Posted on

ഖസ്വീദതുല്‍ ബുര്‍ദ ; തിരു സ്നേഹപ്പെയ്ത്ത്

കലിമതുത്വയ്യിബയുടെ പൂര്‍ത്തീകരണം തിരുനബി (സ്വ) അല്ലാഹുവിന്‍റെ ദൂതനാണെന്ന് സാക്ഷ്യം വഹിക്കലാണ്. മനുഷ്യകുലത്തിന്‍റെ ജീവിത സന്ധാരണത്തിന്‍റെ കൃത്യമായ വഴിയെയാണ് ഇതു പ്രകാശിപ്പിക്കുന്നത്. ഈ പ്രപഞ്ച സൃഷ്ടിപ്പിന്‍റെ നിദാനം മുത്തുനബിയാണെന്ന പച്ചപരമാര്‍ത്ഥം ഗ്രഹിക്കുന്നതോടെ സൃഷ്ടി കുലം തിരുനബി (സ്വ) യോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടും. ഈ തിരിച്ചറിവാണ് ഒരു വിശ്വാസിക്ക് അവന്‍റെ സര്‍വ്വതിനേക്കാളും പ്രിയപ്പെട്ടവരാകും ലോകപ്രവാചകരെന്ന ഇലാഹീ വചനത്തിന്‍റെ അകപ്പൊരുള്‍. പ്രിയ അനുചരരില്‍ നിന്നുള്ള അദമ്യമായ പ്രവാചകസ്നേഹം ലോകമെങ്ങും പരന്നൊഴുകിയതും, ഗദ്യങ്ങളായും പദ്യങ്ങളായും വാമൊഴികളായും അനുരാഗത്തിന്‍റെ ഊര്‍ജപ്രവാഹങ്ങള്‍ നിര്‍ഗളിച്ചതും ഈ പൊരുളറിഞ്ഞത് കൊണ്ടു തന്നെയാണ്. തിരുനബി (സ്വ) യെ കുറിച്ച് വായിക്കാനാണ്,അവിടുത്തെ അപദാനങ്ങള്‍ വാഴ്ത്താനാണ് ലോകമിന്നും ആഗ്രഹിക്കുന്നത്. മുത്തുനബിയെ കുറിച്ചുള്ള ആധുനിക പഠനങ്ങള്‍ വിശകലനം ചെയ്യവേ നബി (സ്വ) യുടെ ജീവ ചരിത്ര ഗ്രന്ഥകാരനായ ഫ്രഞ്ച് ഓറിയന്‍റലിസ്റ്റ് മാക്സിം റോഡിന്‍സണ്‍ ഫ്രാന്‍സില്‍ ബുക്ക് ക്ലബ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ കുറിച്ച് എഴുതുന്നുണ്ട്. ആരുടെ ജീവചരിത്രമാണ് പ്രസിദ്ധീകരിച്ച് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍ഗണന ക്രമത്തില്‍ എഴുതാന്‍ ക്ലബ് അംഗങ്ങളോട് ആവശ്യപ്പെട്ടപ്പോള്‍ മറ്റുള്ളവരെയെല്ലാം ബഹുദൂരം പിന്നിലാക്കി പ്രവാചകര്‍ നബി (സ്വ) ആയിരുന്നു പട്ടികയില്‍ പ്രഥമ സ്ഥാനത്തെത്തിയത്. പ്രവാചകരെ വായിക്കാന്‍ ലോകം വെമ്പല്‍ കൊള്ളുന്നതിന്‍റെ നേര്‍ സാക്ഷ്യമാണിത്.
