Posted on

ആരാധനകള്‍ തുലച്ചു കളയുന്നവരോട്…

മോനേ…എന്‍റെ മോളാണ് സിഹ്റ് ബാധിച്ചതാ… കുറെ കാലമായി ഒരു മാറ്റവുമില്ല. ഇപ്പോള്‍ ഇവിടുന്നാ ചികിത്സ…രണ്ട് പെണ്‍കുട്ടികളാ…ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. മോന്‍ പ്രത്യേകം ദുആ ചെയ്യണേ…സിഹ്റ് ബാധിച്ച് ഉസ്താദിന്‍റെ അടുക്കല്‍ ചികിത്സിക്കാന്‍ വന്ന യുവതിയുടെ പരിസരം മറന്നുള്ള അലമുറ കേട്ടപ്പോള്‍ കൂടെ വന്ന ഉമ്മ പറഞ്ഞതാണിത്. സമൂഹത്തെ മാരകമായി ഗ്രസിച്ച് കൊണ്ടിരിക്കുന്ന സിഹ്റ് എന്ന മഹാ പാതകത്തിന്‍റെ ദൂഷ്യ ഫലങ്ങളുടെ നേര്‍ച്ചിത്രങ്ങളിലൊന്നു മാത്രമാണിത്.
ഇന്ന് ഗൗരവം കല്‍പ്പിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ് സിഹ്റ് (ആഭിചാരം). നിസാര പ്രശ്നത്തിന്‍റെ പേരില്‍ സിഹ്റെന്ന മഹാ പാപത്തിന് തുനിഞ്ഞ് കൊണ്ടിരിക്കുകയാണ് പലരും. തന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനോ, മറ്റുള്ളവരെ പരാജയപ്പെടുത്താനോ ആഭിചാരം ചെയ്യാന്‍ ജോത്സ്യന്മാരെ സമീപിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സ്വന്തം കൂടപ്പിറപ്പിനെതിരെയാണെങ്കില്‍ പോലും ഇന്ന് അത്തരം നീചപ്രവണതകളിലേര്‍പ്പെടാന്‍ പലരും മടിക്കുന്നില്ല. സ്വാര്‍ത്ഥതയിലൂന്നിയ ചിന്താഗതികളും സമ്പത്ത് നേടാനുള്ള ആര്‍ത്തിയുമാണ് ഓരോരുത്തരേയും ഇത്തരത്തിലുള്ള വന്‍കുറ്റത്തിലേക്ക് നയിക്കുന്നത്. സിഹ്റെന്ന ഈ മഹാപാതകത്തിന്‍റെ ഗൗരവം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സല്‍കര്‍മ്മങ്ങള്‍ ഹനിച്ച് കളയുന്ന മഹാപാപങ്ങളില്‍ ഒന്നായിട്ടാണ് ഇസ്ലാം സിഹ്റിനെ കാണുന്നത്. ലോകരക്ഷിതാവായ അള്ളാഹുവില്‍ നിന്ന് മാറി, അവന്‍റെ സൃഷ്ടികളിലെ ദുഷ്ടന്മാരായ പിശാചുക്കളെ ആശ്രയിച്ചും, അവരെ കൂട്ടു പിടിച്ചും, അവരോട് സഹായം തേടിയും ആരാധിച്ചുമാണ് സിഹ്റ് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് ഇസ്ലാം അതിനെ വന്‍കുറ്റമായി കണക്കാക്കുന്നത്.
ഇമാം നവവി (റ) പറയുന്നു:സിഹ്റ് പ്രവര്‍ത്തിക്കല്‍ നിഷിദ്ധമാണ്. അത് വന്‍കുറ്റങ്ങളില്‍ പെട്ടതാണ്. ഏഴ് വന്‍കുറ്റങ്ങളെ തൊട്ട് വെടിഞ്ഞ് നില്‍ക്കാന്‍ തന്‍റെ ഉമ്മത്തിനോട് ആഹ്വാനം ചെയ്ത നബി (സ്വ), അതില്‍ ഒന്നായി എണ്ണിയത് സിഹ്റെന്ന മഹാപാതകത്തെയായിരുന്നു. സിഹ്റ് ചെയ്യുന്നവനുള്ള ശിക്ഷ വാളുകൊണ്ട് അവനെ കൊല്ലലാണെന്ന് നബി തങ്ങള്‍ അരുളിയിട്ടുമുണ്ട്. മറ്റൊരു ഹദീസില്‍ നബി (സ്വ), ഇങ്ങനെ പറയുന്നു:”ആരെങ്കിലും പക്ഷിലക്ഷണം നോക്കുകയോ, നോക്കിപ്പിക്കുകയോ, ജോത്സ്യപ്പണി നടത്തുകയോ, നടത്തിപ്പിക്കുകയോ ചെയ്യുന്നു. സിഹ്റ് ചെയ്യുകയോ, ചെയ്യിപ്പിക്കുകയോ ചെയ്യുന്നു. ഇവരാരും എന്നില്‍ പെട്ടവനല്ല. ആരെങ്കിലും ജോത്സ്യനെ സമീപിക്കുകയോ അവന്‍ പറയുന്നത് വിശ്വസിക്കുകയോ ചെയ്താല്‍ അവന്‍ ഖുര്‍ആന്‍ കൊണ്ട് നിഷേധിച്ചവനാണ്”.ഉമറുബ്നുല്‍ ഖത്താബ്(റ) തന്‍റെ ഭരണകാലത്ത് സിഹ്റ് ചെയ്യുന്നവരെ വധിക്കണമെന്ന് കല്‍പ്പിച്ച് കൊണ്ട് കത്തയക്കുകയും അതിന്‍റെ ഫലമായി മൂന്ന് പേരെ വധിക്കുകയും ചെയ്തു.
