Posted on

തെരുവു പട്ടികള്‍

1
ഇന്നലെയും വന്നിരുന്നു.
പാതിരായ്ക്ക്…
പുലരാന്‍ നേരത്ത്…
നട്ടുച്ചയ്ക്ക്…
കേല തുപ്പി കണ്ണ് ചുവപ്പിച്ച്
നാലഞ്ചു പട്ടികള്‍.

പൂച്ച കേറാതിരിക്കാന്‍
ഉമ്മ, പടിക്കല്‍ വെച്ച
കുപ്പി വെള്ളങ്ങള്‍
തട്ടിത്തെറിപ്പിച്ചാണിന്നുമവര്‍
പിരിഞ്ഞു പോയത്

വന്നാല്‍,
കാളിംഗ്ബെല്ലു പോലുമടിക്കാതെ
കസേരയില്‍ കയറി
അധികാര ഭാവത്തില്‍ ഇരിക്കാറുണ്ട്.

താനിരിക്കേണ്ടടത്തിരുന്നില്ലേല്‍
മറ്റാരോ ഇരിക്കുമെന്ന
പുതുമൊഴി കണക്കെ,

ചിലര്‍,
ഘോരഘോരം കുരയ്ക്കാറുണ്ട്
കേട്ടുമടുത്തതു കൊണ്ടാണോ
കൂട്ടിരിക്കാന്‍
അധികപേരുമുണ്ടാവാറില്ല.

ഉറക്കങ്ങള്‍ക്കിടെ
മുട്ടി മുട്ടി ഗതികെടാറുണ്ടെങ്കിലും
ഒന്നു മുള്ളാന്‍
പുറത്തിറങ്ങാനുള്ള
എന്‍റെ അവകാശങ്ങള്‍ക്കു മീതെ
കുരച്ചു ചാടാറുണ്ട്
ഇന്നും ചില ചാവാലിപ്പട്ടികള്‍

2
ചിലര്‍,
ഇടവിട്ടിടവിട്ടേ വീട്ടിലേക്കെത്താറുള്ളൂ.
നിശബ്ദമായി വന്ന്
വയല്‍ വക്കിലെ
പാട നടുവിലെ
പഴയ കാടിരുന്നിടത്തെ
പൊന്ത കൂടുകളെയോര്‍ത്ത്
നിസ്സഹായം മടങ്ങും.

അലഞ്ഞു തിരിഞ്ഞ
തിരിച്ചു പോക്കില്‍
ഉമ്മയെ
ബാപ്പയെ
അയല്‍വാസിയെ
കാടുകാരെ തിരയും.

പൊന്തക്കാടിരുന്നിടത്ത്
സിമന്‍റ് കൂടുകള്‍,
വയല്‍ വക്കിലെ പുല്‍മേടുകളില്‍
റിസോര്‍ട്ടുകള്‍,
പാട നടുവില്‍
കോണ്‍ക്രീറ്റ്‌ കാടുകള്‍…
പൂര്‍വാസ്തിത്വം തച്ചുടച്ച് വാര്‍ത്ത
പുതു രൂപങ്ങളെ
കണ്ണുകളില്‍ നിറച്ച്
കുടിയിറക്കപ്പെട്ട്
തെരുവികളിലോടുന്നിണ്ടപ്പോഴും….

അല്‍ത്താഫ് പതിനാറുങ്ങല്‍

Write a comment