പ്രമാണങ്ങളുടെ തണലിലൊരു പ്രബുദ്ധ വായന

യഥാര്‍ത്ഥവും ആധികാരികവുമായ ഒരു മതപ്രത്യയശാസ്ത്രമാണ് ഇസ്ലാം. എന്നാല്‍ അതിനെ കുറിച്ചുള്ള സംഘര്‍ഷഭരിതവും യുക്തിരഹിതവുമായ അനേകം സ്വരങ്ങള്‍ ലോകത്ത് അലയടിക്കാനും ചിലപ്പോള്‍ ആര്‍ത്തിരമ്പി അക്രമാത്മക സാഹചര്യം സൃഷ്ടിക്കാനും തുടങ്ങിയിട്ട് കാലമേറെയായി. പിറവി കൊണ്ട അറേബ്യയില്‍ നിന്നും അതിന്‍റെ ഗതിവിഗതികള്‍ പിന്നീട് കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങിത്തുടങ്ങി. ഒരു പക്ഷെ, അറേബ്യയില്‍ എരിഞ്ഞു തുടങ്ങിയ ആ കനലുകളെ അഗ്നിയായി ആളിക്കത്തിച്ചതില്‍ അന്നും ഇന്നും ഏറിയ പങ്കും ചോദിച്ചു വാങ്ങേണ്ടവര്‍ പടിഞ്ഞാറ് തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആദ്യമായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന ‘ഇസ്ലാമോഫോബിയ’ എന്ന വാക്ക് പ്രചരിച്ചത് ഫ്രാന്‍സില്‍ നിന്നായിരുന്നല്ലോ. സങ്കീര്‍ണ്ണമായ ഒരു ചിന്താമണ്ഡലത്തെ ആകമാനം വിശേഷിപ്പിക്കുന്ന പദമെന്ന നിലയില്‍ ഇന്നും ശരിയായ അര്‍ത്ഥം തേടിക്കൊണ്ടിരിക്കുന്ന ആ വാക്കിന്, അന്നു തൊട്ടിന്ന് വരെ സംഘര്‍ഷപരമായ അര്‍ത്ഥങ്ങളാല്‍ നിര്‍വചിച്ച് കൊണ്ടിരിക്കുന്നതും അവരാണ്. ഇങ്ങനെ തുടങ്ങി രാഷ്ട്രീയ ഇസ്ലാം, മിലിറ്റന്‍റ് ഇസ്ലാം, റാഡിക്കല്‍ ഇസ്ലാം, ജിഹാദി ഇസ്ലാം തുടങ്ങിയ മാറ്റിനിര്‍ത്തപ്പെട്ട ഇസ്ലാം പ്രയോഗങ്ങളുടെ പിറവിയിലേക്ക് വരെ എത്തിയിരിക്കുന്നു. വളരെ ലളിതമായി പറഞ്ഞാല്‍ അവര്‍ തങ്ങള്‍ക്കു വേണ്ട ഇസ്ലാമിനെ അവരാഗ്രഹിക്കുന്ന രീതിയില്‍ സൃഷ്ടിച്ചെടുത്തുകൊണ്ടിരുന്നു. ഒരു വശത്ത് ഇസ്‌ലാം വിരോധികള്‍ ‘ഇസ്ലാമോഫോബിക്’ എന്ന സ്വന്തം പ്രൊഡക്ടിന് മാര്‍ക്കറ്റുണ്ടാക്കാന്‍ കിണഞ്ഞ് ശ്രമിച്ചപ്പോഴും ധിഷണാശാലികളായ നിഷ്പക്ഷ സത്യാന്വേഷകര്‍ പതുക്കെ ഇസ്ലാമിനെയും മുഹമ്മദിനെയും വായിച്ചു തുടങ്ങിയിരുന്നു. യൂറോപ്പിലും ഇതരഭാഗങ്ങളിലും അത്തരം ജിജ്ഞാസുക്കള്‍ കേവലം വായനയും വിട്ട് ഗവേഷണപഠനങ്ങളിലേക്ക് ശ്രദ്ധയൂന്നി. പ്രതിഫലനമെന്നോണം ധാരാളം പേര്‍ ഇസ്ലാമിനെ പുണര്‍ന്നു. പതിനെട്ട്, പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ ഇസ്ലാം മതം പുണര്‍ന്നവരില്‍ റൈറ്റ് ഹോണറബിള്‍ ലോര്‍ഡ് ഹെഡ്ലി, മാര്‍മഡ്യൂക് പിക്താള്‍, മുഹമ്മദ് അസദ്(ലിയോപോള്‍ഡ് വീസ്) തുടങ്ങി ഒരു വന്‍നിര യൂറോപ്പില്‍ നിന്ന് തന്നെയുണ്ടായിരുന്നു.