അനുരാഗികളുടെ നിഷ്കപടമായ സ്നേഹം ആവിഷ്കരിക്കുന്ന പ്രകീര്‍ത്തന കാവ്യങ്ങള്‍ സുലഭമാണ്. വരിവര്‍ണനകള്‍ക്കതീതമാണെങ്കിലും ആ മഹത്ജീവിതത്തെ തെല്ലെങ്കിലും കോറിയിടാനുള്ള ആശിഖീങ്ങളുടെ തീവ്രശ്രമങ്ങളാണ് ഈ കാവ്യസുധകളുടെ പ്രചോദകം. വരണ്ടുണങ്ങിയ ഹൃദയങ്ങളില്‍ പ്രവാചകാനുരാഗത്തിന്‍റെ കുളിര് നല്‍കുന്ന സ്നേഹപ്പെയ്ത്താണ് ഇമാം ബൂസ്വീരി (ഹി.608-696,ക്രി.1213-1295) രചിച്ച ഖസ്വീദതുല്‍ ബുര്‍ദ. മനുഷ്യന്‍റെ യോഗാത്മക ജീവിതത്തിന് തടസ്സമായി നില്‍ക്കുന്ന ലൗകിക ചിന്തകളെ പ്രതിരോധിച്ച് അന്യോപദേശ രൂപേണ അനുവാചകരോട് സംവദിക്കുകയാണ് കവി ശ്രേഷ്ടര്‍. മുത്തുനബി (സ്വ) യുടെ ധന്യാത്മക ജീവിതത്തെ, അവിടുത്തെ അമാനുഷിക വിശേഷണങ്ങളെ കാവ്യ രൂപേണ വരച്ചു കാണിച്ചപ്പോള്‍ അനുരാഗിയുടെ ഹൃദയം കവരാന്‍ പോന്ന അത്ഭുത രചന പിറവിയെടുക്കുകയായിരുന്നു. അവാച്യമായ തിരുപ്രണയത്തിന്‍റെ അകകാമ്പ് കണ്ടെത്തി, ബസ്വീഥ് ഇശലില്‍ വിരചിതമായ ഇമാം ബൂസ്വീരി (റ) വിന്‍റെ അല്‍ കവാകിബു ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ (ഖസ്വീദതുല്‍ ബുര്‍ദ) പുകള്‍പെറ്റ ക്ലാസ്സിക്കുകളിലൊന്നായി ചരിത്രത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു.

ഹൃദയാവിഷ്കാരങ്ങളുടെ അകപ്പൊരുളുകള്‍
ബുദ്ധിയുടെയും യുക്തിയുടെയും അളവ്കോല്‍ വെച്ച് തിരുദൂതരെ അളക്കുന്നതിന് പകരം നിര്‍മലമായ സ്നേഹം ചുരത്തി വിജയം വരിക്കുകയായിരുന്നു ഇമാം ബുസ്വീരി (റ). പത്ത് അധ്യായങ്ങളിലായി നൂറ്റി അറുപത് വരികള്‍ ഉള്‍ക്കൊള്ളുന്ന ഖസ്വീദതുല്‍ ബുര്‍ദ അനുരാഗവും ശാസ്ത്രവും തസവ്വുഫുമൊക്കെ സംഗമിക്കുന്ന സ്നേഹ ഭൂമികയാണ്. മുത്തു നബി (സ്വ) യെയും പ്രിയ അനുചരരേയും ഓര്‍ത്തു കണ്ണീരൊഴുക്കിയാണ് ബുര്‍ദ്ദ ആരംഭിക്കുന്നത്. സ്നേഹിക്കപ്പെടുന്ന മഹ്ബൂബിനെ വ്യക്തമാക്കാതെ അവരുമായി ബന്ധപ്പെട്ട പാര്‍ശ്വവശങ്ങളും പശ്ചാത്തലങ്ങളും ഭൂമേഖലയും കാലാവസ്ഥയുമൊക്കെ പരാമര്‍ശിക്കുന്ന അറബ് പ്രണയ കാവ്യ രീതിയോട് താദാത്മ്യം പ്രാപിക്കുകയാണ് കവി. സലം, കാളിമത്ത്, ഇളം തുടങ്ങിയ പദാവലികള്‍ ഈയൊരു രീതിയെയാണ് സൂചിപ്പിക്കുന്നത്. ദൂസലമിന്‍റെ സമീപ സ്ഥലങ്ങള്‍ എന്നത് മക്കയും മദീനയും, അവിടുത്തെ അയല്‍ക്കാര്‍ നബി (സ്വ) യും സ്വഹാബത്തുമെന്നാണ് വിവക്ഷ. ഒരു വര്‍ഷം കൂടെ നടന്നിട്ടും സ്നേഹാധിക്യം കൊണ്ട് തിരുഹബീബിന്‍റെ പേര് ഉച്ചരിക്കാന്‍ അശക്തനായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിന്‍റെ സ്നേഹ പരിസരമാണ് പ്രസ്തുത വരികളുടെ പൂര്‍വ്വ മാതൃക. പ്രവാചകാനുരാഗത്തില്‍ ശരീരം മുഴുക്കെ ലയിച്ചു ചേര്‍ന്ന് പരമാനന്ദം ഉദ്ഘോഷിച്ച,് തന്‍റെ ബാഷ്പകണങ്ങളെയും ഉറക്കമൊഴിച്ച് രോഗാതുരമായ ശരീരത്തേയും പ്രണയത്തിന്‍റെ സാക്ഷ്യങ്ങളാക്കുകയാണ് ഇമാം ബൂസ്വീരി (റ). തന്‍റെ ഇശ്ഖിനെ കേളി കേട്ട ബനൂഉദ്റത്ത് ഗോത്രക്കാരുടെ പ്രേമത്തോട് സമീകരിച്ച് ഈ നൈസര്‍ഗിക അനുരാഗത്തെ കുറ്റപ്പെടുത്തുന്നവരോട് നിശ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പ്രണയത്തെ മറച്ചു വെക്കാനില്ലെന്നും അതു തന്നെ വിട്ടൊഴിയില്ലെന്നും തീര്‍ച്ചപ്പെടുത്തിയാണ് അനുരാഗത്തിന്‍റെ അധ്യായം അവസാനിക്കുന്നത്. സ്വന്തം ശരീരത്തെ നിന്ദ്യതയിലാഴ്ത്തി നിലവിളിക്കുന്ന കവിയെയാണ് ആത്മവിമര്‍ശനത്തിന്‍റെ രണ്ടാം അധ്യായത്തില്‍ കാണാന്‍ സാധിക്കുക. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ച മുന്നറിയിപ്പുകളായ നരയേയും വാര്‍ദ്ധക്യത്തേയും അവഗണിച്ച് ദേഹേഛക്ക് അടിമപ്പെട്ടെന്ന് വിലപിക്കുകയാണ്. ഭൗതിക ജീവിതത്തിന്‍റെയും പിശാചിന്‍റെയും ചതിക്കുഴികളില്‍ വീഴെരുതെന്നും ദേഹേഛയോട് വിഘടിച്ചു നിന്ന് ഖേദത്തിലും തൗബയിലുമായി ജീവിക്കണമെന്നും കവി ഉപദേശിക്കുന്നു. ജീവിത ചുറ്റുപാടുകളില്‍ നിന്നുള്ള ഉപമകള്‍ ബുര്‍ദക്ക് സവിശേഷ സൗന്ദര്യമേകുന്നുണ്ട്. ഭക്ഷണത്തിലെ ഉദാരത തീറ്റകൊതിയന്‍റെ കൊതി വര്‍ദ്ധിപ്പിക്കുകയുള്ളൂ, പ്രായമെത്തിയ കുഞ്ഞിനെ മുലകുടി നിര്‍ത്താതെ ഉദാസീനത വരുത്തിയാല്‍ ശിശു മുലപ്പാല്‍ മോഹത്തില്‍ നിന്ന് മാറുകയില്ല തുടങ്ങിയ ഉപമകള്‍ എത്രത്തോളം മനോഹരമാണെന്നോര്‍ക്കുക. പാരത്രിക ജീവിതത്തിന് വിഭവങ്ങളൊരുക്കാതെ, സ്വയം ചെയ്യാത്ത കാര്യങ്ങള്‍ ഉപദേശിക്കുക വഴി വന്ധ്യത ബാധിച്ചയാള്‍ക്ക് കുഞ്ഞുണ്ടായെന്ന് ഘോഷിക്കുകയാണ് താന്‍ ചെയ്തതെന്ന് ആത്മവിമര്‍ശനം നടത്തിയാണ് ഇമാം ബൂസ്വീരി ഈ അധ്യായത്തിന് വിരാമമിടുന്നത്.
