Posted on

ഇന്ത്യ: സ്വേച്ഛാധിപത്യത്തിന്‍റെ സ്വരം മുഴങ്ങുന്നു

പാനിപ്പത്ത് യുദ്ധത്തിനു ശേഷം ബാബര്‍ ആദ്യം ചെയ്ത കാര്യം ശ്രീകൃഷ്ണനും പ്രിയങ്കരമായ യമുനയുടെ തീരത്ത് ഒരു ആരാമം ഉണ്ടാക്കുകയായിരുന്നു. ഇന്നും ആ ആരാമം രാംഭാഗ് എന്നപേരില്‍ ഇവിടെ വിലസുന്നു. ക്ഷേത്ര ധ്വംസനം ചെയ്ത ബാബറെ ചരിത്രത്തിന് അറിയില്ല. ഹിന്ദുസ്ഥാനത്തില്‍ ബാബര്‍ ഒന്നാമതുണ്ടാക്കിയ പൂന്തോട്ടത്തിന് രാംഭാഗ് എന്നാണ് പേരെങ്കില്‍ ആ ഉദാരാശയനായ ചക്രവര്‍ത്തി രാമന്‍റെ പേരിലുള്ള ആ ആരാധനാ സ്ഥലത്തെ തകര്‍ക്കുമോ? (സുകുമാര്‍ അഴീക്കോട്-ആകാശം നഷ്ടപ്പെട്ട ഇന്ത്യ)
ബാബരി തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നിന്ന് മതേതര ഇന്ത്യ നിരീക്ഷിച്ച നിരീക്ഷണങ്ങളുടെ ഉദാഹരണമാണ് ഈ കുറിപ്പ്. ഇതേ രീതിയിലാണ് സംഘ പരിവാര്‍ ഫാഷിസ്റ്റുകളൊഴികെയുള്ള സര്‍വ്വ ഇന്ത്യക്കാരും ഈ വിഷയത്തില്‍ പ്രതികരിച്ചതും പ്രതിഷേധിച്ചതും. ഓപറേഷന്‍ ഡെമോളിഷന്‍ അരങ്ങേറിയ ആ കറുത്ത് ഞായറാഴ്ചയെ കുറിച്ച് ദു:ഖ പൂര്‍ണ്ണമായ ദുരന്തമായി വിലയിരുത്താനും രാഷ്ട്രപിതാവിന്‍റെ വധത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയതയായി മനസ്സിലാക്കാനുമാണ് സാമാന്യ ഇന്ത്യന്‍ ജനത തയ്യാറായത്. മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മൗനം പാലിക്കുകയോ നിസ്സംഗത കാണിക്കുകയോ ചെയ്തവര്‍ പോലും വിമര്‍ശിക്കപ്പെടുകയും തെറ്റുതിരുത്തുകയും ചെയ്യും വിധം ഇന്ത്യയുടെ മതേതര ബോധം ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു.
നുറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദിനെ കോടതി വ്യവഹാരങ്ങളിലേക്കെത്തിച്ച പശ്ചാത്തലം കൂടി പരിശോധിക്കേണ്ടതുണ്ട്. 1856 ല്‍ തുടങ്ങിയ ചില അസ്വസ്ഥതകള്‍ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് സാധിച്ചു. ആറടി ഉയരത്തില്‍ അകം മുറ്റവും പുറം മുറ്റവും വേര്‍ത്തിരിച്ചു. അകം മുറ്റവും പള്ളിയും മുസ്ലിംകള്‍ക്ക് ആരാധനക്കും പുറം മുറ്റം ഹിന്ദുക്കള്‍ക്കുമായി വകതിരിച്ചാണ് ഈ അസ്വസ്ഥതകളെ അവര്‍ പുരോഗമനപരമായി ഉപയോഗിച്ചത്. 1885 ലാണ് ആദ്യമായി ഒരാള്‍ ക്ഷേത്രത്തിനു അനുമതി തേടി കോടതിയെ സമീപിക്കുന്നത്. 21 അടി നീളവും 17 അടി വീതിയുമുള്ള ഒരു ക്ഷേത്രം പണിയാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. ആ വര്‍ഷം ഡിസംബറില്‍ തന്നെ കോടതി ആ ഹരജി തള്ളി. ഒരു ക്ഷേത്രം അവിടെ വന്നാല്‍ കലാപങ്ങള്‍ക്ക് വഴി തുറക്കുമെന്നും മുസ്ലിംകളുടെ ആരാധനക്ക് തടസ്സമാവുമെന്നും കോടതി നിരീക്ഷിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഹരജി തള്ളിയത.് കീഴ്കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീല്‍ 1886 ല്‍ മാര്‍ച്ചില്‍ ജില്ലാ കോടതിയും തള്ളി. 