Posted on

നിസ്കാരത്തിന്‍റെ അത്ഭുത വര്‍ത്തമാനങ്ങള്‍

മാനവ സമൂഹത്തിന് ഇണങ്ങുന്ന തരത്തില്‍ സംവിധാനിക്കപ്പെട്ട മതമാണ് പരിശുദ്ധ ഇസ്ലാം. വിശുദ്ധ മതത്തിലെ ഓരോ അനുഷ്ഠാന കര്‍മ്മങ്ങളും മനുഷ്യരാശിയുടെ നിത്യ ജീവിതത്തിന് ഗുണപ്രദമാകുന്ന തരത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. മനസ്സും ശരീരവും കോര്‍ത്തിണക്കി ആരോഗ്യപരമായ ജീവിത സങ്കല്‍പ്പമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. അഥവാ, ഓരോ അനുഷ്ഠാന കര്‍മ്മങ്ങള്‍ക്കും പിന്നില്‍ വലിയ രഹസ്യങ്ങളും ശാസ്ത്രീയ വശങ്ങളും ഒളിഞ്ഞുകിടപ്പുണ്ടെന്നര്‍ത്ഥം. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന ഖുര്‍ആനിക വാക്യം ഇത്തരം കാര്യങ്ങളിലേക്ക് കൂടി മനുഷ്യ ചിന്തയെത്തേണ്ടതിന്‍റെ ആവശ്യകത ഊന്നി പറയുന്നുണ്ട്. അതിലുപരിയായി മതകല്‍പ്പനകള്‍ മനുഷ്യനെ വലിഞ്ഞുമുറുക്കുന്നതാണെന്നുള്ള പിഴച്ച ചിന്താധാരകളില്‍ നിന്നും മനസ്സിനെ മുക്തമാക്കാനാകും. റബ്ബിനെ സ്തുതിക്കുന്ന മനസ്സ് രൂപപ്പെടുത്താനുമാകും. അബദ്ധജഡിലമായ ഇസ്ലാം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികള്‍ക്കായി മനസ്സ് അലയേണ്ടതായി വരില്ല. അതിനെ പ്രതിരോധിക്കാവുന്ന രീതിയില്‍ ഹൃദയം പാകപ്പെടുത്താനുമാകുമെന്നതാണ് സാരം.
നിസ്കാരത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്? ഈ ചോദ്യത്തിന് അനേകം ഉത്തരങ്ങള്‍ നമ്മുടെ മനസ്സില്‍ ഉരുത്തിരിയാറുണ്ട്. ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍പ്പെട്ട പ്രാധാന്യവും പുണ്യവുമേറിയ വിശുദ്ധകര്‍മ്മമാണ് നിസ്ക്കാരം. ഓരോ വിശ്വാസിയും രാപകലിലെ അഞ്ചുനേരങ്ങളില്‍ കര്‍ശനമായി നിര്‍വ്വഹിക്കേണ്ടത്, ഏതു സാഹചര്യമാണെങ്കിലും അതിനോടനുബന്ധിച്ചുള്ള ഇളവുകളോടെ അനുഷ്ടിക്കേണ്ടത്, ശരീരം കൊണ്ടുള്ള ആരാധനകളില്‍ ഏറ്റവും ശ്രേഷ്ടമായി എണ്ണപ്പെടുന്നത്, ഉപേക്ഷ വരുത്തിയാല്‍ അല്ലാഹുവിന്‍റെ കോപത്തിനിരയാവുകയും കഠിനശിക്ഷക്ക് പാത്രീഭവിക്കുകയും ചെയ്യുന്നത്, ഇത്തരത്തില്‍ വേണ്ടുവോളം നിസ്കാരത്തിന്‍റെ ശ്രേഷ്ടതകളും പ്രാധാന്യവും നമുക്ക് വരച്ചുകാട്ടാനാകും. എന്നാല്‍ പുതുതലമുറ നിസ്കാരത്തിനെ വളരെ ലാഘവത്തോടെ സമീപിക്കുന്നുവെന്നതാണ് സമകാലിക ചിത്രം. നിസ്കാരത്തിന്‍റെ പ്രാധാന്യം അവരില്‍ വേരോടുന്നില്ല. ഭൗതികതക്കുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ മതകര്‍മ്മങ്ങള്‍ക്കെന്തു സ്ഥാനം? ഇവിടെയാണ് മതാനുഷ്ഠാനങ്ങള്‍ കേവലം ചടങ്ങുകളായി പരിണമിക്കുന്നതല്ല, മറിച്ച് ആത്മീയവും ശാസ്ത്രീയവുമായ വശങ്ങളിലൂടെ മനുഷ്യന് നന്മ പ്രദാനം ചെയ്യുന്നതാണെന്ന പഠനത്തിന്‍റെ പ്രസക്തി. ഇസ്ലാമിലെ അതിശ്രേഷ്ടമായ നിസ്കാരത്തിന്‍റെ ശാസ്ത്രീയ വശങ്ങള്‍ ലോക ജനതയെ അത്ഭുതപ്പെടുത്തുന്നതാണ്.

