Posted on

പ്രാര്‍ത്ഥിക്കുക പ്രതീക്ഷ കൈവിടാതെ…

പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവായ അല്ലാഹുവിന്‍റെ കരുണയും പ്രീതിയുമാണ് വിശ്വാസികള്‍ കൊതിച്ചു കൊണ്ടിരിക്കുന്നത്. അനുഗ്രഹങ്ങളില്‍ നന്ദി കാണിക്കലും പ്രതിസന്ധികളില്‍ പ്രതീക്ഷ കൈവിടാതെ നാഥനു മുന്നില്‍ വിനയാന്വിതനായി പ്രാര്‍ത്ഥിക്കലുമാണ് വിശ്വാസി സമൂഹത്തിന്‍റെ പ്രഥമ ബാധ്യതയായി ഗണിക്കപ്പെടുന്നത്. വിശ്വാസ തകര്‍ച്ചയും ഉടമയുമായുള്ള ബന്ധത്തിലെ അകല്‍ച്ചയുമാണ് വിശ്വാസികള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ പ്രധാന കാരണങ്ങള്‍. അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങി പ്രാര്‍ത്ഥനാ നിരതനാവലാണ് പ്രതിസന്ധികള്‍ മറി കടക്കാനുള്ള ഏക മാര്‍ഗം.
ജീവിതം സുഖഃദുഖ സമ്മിശ്രമാണ്. നബി(സ്വ) ഉണര്‍ത്തുന്നു: ‘യഥാര്‍ത്ഥ വിശ്വാസി ഭയത്തിന്‍റെയും പ്രതീക്ഷയുടേയും നടുവില്‍ ജീവിക്കുന്നവനാണ്’. ജീവിതത്തില്‍ സുഖവും ദുഃഖവും നേരിടേണ്ടി വരും. സുഖം ലഭിക്കുമ്പോള്‍ നാഥനെ സ്തുതിക്കാനും പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ക്ഷമിക്കാനും വിശ്വാസി തയ്യാറാവേണ്ടതുണ്ട്. ജുനൈദുല്‍ ബഗ്ദാദി (റ) വിന്‍റെ സതീര്‍ത്ഥ്യരില്‍ പ്രമുഖനായിരുന്ന അബൂഹംസത്തുല്‍ ബഗ്ദാദി (റ) രിസാലത്തുല്‍ ഖുശൈരിയ്യില്‍ വിവരിക്കുന്നു. ഒരാള്‍ മുന്നുകാര്യങ്ങളെ ഒരുമിച്ചുകൂട്ടിയാല്‍ അവന്‍ ആപത്തുകളില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന കാലിയായ ഒരു വയറും ത്യാഗം കൈമുതലായ നിത്യ ദാരിദ്ര്യവും നാഥന്‍റെ സ്മരണയെ നിലനര്‍ത്തുന്ന പൂര്‍ണ ക്ഷമയുമാണ് ആ മൂന്ന് കാര്യങ്ങള്‍്. നമ്മുടെ സകല കാര്യങ്ങളും ഏറ്റെടുത്തവനായ പ്രപഞ്ച നാഥനായ റബ്ബില്‍ നാം പൂര്‍ണ സമര്‍പ്പിതരാവണം. നിങ്ങള്‍ എന്നോട് ചോദിച്ചോളു ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് ഖുര്‍ആനിലൂടെ അല്ലാഹു ഓര്‍മപ്പെടുത്തുന്നുണ്ട്. പരമ കാരുണ്യവാനായ അല്ലാഹുവിന്‍റെ മുമ്പില്‍ നാം എന്തിനാണ് അമാന്തിച്ചു നില്‍ക്കുന്നത്. ആവശ്യങ്ങള്‍ നാഥനു മുമ്പില്‍ നിരത്തുന്നതില്‍ നാമൊരിക്കലും ലജ്ജിക്കരുത.്