1886 ല്‍ നവംബറില്‍ അയോധ്യയിലെ ജുഡീഷ്യല്‍ കമ്മീഷനു മുന്‍പാകെ നല്‍കിയ രണ്ടാമത്തെ അപ്പീലും തള്ളപ്പെട്ടു. ചബൂത്ര (പുറം മുറ്റം) യുടെ മേല്‍ ഉടമാവകാശം ഉണ്ട് എന്ന് തെളിയിക്കാന്‍ പരാതിക്കാരന് സാധിച്ചില്ല എന്നതാണ് കാരണം. ഇത്തരം യഥാര്‍ത്ഥ്യങ്ങളെ തീര്‍ത്തും നിരാകരിക്കുന്ന രൂപത്തിലാണ് 2010 സെപ്തംബര്‍ 30ന് അലഹാബാദ് ഹൈകോടതി വിധി പ്രസ്താവിക്കുന്നത്. ശ്രീരാമന്‍ ജനിച്ചുവീണത് മസ്ജിദിന്‍റെ പ്രധാന താഴികക്കൂടത്തിനു താഴെയാണെന്നും അവിടെ ആദ്യമേ ക്ഷേത്രമുണ്ടായിരുന്നു എന്നും കോടതി അഭിപ്രായപ്പെടുന്നു. തകര്‍ക്കപ്പെട്ട കെട്ടിടം ഇസ്ലാമിക നിയമപ്രകാരം നിര്‍മ്മിച്ച പള്ളി അല്ല എന്നും രാമജന്മ ഭൂമിയാണെന്നും കോടതി കണ്ടെത്തുന്നു. കോടതിയെ ഇത്തരം അബദ്ധങ്ങളിലേക്കെത്തിച്ച കാര്യങ്ങള്‍ കൃത്യമായി ചരിത്രത്തിലുണ്ട്. 1949 ഡിസംബര്‍ 22നും 23നും ഇടയിലുള്ള അര്‍ധ രാത്രി വര്‍ഗീയ വാദികള്‍ മസ്ജിദിനകത്ത് കയറി രാമ വിഗ്രഹം സ്ഥാപിക്കുന്നതോടെയാണ് തര്‍ക്കങ്ങള്‍ക്ക് പുതിയ മാനം കൈവരുന്നത്. ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് നിരീക്ഷിച്ച് വിഗ്രഹം മാറ്റാന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്റു നിര്‍ദേശിച്ചിരുന്നുവെങ്കിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ജി. ബി പന്തും ജില്ലാ കലക്ടറായിരുന്ന കെ. കെ നയ്യാറും ഇതിനു തയ്യാറായില്ലെന്നതാണ് യഥാര്‍ത്ഥ്യം. മുസ്ലിംകള്‍ക്ക് ആരാധന സ്വാതന്ത്ര്യം നഷ്ടപ്പെടും വിധം മസ്ജിദ് എന്നെന്നേക്കുമായി അടച്ചുപൂട്ടുകയും ചെയ്തു. 1980 കളില്‍ വര്‍ഗീയത കൂടുതല്‍ ശക്തി പ്രാപിക്കുകയും ഭരണകൂടത്തിന്‍റെ ഒത്താശയോടെ തന്നെ മസ്ജിദ് തുറന്ന് രാമശീല പൂജയും മറ്റു പ്രാര്‍ത്ഥനകളും നടത്തി അവിടെ വിശ്വാസത്തിന്‍റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
രാമന്‍ ജനിച്ചത് അവിടെയാണെന്നും അവിടെയുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി നിര്‍മ്മിച്ചതെന്നും വ്യാപകമായി പ്രചരിക്കപ്പെട്ടു. വി. എച്ച്. പി രാമക്ഷേത്ര നിര്‍മാണവുമായി പ്രചരണത്തിനിറങ്ങുന്നതും ഈ വേളയിലാണ്. 1992 ഡിസംബര്‍ 6ന് മസ്ജിദ് കര്‍സേവകരാല്‍ പൊളിക്കപ്പെടുന്നതിലേക്ക് വരെ പ്രക്ഷോഭങ്ങള്‍ നീണ്ടു. വര്‍ഗീയ വാദികള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചെടുത്ത വിശ്വാസങ്ങളെ പിന്താങ്ങിയെന്നതാണ് അലഹാബാദ് ഹൈകോടതി വിധിയിലെ അന്ത: സംഘര്‍ഷങ്ങള്‍ സൂചിപ്പിക്കുന്നത്. തര്‍ക്ക ഭൂമി മൂന്നായി ഭാഗിച്ചുള്ള വിധി തീര്‍ത്തും അന്യായമാണെന്ന് കക്ഷികള്‍ പരമോന്നത നീതിപീഠത്തില്‍ ഹരജികള്‍ ഫയല്‍ ചെയ്തതില്‍ പിന്നെ സുപ്രീം കോടതിയില്‍ അരങ്ങേറിയ കോടതി വ്യവഹാരങ്ങള്‍ ഏറെ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. തുടര്‍ച്ചയായി നാല്‍പത് ദിവസം തുറന്ന