മാനസികാരോഗ്യം
ചിന്തയുടെ വികാസത്തിനും സന്തോഷപ്രദമായ പെരുമാറ്റത്തിനും വൈകാരികാനുഭവങ്ങള്‍ ആസ്വാദിക്കാനും അത്യന്താപേക്ഷിതമായ ഒന്നാണ് മാനസികാരോഗ്യം. ഓരോ നിമിഷവും അര്‍ത്ഥവത്തായ രൂപത്തില്‍ വിനിയോഗിക്കാനും സ്വര്‍ഗ്ഗീയമാക്കാനും ഇത് മൂലകാരണമായി വര്‍ത്തിക്കുന്നുണ്ട്. മറ്റൊരു തലത്തില്‍, മനുഷ്യന്‍റെ ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ സൗഖ്യമാണ് മാനസികാരോഗ്യമെന്ന് പറയാം. ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനമനുസരിച്ച് ഒരു വ്യക്തിക്ക് തന്‍റെ കഴിവുകള്‍ തിരിച്ചറിയാനും ദൈനംദിന ജീവിതത്തിലെ സമ്മര്‍ദങ്ങള്‍ കൈകാര്യം ചെയ്യാനും സാധിക്കുന്ന അവസ്ഥയാണത്. ഒരു മനുഷ്യന്‍റെ ജീവിത പ്രയാണത്തിനിടയില്‍ ഒഴിച്ചുകൂടാനാവാത്തതും, വലിയ സ്വാധീനം ചെലുത്തുന്നതുമാണ് മാനസികാരോഗ്യമെന്ന് കാണിക്കാനാണ് ഇത്രമേല്‍ പറഞ്ഞുവെച്ചത്. ചുരുക്കത്തില്‍, മാനസികാവസ്ഥയുണ്ടാക്കുന്ന മാറ്റങ്ങളാണ് ആരോഗ്യ- അനാരോഗ്യ സാമൂഹ്യ സംവിധാനം സൃഷ്ടിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ വലിയ തോതില്‍ മാനസിക ചികിത്സാരീതികള്‍ വ്യാപകമായിട്ടുണ്ട്. ക്യാന്‍സര്‍ പോലോത്ത മാരക രോഗങ്ങള്‍ക്ക് ഇത്തരം ചികിത്സാരീതികള്‍ ആഴത്തില്‍ ഫലം ചെയ്യുന്നുവെന്നാണ് മാനസികാരോഗ്യവിദഗ്ധനായ ഡോ: സ്പീഗള്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. 1978-88 കാലത്ത് നടത്തിയ പഠനത്തില്‍ മാനസിക ചികിത്സക്കു വിധേയരായവര്‍ കൂടുതല്‍ കാലം ജീവിക്കുന്നതായി കണ്ടെത്തുകയായിരുന്നു. രോഗികളെ ഒരുമിച്ചുകൂട്ടി തുറന്ന സംസാരത്തിന് വഴിയൊരുക്കുക വഴി രോഗവിവരങ്ങള്‍ പങ്കുവെക്കാനും പരസ്പര ആശ്വാസമേകാനും അവസരം തുറന്നു കൊടുക്കലായിരുന്നു ചികിത്സാരീതി. അതുവഴി പ്രയാസങ്ങളെ മനസ്സില്‍ കുടിയിരുത്തി മുഷിയുന്നതില്‍ നിന്നും മുക്തിനേടാന്‍ അവര്‍ക്ക് സാധിച്ചു. ഇത്തരക്കാരില്‍ കാലക്രമേണ ദീര്‍ഘായുസ്സ് കൈവരിക്കുന്നതായാണ് കണ്ടെത്തിയത്. മാനസിക ചികിത്സാരീതി മെഡിക്കല്‍ രംഗത്ത് അനിഷേധ്യമായ ഘടകമായി മാറിയിരിക്കുന്നു. ഇതില്‍ നിന്നും വ്യതിരക്തമല്ല