യൂറോപ്പിലെ ഒരു അറബിക് ഗ്രന്ഥശാലയിലും പിന്നീട് ബ്രിട്ടീഷ് ലൈബ്രറിയിലും ഉദ്യോഗസ്ഥനായിരുന്ന മാര്‍ട്ടിന്‍ ലിങ്സും സാന്ദര്‍ഭികമായി ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും മാര്‍മഡ്യൂക് പിക്താളിന്‍റെ സഹകരണത്തോടെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. പശ്ചാത്യന്‍, പൗരസ്ത്യ ദേശങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും കടന്നുവന്ന പണ്ഡിതന്മാരുടെ ഇസ്ലാമിലേക്കുള്ള ഈ ആകര്‍ഷണം, പുതിയ വഴിത്തിരിവുകള്‍ക്ക് നാന്ദികുറിച്ചു. അവരുടെ പ്രവിശാലമായ പഠന, ഗവേഷണങ്ങളും ഇടപെടലുകളും ഇസ്ലാമിന്‍റെ സുസ്ഥിരമായ നിലനില്‍പിന് കാലോചിതമായ പിന്തുണയായി മാറി. ഇസ്ലാമിനെ പഠിച്ച് തുടങ്ങിയ അവര്‍ക്ക് പ്രവാചകനിലെത്താന്‍ അധികനേരം വേണ്ടിവന്നില്ല. പ്രവാചകനിലൂടെ അവര്‍ ഇസ്ലാമിനോട് അടുത്തു എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം. തിരുനബിയുടെ ജീവിതം നിരന്തരം വായിച്ച അവര്‍ അത് ഏവരാലും വായിക്കപ്പെടണമെന്നു കൂടെ ആഗ്രഹിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തങ്ങളുടെ പഠനങ്ങളും ഗവേഷണങ്ങളും അക്ഷരങ്ങളുടെ വെളിച്ചത്തിലേക്ക് പകര്‍ത്താന്‍ ആരംഭിച്ചു. അത്തരം പകര്‍ത്തിവെപ്പുകള്‍ മതത്തിലും പുറത്തും പിന്നീട് വലിയ വിചാരവിപ്ലവങ്ങള്‍ക്ക് നിദാനമാക്കി. അങ്ങനെ അധിക്ഷേപങ്ങളും അവഗണനയും മാത്രം ഇസ്ലാമിന്ന് ചാര്‍ത്തിക്കൊടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന പരമ്പരാഗത പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിന്നും വിപരീത ദിശയില്‍ ചിന്തിച്ച് തുടങ്ങിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞത് അത്തരം ഉദ്യമങ്ങളുടെ പരിണിത ഫലങ്ങളായിരുന്നു. പ്രസ്തുത പഠന പകര്‍ത്തലുകളില്‍ നിന്നും വലിയ ശ്രദ്ധയാവാഹിച്ച ഗ്രന്ഥമായിരുന്നു മാര്‍ട്ടിന്‍ ലിങ്സ് എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍റെ മുഹമ്മദ്(മുഹമ്മദ്:ഹിസ് ലൈഫ് ബേസ്ഡ് ഓണ്‍ ദി ഏര്‍ളിയസ്റ്റ് സോഴ്സസ്). സൂഫിസത്തിന്‍റെ സങ്കീര്‍ണ്ണവും സമഗ്രവുമായ ഊടുപാതകളിലൂടെ സഞ്ചരിച്ച് ഇസ്ലാമിലേക്കെത്തി, മുസ്ലിമിനെയും അവരുടെ വിശ്വവിമോചകനായ നേതാവിനെയും അറിഞ്ഞ ലിങ്സ് ഒപ്പം ആ നേതാവിനെ ലോകത്തെ അറിയിക്കാനും തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ആ പഠനദൗത്യത്തിലേക്ക് പതിയെ ഉള്‍വലിഞ്ഞതും. വിവരണാതീതനായ ആ നേതാവിനെ അക്ഷരങ്ങളിലേക്കാനയിച്ചതും. തന്‍റെ 76ാം വയസ്സില്‍ ‘മുഹമ്മദ്’ പിറവിയെടുക്കുന്നതും.
