Posted on

നിങ്ങള്‍ അല്ലാഹുവുമായി സംസാരിച്ചിട്ടുണ്ടോ?

പാതിരാ നിസ്കാരത്തിന് വേണ്ടി എണീറ്റ മുത്ത്നബി(സ്വ) കാണുന്നത്, തനിക്ക് വുളൂഅ് എടുക്കാന്‍ വെള്ളംനിറച്ച പാത്രവുമായി ഖിദ്മത് ചെയ്യാന്‍ അവസരം കാത്തുനില്‍ക്കുന്ന റബീഉബ്നു കഅ്ബ് (റ) നെയാണ്. ഇത് കണ്ട് മനം നിറഞ്ഞ മുത്തുനബി(സ്വ) ചോദിച്ചു. “എന്തുവേണം റബീഅ്, ചോദിച്ചു കൊള്ളുക”. ‘സ്വര്‍ഗത്തില്‍ അങ്ങയുടെ സാമീപ്യം ഞാന്‍ ആഗ്രഹിക്കുന്നു നബിയേ… വീണുകിട്ടിയ അവസരം മുതലാക്കി റബീഅ്(റ) മറുപടി നല്‍കി. അവിടുന്ന് പ്രതിവചിച്ചു. “നീ സുജൂദ് അധികരിപ്പിക്കുക”. സ്വര്‍ഗീയ പ്രവേശനം സാധ്യമാകാന്‍ റബീഇ (റ) വിനോട് സുജൂദ് അധികരിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുക വഴി പ്രസ്തുത ആരാധനയുടെ മഹത്വമാണ് തിരുനബി (സ്വ) നമ്മെ ഉണര്‍ത്തിയത്. അള്ളാഹുവിന്‍റെയടുക്കല്‍ ഏറ്റവും മഹത്വമുള്ള ആരാധനാ കര്‍മമാണ് സുജൂദ്. ഏറ്റവും മഹത്വം നല്‍കി പരിപാലിക്കുന്ന മുഖം മണ്ണോട് ചേര്‍ത്ത് സര്‍വ്വ ശക്തനായ സ്രഷ്ടാവിന്‍റെ മുമ്പില്‍ അങ്ങേയറ്റത്തെ താഴ്മയും വണക്കവും പ്രകടിപ്പിക്കലാണ് ഈ ആരാധന കൊണ്ട് വിവക്ഷിക്കുന്നത്. നബി (സ്വ) തങ്ങള്‍ പറയുന്നു. ‘അടിമ അള്ളാഹുവിലേക്ക് ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്. ആ സമയത്ത് നിങ്ങള്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുക’. സാഷ്ടാംഗം അള്ളാഹുവിന് സംതൃപ്തമായ ഒരു കര്‍മ്മമാണെന്നും സുജൂദില്‍ ചെയ്ത ദുആക്ക് ഉത്തരം കിട്ടാതിരിക്കില്ലായെന്നും പ്രസ്തുത ഹദീസ് ബോധ്യപ്പെടുത്തുന്നു. മലക്കുകളെക്കുറിച്ച് ഖുര്‍ആനില്‍ അള്ളാഹു ഇപ്രകാരം പരാമര്‍ശിക്കുന്നു. നാഥന്‍റെ സമീപസ്ഥര്‍ അവന്‍റെ ആരാധനയില്‍ അഹന്ത നടിച്ച് മാറി നില്‍ക്കുന്നില്ല. അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും സുജൂദ് നിര്‍വ്വഹിക്കുകയും ചെയ്യും. ഇവിടെ മലക്കുകള്‍ ചെയ്യുന്ന ആരാധനയില്‍ ആദ്യമായി പരാമര്‍ശിക്കപ്പെട്ടത് സുജൂദാണെന്നത് അതിന്‍റെ മഹത്വത്തെയാണ് കുറിക്കുന്നതെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളും അള്ളാഹുവിനെ പ്രണമിച്ച് സുജൂദ് ചെയ്യുന്നുണ്ട്. അള്ളാഹു പറയുന്നു. “നിശ്ചയമായും ആകാശഭൂമിയിലുള്ളവരും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജീവജാലങ്ങളും മനുഷ്യരില്‍ ഒരു വലിയ വിഭാഗവും അള്ളാഹുവിന് സാഷ്ടാംഗം ചെയ്യുന്നത് നീ കാണുന്നില്ലേ” (സൂറതുല്‍ ഹജ്ജ് 18).
വിനയ വിധേയത്വത്തെ കുറിക്കുന്ന പദമാണ് സുജൂദ്. അങ്ങേയറ്റത്തെ ഭയഭക്തിയും താഴ്മയുമാണ് അടിമ ഇതിലൂടെ പ്രകടിപ്പിക്കുന്നത്. സര്‍വ്വാധിപനും ആരാധനകള്‍ക്കര്‍ഹനുമായ പ്രപഞ്ചനാഥനു മാത്രമേ സുജൂദ് ചെയ്യാന്‍ പാടുള്ളൂ. സൃഷ്ടിക്കള്‍ക്കു മുന്നില്‍ സുജൂദ് ചെയ്യല്‍ ഇസ്ലാം അനുവദിക്കുന്നില്ല.
സുജൂദ് റുകൂഉകളിലായി നാഥനെ നമിക്കുന്ന പ്രവാചകരെയും സ്വഹാബികളെയും അള്ളാഹു വാഴ്ത്തുന്നുണ്ട.് മുഹമ്മദ് (സ്വ) അള്ളാഹുവിന്‍റെ ദൂതരാണ്. നബി (സ്വ)യോടൊന്നിച്ചുള്ളവരാകട്ടെ സത്യനിഷേധികളുടെ മേല്‍ കഠിനമാണ്. അവര്‍ക്കിടയില്‍ ദയാശീലരുവാണ്. റുകൂഉം സുജൂദും ചെയ്യുന്നവരായി അവരെ നിങ്ങള്‍ക്ക് കാണാം. അവര്‍ അള്ളാഹുവില്‍ നിന്ന് പ്രതിഫലവും പ്രീതിയും തേടുന്നു. സുജൂദിന്‍റെ ഫലമായി സിദ്ദിച്ച അടയാളം അവരുടെ മുഖങ്ങളിലുണ്ട്. (സൂറ:ഫത്ഹ് 29). അള്ളാഹുവിന്‍റെ വിശിഷ്ട അടിമകളായ ഇബാദുറഹ്മാന്‍റെ വിശേഷണങ്ങള്‍ പരാമര്‍ശിക്കുന്നിടത്തും സുജൂദ് പ്രതിപാദിക്കപ്പെടുന്നുണ്ട്. അള്ളാഹുവിന് ഇഷ്ടപ്രവര്‍ത്തനമേതെന്നുള്ള ചോദ്യത്തില്‍ സുജൂദ് അധികരിപ്പിക്കലാണെന്നായിരുന്നു പ്രവാചകരുടെ മറുപടി. തനിച്ചുള്ള നിസ്കാരത്തില്‍ നബി (സ്വ) സുജൂദ് ദീര്‍ഘിപ്പിക്കുമായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. ബീവി ആഇശ (റ) പറയുന്നു. “നബി (സ്വ) നിസ്കാരത്തില്‍ അഞ്ച് സൂക്തങ്ങള്‍ ഓതാനുള്ള നേരം സുജൂദ് നീട്ടുമായിരുന്നു”.
സുജൂദ് ചെയ്യാന്‍ അവസരം ലഭിക്കുക എന്നത് വിശ്വാസിയെ സംബന്ധിച്ചെടുത്തോളം വലിയ ഭാഗ്യമാണ്. ദുന്‍യാവില്‍ നാഥന്‍റെ മുമ്പില്‍ ആത്മാര്‍ത്ഥമായി സുജൂദ് ചെയ്ത സജ്ജനങ്ങള്‍ക്ക് അവരുടെ അപേക്ഷപ്രകാരം പരലോകത്ത് സുജൂദിനുള്ള അവസരം ലഭിക്കും. ഈ ലോകത്ത് വെച്ച് സുജൂദ് ചെയ്തിട്ടില്ലാത്തവര്‍ അന്ന് അതിന് ആഗ്രഹിക്കുമെങ്കിലും സാധിക്കുകയില്ല. മഹ്ശറയില്‍ ഒരു ചാണ്‍ അകലത്തില്‍ കത്തിജ്വലിക്കുന്ന സൂര്യനു താഴെ ജനങ്ങള്‍ വിയര്‍പ്പില്‍ മുങ്ങുമ്പോള്‍ വിചാരണ തുടങ്ങാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് മുത്ത്നബി (സ്വ) സുജൂദില്‍ വീഴുകയാണ് ചെയ്യുക. തന്‍റെ ആവശ്യം അള്ളാഹു അംഗീകരിച്ചതിന് ശേഷം മാത്രമേ അവിടുന്ന് തലയുയര്‍ത്തുകയുള്ളൂ. അതിനിര്‍ണായക സമയത്തും ലോകത്തിന്‍റെ നേതാവ് തെരഞ്ഞെടുത്ത മാര്‍ഗം സുജൂദാണെന്നത് അതിന്‍റെ മാഹാത്മ്യം വിളിച്ചോതുന്നു.
നിസ്കാരത്തില്‍ നിര്‍ബന്ധമായി നിര്‍വ്വഹിക്കപ്പെടുന്ന സുജൂദിന് പുറമെ ശുക്റിന്‍റെ (നന്ദി പ്രകടനം ) സുജൂദും തിലാവതിന്‍റെ (ഖുര്‍ആന്‍ പാരായണം) സുജൂദും പ്രത്യേകം സ്മരണീയമാണ്. ഒരു വിശ്വാസിക്ക് സ്രഷ്ടാവില്‍ നിന്ന് പ്രത്യേകം അനുഗ്രഹം ലഭിക്കുകയോ, പ്രതിസന്ധികളില്‍ നിന്ന് രക്ഷ ലഭിക്കുകയോ ചെയ്താല്‍ നന്ദി സൂചകമായി സുജൂദ് ചെയ്യാനാണ് ഇസ്ലാം കല്‍പ്പിക്കുന്നത്. അപ്രകാരം വിശുദ്ധ ഖുര്‍ആനില്‍ പതിനഞ്ചോളം സ്ഥലങ്ങളില്‍ തിരു ദൂതരില്‍ നിന്ന് തിലാവതിന്‍റെ സുജൂദ് റിപ്പോര്‍ട്ട് ചെയ്തതായി കാണാം. നിസ്കാരത്തില്‍ നിന്നും വിഭിന്നമായി ഈ രണ്ടു അവസരങ്ങളിലും ഒരു സുജൂദ് മാത്രമാണ് നിര്‍വ്വഹിക്കേണ്ടത്.