നിസ്കാരത്തിന്‍റെ സ്ഥിതി വിശേഷങ്ങളും. സത്യവിശ്വസികള്‍ക്കായി മികവാര്‍ന്ന രീതിയില്‍ ശാസ്ത്രീയതയോടെ സംവിധാനിച്ച മന:ശാസ്ത്ര പരിശീലനമായാണ് നിസ്കാരത്തെ നിരീക്ഷിക്കാനാവുക. അടിമ ഉടമയോട് ഹൃദയം തുറന്ന് സംസാരിക്കുന്ന അനര്‍ഘ നിമിഷം. പ്രയാസങ്ങളും പരിഭവങ്ങളും മനസ്സില്‍ നിന്നും ഇറക്കിവെക്കുന്ന സന്ദര്‍ഭം. സ്വന്തം പ്രായസങ്ങളെ മനസ്സില്‍ നിന്നും പടിയിറക്കുമ്പോള്‍ കരഗതമാകുന്ന മന:ശാന്തിയും സ്വസ്ഥതയും ഓരോരുത്തര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. സുഖകരമായ ജീവിതത്തിനാണ് ഇതു സാഹചര്യമൊരുക്കുക. മാനസിക ഉന്മേഷം ജീവിതത്തെ ജാഗ്രതയോടെ സമീപിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കും. ജീവിത ഭാരങ്ങളെല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് സന്മാര്‍ഗ്ഗത്തിനായി കൊതിക്കുന്ന മനസ്സുകളില്‍ കോപം, അസൂയ തുടങ്ങിയ കളങ്കങ്ങള്‍ക്ക് സ്ഥാനമുണ്ടാവുകയില്ലായെന്ന വസ്തുതയും നിസ്കാരം കാരണമായി വ്യക്തികള്‍ക്ക് ലഭിക്കുന്ന സദ്ഫലങ്ങള്‍ മനസ്സിലാക്കി തരുന്നുണ്ട്. ദേഷ്യം ഹൃദ്രോഗ ഹേതുവാണെന്ന റെഡ്ഫോര്‍ഡ് വില്യംസിന്‍റെ പഠനം മനസ്സിലാക്കുമ്പോള്‍ മാരകരോഗങ്ങളില്‍ നിന്നുള്ള രക്ഷാകവചമാണ് നിസ്കാരത്തിലൂടെ വിശ്വാസികള്‍ക്കു ലഭിക്കുന്നതെന്ന് എളുപ്പം ബോധ്യപ്പെടും. സര്‍വ്വസ്രഷ്ടാവിനോടുള്ള മുനാജാത്തായ നിസ്കാരത്തിലൂടെ നേടുന്ന ആത്മനിര്‍വൃതിയും ധൈര്യവും മനുഷ്യനെ ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ പ്രാപ്തനാക്കുന്നുണ്ട്. ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയുമടങ്ങിയ നിസ്കാരം ഉത്കണ്ഡയും പിരിമുറുക്കവും അകറ്റുക വഴി മാനുഷിക ദൗര്‍ഭല്യങ്ങളില്‍ സംഭവിക്കുന്ന ആത്മഹത്യാ സാഹചര്യങ്ങളെ തടയുകയാണ് ചെയ്യുന്നത്. മുസ്ലിംകള്‍ക്കിടയില്‍ ആത്മഹത്യാനിരക്ക് കുറവാണെന്ന നിരീക്ഷണം സൂചിപ്പിക്കുന്നത് ഈയൊരു വസ്തുതയാണ്. മാനസികാരോഗ്യം ശാരീരികാരോഗ്യത്തിന്‍റെ അടിത്തറയാണെന്ന ശാസ്ത്രീയ വീക്ഷണം, നിസ്കാരം സാധ്യമാക്കുന്ന ഗുണപരമായ സ്ഥിതി വിശേഷങ്ങളെ പ്രോജ്ജ്വലിപ്പിക്കുന്നുണ്ട്.