മുഹമ്മദ് നബി(സ്വ)യുടെ ജീവിത ചരിത്രാവിഷ്ക്കരണമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടതും വായിക്കപ്പെട്ടതും. ആ പ്രവിശാലമായ ചരിത്രം അദ്ദേഹത്തിന്‍റെ ജീവിതകാലം മുതല്‍ തന്നെ എഴുതപ്പെട്ടു തുടങ്ങിയിരുന്നു. തിരുജീവിതത്തിന്‍റെ എല്ലാ അര്‍ത്ഥത്തിലുമുള്ള വിശദാംശങ്ങള്‍ ഹദീസുകളില്‍ രേഖപ്പെടുത്തപ്പെട്ടു വന്നു. എന്നാല്‍ അത് ഒരു രചനാരീതി എന്നതിലപ്പുറം നബിചര്യയുടെ രേഖപ്പെടുത്തല്‍ എന്ന നിലക്കായിരുന്നെന്നു മാത്രം. പില്‍ക്കാലത്ത് വന്ന പണ്ഡിതന്മാര്‍ മുഹമ്മദ് നബിയുടെ ചരിത്രം ക്രോഡീകരിച്ച് രേഖപ്പെടുത്തുകയുണ്ടായി. ഇവയില്‍ നബിയുടെ ജീവിതത്തിലെ എല്ലാ വശങ്ങളും വിശദാംശങ്ങളും ഉള്‍പെടുത്തിക്കൊണ്ടിരുന്നു. അത്തരത്തില്‍ രചിക്കപ്പെട്ട ഒരു കൃതിയായിരുന്നു മാര്‍ട്ടിന്‍ ലിങ്സിന്‍റെ മുഹമ്മദ്. എന്നാല്‍ എട്ടും ഒമ്പതും നൂറ്റാണ്ടുകളിലെ അറബ് സ്രോതസ്സുകളെ അവലംബിച്ച് തയ്യാറാക്കിയ ആശയ സമ്പുഷ്ടവും സമഗ്രവുമായ ഒരു രചനയായി ഇത് മറ്റു ജീവചരിത്രങ്ങളില്‍ നിന്നും വേറിട്ടുനിന്നു. ഇംഗ്ലീഷിലെ പല പതിപ്പുകളാലും പ്രസിദ്ധീകരണം പിന്നിട്ട പ്രസ്തുത കൃതി തുടര്‍ന്ന് ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, തുര്‍ക്കിഷ്, ഡച്ച്, മലായ്, തമിഴ് തുടങ്ങി മലയാളമടക്കമുള്ള ഭാഷാ വൈവിധ്യങ്ങളിലേക്ക് ഇതിനോടകം മൊഴിമാറ്റം നടത്തപ്പെട്ടത് പുസ്തകത്തിന്‍റെ ലോകമെമ്പാടുമുള്ള സ്വാധീനശക്തിയെയും സ്വീകാര്യതയെയുമാണ് അടിവരയിട്ടുതരുന്നത്. ഒരു ഗ്രന്ഥത്തിലൂടെ ഒരു ജീവിതവയസ്സിനെ അക്ഷരാര്‍ത്ഥം അടയാളപ്പെടുത്താനും അതില്‍ സമ്മേളിതമായ സന്ദേശങ്ങളും പരിപാലിച്ച വിശ്വാസങ്ങളും മുഖേന, ആ സ്മരണ നിലനിര്‍ത്താനും അനന്തരം പുതിയ ലോകത്തെ പുനരുജ്ജീവിപ്പിക്കാനും സാധിക്കുന്ന തരത്തിലായിരുന്നു ആ സ്വാധീനം. പുസ്തകത്തിന്‍റെ മുഴുവായന ആ സ്വാധീനവലയത്തിലേക്ക് വായനക്കാരനെ പിടിച്ചിരുത്തുന്നതുമായിരുന്നു.