സഹനത്തിന്‍റെ സഹ്യപര്‍വ്വം താണ്ടിയവരാണ് മുത്തുനബി (സ്വ). മാമലകള്‍ സ്വര്‍ണ്ണങ്ങളായി രൂപാന്തരപ്പെടാമെന്നേറ്റിട്ടും ദാരിദ്രത്തെയും ക്ലേശത്തെയും തിരഞ്ഞെടുത്തവര്‍, സഹിഷ്ണുതയുടെ പ്രവാചകനെ അവിടുത്തെ ജീവിത പശ്ചാത്തലങ്ങള്‍ സ്മരിച്ച് ഓര്‍ത്തെടുക്കുമ്പോള്‍ അനുവാചകരുടെ ഹൃദയങ്ങളെങ്ങനെ നോവാതിരിക്കും. രാത്രിയേറെ സമയം നിസ്കരിച്ച് കാലുകള്‍ നീരുകെട്ടിയതില്‍ ആവലാതി പറഞ്ഞ ആയിശ ബീവിയോട് ഞാന്‍ നന്ദിയുള്ള അടിമയാകേണ്ടയോയെന്ന് താഴ്മ കൊള്ളുന്ന ലോകൈകഗുരു, ഖന്തകില്‍ വിശപ്പ് സഹിക്കവയ്യാതെ വയറ്റില്‍ കല്ല് വെച്ചുകെട്ടിയ സങ്കടം തിരുദൂതരെ ബോധിപ്പിച്ച അനുചരര്‍ക്ക് മുമ്പില്‍ വസ്ത്രമുയര്‍ത്തി മൃദുലമേനിയില്‍ രണ്ടു കല്ലുകള്‍ ചേര്‍ത്തു വെച്ചുകെട്ടിയതു കാണിച്ച് സാന്ത്വനം പകരുന്ന മുത്തുനബി (സ്വ). ഇത്തരം ഹൃദയസ്പൃക്കായ ചിത്രങ്ങളാണ് മദ്ഹിന്‍റെ അധ്യായത്തെ ധന്യമാക്കുന്നത്. പ്രതിസന്ധികള്‍ക്കൊന്നും ഹബീബിനെ അതിജയിക്കാനായില്ലെന്ന് പറഞ്ഞ് അവിടുന്ന് കാരണമാണ് ഈ ലോകം പടക്കപ്പെട്ടതെന്നും അവിടുന്ന് ജിന്നും മനുഷ്യരും തുടങ്ങി സകല ജൈവ അജൈവ വസ്തുക്കളുടെയും നോതാവാണെന്നും പ്രഖ്യാപിക്കുകയാണ് ബൂസ്വീരി ഇമാം. പ്രവാചകരുടെ ആകാരസൗന്ദര്യ വര്‍ണ്ണനകള്‍, സ്വഭാവ വൈശിഷ്ട്യങ്ങള്‍, ഇതര പ്രവാചകരില്‍ നിന്നും അവിടുത്തെ വ്യതിരിക്തരാക്കുന്ന ഘടകങ്ങള്‍ എന്നിങ്ങനെയുള്ള തിരു പ്രകീര്‍ത്തനങ്ങളാണ് മൂന്നാം അധ്യായത്തിന്‍റെ കാതല്‍. ക്രൈസ്തവ സമൂഹം ഈസാ നബിയെ മദ്ഹ് ചെയ്ത രീതികള്‍ ഒഴിവാക്കി അവിടുത്തോട് ചേരുന്നതെന്തും നിങ്ങള്‍ക്ക് ചേര്‍ത്തിപ്പറയാമെന്നും എത്ര പറഞ്ഞാലും അവിടുത്തെ മദ്ഹ് പറഞ്ഞുതീര്‍ക്കാനാവില്ലെന്നും തീര്‍ച്ചപ്പെടുത്തുന്നുണ്ട് അനുരാഗികളുടെ രാജാവ്. കീര്‍ത്തനങ്ങള്‍ക്കൊടുവില്‍ പരാജയം സമ്മതിക്കുന്നുമുണ്ട്. മുത്തുനബിയെ കുറിച്ചെഴുതിയവരെല്ലാം വര്‍ണനകള്‍ക്കതീതരായ തിരുദൂതരെ പ്രകീര്‍ത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തി പരാജയം സമ്മതിക്കുന്നത് കാണാം. അല്ലഫല്‍ അലിഫില്‍ ഉമറുല്‍ ഖാഹിരിയും ഈ വസ്തുത സൂചിപ്പിക്കുന്നുണ്ട്. നൂല്‍ മദ്ഹെഴുതിയ കുഞ്ഞായീന്‍ മുസ്ലിയാര്‍ തന്‍റെ പരാജയം സമ്മതിച്ച് നിസ്സഹനായി പിന്‍വാങ്ങുന്നത് ഇങ്ങനെയാണ്.

മദനമണമുടി അഴകും
നബിയുടെ മദ്ഹും ഉരചെയ്ത് മുടിയുമോ
ആറ്റലോരെ കുറിച്ച് പറയാന്‍ കഴിയുന്നതിത്ര മാത്രം..അവിടുന്ന് മനുഷ്യനാണ്.. ഇത്രയുമെഴുതി പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടുന്ന കവിക്ക് മുത്തുനബി (സ്വ) യാണ് സഹായകമാവുന്നത്. കിനാവു കൊണ്ട് സായൂജ്യമടയുന്ന നിദ്രാസംഘത്തിന് തിരുദൂതരെ ഉള്‍കൊള്ളാനാവില്ലെന്ന പ്രഖ്യാപനം ബൂസ്വീരി ഇമാമിലെ ആദര്‍ശശാലിയെ വെളിപ്പെടുത്തുന്നുണ്ട്. തിരുശരീരം ഏറ്റുവാങ്ങിയ മണ്ണിന്‍റെ സുഗന്ധം പറഞ്ഞ് പ്രകീര്‍ത്തനത്തിന്‍റെ അധ്യായത്തിന് വിരാമമിടുമ്പോള്‍ ഫാത്വിമാ ബീവിയുടെ വാക്കുകളാണ് അനുവാചകരുടെ സ്മരണകളിലേക്കെത്തുക. “മുഹമ്മദ് മുസ്ഥഫാ(സ്വ)യുടെ മണ്ണുവാസനിച്ചവര്‍ക്ക് ഒരിക്കലും ഗാലിയത്ത്(ഏറ്റവും മുന്തിയ സുഗന്ധം) വാസനിക്കാന്‍ കഴിയാതിരിക്കല്‍ ഒരു വിഷയമേ അല്ല”. തിരുദൂതരുടെ ജനനവിശേഷണങ്ങള്‍ ഓര്‍ത്തെടുക്കുന്ന അധ്യായം ജനനസമയത്തെ അത്ഭുത സംഭവങ്ങളും, തിരുപിറവിയെ കുറിച്ച് നേരത്തെ നല്‍കപ്പെട്ട മുന്നറിയിപ്പുകളും തുടങ്ങി ഹൃദ്യമായ അവതരണങ്ങളുടേതാണ്. നബി (സ്വ) യുടെ ജീവിതത്തിലെ അമാനുഷിക സംഭവങ്ങള്‍ വിശ്വാസികളുടെ ഈമാന്‍ വര്‍ധിപ്പിക്കാനുതകുന്നതാണെന്നാണ് യാഥാര്‍ത്ഥ്യം. വൃക്ഷം നടന്നുവന്നത്, മേഘം തണലിട്ടത്, ചന്ദ്രന്‍ പിളര്‍ന്നത്, മഴ വര്‍ഷിപ്പിച്ചത്, ഹിജ്റ, വഹ്യ് തുടങ്ങിയ മുഅ്ജിസത്തുകളും കവി ഒരു അധ്യായമായി കൊണ്ടുവരുന്നുണ്ട്. വലിയ മുഅ്ജിസത്തായ വിശുദ്ധ ഖുര്‍ആന്‍ തനിച്ച ഒരു അധ്യായമായാണ് അവതരിപ്പിക്കുന്നത്. ഖുര്‍ആനോട് മത്സരിച്ച് പരാജയപ്പെട്ടവരുടെ നിന്ദ്യത സൂചിപ്പിച്ചാണ് തുടക്കം, കണ്ണിന് കുളിര്‍മയേകുന്ന ഖുര്‍ആന്‍ പാരായണത്തിന് സമയം ചിലവഴിക്കണമെന്ന സാരോപദേശമാണ് അധ്യായത്തിന്‍റെ മര്‍മ്മം. ഖുര്‍ആന്‍ ആവര്‍ത്തിച്ചുള്ള പാരായണത്തില്‍ വിരസത അനുഭവപ്പെടാത്ത അത്ഭുത ഗ്രന്ഥമാണെന്നും, നീതിന്യായത്തിന്‍റെ വിഷയത്തില്‍ പരലോകത്തെ സ്വിറാത്ത് പോലെയാണെന്നും കവി സൂചിപ്പിക്കുന്നത് കാണാം. ഇസ്റാഅ്-മിഅ്റാജ് അത്ഭുതങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന വരികളുടെ താല്‍പര്യവും മുത്തുനബി (സ്വ) യുടെ അത്യുന്നതി പ്രോജ്ജ്വലിപ്പിച്ചു കാണിക്കല്‍ തന്നെയാണ്.