ആരോഗ്യപരമായ ഒരു തലം കൂടി സുജൂദിനുണ്ട്. തലച്ചോറാണ് മനഷ്യശരീരത്തിന്‍റെ പ്രധാന ഭാഗം. തലച്ചോറില്‍ കൃത്യമായി രക്തമെത്തിയില്ലങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവും. സൂജൂദില്‍ തല നിലത്തു വെക്കുമ്പോള്‍ രക്ത ചംക്രമണം കൃത്യമായി നടക്കുകയും തലച്ചോറിനാവശ്യമായ രക്തം ലഭിക്കുകയും ചെയ്യുന്നു.
സുജൂദിന്‍റെ കൃത്യമായ രൂപം പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നുണ്ട്. ആദ്യം കാല്‍മുട്ട് വെച്ചതിന് ശേഷമാണ് കൈകള്‍ നിലത്ത് വെക്കേണ്ടത്. തുടര്‍ന്ന് നെറ്റിയും മൂക്കും ഒന്നിച്ച് നിലത്ത് വെക്കണം. രണ്ട് കൈകളും ചുമലുകള്‍ക്ക് നേരെ പിടിച്ച് വിരലുകള്‍ പരസ്പരം ചേര്‍ത്ത് ഖിബ്ലയുടെ നേര്‍ക്കാണ് വെക്കേണ്ടത്. പുരുഷന്മാര്‍ കൈകളെ ശരീരത്തിന്‍റെ ഇരു വശങ്ങളില്‍ നിന്നും വയറിനെ തുടയില്‍ നിന്നും അകറ്റിയും സ്ത്രീകള്‍ പരസ്പരം ചേര്‍ത്തുമാണ് വെക്കേണ്ടത്. കാല്‍വിരലിന്‍റെ പള്ളകള്‍ നിലത്ത് തട്ടിയില്ലെങ്കില്‍ സുജൂദ് പൂര്‍ണ്ണമാവുകയില്ല. ഇക്കാര്യത്തില്‍ ഇന്ന് മിക്ക ആളുകളും അശ്രദ്ധരാണ്. സുജൂദ് ശരിയായില്ലെങ്കില്‍ നിസ്കാരവും ശരിയാവുകയില്ല. സുജൂദിന്‍റെ ഗൗരവത്തെ കുറിച്ച് ബോധമില്ലാതെ അശ്രദ്ധരായി ചെയ്യുന്നവരെ ശക്തമായ ഭാഷയില്‍ ഹദീസുകളില്‍ വിമര്‍ശിച്ചിട്ടുണ്ട്. കോഴി കൊത്തുന്നത് പോലെ എന്ന പ്രയോഗത്തിലൂടെ അത്തരക്കാരെ തരംതാഴ്ത്തിയതായി പ്രവാചക വചനങ്ങളില്‍ കാണാം.

മുസ്ലിഹ് വടക്കുംമുറി

Write a comment