84 അധ്യായങ്ങള്‍, 362 താളുകള്‍. അതില്‍ പരിശുദ്ധ ഖുര്‍ആനും, 8-9 നൂറ്റാണ്ടുകളിലെ പണ്ഡിതകേസരികളും എഴുത്തുകാരുമായിരുന്ന ഇബ്നു ഇസ്ഹാഖിന്‍റെ ‘സീറതു റസൂലുല്ലാഹ്’, മുഹമ്മദ് ഇബ്നു സഅദിന്‍റെ ‘കിതാബുല്‍ ത്വബകാത്ത് അല്‍കബീര്‍’, പ്രവാചകന്‍റെ സൈനിക പര്യവേഷണങ്ങള കുറിച്ച് രചിക്കപ്പെട്ട ഉമര്‍ അല്‍വാഖിദിയുടെ ‘കിതാബുല്‍ മഖാസി’, മുഹമ്മദ് ബ്നു അബ്ദുല്ല അല്‍ അസ്റാഖി മക്കയെ കുറിച്ച് രചിച്ച ‘അഖ്ബാര്‍ മക്ക’, ഇബ്നു ഇസ്ഹാഖിന്‍റെ ഗ്രന്ഥത്തിന്‍റെ വ്യാഖ്യാനമായ അബ്ദുല്ല സുഹൈലിയുടെ ‘അല്‍-റൗദുല്‍ ഉനൂഫി’ന്‍റെ കൈറോ എഡിഷന്‍, മുഹമ്മദ് ബ്നു ജംരീര്‍ ത്വബ്രിയുടെ ‘താരീഖുറസൂല്‍ വല്‍മുലൂഖി’ തുടങ്ങിയ ഗ്രന്ഥങ്ങളും അതിന് ആംഗലേയ സാഹിത്യത്തിലെ ഭാഷാപണ്ഡിതരും എഴുത്തുകാരും നല്‍കിയ ഭാഷ്യങ്ങളും, എഡിറ്റ് ചെയ്ത ഉപരചനകളും അടങ്ങുന്ന പ്രാചീന സ്രോതസ്സുകള്‍. പിന്നെ മൂന്നാമതായി ബുഖാരി തൊട്ട് മിശ്കാത്തുല്‍ മസ്വാബീഹ് വരെ നീളുന്ന പ്രവാചക വചന സമാഹാരഗ്രന്ഥങ്ങള്‍. ഗ്രന്ഥത്തിന് ആശയപരമായ ദൃഢത സമ്മാനിക്കുന്ന ഈ ആധികാരിക കവചം തന്നെയാണ് യുക്തിരഹിതമായ വാദങ്ങളുമായി പുസ്തകത്തെ പ്രതിവചിക്കാനൊരുങ്ങുന്ന ഒരു വിഭാഗം ചിന്താസരണികളെ പരാജിതരാക്കുന്നതും. അതിലുമപ്പുറം ഗ്രന്ഥത്തിന്‍റെ നിരൂപണാത്മക വായനകളില്‍ പ്രത്യേക ഇടം കണ്ടെത്തിയിരുന്നു ഗ്രന്ഥകാരന്‍റെ രചനാവൈഭവം.