സിഹ്റ് മനുഷ്യനെ അല്ലാഹുവിന്‍റെ ദീനിനെ തൊട്ടും യഥാര്‍ത്ഥ വിശ്വാസ ധാരയെ തൊട്ടും വിദൂരത്താക്കുന്നു. ഹൃദയത്തെ തെറ്റായ ധാരണയിലേക്ക് നയിക്കുക്കുക വഴി കാലുഷ്യത്തിലേക്കും, മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യം മുറിച്ചു മാറ്റപ്പെടുന്നതിലേക്കും തന്മൂലം കുടുംബ ഛിദ്രത, വൈവാഹിക ജീവിതത്തിന് തടയിടല്‍, അസൂയ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളിലേക്കും ആഭിചാര ക്രിയ ചെന്നെത്തിക്കുന്നു. ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലെയും കുടുംബ ബന്ധങ്ങള്‍ക്കിടയിലെയും സുഹൃത്ത് ബന്ധങ്ങള്‍ക്കിടയിലെയും പറഞ്ഞ് തീര്‍ക്കാനാവാത്ത വിള്ളലുകള്‍ക്ക് പ്രധാന ഹേതുവായി സിഹ്റ് മാറുന്നുണ്ട്.
സിഹ്റ് ഫലിക്കുമെന്നാണ് അഹ്ലു സ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ വിശ്വാസം. ഇമാം ഖ്വസ്തല്ലാനി(റ), ഇമാം ഇബ്നു ഹജര്‍ (റ) അടക്കമുള്ള പണ്ഡിതര്‍ സിഹ്റ് യാഥാര്‍ത്ഥ്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സിഹ്റ് മൂലം കുടുംബ ഛിദ്രത സംഭവിക്കാനോ, സിഹ്റിന് വിധേയനാകുന്നവരില്‍ ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍ക്കാനോ സാധ്യതയുണ്ടെന്നും ഓര്‍മപ്പെടുത്തുന്നുണ്ട്. മുത്തു നബിക്കെതിരെ ജൂതനായ ലബീദ് സിഹ്റ് ചെയ്തതും തിരു പത്നി ആയിശ (റ) സ്വന്തം അടിമയാല്‍ സിഹ്റ് ചെയ്യപ്പെട്ടതുമെല്ലാം ഇതിന് ഉപോത്ബലകമായി സൂചിപ്പിക്കുന്നുമുണ്ട്. സിഹ്റിന്‍റെ പ്രതിഫലനം കാരണം വലിയ രോഗങ്ങളുടെ പ്രതിസന്ധികള്‍ നേരിടുന്നവര്‍ കുറച്ചൊന്നുമല്ല.
രണ്ട് വര്‍ഷം മുമ്പ് കുടുംബത്തിലെ ഒരു വ്യക്തിയെ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ ദേഹമാസകലം വെള്ളപ്പാണ്ടിനോട് സമാനമായ മുറിവ് ബാധിച്ചിരിക്കുന്നു. കണ്ടാല്‍ തന്നെ വെറുപ്പ് തോന്നിക്കും വിധത്തില്‍ വലിയ പാടുകള്‍. പല വിദഗ്ദ്ധ ചികിത്സകളും നടത്തിയിരുന്നത്രെ, ഒരു മാറ്റവും കണ്ടില്ല. ഏറ്റവും ഒടുവിലാണ് സിഹ്റ് ബാധയാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് ആത്മീയ ചികിത്സയാണ് തേടിയത്. സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ കുടുംബത്തിലെ ആരോ ഒരാള്‍ സിഹ്റ് ചെയ്തതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇങ്ങനെ പല നീറുന്ന അനുഭവങ്ങള്‍ പേറുന്നവര്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ജോത്സ്യപ്പടികള്‍ കയറിയിറങ്ങുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