ശാരീരികാരോഗ്യം
ശാരീരികാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യരിന്ന് വിവിധങ്ങളായ മാര്‍ഗങ്ങള്‍ തേടാറുണ്ട്. കൂണ്‍ കണക്കെ ഉയര്‍ന്നുവന്ന ജിംനേഷ്യകളിലെല്ലാം മസില്‍ പെരുപ്പിച്ചുകാട്ടാന്‍ തിടുക്കപ്പെടുന്ന യുവാക്കളുടെ തിരക്കാണ്. വ്യത്യസ്തമായ വ്യായാമ മുറകളെ നിത്യമാക്കിയ മുസ്ലിം ചെറുപ്പക്കാരെയും അക്കൂട്ടത്തില്‍ കാണാം. അതി രാവിലെ നടന്നും വ്യത്യസ്ത കളികളിലേര്‍പ്പെട്ടും ആരോഗ്യ സംരക്ഷണത്തിന് ഓടിനടക്കുന്നവരും വിരളമല്ല.
ആരോഗ്യ സംരക്ഷണത്തിന്‍റെ പേരില്‍ ശരീരത്തെ ഗുരുതരമായി ബാധിക്കുന്ന അശാസ്ത്രീയ മുറകളില്‍ പോലും ഇവര്‍ ഏര്‍പ്പെടുന്നു. നിസ്കാരത്തെ സംബന്ധിച്ച ശരിയായ അവബോധമില്ലായ്മയാണ് മുസ്ലിം യുവാക്കളെ കൃത്രിമ ആരോഗ്യ നിര്‍മ്മിതിയില്‍ വ്യാപൃതരാക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നേടുന്ന മേന്മകള്‍ കുറഞ്ഞ ചിലവില്‍ നിസ്കാരത്തിലൂടെ ലഭിക്കുന്നുവെന്നാണ് ശാസ്ത്രീയ സത്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഹൃദയത്തിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിസ്കാരം വളരെയേറെ ഉപകാരം ചെയ്യുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം എത്ര പേര്‍ക്കറിയാം.
ശരീരത്തിന്‍റെ സുപ്രധാന അവയവങ്ങളായ കണ്ണ്, നാസരാന്ധ്രം, ചെവി തുടങ്ങിയവയുടെ സ്ഥാനം ശ്രദ്ധിച്ചിട്ടില്ലേ. ഹൃദയത്തിനു മുകളിലായാണ് അവ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ, ഭൂഗുരുത്വാകര്‍ഷണബലത്തെ അതിജീവിച്ച് ഈ മേഖലകളിലേക്ക് രക്തം പമ്പുചെയ്യുകയെന്നത് അങ്ങേയറ്റം ശ്രമകരമായി മാറുന്നു. കനത്ത ഭാരവും പ്രയാസവുമാണ് ഇതുകാരണമായി ഹൃദയത്തിനുണ്ടാകുന്നത്. എന്നാല്‍ നിസ്കാരത്തിലെ റുകൂഅ്, സുജൂദ് സമയങ്ങളില്‍ തല ഹൃദയത്തിനേക്കാള്‍ താഴ്ന്ന വിതാനത്തിലേക്കെത്തുന്നതിനാല്‍ രക്ത സഞ്ചാര പ്രക്രിയ വളരെ സുഗമമായി നടക്കുന്നു. രക്തവും രക്തത്തിലടങ്ങിയ പോഷകങ്ങളും ശരീരത്തിന്‍റെ എല്ലാ ഭാഗത്തുമെത്താന്‍ ഇതു സഹായിക്കുന്നു. സുജൂദിന്‍റെ എണ്ണത്തില്‍ പോലും ഇവ്വിധത്തിലുള്ള ശാസ്ത്രീയത പ്രകടമാണ്. സൂക്ഷ്മതയോടെയാണ് സുജൂദിനെ പോലും റബ്ബ് സംവിധാനിച്ചിരിക്കുന്നതെന്നു സാരം. സാഷ്ടാംഗ സമയത്ത് രക്തം ഹൃദയത്തില്‍ നിന്നു പുറപ്പെടുന്ന അയോര്‍ട്ടയെന്ന ധമനിയിലേക്കും തലയിലേക്കും ധാരാളമായി പ്രവേശിക്കുന്നുണ്ട്. സുജൂദില്‍ നിന്നുയരുമ്പോള്‍ അയോര്‍ട്ടയില്‍ നിന്ന് ശരീരത്തിന്‍റെ താഴ്ഭാഗത്തേക്കു പോകുന്ന രക്തം മറ്റു ധമനികളിലൂടെ ഉദരഭാഗം, കൈകാലുകള്‍ എന്നിവിടങ്ങളിലേക്കെത്തിച്ചേരുന്നു. രണ്ടാമതായും സാഷ്ടാംഗത്തില്‍ വീഴുമ്പോള്‍ ഹൃദയത്തിന്‍റെ വലത്തെ കിഴറയില്‍ നിന്ന് ശ്വാസകോശങ്ങളിലേക്ക് രക്തം പ്രവഹിക്കുന്നു. വീണ്ടുമുള്ള തലയുയര്‍ത്തലില്‍ ശ്വാസകോശങ്ങളില്‍ നിന്നും ഹൃദയത്തിന്‍റെ ഇടത്തെ മേലറയിലേക്കായി രക്തം ഒഴുകുന്നു. എല്ലായിടത്തും രക്തമെത്തുക വഴി പുത്തനുണര്‍വ്വും ഉന്മേഷവും സുജൂദിലൂടെ കരസ്ഥമാക്കാന്‍ സാധിക്കുന്നുവെന്നതാണ് സത്യം. ഹൃദയം ക്ഷീണിക്കുന്നതിനാലുണ്ടാകുന്ന നെഞ്ചുവേദന, ഹൃദ്രോഗം എന്നതില്‍ നിന്നുള്ള ശമനവും ലഭിക്കുന്നു. നിസ്കാരം മസ്തിഷ്കത്തിനും ശ്വാസകോശത്തിനും വലിയ തോതില്‍ ഗുണപ്രദമാകുന്നുണ്ട്. നിസ്കാരവേളയില്‍ മസ്തിഷ്ക, ശ്വാസകോശ ഭാഗങ്ങളില്‍ രക്തം ധാരാളമായി പ്രവഹിക്കുന്നതിനാല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ബുദ്ധിമാന്ദ്യതയും ആലസ്യവും വിട്ടകലുകയും ചെയ്യുന്നു. തത്ഫലമായി ചിന്തയും ബുദ്ധിശക്തിയും വര്‍ദ്ധിക്കുന്നു. ഇസ്ലാമിലെ ഇസ്തിഖാറത്ത് നിസ്കാരത്തിന്‍റെ യുക്തിയെ ഇതിലൂടെ മനസ്സിലാക്കാം. നിസ്കാര സമയം ക്രമീകരിച്ചിരിക്കുന്നതും മനുഷ്യജീവിതത്തിന് ഗുണകരമായ തരത്തിലാണ്. തൊഴില്‍ സമയങ്ങളിലാണ് ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും കൂടുതല്‍ ആവശ്യമായി വരുന്നത്. അതുപ്രദാനം ചെയ്യുന്ന നിസ്കാരവും ആ സമയത്തോട് ബന്ധിതമായി സംവ്വിധാനിക്കപ്പെട്ടത് കാണാം.