ജിഹാദിന്‍റെ വിശേഷണങ്ങളാണ് എട്ടാം അധ്യയത്തിന്‍റെ പ്രമേയം. ധീരരായ മുത്തുനബിയിലെ യുദ്ധതന്ത്രജ്ഞനെ അവതരിപ്പിച്ച്, ശത്രുക്കള്‍ക്കേറ്റ പരാജയത്തിന്‍റെ ആഴം മനസ്സിലാക്കാന്‍ അവിടുത്തെ സമരങ്ങള്‍ക്കു സാക്ഷിയായ ഹുനൈനിനോടും ഉഹ്ദിനോടും ബദ്റിനോടും ചോദിക്കാന്‍ കവി ആവശ്യപ്പെടുന്നുണ്ട്. കുഫ്റിന്‍റെ അടിവേരറുക്കാന്‍ വിശ്വാസത്തെ ആയുധവല്‍ക്കരിച്ച നബി (സ്വ) യുടേയും സ്വഹാബത്തിന്‍റേയും വീരകഥകള്‍ തിരുനബി (സ്വ) യെ സായുധ പോരാളിയാക്കി മുദ്രകുത്തുന്നവര്‍ക്ക് ശക്തമായ താക്കീതാണ്. ഓറിയന്‍റലിസ്റ്റ് എഴുത്തുകാരനായ റിച്ചാര്‍ഡ് എ ഗാബ്രിയേല്‍ തന്‍റെ ‘മുഹമ്മദ് ഇസ്ലാംസ് ഫ്രസ്റ്റ് ഗ്രേറ്റ് ജനറല്‍’ എന്ന കൃതിയില്‍ യുദ്ധകൊതിയനായാണ് പ്രവാചകരെ പരിചയപ്പെടുത്തുന്നത്. തീര്‍ത്തും അസംബന്ധമായ ഇത്തരം ഹീന ശ്രമങ്ങള്‍ക്കുള്ള വ്യക്തമായ മറുപടി കൂടിയാണ് ബുര്‍ദയിലെ ഈ അധ്യായം. കൊട്ടാര സേവയിലും കാവ്യസേവയിലുമായുള്ള കൗമാര ജീവിത ചാപല്യങ്ങളില്‍ നിന്ന് മുക്തിക്കായി മുത്ത്നബിയെ കൊണ്ട് ഇടതേട്ടം നടത്തുകയാണ് ഇമാം. ദീന്‍ കൊടുത്ത് ദുനിയാവ് വാങ്ങിയെന്ന് വിലപിച്ച്, പരലോകത്ത് ശഫാഅത്ത് ലഭിക്കാതെ പോയാല്‍ മഹാകഷ്ടമാകുമെന്ന് കവി ഓര്‍മിപ്പിക്കുന്നു. അവിടുത്തെ നാമം എനിക്കു വെച്ചത് സുരക്ഷയാകുമെന്നും നബിയുടെ മദ്ഹിലായി ചിന്ത തളച്ചതു മുതല്‍ അവിടുന്ന് മുഴുവന്‍ കാര്യങ്ങളിലും രക്ഷകനായി വന്നിട്ടുണ്ടെന്നും ആശ്വാസം കൊള്ളുന്നതും ഇമാം ബൂസ്വീരി(റ) തന്നെയാണ്. ജാഹിലിയ്യാ കവി സുഹൈര്‍ തന്‍റെ യജമാനനായ ഹരിം ഇബ്നു ഹയ്യാനിനെ പ്രീണിപ്പിച്ചെഴുതി നേടിയ ഭൗതിക നേട്ടങ്ങളല്ല തിരുപ്രകീര്‍ത്തനം വഴി തന്‍റെ ലക്ഷ്യമെന്ന് തുറന്നു പറയുന്നുമുണ്ട്. തിരുദൂതരോടുള്ള മുനാജാത്താണ് ഒടുക്കം. അവിടുന്നല്ലാതെ ഞങ്ങളുടെ അഭയത്തിനില്ലെന്നും അല്ലാഹുവിന്‍റെ ഔദാര്യത്തിലാണ് പ്രതീക്ഷയെന്നും അല്ലാഹുവേ.. നീ മയം കാണിക്കണം, പരലോകത്തെ ഭീതിജനകമായ രംഗങ്ങള്‍ നേരിടാന്‍ ഞങ്ങള്‍ അശക്തരാണ്.. നീ എന്‍റെ പ്രതീക്ഷകളെ തെറ്റിക്കരുത് എന്നിങ്ങനെ നാഥന്‍റെ മുമ്പില്‍ വിനീത വിധേയനാകുകയാണ് കവി. ഹബീബിന്‍റെ മേല്‍ സ്വലാത്തുകള്‍ ചൊരിയണമെന്നപേക്ഷിച്ചാണ് കാവ്യം അവസാനിക്കുന്നത്.