ശ്രദ്ധേയമായൊരു അവതരണമികവ് തന്നെയാണ് ‘മുഹമ്മദ്’ ചിന്താമണ്ഡലങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചത്. വായനക്ക് സുഖപ്രദമാം സുദീര്‍ഘമായ അധ്യായങ്ങളെ പുറന്തള്ളിയത് തന്നെ പ്രഥമമായി പരാമര്‍ശിക്കാവുന്നതാണ്. കാരണം പുസ്തകവും വായനക്കാരനും തമ്മിലുള്ള സംവാദന ശൈലി മികച്ചതാക്കുന്നതിന് അനുകൂലമായ ഒരു എഴുത്തുകാരന്‍റെ ഇടപെടല്‍ അതില്‍ വ്യക്തമായിരുന്നു. മുപ്പതും നാല്‍പ്പതും വാള്യങ്ങളില്‍ നീണ്ടുകിടക്കുന്ന പല നബിചരിത്രങ്ങള്‍ക്കും ലിങ്സിന്‍റെ മുഹമ്മദ് ഒരു തിരുത്തായിരുന്നു. ആത്മീയ ഭൗതിക ഇടപഴകലുകള്‍ സമന്വയിച്ച തിരുജീവിതത്തെ പകര്‍ത്തുമ്പോള്‍ അനുഭവിക്കാവുന്ന വസ്തുതകളുടെ ആധിക്യത്തെ അതിസമര്‍ത്ഥമായി ലിങ്സ് നേരിട്ടു. ഓരോ ചുറ്റുപാടിലെയും തിരുദര്‍ശനങ്ങളെ ആവശ്യാനുസരണം ചുരുക്കിയും വിവരിച്ചും സാഹചര്യാര്‍ത്ഥം കേവലം ഓട്ടപ്രദക്ഷിണം നടത്തിയുമൊക്കെ ഗ്രന്ഥകാരന്‍ തന്‍റെ എഴുത്തിനെ ആവിഷ്ക്കാര ഭംഗിയുടെ അനന്ത വിഹായുസ്സിലേക്ക് എടുത്തുയര്‍ത്തുന്നുണ്ട്. നബിചരിത്രത്തിന്‍റെ ഗൗരവ വീക്ഷണത്തിലപ്പുറം സരളവും ഒപ്പം സൗന്ദര്യം ഒട്ടും ചോര്‍ന്ന് പോകാനനുവദിക്കാത്ത തികഞ്ഞ അവതരണവും ‘മുഹമ്മദി’ നെ വ്യതിരക്തമാക്കുന്നുണ്ട്. ആരിലും മുഹമ്മദിന്‍റെ കുടുംബചരിത്രവും വംശാവലിയും കുട്ടിക്കാലവും യൗവ്വനവും പ്രവാചകത്വവും വിവാഹജീവിതവും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവിതവും ആത്മീയ പരിസരവും ഒരു അനുഭൂതിയായി വായനക്കാരന് പകരുന്നത് ലിങ്സിന്‍റെ പക്വമാര്‍ന്ന അവതരണത്തിന്‍റെ ആവിഷ്ക്കാര ഭംഗിയിലൂടെയാണ്. കഅ്ബ നിര്‍മ്മാണം നടക്കുന്ന പശ്ചാത്തലത്തിലും മക്കാ വിജയത്തിനു വേണ്ടി തിരുദൂതരോടൊപ്പം പുറപ്പെട്ട കുതിരപ്പടയാളികളുടെ യാത്രാ വിവരണത്തിലുമെല്ലാം ഗ്രന്ഥകാരന്‍റെ അക്ഷരാവിഷ്ക്കരണത്തിലെ അത്തരം ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നുവെന്ന് തന്നെ പറയാം. ആരിലും വീര്യം പകരുന്ന യോദ്ധാവായ മുഹമ്മദിനെയും