കോടതിയില്‍ വാദം കേട്ടാണ് രജ്ഞന്‍ ഗെഗോയി നേതൃത്വം നല്‍കിയ ഭരണഘടനാ ബെഞ്ച് ഇക്കഴിഞ്ഞ നവംബര്‍ 9ന് അന്തിമവിധി പുറപ്പെടുവിച്ചിരിക്കുന്നത്. നീതിവ്യവസ്ഥകളെ ബലികഴിച്ചുള്ള വിധി പ്രസ്താവ്യം പരക്കെ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ മാത്രം അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്തിരുന്നെങ്കില്‍ സുപ്രീം കോടതി വിധി മറിച്ചാകുമായിരുന്നുവെന്ന് നിരീക്ഷിക്കുന്നവര്‍ ഏറെയാണ്. 1885 ന് മുമ്പ് പള്ളി നിലനിന്ന സ്ഥലത്തിന്‍റെ ഉടമാവകാശം തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കാന്‍ മുസ്ലിംകള്‍ക്ക് സാധിച്ചില്ല എന്ന കോടതിയുടെ വിചിത്ര നിരീക്ഷണമാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. ബാബര്‍ ഉണ്ടാക്കിയ പള്ളി ആരാധനക്ക് ഉപയോഗിച്ചു എന്ന് തെളിയിക്കാന്‍ എന്ത് തെളിവുകളാണ് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്. ബാബരി മസ്ജിദ് പൊളിക്കപ്പെട്ടതും വര്‍ഗ്ഗീയത ആളിക്കത്തിച്ചതും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പിതൃത്വവുമൊന്നും കോടതിയില്‍ ചര്‍ച്ചയായതേയില്ല. മാത്രമല്ല 1949 ല്‍ പള്ളിക്കകത്ത് വിഗ്രഹങ്ങള്‍ സ്ഥാപിച്ചതും 1992 ല്‍ പള്ളി തകര്‍ത്തതുമെല്ലാം അന്യായവും ഭരണഘടനാ മൂല്യങ്ങളോടുളള വെല്ലുവിളിയാണെന്നുമുള്ള കോടതി നിരീക്ഷണം അന്തിമ വിധിയില്‍ പ്രതിഫലിച്ചതുമില്ല. ഇരുകൂട്ടരും വാദിച്ച തെളിവുകള്‍ക്കപ്പുറം കേവല വിശ്വാസത്തെ ആധാരമാക്കിയുളള വിധിന്യായം പരമോന്നത നീതിപീഠത്തിന്‍റെ വിശ്വാസ്യതയിലാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. ഏതെങ്കിലുമൊരു മതമെന്നതിനപ്പുറം സമ്പൂര്‍ണ നീതിയാണ് ലക്ഷ്യമെന്ന് കോടതി നിരീക്ഷിക്കുമ്പോള്‍ ഈ ഏകപക്ഷീയ ഒത്തുതീര്‍പ്പിന്‍റെ സാംഗത്യം പിടി കിട്ടുന്നേയില്ല. നാഥനില്ലാത്ത വിധിയെഴുത്തും നീണ്ട അനുബന്ധവുമെല്ലാം ചില പൊരുത്തക്കേടുകളായി അവശേഷിക്കുകയാണ്. അതു കൊണ്ട് തന്നെയാണ് വിധി കേട്ട് നിയമജ്ഞര്‍ അടക്കമുള്ള പ്രമുഖര്‍ പോലും അത്ഭുതപ്പെട്ടത്. ഒരു ഭരണഘടനാ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഈ വിധിയുമായി പൊരുത്തപ്പെടാന്‍ എനിക്ക് പ്രയാസമാണെന്ന് റിട്ട: ജസ്റ്റിസ് ഗാംഗുലി തുറന്നടിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലത് പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുകയാണ് വേണ്ടത്. അതിനാല്‍ തുറന്നുപറയട്ടെ, സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ലെന്നായിരുന്നു ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്‍റെ വാക്കുകള്‍. ഭരണാഘടനാ തത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും മതേതരത്വത്തിനുമേറ്റ കനത്ത തിരിച്ചടിയാണ് ബാബരി വിധിയെന്ന് രോഷം കൊണ്ടത് സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. കാളീശ്വരം രാജ് ആണ്. ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ക്കു പുറമെ, ന്യൂനപക്ഷ മുസ്ലിംകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് രാജ്യവ്യാപകമായി പൊതുവികാരമുയര്‍ന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. ബാബരി വിധിക്കു മുമ്പായി രാജ്യത്ത് അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചത് ഭരണകൂടം തന്നെയാണ്. സംഘര്‍ഷം ഭയന്ന് പ്രധാന ഇടങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചും മതാധ്യക്ഷന്മാരെ വിളിച്ചു ചേര്‍ത്ത് സമാധാനത്തിന് ആഹ്വാനം ചെയ്തും രംഗം കൊഴുപ്പിക്കാന്‍ ഭരണകൂടത്തിന് സാധിച്ചു. തികഞ്ഞ അനീതിയാണെന്നറിഞ്ഞിട്ടും വിധി വന്ന ശേഷം മുസ്ലിംകള്‍ കാണിച്ച സംയമനം ഇക്കൂട്ടര്‍ക്ക് കനത്ത തിരിച്ചടിയാവുകയായിരുന്നു. മുസ്ലിംകള്‍ എത്ര കണ്ട് നിയമവാഴ്ചയില്‍ വിശ്വസിക്കുന്നവരാണെന്ന് ബോധ്യപ്പെടുത്താന്‍ ഈ സംയമനം കൊണ്ട് സാധിച്ചു. അതുകൊണ്ടാണ് ഏഴു പതിറ്റാണ്ട് നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കു ശേഷമുണ്ടായ വിധിതീര്‍പ്പിലെ അനീതിക്കെതിരെ അവര്‍ പുന:പരിശോധനാ ഹരജിയുമായി മുന്നോട്ടുപോയത്. സമര്‍പ്പിക്കപ്പെട്ട പതിനെട്ട് പുന:പരിശോധനാ ഹരജികളും തള്ളപ്പെടുമ്പോഴും, നിയമപോരാട്ടത്തിന്‍റെ സാധ്യതകളെല്ലാം അടയുമ്പോഴും അവര്‍ കാണിക്കുന്ന സഹിഷ്ണുത ഭരണഘടനാ മൂല്യങ്ങളില്‍ മുസ്ലിംകള്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുകയാണ്. ബാബരി വിധിയിലൂടെ അങ്ങേയറ്റം അസ്വസ്ഥരായ മുസ്ലംകളെ കൃത്യമായി വേട്ടയാടുന്നതാണ് കേന്ദ്രം കൊണ്ടു വന്ന പൗരത്വ ഭേദഗതി ബില്‍. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിമേതര പൗരന്മാര്‍ക്ക് പൗരത്വം നല്‍കാമെന്ന സങ്കുചിതത്വം എത്ര കണ്ട് ഭരണഘടനാ വിരുദ്ധമാണെന്നോര്‍ക്കുക. രാജ്യത്തെ മുസ്ലിംകളെ ബാധിക്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും മുസ്ലിം ഉന്മൂലനമെന്ന വര്‍ഗീയ കക്ഷികളുടെ അപ്രഖ്യാപിത നയത്തിലേക്കുള്ള ചുവടുറപ്പായി പൗരത്വ ബില്‍ നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. രാജ്യ സുരക്ഷയുടെ പേരില്‍ സ്വയം രാജ്യ സ്നേഹികളുടെ മേലങ്കിയണിഞ്ഞവര്‍ മുസ്ലിംകളെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് അപരവല്‍കരിക്കുമ്പോള്‍ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കലിന്‍റെ നേര്‍പതിപ്പ് സൃഷ്ടിക്കപ്പെടുകയാണ്. ഭരണഘടന പ്രദാനം ചെയ്യുന്ന പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഒന്നിച്ചുള്ള ചെറുത്തു നില്‍പ്പുകള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.

സല്‍മാന്‍ സിദ്ധീഖി തോട്ടുപൊയില്‍

Write a comment