സ്വീകാര്യതയുടെ അത്ഭുത വര്‍ത്തമാനങ്ങള്‍
ഖസ്വീദതുല്‍ ബുര്‍ദക്ക് ലഭിച്ച സ്വീകാര്യത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മസ്ജിദുന്നബവിയുടെ ചുമരുകളില്‍ ആലേഖനം ചെയ്യപ്പെട്ട പ്രസ്തുത സ്നേഹകാവ്യത്തിന് നിരവധി വ്യാഖ്യാനങ്ങളും അനുബന്ധ പഠനങ്ങളും പ്രമുഖ പണ്ഡിതരാല്‍ തന്നെ വിരചിതമായിട്ടുണ്ട്. മശാരിഖുല്‍ അന്‍വാരില്‍ മുളിയ്യ ഫീ ശറഹി അല്‍ കവാകിബിദ്ദുര്‍രിയ്യ-ഇബ്നു ഹജറില്‍ അസ്ഖലാനി(റ), അല്‍ഉംദ ശറഹില്‍ബുര്‍ദ-ഇബ്നു ഹജറില്‍ ഹൈതമി(റ) ശറഹില്‍ ബുര്‍ദ-ഇമാം ബാജൂരി(റ) അസ്സബദതു റാഇഖത് ഫീ ശറഹില്‍ ബുര്‍ദതില്‍ ഫാഇഖത്-സകരിയ്യല്‍ അന്‍സാരീ(റ) അസ്വീദതുശ്ശുഹ്ദ-സയ്യിദ് ഉമര്‍ ബിന്‍ അഹ്മദ് ആഫന്‍ദി(റ)തുടങ്ങിയവ പ്രസിദ്ധമായ വ്യാഖ്യാനങ്ങളാണ്. ബുര്‍ദയിലെ അതുല്യമായ പദവിന്യാസവും, അറബി കാവ്യ ശാസ്ത്രത്തിലെ ഏറ്റവും മനോഹരമായ ബസ്വീത്വ് ഇശലും, കസ്റുള്ള മീമില്‍ വരികളുടെ അന്ത്യം വരുന്ന രൂപത്തിലുള്ള പ്രാസവും മേളിക്കുന്നുവെന്നതാണ് ബുര്‍ദക്ക് അനുപമ കാവ്യമൂല്യം നല്‍കുന്നതെന്ന് ഈ വ്യാഖ്യാന ഗ്രന്ഥങ്ങളൊക്കെയും ഏകോപിക്കുന്നുണ്ട്. മലയാള ഭാഷയില്‍ മാത്രം എട്ടിലധികം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ട ഈ മദ്ഹ്കാവ്യത്തിന് മുന്നൂറിലധികം പരിഭാഷകള്‍ ലഭ്യമായിട്ടുണ്ടെന്ന് രേഖപ്പെടുത്തിയത് അറേബ്യയുടെ ചരിത്രമെഴുത്തുകാരനായ ഫിലിപ്പ് കെ ഹിറ്റിയാണ്.
ബുര്‍ദയുടെ രചനാ പശ്ചാത്തലം ഏറെ ചിന്തനീയമാണ്. ഇമാം ബൂസ്വീരി (റ) തന്‍റെ ശാരീരിക ക്ലേശങ്ങള്‍ക്ക് പരിഹാരം തേടി മദ്ഹ് കാവ്യരചന ആരംഭിക്കുകയായിരുന്നു. രചനക്ക് വിരാമമിട്ടതിനു ശേഷം തിരുനബിയെ സ്വപ്നത്തില്‍ ദര്‍ശിച്ച് മദ്ഹ് കേള്‍പ്പിക്കുകയും അവിടുത്തെ തൃക്കരങ്ങളാല്‍ രോഗ ശമനം ലഭിക്കുകയും ചെയ്തു (അല്‍ മദാഇഹുന്നബവിയ്യ ഫില്‍ അദബില്‍ അറബി-ഡോ: സക്കീ മുബാറക്ക്). ഖസ്വീദതുല്‍ ബുര്‍ദ രോഗശമനിയായി നിര്‍ദ്ദേശിക്കപ്പെടുന്നതും വ്യാപകമായി ആലപിക്കപ്പെടുന്നതും ഈ അടിസ്ഥാന ബോധ്യത്തില്‍ നിന്നാണ്. മുത്തുനബിയുടെ അംഗീകാരമാണ് ബുര്‍ദയെ നിസ്തുലമാക്കുന്നത്. ബാനത്തുസ്സുആദയെന്ന