ആരുടെ കണ്ണിനെയും ഈറനണിയിക്കുന്ന കാരുണ്യവാനായ മുഹമ്മദിനെയും, ഒപ്പം ആരെയും ചിരിപ്പിക്കുന്ന തമാശകള്‍ പറയുന്ന മുഹമ്മദിനെയും ലിങ്സിന്‍റെ വരികള്‍ക്കുള്ളില്‍ കാണാം. പതിനാല് നൂറ്റാണ്ടു മുമ്പുള്ള ചരിത്ര മുഹൂര്‍ത്തങ്ങളെ തികഞ്ഞ ജാഗ്രതയോടെ സമീപിക്കുന്ന രചയിതാവ് വസ്തുതാപരമായും യുക്തിഭദ്രതയോടെയും അത് കൈകാര്യം ചെയ്യുന്നതിലും ഒരു പൂര്‍ണത സൃഷ്ടിക്കുകയായിരുന്നു. പുസ്തകത്തെ അടിമുടി സൂക്ഷ്മവായനയ്ക്ക് വിധേയമാക്കുന്നവരെയും, മൈക്രോ ദൃഷ്ടികള്‍ ഉപയോഗിച്ച് കുറ്റവും കുറവും മാത്രം കണ്ടെത്തുന്ന ജ്ഞാനശൂന്യരെയുമടക്കം വായനക്കാരന്‍റെ വ്യത്യസ്ത വീക്ഷണകോണുകള്‍ ഒരു പോലെ അഭിമുഖീകരിക്കാന്‍ സര്‍വ്വസന്നദ്ധനായിരുന്നു ലിങ്സ് എന്ന് ഗ്രന്ഥത്തിന്‍റെ ഇതിവൃത്തം നമ്മെ ബോധ്യപ്പെടുത്തും.
പുസ്തകത്തിന്‍റെ ഘടനാപരമായ രൂപപ്പെടുത്തല്‍ വേറിട്ട ഒന്ന് തന്നെയായിരുന്നു. വിഷയങ്ങള്‍ നാലോ അഞ്ചോ പേജില്‍ കവിയാത്ത വിധം ചെറിയ അധ്യായങ്ങളിലായി അടുക്കിവെച്ചു. തിരുജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളിലും പലരും ശ്രദ്ധിക്കാതെ വിട്ടുപോയതും എന്നാല്‍ മൂല്യപ്രധാനവുമായ വസ്തുതകള്‍ തിരഞ്ഞു പിടിച്ച് ഉചിതമായ സ്ഥലങ്ങളില്‍ ഉള്‍കൊള്ളിച്ചു. മാത്രമല്ല, ഭാഷയുടെ ലാളിത്യവും ഒപ്പം ഗൗരവവും കൈവിടാതെ അവയെയെല്ലാം വിശകലനങ്ങള്‍ക്കുള്ളില്‍ കോര്‍ത്തിണക്കി.
ഓരോ അധ്യായവും വായനക്കാരന് ഓരോ ഹ്രസ്വചിത്രമാണ്. അതേ സമയം സംഭവബഹുലവും സ്ഥൂലവും സൂക്ഷ്മവുമാണ്. സമഗ്രവും സംക്ഷിപ്തവുമാണ്. ക്രമരാഹിത്യമില്ലാത്ത പ്രതിപാദനത്തിന് നേര്‍സാക്ഷ്യമാണ്. സംഘട്ടനങ്ങളില്ലാത്ത വായനയെ പ്രദാനം ചെയ്യുകയാണ്. മാത്രമല്ല, വായനാനുഭവത്തിനപ്പുറം ലിങ്സിന്‍റെ വരികളില്‍ ഒരു അന്വേഷണാത്മകതയുടെ പ്രാണന്‍ തുടിക്കുന്നത് കാണാന്‍ കഴിയുമെന്നത് തീര്‍ച്ച. ആകര്‍ഷണീയതയെ ആഘോഷമാക്കുന്ന ഈ പ്രതിപാദന ശൈലി ലിങ്സിന്‍റെ മുഹമ്മദിനെ അടിക്കടി മറിച്ചുനോക്കാന്‍ ക്ഷണിക്കുന്ന ഉള്‍പ്രേരകം കൂടിയാവുകയാണ്.