ആരെങ്കിലും ജോത്സ്യന്മാരെ സമീപിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്താല്‍ നാല്‍പത് ദിവസത്തെ ആരാധനകള്‍ സ്വീകരിക്കപ്പെടുകയില്ലെന്ന് പ്രവാചകര്‍ (സ്വ) പഠിപ്പിച്ചിട്ടുണ്ട്. അബൂബക്കര്‍(റ) തന്‍റെ അടിമ കൊണ്ട് വന്ന ഭക്ഷ്യ വസ്തു തിന്നതിന് ശേഷം അത് ജോത്സ്യപ്പണി ചെയ്തതിന്‍റെ പ്രതിഫലമാണെന്നറിഞ്ഞപ്പോള്‍ വായയില്‍ വിരലിട്ട് വയറിലുള്ളവ മുഴുവന്‍ ചര്‍ദ്ദിച്ചു കളഞ്ഞു. സ്വര്‍ഗത്തില്‍ പ്രവേശിക്കാത്ത മൂന്ന് വിഭാഗക്കാരെ അലി(റ) എണ്ണിപ്പറഞ്ഞപ്പോള്‍ അതിലൊരു വിഭാഗം സിഹ്റിനെ പിന്തുടരുന്നവരായിരുന്നു. ചുരുക്കത്തില്‍ സിഹ്റെന്ന നീച പ്രവൃത്തി കുറ്റകരവും ശിര്‍ക്കിലേക്ക് നയിക്കുന്നതുമാണ്. ഈ യാഥാര്‍ത്ഥ്യമറിഞ്ഞിട്ടു പോലും ആഭിചാരക്രിയയെ അവംലംബിക്കുന്നുവെന്നത് ഖേദകരം തന്നെ. അത്തരം ആളുകളെ തെറ്റിന്‍റെ ഗൗരവം ബോധ്യപ്പെടുത്തി തിരുത്തല്‍ പണ്ഡിത ബാധ്യതയാണെന്നോര്‍ക്കുക. പെശാചിക പ്രവര്‍ത്തനമാണല്ലൊ സിഹ്റ്. അത് ലക്ഷ്യം വെക്കുന്നതും അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍ മാത്രമാണ്. സിഹ്റുമായി ബന്ധപ്പെടല്‍ കൊണ്ട് അല്ലാഹുവിലുള്ള ഉറപ്പിലും ഭരമേല്‍പ്പിക്കുന്നതിലും ബലഹീനത സംഭവിക്കുന്നു. അത് അല്ലാഹുവില്‍ പങ്കുകാരനെ ചേര്‍ക്കുന്നതിലേക്ക് വരെ എത്തിക്കുന്നു.
കൂടാതെ സിഹ്റ് വഴി ഒരുപാട് ബന്ധങ്ങള്‍ മുറിയുന്നുവെന്നതോടൊപ്പം സമയനഷ്ടവും, പണം പാഴാക്കലും ധാരാളം സംഭവിക്കുന്നു. മാരണ ചികിത്സയെന്ന പേരില്‍ ആത്മീയ കച്ചവടം നടത്തുന്നവരും ഇന്ന് ധാരാളമുണ്ട്. അവരുടെ ചികിത്സാ പിഴവ് മൂലം ജീവന്‍ പോലും നഷ്ടപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മഹാപാപത്തിന്‍റെ ഗൗരവപൂര്‍ണമായ വശം സമൂഹം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് വിശ്വാസത്തിന് ക്ഷതമേല്‍പ്പിക്കാന്‍ ഒരിക്കല്‍ പോലും നാം തുനിയരുത്. എല്ലാം നാഥനിലേക്ക് സമര്‍പ്പിക്കുകയും തെറ്റായ പ്രവര്‍ത്തനങ്ങളോട് വിമുഖത കാണിക്കുകയുമാണ് നാം ചെയ്യേണ്ടത്. അല്ലാതെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി സിഹ്റ് പോലോത്ത മഹാപാപങ്ങളിലേര്‍പ്പെട്ട് മറ്റുള്ളവരില്‍ വിപത്തുകള്‍ വരുന്നതില്‍ സന്തോഷിക്കുകയല്ല വേണ്ടത്. വിശ്വാസികള്‍ പരസ്പരം ഒരു കെട്ടിടത്തിന്‍റെ ഭിത്തി കണക്കെ കെട്ടുറപ്പോടെ കഴിയേണ്ടവരാണ്. തനിക്ക് ഇഷ്ടപ്പെടുന്നത് തന്‍റെ സഹോദരന് ഇഷ്ടപ്പെടും വരെ ഒരുത്തനും യാഥാര്‍ത്ഥ വിശ്വാസിയാവില്ല എന്ന പ്രവാചകാധ്യാപനം മുറുകെ പിടിച്ച് തന്‍റെ സഹോദരനിലും ഗുണം മാത്രം ആഗ്രഹിക്കുക സിഹ്റ് പോലോത്ത മഹാപാപങ്ങളിലേക്കുള്ള ചിന്ത വെടിയുകയും നാഥന്‍റെ പ്രീതി ലക്ഷ്യം വെച്ച് സല്‍പാന്ഥാവിലൂടെയുള്ള ജീവിതയാത്രയെ പുണരുകയും ചെയ്യുക.

മുഹമ്മദ് ജാസിര്‍ എടക്കര

Write a comment