വിലപ്പെട്ടതാണ് ഓരോ ജീവനും

ആഴമേറിയ പുഴയില്‍ മരണക്കയത്തിലകപ്പെട്ട ഒരു വൃദ്ധയെ രക്ഷപ്പെടുത്തിയ സംഭവം മൂന്ന് മാസങ്ങള്‍ക്കു മുമ്പ് വാര്‍ത്താമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോര്‍ക്കുകയാണ്. വാര്‍ദ്ധക്ക്യ സമയത്ത് ആത്മഹത്യക്ക് ശ്രമിച്ചതിന്‍റെ കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു.
“എന്‍റെ മകന്‍ ഇവിടെ കൊണ്ടുവന്നെറിഞ്ഞതാണ്’. അവര്‍ വിവരം നല്‍കിയതനുസിരിച്ച് പോലീസുകാര്‍ മകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നിസ്സങ്കോചം അയാള്‍ നല്‍കിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. ‘ എന്‍റെ ഭാര്യ പത്ത് മാസം ഗര്‍ഭണിയാണ് അവളുടെ പ്രസവ ചിലവിന് വകയൊന്നുമില്ല. വെള്ളത്തില്‍ മുങ്ങി മരിക്കുന്നവരുടെ കുടുംബത്തിന് ഗവണ്‍മെന്‍റ് ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കുന്ന സഹായം നേടുന്നതിന് വേണ്ടിയാണ് അമ്മയെ പുഴയില്‍ തള്ളിയത്. സ്നേഹവും ബന്ധവും കമ്പോളവല്‍ക്കരിക്കപ്പെടുകയും മനുഷ്യത്വ’വും ‘മാനവീകത’യും പറിച്ചുമാറ്റപ്പെടുകയും ചെയ്യുന്ന ജനതയായി സമൂഹമിന്ന് മാറിക്കൊണ്ടിരിക്കുന്നു. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ അപരനെ കൊല്ലാന്‍ മടി കാണിക്കാത്ത മലയാളികളുടെ ഉല്‍ഭുദ്ധത ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഖാബീലില്‍ നിന്ന് തുടങ്ങി ഫിര്‍ഔനും നംറൂദും ഏറ്റെടുത്ത് മഹത്വവല്‍ക്കരിച്ച കറുത്ത ചരിത്രമുണ്ട് മനുഷ്യഹത്യക്ക്.
വിശുദ്ധ ഖുര്‍ആനില്‍ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും മനുഷ്യഹത്യ ചെയ്യുന്നവര്‍ക്ക് വ്യക്തമായ താക്കീതുകള്‍ നല്‍കിയിട്ടുമുണ്ട്. ഏഴു വന്‍ പാപങ്ങളിലാണ് പ്രവാചകന്‍ ഇതിനെ ഉള്‍പ്പെടുത്തിയത്. വര്‍ത്തമാന കാലഘട്ടത്തില്‍ മനുഷ്യ ഹത്യ നിസ്സാരവത്കരിക്കപ്പെട്ടുവെന്ന് നിസ്സംശയം പറയാം. അവസാന കാലത്ത് കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുമെന്നും താന്‍ എന്തിനു കൊല്ലുന്നു എന്ന് കൊന്നവനോ എന്തിന് കൊല്ലപ്പെട്ടുവെന്ന് കൊല്ലപ്പെട്ടവനോ അറിയാത്ത സ്ഥിതിവിശേഷം വരുമെന്നും പ്രവാചകന്‍ ഓര്‍മപ്പെടുത്തിയത് വര്‍ത്തമാന കാലം ശരിവെക്കുന്നുണ്ട്.
കേവലം നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം മാതാപിതാക്കളെയും കൂടപ്പിറപ്പിനേയും കൊലചെയ്യുന്നിന്‍റെ, കാമപൂര്‍ത്തീകരണത്തിന് പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നതിന്‍റെ ഉള്ളുലയ്ക്കുന്ന വാര്‍ത്തകളാണ് നാം നിത്യവും വായിച്ചു കൊണ്ടിരിക്കുന്നത്. അകാരണമായി ഒരു മനുഷ്യനെ കൊല്ലുക എന്നത് ഇസ്ലാമില്‍ അത്യന്തം ഗുരുതരവും നിഷ്ഠൂരവുമായ മഹാപാതകമാണ്. ഒരു നിരപരാധിയെ കൊല ചെയ്തവനെ വധശിക്ഷയ്ക്കു വിധേയനാക്കണമെന്നത് ഇസ്ലാമിന്‍റെ പ്രഖ്യാപിത നയമാണ്. കൊലപാതകം നടത്തിയവന്‍റെ അനന്തരഫലം അതികഠിനമായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. ബോധപൂര്‍വ്വം ഒരു വിശ്വാസിയെ കൊന്നവന് നരകത്തില്‍ സ്ഥിര വാസവും കഠിന ശിക്ഷയുമുണ്ടെന്ന് മതം താക്കീത് നല്‍കിയത് സുവ്യക്തമാണ്.