കേവലം വായനക്കാരനെ തൃപ്തിപ്പെടുത്തുന്നതിന് പകരം ഇതിവൃത്തത്തിനിണങ്ങുന്ന ഗഹനവും ഗരിമയുമാര്‍ന്ന ഭാഷാ പ്രയോഗത്തിലൂടെയാണ് രചയിതാവ് കടന്നുചെന്നത്. അതുവഴിയാണ് പ്രബുദ്ധവും ധ്യാനാത്മകവുമായ വായനയെ ആകര്‍ഷിപ്പിക്കുന്ന ഭാഷയുടെ പൂര്‍വ്വമായ മനോഹാരിത അതില്‍ പ്രകടമായത്. കാരണം ഗ്രന്ഥത്തെ പ്രബുദ്ധമാക്കുന്ന ഭാഷയും ഘടനയും പ്രതിപാദനവും വിശകലനവും കൊണ്ട് സമ്പന്നമായ അവതരണരീതിയായിരുന്നു ലിങ്സിന്‍റെ രചനാമര്‍മം. യാതൊരു വിധ കൂട്ടിച്ചേര്‍ക്കലുകളോ അതിന് വേണ്ടി ഉപയോഗിക്കുന്നില്ല. അടിച്ചേല്‍പ്പിക്കലില്ല. പ്രവാചകര്‍ ‘അങ്ങനെയാണ്.. ഇങ്ങനെയായിരുന്നു..’ എന്ന് തുടങ്ങിയ അവകാശവാദങ്ങളില്ല. വരികളില്‍ നിന്നും വായനക്കാര്‍ക്ക് അങ്ങനെയൊരു തോന്നലോ, അഥവാ റസൂല്‍ എങ്ങനെയാണ് എന്ന് തിരിച്ചറിയാവുന്ന സ്വഭാവിക നിഗമനത്തിലേക്ക് എത്തിച്ചേരലോ ഉണ്ടാകുന്നത്, തീര്‍ത്തും കൃത്യവും സമ്പുഷ്ടവുമായ പ്രത്യുത രചനയുടെയും വായനയുടെയും പ്രതിഫലനം മാത്രമാണ്.
തിരുജീവിതത്തെ നിര്‍ണിതമായ താളുകളിലാവിഷ്ക്കരിക്കാനുള്ള ഒരെഴുത്തുകാരന്‍റെ ത്യാഗപൂര്‍ണമായ ശ്രമവും സമര്‍പ്പണവുമായിരുന്നു പ്രവാചകന്‍റെ ഓരോ ജീവചരിത്ര-ക്രോഡീകരണ ഗ്രന്ഥങ്ങളും. വിവരണാതീതമായ രേഖീയ ദൗത്യങ്ങള്‍. പ്രവിശാലമായ ഒരു ആകാശത്തെ ഒരു കുപ്പിക്കുള്ളിലേക്ക് അതിന്‍റെ ആകാരവടിവോടെയും ഭംഗിയോടെയും ആവാഹിക്കുന്നത് പോലെയുള്ള ഒരു ഭഗീരഥ പ്രയത്നം. ഒരു വലിയ പ്രതിസന്ധിയെ അതിജീവിച്ച ലിങ്സിന്‍റെ ‘മുഹമ്മദി’ന് പ്രവാചകരെ അക്ഷരസാക്ഷാത്കരിക്കാന്‍ കഴിഞ്ഞതിലെ വിജയം പ്രവാചക ജീവിതത്തിന്‍റെ സാര്‍ത്ഥകമായ വായനയുടേതാണ്. ആ അന്വേഷണാത്മക വായനയെ തന്നെയാണ് തന്‍റെ രചനയിലുടനീളം ലിങ്സ് ക്ഷണിക്കുന്നതും.

ജവാദ് വിളയൂര്‍

Write a comment