പ്രാര്‍ത്ഥനകളുടെ സമയങ്ങളില്‍ വിശ്വാസികളുടെ ഹൃദയം ലോലവും മാധുര്യം നിറഞ്ഞതുമായിരിക്കണം. ഉത്തരം ലഭിക്കാന്‍ അനിവാര്യമാണത്. നബി(സ്വ) പറയുന്നു: ‘നിങ്ങളുടെ ഹൃദയം ലോലമാകുന്ന സമയത്ത് നിങ്ങള്‍ നാഥനോട് ആവശ്യപ്പെടുക കാരണം അത് കാരുണ്യത്തിന്‍റെ നിമിഷങ്ങളാണ്. മാത്രമല്ല ചോദിക്കുന്ന മനസ്സിനെ പെരുത്ത് ഇഷ്ടപ്പെടുന്നവനാണ് അല്ലാഹു’. അല്ലാഹു നമ്മെ ഓര്‍മപ്പെടുത്തുന്നത് കാണാം. നിങ്ങള്‍ നാഥനോട് അവന്‍റെ ഔദാര്യത്തില്‍ നിന്ന് ചോദിക്കുവിന്‍. ഉത്തരം ലഭിക്കാന്‍ വൈകിയാല്‍ ചോദ്യത്തെ നിര്‍ത്തിവെക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്. ചില ഉത്തരങ്ങള്‍ പിന്തുന്നതിലായിരിക്കും അല്ലാഹു വലിയ നന്മ ബാക്കിവെച്ചിരിക്കുന്നതെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. സഈദുബ്നു ജുബൈര്‍ (റ) വിവരിക്കുന്നു: പ്രതിഫലം നിശ്ചിതമാണെങ്കിലും പ്രതിഫലത്തെ അത്യാര്‍ത്തിയായി ആഗ്രഹിക്കാതെ പ്രാര്‍ത്ഥനയെ മധുരമായി കാണുന്നതാണ് പ്രാര്‍ത്ഥന സ്വീകരിക്കുന്നതിന്‍റെ അടയാളം. പ്രാര്‍ത്ഥന സ്വീകരിക്കലിനെ ഉളരിച്ച് ആവശ്യപ്പെടുന്നവന്‍ അജ്ഞനാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. അടിമ ഉയര്‍ത്തിയ കരങ്ങളെ വെറുതെ മടക്കുന്നതില്‍ ലജ്ജിക്കുന്നവനാണ് അല്ലാഹു എന്ന് നബി (സ്വ) അരുളിയതായി മഹാനവര്‍കള്‍ രേഖപ്പെടുത്തുന്നുണ്ട്. കുടുംബ ബന്ധം മുറിക്കുന്നവന്‍ തെറ്റായ കാര്യം കൊണ്ട് ആവശ്യപ്പെടുന്നവന്‍ തുടങ്ങിയവരുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയില്ല. നബി(സ്വ) സൂചിപ്പിക്കുന്നുണ്ട്, ക്ഷമയോടു കൂടി നിങ്ങള്‍ നാഥനിലേക്ക് പ്രാര്‍ത്ഥിച്ചുകൊള്ളുക തീര്‍ച്ചയായും ഉത്തരം ലഭിക്കും. യുക്തി പരിശോധിക്കുന്നതിനപ്പുറം കല്‍പനകളില്‍ തികഞ്ഞ മത വിശ്വാസമാണ് ഏതൊരു വിശ്വാസി പുലര്‍ത്തേണ്ടത്.