മനുഷ്യജീവന് പവിത്രതയും ആദരവും വകവെച്ച് നല്‍കിയ മതമാണ് ഇസ്ലാം. മനുഷ്യ കുലത്തിന്‍റെ ആദരണീയതക്ക് വിഘാതമാകുന്നതെന്തും ഉപേക്ഷിക്കപ്പെടണമെന്ന നിലപാടാണ് ഇസ്ലാമിനുള്ളത്. കേവലം മനുഷ്യനെ ആക്രമിക്കരുത് എന്ന ധാര്‍മ്മികമായ ആശയത്തിനപ്പുറം മറ്റു ജീവജാലങ്ങളുടെ അവകാശങ്ങളും ഇസ്ലാം വിലപ്പെട്ടതായിക്കാണുന്നു. നാം നിസ്സാരമായിക്കാണുന്ന ഉറുമ്പുകളേയും പാറ്റകളേയും അക്രമിക്കരുതെന്ന ഇസ്ലാമിന്‍റെ അദ്ധ്യാപനമോര്‍ത്താല്‍ ഈ വസ്തുത എളുപ്പം ബോധ്യപ്പെടും.
ഭൂമിയിലെ ആദ്യത്തെ കൊലപാതകത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുമ്പോള്‍ അവിടെ കൊലപാതകിയുടെ പക്ഷം ചേരാതെ വധിക്കപ്പെട്ടവന്‍റെ ഭാഗത്ത് നിലയുറപ്പിക്കുന്നതായി കാണാം. ഇരകള്‍ക്കൊപ്പം നില്‍ക്കുകയെന്ന സാമൂഹിക നൈതികതയെ ഇസ്ലാം കൃത്യമായി പ്രകാശിപ്പിക്കുന്നുണ്ട്. അന്യായമായി ആരെങ്കിലും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചത് പോലെയാണെന്ന ഖുര്‍ആനിക പ്രഖ്യാപനം ഇതിനോട് ചേര്‍ത്ത് വായിക്കാം.
അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കല്‍, വ്യഭിചാരം എന്നീ ഗൗരവമേറിയ തെറ്റുകളുടെ മധ്യത്തിലാണ് അന്യായ കൊലപാതകത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ മൗലീകമായ നിഷിദ്ധങ്ങളെ പരാമര്‍ശിക്കുന്നിടങ്ങളിലെല്ലാം കൊലപാതകത്തെയും ഉള്‍പ്പെടുത്തിതായിക്കാണാം. ഇതെല്ലാം മനുഷ്യ ഹത്യയുടെ നിന്ദ്യതയെയാണ് സൂചിപ്പിക്കുന്നത്. “നിങ്ങള്‍ ഒന്നിനേയും അവനില്‍ പങ്കാളിയാക്കരുത്, മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം, ദാരദ്ര്യം കാരണം നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. നിങ്ങള്‍ക്കും അവര്‍ക്കും അന്നം തരുന്നത് നാമാണ്. നീചവൃത്തികളോട് അടുത്തുപോകരുത്. അള്ളാഹു ആദരണീയമാക്കിയ ജീവനെ ഹനിക്കരുത്, നിങ്ങള്‍ ചിന്തിച്ചറിയാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ നിര്‍ദേശങ്ങളാണിവയെല്ലാം” എന്ന ഖുര്‍ആനിക സൂക്തം നാമാരും വിസ്മരിക്കരുത്. കൊലപാതകം ചെയ്തവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ആസ്വദിക്കാനാവില്ലെന്ന മുന്നറിയിപ്പും ഹദീസുകളില്‍ കാണാം. നിത്യവും ഇബ്ലീസ് തന്‍റെ സൈന്യത്തെ ജനങ്ങളിലേക്ക് വിടുകയും തെറ്റുകള്‍ കൊണ്ട് പ്രേരിപ്പിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്യുമെന്ന് പണ്ഡിതന്മാര്‍ സൂചിപ്പിക്കുന്നുണ്ട്. ഞാനൊരു കൊലപാതകം സൃഷ്ടിച്ചുവെന്ന് പറഞ്ഞ സൈനികനെ ഇബ്ലീസ് അഭിനന്ദിക്കുകയും കിരീടമണിയിക്കുകയും ചെയ്യുമെന്നതാണ് യാഥാര്‍ത്ഥ്യം. വാസ്തവത്തില്‍ കൊലപാതകം അല്ലാഹുവിന്‍റെ അധികാരത്തില്‍ കൈകടത്തലാണ്. അവന്‍റെ അനുവാദമില്ലാതെ അവന്‍ നല്‍കിയ ജീവനെടുക്കല്‍ അപരാധമാണെന്നതില്‍ തര്‍ക്കമില്ല. തിന്മയുടെ ഉപാസകര്‍ ഏറെ കൊതിക്കുന്നത് മനുഷ്യര്‍ പരസ്പരം ജീവനപഹരിക്കുന്നതാണെന്നു വരുമ്പോള്‍ ആ പ്രവൃത്തി എത്രത്തോളം നീചമാണെന്ന് നമുക്ക് ബോധ്യപ്പെടും. മനുഷ്യമനസ്സുകളില്‍ നിന്ന് മാനവീകതയും മനുഷ്യത്വവും കൂടിയൊഴിയുകയും പകരം അസൂയയും അക്രമവും കുടിയിരിക്കുകയും ചെയ്യുന്ന കാലത്തോളം മറ്റങ്ങള്‍ അസാധ്യമാണെന്നോര്‍ക്കുക. മാനവികവും ധാര്‍മ്മികവുമായ ചിന്ത, പരസ്പ്പര സ്നേഹം, വിട്ടുവീഴ്ച, വിനയം മുതലായ ഗുണഗണങ്ങള്‍ ഉള്‍കൊണ്ട് ജീവിതം നാം കെട്ടിപ്പടുക്കേണ്ടതുണ്ട്.

ഉനൈസ് കിടങ്ങഴി

Write a comment