അനേകം രോഗങ്ങള്‍ക്കുള്ള പരിഹാരമായും നിസ്കാരത്തെ കണക്കാക്കുന്നു. മസ്തിഷ്കത്തിന്‍റെ ബാഹ്യ ഭാഗത്ത് വ്യാപിച്ചിട്ടുള്ള കാപ്പില്ലറികള്‍ എന്നറിയപ്പെടുന്ന സൂക്ഷ്മ രക്തക്കുഴലുകള്‍ പൊട്ടി രക്തം കടന്നുചെല്ലാന്‍ പാടില്ലാത്ത മസ്തിഷാകാന്തര്‍ഭാഗത്തേക്ക് രക്തമെത്തുന്നതിനെയാണ് മസ്തിഷ്ക രക്ത പ്രവാഹമെന്നു പറയുന്നത്. പെട്ടെന്ന് മരണം സംഭവിക്കുകയില്ലെങ്കിലും ബോധം നശിക്കാനും ശരീര ഭാഗം നിശ്ചലമാകാനും ഇതു കാരണമാകാറുണ്ട്. രക്ത സമ്മര്‍ദ്ദം കൂടുന്നതാണ് രോഗഹേതുവായി പറയപ്പെടുന്നത്. നിസ്കാരത്തിലൂടെ ഹൃദയ സമ്മര്‍ദ്ദം ക്രമീകൃതമാകുന്നതു മൂലം നിസ്കരിക്കുന്നവരില്‍ ഈ രോഗം കാണപ്പെടുന്നില്ല. വെരിക്കോസ് വെയിനെന്ന രോഗാവസ്ഥയും ഇത്തരത്തിലുള്ളതാണ്. കാലിലെ വെയിനുകളില്‍ നിന്നും രക്തം മേലോട്ട് കയറാതെ അവിടെ തന്നെ സ്ഥിരമായി തങ്ങിനില്‍ക്കുന്നതാണ് രോഗാവസ്ഥക്കുകാരണം. രക്തത്തെ മേല്‍ഭാഗത്തേക്ക് തള്ളി വിടുന്ന ഒരു ഊര്‍ജ്ജവുമില്ലാത്തതാണ് ഇതിനു നിദാനമാകുന്നത്. സുജൂദുകള്‍ക്കിടയിലും അത്തഹിയ്യാത്തിലും സംവ്വിധാനിക്കപ്പെട്ട ഇരുത്തം ഇതിനു പരിഹാരമായി വര്‍ത്തിക്കുന്നു. ഇരുത്തത്തെ തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദ്ദം രക്തത്തെ ഒരളവോളം മുകളിലേക്ക് തള്ളികയറ്റുന്നു. ഇതിലൂടെ വെരിക്കോസ് വെയിനുള്ള സാഹചര്യം ഇല്ലാതാവുകയാണ്. നിസ്കാരം പതിവായും കൃത്യമായും അനുഷ്ടിക്കുന്നത് നടുവേദന കുറക്കുമെന്നാണ് യു എസിലെ ബിങ്ങ്ഹാംടണ്‍ സര്‍വകലാശാലയിലെ മുഹമ്മദ് ഖസാനോയുടെ നേതൃത്വത്തിലുള്ള പഠനം തെളിയിക്കുന്നത്. നടുവേദന അകറ്റാനുള്ള യോഗയിലെയും ഫിസിക്ക് തെറാപ്പിയിലെയും വ്യായാമങ്ങളുമായി നിസ്കാര ചലനങ്ങള്‍ക്കു സാമ്യതയുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. മുഹമ്മദ് ഖസാനോ പറയുന്നത് കാണാം. ഉത്കണ്ഡയും പിരിമുറുക്കവും അകറ്റാന്‍ നിസ്ക്കാരം സഹായിക്കുന്നു. നാഡികളുടെയും പേശികളുടെയും അസ്ഥികളുടെയും പ്രവര്‍ത്തന വൈകല്യങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ കൂടിയാണ് നിസ്ക്കാരം.
യഥാര്‍ത്ഥത്തില്‍ മനുഷ്യജീവിതത്തിന് ശാരീരികവും മാനസികവുമായ ആരോഗ്യവും കരുത്തും പകരാനാണ് ഓരോ ആരാധന കര്‍മ്മവുമുള്ളത്. മനുഷ്യന് ഭാരമാകുന്നതൊന്നും നാം കല്‍പ്പിച്ചിട്ടില്ലായെന്ന ഖുര്‍ആനിക വചനം കൂടുതല്‍ പ്രസക്തമായി ആരാധന ക്രമങ്ങളുടെ ശാസ്ത്രീയ വശങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാകും.

ഹാരിസ് കിഴിശ്ശേരി

Write a comment