പ്രാര്‍ത്ഥനയുടെ മര്യാദകള്‍
നന്മ തേടിയ ഒരുത്തനേയും നാഥന്‍ മടക്കുകയില്ല. ഹലീമിയ്യ് എന്നവര്‍ പ്രാര്‍ത്ഥനക്ക് ധാരാളം നിബന്ധനകള്‍ ഉദ്ധരിക്കുന്നുണ്ട്. പ്രഥമമായി തേടപ്പെടുന്ന കാര്യം ബുദ്ധിക്ക് നിരക്കുന്നതും പതിവിനോട് യോജിക്കുന്നതുമായിരിക്കണം. പ്രവാചകന്മാര്‍ക്ക് ദീനിനെ ശക്തിപ്പെടുത്തുവാന്‍ നല്‍കപ്പെട്ട അസാധാരണ കഴിവുകളോ മരിച്ചവരെ ജീവിപ്പിക്കുക പോലോത്ത അത്ഭുത സിദ്ധികളോ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടരുത്. കളള് കുടിക്കുക, വ്യഭിചരിക്കുക പോലുളള ഹറാമായ പ്രവര്‍ത്തികളെ അനുവദനീയമാക്കുവാന്‍ ആവശ്യപ്പെടരുത്. നിങ്ങള്‍ തെറ്റ് ആവശ്യപ്പെടാത്ത കാലത്തോളം നിങ്ങളുടെ പ്രാര്‍ത്ഥനക്ക് നാഥന്‍ സ്വീകാര്യത നല്‍കുമെന്ന് നബി (സ്വ) തന്നെ സൂചിപ്പിച്ചതാണല്ലോ. കേവലം ശരീരേച്ഛകളെ പൂര്‍ത്തീകരിക്കാനും ഗര്‍വ്വ് നടിക്കാനുമായി ദീര്‍ഘായുസ്സ്, ആരോഗ്യം, സന്താനങ്ങള്‍, സമ്പത്ത്, പ്രശസ്തി എന്നിവ ചോദിക്കരുത് കാരണം അവയെല്ലാം നിന്നെ നാശത്തിലേക്ക് നയിക്കുന്ന ആവശ്യങ്ങളാണ്. പ്രാര്‍ത്ഥനകള്‍ കേവലം ആവശ്യങ്ങള്‍ നാഥനെ അറിയിക്കുക എന്ന രൂപത്തിലാകരുത്. കാരണം നാഥന്‍ എല്ലാം അറിയുന്നവനാണ് അവനെ പ്രത്യേകമായി അറിയിക്കേണ്ടതില്ല. അനിവാര്യമായ കാര്യങ്ങളെ മാറ്റിനിര്‍ത്തി, പ്രാര്‍ത്ഥനയില്‍ മാത്രം വ്യാപൃതനാവരുത്. അത് നിര്‍ബന്ധകാര്യത്തെ ഉപേക്ഷിച്ചതിനുളള ശിക്ഷ അവന് സമ്മാനിക്കുന്നതാണ്. അനിവാര്യമായ കാര്യങ്ങളെല്ലാം മുറപോലെ നിര്‍വഹിച്ച് ശേഷിക്കുന്ന സമയത്തെ പ്രാര്‍ത്ഥനക്കായി തിരഞ്ഞെടുക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. നിന്‍റെ പ്രശ്നങ്ങള്‍ എത്ര ഗൗരവമേറിയതാണെങ്കിലും നാഥനു മുമ്പില്‍ വണ്ണമായി അവതരിപ്പിക്കരുത്. കാരണം അല്ലാഹുവിന്‍റെ അടുക്കല്‍ എല്ലാ പ്രശ്നങ്ങള്‍ക്കുമുളള പരിഹാരം വളരെ സുഗമമാണ്. സ്വീകാര്യത ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം മനസ്സില്‍ ഉറപ്പിച്ച് നിര്‍ത്തണം. ഉളരിച്ച് ചോദിക്കാതിരിക്കുകയും മറുപടി പിന്തുന്നതില്‍ മടുപ്പ് തോന്നാതിരിക്കുകയും ചെയ്യണം. അവസാനമായി അദ്ദേഹം പറയുന്നു: അല്ലാഹുവിന്‍റെ ജലാലത്തിന്‍റെ നാമമരുളി പ്രാര്‍ത്ഥിക്കല്‍ ഉത്തരം ലഭിക്കാന്‍ ഏറ്റവും ഉത്തമമായതാണ്. അല്ലാഹു തന്നെ പറയുന്നത് കാണാം: അല്ലാഹുവിന് മഹത്തായ നാമങ്ങളുണ്ട്. അവയെ മുന്‍നിര്‍ത്തി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കുന്നവന്‍ മനസ്സ് ശുദ്ധീകരിച്ച് വിനയത്തേയും നിസ്സഹായതയേയും നാഥനു മുമ്പില്‍ തുറന്നു കാട്ടി പൂര്‍ണ ഭക്തിയോടു കൂടി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. തുടക്കത്തില്‍ നബി (സ്വ) യുടെ മേല്‍ സ്വലാത്ത്, സലാമുകള്‍ സമര്‍പ്പിച്ചാല്‍ ഉത്തരം സുനിശ്ചിതമാണ്. പ്രാര്‍ത്ഥന സ്വീകരിക്കുന്നതിന്‍റെ ശക്തമായ മര്യാദയാണ് ഹറാമായ കാര്യങ്ങളെയും സ്ഥലങ്ങളെയും, ഹറാമായ ഭക്ഷണം വസ്ത്രം വാഹനം, താമസം തുടങ്ങിയവയെല്ലാം അവന്‍ വെടിയണം. എല്ലാ സമയത്തും നാഥനിലേക്ക് ഖേദിച്ച് മടങ്ങി പ്രാര്‍ത്ഥിക്കുന്നവനാണ് നാഥനിലേക്ക് അടുത്തവന്‍. കാരണം പ്രാര്‍ത്ഥന സ്രഷ്ടാവിലേക്കുളള ഒരു ആരാധന കൂടിയാണ്. ആദ്ധ്യാത്മിക ഗ്രന്ഥമായ ഇഹ്യാഉലൂമുദ്ദീനില്‍ ഗസ്സാലി ഇമാം പ്രാര്‍ത്ഥനയുടെ മര്യാദകള്‍ ധാരാളമായി വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാനായി ഉത്തമമായ സമയങ്ങളെ തക്കം നോക്കിയിരിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. പരിശുദ്ധമായ ദിനരാത്രങ്ങള്‍, രാത്രിയുടെ ഇരുട്ടിനെ വെളിച്ചമാക്കാന്‍ സാധിക്കുന്ന പാതിരാസമയങ്ങള്‍ എന്നിവ ഒരു വിശ്വാസി പൂര്‍ണമായി മുതലെടുക്കേണ്ട സമയങ്ങളാണ്.
നബി (സ്വ) ഓര്‍മപ്പെടുത്തുന്നത് കാണാം. ഓരോ രാത്രിയിലും അതിന്‍റെ മൂന്നില്‍ രണ്ട് ഭാഗം പിന്നിട്ടാല്‍ ആകാശത്ത് നിന്ന് മലക്കുകള്‍ ഭൂമിലോകത്ത് ഇറങ്ങിവന്ന് ആ സമയത്ത് നാഥനിലേക്ക് സമര്‍പ്പിക്കുന്നവര്‍ക്കായി പൊറുക്കലിനെ ചോദിക്കുന്നതാണ്. മാത്രവുമല്ല രാത്രിയുടെ അവസാന സമയങ്ങളാണ് വിശ്വസിക്ക് പ്രാര്‍ത്ഥനക്ക് ഏറ്റവും അനുയോജ്യമായ സമയങ്ങള്‍. വര്‍ഷത്തിലൊരിക്കല്‍ കടന്നുവരുന്ന അറഫാദിനം, ബറാഅത്ത് രാവ് റമളാനിലെ ദിനരാത്രങ്ങള്‍ പ്രത്യേകം പരിഗണിക്കേണ്ടവയാണ്. അബൂഹുറൈറ(റ) പറയുന്നു:നിസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെടുമ്പോഴും മഴ റഹ്മത്തായി ഇറങ്ങി വരുമ്പോഴും ആകാശത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടുന്നതാണ്. അതു കൊണ്ട് ആ സമയങ്ങള്‍ പ്രാര്‍ത്ഥനകൊണ്ട് നിങ്ങള്‍ അവസരം മുതലെടുത്തോളൂ. സുജൂദിലായിരിക്കുമ്പോഴാണ് ഒരു വിശ്വാസി അല്ലാഹുവിലേക്ക് ഏറ്റവും അടുക്കുന്നതെന്ന പ്രവാചകാധ്യാപനം വിശ്വാസികളുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. മാത്രവുമല്ല നിസ്കാരത്തിന് ശേഷമുളള പ്രാര്‍ത്ഥനയും നോമ്പുകാരന്‍റെ പ്രാര്‍ത്ഥനയും കൂടുതല്‍ സ്വീകാര്യതയുള്ളവയാണ്. സൂജൂദിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലുളള പ്രാര്‍ത്ഥന ഒരിക്കലും പാഴാകുകയില്ലെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥന എന്നത് ആരാധനയാണല്ലോ. കൂടുതല്‍ ദു:ഖമുണ്ടെന്ന് കരുതി ആര്‍ത്തട്ടഹസിക്കുകയോ നിലവിളിക്കുകയോ ചെയ്യരുത്. അല്ലാഹുവിനേട് മാന്യമായ രൂപത്തില്‍ പ്രാര്‍ത്ഥിക്കണം. അല്ലാഹു പറയുന്നു: നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട് താഴ്മയോടും വിനയത്തോടുകൂടിയും പ്രാര്‍ത്ഥിക്കുക.. പ്രാസം ഒപ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിന് പകരം താഴ്മയും വിനയവുമാണ് പ്രാര്‍ത്ഥനയുടെ അടിസ്ഥാനമായി നാം കാണേണ്ടത്. നബി (സ്വ) തങ്ങള്‍ പ്രാസത്തിനേക്കാള്‍ വിനയവും താഴ്മയും കൂടിയുള്ള പ്രാര്‍ത്ഥനയെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. തനിക്ക് നാഥന്‍ ഉത്തരും നല്‍കുമെന്ന ദൃഢനിശ്ചയത്തില്‍ മാത്രം പ്രാര്‍ത്ഥിക്കുക . കാരണം അല്ലാഹു അശ്രദ്ധവാന്‍റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുകയില്ല. ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുകയും മൂന്ന് പ്രാവശ്യം ചോദിക്കുകയും ചെയ്യുന്നത് പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാനുള്ള കാരണമാണ്. പ്രാര്‍ത്ഥിക്കുന്നവന്‍ തന്‍റെ ജീവിതത്തെ ശുദ്ധീകരിക്കണമെന്നും ചീത്തയായ കാര്യങ്ങളില്‍ നിന്ന് കാവല്‍ നല്‍കണമെന്നും ആവശ്യപ്പെടണം. ഇമാം ഗസ്സാലി (റ) തന്‍റെ ഇഹ്യയില്‍ സ്വീകാര്യതയുടെ അടിസ്ഥാനം തൗബയാണെന്നും അത് വിശ്വാസിയുടെ ആന്തരികമായ മര്യാദയാണെന്ന് ഓര്‍പ്പെടുത്തുന്നുണ്ട്. അത്കൊണ്ട് തന്നെ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നവന്‍ ചീത്തയായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുമെന്ന് ദൃഢനിശ്ചയം ചെയ്യണം. കാരണം നാഥന്‍ തൗബ ചെയ്യുന്നവരേയും ശുദ്ധിയുളളവരേയും ഇഷ്ടപ്പെടുന്നവനാണെന്ന് മുത്തുനബി (സ്വ) ഓര്‍മപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ വിജയിക്കുന്നവരില്‍ ഉള്‍പ്പെടണമെങ്കില്‍ അല്ലാഹുവിലേക്ക് തൗബ ചെയ്യണമെന്ന് അല്ലാഹു പറയുന്നുതിന്‍റെ അടിസ്ഥാനമാണത്.
വിശ്വാസികളായി ഭൂമിയില്‍ ജീവിക്കുന്ന നാം നാഥന്‍റെ വിധിവിലക്കുകള്‍ മാനിച്ച് ഖുര്‍ആനിക പ്രവാചക വചനങ്ങളെ പിന്തുടര്‍ന്ന് വേണം ജീവിക്കാന്‍. എന്നാല്‍ ഇരുലോക വിജയം നമുക്ക് കരസ്ഥമാക്കാനാകും.

യാസീന്‍ പറമ്പില്‍ പീടിക

Write a comment