എത്തിക്കാമായിരുന്നു. ഓ മനുഷ്യാ ഞാന്‍ നിന്നോട് ഭക്ഷണം യാചിച്ചു, നീ തന്നില്ല.”
“എന്ത്, ലോകരക്ഷിതാവായ നിന്നെ എങ്ങനെ ഭക്ഷിപ്പിക്കാനാണ്.”
“ഒരാള്‍ ഭക്ഷണം കിട്ടാതെ വിശമിക്കുന്നത് നീയറിഞ്ഞു, പക്ഷേ നീ ഭക്ഷണം കൊടുത്തില്ല. നീ നല്‍കിയിരുന്നെങ്കില്‍ അവിടെയും നിനക്കെന്നെ കാണാമായിരുന്നു. മനുഷ്യാ ഞാന്‍ വെള്ളം ചോദിച്ചപ്പോള്‍ നീ വെള്ളവും തന്നില്ല.”
“ലോകരക്ഷിതാവായ നിന്നെ എങ്ങനെ കുടിപ്പിക്കാനാണ്.”
“ഒരാള്‍ ദാഹിച്ചു കഴിയുന്നത് നീയറിഞ്ഞു അയാളെ നീ തിരിഞ്ഞുനോക്കിയില്ല. വെള്ളം നല്‍കിയിരുന്നെങ്കില്‍ അവിടെയും നിനക്കെന്നെ കാണാമായിരുന്നു.”
തത്വങ്ങളിലും കേവലം വാചകങ്ങളിലും ഒതുക്കാതെ ജീവിതത്തിലുടനീളം സേവനവും സമര്‍പ്പണങ്ങളും തിരുനബി (സ) കാണിച്ചുതന്നു.
മദീനയിലേക്കു ഹിജ്റയായി വന്നശേഷം അവിടെ പള്ളി നിര്‍മിക്കാനുള്ള ശ്രമങ്ങളുണ്ടായപ്പോള്‍ മറ്റെല്ലാ സ്വഹാബികളോടുമൊപ്പം തിരുനബിയും രംഗത്തിറങ്ങി. തോളില്‍ കല്ലു ചുമന്നും ഈത്തപ്പന മരങ്ങള്‍ കൊണ്ടുവന്ന് തൂണുകളും മച്ചുമൊരുക്കാനുമെല്ലാം തിരുനബി മുന്നില്‍ നിന്നു. ഒന്ന് കല്പിച്ചാല്‍ അതേറ്റെടുക്കാന്‍ അണികളുണ്ടായിരിക്കെ ഭാരങ്ങള്‍ ചുമലിലേറ്റാന്‍ അവിടുന്ന് തയ്യാറായത് സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മഹത്വം പഠിപ്പിച്ചു തരാന്‍ വേണ്ടിയായിരുന്നു.
ഭരണപരമായും രാഷ്ട്ര സുരക്ഷക്കു വേണ്ടിയും ഹജ്ജിനു വേണ്ടിയുമെല്ലാം നബി(സ) യാത്രകള്‍ ചെയ്തിട്ടുണ്ട്. അത്തരം യാത്രകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ വിറക് ശേഖരിക്കാനും വെള്ളം കൊണ്ടുവരാനും റസൂല്‍ (സ) നേരിട്ടിറങ്ങിയ ചിത്രം ചരിത്രത്തിലുടനീളമുണ്ട്.
ബദ്റിലേക്കുള്ള യാത്രയില്‍ വേണ്ടത്ര വാഹനങ്ങളില്ലാത്തതു കാരണം ഊഴം കണക്കാക്കി മാറി മാറി ഇരുന്നും നടന്നുമായിരുന്നു സ്വഹാബികള്‍ യാത്ര ചെയ്തിരുന്നത്. മറ്റുള്ളവരെ പോലെ ഊഴം വെച്ചു തിരുനബിയും നിലത്തിറങ്ങി നടന്നു. കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചിട്ടും ഒട്ടകപ്പുറത്തു കയറാതെ മറ്റുള്ളവരെ ഇരുത്തി നടക്കുയായിരുന്നു തിരുനബി. ഖന്തഖില്‍ കിടങ്ങു കീറി സ്വരാജ്യത്തിന് സംരക്ഷണം ഒരുക്കേണ്ട ഘട്ടത്തില്‍ ആയുധവുമായി തിരുനബി മുമ്പോട്ടിറങ്ങി. വിശപ്പു കാരണം എല്ലാവരും വയറ്റത്ത് ഒരു കല്ലുവെച്ചു കെട്ടി കിടങ്ങുകീറിയപ്പോള്‍ തിരുവയറ്റത്ത് രണ്ട് കല്ലുകളായിരുന്നു എന്നത് സുവിദിതമായ ചരിത്രമാണ്. ഇപ്രകാരം സ്വന്തം ജീവിതം കൊണ്ട് സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മഹത്വവും പ്രാധാന്യവും തിരുനബി സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു.

നിശാദ് സിദ്ദീഖി രണ്ടത്താണി

Write a comment