പ്രണയകാവ്യമെഴുതിയ കഅ്ബു ബ്നു സുഹൈറിനെ ആറ്റലോര്‍ പുതപ്പിട്ട് ആദരിച്ചത് ചരിത്രസാക്ഷ്യമാണെങ്കില്‍ ഖസ്വീദതുല്‍ ബുര്‍ദയെ അവിടുന്ന് അംഗീകരിച്ചതിന് ധാരാളം ഉദാഹരണങ്ങള്‍ പറയാനൊക്കും. ചെങ്കണ്ണ് ബാധിച്ച സഅ്ദുല്‍ ഫാറൂഖിയോട് ഖസ്വീദതുല്‍ ബുര്‍ദ കണ്ണുകളിലേക്ക് ചേര്‍ത്തു വെക്കാനാണ് പരിഹാരമായി തിരുദൂതര്‍ സ്വപ്നത്തിലൂടെ നിര്‍ദ്ദേശിച്ചത്. പ്രണയമെഴുത്തിനും രോഗ ശമനത്തിനും ശേഷം സുഹൃത്ത് അബൂ റജാഹ് (റ)വിനെ ഇമാം ബൂസ്വീരി തങ്ങള്‍ കാണുന്ന സന്ദര്‍ഭം വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയത് കാണാം. അന്നേ വരെ പുറം ലോകം കാണാത്ത ഈ മദ്ഹ് കാവ്യം നല്‍കാനാവശ്യപ്പെടുകയും അത്ഭുതം കൂറിയ ഇമാം ബൂസ്വീരിക്കു മുമ്പില്‍ ആദ്യ വരികള്‍ ചൊല്ലി കൊടുക്കുകയും ചെയ്യുന്നു. ഇതെങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിന് നല്‍കിയ മറുപടി ബുര്‍ദയുടെ മഹാത്മ്യം വിളിച്ചോതുന്നുണ്ട്. ഇമാം ബൂസ്വീരി (റ) തിരു സവിധത്തില്‍ ബുര്‍ദ ചൊല്ലി കേള്‍പ്പിക്കുന്നതും മുത്തുനബി സന്തോഷത്തോടെ ശരീരം ചലിപ്പിച്ച് ആസ്വദിക്കുകയും ചെയ്യുന്നത് കണ്ടുവെന്നായിരുന്നു ആ മറുപടി. ഫ്രഞ്ച് കോളനീ വാഴ്ചയില്‍ നിന്ന് അള്‍ജീരിയയുടെ സ്വാതന്ത്ര്യം സാധ്യമാക്കാന്‍ നേതൃത്വം കൊടുത്ത അബ്ദുല്‍ ഖാദര്‍ അല്‍ ജസാഇരി തന്‍റെ യുദ്ധ പതാകയില്‍ ബുര്‍ദയുടെ വരികള്‍ ആലേഖനം ചെയ്തതടക്കമുള്ള പില്‍കാല ചരിത്രവും ബുര്‍ദക്ക് ലഭിച്ച സ്വീകാര്യതയെ സാധൂകരിക്കുന്നുണ്ട്. ഖസ്വീദതുല്‍ ബുര്‍ദക്ക് പുറമെ അല്‍ ഹംസിയ്യത്തു ഫീ മദ്ഹി ഖൈറില്‍ ബരിയ്യ, അല്‍ മുളരിയ്യത്തു ഫീ മദ്ഹി ഖൈറില്‍ ബരിയ്യ, അല്‍ ഖുംരിയ്യ, അല്‍ ഹാഇയ്യ, ഖസ്വീദതുല്‍ മുഹമ്മദിയ്യ, ദുഖ്റുല്‍ മആദ്, തഹ്ദീബുല്‍ ഫാളില്‍ ആമിയ്യ, അല്‍ മുഖ്റജു വല്‍ മര്‍ദൂദ് തുടങ്ങിയ പ്രകീര്‍ത്തനങ്ങളും അല്ലാത്തതുമായ നിരവധി സംഭാവനകളാല്‍ സമ്പന്നമാണ് ഇമാം ബൂസ്വീരി (റ)വിന്‍റെ രചനാലോകം. അല്ലാഹു മഹാനോടൊപ്പം അനുരാഗിയായി സ്വര്‍ഗീയാരാമത്തില്‍ തിരുദൂതരോടൊപ്പം ഒരുമിക്കാന്‍ നമുക്കും തൗഫീഖ് നല്‍കട്ടെ. ആമീന്‍

ഇര്‍ഷാദ് എടവണ്ണപ്പാറ

Write a comment